‘ശകുനറിയാത്തോന്‍ ചെന്നറിയും’ എന്നാണ് പഴമക്കാരുടെ ചൊല്ല്.
”ഇന്നത്തെക്കാലത്ത് ശകുനം നോക്കീട്ടൊന്നും യാത്രക്കിറങ്ങാന്‍ പറ്റില്ലാന്നു കൂട്ടിക്കോളൂ അപ്പൂ” എന്ന് മുത്തശ്ശി പറയും. കത്തി, കൊടുവാള്, കൈക്കോട്ട്, ചൂല്, മുറം, ഒറ്റബ്രാഹ്‌മണന്‍, ഭര്‍ത്താവുമരിച്ച സ്ത്രീ, അംഗഭംഗം വന്ന ആള് – ഇതൊന്നും ശകുനത്തിന് നന്നല്ല. പശുക്കുട്ടി, സുമംഗലിയായ സ്ത്രീ, ഇരട്ടബ്രാഹ്‌മണന്‍, ശവം – ഇതൊക്കെ നല്ല ശകുനങ്ങളാണ്.
”പണ്ടുകാലത്ത് അങ്ങനെ പണീം തൊരോം ഒന്നൂണ്ടാവില്ല. ശകുനം നോക്കി വീട്ടീന്നിറങ്ങിയാ മതി. ഇന്നങ്ങനെ ശകുനം നോക്കീയിട്ടേ യാത്ര പോവൂച്ചാല്‍, ജോലിക്കു പോക്കുണ്ടാവില്ല.”
ശകുനം മാത്രം നോക്കിയാല്‍ മതിയോ? പോരാ.
നാളു നോക്കണം. രാഹുകാലം കഴിയണം. ആഴ്ച നോക്കണം. ആ വക ചിട്ടകളൊന്നും പാലിക്കാന്‍ നില്‍ക്കണ്ട എന്നാണ് മുത്തശ്ശിയുടെ പക്ഷം.
പഴയ ഒരു ശ്ലോകം മുത്തശ്ശി ചൊല്ലിത്തന്നു:
”യമ രുദ്രാതി മുപ്പൂരം
തൃക്കേട്ട യിവയേഴുനാള്‍
വിതക്കില്‍ വിളയാ ഭൂമി
യാത്ര പോകിലവന്‍ വരാ”
(യമം = ഭരണി. രുദ്രം = കാര്‍ത്തിക. ആതി = തിരുവാതിര. മുപ്പൂരം = പൂരം, പൂരാടം, പൂരോരുട്ടാതി)
ഈ ശ്ലോകം കാരണമാണത്രെ മാധവിഅമ്മായിയുടെ ഭര്‍ത്താവ് ശങ്കുണ്ണിനായര് മരിച്ചത്. മുത്തശ്ശിയാണ് ആ കഥ പറഞ്ഞത്.
കോയമ്പത്തൂര് പെട്ടിക്കടയായി രുന്നൂത്രെ ശങ്കുണ്ണിനായര്‍ക്ക്. മാധവി അമ്മായിക്ക് അന്ന് പത്തിരുപ ത്തഞ്ചു വയസ്സുപ്രായം. തറവാട്ടി ലാണ് താമസം. ഒരു ദിവസം കമ്പി ശിപായി കമ്പിയും കൊണ്ടുവന്നു.
അമ്മായിക്ക് ഇംഗ്ലീഷറിയാത്തതു കൊണ്ട് കമ്പിശ്ശിപായിതന്നെ കമ്പി വായിച്ച് അര്‍ത്ഥം പറഞ്ഞു കൊടുത്തു.
”ശങ്കുണ്ണിനായര്‍ കാറുമുട്ടി ആശുപത്രിയില്‍. ഉടനെപുറപ്പെടുക.”
നെഞ്ചത്തടിച്ച് നിലവിളിക്കാനും ബോധം കെട്ടുകിടക്കാനും നില്‍ ക്കാതെ അമ്മായി കോയമ്പത്തൂര്‍ക്കു പോകാന്‍ റെഡിയായി. തുണക്ക് അനിയനെ വിളിച്ചു.
അമ്മായിയുടെ അമ്മ അവരെ പടിക്കു പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല.
”എന്താ കാരണം?”
”ഇന്നു നാള് തിരുവാതിര. യാത്രക്ക് നന്നല്ല” യമരുദ്രാതി – എന്ന ശ്ലോകവും ചൊല്ലിക്കൊടുത്തു മകള്‍ക്ക്.
പിറ്റേദിവസവും കോയമ്പത്തൂര്‍ക്ക് പോയില്ല.
”എന്താ കാരണം?”
”ചൊവ്വാഴ്ച. യാത്ര പാടില്ല.”
മൂന്നാം ദിവസമാണത്രെ അമ്മായി കോയമ്പത്തൂര്‍ക്കു പോയത്. അമ്മായി അന്വേഷിച്ചു പിടിച്ച് ആശുപത്രിയിലെത്തിയ പ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
ശങ്കുണ്ണിനായര്‍ക്ക് അപകടം പറ്റിയ കാര്യം പരിചയക്കാരാരും അറിഞ്ഞില്ല. ആശുപത്രിയിലെത്തിച്ച പ്പോള്‍ ശങ്കുണ്ണിനായര്‍ക്ക് ബോധ മുണ്ടായിരുന്നില്ല. ബോധം തെളിഞ്ഞ പ്പോഴാണ് അമ്മായിയുടെ മേല്‍ വിലാസം പറഞ്ഞു കൊടുത്തത്. അടിയന്തിരായിട്ട് രക്തം കൊടുക്കണം. അന്വേഷിക്കാന്‍ ആരെങ്കിലും വേണ്ടേ.