Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ശ്രീശങ്കരനും വൈഷ്ണവധര്‍മ്മവും

കാനപ്രം ഈശ്വരന്‍

Print Edition: 5 May 2023

ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ അദ്വൈതദാര്‍ശനികനാണെങ്കിലും അടിസ്ഥാനപരമായി ശൈവനാണ് എന്ന് പലരും പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ ഏതെങ്കിലും സമ്പ്രദായത്തെ അദ്ദേഹം അന്ധമായി പിന്തുടര്‍ന്നിട്ടില്ല എന്ന് ശ്രീശങ്കരകൃതികള്‍ മുഴുവനായി പഠിച്ചാല്‍ മനസ്സിലാകും. വ്യത്യസ്തങ്ങളായ ദാര്‍ശനിക പ്രസ്ഥാനങ്ങളെ അവയുടെ അടിസ്ഥാന വിശ്വാസങ്ങളെ ഹനിക്കാതെ വേദാന്തത്തിന്റെ സ്വാധീനശക്തിക്കുമുന്നില്‍ ഐകരൂപ്യത്തോടെ കണ്ടെത്തുകയും നിലനിര്‍ത്തുകയുമായിരുന്നു അദ്ദേഹം ചെയ്തത്. രംഗനാഥാനന്ദ സ്വാമികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ആത്യന്തിക സത്യം സാകാരവും അതുപോലെ തന്നെ നിരാകാരവുമാണ്, ചിന്മയമെന്നതുപോലെ ചിദാഭാസവുമാണ്, എന്ന് പ്രഖ്യാപിച്ച വേദാന്തത്തിന്റെ സമുന്നത ദര്‍ശനത്തിലാണ് അദ്ദേഹം അതു (വിശ്വാസങ്ങള്‍ക്കിടയിലെ മധ്യസ്ഥലഘടകം) കണ്ടെത്തിയത്.’ എന്നിരിക്കിലും സാമൂഹ്യജീവിതത്തെ പഠിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യാന്‍ പരിശ്രമിച്ച മഹാപുരുഷന്മാരധികവും ചില സമ്പ്രദായവിശേഷങ്ങളിലൂടെ സംസ്‌ക്കരിക്കപ്പെട്ടവരും ചില അടിസ്ഥാനവിശ്വാസപ്രമാണങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവരുമായിരുന്നു. അവരത് തുറന്നു പ്രഖ്യാപിക്കുന്നതില്‍ സത്യസന്ധരും ആയിരുന്നു. വൈദിക കര്‍മ്മകാണ്ഡങ്ങളെ നഖശിഖാന്തം എതിര്‍ത്തതായി പറയപ്പെടുന്ന ശ്രീബുദ്ധന്‍ തന്റെ മതത്തെക്കുറിച്ച് ‘ഏഷ ധര്‍മ്മഃ സനാതനഃ’ എന്ന് പ്രഖ്യാപിച്ചിരുന്നു. ഗാന്ധിജി വിശ്വപൗരനായിരുന്നിട്ടും സ്വയം ഒരു ഹിന്ദുവാണെന്ന് പ്രഖ്യാപിക്കുകയും ഭഗവദ്ഗീതയെ ആദര്‍ശഗ്രന്ഥമായും രാമരാജ്യത്തെ തന്റെ പരമലക്ഷ്യമായും കൊണ്ടുനടക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും സമ്പ്രദായ വിശേഷങ്ങളോടുള്ള ശ്രദ്ധയും ഭക്തിയും വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ സമ്പൂര്‍ണ്ണമാനവരാശിയുടെ യോഗവും ക്ഷേമവും സാക്ഷാത്ക്കരിക്കാന്‍ വേണ്ടി ആ സമ്പ്രദായങ്ങള്‍ക്കു പുറത്തേക്കു വളര്‍ന്നുനില്‍ക്കാനുള്ള ശക്തിയും ആര്‍ജ്ജവവും അത്തരക്കാര്‍ കൈവരിച്ചിരുന്നു. ഈ അര്‍ത്ഥതലത്തിലാണ് ശ്രീശങ്കരനെ ആഴത്തില്‍ സ്വാധീനിച്ച വൈഷ്ണവഭക്തിയെ വിശകലനം ചെയ്യുന്നത്.

ശങ്കരാചാര്യരെ ഭക്തിശാസ്ത്രവുമായി ചേര്‍ത്തുപറയുന്നത് പല പണ്ഡിതന്മാരും ഇഷ്ടപ്പെട്ടിരുന്നില്ല എന്നത് വിരോധാഭാസമാണ്. ഭക്തിയോഗം, യോഗശാസ്ത്രം എന്നിവ ശങ്കരന്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരുന്നു എന്നുപോലും വാദിച്ചവരുണ്ട്.

‘മോക്ഷകാരണസാമഗ്ര്യാം
ഭക്തിരേവ ഗരീയസീ’

എന്ന ശങ്കരവാക്യം അവര്‍ അവഗണിക്കുകയാണ്. അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന് ‘യോഗതാരാവലി’ എന്ന അതിശ്രേഷ്ഠമായ യോഗശാസ്ത്രഗ്രന്ഥവും, പ്രബോധസുധാകരം എന്ന ഭക്തികേന്ദ്രിതമായ വേദാന്തപ്രകരണഗ്രന്ഥവും തമസ്‌കരിക്കുന്നതില്‍ ഇത്തരം പണ്ഡിതന്മാര്‍ അതിസാമര്‍ത്ഥ്യം കാണിച്ചിരുന്നു എന്നും സംശയിക്കേണ്ടിവരുന്നു. സദാശിവപ്രണീതമായ ‘നാദാനുസന്ധാന’ മെന്ന ലയയോഗത്തെ അദ്ദേഹം അതിമനോഹരമായി യോഗ താരാവലിയില്‍ വിവരിച്ചിട്ടുണ്ട്. ഈ യോഗത്തിലൂടെ തന്റെ മനസ്സ് വിഷ്ണുപദത്തെ വിലയം പ്രാപിക്കട്ടെ എന്നും അദ്ദേഹം ഇതില്‍ പ്രാര്‍ത്ഥിക്കുന്നു.

നാദാനുസന്ധാന നമോസ്തു തുഭ്യം
ത്വാം മന്മഹേ തത്ത്വപദം ലയാനാം
ഭവത്പ്രസാദാത് പവനേന സാകം
വിലീയതേ വിഷ്ണുപദേ മനോ മേ

ഇവിടെ വിഷ്ണുപദം ബ്രഹ്‌മപദത്തിന്റെ പര്യായവാചകം ആയിട്ട് കാണാമെങ്കിലും ‘ബ്രഹ്‌മപദേ’ എന്ന് പറയാതെ ആചാര്യസ്വാമികള്‍ ‘വിഷ്ണുപദേ’ എന്നുപറഞ്ഞത് സ്വന്തം സമ്പ്രദായ വിശേഷത്തിന്റെ സ്വാധീനമാണ് എന്നു കാണാം. ‘ശങ്കരവിജയം’ എന്ന പേരില്‍ പലരും രചിച്ചിട്ടുള്ള പ്രാചീനമായ ജീവചരിത്ര കൃതികളില്‍, സന്യാസത്തിന് പോകുംമുമ്പ് ശ്രീശങ്കരന്‍ തന്റെ അമ്മയുടെ ഹിതമനുസരിച്ച് ഭവനത്തിനു സമീപം മനോഹരമായ ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു എന്നു പറയുന്നു. ‘അച്യുതം കേശവം’ എന്ന കൃതിയും ആ സമയത്ത് രചിച്ചതായി പറയപ്പെട്ടിരിക്കുന്നു. മരണസമയത്ത് തന്റെ അമ്മയ്ക്ക് ശിവഭുജംഗം കേട്ട് തൃപ്തി വരാതെ വിഷ്ണുഭുജംഗം കൂടി ചൊല്ലി സ്തുതിച്ചതായും ശ്രീകൃഷ്ണന്റെ പ്രത്യക്ഷദര്‍ശനം നേടിക്കൊടുത്തതായും അവിടെ പറയുന്നു. എന്നു മാത്രമല്ല, ബാല്യത്തില്‍ ഭഗവത്പാദര്‍ കൃഷ്ണസന്നിധിയില്‍ ചൊല്ലിയിരുന്ന ഗോവിന്ദാഷ്ടകവും ചൊല്ലാന്‍ അമ്മ നിര്‍ദ്ദേശിച്ചതായി കാണുന്നു. കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം പ്രസിദ്ധീകരിച്ച പ്രബോധസുധാകരത്തിന്റെ അവതാരികയില്‍ നവോത്ഥാനാചാര്യന്‍കൂടിയായ ആഗമാനന്ദസ്വാമികള്‍ ഇങ്ങനെ എഴുതുന്നു ‘…ശ്രീശങ്കരനെ ഒരു വ്യക്തിയെന്ന നിലയില്‍ നോക്കിയാല്‍ അദ്ദേഹം ഒരു ശ്രീകൃഷ്ണ ഭക്തനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് ഈ ഗ്രന്ഥം നോക്കിയാല്‍ സ്പഷ്ടമായി കാണാം. അദ്ദേഹത്തിന്റെ കുടുംബപരദേവത ശ്രീകൃഷ്ണനായിരുന്നുവെന്ന് അദ്ദേഹം സന്യാസത്തിനായി കാലടി വിടുംമുമ്പ് പ്രതിഷ്ഠിച്ച ശ്രീകൃഷ്ണ ക്ഷേത്രം തെളിവുതരുന്നു. പ്രബോധസുധാകരത്തിലെ 243-ാം ശ്ലോകത്തില്‍ കാണുന്ന ‘അസ്മാകം ജയതി കുലദേവോ യദുപതി:’ എന്ന വാക്യം അതിനെ ഉറപ്പിക്കുന്നു.

പ്രസ്തുത ഗ്രന്ഥത്തിന്റെ മംഗളാചരണത്തില്‍ നിത്യാനന്ദൈകരസവും സച്ചിന്മാത്രവും സ്വയം ജ്യോതിയും പുരുഷോത്തമനുമായ ശ്രീയാദാവാധീശനെയാണ് ഭഗവത്പാദര്‍ നമസ്‌ക്കരിക്കുന്നത്. വേദാന്തസിദ്ധാന്തങ്ങളെ സ്ഥാപിക്കുന്നതിന് മറ്റു പ്രകരണഗ്രന്ഥങ്ങളിലെ ദൃഷ്ടാന്തങ്ങളും ബിംബങ്ങളും യഥേഷ്ടം ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. ജലത്തിലെ സൂര്യബിംബം ഇതിന് തെളിവായി ഉദ്ധരിക്കാം.

ഘടോദകേ
ബിംബിതമര്‍ക്കബിംബം
ആലോക്യ മൂഢോ രവിമേവ മന്യതേ
(വിവേകചൂഡാമണി)

പ്രതിഫലതി ഭാനുരേകോ നേകശരാവോദകേഷു യഥാ
(പ്രബോധസുധാകരം)

ഭാഗവതത്തിലെ ശ്രീകൃഷ്ണലീലകള്‍ അതേ മനോഹാരിതയോടെ വിവരിക്കുന്ന ഈ ഗ്രന്ഥത്തില്‍ എല്ലാ അവതാരങ്ങളുടെയും കാരണഭൂതന്‍ അന്തര്‍യാമിയും പരമാത്മാവുമായ ശ്രീകൃഷ്ണനാണെന്നും ഭഗവത്പാദര്‍ ഇതില്‍ സ്ഥാപിക്കുന്നു. ശങ്കരഭഗവത്പാദര്‍ കേവലാദ്വൈതിയാണെന്നും അവതാരവാദത്തെയോ സഗുണാരാധനയെയോ അദ്ദേഹം അംഗീകരിച്ചിരുന്നില്ല എന്നും വാദിക്കുന്നവര്‍ അദ്ദേഹത്തിന്റെ സ്‌തോത്രകൃതികള്‍ മാത്രമല്ല പ്രകരണഗ്രന്ഥങ്ങളും ഭാഷ്യങ്ങള്‍ എന്നിവ പോലും ശ്രദ്ധയോടെ പഠിച്ചിട്ടില്ല എന്നു വ്യക്തമാകുന്നു. വിവേകചൂഡാമണിയില്‍ തന്റെ സദ്ഗുരുവിനെ വന്ദിക്കുന്നതോടൊപ്പം ഗുരുവിന്റെ നാമമായ ‘ഗോവിന്ദ’ ശബ്ദത്തെ ശ്ലേഷാര്‍ത്ഥത്തോടെ വേദാന്തഗോചരനായ ശ്രീകൃഷ്ണനായും നമിക്കുന്നതായി കാണാം. ‘ആബോധ’ ത്തില്‍ സ്വര്‍ണ്ണത്തില്‍ കടകമുകുടാദികള്‍ ലയിച്ചതുപോലെ സകല വ്യക്തികളും വിഷ്ണുവില്‍ നിലനില്‍ക്കുന്നതായി പറയപ്പെട്ടിരിക്കുന്നു.
‘സച്ചിദാന്യനുസ്യൂതേ നിത്യേ വിഷ്ണൗ പ്രകല്പിതാ:’

അതുപോലെ
‘ഉപാധിവിഷയാദ് വിഷ്ണൗ
നിര്‍വ്വിശേഷം വിശേന്മുനി:’ എന്ന് വിഷ്ണുപ്രധാനമായി പറഞ്ഞിട്ടുണ്ട്. അപരോക്ഷാനുഭൂതി ആരംഭിക്കുന്നതു തന്നെ ശ്രീഹരിയെ നമസ്‌കരിച്ചു കൊണ്ടാണ്.

ശ്രീഹരിം പരമാനന്ദ
മുപദേഷ്ടാരമീശ്വരം
വ്യാപകം സര്‍വ്വലോകാനാം
കാരണം തം നമാമ്യഹം.

സാധനചതുഷ്ടയങ്ങള്‍ ലഭിക്കുന്നതിന് ഹരി സന്തോഷിക്കണമെന്നും ഇവിടെ പറയുന്നു. ഭഗവദ്ഗീതാഭാഷ്യത്തില്‍ ശ്രീശങ്കരന്‍ ആരംഭത്തില്‍തന്നെ ശ്രീനാരായണനെ പ്രപഞ്ച സ്രഷ്ടാവായി വര്‍ണ്ണിക്കുന്നു. ‘ആ ഭഗവാന്‍ ഈ ജഗത്തിനെ സൃഷ്ടിച്ചിട്ട് അതിനെ പാലിക്കാനാഗ്രഹിച്ച് മരീചി മുതലായ പ്രജാപതികളെ സൃഷ്ടിച്ച് അവരെ വേദോക്തമായ പ്രവൃത്തി ലക്ഷണമായ ധര്‍മ്മത്തെ ഗ്രഹിപ്പിച്ചു. അതിനുശേഷം സനക സനന്ദനാദികളെ ഉല്പാദിപ്പിച്ച് ജ്ഞാനവൈരാഗ്യലക്ഷണമായ നിവൃത്തി ലക്ഷണധര്‍മ്മത്തെ പഠിപ്പിച്ചു’ എന്നു പറഞ്ഞ് ആരംഭിക്കുന്ന ശ്രീശങ്കരന്‍ വിശ്വസൃഷ്ടി പുരാണങ്ങളിലേതുപോലെ സഗുണമായിട്ടാണ് വര്‍ണ്ണിച്ചത്. അതേ ഭാഗത്ത് വൈദിക ധര്‍മ്മത്തെ രക്ഷിക്കാന്‍ ആദികര്‍ത്താവായ വിഷ്ണു ദേവകീ വസുദേവന്മാരില്‍ കൃഷ്ണനായി അവതരിച്ചു എന്നും വ്യക്തമായി പറയുന്നു. ഗീതാഭാഷ്യത്തിലെ പല ശ്ലോകങ്ങളിലും ശ്രീകൃഷ്ണനെ അവതാരപുരുഷനായും ഉപാസനാമൂര്‍ത്തിയായുംതന്നെ പ്രതിപാദിക്കുന്നത് ശുദ്ധ വൈഷ്ണവനായ രാമാനുജാചാര്യനെക്കാള്‍ ഒരു പടി കടന്നാണ് എന്നു കാണാം. ഉദാഹരണമായി രണ്ടാമധ്യായത്തിലെ ‘മത്പര:’ എന്ന പദത്തെ വ്യാഖ്യാനിച്ചതു നോക്കാം.

അഹം വാസുദേവ:
സര്‍വ്വപ്രത്യഗാത്മാ പരോ യസ്യ സ
മത്പരോ, ന അന്യ: അഹം
തസ്മാദ് ഇതി ആസീത ഇത്യര്‍ത്ഥ:

(സര്‍വ്വരിലും അന്തരാത്മാവായ ഞാന്‍ വാസുദേവന്‍ തന്നെ ഏറ്റവും ശ്രേഷ്ഠമെന്ന് ആരു കരുതുന്നു അവന്‍ മത്പരന്‍. ഞാന്‍ അവനില്‍നിന്ന് ഭിന്നനല്ല എന്നു കരുതുന്നവന്‍)

ഇതേ പദത്തെ വിശിഷ്ടാദ്വൈതകാരനായ രാമാനുജാചാര്യന്‍ ഇത്ര വ്യക്തമായി വാസുദേവനെന്നു പറയുന്നില്ല എന്നതും വിചിത്രമാണ്. നാലാമധ്യായത്തില്‍ ‘പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാ മായയാ’ എന്ന വാക്യത്തെ വ്യാഖ്യാനിക്കുന്നതു നോക്കുക.

‘മ മ വൈഷ്ണവീം മായാംത്രിഗുണാത്മികാം യസ്യാ വശേ സര്‍വ്വം ജഗദ് വര്‍ത്തതേ. ആത്മാനം
വാസുദേവം ന ജാനാതി’

‘സ്വാം പ്രകൃതിം’ എന്ന പദത്തെയാണ് ‘വൈഷ്ണവീം മായാം’ എന്നു വ്യാഖ്യാനിച്ചത്. രാമാനുജനാകട്ടെ പ്രകൃതിക്കു ‘സ്വഭാവം’ എന്നേ അര്‍ത്ഥം കൊടുത്തുള്ളു. പ്രകൃതിം സ്വാം എന്നതിന് സ്വം സ്വഭാവം എന്നു മാത്രം പറയുന്നു.

ഒമ്പതാമധ്യായത്തിലെ പതിനഞ്ചാം ശ്ലോകത്തിന്റെ സന്ദര്‍ഭത്തിലും ആദിത്യചന്ദ്രന്മാരെ ഉപാസിക്കുന്നവര്‍ ആ ദേവന്മാരായി വര്‍ത്തിക്കുന്നത് വിഷ്ണു തന്നെയെന്ന് കരുതി ഉപാസിക്കണം എന്നും പറയുന്നു. ഇത്രയും വ്യക്തത രാമാനുജന്‍ കാണിച്ചില്ല. ഭഗവദ്ഗീതാഭാഷ്യത്തിലെ ഈ വിഷ്ണുപരവും കൃഷ്ണപരവുമായ പ്രസ്താവനകള്‍ അതില്‍മാത്രം ഒതുങ്ങുന്നവയാണെന്നും മറ്റു ഭാഷ്യങ്ങളില്‍ അവ ഇല്ലെന്നും വാദിക്കാന്‍ പ്രയാസമില്ല. എന്നാല്‍ ഇവിടെ ശ്രീശങ്കരന്റെ വൈഷ്ണവ ധര്‍മ്മാഭിരുചിയാണല്ലോ ചര്‍ച്ചാവിഷയം. എന്തുകൊണ്ട് ഭഗവത്പാദര്‍ വൈഷ്ണവ ഗ്രന്ഥമായ മഹാഭാരതത്തിലെ ഭഗവദ്ഗീത, സനത് സുജാതീയം, വിഷ്ണുസഹസ്രനാമം എന്നിവയുടെയും വ്യാഖ്യാനം രചിച്ചു എന്നത് ഈ വൈഷ്ണവാഭിരുചിയോട് ചേര്‍ത്ത് ചിന്തിക്കണം.

ശ്രീശങ്കരന്‍ ശ്രീമദ് ഭാഗവതത്തെ വ്യാഖ്യാനിക്കാതിരുന്നത് എന്തുകൊണ്ടെന്ന് പലരും ചര്‍ച്ച ചെയ്യാറുണ്ട്. അത്തരമൊരു ഭാഷ്യം ലഭ്യമല്ല എന്നേ നമുക്കു പറയാനൊക്കൂ. കാലത്തിന്റെ കുത്തൊഴുക്കില്‍ എന്തൊക്കെ നഷ്ടപ്പെട്ടു എന്നറിയില്ല. ഭാഗവതം സ്വയമേവ കഥകളിലൂടെ വേദാന്തദര്‍ശനം വ്യാഖ്യാനിക്കുന്നതുകൊണ്ടുതന്നെയാകും അവിടുന്ന് അതു വിട്ടുകളഞ്ഞത് എന്നും കരുതാം. എന്നാല്‍ ഭാഗവതഗ്രന്ഥം അദ്ദേഹത്തെ എത്രമാത്രം സ്വാധീനിച്ചു എന്നതിന് ഗോവിന്ദാഷ്ടകത്തിലെയും പ്രബോധസുധാകരത്തിലെയും ശ്രീകൃഷ്ണലീലകള്‍ സാക്ഷിയാണ്. മാത്രമല്ല വിവേകചൂഡാമണിപോലുള്ള പ്രകരണഗ്രന്ഥങ്ങളില്‍ ഭാഗവതത്തിന്റെ ഭാഷയും അതിലെ ബിംബങ്ങളും ധാരാളമായി അദ്ദേഹം സ്വീകരിച്ചിരിക്കുന്നു.

ചില ഉദാഹരണങ്ങള്‍ നോക്കാം.
1.സ്രോതസാ നീയതേ ദാരുര്‍ യഥാ നിമ്‌നോന്നതസ്ഥലം
ദൈവേന നീയതേ ദേഹ: (വിവേകചൂഡാമണി)
ഓഘേന വ്യൂഹ്യമാനാനാം
പ്ലവാനാം സ്രോതസോ യഥാ (ഭാഗവതം)
2. വിച്ഛിദ്യ വിജ്ഞാന മഹാസിനാ സ്ഫുടം (വിവേകചൂഡാമണി) വിദ്യാകുഠാരേണ ശിതേന ധീര:
വിവൃശ്ച്യ (ഭാഗവതം)
3. ഏഷോന്തരാത്മാ പുരുഷ:
പുരാണ: (വിവേകചൂഡാമണി)
സ വൈ കിലായം പുരുഷ:
പുരാതന: (ഭാഗവതം)
4. കുരംഗ മാതംഗ പതംഗ മീന
ഭൃംഗാ നര: പഞ്ചഭിരഞ്ചിത: കിം (വിവേകചൂഡാമണി)
പതംഗോ മധുകൃദ് ഗജ:
മധുഹാ ഹരിണോ മീന: (ഭാഗവതം)
5. അനാദ്യവിദ്യാകൃത
ബന്ധമോക്ഷണം (വിവേകചൂഡാമണി)
അനാദ്യവിദ്യോപഹതാസംവിദ: (ഭാഗവതം)
6. ദു:ഖം സുഖം ച തദ്ധര്‍മ്മ
സദാനന്ദസ്യ നാന: (വിവേകചൂഡാമണി)
നിദ്രാരതിര്‍മന്യുരഹംമദ: ശുചോ
ദേഹേന, ജാതസ്യ ഹി മേ ന സന്തി (ഭാഗവതം)
7. സര്‍പ്പഭ്രമോ രജ്ജുവിവേകതോ യഥാ(വിവേകചൂഡാമണി) യഥാ രജ്ജുഖ:
സര്‍പ്പാദിധിയാം (ഭാഗവതം)

വൈഷ്ണവഗ്രന്ഥങ്ങളിലൂടെ മഹത്തായ ഭാഗങ്ങളെ വേദാന്തപരമായിത്തന്നെ അവയുടെ ഭക്തി രസം ചോര്‍ന്നുപോകാതെ വ്യാഖ്യാനിച്ച ശങ്കരാചാര്യര്‍ അവയുടെ ഭാഷയെയും ദൃഷ്ടാന്തങ്ങളെയും പ്രകരണ ഗ്രന്ഥങ്ങളില്‍ പ്രയോഗിക്കുകയും ചെയ്തു. ശങ്കരഭാഷ്യങ്ങളുടെ ഭാഷാലാളിത്യവും വൈഷ്ണവഗ്രന്ഥങ്ങളുടെ സംഭാവനയാണ് എന്ന് പഠിക്കുന്തോറും മനസ്സിലാകും. ഭാഗവതാദി ഭക്തിഗ്രന്ഥങ്ങളില്‍ അഹിംസ, ഭൂതദയ എന്നീ ഉദാത്തമായ ആദര്‍ശങ്ങള്‍ മുഖ്യപ്രതിപാദ്യമാണ്. മഹാഭാരതവും ഉയര്‍ത്തിപിടിക്കുന്നത് ഇതേ ആശയങ്ങളാണ്. ‘പീര് പരായേ’ എന്ന് ഗാന്ധിജിയും മറ്റും പാടിയ വൈഷ്ണവധര്‍മ്മത്തിന്റെ ഈ ഭൂതദയ ശ്രീശങ്കരനും സ്വായത്തമാക്കിയിട്ടുണ്ട് ‘സത്യം സമസ്തജന്തുഷു കൃഷ്ണസ്യാവസ്ഥിതേര്‍ജ്ഞാനം അദ്രോഹോ ഭൂതഗണേതതസ്തു ഭൂതാനുകമ്പാ സ്യാത്’ ഈ ഭൂതാനുകമ്പ അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രവൃത്തിയിലും ഉടനീളം ഉണ്ടായിരുന്നു. രംഗനാഥാനന്ദസ്വാമികള്‍ പറയുന്നു, ‘ശ്രീശങ്കരനില്‍ അത്യഗാധമായ ഭൂതദയയും ഇതരവീക്ഷണകോണു കളെ മനസ്സിലാക്കാനുള്ള അഭിവാഞ്ഛയും ചിന്തയുടെയും വസ്തുതകളുടെയും വിമര്‍ശനാത്മകമായ ആസ്വാദനത്തിനുള്ള തിതിക്ഷാനിര്‍ഭരമായ യത്‌നവും നമുക്കു കാണാം.’ ശ്രീകൃഷ്ണന്റെ പര്യായവാചകങ്ങളായ ‘വിഷ്ണു, ഹൃഷികേശന്‍, ഹരി എന്നീ പദങ്ങളെ ബ്രഹ്‌മത്തിന്റെ പര്യായവാചകങ്ങളായി പ്രകരണ ഗ്രന്ഥങ്ങളില്‍ പ്രയോഗിച്ച അദ്ദേഹം ഗീതയിലെ അഹം, മാം, മമ, മയി മുതലായ സര്‍വ്വ നാമങ്ങള്‍ ബ്രഹ്‌മമെന്ന് വ്യാഖ്യാനിക്കാതെ ഭാഷ്യത്തില്‍ അവയെ വാസുദേവ: കൃഷ്ണ: എന്നിങ്ങനെതന്നെ വ്യാഖ്യാനിച്ച് പറഞ്ഞത് അതാത് ഗ്രന്ഥത്തോടും ഗ്രന്ഥകര്‍ത്താവിനോടും കാണിച്ച സാമാന്യനീതിയാണ്. സ്വാഭിപ്രായം സ്ഥാപിക്കാന്‍ ഒരു ഗ്രന്ഥത്തെയും വളച്ചൊടിക്കാത്ത ശ്രീശങ്കരന്റെ തിതിക്ഷാപരമായ വൈഷ്ണവധര്‍മ്മ ചേതന ഇവിടെ നമുക്ക് വ്യക്തമായി ദര്‍ശിക്കാം. ശങ്കരനിരൂപകന്മാരായ ‘ജ്ഞാനലവദുര്‍വിദഗ്ദ്ധന്മാര്‍’ (കുട്ടികൃഷ്ണമാരാരോട് കടപ്പാട്) എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും അത് മോരില്‍ വെണ്ണപോലെ പൊങ്ങിനില്‍ക്കും.

Share10TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies