Tuesday, December 12, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം

ധര്‍മ്മത്തിലൂടെ അഭ്യുദയ നിഃശ്രേയസ്സ സിദ്ധി

മാ.ഗോ.വൈദ്യ

Print Edition: 28 April 2023

വ്യഷ്ടി, സമഷ്ടി, സൃഷ്ടി, പരമേഷ്ടി എന്നിവയെ ബന്ധിപ്പിക്കേണ്ടതും ഒരുമിച്ച് നിലനിര്‍ത്തേണ്ടതും സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ്. ധര്‍മ്മശാലയുടെ ഉദാഹരണമെടുക്കാം. നാം നമ്മുടെ ആവശ്യത്തിനായി എത്ര വലിയ വീട് നിര്‍മ്മിച്ചാലും, അത് ധര്‍മ്മപ്രവര്‍ത്തനം ആവില്ല. മറ്റുള്ളരുടെ ആവശ്യത്തിനുവേണ്ടി നാം നിര്‍മ്മിക്കുന്ന ഭവനം മാത്രമെ ‘ധര്‍മ്മശാല’ എന്ന വിശേഷണത്തിന് അര്‍ഹമാകൂ. അവനവന് വേണ്ടി നാം ഒരുക്കുന്ന ചികിത്സാ സൗകര്യം ധര്‍മ്മപ്രവര്‍ത്തനമാവില്ല. മറ്റുള്ളവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കാനായി നാം നിര്‍മ്മിക്കുന്ന ആശുപത്രി ”ധര്‍മ്മാശുപത്രി” എന്ന വിശേഷണത്തിന് അര്‍ഹമാകും. ശരിയായ തൂക്കം കാണിക്കുന്ന ത്രാസിന്റെ സൂചിയെ ‘ധര്‍മ്മ കാണ്‍ട’ (കാണ്‍ട = സൂചി) എന്ന് വിശേഷിപ്പിക്കുന്നു. കാരണം അത് സത്യസന്ധതയുടെ പ്രതീകമെന്ന നിലയില്‍ എല്ലാവരെയും ഒരുമിപ്പിക്കുന്നു. അത് ധര്‍മ്മമാണ്. എന്നാല്‍ ചൈതന്യമെന്നോ, ആത്മതത്വമെന്നോ, പരമാത്മാവെന്നോ, പരമേഷ്ടിയെന്നോ ഏതു പേര് പറഞ്ഞാലും അതിനെ ഗോഡ്, ഈശ്വരന്‍, അള്ളാഹു എന്നിങ്ങനെ ഏതു പേരിനോട് ബന്ധിപ്പിച്ചാലും അത് ‘റിലിജ്യണ്‍’ അഥവാ മതവിശ്വാസം അഥവാ ആരാധനാ സമ്പ്രദായമായിത്തീരുന്നു. ഈശ്വര സാക്ഷാത്ക്കാരം നേടാനുള്ള ഉപാസനാക്രമം അഥവാ ആരാധനാക്രമമായി ഭവിക്കുന്നു എന്നതാണ് ഭാരതീയമായ നിലപാട്. ധര്‍മ്മത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുവേണം നാം ജീവിക്കാനെന്ന് പറയുന്നതോടൊപ്പം ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങള്‍ നേടിയെടുക്കാന്‍ നാം യത്‌നിക്കണമെന്നും നമ്മുടെ ശാസ്ത്രങ്ങള്‍ വിധിക്കുന്നു.

അര്‍ത്ഥവും കാമവും മനുഷ്യനെ സംബന്ധിച്ച് സ്വാഭാവികമായ പ്രേരണകളാണ്. തന്റെ പക്കലില്ലാത്തതിനെ നേടിയെടുക്കാന്‍ മനുഷ്യന്‍ നടത്തുന്ന പ്രയത്‌നം അര്‍ത്ഥപ്രേരണയുടെ ഭാഗമാണ്. അതെങ്ങനെയാണ് നേടേണ്ടത്? അത് ശക്തിയുടെ ദുരുപയോഗത്തിലൂടെയോ മറ്റുള്ളവരുടേത് പിടിച്ചുപറിച്ചോ ആകരുത്, മറിച്ച് ധര്‍മ്മം നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗത്തിലൂടെ ആയിരിക്കണം. മനുഷ്യന് ആഗ്രഹങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അത് കാമപ്രേരണയുടെ ഭാഗമാണ്. ഓരോ ഇന്ദ്രിയത്തെ ആകര്‍ഷിക്കുന്ന വിഷയമേതെന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ശ്രീമദ് ഭഗവദ്ഗീതയില്‍ പറയുന്നു:

”ഇന്ദ്രിയസ്യ ഇന്ദ്രിയസ്യാര്‍ത്ഥേ
രാഗദ്വേഷൗ വ്യവസ്ഥിതൗ”
രാഗമെന്നാല്‍ സ്‌നേഹം, ദ്വേഷമെന്നാല്‍ തിരസ്‌ക്കാരം. നാവിന് മധുരം ഇഷ്ടമാകും. വലിയ രീതിയിലുള്ള ശബ്ദം കാതിന് ബുദ്ധിമുട്ടുണ്ടാക്കും. സുഗന്ധം മൂക്കിന് ഇഷ്ടപ്പെടും. അങ്ങനെ, ഓരോ ഇന്ദ്രിയത്തിനും ഇഷ്ടപ്പെട്ട, തിരസ്‌കൃതമായ വിഷയങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇന്ദ്രിയത്തിന് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ അത് ശ്രമിക്കും. എന്നാല്‍, അതിന് ധര്‍മ്മത്തിന്റെ പരിധിയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

മനുഷ്യജീവിതത്തില്‍ അര്‍ത്ഥ-കാമങ്ങളുടെ പ്രവാഹം ധര്‍മ്മത്തിന്റെ പരിധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വ്യക്തിക്ക് സുഖം പ്രദാനം ചെയ്യുന്നതോടൊപ്പം അത് സമാജത്തിന്റെ സ്വാസ്ഥ്യത്തിനും കാരണമായിത്തീരുന്നു. പുഴയിലെ വെള്ളം അതിന്റെ ഇരുവശത്തുമുള്ള തീരങ്ങളുടെ പരിധിക്കുള്ളില്‍ ഒഴുകുമ്പോള്‍ അത് ഉപയുക്തവും ഉപകാരപ്രദവുമാകുന്നു. അതേസമയം, പ്രളയമുണ്ടാവുകയും പുഴ കരകവിഞ്ഞ് ഒഴുകുകയും ചെയ്താല്‍ പുഴവെള്ളം ഉപയോഗശൂന്യമാകുന്നതോടൊപ്പം പുഴയുടെ ഇരുവശത്തുമുള്ള കൃഷിമാത്രമല്ല, ഗ്രാമങ്ങളും അവിടത്തെ വീടുകളുമെല്ലാം നശിക്കുന്നതിന് കാരണമാകും. ഇതുപോലെ, അര്‍ത്ഥ-കാമങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള നമ്മുടെ യത്‌നം ധര്‍മ്മാധിഷ്ഠിതമാണെങ്കില്‍ അര്‍ത്ഥ-കാമങ്ങള്‍ വ്യക്തിക്കും സമാജത്തിനും ഒരുപോലെ ഹിതം ചെയ്യുമെന്നതോടൊപ്പം അത് സംസ്‌കൃതിയുടെ ആവിര്‍ഭാവത്തിന് കാരണമായിത്തീരുകയും ചെയ്യും. മനുഷ്യന് സഹജമായ ഒരു പ്രകൃതിയുണ്ട്. സ്വാഭാവികമായ ചില താല്പര്യങ്ങളും ആഗ്രഹങ്ങളുമുണ്ട്. അവയെ പൂര്‍ത്തീകരിക്കാന്‍ അവന്‍ ശ്രമിക്കുന്നു. വിശന്നാല്‍ ഭക്ഷണം കഴിക്കുന്നത് പ്രകൃതിയാണ്. അവനവന് വിശക്കുമ്പോഴും കയ്യിലുള്ള ഭക്ഷണം അന്യരുടെ വിശപ്പകറ്റാന്‍ നല്‍കുന്നത് സംസ്‌കൃതിയാണ്. താനുള്ള സ്ഥിതിയില്‍ നിന്നു മുകളിലേക്ക് പോകുന്നതാണ് സംസ്‌കൃതി. അവിടെ നിന്നും താഴെക്ക് പോകുന്നതാകട്ടെ, വികൃതിയും. ഇത് മനുഷ്യനില്‍ മാത്രമെ കാണാനാവൂ. മനുഷ്യനില്‍ സംസ്‌കൃതി കാണാനാകുന്നപോലെ വികൃതിയും കാണാനാകും. മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കി തീര്‍ക്കാന്‍ വേണ്ടിയുള്ളതാണ് എല്ലാ വ്യവസ്ഥകളും. പ്രഭാഷണങ്ങളിലൂടെ, വിവരണങ്ങളിലൂടെ, ബൗദ്ധിക് വര്‍ഗുകളിലൂടെ, മതാനുഷ്ഠാനങ്ങളിലൂടെ, യജ്ഞങ്ങളിലൂടെ, വിദ്യാഭ്യാസത്തിലൂടെ, വിദ്യാലയങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്നത് ഈ കാര്യമാണ്. ഇവയുടെയെല്ലാം ലക്ഷ്യം മനുഷ്യനെ സംസ്‌ക്കാരസമ്പന്നനാക്കുക എന്നതാണ്. മനുഷ്യന്റെ ഉന്നതിക്ക് യാതൊരു പരിധിയുമില്ല. അവന് എത്ര മുകളിലേക്ക് വേണമെങ്കിലും പോകാനാകും.

മഹാഭാരതവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. യുധിഷ്ഠിര മഹാരാജാവ് രാജസൂയ യജ്ഞം നടത്തി. അസംഖ്യം ആളുകള്‍ക്ക് സദ്യ വിളമ്പി. വന്നവരെല്ലാം സദ്യകഴിഞ്ഞ് തിരിച്ചുപോയി. ഇത്രയും പേര്‍ക്ക് അന്നദാനം നിര്‍വ്വഹിച്ചതോര്‍ത്തപ്പോള്‍ യുധിഷ്ഠിരന് അല്പം അഹങ്കാരമുണ്ടായി. യുധിഷ്ഠിരന്‍ യജ്ഞമണ്ഡപത്തില്‍ തന്നെയാണിരുന്നിരുന്നത്. അവിടെ മുഴുവന്‍ ഭസ്മം കൊണ്ട് നിറഞ്ഞിരുന്നു. അപ്പോഴാണ് ശരീരത്തിന്റെ പകുതിഭാഗം സ്വര്‍ണവര്‍ണമണിഞ്ഞ ഒരു കീരി അവിടെയെത്തിയത്. അത് അവിടെയുണ്ടായിരുന്ന ഭസ്മത്തില്‍ കിടന്നുരുണ്ടു. ഈ കീരി എന്താണ് ചെയ്യുന്നത്? എല്ലാവരും അതിശയപ്പെട്ടു. ഈ അവസരത്തില്‍, ആ കീരി മനുഷ്യന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. അത് യുധിഷ്ഠിര മഹാരാജാവിനെ നാണം കെടുത്തുന്ന വിധം പറഞ്ഞു: ”ലക്ഷക്കണക്കിന് ആളുകള്‍ക്ക് സദ്യ വിളമ്പിയതിന്റെ പേരില്‍, മഹാരാജന്‍, അങ്ങയ്ക്ക് അഹങ്കാരം തോന്നുന്നുണ്ടാവാം. എന്നാല്‍ ഇതെല്ലാം നിഷ്ഫലമാണ്, നിരര്‍ത്ഥകമാണ്. എന്റെ ശരീരത്തിന്റെ പകുതിഭാഗം സ്വര്‍ണമയമായതെങ്ങിനെയാണെന്ന് അങ്ങയ്ക്ക് അറിയുമോ? ഒരിക്കല്‍ കൊടും വരള്‍ച്ചയുണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് ആഹാരം കിട്ടാതെയായി. വളരെ ദിവസങ്ങള്‍ പട്ടിണിയില്‍ കഴിയുകയായിരുന്ന ഒരു കുടുംബത്തിന് അല്പം ധാന്യപ്പൊടി കിട്ടി. ആ വീട്ടില്‍ ഗൃഹനാഥന്‍, അദ്ദേഹത്തിന്റെ പത്‌നി, പുത്രന്‍, പുത്രവധു എന്നിങ്ങനെ നാലു പേരാണ് ഉണ്ടായിരുന്നത്. അവര്‍ ആ ധാന്യപ്പൊടി നാലായി വിഭജിച്ചു അത് കഴിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു യാചകന്‍ അവിടെയെത്തി ഭിക്ഷതേടി. ഗൃഹസ്ഥന്‍ തന്റെ ഓഹരി ആ യാചകന് നല്‍കി. എന്നാല്‍ അതുകൊണ്ട് ആ യാചകന്റെ വിശപ്പടങ്ങിയില്ല. ഉടനെ ആ വീട്ടമ്മയും തന്റെ ഓഹരി യാചകന് നല്‍കി. അതുകൊണ്ടും യാചകന്റെ വിശപ്പ് ശമിച്ചില്ല. ശേഷം പുത്രനും പുത്രവധുവും അവരവരുടെ ഓഹരി യാചകന് നല്‍കി. ഇതോടെ വിശപ്പടങ്ങിയ യാചകന്‍ അവിടെ നിന്ന് പോയി. എന്നാല്‍ അടക്കാനാവാത്ത വിശപ്പുകാരണം ആ നാലുപേരും മരിച്ചു. യാചകന്‍ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മണ്ണില്‍ വീണുപോയ ധാന്യപ്പൊടി എന്റെ ശരീരത്തില്‍ തട്ടിയ മാത്രയില്‍ എന്റെ ശരീരത്തിന്റെ പകുതിഭാഗം സ്വര്‍ണമയമായിത്തീര്‍ന്നു. എന്റെ ശരീരം മുഴുവന്‍ സ്വര്‍ണമയമാക്കി മാറ്റാം എന്ന ആഗ്രഹത്തോടെയാണ് ഞാനിവിടെ വന്നത്. എന്നാല്‍ എനിക്ക് നിരാശമാത്രമാണ് കൈവന്നത്!” മനുഷ്യന് സാംസ്‌കാരികമായി എത്രമാത്രം ഔന്നത്യത്തിലെത്താനാകും എന്നു കാണിക്കാനാണ് ഞാന്‍ ഈ കഥ ഇവിടെ വിവരിച്ചത്. സ്വയം പട്ടിണികിടന്നും മരണത്തെ വരിച്ചും മനുഷ്യന് മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനാകും!

ധര്‍മ്മത്തിലൂടെ സംസ്‌കാരത്തെ നിര്‍മ്മിക്കാനാകും. മനുഷ്യന്‍ അവന്റെ പ്രേരണകള്‍, ആഗ്രഹങ്ങള്‍, ആകാംക്ഷകള്‍ എന്നിവ നൈതികതയുടെ വരുതിയില്‍ ഒതുക്കിനിര്‍ത്തുന്നു. അതുകൊണ്ട് ധര്‍മ്മത്തിന് നൈതികതയുടെ ബന്ധനമെന്നും വിശേഷണം നല്‍കാം. സമാജം നൈതികതയുടെ ചട്ടക്കൂട്ടില്‍ നിലനില്‍ക്കുമ്പോള്‍ അതിന്റെ ധാരണം അനായാസം നടക്കുന്നു. ”ധാരണാത് ധര്‍മ്മ ഇത്യാഹുഃ” പ്രജകളെ ധാരണം ചെയ്യുന്നതു കൊണ്ടാണ് അതിനെ ധര്‍മ്മമെന്ന് പറയുന്നത്. ധാരണം എന്ന വാക്കിന് രണ്ട് അര്‍ത്ഥമുണ്ട്. 1. പരിപാലനം 2. താങ്ങിനിര്‍ത്തല്‍. നിലനിര്‍ത്തുക, ശരിയായ വിധത്തില്‍ നടത്തുക. ‘ധാരണാത് ധര്‍മ്മ ഇതി ആഹുഃ ധര്‍മ്മോ ധാരയതി പ്രജാ: ധര്‍മ്മം എന്താണ് ചെയ്യുന്നത്. പ്രജകളെ ധാരണം ചെയ്യുന്നു.

ധര്‍മ്മത്തിന്റെ മറ്റൊരു വ്യാഖ്യാനം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാര്‍ത്ഥനയിലുണ്ട്. വൈശേഷിക ശാസ്ത്രത്തിലുമുണ്ട്. ‘യതഃ അഭ്യുദയ നിഃശ്രേയ സിദ്ധിഃ സ ധര്‍മ്മഃ’ എന്നതാണ് വൈശേഷികന്മാരുടെ മതം. അതായത്, അഭ്യുദയം അഥവാ ഐഹികമായ ഉന്നതി, നിഃശ്രേയസം അഥവാ മോക്ഷപ്രാപ്തി, ഇവ രണ്ടും നേടിത്തരുന്നതെന്തോ, അതിന്റെ പേരാണ് ധര്‍മ്മം. കേവലം മോക്ഷപ്രാപ്തിക്കു സഹായകമായത് ധര്‍മ്മമല്ല. അത് മതം അഥവാ റിലിജ്യനാണ്. പാരമാര്‍ത്ഥികത്തെക്കുറിച്ച് ചിന്തിക്കാന്‍ വഴിവെക്കുന്നതേതോ, അത് ഉപാസനാ പദ്ധതിയാണ്. പാരമാര്‍ത്ഥികത്തെക്കുറിച്ച് ചിന്തിക്കുന്നതോടൊപ്പം ഐഹികമായ ഉന്നതിക്കുവേണ്ടിയും പ്രേരണനല്‍കുന്നതേതോ, അതാണ് പൂര്‍ണമായ അര്‍ത്ഥത്തില്‍ ധര്‍മ്മം. അഭ്യുദയവും നിഃശ്രേയസവും വേറെ വേറെയല്ല. അവ രണ്ടും ഒരുമിച്ച് നില്‍ക്കുന്നു. അറുപതു വയസ്സ് പ്രായമാകുന്നതുവരെ അഭ്യുദയത്തെക്കുറിച്ചും അതിനുശേഷം മോക്ഷത്തെക്കുറിച്ചും ചിന്തിക്കാമെന്ന നിലപാട് ശരിയല്ല. അവ രണ്ടും പരസ്പരം വെള്ളം കടക്കാത്ത വ്യത്യസ്ത അറകളല്ല. അതുകൊണ്ടാണ് നമ്മുടെ പ്രാര്‍ത്ഥനയില്‍ ‘സമുത്കര്‍ഷനിഃശ്രേയസസൈ്യകമുഗ്രം, പരംസാധനം നാമ വീരവ്രതം’ എന്ന് പറഞ്ഞിരിക്കുന്നത്. ‘സമുത്കര്‍ഷ നിഃശ്രേയസസ്യ’ എന്നത് ഏകവചനമാണ്. സംസ്‌കൃത വൈയ്യാകരണന്മാര്‍ ബഹുവചനമാണ് വേണ്ടതെന്ന് പറയും – ‘രാമരാവണയോ: യുദ്ധം’ എന്ന് പറയുന്നത് പോലെ. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനയില്‍ ബോധപൂര്‍വ്വമാണ് ഏകവചനം പ്രയോഗിച്ചിരിക്കുന്നത്. വ്യാകരണം ഈ വിഷയത്തില്‍ എന്ത് പറയുന്നു എന്ന് എനിക്കറിയില്ല. സമുത്കര്‍ഷവും നിഃശ്രേയസവും ചേര്‍ന്ന് ഒന്നായിത്തീരുന്നു. അതുകൊണ്ട്, അഭ്യുദയത്തിനും നിഃശ്രേയസത്തിനും വേണ്ടി നടത്തുന്ന സാധനയാണ് ധര്‍മ്മം. ധര്‍മ്മമാണ് നമ്മുടെ സമ്പൂര്‍ണ ജീവിതത്തിനും വഴികാട്ടിയായി ശോഭിക്കുന്ന ധ്രുവതാരം. അതിന്റെ വെളിച്ചത്തില്‍ വേണം നമ്മുടെ സമ്പൂര്‍ണ ജീവിതവും മുന്നോട്ടുകൊണ്ടുപോകാന്‍.

സമ്പൂര്‍ണ ജീവിതവും തദനുസൃതമായിരിക്കണം എന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഭരണകൂടവും പ്രവര്‍ത്തിക്കുന്നത് ധര്‍മ്മാനുസൃതമായിരിക്കണം എന്നാണ്. ഭരണകൂടം എന്നാലെന്താണ്? സമ്പൂര്‍ണ മനുഷ്യജീവിതത്തിന്റെ മഹത്വമാര്‍ന്ന ഒരു അംശം മാത്രമാണ്. അതിന് ഒരിക്കലും സമ്പൂര്‍ണജീവിതത്തെ പ്രതിനിധാനം ചെയ്യാനാവില്ല. ഭരണകൂടം അനിവാര്യമാണ്. അരാജകത്വം നടമാടുന്നിടത്ത്, അന്ധകാരം നിറഞ്ഞിരിക്കുന്നിടത്ത് ധര്‍മ്മം ഉണ്ടാകില്ലെന്ന് മഹാഭാരതം പറയുന്നു. അതുകൊണ്ട്, ധര്‍മ്മത്തിന്റെ രക്ഷക്കുവേണ്ടി ഭരണകൂടം ഉണ്ടാകേണ്ടത് ആവശ്യമാണ്. എന്നാല്‍ രാജ്യം അഥവാ ഭരണകൂടം എങ്ങിനെയായിരിക്കണം? അത് ധര്‍മ്മരാജ്യമായിരിക്കണം. അതിന് ചില നിയമങ്ങള്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിന് ചില സങ്കല്പങ്ങളും ചിന്തകളും ഉണ്ടാവണം. മനുഷ്യന്റെ ക്ഷേമത്തെക്കുറിച്ചുള്ള ചിന്ത ഉണ്ടാകണം. അതായത്, എല്ലാവ്യവസ്ഥകളും മനുഷ്യന്റെ ക്ഷേമം ഉന്നംവെച്ചുകൊണ്ടുള്ളതാവണം. ട്രാഫിക് സിഗ്നലിനടുത്ത് പോലീസിനെ നിയോഗിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. അവിടെ പോലീസിനെ നിയോഗിക്കേണ്ടിവന്നാല്‍ അതിന്റെ അര്‍ത്ഥം അവിടെ ജനങ്ങള്‍ ധര്‍മ്മാധിഷ്ഠിതമായി ജീവിക്കുന്നവരല്ല എന്ന് വരും. അച്ചടക്കപൂര്‍ണമായ ജനജീവിതത്തിന് ഭരണ വ്യവസ്ഥ അനിവാര്യമാണ്. സമൂഹത്തില്‍ രണ്ടു തരം ആളുകളെ കാണാം – ചിലര്‍ ആസുരികമായ പ്രകൃതിയുള്ളവരും മറ്റുള്ളവര്‍ ദൈവിക പ്രകൃതിയുള്ളവരും. ആസുരിക പ്രകൃതിക്കാര്‍ ശിക്ഷഭയന്നാണ് കാര്യങ്ങള്‍ ചെയ്യുക. ശിക്ഷ വലിയൊരു കാര്യം തന്നെയാണ്. അതു ഭയന്ന് പലരും കളവ് നടത്താതിരിക്കുന്നു. അതുകൊണ്ട് ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ആവശ്യമാണ്. എന്നാല്‍ ആദര്‍ശപരമായ സാഹചര്യം ഉടലെടുക്കുന്നത് ശിക്ഷക്കുള്ള വ്യവസ്ഥയുണ്ടായിട്ടും അത് ആവശ്യം വരാത്ത അവസ്ഥയാണ്.

ഉപനിഷത്തില്‍ അശ്വപതി എന്ന രാജാവിന്റെ കഥയുണ്ട്. ഒരിക്കല്‍ നാല് ബ്രാഹ്‌മണര്‍ ബ്രഹ്‌മജ്ഞാനം തേടി അദ്ദേഹത്തിന്റെ പക്കലെത്തി. അശ്വപതി വലിയൊരു വിദ്വാനും കൂടിയായിരുന്നതു കൊണ്ടാണ് അവര്‍ അദ്ദേഹത്തെ സമീപിച്ചത്. തന്നെ കാണാനെത്തിയ ബ്രാഹ്‌മണര്‍ക്ക് ദക്ഷിണ നല്‍കാന്‍ രാജാവ് മുതിര്‍ന്നപ്പോള്‍ അത് സ്വീകരിക്കാന്‍ അവര്‍ വിസമ്മതിച്ചു. സാധാരണഗതിയില്‍ ദക്ഷിണ വാങ്ങാന്‍ ഔത്സുക്യം കാണിക്കുന്ന ബ്രാഹ്‌മണര്‍ അത് നിരാകരിച്ചപ്പോള്‍ രാജാവിന് അത്ഭുതം തോന്നി. അദ്ദേഹം അവരോട് പറഞ്ഞു: ”എന്റെ രാജ്യത്തെ സ്ഥിതിയെന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?” അതിനുശേഷം തന്റെ രാജ്യത്തെ വൈശിഷ്ട്യങ്ങള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം അവരോടു പറഞ്ഞു: ”ന മേ സ്‌തേനോ ജനപദേ” (എന്റെ രാജ്യത്ത് കള്ളന്മാരില്ല). ”ന കദര്‍യോ” (ലുബ്ധന്മാരായി ആരുമില്ല). ‘ന മദ്യപി’ (മദ്യപന്മാരായി ആരുമില്ല). ‘ന അവിദ്വാന്‍’ (മൂഢന്മാരായി ആരുമില്ല). ‘ന അനാഹിതാഗ്നി’ (അഗ്നികാര്യം ചെയ്യാത്തവരാരുമില്ല). ”ന സൈ്വരീ” (വ്യഭിചാരികളായി ആരുമില്ല). ”സൈ്വരിണീ കുതഃ” (പിന്നെ വ്യഭിചാരിണികള്‍ ഉണ്ടാകുന്നതെങ്ങനെ). എന്നിട്ടും നിങ്ങള്‍ ദക്ഷിണ സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നതെന്തുകൊണ്ട്?

ഞാന്‍ ഇത് വെറുതെ പറഞ്ഞതല്ല. ഉപനിഷത്തിലെ വാക്യമാണിത്. കൂടാതെ, ഇതൊരപവാദമാണെന്ന് കരുതുകയും അരുത്. രഘുവംശത്തില്‍ ദിലീപ രാജാവിന്റെ കഥയുണ്ട്. കാമധേനുവിന്റെ മകള്‍ നന്ദിനിയെ അകമഴിഞ്ഞ് സേവിച്ചതിന്റെ ഫലമായി അദ്ദേഹത്തിന് ഒരു പുത്രന്‍ ജനിച്ചു. രഘു. പുത്രപ്രാപ്തിയില്‍ അങ്ങേയറ്റം സന്തുഷ്ടനായിത്തീര്‍ന്ന രാജാവ് കല്പിച്ചു: ”എന്റെ രാജ്യത്ത് തടവില്‍ കഴിയുന്ന എല്ലാവരേയും ഉടനെ മോചിപ്പിക്കണം. ഈ സന്ദര്‍ഭം വിവരിച്ചുകൊണ്ടു മഹാകവി കാളിദാസന്‍ പറഞ്ഞത് ഇപ്രകാരമാണ്: ”ന സംയതസ്തസ്യ ബഭ്രൂവ രക്ഷിതു: വിസര്‍ജയേദ് യം സുതജന്മഹര്‍ഷിതഃ” അതായത്, പുത്രന്‍ ജനിച്ചതില്‍ ഹര്‍ഷിതനായിത്തീര്‍ന്ന രാജാവ് വിട്ടയക്കാന്‍ കല്പിച്ചുവെങ്കിലും, അപ്രകാരം വിട്ടയക്കാന്‍ തടവില്‍ ഒരു തടവുകാരന്‍ പോലുമുണ്ടായിരുന്നില്ല! ഇതിനെയാണ് ധര്‍മ്മരാജ്യമെന്ന് വിളിക്കുക. അവിടെ നൈതിക നിയമം ങീൃമഹ ഹമം ആണ് വാണിരുന്നത്. അപ്രകാരം കഴിയുന്ന ഒരു രാജ്യമാണ് നമ്മുടെ ആദര്‍ശം.

ഞങ്ങള്‍ ധര്‍മ്മരാജ്യത്തെക്കുറിച്ച് പറയുന്ന മാത്രയില്‍ ചിലര്‍ പറയും: ”നിങ്ങള്‍ മതരാജ്യം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ മതേതര വിരുദ്ധരാണ്.” അവര്‍ക്ക് ധര്‍മ്മമെന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം അറിയില്ലെന്നതാണ് ഇതിന് കാരണം. ധര്‍മ്മരാജ്യമെന്നാല്‍ നിയമവാഴ്ച നിലനില്‍ക്കുന്നിടം, ധാര്‍മ്മികനിയമം നിലനില്‍ക്കുന്നിടം എന്നാണ്. ചില നിയമങ്ങള്‍ അടിസ്ഥാനപരമാണ്.അവയെ പ്രൈമറി ലോ എന്നാണ് വിശേഷിപ്പിക്കുക. അവ പരമപ്രാധാന്യര്‍ഹിക്കുന്നു. ബാക്കിയെല്ലാം കീഴ്തട്ടിലുള്ളവയാണ് അഥവാ സെക്കന്‍ഡറിയാണ്. സംസ്ഥാന നിയമസഭകളും പാര്‍ലമെന്റും ഒക്കെ അംഗീകരിച്ച് പാസാക്കുന്നത് ഇത്തരം സെക്കന്‍ഡറി നിയമങ്ങളാണ്. ഈ നിയമങ്ങളാകട്ടെ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് അനുഗുണമായിരിക്കുകയും വേണം. ധര്‍മ്മത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് കേവലം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റേത് മാത്രമല്ല. അതൊട്ട് ദിലീപ രാജാവിന്റെതുമായിരുന്നില്ല, രാജാവായ അശ്വപതിയുടേതുമായിരുന്നില്ല. ഇത് സനാതനമായി നിലനിന്നു പോരുന്ന കാഴ്ചപ്പാടാണ്. അത് ഇപ്പോഴും നിലനില്‍ക്കുന്നു. നമ്മുടെ സുപ്രീംകോടതിയില്‍ ”യതോ ധര്‍മ്മസ്തതോ ജയഃ” (ധര്‍മ്മമുള്ളിടത്ത് വിജയമുണ്ട്) എന്ന വാക്യം എഴുതിവെച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നിയേക്കാം. നമ്മുടെ രാജ്യസഭയുടെ പ്രവേശന കവാടത്തില്‍ ”സത്യം വദ, ധര്‍മ്മം ചര” (സത്യം പറയൂ, ധര്‍മ്മ മാര്‍ഗ്ഗത്തില്‍ ചരിക്കൂ) എന്ന് എഴുതിവെച്ചരിക്കുന്നതു കാണാം. രാജ്യസഭയില്‍ പ്രവേശിച്ച് സ്‌നാന-സന്ധ്യാദികള്‍ നിര്‍വ്വഹിക്കൂ, ദക്ഷിണ നല്‍കൂ, പൂജ ചെയ്യൂ, മതഗ്രന്ഥം പാരായണം ചെയ്യൂ എന്നാണോ ഇതിനര്‍ത്ഥം? ലോകസഭയില്‍ സ്പീക്കര്‍ ഇരിക്കുന്ന പീഠത്തിന്റെ മുകളില്‍ ‘ധര്‍മ്മ ചക്രപ്രവര്‍ത്തനായ’ (ധര്‍മ്മചക്രത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി) എന്നെഴുതി വെച്ചത് കാണാം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ശ്രീമദ് ഭഗവത്ഗീതയില്‍ ‘ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ’ (ധര്‍മ്മ സംസ്ഥാപനത്തിനായി ഞാന്‍ ഓരോ യുഗത്തിലും ജന്മമെടുക്കുന്നു) എന്നു പറയുന്നുണ്ട്. ധര്‍മ്മ സംസ്ഥാപനം എന്നു പറഞ്ഞതുകൊണ്ട് എന്താണ് അവിടുന്ന് അര്‍ത്ഥമാക്കിയത്? നെറ്റിയില്‍ ചന്ദനം പൂശുന്നതെങ്ങനെ? ശിഖ എത്ര നീളത്തില്‍ വെയ്ക്കണം? ഇതിന്റെയെല്ലാം സംസ്ഥാപനത്തിനാണോ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവതാരമെടുത്തത്? ഇതിനുവേണ്ടിയാണോ അവിടുന്ന് ഗീതോപദേശം നല്‍കിയത്? ഭഗവാന്‍ അവതരിക്കുന്നത് സമാജധാരണത്തിന് വേണ്ടിയാണ്. നമ്മുടെയെല്ലാം വൈയ്യക്തികവും സാമാജികവുമായ ആവശ്യങ്ങള്‍, ആകാംക്ഷകള്‍ എന്നിവക്കെല്ലാം ഒരു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ഭരണകൂടത്തിനും ധര്‍മ്മത്തിന്റേതായ പരിധിയാവശ്യമാണ്. ഇത്തരത്തിലുള്ള ധര്‍മ്മരാജ്യമാണ് നമ്മുടെ ആദര്‍ശം.
(തുടരും)

 

Tags: ധര്‍മ്മരാജ്യ സങ്കല്പം ഒരു പഠനം
ShareTweetSendShare

Related Posts

ഇന്നത്തെ ഗാസ നാളത്തെ കേരളം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

ഖിലാഫത്തും ദേശീയതയും നേര്‍ക്കുനേര്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies