ഒരു കോമ്രേഡ് എന്ന നിലയ്ക്കുള്ള തന്റെ ജീവിതത്തെക്കുറിച്ച് ശൈലജ ടീച്ചര്‍ എഴുതിയ ആത്മകഥ (മൈ ലൈഫ് ഏസെ കോമ്രേഡ്) ദില്ലി കേരളഹൗസില്‍ വെച്ച് പ്രകാശനം ചെയ്ത വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വന്നതു ശ്രദ്ധിച്ചോ? പുസ്തക പ്രകാശനച്ചടങ്ങിലെ മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ പ്രസംഗം ഒന്നു വായിക്കേണ്ടതു തന്നെയാണ്. രണ്ടു കാര്യങ്ങളാണ് സഖാവിന്റെ പ്രസംഗത്തിലുള്ളത്. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം പൂക്കള്‍ വിതറിയ പാതയിലൂടെയല്ല, മുള്‍പടര്‍പ്പുകള്‍ വകഞ്ഞുമാറ്റിയാണ് എന്നാണ് ഒരു പരാമര്‍ശം. സഖാക്കളുടെ വഴിയില്‍ കാരമുള്ളുകളും മുള്‍പടര്‍പ്പുകളും ഉണ്ട് എന്ന് സാരം. ശൈലജ ടീച്ചറുടെ വഴിയില്‍ മുള്ളുവിതറിയതും മുള്‍പ്പടര്‍പ്പുകള്‍ നിരത്തിയതും ആരാണ് സഖാവേ? നിപ്പയോടും കോവിഡിനോടും പടപൊരുതിയ വീര വനിത എന്ന പരിവേഷത്തോടെ ശൈലജ ടീച്ചര്‍ 2021ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും നല്ല ഭൂരിപക്ഷവുമായി നിയമസഭയിലെത്തിയപ്പോള്‍ അവര്‍ ആരോഗ്യമന്ത്രിക്കസേരയില്‍ തുടരുന്നത് തടയാന്‍ ആ ജീവിത വഴിയില്‍ മുള്ളുകള്‍ വിതറിയത് ആരാണ്? കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ വിവരണവുമായി പത്രസമ്മേളനം നടത്തിയ ടീച്ചറെ ആദ്യം ഒരു വശത്തേയ്ക്കു മാറ്റിയതും പിന്നെ പാടെ ഒഴിവാക്കിയതും ആരാണ് സഖാവേ? കോവിഡ് മരണത്തിന്റെ കണക്കു മൂടിവെക്കാന്‍ ആരോഗ്യ വകുപ്പിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആരാണ്? പി.പി.ഇ. കിറ്റുകള്‍ വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് വാങ്ങാന്‍ അനുമതി നല്‍കി അവസാനം ടീച്ചര്‍ക്ക് കോടതി കയറേണ്ട ഗതികേട് ഉണ്ടാക്കിയത് ആരാണ്? ഒടുവില്‍ ടീച്ചര്‍ക്ക് ചുണ്ടോളമെത്തിയ മാഗ്‌സസെ പുരസ്‌കാരം തട്ടിക്കളഞ്ഞത് ആരാണ്? ഇത്തരം മുള്‍പ്പടര്‍പ്പുകളെല്ലാം താണ്ടിവരുന്ന ടീച്ചറുടെ ചിത്രം പ്രസംഗിക്കുമ്പോള്‍ വിജയന്‍ സഖാവിന്റെ മനോമുകുരത്തില്‍ വിരിഞ്ഞു നിന്നിട്ടുണ്ടാകണം.
വിജയന്‍ സഖാവിന്റെ പ്രസംഗത്തിലെ രണ്ടാമത്തെ കാര്യം കോവിഡ് പ്രതിരോധത്തിന് നേതൃത്വം വഹിക്കാന്‍ ടീച്ചര്‍ക്ക് ലഭിച്ച പ്രേരണയെക്കുറിച്ചാണ്. മാര്‍ക്‌സില്‍ നിന്നോ സ്റ്റാലിനില്‍ നിന്നോ ചെഗുവേരയില്‍ നിന്നോ പ്രേരണ കിട്ടി എന്നല്ല സഖാവ് പറഞ്ഞത്. വസൂരിരോഗികളെ ശുശ്രൂഷിച്ച, ടീച്ചറുടെ മുത്തശ്ശി എം.കെ.കല്യാണിയില്‍ നിന്നു പ്രേരണ കിട്ടി എന്നാണ് പറഞ്ഞത്. പാര്‍ട്ടിയുടെ തലപ്പത്തുള്ള കോമ്രേഡുകള്‍ ടീച്ചറുടെ ജീവിതപാതയില്‍ കാരമുള്ളുകള്‍ വിതറിയപ്പോള്‍ പാവം ടീച്ചര്‍ക്ക് പ്രേരണയായത് സ്വന്തം മുത്തശ്ശിയായിരുന്നു.
Comments