പൂനെ: സമാജം മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് ജോഷി പറഞ്ഞു. ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസിന്റെ സ്മരണയ്ക്കായി പൂനെ മെഡിക്കല്‍ സര്‍വീസ് ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്ന ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യപൂര്‍ണ ഭാരതമാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടാണ് ധാര്‍മ്മികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആരോഗ്യസംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി സാമൂഹിക വികസനത്തിനായി മുന്നോട്ടുവരുന്നത്. മഠങ്ങള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയും ഇപ്പോള്‍ വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിന്റെ ചികിത്സാ സമ്പ്രദായം മികച്ചതും ചിലവ് കുറഞ്ഞതുമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്ത് വലിയ സേവനം ആവശ്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും എളുപ്പത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കണം. ശാരീരിക ആരോഗ്യത്തേക്കാള്‍ മാനസികാരോഗ്യത്തിന്റെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. വ്യക്തികളും സമൂഹവും മാനസികമായി ശക്തരാകണം. ദേവറസ്ജി രാഷ്ട്രത്തിന് സേവനത്തിന്റെ മന്ത്രം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ ഈ ആശുപത്രി ആരംഭിക്കുന്നു എന്നതാണ് ഇതിന്റെ യഥാര്‍ത്ഥ ആസ്തി. ഈ പ്രൊജക്റ്റിനായി പ്രവര്‍ത്തിക്കുന്ന ഘടകങ്ങളുടെ വൈകാരിക വശം വളരെ ശക്തവും അവരുടെ സേവനബോധം വളരെ സുദൃഢവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ, മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനെവാല്ല, ആര്‍എസ്എസ് പ്രാന്ത സംഘചാലക് നാനാസാഹേബ് ജാദവ്, സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഷിരിഷ് ദേശ്പാണ്ഡെ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.