നീണ്ട കാലത്തെ നിയമ യുദ്ധത്തിനു ശേഷം ഏപ്രില്‍ 16ന് ഞായറാഴ്ച തമിഴ്‌നാട്ടിലെ 45 നഗരങ്ങളില്‍ ആര്‍. എസ്.എസ്. പഥസഞ്ചലനങ്ങള്‍ നടന്ന, ഏതു വിധേനയും അതു തടയാന്‍ ശ്രമിച്ച സ്റ്റാലിന്‍ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായി. ജനാധിപത്യത്തിന്റെയും ഭരണഘടന ഉറപ്പു നല്‍കിയ മൗലികാവകാശങ്ങളുടെയും നീതിന്യായ സംവിധാനത്തിന്റെയും വിജയം തമിഴ്‌നാട് ജനത അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമാക്കി. ചെന്നൈ നഗരത്തില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 45 നഗരങ്ങളില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആയിരക്കണക്കിന് സ്വയംസേവകര്‍ നടത്തിയ പഥസഞ്ചലനങ്ങള്‍ കാഴ്ചക്കാരില്‍ കോള്‍മയിര്‍ സൃഷ്ടിച്ചു. കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് സഹ മന്ത്രി എല്‍.മുരുകന്‍ ഉള്‍പ്പെടെയുള്ളവര്‍ പഥസഞ്ചലനത്തില്‍ അണിനിരന്നത് സനാതനധര്‍മ വിശ്വാസികള്‍ക്ക് ആവേശമായി.
എല്ലാ വര്‍ഷവും വിജയദശമി ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലും സംഘത്തിന്റെ പഥസഞ്ചലനങ്ങള്‍ നടക്കാറുണ്ടായിരുന്നു. കോവിഡ് കാലത്ത് ഇത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനു ശേഷം 2022 ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാനത്തെ 51 കേന്ദ്രങ്ങളില്‍ പഥസഞ്ചലനം നടത്താനുള്ള അനുവാദത്തിനായി സംഘം തമിഴ്‌നാട് സര്‍ക്കാരിനോട് അപേക്ഷിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവും ഡോ.ബി.ആര്‍. അംബേദ്കറുടെ ജന്മശതാബ്ദിയും പ്രമാണിച്ചാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരുന്നത്. പക്ഷെ തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പഥസഞ്ചലനം നിരോധിക്കുകയായിരുന്നു. ഈ നിരോധന ഉത്തരവിനെതിരെ സംഘനേതൃത്വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പ്രസ്തുത നിരോധന ഉത്തരവ് തള്ളിക്കളഞ്ഞു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു പ്രകാരം 2022 നവംബര്‍ 6ന് കടലൂര്‍, പെരമ്പാലൂര്‍, കല്ലാകുറിച്ചി എന്നിവിടങ്ങളില്‍ പഥസഞ്ചലനങ്ങള്‍ നടത്താന്‍ പോലീസ് അനുവദിക്കുകയും അതനുസരിച്ച് സമാധാനപരമായി പഥസഞ്ചലനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. അതുകൊണ്ടരിശം തീരാഞ്ഞു സ്റ്റാലിന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. അവിടെയും ഫലം നിരാശാജനകം. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തി. വി.രാമസുബ്രഹ്‌മണ്യന്‍, പങ്കജ് മിത്തല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷ തള്ളിക്കളഞ്ഞു.
വിധിയില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തെകുറിച്ച് സുപ്രീം കോടതി സൂചിപ്പിച്ച ഈ വസ്തുതകള്‍ ശ്രദ്ധേയങ്ങളാണ്. ”സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പ്രകാരം ആര്‍. എസ്.എസ് പ്രവര്‍ത്തകരാണ് എന്നും നിരോധിത സംഘടനകളുടെ ആക്രമണത്തിന് വിധേയരായിട്ടുള്ളത്. അതുകൊണ്ട് ആര്‍.എസ്.എസ്സിനെയും അവരുടെ പഥസഞ്ചലനത്തെയും നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നത് ബാലിശവും കേട്ടുകേള്‍വി ഇല്ലാത്തതുമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശം എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയും ബാധ്യതയുമാണ്. സംഘത്തിന്റെ പഥസഞ്ചലനത്തെ കുറിച്ച് ഇന്നുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ ഇങ്ങനെയൊരു ഹരജിയുമായി സുപ്രീംകോടതിയില്‍ വന്നത് തന്നെ തെറ്റാണു”. ഇതായിരുന്നു ന്യായാധിപന്മാരുടെ അവസാന വാക്ക്.

സ്വാതന്ത്ര്യത്തിനും സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി യത്‌നിക്കുന്ന സംഘത്തിനെ ഒറ്റപ്പെടുത്താനാണ് ദ്രാവിഡ പാര്‍ട്ടികള്‍ എന്നും ശ്രമിച്ചിട്ടുള്ളത്. സ്റ്റാലിനും അദ്ദേഹത്തിന്റെ പിതാവ് മുത്തുവേല്‍ കരുണാനിധിയും എന്നും വിഭാഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നു. സനാതന ധര്‍മ്മത്തെ വഴിയിലെ ഒരു തടസ്സമായി അവര്‍ എന്നും കണ്ടു. ‘ചൈനയും പാകിസ്താനുമല്ല, മറിച്ചു സനാതന ധര്‍മമാണ് ഇന്ത്യ നേരിടുന്ന വലിയ ഭീഷണി’ എന്നാണ് സ്റ്റാലിന്‍ പറയുന്നത്. ഇതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് ക്രൈസ്തവ സഭയും ഇസ്ലാമിക ഭീകരസംഘടനകളും മാവോയിസ്റ്റുകളും തമിഴ് പുലികളുമാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. കൂടാതെ, സ്വന്തമായി ഒരു ആസ്ഥാന ബിഷപ്പ് ഉള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ഡി.എം.കെ. ബിഷപ്പ് സര്‍ഗുണം എന്ന വ്യക്തി (എല്ലാ ദുര്‍ഗുണങ്ങളുടെയും മൂര്‍ത്തിമത് ഭാവമാണ് സര്‍ഗുണം)യാണ് സ്റ്റാലിന്റെ ആത്മീയ ഗുരു. ഡി.എം.കെ. വേദികളില്‍നിന്നും ഹൈന്ദവര്‍ക്കെതിരെ വിഷം ചീറ്റുന്ന സര്‍ഗുണത്തിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തിയതിനു കേസ് എടുക്കേണ്ടതാണ്. ഇന്ന് ഡി.എം.കെ ഭരണകൂടം ഹൈന്ദവ ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നതും, ക്ഷേത്രഭൂമി കയ്യേറുന്നതും ഈ ബിഷപ്പുമാരും സുവിശേഷവേലക്കാരും നല്‍കുന്ന പിന്തുണയുടെ പുറത്താണ്. മതപരിവര്‍ത്തനം കുലത്തൊഴില്‍ ആക്കിയ ബ്രദര്‍ ദിനകരന്റെ പേരില്‍ ഒരു പ്രധാന നിരത്തു തന്നെയുണ്ട് ചെന്നൈ നഗരത്തില്‍. വിഘടന വാദത്തിന്റെ മുന്നോടിയായാണ് വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുന്നത്. ഹൈന്ദവര്‍ എല്ലാവരും കള്ളന്മാരാണ് എന്ന് പ്രസംഗിച്ച കരുണാനിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഒരു കേസ് നിലവില്‍ ഉണ്ടായിരുന്നു. പക്ഷെ 2017ല്‍ കരുണാനിധി കാലയവനികക്കുള്ളില്‍ മറഞ്ഞതോടെ കേസും അവസാനിച്ചു.
സംസ്ഥാനത്ത് ഡിഎംകെയും സഖ്യ കക്ഷികളും അഴിച്ചു വിട്ടിരിക്കുന്ന ഹൈന്ദവ വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായാണ് സംഘത്തിന്റെ പഥസഞ്ചലനങ്ങള്‍ നിരോധിച്ചത്. ഇസ്ലാമിക ഭീകര സംഘടനകളുടെ സുരക്ഷിത കേന്ദ്രങ്ങളാണ് കേരളവും തമിഴ് നാടും എന്ന ഇന്റലിജന്‍സ് ബ്യുറോയുടെ മുന്നറിയിപ്പ് ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. തമിഴ്‌നാട് ഗവര്‍ണ്ണര്‍ ആര്‍.എന്‍. രവി എന്ന മുന്‍ ഇന്റലിജന്‍സ് വിദഗ്ദ്ധനോട് മുഖ്യമന്ത്രി സ്റ്റാലിനുള്ള പകയുടെ കാരണം പ്രത്യേകിച്ച് അന്വേഷിക്കേണ്ട കാര്യമില്ല. സ്റ്റാലിന്‍ മനസ്സില്‍ കാണുന്നത് ഗവര്‍ണര്‍ രവി മാനത്തു കാണും എന്നത് സംസ്ഥാനത്ത് മൊത്തം പാട്ടാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ പ്രകടനത്തിനും സമരത്തിനും ഏറ്റവും മുന്നില്‍ നിന്ന സ്റ്റാലിന്‍, സംഘം നടത്തിയ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന് തടസ്സം സൃഷ്ടിച്ചത് വര്‍ഗീയ പ്രീണനം അല്ലാതെ മറ്റെന്താണ്? കഴിഞ്ഞ രണ്ടു ദശകത്തില്‍, തമിഴ്‌നാട്ടില്‍ മുന്നൂറിലധികം ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടെയാണ് ഈ സംഖ്യ. എല്ലാ കൊലപാതകങ്ങള്‍ക്ക് പിന്നിലും ഇസ്ലാമിക ഭീകര സംഘടനകളാണ്. ഹൈന്ദവരെ നിരന്തരം ആക്ഷേപിക്കുന്ന സ്റ്റാലിന്‍, ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത് തൊപ്പിയും ധരിച്ചാണ്. പലരും മനസ്സിലാക്കാത്ത കാര്യം ഒന്നുണ്ട്. മോഹന്‍ ലാസറസ് എന്ന സുവിശേഷക്കാരനാണ് ഇന്ന് തമിഴ്‌നാട്ടിലെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എം.ഡി.എം.കെ നേതാവ് വൈകോ മുതല്‍ പലരും ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തത് മോഹന്‍ ലാസറസിന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഹൈന്ദവ ക്ഷേത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ക്രൈസ്തവ സഭകള്‍ പിടിച്ചെടുക്കുന്നു. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും വചന പ്രഘോഷണം, അത്ഭുത രോഗശാന്തി ശുശ്രൂഷ, മിറക്കിള്‍ ക്രൂസേഡ് എന്ന പേരില്‍ ദിവസംതോറും എന്ന കണക്കിലാണ് പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. സ്റ്റാലിന്റെ അച്ഛന്‍ കരുണാനിധിയുടെ മൂന്നാമത്തെ ഭാര്യ രാജാധി അമ്മാളില്‍ ജനിച്ച കനിമൊഴി ഒരു കത്തോലിക്ക പുരോഹിതന്റെ ശിഷ്യയാണ്. ഗാസ്‌പെര്‍ എന്ന് അറിയപ്പെടുന്ന ഈ പാതിരി തമിഴ്‌നാടിനെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസ് പഥസഞ്ചലനം അട്ടിമറിക്കാന്‍ സ്റ്റാലിന്‍ മുന്നിട്ട് ഇറങ്ങിയത്. എന്നാല്‍ പഥസഞ്ചലനം നടത്താന്‍ ആര്‍.എസ്.എസ്സിനെ അനുവദിച്ചു കൊണ്ട് ഏപ്രില്‍ 11 ന് സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചതോടെ കോടതിയില്‍ പരാജയപ്പെട്ട സ്റ്റാലിന്‍ ഭരണകൂടം തല്‍ക്കാലം പത്തി താഴ്ത്തിയിരിക്കുകയാണ്.