എത്ര വര്‍ഷം കഴിഞ്ഞാലും ആനയുടേയും മുതലയുടേയും പാമ്പിന്റേയും പക ഒടുങ്ങില്ലെന്നു പറയും മുത്തശ്ശി. വേദനിപ്പിച്ചവരോട് പ്രതികാരം ചെയ്യാന്‍ കാത്തു കഴിയുമത്രെ ഈ മൂന്നു ജീവികളും.
പാമ്പിനും മുതലയ്ക്കും അങ്ങനെ ഓര്‍മ്മിച്ചു വെക്കാനും പകപോക്കാനും കഴിയില്ലെന്നാണ് ഗോപീകൃഷ്ണന്‍മാഷ് പറഞ്ഞത്. ആനയുടെ കാര്യം മാഷിന് അത്ര ഉറപ്പില്ല. മാഷോട് ഞാനൊരു സംശയം ചോദിച്ചതായിരുന്നു.
”ആരാ ഇതൊക്കെ കുട്ടിക്ക് പറഞ്ഞുതന്നത്?” എന്നുചോദിച്ചൂ ഗോപീകൃഷ്ണന്‍മാഷ്.
മുത്തശ്ശി പറഞ്ഞു തന്നതാണ് എന്നൊന്നും പറയാന്‍ പോയില്ല.
പക്ഷേ ഒരുകാര്യം മുത്തശ്ശി പറഞ്ഞതു ശരിയാണ്. ‘പാമ്പിനു പാലു കൊടുത്താലും പ്രയോജനമൊന്നുമുണ്ടാവില്ല. കൊടുത്ത കൈക്കു കടിക്കും’. പാലുതരുന്ന കയ്യല്ലേ എന്നൊന്നും പാമ്പ് വിചാരിക്കില്ല. അങ്ങനെ യൊക്കെ വിചാരിക്കാനുള്ള ബുദ്ധിയുണ്ടോ പാമ്പുകള്‍ക്ക്? ആര്‍ക്കറിയാം.
ദുഷ്ടരായ മനുഷ്യര്‍ പാമ്പിനെ പ്പോലെയാണെന്നാണ് മുത്തശ്ശി പറയുന്നത്. ദുഷ്ടര്‍ക്ക് എന്തുപകാരം ചെയ്തുകൊടുത്തിട്ടും കാര്യമില്ല. തരംകിട്ടിയാല്‍ ഉപദ്രവിക്കും. എല്ലാ സുഖങ്ങളും സൗകര്യങ്ങളും എനിക്കും എന്റെ കുടുംബത്തിനും മാത്രം എന്നേ ദുഷ്ടബുദ്ധികള്‍ വിചാരിക്കൂ.
ചാണകം വാരിക്കളയാന്‍ തൊഴുത്തിലേക്കു കടന്നപ്പോഴാണ് ലക്ഷ്മി മോന്തായത്തില്‍ എന്തോ ഇഴയുന്നതു കണ്ടത്. രണ്ടുകയ്യും വിടര്‍ത്തിപ്പിടിച്ചാല്‍ അത്ര നീളമുള്ള ഒരു സാധനം. അയ്യോ പാമ്പ് എന്നു നിലവിളിച്ചുകൊണ്ട് ലക്ഷ്മി തൊഴുത്തില്‍നിന്ന് ഇറങ്ങിയോടി.
പാമ്പും പരിഭ്രമിച്ചിട്ടുണ്ടാവും. അത് തൊഴുത്തിന്റെ മോന്തായത്തില്‍ നിന്നെടുത്തു ചാടി ശരംവിട്ടപോലെ വാഴക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഓടിപ്പോയി. മുത്തശ്ശി കോലായിലിരുപ്പുണ്ടായിരുന്നു.
”മുത്തശ്ശീ പാമ്പ്”
”പാമ്പല്ലെടാ പൊട്ടാ. അത് ചേരയാണ്”
”ചേരയും പാമ്പല്ലേ മുത്തശ്ശീ?”
”പാമ്പിന്റെ ഗണത്തില്‍പ്പെട്ടതു തന്നെ. ചേരക്ക് വെഷല്യ. പാമ്പ് എന്നുപറഞ്ഞാല്‍ വെഷള്ള ജാതി. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചേനത്തണ്ടന്‍ അങ്ങനെ ഒരുകൂട്ടം. എലിയെപ്പിടിക്കാനാ ചേര മനുഷ്യ വാസള്ള സ്ഥലത്ത് ഇഴഞ്ഞു വരുന്നത്. മനുഷ്യന്റെ ബന്ധു ആണ് ചേര എന്നാണ് പറയ്ാ”.
‘മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല’ എന്നാണത്രെ ചൊല്ല്. ചേര കടിച്ചൂന്ന് ഈ വയസ്സിനിടക്ക് മുത്തശ്ശി കേട്ടിട്ടില്ല.
” ‘ഏറെക്കുത്തിയാല്‍ ചേരയും കടിക്കും’ എന്നുപറയും പണ്ടുള്ളോര്.
ചില ആള്‍ക്കാരില്ലേ അപ്പൂ. സാധുപ്രകൃതായിരിക്കും. ഇനിയൊരാളെപ്പറ്റി ഒരു ചീത്തവാക്കു പറയില്ല. ചീത്തവിചാരിക്കില്ല. ആരെങ്കിലും അവരെ ഉപദ്രവിച്ചാലോ, ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റം ക്ഷമിക്കും. ‘ക്ഷമയുടെ നെല്ലിപ്പടി’ കാണുംവരെ. പിന്നേം ഉപദ്രവിച്ചാല്‍ സ്വഭാവം മാറും. ചേര കടിക്കില്യാ എന്നുപറഞ്ഞ് അതിനെ പോട്ടിലിട്ടു കുത്തിയാലോ. ചിലപ്പൊ ചേര കടിച്ചൂന്നും വരും”.
”മൂര്‍ഖന്‍ പാമ്പോ മുത്തശ്ശീ?”
”മൂര്‍ഖന് ഉഗ്രവിഷല്ലെ. ആരെങ്കിലും അടുത്തുവരുന്നൂന്ന് മനസ്സിലായാല്‍ അവന്‍ പത്തി വിടര്‍ത്തും. പിന്നെ ഒറ്റനില്‍പ്പാണ്. അടുത്തുകിട്ടിയാല്‍ അവന്‍ കൊത്തും.”
”എന്താ മുത്തശ്ശീ എട്ടടി മൂര്‍ഖന്‍?”
”വിഷംനിറഞ്ഞ സമയത്ത് മൂര്‍ഖന്‍ കടിച്ചാലോ, കടികൊണ്ട ആള് എട്ടടിവെക്കില്ല. കഥ കഴിയും. പാമ്പ് ഓടിവന്ന് കടിക്കില്യാന്നാ പറയ്ാ. അതിനെ ചവിട്ടാതെ നോക്കണം. നമ്മുടെ കാല് ഭൂമീല് വെക്കുന്ന ശബ്ദം കേട്ടാല്‍ പാമ്പ് മാറിപ്പൊയ്‌ക്കോളും.”
”നീര്‍ക്കോലി പാമ്പല്ലേ മുത്തശ്ശീ?”
പാമ്പിന്റെ വര്‍ഗ്ഗത്തില്‍ പെട്ടതാന്നു മാത്രം. വെള്ളത്തിലാണ് വാസം. വെഷല്യ. ‘ഞാനും തക്ഷകന്റെ വര്‍ഗ്ഗക്കാരനാണ്’ എന്നാണത്രെ നീര്‍ക്കോലിയുടെ അഹങ്കാരം.
”എന്റെ മുത്തശ്ശന്റെ മുത്തശ്ശന്‍ ജില്ലാ മജിസ്രേട്ടായിരുന്നൂ എന്ന് മേനിപറഞ്ഞു നടക്കും ചില മണ്ടശ്ശിരോമണികള്. പത്താംക്ലാസില് പത്തുപ്രാവശ്യം തോറ്റു. ഒരു പണിയും അറിയില്യ. ഒരു ജോലിക്കും പോവൂല്യ. എങ്ങനെണ്ട്?”