ശാസ്ത്ര പുരോഗതിയും അതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട നൂതനമായ സാങ്കേതിക വിദ്യകളുമാണ് മാനവരാശിയുടെ കുതിപ്പിന് നിദാനമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ ചിലപ്പോഴെങ്കിലും അത്തരം കുതിപ്പിനിടയില്‍ അവയില്‍ ചിലത് അവശേഷിപ്പിച്ചു പോകുന്ന ബാധ്യതകളെ കണ്ടില്ലെന്നു നടിച്ചു പോകുവാനുള്ള ഒരു വ്യഗ്രത നമ്മളില്‍ പ്രകടമാണ്. ഒടുവില്‍ നമ്മുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി അത്തരം ബാധ്യതകള്‍ മുന്നില്‍ നിറയുമ്പോള്‍ അവയെ അഭിസംബോധന ചെയ്യുവാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരാക്കപ്പെടുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് നമുക്ക് വൈകി വന്നുകൊണ്ടിരിക്കുന്ന വീണ്ടുവിചാരങ്ങളെ മേല്‍പ്പറഞ്ഞ വസ്തുതകളുമായി കൂട്ടി വായിക്കാവുന്നതാണ്.
മാനവരാശി ഇന്ന് കൈവരിച്ചിട്ടുള്ള നേട്ടങ്ങളില്‍, ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള പങ്ക് വിസ്മരിക്കുവാനാകുന്നതല്ല. ജൈവികമായ അവശിഷ്ടങ്ങള്‍, ഭൂവല്‍ക്കത്തിന്റെ ഉള്ളറകളില്‍, ഓക്‌സിജന്റെ അഭാവത്തില്‍, ഉയര്‍ന്ന ഊഷ്മാവിലും മര്‍ദ്ദത്തിലും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ രാസപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായിട്ടാണ് പെട്രോളിയവും കല്‍ക്കരിയും പ്രകൃതിവാതകവുമൊക്കെ രൂപപ്പെട്ടിട്ടുള്ളത്. മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജ ലഭ്യത അനിവാര്യമായിരുന്ന മാനവരാശി, ഇത്തരം ഫോസില്‍ ഇന്ധനങ്ങളെ വേര്‍തിരിക്കുവാനും അവയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനുകള്‍ നിര്‍മ്മിക്കുവാനുമുള്ള സാങ്കേതിക വിദ്യകള്‍ നേടിയതിന്റെ ബാക്കിപത്രമാണ് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ സമസ്ത മേഖലകളിലും ഉണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച. 18-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിച്ച വ്യാവസായിക വിപ്ലവം മുതല്‍ പ്രകാശവര്‍ഷങ്ങള്‍ക്കകലെയുള്ള ഗ്യാലക്‌സികളെക്കുറിച്ച് പഠിക്കുന്ന നിലവിലെ കാലഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍, അതിനൊക്കെ പിന്നില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് നിസ്സംശയം പറയാം.
നേട്ടങ്ങളെക്കുറിച്ച് വാചാലമാകുമ്പോഴും അവയുണ്ടാക്കിയ കോട്ടങ്ങളാണ് ഒരുപക്ഷേ നിലവിലെ പ്രധാന ചര്‍ച്ചാ വിഷയം. പ്രകൃതിയെ ആരാധിക്കുന്ന ഭാരതീയ സംസ്‌കാരത്തില്‍ നിന്നും പ്രകൃതിയെ പരമാവധി ചൂഷണം ചെയ്ത് ഉപയോഗിക്കുന്ന പാശ്ചാത്യ സംസ്‌കാരിക വ്യവസ്ഥിതിയാണ് തുടക്കകാലം മുതല്‍ക്കേ, ഇത്തരം ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗത്തിലും അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പുരോഗതിയിലും പ്രബലമായി നിലയുറപ്പിച്ചത്. അതിനാല്‍ തന്നെ ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം, പ്രകൃതിയില്‍ ഉണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുവാനോ കാലോചിതമായ മുന്‍കരുതലുകള്‍ കൈക്കൊള്ളുവാനോ തുടക്കത്തിലേ നമുക്ക് സാധിച്ചിട്ടില്ല. സമസ്ത ജീവജാലങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍, പ്രകൃതിയില്‍ ചില പ്രതിഫലനങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ മാത്രമാണ് ആ വിഷയത്തെക്കുറിച്ച് ചിന്തിക്കുവാനും ചര്‍ച്ച ചെയ്യുവാനും മാനവരാശി തയ്യാറായത്.
ആഗോള താപനം (Global Warming) എന്ന വാക്ക് ഇന്ന് ഏവര്‍ക്കും സുപരിചിതമാണ്. ഭൂമിയുടെ അന്തരീക്ഷ ഊഷ്മാവ് ദിനംപ്രതി കൂടിക്കൂടി വരുന്ന ഈ പ്രതിഭാസം, ദൂരവ്യാപകമായ നിരവധി പ്രത്യാഘാതങ്ങളിലേക്ക് നയിക്കുവാന്‍ പോന്നതാണ്. വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനും (WMO) യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമും (UNEP) സംയുക്തമായി 1988 ല്‍ രൂപീകരിച്ച ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC), 2021 ല്‍ പുറത്തിറക്കിയ ആറാമത്തെ പഠന റിപ്പോര്‍ട്ട് പ്രകാരം 1850 നും 2019 നും ഇടയ്ക്കുള്ള കാലഘട്ടത്തിനിടയില്‍ ഭൂമിയുടെ ശരാശരി ഉപരിതല ഊഷ്മാവില്‍ 1.07 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ശരാശരി ഊഷ്മാവിലെ വര്‍ദ്ധനവ് 2 ഡിഗ്രി സെല്‍ഷ്യസ് കടന്നാല്‍ വളരെ വലിയ പ്രത്യാഘാതങ്ങളാകും നേരിടേണ്ടി വരിക. പല ജീവജാലങ്ങളുടേയും വംശനാശത്തിന് ഇത് കാരണമാകും. കാര്‍ഷിക മേഖലയെ സാരമായി ബാധിക്കും. സാംക്രമിക രോഗങ്ങള്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകും. സമുദ്രനിരപ്പ് ഉയരുന്നതിലൂടെ തീരപ്രദേശങ്ങളിലേയും ദ്വീപുകളിലേയും ആവാസ വ്യവസ്ഥിതിയെ മോശമായി ബാധിക്കും. പല ദ്വീപുകളും കടലിനടിയിലാകുന്ന അവസ്ഥ സംജാതമാകും. IPCC യുടെ ആറാം പഠന റിപ്പോര്‍ട്ട് അനുസരിച്ച് 1901 നും 2018 നുമിടയില്‍ ആഗോള സമുദ്രനിരപ്പിലുണ്ടായ ശരാശരി ഉയര്‍ച്ച 20 സെ.മീ. ആണ്. ആഗോളതാപനം ചെറുക്കുവാനുള്ള സക്രിയമായ ഇടപെടല്‍ നടത്താത്ത പക്ഷം, 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഒരു മീറ്ററിനപ്പുറത്തേക്ക് ഉയര്‍ന്നാല്‍ പോലും അത്ഭുതമില്ല.
ആഗോള താപനത്തിന് നിദാനമായ ശാസ്ത്ര പ്രതിഭാസമാണ് ഹരിതഗൃഹ പ്രഭാവം (Green house effect) ഭൂമിയിലെത്തുന്ന ഊര്‍ജ്ജത്തിന്റെ ഉറവിടം സൂര്യനാണ്. ഭൂമിയിലേയ്‌ക്കെത്തുന്ന സൗരോര്‍ജ്ജത്തിന്റെ നല്ലൊരു പങ്കും പ്രതിഫലിക്കപ്പെട്ട് പുറത്തേക്ക് പോകുന്നുണ്ട്. അതു കൂടാതെ ഭൂമിയുടെ ഉപരിതലവും മറ്റു വസ്തുക്കളും സൗരോര്‍ജ്ജത്തിന്റെ ഒരു ഭാഗത്തെ ആഗിരണം ചെയ്യുകയും അതിലൂടെ ചൂടു പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. തല്‍ഫലമായി ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ പുറത്തേക്ക് വരുന്നു. ഇത്തരത്തില്‍ ബഹിര്‍ഗമിക്കപ്പെടുന്ന ഇന്‍ഫ്രാറെഡ് തരംഗങ്ങളെ അന്തരീക്ഷത്തിന് പുറത്തേക്ക് കടക്കാന്‍ അനുവദിക്കാതെ ചില വാതകങ്ങള്‍ പുനരാഗിരണം ചെയ്യുകയും തല്‍ഫലമായി അന്തരീക്ഷ ഊഷ്മാവ് ഉയരുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് ഹരിതഗൃഹ പ്രഭാവം അഥവാ ”ഗ്രീന്‍ ഹൗസ് ഇഫക്ട്.” ഈ പ്രതിഭാസമാണ് ആഗോള താപനത്തിലേക്ക് നയിക്കുന്നത്. പ്രധാനമായും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേയ്ന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍, ജലബാഷ്പം എന്നിവയാണ് ഇത്തരത്തില്‍ ഇന്‍ഫ്രാറെഡ് തരംഗങ്ങളെ ആഗിരണം ചെയ്യുന്നത്. ഇവ പൊതുവില്‍ ഹരിതഗൃഹ വാതകങ്ങള്‍ (Green House Gases) എന്ന പേരില്‍ അറിയപ്പെടുന്നു. ജലബാഷ്പത്തെ മാറ്റി നിറുത്തിയാല്‍ മറ്റ് ഹരിത ഗൃഹ വാതകങ്ങള്‍, അന്തരീക്ഷത്തിലെത്തുന്നതിന് പിന്നിലെ പ്രധാന കാരണം മനുഷ്യന്റെ പ്രവൃത്തികളാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതും വനങ്ങള്‍ വെട്ടിത്തെളിക്കുന്നതും അശാസ്ത്രീയമായ കൃഷി രീതികളും വ്യാവസായിക മാലിന്യങ്ങള്‍ പുറന്തള്ളുന്നതുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്.
പലപ്പോഴും നമ്മള്‍ തെറ്റിദ്ധരിക്കുന്നതുപോലെ ഹരിതഗൃഹ പ്രഭാവമെന്ന പ്രതിഭാസം ഒരു വില്ലനൊന്നുമല്ല. ഭൂമിയില്‍ ഇന്ന് കാണുന്നതു പോലെ ജീവന്‍ സാധ്യമാക്കിയതിനു പിന്നില്‍ ഈ പ്രതിഭാസത്തിന് വ്യക്തമായ പങ്കുണ്ട്. ഭൂമിയ്ക്കു ചുറ്റും ഒരു പുതപ്പെന്ന പോലെ ഈ അന്തരീക്ഷവും അതിനെ ചൂടു പിടിപ്പിക്കുന്ന ഹരിതഗൃഹ പ്രഭാവവും ഇല്ലായിരുന്നുവെങ്കില്‍ ഈ ഗ്രഹത്തിന്റെ ശരാശരി താപനില മൈനസ് 15 ഡിഗ്രി ആയിരുന്നേനേ. ജീവന്റെ നിലനില്‍പ്പ് പോലും അസാധ്യമായിരുന്ന ആ സാഹചര്യത്തില്‍ നിന്നും ഭൂമിയുടെ ശരാശരി താപനില 14 ഡിഗ്രി സെല്‍ഷ്യസ് എത്തിയതിന് കാരണം ഹരിതഗൃഹ പ്രഭാവമാണ്. എന്നാല്‍ മനുഷ്യ നിര്‍മ്മിതമായ ചില പ്രവൃത്തികളുടെ അനന്തരഫലമായി, അന്തരീക്ഷത്തിന്റെ സ്വാഭാവികമായ സംതുലിതാവസ്ഥയ്ക്ക് മാറ്റം വന്നതോടു കൂടിയാണ് ഈ പ്രതിഭാസം ഒരു വില്ലനായി മാറിത്തുടങ്ങിയത്. ഇതില്‍ ഏറ്റവും പ്രധാനം കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ട കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്ന വാതകത്തിന്റെ അളവില്‍ ഉണ്ടായ വര്‍ദ്ധനവാണ്. ഇന്‍ഫ്രാറെഡ് തരംഗങ്ങളെ ആഗിരണം ചെയ്യുവാനുള്ള കഴിവിനെ സൂചിപ്പിക്കുന്ന ‘ഗ്ലോബല്‍ വാമിംഗ് പൊട്ടന്‍ഷ്യല്‍’ പ്രകാരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെക്കാള്‍ 23 മടങ്ങ് അപകടകാരിയാണ് മീഥേയ്ന്‍ വാതകവും 296 മടങ്ങ് അപകടകാരിയാണ് നൈട്രസ് ഓക്‌സൈഡും. എന്നിരുന്നാലും അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതല്‍ പുറന്തള്ളപ്പെടുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ്. 2017 ലെ കണക്ക് നോക്കിയാല്‍ 6% നൈട്രസ് ഓക്‌സൈഡും 10% മീഥേയ്ന്‍ വാതകവും പുറന്തള്ളപ്പെട്ടപ്പോള്‍, 82% കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടത്. അതിന് പിന്നിലെ പ്രധാന ചാലകശക്തി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതാണ്. വ്യാവസായിക വിപ്ലവത്തിന് മുന്‍പുള്ള കാലഘട്ടത്തില്‍, അതായത് 1850 കാലഘട്ടത്തില്‍, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 280 പാര്‍ട്ട്‌സ് പെര്‍ മില്യന്‍ (ppm)) ആയിരുന്നുവെങ്കില്‍ 2018 ല്‍ അതിന്റെ അളവ് 400 പാര്‍ട്ട്‌സ് പെര്‍ മില്യന്‍ ആയി ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏതാണ്ട് 40%ന്റെ വര്‍ദ്ധനവ്. ഈ സ്ഥിതി തുടര്‍ന്നു പോയാല്‍ 2100 ആകുമ്പോഴേക്കും ഇത് 900 പാര്‍ട്ട്‌സ് പെര്‍ മില്യന്‍ ആയി മാറുവാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ഹരിതഗൃഹ വാതകങ്ങള്‍ ക്രമാതീതമായി അന്തരീക്ഷത്തിലേക്ക് പുറന്തളളപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 1990 കളില്‍ ലോകമെമ്പാടും ആരംഭിച്ചു തുടങ്ങിയതിന്റെ ഫലമായിട്ടാണ് യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (UNFCCC) ന്റെ ആഭിമുഖ്യത്തില്‍, 1997 ഡിസംബര്‍ 11 ന് ജപ്പാനിലെ ക്യോട്ടോയില്‍ വച്ച്, ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒരു ഉടമ്പടി രൂപപ്പെട്ടത്. ‘ക്യോട്ടോ പ്രോട്ടോക്കോള്‍’ എന്നറിയപ്പെടുന്ന ഈ ഉടമ്പടി, 2005 ഫെബ്രുവരി 16 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 192 രാജ്യങ്ങള്‍ ഒപ്പുവച്ച ഈ ഉടമ്പടിയുടെ പ്രധാന ലക്ഷ്യം, ആഗോള താപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് കുറയ്ക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്നതായിരുന്നു. 1990 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍, ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ 5% ന്റെ കുറവ്, 2008 – 12 കാലഘട്ടത്തില്‍ നേടിയെടുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. 2012 ഡിസംബര്‍ 8 ന് ഖത്തറിലെ ദോഹയില്‍ വച്ച് ക്യോട്ടോ പ്രോട്ടോക്കോളില്‍ ചില ഭേദഗതികള്‍ മുന്നോട്ടു വയ്ക്കപ്പെട്ടു. ‘ദോഹ ഭേദഗതി’യിലൂടെ 2013-20 വരെയുള്ള 8 വര്‍ഷത്തിനുള്ളില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍, 1990 ലെ അവസ്ഥയില്‍ നിന്നും 18% ന്റെ കുറവ് വരുത്തണമെന്നതായിരുന്നു പ്രധാന ലക്ഷ്യം. 2015 ഡിസംബര്‍ 12 ന് മുന്നോട്ടു വയ്ക്കപ്പെടുകയും 2016 നവംബര്‍ 4 ന് പ്രാബല്യത്തില്‍ വരികയും ചെയ്ത ‘പാരീസ് ഉടമ്പടി’യുടെ ലക്ഷ്യവും ആഗോള താപനത്തെ തടയുക എന്നതായിരുന്നു. ആഗോള താപനം മൂലം അന്തരീക്ഷത്തിന്റെ ശരാശരി താപനിലയിലെ വര്‍ദ്ധനവ്, വ്യാവസായിക വിപ്ലവത്തിന് മുന്‍പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ നിലനിര്‍ത്തുവാന്‍ വേണ്ട നടപടികള്‍ ഓരോ രാജ്യങ്ങളും കൈക്കൊള്ളുക എന്നതായിരുന്നു ഈ ഉടമ്പടിയുടെ കാതല്‍. അതിനായി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ 2030 ഓടെ 43% ന്റെ കുറവ് വരുത്തുക എന്ന ലക്ഷ്യം മുന്നോട്ടു വയ്ക്കപ്പെട്ടു.
ഇത്തരത്തില്‍ ആഗോള താപനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ്, അന്തരീക്ഷത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനു പിന്നിലെ പ്രധാന വില്ലന്‍, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണെന്ന തിരിച്ചറിവാണ് ഫോസിലേതര ഇന്ധനങ്ങളെകുറിച്ച്, ‘ഗ്രീന്‍ എനര്‍ജി’ നല്‍കുന്നവയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിച്ചത്. ആഗോളതലത്തില്‍ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളില്‍ 75%വും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഏതാണ്ട് 90% ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്നവയാണ്. ഇന്നും ലോകത്തെ ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ 80% വും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചാണ്. മാത്രമല്ല ലോക ജനസംഖ്യയുടെ 80% ജനതയെ, അതായത് 600 കോടി ജനതയെ, ഉള്‍ക്കൊള്ളുന്ന രാജ്യങ്ങള്‍, ഫോസില്‍ ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവരാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് 2030 ഓടെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പകുതിയാക്കി കുറയ്ക്കുകയും 2050 ഓടെ പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെ നാം മുന്നോട്ടു പോകുന്നത്.
ഫോസില്‍ ഇന്ധനങ്ങളുടെ സ്ഥാനത്ത് പുനര്‍നിര്‍മ്മിക്കുവാനാകുന്ന ഊര്‍ജ്ജ സ്രോതസ്സുകളെ (Renewable energy) കണ്ടെത്തി, അവയെ കാര്യക്ഷമമായി ഉപയോഗിക്കുക എന്ന കാര്യപദ്ധതിയാണ് ലോകരാഷ്ട്രങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അക്കാര്യം അത്ര ലളിതമല്ലെങ്കിലും, അതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നത് ശുഭസൂചകമാണ്. സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും തിരമാലകളില്‍ നിന്നുള്ള ഊര്‍ജ്ജവും ആണവോര്‍ജ്ജവുമൊക്കെ തുടങ്ങി കാര്‍ബണ്‍ ഫുട്ട്പ്രിന്റുകള്‍ താരതമ്യേന കുറഞ്ഞവ, ഇത്തരത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പകരക്കാരായി മാറി തുടങ്ങിയിരിക്കുന്നു.
ഇന്ന് ലോകത്തെ ആകെ വൈദ്യുതിയുടെ 29% ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഇത്തരത്തില്‍ പുനര്‍നിര്‍മ്മിക്കുവാനാകുന്ന ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിച്ചാണ്. ഇന്റര്‍നാഷണല്‍ റിനീവബിള്‍ എനര്‍ജി ഏജന്‍സിയുടെ (IRENA) റിപ്പോര്‍ട്ട് പ്രകാരം 2050 ഓടെ ലോകത്തെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 90%, പുനര്‍ നിര്‍മ്മിക്കാനാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും സാധ്യമാക്കാന്‍ കഴിയും. താരതമ്യേന കുറഞ്ഞ ചിലവില്‍ വൈദ്യുതി ലഭ്യമാക്കുവാനും സാധിക്കും. 2010 നും 2020 നും ഇടയില്‍ സൗരോര്‍ജ്ജം വഴി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ചെലവില്‍ ഉണ്ടായത് 85% ന്റെ കുറവാണ്. മാത്രമല്ല, പുനര്‍നിര്‍മ്മിക്കാനാവുന്ന ഊര്‍ജ്ജ മേഖലയില്‍ ചെലവഴിക്കുന്ന ഓരോ രൂപയും, ഫോസില്‍ ഇന്ധന മേഖലയെ അപേക്ഷിച്ച് 3 മടങ്ങ് ജോലി സാധ്യതയുള്ളതാണ്. 2030 ഓടെ ഫോസില്‍ ഇന്ധന മേഖലയില്‍ ആഗോള തലത്തില്‍ 50 ലക്ഷം ജോലി സാധ്യതകള്‍ ഇല്ലാതാക്കപ്പെടുമ്പോള്‍, പുനര്‍നിര്‍മ്മിക്കാനാവുന്ന ഊര്‍ജ്ജ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് 1.4 കോടി തൊഴില്‍ അവസരങ്ങളാണ്. മാത്രമല്ല അനുബന്ധ മേഖലയില്‍ 1.6 കോടി തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ 2030 ഓടെ 3 കോടി ജോലി സാധ്യതകളാണ് മുന്നോട്ടു വയ്ക്കപ്പെടുക.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി വളരെ ക്രിയാത്മകമായ നടപടികളുമായിട്ടാണ് ഇന്ന് ഭാരതവും മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ അതിനെ മുന്നില്‍ നിന്നു നയിക്കുകയാണ്. 2030 ഓടു കൂടി ഭാരതത്തിന്റെ ഊര്‍ജ്ജ ലഭ്യതയുടെ 50%, ഫോസിലേതര ഇന്ധനങ്ങളില്‍ നിന്നും സാധ്യമാക്കുമെന്നും 2070 ഓടു കൂടി ഫോസില്‍ ഇന്ധനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും UNFCCC യുടെ ആഭിമുഖ്യത്തില്‍ 2021 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ ഗ്ലാസ്‌ഗോവില്‍ വച്ച് നടന്ന COP 26 ല്‍ (26 th Session of the Conference of the parties) പ്രഖ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല 2021 നും 2030 നും ഇടയ്ക്കുള്ള പത്ത് വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ ഒരു കോടി ടണ്‍ കുറയ്ക്കുവാനും 2030 ഓടെ കാര്‍ബണ്‍ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ 45% നും താഴെയെത്തിക്കുമെന്നും അദ്ദേഹം അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അത്തരം പ്രഖ്യാപനങ്ങള്‍ക്ക് ഉപോല്‍ബലകമാകുന്ന തരത്തിലുള്ള പ്രകടമായ മാറ്റങ്ങള്‍ ഇന്ന് നമ്മുടെ മുന്നില്‍ ഉണ്ട്. ‘നിശബ്ദമായി കടന്നു വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍, രാജ്യത്ത് നിശബ്ദ വിപ്ലവം നടത്തുകയാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒട്ടും അതിശയോക്തി ഇല്ല. ഭാരതത്തിന്റെ ഇലക്ട്രിക് വാഹന വിപണി അക്ഷരാര്‍ത്ഥത്തില്‍ കുതിക്കുകയാണ്.
2020 സാമ്പത്തിക വര്‍ഷത്തില്‍ 19,100 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത്, 2022 സാമ്പത്തിക വര്‍ഷ അവസാനത്തില്‍ (ഡിസം.9 വരെ) വിറ്റഴിക്കപ്പെട്ടത് 4,42,901 ഇലക്ട്രിക് വാഹനങ്ങളാണ്. 3 വര്‍ഷത്തിനുള്ളില്‍ 2,218 % ന്റെ വര്‍ദ്ധനവ്. 2021 ല്‍ ഇലക്ട്രിക്കല്‍ വാഹന വിപണിയില്‍ നേടിയ നിക്ഷേപം 6 ബില്യണ്‍ ഡോളറിന്റേതാണ്. CEEW സെന്റര്‍ ഫോര്‍ എനര്‍ജി ഫിനാന്‍സിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഇതേ രീതിയില്‍ മുന്നേറുവാന്‍ സാധിച്ചാല്‍ 2030 ഓടെ 206 ബില്യണ്‍ ഡോളറിന്റെ വിപണിയായി ഭാരതത്തിന്റെ ഇലക്ട്രിക് വാഹന വിപണിയ്ക്ക് മാറുവാനുള്ള സാധ്യതകള്‍ ഉണ്ട്. IVCA- EY-Induslaw റിപ്പോര്‍ട്ട് പ്രകാരം 2030 ഓടെ ഈ മേഖലയില്‍ ഉണ്ടാകുവാന്‍ പോകുന്നത് 1 കോടി പ്രത്യക്ഷ തൊഴിലവസരങ്ങളും 5 കോടി പരോക്ഷ തൊഴിലവസരങ്ങളും ആണ്.
ഗ്ലാസ്‌ഗോയില്‍ നടന്ന COP26 ഉച്ചകോടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട e-AMRIT പോര്‍ട്ടല്‍, ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോം ആണ്. ചാര്‍ജിംഗ് സ്റ്റേഷനുകളെക്കുറിച്ചും സബ്‌സിഡികളെ കുറിച്ചും ഫൈനാന്‍സിംഗ് സംവിധാനത്തെ കുറിച്ചും ഗവണ്‍മെന്റ് നയങ്ങളെ കുറിച്ചുമൊക്കെ വ്യക്തമായ വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. മാത്രമല്ല ഫോസില്‍ ഇന്ധന വാഹനങ്ങളില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ത്വരിതഗതിയിലാക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട FAME II (Faster Adoption and Manufacturing of Hybrid and Electric Vehicles in India) സ്‌കീമിന്റെ ഭാഗമായി 2022 ജൂലൈ 12 വരെയുള്ള കണക്കനുസരിച്ച് 7,45,713 ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 3200 കോടി രൂപയുടെ സബ്‌സിഡി നല്‍കിയിട്ടുണ്ടെന്ന് ലോക്‌സഭയെ അറിയിച്ച കേന്ദ്ര മന്ത്രി കൃഷ്ണന്‍ പാല്‍ ഗുര്‍ജ്ജാറിന്റെ പ്രസ്താവന, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. കൂടാതെ 25 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 68 നഗരങ്ങളിലേക്കായി 6315 ഇലക്ട്രിക് ബസുകളും 2877 EV ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും FAME II ന്റെ ഭാഗമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. 9 ഏക്‌സ്പ്രസ്സ് ഹൈവേകളിലും 16 ഹൈവേകളിലുമായി 1576 ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും അനുവദിച്ചിട്ടുണ്ട്. അംഗീകൃതവും രജിസ്റ്റര്‍ ചെയ്തതുമായ കമ്പനികളുടെ 106 ഇലക്ട്രിക് വാഹന മോഡലുകള്‍ക്ക് ഇതിനകം അനുമതി നല്‍കി കഴിഞ്ഞു. മാത്രമല്ല FAME II സ്‌കീം രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി 2024 മാര്‍ച്ച് 31 വരെ ആക്കിയിട്ടുമുണ്ട്. ഈ രണ്ടാം ഘട്ടത്തില്‍, 7090 ഇ-ബസുകള്‍, 5 ലക്ഷം ഇ-മൂന്നു ചക്ര വാഹനങ്ങള്‍, 55000 ഇ-നാലു ചക്ര വാഹനങ്ങള്‍, 10 ലക്ഷം ഇ- ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കിക്കൊണ്ട് നിരത്തിലെത്തിക്കുവാനാണ് FAME II ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങളെProduction Linked Incentive (PLI) സ്‌കീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 5 വര്‍ഷത്തേക്ക് ബഡ്ജറ്റില്‍ 25,938 കോടി രൂപ വകയിരുത്തിയതും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള GST12% ല്‍ നിന്നും 5% ആക്കി കുറയ്ക്കുവാനും ചാര്‍ജറുകളുടേയും ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടേയും GST 18% ല്‍ നിന്നും 5% ആക്കി കുറയ്ക്കുവാനുമുള്ള 36-ാം GSTകൗണ്‍സിലിന്റെ തീരുമാനവുമൊക്കെ ഈ മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുന്നവയാണ്.
ഇലക്ട്രിക് വാഹന വിപണിയിലും ബാറ്ററിയുടെ മേഖലയിലുമൊക്കെ ആരോഗ്യപരമായ മത്സരങ്ങള്‍ നടക്കുന്നത്, ഫോസിലേതര ആട്ടോമൊബൈല്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പേരുകേട്ട പല ആട്ടോമൊബൈല്‍ കമ്പനികളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു മാറ്റുവാന്‍ തയ്യാറായി മുന്നോട്ടു വരുന്നുവെന്നതും ആശാവഹമാണ്. പ്രമുഖ ബാറ്ററി നിര്‍മ്മാതാക്കളായ ‘അമരാ രാജാ ബാറ്ററീസ്’, ലിഥിയം അയോണ്‍ ബാറ്ററി ഉള്‍പ്പെടുന്ന ‘ഗ്രീന്‍ എനര്‍ജി’ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപത്തിന് തയ്യാറാകുന്നു. ടാറ്റാ മോട്ടോര്‍സും മഹീന്ദ്രയും ഹീറോയുമൊക്കെ അവരുടെ ഇലക്ട്രിക്കല്‍ വാഹനങ്ങളുമായി മുന്നോട്ടു വരുന്നു. ഈ മേഖലയില്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്നു. കൂടുതല്‍ ശേഷിയുള്ള അനുബന്ധ ഘടകങ്ങള്‍ അതിലൂടെ നിര്‍മ്മിക്കപ്പെടുന്നു. 54 MWh ഊര്‍ജ്ജ സംഭരണശേഷിയുള്ള ബാറ്ററി വികസിപ്പിച്ചെടുത്ത ബാംഗ്ലൂര്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പായ ‘പ്രവേഗ്’ നെ യൂറോപ്യന്‍ കമ്പനിയായ ‘ഐറിന്‍ ഗ്രൂപ്പ്’ ഏപ്രില്‍ 2022 ല്‍ അവരുടെ ഭാഗമാക്കിയത് ഇതിന് ഉദാഹരണമാണ്. ഒലാ, ഏഥര്‍, മഹീന്ദ്ര, ഹീറോ, ടെസ്ല, ആമ്പിയര്‍ തുടങ്ങി നിരവധി നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് ഇരുചക്ര വിപണിയിലേക്ക് കടന്നുവന്നു കഴിഞ്ഞു. ഇതിനോടനുബന്ധമായി വലിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളുമാണ് ഉയര്‍ന്നു വരുന്നത്. 8.65 കോടി ഡോളറിന്റെ നിക്ഷേപമുള്ള തങ്ങളുടെ കമ്പനി, 2021 ഫെബ്രുവരിയിലാണ് ബാംഗ്ലൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ഏഥര്‍ മാറ്റി സ്ഥാപിച്ചത്. വര്‍ഷം 1.1 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ശേഷി ഈ യൂണിറ്റിന് ഉണ്ട്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ പൊച്ചംപള്ളിയ്ക്ക് സമീപത്തായി 500 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ഒലായുടെ നിര്‍മ്മാണ യൂണിറ്റ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂണിറ്റുകളില്‍ ഒന്നാണ്. വര്‍ഷം 1 കോടി ഇലക്ട്രിക്കല്‍ സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുവാനുള്ള ശേഷി ഈ യൂണിറ്റിനുണ്ട്. ഇത്തരത്തില്‍ ദീര്‍ഘ ദൃഷ്ടിയോടു കൂടിയുള്ള ക്രിയാത്മകമായ മാറ്റങ്ങള്‍ ഈ മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഫെഡറല്‍ സംവിധാനം നിലവിലുള്ള നമ്മുടെ രാജ്യത്തെ, കേന്ദ്രസര്‍ക്കാരിനെ പോലെ തന്നെ സംസ്ഥാന സര്‍ക്കാരുകളുടേയും ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഈ മേഖലയില്‍ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കൂ. അതിനായി ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ പല സംസ്ഥാനങ്ങളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. കര്‍ണ്ണാടകയും തമിഴ്‌നാടും ആന്ധ്രാപ്രദേശും തെലങ്കാനയും ഉത്തര്‍പ്രദേശുമൊക്കെ ഈ മേഖലയില്‍ ഏറെ മുന്നോട്ടു പോയ സംസ്ഥാനങ്ങളാണ്. ഇതില്‍ ഇലക്ട്രിക് വാഹന മേഖലയുമായി ബന്ധപ്പെട്ട കൃത്യമായ നയം 2017 ല്‍ രൂപീകരിച്ച് ആദ്യമായി പുറത്തിറക്കിയ സംസ്ഥാനം കര്‍ണ്ണാടകമാണ്. 2019 ല്‍ കേരളവും Electric Vehicle Policy 2019 മുന്നോട്ടു വച്ചിട്ടുണ്ട്. അതുപ്രകാരം 2022 ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങളും 2025 ഓടെ 6000 ഇ-ബസുകളും നിരത്തിലിറക്കണമെന്നതാണ് മുന്നോട്ടു വയ്ക്കപ്പെട്ട ലക്ഷ്യം. കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ നികുതി ഇനങ്ങളില്‍ ഇളവും ഈ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആസാം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ 2021 ലാണ് ഇതുമായി ബന്ധപ്പെട്ട നയം രൂപീകരിക്കുന്നത്. 2022 ലാണ് ഹരിയാന, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇലക്ട്രിക് വാഹന സംബന്ധമായ ഒരു നയം മുന്നോട്ടു വച്ചത്. ഹരിയാന സര്‍ക്കാര്‍, 2022 നെ ‘ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ഷം’ ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ മെല്ലെ മെല്ലെ സംസ്ഥാനങ്ങളും ഈ മേഖലയുടെ പ്രസക്തി മനസ്സിലാക്കി, അതിന് പ്രചോദകമാകുന്ന നിലപാടുകളുമായി മുന്നോട്ടു വരുന്നു. ഇത് അത്യന്തം ശുഭദായകമാണ്.
വളരെ വേഗം വളരുമ്പോഴും ഈ മേഖലയിലെ ചില വെല്ലുവിളികള്‍ കാണാതെ പോകാനാകില്ല. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തത, ഉയര്‍ന്ന വില, കുറഞ്ഞ മൈലേജ്, ഇറക്കുമതിയെ ആശ്രയിക്കല്‍ തുടങ്ങി മാറ്റങ്ങള്‍ അനിവാര്യമായ നിരവധി വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ട്. ‘ബ്രൂക്ക് ഇന്‍ഡ്യ’യുടെ കണക്കനുസരിച്ച് 2030 ഓടെ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ ഒരു തരംഗമായി മാറിയാല്‍, വൈദ്യുതിയുടെ ആവശ്യകതയില്‍ വരുന്ന വര്‍ദ്ധനവ് 100 TWh(ടെറാ വാട്ട് അവര്‍) ആയിരിക്കും. അതായത് നമ്മുടെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 4%. ഇത്തരത്തിലുള്ള വെല്ലുവിളികളെ കൂടി അതിജീവിക്കുവാന്‍ നമുക്ക് സാധിക്കണം.
2019 ല്‍ ഏപ്രിലില്‍ നീതി ആയോഗ് പ്രസിദ്ധീകരിച്ച “India’s Electric Mobility Transformation” എന്ന റിപ്പോര്‍ട്ട് പ്രകാരം 2030 ഓടു കൂടി ഭാരതത്തിലെ 70% ടാക്‌സി കാറുകള്‍, 30% സ്വകാര്യ കാറുകള്‍, 40% ബസുകള്‍, 80% ഇരുചക്ര/മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഇലക്ട്രിക്കല്‍ വാഹനങ്ങളായി മാറ്റണം. അത് സാധ്യമായാല്‍ 84.6 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. മാത്രമല്ല അതിലൂടെ 207.33 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 47.4 കോടി ടണ്‍ എണ്ണയുടെ ഉപയോഗം നമുക്ക് വേണ്ടെന്നു വയ്ക്കുവാനും സാധിക്കും. ഇത്തരത്തില്‍ ആഗോള താപനത്തെ ചെറുക്കുവാനുള്ള നമ്മുടെ പരിശ്രമങ്ങളും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുവാനുള്ള ഇടപെടലുകളുമൊക്കെ കൂടുതല്‍ പ്രകൃതിയോട് ഇണങ്ങുന്ന പുതിയ സാങ്കേതിക സംവിധാനങ്ങള്‍ എത്ര വേഗം സാര്‍വ്വത്രികമാകുമെന്നതിനെ ആശ്രയിച്ചിരിക്കും. അതിനാല്‍ ബോധപൂര്‍വ്വം ആ മാറ്റങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് അനുഭാവത്തോടെ അതിനോട് സമരസപ്പെടുവാന്‍ നമുക്ക് സാധിക്കണം. കാരണം ഇത് മറ്റൊരു സംവിധാനത്തിലേക്ക് മാറുവാനുള്ള വ്യഗ്രത മാത്രമല്ല, മറിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ആ ബോധ്യത്തോടെ, ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങുവാന്‍ നാം ഓരോരുത്തരും തയ്യാറാകണം. നമ്മുടെ പ്രധാനമന്ത്രി സൂചിപ്പിച്ചതു പോലെ നാം ഒരു നിശബ്ദ വിപ്ലവത്തിലൂടെ കടന്നു പോകുകയാണ്. നാമോരുരുത്തരും അതിന് മൂകസാക്ഷികളാണ്. അതിനുമപ്പുറം അതിന്റെ പ്രചാരകരായി മാറുവാനും നാം തയ്യാറാകണം. കാരണം ഈ ഭൂമി, ജീവിക്കാന്‍ അനുയോജ്യമായ രീതിയില്‍ അടുത്ത തലമുറയ്ക്ക് കൈമാറുവാനുള്ള ബാധ്യത നമുക്കുണ്ട്. സ്വാര്‍ത്ഥ മനോഭാവത്തോടെ എന്തിനേയും ചൂഷണം ചെയ്തു ജീവിക്കുന്ന സംസ്‌കാരത്തിനുമപ്പുറം, ലോകത്തെ ഒരു കുടുംബമായി കാണുന്ന, ‘വസുധൈവ കുടുംബകം’ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതീയര്‍ക്ക് ഈ ഉദ്യമത്തില്‍ ലോകത്തെ മുന്നില്‍ നിന്ന് നയിക്കുവാന്‍ സാധിക്കും. അതിനുള്ളതാകട്ടെ നമ്മുടെ പരിശ്രമങ്ങള്‍.
(ആലപ്പുഴ സനാതന ധര്‍മ്മ കോളേജ് പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിസ്ട്രി & റിസര്‍ച്ച് സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസറും എബിവിപി ദേശീയ നിര്‍വാഹകസമിതി അംഗവുമാണ് ലേഖകന്‍)