ഭാരതത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിന് തുരങ്കം വെയ്ക്കാനുള്ള ആസൂത്രിത ഗൂഢാലോചനകള്‍ ആരംഭിച്ചത് ബ്രിട്ടീഷ് ഭരണകാലത്താണ്. ‘വിഭജിച്ചു ഭരിക്കുക’ എന്ന ഭരണതന്ത്രം തന്നെ അവര്‍ ഇതിനുവേണ്ടി ആവിഷ്‌കരിച്ചു നടപ്പിലാക്കി. അത് പിന്നീട് രാജ്യത്ത് മതകലാപങ്ങള്‍ക്കും മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കും ആക്കം കൂട്ടി. സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളും മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞുകൊണ്ട് താല്‍ക്കാലികമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മതവിഭജനങ്ങള്‍ക്ക് വഴിമരുന്നിട്ടു. ഇതിന് കുട പിടിക്കുന്ന തരത്തില്‍ രാജ്യത്ത് മതകലഹങ്ങള്‍ ആളിക്കത്തിക്കാനുള്ള ആശയപരിസരമൊരുക്കിയത് കമ്മ്യൂണിസ്റ്റുകളാണ്.
രാജ്യത്ത് മതസൗഹാര്‍ദ്ദവും സാഹോദര്യവും വളരുന്നതിനെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തികഞ്ഞ അസ്വസ്ഥതയോടെയും അസഹിഷ്ണുതയോടെയുമാണ് നോക്കിക്കാണുന്നത്. മതസൗഹാര്‍ദ്ദത്തിന്റെ മഹിതസന്ദേശങ്ങള്‍ക്കു നേരെ അവര്‍ ‘മതേതരഭീഷണി’കളുമായി രംഗത്ത് വരികയാണ്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ദല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചതിനെതിരെ അവര്‍ വ്യാപകമായ എതിര്‍പ്പും പ്രതിഷേധവുമാണ് പ്രകടിപ്പിച്ചത്. ഇതിനെതിരെ ദുഷ്ടലാക്കോടെയുള്ള പ്രതികരണങ്ങള്‍ ഉണ്ടായത് കേരളത്തിലാണ്.
രാജ്യത്തിന്റെ പ്രധാനമന്ത്രി വ്യത്യസ്ത മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നത് ആദ്യമായല്ല. 2020 ഡിസംബറില്‍ ദല്‍ഹിയിലെ രാകബ് ഗഞ്ച് ഗുരുദ്വാരയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും സിഖ് ഗുരു തേഗ് ബഹാദുറിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സിഖ് സമുദായത്തിലെ പണ്ഡിതന്മാരുമായും പ്രധാനമന്ത്രി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 2017 ല്‍ ദല്‍ഹിയില്‍ ജാമിയത്തുലമ ഇ ഹിന്ദിന്റെ ആഭിമുഖ്യത്തില്‍ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. 2019 ല്‍ ഹൂസ്റ്റണില്‍ വെച്ച് ദാവൂദി ബോറ മുസ്‌ലിം സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗംഗാ ആരതി നടത്തിയപ്പോഴും കേദാര്‍നാഥ് ഗുഹയില്‍ ധ്യാനനിമഗ്‌നനായി ഇരുന്നപ്പോഴും അദ്ദേഹം ഹിന്ദുത്വ പ്രീണനം നടത്തുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് ശിലപാകിയ പ്രധാനമന്ത്രി തന്നെയാണ് ഇപ്പോള്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്.
ക്രൈസ്തവ സമൂഹം ദേശീയ പ്രസ്ഥാനങ്ങളുമായി അടുക്കുന്നതിനെ തടയാന്‍ വ്യാപകമായ കുപ്രചാരണങ്ങളാണ് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ നടത്തുന്നത്. ആര്‍എസ്എസ്- ക്രിസ്ത്യന്‍ ഐക്യം അസാധ്യമാണെന്നാണ് അവരുടെ അവകാശവാദം. ആര്‍എസ്എസ്സിന്റെ രണ്ടാം സര്‍സംഘചാലകനായ ശ്രീഗുരുജി ഗോള്‍വല്‍ക്കറുടെ ‘വിചാരധാര’യില്‍ ക്രിസ്ത്യാനികളെ ആഭ്യന്തരഭീഷണികളിലൊന്നായി ചിത്രീകരിച്ചിട്ടുണ്ടെന്നതാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന പ്രധാനപ്പെട്ട വിമര്‍ശനം. അതിനുവേണ്ടി ആഭ്യന്തരഭീഷണികള്‍ എന്ന തലക്കെട്ടിനെ അവര്‍ ‘ആഭ്യന്തരശത്രുക്കള്‍’ എന്ന് ദുര്‍വ്യാഖ്യാനിക്കുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പ് വ്യത്യസ്ത വേളകളില്‍ ശ്രീഗുരുജി നടത്തിയ പ്രഭാഷണങ്ങളാണ് വിചാരധാരയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതിലെ പല അഭിപ്രായങ്ങളും അന്നത്തെ പരിതസ്ഥിതികളോടും പ്രശ്‌നങ്ങളോടുമുള്ള പ്രതികരണസ്വഭാവത്തോടു കൂടിയുള്ളതാണ്. ആര്‍എസ്എസ് ഒരിക്കലും ഒരു പുസ്തകത്തെ മാത്രം പ്രമാണരേഖയായി സ്വീകരിച്ചിട്ടില്ല. ശ്രീഗുരുജി തന്നെ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. വിചാരധാര ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് പോലും സംഘം ആരംഭിച്ച് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്. വിഭജന കാലത്ത് മതപരിവര്‍ത്തനത്തിലൂടെ ഭാരതത്തില്‍ ‘പാതിരിസ്ഥാന്‍’ ഉണ്ടാക്കിയെടുക്കാനും, മതം വളര്‍ത്താന്‍ കാനേഷുമാരിക്കണക്കില്‍ കൃത്രിമം കാണിക്കാനും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദം വളര്‍ത്താനുമൊക്കെ ക്രൈസ്തവ വിഭാഗത്തിലെ ചിലര്‍ നടത്തിയ രാഷ്ട്രവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയാണ് ശ്രീഗുരുജി അന്ന് ആഭ്യന്തരഭീഷണിയെന്ന് വിലയിരുത്തിയത്. അതല്ലാതെ യേശുക്രിസ്തുവിനെയോ ബൈബിളിനെയോ ക്രിസ്തു മതത്തെ തന്നെയോ നിന്ദിക്കുന്ന തരത്തിലുള്ള യാതൊരു പരാമര്‍ശവും ശ്രീഗുരുജിയില്‍ നിന്ന് ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. ക്രിസ്തു മതം മുന്നോട്ടു വെച്ച മാനവിക മൂല്യങ്ങളോട് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എന്നും ആദരവും അനുകമ്പയുമുണ്ടായിരുന്നു. ഹിസ് ലാപ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ശ്രീഗുരുജി പ്രിന്‍സിപ്പല്‍ ഗാര്‍ഡിനറെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ബൈബിള്‍ ജ്ഞാനം പ്രദര്‍ശിപ്പിക്കുകയുണ്ടായിട്ടുണ്ട്. സര്‍സംഘചാലകനായിരിക്കെ ഒരിക്കല്‍ ഹിന്ദു സമാജത്തില്‍ സംഘത്തിന്റെ ആവശ്യകതയെന്തെന്ന ചോദ്യത്തിന് ‘I do not come to destroy but to fulfill’ എന്ന് യേശുദേവനെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്. ആഭ്യന്തരഭീഷണികളെക്കുറിച്ച് ശ്രീഗുരുജി നടത്തിയ പരാമര്‍ശങ്ങളെല്ലാം രാഷ്ട്രസുരക്ഷയെ സംബന്ധിച്ച ചരിത്രാംശമുള്ള ആശങ്കകള്‍ മാത്രമാണ്. അവ ഭാവികാലത്തേക്കുള്ള നയരേഖയല്ല. ഭാരതത്തിലെ രാഷ്ട്രവിരുദ്ധ ശബ്ദങ്ങള്‍ അപ്രസക്തമാകുമ്പോള്‍ വിചാരധാരയിലെ ആന്തരികഭീഷണികളെന്ന അദ്ധ്യായത്തിലെ വിമര്‍ശനങ്ങളും അതോടൊപ്പം അപ്രസക്തമായിത്തീരും. ക്രൈസ്തവ സമൂഹം ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ദേശീയ പ്രസ്ഥാനങ്ങളുമായുള്ള സൗഹാര്‍ദ്ദത്തിന് വിചാരധാരയിലെ വാക്കുകള്‍ അവര്‍ക്ക് തടസ്സമാകാത്തതും. ക്രൈസ്തവ സമൂഹവുമായുള്ള സ്‌നേഹസംഭാഷണങ്ങള്‍ സംഘം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചതാണ്. ആര്‍എസ്എസ് സര്‍സംഘചാലകനായിരുന്ന കെ.എസ്. സുദര്‍ശന്‍ജി കേരളത്തില്‍ ഉള്‍പ്പെടെ വന്ന് ക്രൈസ്തവ സഭകളുമായി നിരന്തരം ചര്‍ച്ചകളും സംവാദങ്ങളും നടത്തിയിട്ടുണ്ട്. ഇന്ന് ദേശീയവാദികള്‍ക്ക് കൂട്ടുചേരാന്‍ കഴിയുന്ന ഒരു സമൂഹമാണ് ക്രിസ്ത്യാനികള്‍ എന്ന കാര്യത്തില്‍ യാതൊരു ആശങ്കയ്ക്കും അവകാശമില്ല.
ആര്‍എസ്എസും ക്രിസ്ത്യാനികളും തമ്മില്‍ ഒരിക്കലും സൗഹാര്‍ദ്ദം സാധ്യമല്ലെന്ന് പ്രഖ്യാപിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ മുന്‍പ് ക്രൈസ്തവ പുരോഹിതന്മാരെ നിരന്തരം അപമാനിക്കുകയും ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2007-ല്‍ മത്തായി ചാക്കോ ചരമവാര്‍ഷികദിനത്തില്‍ താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ടജീവി’ എന്നു വിശേഷിപ്പിച്ചത് കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ്. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തതും മുഖ്യമന്ത്രി വിജയന്റെ കീഴിലുള്ള പോലീസാണ്. അടുത്തിടെ ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക റാലിയില്‍ തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ ബിജെപി അനുകൂല പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനുനേരെ രൂക്ഷ വിമര്‍ശനമാണ് സിപിഎം നേതാക്കളില്‍ നിന്നുണ്ടായത്. ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനത്തെയും അവര്‍ വലിയ അപരാധമായാണ് ചിത്രീകരിച്ചത്. ലൗ ജിഹാദ്, ഹാഗിയ സോഫിയ വിഷയം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ക്രൈസ്തവ സമൂഹത്തില്‍ പുനര്‍ചിന്തനത്തിനും നിലപാട് മാറ്റത്തിനും വഴിതെളിച്ചിട്ടുണ്ട്. മതകലഹങ്ങള്‍ക്കും കലാപങ്ങള്‍ക്കുമുള്ള മതേതര രാഷ്ട്രീയക്കാരുടെ ഗൂഢനീക്കങ്ങള്‍ ക്രൈസ്തവ സമൂഹം ഇതിനോടകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുമുണ്ട്. ഭാരതത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ പോലും ഇന്ന് ബിജെപിയാണ് ഭരണം നടത്തുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ ക്രൈസ്തവ ദേവാലയ സന്ദര്‍ശനം രാഷ്ട്രീയ വിവാദങ്ങള്‍ക്കപ്പുറം മതസൗഹാര്‍ദ്ദത്തിന്റെയും മാനവിക ഐക്യത്തിന്റെയും മഹിത സന്ദേശമാണ് നല്‍കുന്നത്. ‘നേരുള്ളവരെയാണ് ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്’എന്ന ബൈബിള്‍ വചനത്തിന്റെ പ്രായോഗിക ദൃഷ്ടാന്തമായി മാത്രമേ ക്രൈസ്തവ സമൂഹം ഈ സന്ദര്‍ശനത്തെ സ്വീകരിക്കുകയുള്ളൂ…