ഭാരതത്തില്‍ കാര്‍ഷിക പഞ്ചാംഗത്തിലെ ആദ്യദിനം പുണ്യദിനമായാണ് ആഘോഷിക്കപ്പെടുന്നത്. നമ്മുടെ നവവര്‍ഷം ആരംഭിക്കുന്നത് ഈ ദിനത്തിലാണ്. ആസാമികളും ബീഹാറികളും ബൈഹാഗ് എന്ന പേരിലും പഞ്ചാബികള്‍ വൈശാഖി എന്ന പേരിലും തമിഴര്‍ പുത്താണ്ട് എന്ന പേരിലും കന്നടക്കാരും തെലുങ്കരും ഉഗാദി എന്ന പേരിലുമാണ് ഈ വിശേഷദിനം കൊണ്ടാടുന്നത്. ഈ ദിനം വിഷു എന്ന പേരില്‍ നമ്മള്‍ ആഘോഷിക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമാണ് വിഷു. പ്രകൃതിയുമായി ബന്ധപ്പെട്ടും വിശ്വാസവുമായി ബന്ധപ്പെട്ടും വിഷുവിന് മലയാളികളുടെയിടയില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്. അതുകൊണ്ടാവണം തിരുവോണംപോലെ വിഷുവും മലയാള കാവ്യഭാവനയെ ഏറെ സ്വാധീനിച്ചത്.
മീനമാസത്തിലെ അതികഠിനമായ വെയിലേറ്റ് മണ്ണടരുകളില്‍നിന്നും നീരാവി ഉയരുന്ന പകലിനെ സങ്കല്പ്പിക്കാം. നേരം സന്ധ്യയോടടുക്കുകയാണ്. മാനം ഇളം മഞ്ഞപ്പട്ടുടുത്ത് സൂര്യദേവനെ യാത്രയാക്കുന്നു. കുന്നിന്‍ ചെരുവിലും വയല്‍വരമ്പിലും പുഴവക്കിലും കുട്ടികള്‍ അവധിക്കാലം ആഘോഷിക്കുന്നു. അവര്‍ പടക്കങ്ങള്‍ പൊട്ടിച്ച് തിമര്‍ക്കുന്നുണ്ട്. മുതിര്‍ന്നവര്‍ നാളത്തെ കണിക്കായി വയലുകളില്‍നിന്നും കണിവെള്ളരിയും മറ്റും ശേഖരിക്കുന്നു. ചെറുപ്പക്കാര്‍ മാവുകളില്‍ കയറി കുലയോടെ പച്ചമാങ്ങകള്‍ പറിച്ചെടുക്കുന്നു. കണിക്കൊന്നയ്ക്കായി ആളുകള്‍ കൊന്നയുളള ഇടങ്ങള്‍ തേടിപ്പോവുന്നു. സ്ത്രീകള്‍ വിഭവങ്ങളൊരുക്കാന്‍ ഓടിനടക്കുന്നു. പ്രായംചെന്നവര്‍ കൃഷ്ണവിഗ്രഹവും ഓട്ടുകലങ്ങളും വൃത്തിയാക്കിവെയ്ക്കുന്നു. വിഷുത്തലേന്ന് സാധാരണഗതിയില്‍ കേരളത്തിന്റെ ഏല്ലാ പ്രദേശങ്ങളിലും നമുക്ക് ഈ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. വീടും നാടും നവവര്‍ഷത്തെ എതിരേല്ക്കാന്‍ ഒരുങ്ങുകയാണ്. ഇത്രയും ആഹ്ലാദത്തോടെ, ഇത്രയും പവിത്രതയോടെ, ഇത്രയും ആരാധനയോടെ, ഇത്രയും പ്രകൃതിയോടിണങ്ങി പുതുവര്‍ഷത്തെ വരവേല്ക്കുന്ന ഒരു ജനത ലോകത്ത് ഇവിടെയല്ലാതെ മറ്റെവിടെയെങ്കിലും കാണാന്‍ സാധിക്കുമോ?
വിഷു നമുക്ക് വര്‍ഷാരംഭം മാത്രമല്ല, തിന്മയുടെ മേല്‍ നന്മ നേടിയ വിജയദിനംകൂടിയാണ്. വിശ്വാസപരമായി നോക്കുമ്പോള്‍ കേരളീയരുടെ പ്രധാന ഉത്സവമാണ് വിഷു. ഭഗവാന്‍ മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങളുടെ ഐതിഹ്യവുമായി വിഷു ബന്ധപ്പെടുന്നു. നരകാസുരനെ വധിച്ച ശ്രീകൃഷ്ണന്റെ വിജയവും രാവണനെ വധിച്ച ശ്രീരാമന്റെ വിജയവും ജനങ്ങള്‍ ആഘോഷിച്ചതിന്റെ ഓര്‍മ്മപുതുക്കുകയാണ് നമ്മള്‍ വിഷു ആഘോഷത്തിലൂടെ. അങ്ങനെവരുമ്പോള്‍ നവവര്‍ഷത്തിന്റെയും കാര്‍ഷികവിളവെടുപ്പിന്റെയും ധര്‍മ്മവിജയത്തിന്റെയും സമന്വയമാണ് വിഷു.
മലയാള കവിതകളില്‍ വിഷുവിന് പല മുഖങ്ങളുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം ഒരു നിറമേയുള്ളൂ. അത് കര്‍ണ്ണികാരത്തിന്റെ നിറമാണ്. പ്രകൃതിയുടെ, കാലത്തിന്റെ, ദേശത്തിന്റെ, വിശ്വാസത്തിന്റെ ബഹുവിധ വര്‍ണ്ണങ്ങള്‍ ഒരൊറ്റ വര്‍ണ്ണത്തില്‍ ലയിക്കുന്ന വിശേഷമാണ് കവിതയിലെ വിഷു. ആ വര്‍ണ്ണം കര്‍ണ്ണികാരത്തിന്റെ സ്വര്‍ണ്ണവര്‍ണ്ണമാണ്. അതിനാല്‍ കവികള്‍ക്ക് വിഷുവെന്നാല്‍ ഈ വര്‍ണ്ണത്തിന്റെ വിളവെടുപ്പുത്സവമാണ്.
ഒരുനിറം മാത്രമേ തന്നതുള്ളൂവിധി
എനിക്കാവതില്ലേ പലവര്‍ണ്ണമാവാന്‍
എന്ന് അയ്യപ്പപ്പണിക്കരുടെ കവിതയില്‍ കണിക്കൊന്ന വിഷാദപ്പെടുന്നുണ്ട്. എന്നാല്‍ ആ വര്‍ണ്ണംമാത്രം മതി കവിയ്ക്ക്, മറ്റെല്ലാ വര്‍ണ്ണത്തേക്കാളും മീതെയാണിത്.
കല്യാണമന്ത്രം പൊഴിക്കുന്ന വര്‍ണ്ണം
കളകളം പാടിക്കുണുങ്ങുന്ന വര്‍ണ്ണം
താനേമയങ്ങിത്തിളങ്ങുന്ന വര്‍ണ്ണം
വേറുള്ളതെല്ലാം തിളക്കുന്ന വര്‍ണ്ണം
ഇങ്ങനെ കര്‍ണ്ണികാരത്തിന്റെ വിശേഷവര്‍ണ്ണത്തെ കൗതുകത്തോടെ നോക്കുന്ന കവി വീണ്ടും പറയുന്നു,
ആ വര്‍ണ്ണരേണുക്കള്‍ മിന്നിത്തിളങ്ങുന്നൊ-
രെന്‍മേനി പൊന്‍മേനി പൂമേനിയല്ലേ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ (പൂക്കാതിരിക്കാനെനിക്കാവതില്ലേ)
വിഷുവെത്തിയാല്‍ കൊന്നയ്ക്ക് പൂക്കാതിരിക്കാനാവില്ല. കാരണം കാലവും ദേശവും പ്രകൃതിയും തയ്യാറാവുമ്പോള്‍ അതിനെതിരുനില്‍ക്കാന്‍ മനുഷ്യനൊഴിച്ച് മറ്റൊരു ജീവിവര്‍ഗ്ഗത്തിനും സാധിക്കില്ലല്ലോ. പ്രപഞ്ചത്തിന്റെ സ്വാഭാവികമായ ചലനമാണ് ജീവിവര്‍ഗ്ഗത്തിനെല്ലാം ഗുണകരം. എന്നാല്‍ മനുഷ്യവര്‍ഗ്ഗം ഇത് മനസ്സിലാക്കുന്നില്ല. അതിന്റെ പ്രത്യാഘാതം അവര്‍ അനുഭവിക്കുന്നുമുണ്ട്.
കര്‍ണ്ണികാരത്തിന്റെ സ്വര്‍ണ്ണവര്‍ണ്ണത്തിനിടയിലൂടെ ഒരു ചിത്രശലഭം പറക്കുമ്പോള്‍ നമുക്ക് എന്തുതോന്നും? പൂവും പൂമ്പാറ്റയും വേര്‍തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല എന്ന് നമുക്ക് തോന്നാം. എന്നാല്‍ ഒരേ നിറത്തില്‍ മുങ്ങിക്കുളിക്കുന്ന രണ്ട് പൂമ്പാറ്റകളാണവയെന്ന് ഒരു കവിക്ക് തോന്നും. അക്കിത്തത്തിന് അങ്ങനെയാണ് തോന്നിയത്,
കൊന്നമരങ്ങളില്‍ സ്വര്‍ണ്ണം വിളയുന്ന
പുണ്യകാലങ്ങളില്‍ ചൈത്രത്തില്‍
മൂളുന്ന പൊന്നൊളിപ്പോക്കുവെയ്‌ലോളത്തില്‍
മുങ്ങിക്കുളിക്കുന്ന പൂമ്പോറ്റേ (വിഷുത്തലേന്ന്)
പൂവും പൂമ്പാറ്റയും ഒന്നായി തോന്നുന്ന ഈ ഭാവന പ്രകൃതിയെയും മനുഷ്യനെയും രണ്ടായിക്കാണാന്‍ തയ്യാറാവാത്ത പ്രപഞ്ചബോധത്തിന്റേതാണ്. ഈ പ്രപഞ്ചബോധത്തിന് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ആ പാരമ്പര്യമാണ് വിഷുസങ്കല്പത്തിലൂടെ നമ്മുടെ കവികള്‍ പകര്‍ന്നുതരുന്നത്.
മേടമാസത്തില്‍ ഭൂമീദേവി അണിയുന്ന ആടയാഭരണങ്ങളില്‍ ഏറ്റവും തിളക്കമുള്ളത് കര്‍ണ്ണികാരമാണ്. ഒന്ന് നോക്കിയാല്‍ ആരുടെയും കണ്ണ് മഞ്ഞയായി മാറും. മഞ്ഞനിറത്തിന് വിശേഷങ്ങള്‍ പലതുണ്ട്. അത് ത്യാഗത്തിന്റെയും പരിശുദ്ധിയുടെയും പ്രതീകമാണ്. അതുകൊണ്ടുതന്നെ നവവര്‍ഷത്തില്‍ കണികാണാന്‍ ഏറ്റവും യോഗ്യമാണ് ഈ വര്‍ണ്ണം.
നിറയെപ്പവന്‍വാരിത്തൂവും പോലെ
നിറവേലും നല്‍ക്കൊന്നപ്പൂവുകളും
നല്ലോണം നല്ലോണം കണ്ടോളൂ
നല്ലതതുതന്നെ വരുമല്ലോ
എന്ന് കര്‍ണ്ണികാരത്തിന്റെ നിറം കണ്ട് സുഗതകുമാരിയുടെ കണ്‍കുളിരുന്നുണ്ട്. മലയാളിയുടെ പ്രതീക്ഷകളുടെയെല്ലാം പ്രതിരൂപമാണ് കണി. അത് കേവലമായ വ്യക്തിവിശ്വാസത്തിന്റെ ഭാഗം മാത്രമല്ല, മനുഷ്യഭാവിയെക്കുറിച്ച് ഒരു സമൂഹം പുലര്‍ത്തിപ്പോന്ന ശുഭാപ്തിവിശ്വാസത്തിന്റെ ഭാഗംകൂടിയാണ്. കണി പകര്‍ന്നുതരുന്ന ധന്യത അനുഭവിക്കാത്ത മലയാളിയില്ല. ആ ധന്യതയെക്കുറിച്ച് എഴുതാത്ത കവികളുമില്ല. വിശുദ്ധമായ ഒരു പ്രകൃതിബോധത്തിന്റെ സംസ്‌കാരം കണിയിലുണ്ട്. പ്രപഞ്ചവും മനുഷ്യനും രണ്ടല്ലെന്ന വിശാലബോധമാണ് ഈ സംസ്‌കാരത്തിന്റെ കാതല്‍. ഈ സംസ്‌കാരത്തിന് മനീഷികള്‍ നല്‍കിയ ദാര്‍ശനികനാമമാണ് അദ്വൈതം.
ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍നിന്നും പൊയ്മറയാ പൊന്‍കിനാക്കള്‍പോലെ
പൊന്നുവെക്കേണ്ടിടത്തൊരു പൂവുമാത്രം വെച്ചു
കണ്‍തുറന്നു കണികണ്ടു ധന്യരായോര്‍ നമ്മള്‍
എന്ന് ഒ.എന്‍.വി. കുറുപ്പ് എഴുതുമ്പോള്‍ ചിരപുരാതനമായ ആ സംസ്‌കാരത്തെയാണ് കവി ചേര്‍ത്തുനിര്‍ത്തുന്നത്.
കണിക്കാഴ്ചയില്‍ വിഗ്രഹവും പൂവും വിളകളും കോടിയും നാണയവുമുണ്ടാവും. ഇവയെല്ലാം നാളെയുടെ ഭാവിയെ നിര്‍ണ്ണയിക്കാന്‍ നമ്മള്‍ നിര്‍മ്മിച്ചുവെച്ച പ്രതീകകല്പനകളാണ്. ശുഭകരമായ ഭാവിയെ കാംക്ഷിക്കുന്ന മനുഷ്യന്‍ ഭാവനകൊണ്ട് ചിട്ടപ്പെടുത്തിവെച്ച ഈ ചിഹ്നങ്ങള്‍ക്ക് അവന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ സാധിക്കും.
കനകക്കണിക്കൊന്നയായിച്ചിരിച്ചെന്റെ
കവിളത്തു കനിവിന്റെ മുദ്രചാര്‍ത്തും
അതിദൂരസൂര്യന്റെ ഹൃദയം കടഞ്ഞെടു-
ത്തൊരു വെള്ളിയെന്‍ കുഞ്ഞുകൈയില്‍ വെയ്ക്കും
ഒരു വത്സരത്തിന്റെ കൈനീട്ടമൊരുനാളില്‍
ഇനിവരാമെന്ന് പറഞ്ഞുപോവും (മൂന്ന് വിഷുമുഖങ്ങള്‍)
എന്ന് വി.മധുസൂദനന്‍ നായരുടെ ഈ വരികളില്‍ നമ്മള്‍ കാണുന്ന ചിഹ്നങ്ങള്‍ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്.
ചുട്ടുപൊള്ളുന്ന വേനലിന്റെ നീറ്റലിനിടയിലാണ് വിഷു വരുന്നത്. അകത്തും പുറത്തും ഒരുപോലെ നീറുന്ന കവികളെ സംബന്ധിച്ച് വിഷുക്കാലം അസഹ്യമായിരിക്കും. ശരീരത്തിന്റെ നീറ്റലിന് ശമനമുണ്ടാവും. എന്നാല്‍ മനസ്സിന്റെ നീറ്റലിനോ? വൈലോപ്പിള്ളി ശ്രീധരമേനോനെ സംബന്ധിച്ച് തന്റെയുള്ളിലെ നീറ്റലിന് കവിതയല്ലാതെ മറ്റ് പരിഹാരമൊന്നുമില്ല. അതിസങ്കീര്‍ണ്ണമായ മാനസികാവസ്ഥയിലൂടെയാണ് കവി പലപ്പോഴും കടന്നുപോയിട്ടുള്ളത്. ആ സന്ദര്‍ഭങ്ങളിലെല്ലാം മലയാളിക്ക് ലഭിച്ചതാവട്ടെ ആഴങ്ങള്‍ സ്പര്‍ശിക്കുന്ന കവിതകളാണ്. വിഷുക്കണി എന്ന കവിത തുടങ്ങുന്നതുതന്നെ പുറത്തെ ചൂട് സ്പര്‍ശിച്ചുകൊണ്ടാണ്.
നീളമേറും ചൂടും, നിതരാം ദിനങ്ങള്‍ക്ക്
ചൂളയില്‍നിന്നെന്നപോലടിക്കും പൊടിക്കാറ്റില്‍
നീറിവേ,ര്‍ത്തിമതാണു കാണുകയാം ഭദ്രേ
നീ പകല്‍ക്കിനാവ് പൂഞ്ചോലകള്‍, വനങ്ങളും
(വിഷുക്കണി)
ചൂളയില്‍നിന്നടിക്കുന്ന കാറ്റിന്റെ നീറ്റല്‍ അറിയണമെങ്കില്‍ ആ അനുഭവത്തിലൂടെ ഒരു തവണയെങ്കിലും കടന്നുപോവണം. നിയന്ത്രിതമായ വായുപ്രവാഹത്തില്‍ മരത്തടികള്‍ കത്തിച്ച് കരിയുണ്ടാക്കുന്ന ചൂളയുടെ അകം വെന്തുനീറുന്നത് പുറമെനിന്നു നോക്കുമ്പോള്‍ നമുക്ക് മനസ്സിലാവില്ല. ചുറ്റും മണ്ണുപുതച്ച് ശാന്തമായി കാണുമ്പോഴും ഉള്ള് തിളയ്ക്കുന്ന ചൂള ജീവിതത്തിന്റെ പ്രതീകമാണ്. ജീവിതം ഒരു ചൂളയാവുമ്പോഴും അതിനിടയിലൂടെ പുറത്തുവരുന്ന വെളിച്ചം കൊണ്ട് ലോകത്തിന് വെണ്മ നല്‍കിയെന്ന് മഹാകവി ജി.ശങ്കരക്കുറുപ്പ് മുമ്പേ പറഞ്ഞിട്ടുണ്ട്. ഒ.എന്‍.വി. കുറുപ്പിനും ഇത്തരത്തിലുള്ള നീറ്റല്‍ വിഷുക്കാലത്തുണ്ടായിരുന്നു.
എന്തൊരുഷ്ണം ഈ വെയിലിന്‍
നീരൊഴുക്കില്‍ നീന്തും
സ്വര്‍ണ്ണമത്സ്യജാലം ഇടതൂര്‍ന്നണഞ്ഞപോലെ
എന്റെ നെഞ്ചിലെക്കനലില്‍ വീണെരിഞ്ഞ മോഹം
പിന്നെയും കിളന്നു തൂവലാര്‍ന്നുയര്‍ന്ന പോലെ
എങ്കിലുമിക്കണിക്കൊന്ന എന്തിനെന്നും പൂത്തു
മണ്ണിലുണ്ടോ നന്മകള്‍തന്‍ തുള്ളികള്‍ വറ്റാതെ
(എന്തിനെന്നും പൂത്തു)
ജീവിതത്തിന്റെ ഇത്തരം സങ്കീര്‍ണ്ണഘട്ടങ്ങളെ തരണം ചെയ്യാനാണല്ലോ നാം ആഘോഷങ്ങള്‍ക്ക് സമയം കണ്ടെത്തുന്നത്. മനസ്സിന്റെ സ്‌നിഗ്ധവികാരങ്ങള്‍ക്ക് നിറം പകരാനായി ഉത്സവങ്ങളും ആഘോഷങ്ങളും നമ്മള്‍ സ്വീകരിക്കുന്നു. പണ്ടൊരു വിഷുദിനത്തില്‍ തന്റെ മുന്നില്‍ കണിക്കൊന്നപോലെ പൂത്തുനിന്ന പ്രണയഭാജനത്തെ വൈലോപ്പിള്ളി അവതരിപ്പിക്കുന്നതിങ്ങനെയാണ്-
വന്നുഞാന്‍ ഭദ്രേ, കണികാണാത്ത കൗമാരത്തിന്‍
ഖിന്നതയോടെ വിഷുനാളില്‍ നിന്‍ തറവാട്ടില്‍
അപ്പുറത്തുത്സാഹത്തിലാണുനിന്നേട്ടന്‍ ഞാനോ
നിഷ്ഫലമെന്തോ വായിച്ചുമ്മറത്തിരിക്കവേ
മിണ്ടാതെയാരോ വന്നെന്‍ കണ്‍മിഴിപൊത്തി, കണി-
കണ്ടാവൂവെന്നോതി ഞാന്‍ പകച്ചുനോക്കുന്നേരം
എന്തൊരത്ഭുതം, കൊന്നപ്പൂങ്കുല വരിച്ചാര്‍ത്തി-
സ്സുന്ദരസ്മിതം തൂകി നില്‍ക്കുന്നു നീയെന്‍ മുന്നില്‍
(വിഷുക്കണി)
വിഷുവും കൊന്നയും കണിയും പ്രേയസിയും ഒരേ നിറത്തില്‍, ഒരേ ഭാവത്തില്‍ കവിയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. കര്‍ണ്ണികാരത്തിന്റെ വര്‍ണ്ണത്തില്‍ ചാലിച്ചെഴുതിയ കവിതകളാണ് ഇവയെല്ലാം.
വിദൂരമായ ഏതോ നാട്ടില്‍, ഏറ്റവും ആധുനികമായ സാങ്കേതികോപകരണങ്ങളുടെ ഇടയിലിരുന്നുകൊണ്ട് ഏകനായി ജോലിചെയ്യുന്ന ഒരു മലയാളിയെ സങ്കല്പ്പിക്കുക. സ്വന്തം നാടുമായുള്ള ആത്മബന്ധം നിലനിര്‍ത്താന്‍ ദൂരമോ സമയമോ സ്ഥലമോ അയാള്‍ക്ക് ഇന്ന് തടസ്സമാവുന്നില്ല. കാരണം അയാളുടെ വിരല്‍ത്തുമ്പില്‍ ഈ ഉലകം മുഴുവനുണ്ട്. തന്റെ നാടിന്റെ സ്പന്ദനങ്ങള്‍ അതതുസമയത്തുതന്നെ അയാള്‍ മനസ്സിലാക്കുന്നുണ്ട്. ആശയവിനിമയത്തിന്റെ കാര്യത്തില്‍ നാം അതിദൂരം മുന്നോട്ടുപോയിരിക്കുന്നു. എന്നാല്‍ ആശയവിനിമയം മാത്രമല്ലല്ലോ മനുഷ്യന് പ്രധാനം. അതിനപ്പുറമുള്ള സംസ്‌കാര വിനിമയവും പ്രധാനമാണ്. യന്ത്രവല്‍കൃത സമൂഹത്തില്‍ പുലരുന്ന മലയാളിക്ക് നഷ്ടപ്പെടുന്നത് ഈ സംസ്‌കാര വിനിമയമാണ്. ഇത് മുന്‍കൂട്ടി കണ്ട കവിയായിരുന്നു വൈലോപ്പിള്ളി. വിഷു എന്നു കേള്‍ക്കുമ്പോള്‍ സഹൃദയനായ ഒരു മലയാളിയുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന അദ്ദേഹത്തിന്റെ ഈ വരികളില്‍ ആ സംസ്‌കാരവിനിമയത്തിന്റെ പൊരുള്‍ അടങ്ങിയിട്ടുണ്ട്.
ഏത്ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും
ഈ വര്‍ഷത്തെ വിഷുവിന് സഹൃദയന് നല്‍കാനായി എന്റെ കൈയില്‍ കര്‍ണ്ണികാരം കണിവെച്ച ഈ കവിതകള്‍ മാത്രം.