വിഷുവിന് തറവാട്ടില് ആകെയൊരു മേളമായിരുന്നു. വിഷുവിന്റന്ന് പണിക്കര് വിഷു ഫലവും പാടത്ത് വിത്തിറക്കാനുള്ള നല്ല ദിവസവും കുറിച്ച് പനയോല കൊണ്ടുവരുമായിരുന്നു. തറവാട്ടിലെ കര്‍ഷകര്‍ക്ക് അച്ഛമ്മ നെല്ലും അരിയും വാഴക്കുലയും നാളികേരവും സമ്മാനിക്കും. അന്ന് അതൊരു അവകാശമായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്തു പോന്നിരുന്നത് മുത്തച്ഛന്റെ കാര്‍മ്മികത്വത്തിലായിരുന്നു. തറവാടിന്റെ പടിഞ്ഞാറു ഭാഗത്ത് അമ്മിക്കൊഴ വച്ച് പൂജിക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. അച്ഛന്‍ പെങ്ങന്മാരുടെ മക്കളില്‍ ജയേട്ടനെ കൊണ്ടാണ് മുത്തച്ഛന്‍ ഇത്തരം കാര്യങ്ങളൊക്കെ കൂടുതലായും ചെയ്തു പോന്നിരുന്നത്.
വിഷു ദിവസം പുലര്‍ച്ചെ ദേവയാനിയോപ്പോളും ജ്യോച്ചിയും ചേര്‍ന്ന് അരിമാവുകൊണ്ട് നടുമുറ്റമണിയും. വട്ടച്ചെമ്പില്‍ ബാക്കി വരുന്ന മാവ് കന്നിനെ കുളിപ്പിച്ച് നെറ്റിയില്‍ കുറിയിടാനുള്ളതാണ്. തുടര്‍ന്ന് നുകവും കരിയും ഉപയോഗിച്ച് വയലില്‍ രണ്ടുചാല് ഉഴുത് കുറച്ചു വിത്തിടും.
കന്നുകളെ താമരക്കുളത്തിലേക്ക് കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നത് ചെല്ലനും ചാമിയുമാണ്. അതിലെല്ലാം പങ്കുകൊള്ളുവാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. പക്ഷേ, ഒരു വര്‍ഷമായി ചില നിയന്ത്രണങ്ങളാണ്.
പെണ്‍കുട്ട്യോള് ഇത്തിരി വളര്‍ന്നാല്‍ അങ്ങനെ തോന്നുന്ന പോലെ നടക്കാനൊന്നും പാടില്ലത്രേ.
ഇതെന്തൊരു കൂത്താണ്! ചിലപ്പോഴൊക്കെ വളരേണ്ടിയിരുന്നില്ലെന്നു തോന്നിയിട്ടുണ്ട്.
ജ്യോച്ചിയോട് ചോദിച്ചാല്‍ പറയും. ‘കുട്ടിപ്പോ താമരക്കുളം വരെ ലേലേലം പാടണ്ട. കിഴക്കറേല് പോയിരുന്ന് പുസ്തകം വായിച്ചോളു.’
ഇതു കേള്‍ക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ എങ്ങോട്ടെങ്കിലും പോണമെന്നു തോന്നിയാല്‍ ചോദ്യവും ഉത്തരവുമൊന്നുമില്ല. അങ്ങു പോവും. കയ്യോടെ പിടികൂടുന്ന സന്ദര്‍ഭങ്ങളില്‍ കേള്‍ക്കാത്ത ഭാവത്തില്‍ ഒരു നില്പു നില്ക്കും. ഒടുവില്‍ രക്ഷകന്മാരായി മുത്തച്ഛനും ജയേട്ടനും എത്തുന്നതു വരെ…
അങ്ങനെ വീണ്ടും കണിക്കൊന്ന പൂത്തു. വിഷു പടിവാതിലില്‍ വന്ന് മുട്ടി വിളിച്ചു.
നാളെ വിഷുവാണ്. വിഷുക്കൈനീട്ടം കിട്ടിക്കഴിഞ്ഞാല്‍ ചെല്ലന്‍ കന്നുകളെ താമരക്കുളത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒപ്പം പോകണം.
മുത്തച്ഛനും വല്യച്ഛനും അച്ഛനും തങ്കോപ്പോളും സുശീലോപ്പോളും തന്ന വിഷുക്കൈനീട്ടം വാങ്ങി കുടുക്ക നിറച്ചു. ജ്യോച്ചിയോട് സഹതാപ തരംഗം സൃഷ്ടിച്ച് ജ്യോച്ചിയ്ക്കു കിട്ടിയ കൈനീട്ടത്തില്‍ നിന്ന് രണ്ടു മൂന്നു നാണയം ഒപ്പിച്ച് അതും വിഷുക്കുടുക്കയിലിട്ടു. ഹരിയേട്ടനോട് പിന്നാലെ നടന്നിരന്ന് വാങ്ങിയ ഒരു നാണയവും വിഷുക്കുടുക്കയില്‍ നിക്ഷേപിച്ചു. പ്രിയക്കുട്ടിയോട് ചോദിച്ചിട്ട് കാര്യമില്ല. എല്ലാവരോടും അവള്‍ പറഞ്ഞു നടക്കും. അതൊരു അഭിമാനക്ഷതമായിത്തീരും.
എല്ലാവരും കൈനീട്ടം നിമിഷം കൊണ്ട് കാലിയാക്കുമായിരുന്നു.
എന്റെ വിഷുക്കുടുക്ക മാത്രം നിറഞ്ഞിരിക്കുന്നതിനാല്‍ മുത്തച്ഛന്റെ പ്രത്യേക വാത്സല്യത്തിനും പ്രശംസയ്ക്കും പാത്രീഭൂതയാണ് ഞാന്‍. വീട്ടിലുള്ളവരോടും അതിഥികളോടും മുത്തച്ഛന്‍ എന്റെ അറിവിനേയും കഴിവിനേയും കുറിച്ച് വാചാലമാകുമ്പോള്‍ എന്റെ അഭിമാനം ഉച്ച നിലയിലായിട്ടുണ്ടാവും.
ചെല്ലന്‍ തൊഴുത്തില്‍ കയറി കന്നുകാലികളെ അഴിച്ച്, പെരക്കി കുളത്തിലേക്ക് കൊണ്ടുപോകുന്നതു കണ്ടു. പിന്നിലായി ഒപ്പം ഞാനും കൂടി.
‘കുട്ട്യേ… ചെല്ലന്‍ ഇതുങ്ങളെ കുളിപ്പിച്ച് കുട്ടപ്പനാക്കി ഇപ്പം വരാം. ഇനീപ്പൊ ഇതുമതി… മൂത്താര് കുട്ടിക്ക് കലിയിളകാന്‍.’ ചെല്ലന്‍ എന്നെ ഒഴിവാക്കാന്‍ ഒരു ശ്രമം നടത്തി. അച്ഛനോ ജയേട്ടനോ ചീത്ത പറഞ്ഞാലോന്ന് പേടിച്ചാണ് ഈ ഒഴിപ്പിക്കല്‍ തന്ത്രം.
‘എന്നാ ജയേട്ടന് കലിയിളകട്ടെ. തുള്ളാന്‍ ഒരു വാളും കൈയില് കൊടുക്കാം. എന്ത്യേ?’ ഞാന്‍ പറഞ്ഞു.
ഈ കുട്ടി ഈയുള്ളവന്റെ അന്നം മുട്ടിക്കും. ചെല്ലന്റെ ആത്മഗതം ചെറുതായി കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു.
‘ചെല്ലന്‍ പേടിക്കേണ്ട. ഭക്ഷണം ഒക്കെ എടുത്തു തരുന്ന കാര്യം ഞാനേറ്റു. അഥവാ പിടിക്കപ്പെട്ടാല്‍ എന്റെ വിഷുക്കുടുക്കയിലെ പണം മുഴുവന്‍ ചെല്ലന് തരാം. ന്താ, പോരെ?’
‘ആ കാശ് കൊണ്ട് ഈയുള്ളോന്‍ എത്ര കാലം ചോറ് വാരി തിന്നും?’
ചെല്ലന്‍ ചോദിച്ചത് കേട്ടപ്പോഴാണ് ഓര്‍ത്തത്. ശരിയാണല്ലോ. ചെല്ലനും കുടുംബത്തിനും ഏറിയാല്‍ പത്തൂസം ഭക്ഷണം കഴിക്കാം. പിന്നെന്തു ചെയ്യും?
എന്തായാലും എങ്ങനെയെങ്കിലും പരിഹരിക്കാം. പത്തായത്തിന്ന് ഒരു വട്ടി നെല്ലെടുത്താലും ഈച്ച പോലും അറിയാന്‍ പോണില്ല.
ഉടനെ കാര്യം മാറ്റി ചെല്ലനെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു.
‘മുത്തച്ഛന്റെ അലമാറയില് ഒരു ഉടവാള്ണ്ട്. അതെടുത്ത് ജയേട്ടന്റെ കയ്യില് കൊടുക്കാം. ഉറഞ്ഞു തുള്ളട്ടെ.’
‘കുട്ടി മൂത്താര് ഇത് കേട്ട് വരണം. അപ്പൊ കാണാം പുകില്.’ ചെല്ലന്‍ പറയുന്നതു കേട്ട് ചൊടിച്ചു.
‘എന്താ, എന്നെ മൂക്കുക്കൂടെ കേറ്റോ? ഒന്ന് കാണണംലോ.’
ചെല്ലന്‍ തോറ്റു.
‘ഞാനൊന്നും പറഞ്ഞില്ലേ, കുട്ടി ഒച്ചേണ്ടാക്കാതെ പോന്നോളു.’
കല്‍പ്പടവുകള്‍ ചവിട്ടിയിറങ്ങി വയല്‍ വരമ്പിലൂടെ താമരക്കുളത്തിലെത്തി. കുളത്തിന്റെ തെക്കുവശത്തുള്ള നാട്ടിക്കല്ലിലിരുന്നു. കന്നുകാലികളെ കുളിപ്പിച്ചു കഴിയുന്നതുവരെ അവിടെ നിന്ന് എണീറ്റോടരുതെന്ന് ചെല്ലന്‍ പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞു.
കന്നിനെ തേച്ചു കുളിപ്പിക്കുന്ന പ്രവൃത്തി കുറേ നോക്കിയിരുന്നപ്പോള്‍ മടുപ്പു തുടങ്ങി. അവിടെ നിന്ന് പതുക്കെയെഴുന്നേറ്റു. പാദസരം കിലുക്കാതെ പതുക്കെ നടന്ന് എങ്ങനെയോ കല്‍പ്പടവിലെത്തി. ഓടിക്കയറി തൊഴുത്തിനടുത്തെത്തി. മുറ്റമണിഞ്ഞ ശേഷം വട്ടച്ചെമ്പില്‍ ബാക്കി വന്ന അരിമാവ് തൊഴുത്തിനു പുറത്തുള്ള കല്‍ത്തറയില്‍ വച്ച് ജയേട്ടന്‍ വെള്ള നിറമുള്ള മുണ്ടു മാറ്റി ലുങ്കിയുടുക്കാന്‍ തറവാട്ടിനകത്തേക്ക് പോയി.
ചെല്ലന്‍ കന്നുകാലികളെ തൊഴുത്തിനപ്പുറം നിരനിരയാക്കി നിറുത്തി കൊട്ടിലിനുള്ളിലേക്ക് പോയി.
രണ്ടു മൂന്നു കന്നുകളെ കുറി തൊടുവിച്ച് വയലില്‍ കൊണ്ടുപോകേണ്ടതുണ്ട്. വയല്‍ പൂട്ടി വിത്തിടണം.
എനിക്ക് പെട്ടെന്നൊരു മോഹമുദിച്ചു. കന്നുകളെ കുറി തൊടുവിക്കാന്‍.
അടുത്ത് ചെല്ലനില്ല. ജയേട്ടനുമില്ല. ഞാന്‍ കന്നിനു മുന്നില്‍ പോയി നിന്ന് െകാമ്പുകളില്‍ കുറി വരച്ചു. നെറ്റിയില്‍ കുറി തൊട്ടു. വട്ടച്ചെമ്പില്‍ വച്ച കല്‍ത്തറയിലുള്ള അരിമാവ് കയ്യിലെടുത്ത് കന്നിനു സമീപമെത്തുമ്പോഴേക്കും കുറേ തൂവിപോകുന്നുണ്ടായിരുന്നു. അതിനാല്‍ ഒരു കന്നിന് കുറി വരച്ച് അടുത്തു നില്‍ക്കുന്ന മറ്റൊരു കന്നിന്റെ സമീപത്തേക്ക് അരിമാവുള്ള വട്ടച്ചെമ്പേറ്റി പോയി. അഭ്യാസികളെപ്പോലെ ഒരു കൈ കൊണ്ട് വട്ടച്ചെമ്പ് പിടിച്ച് കുറിയിടാന്‍ തുടങ്ങി. ചെമ്പിന്റെ കനം കയ്യിന് താങ്ങാന്‍ കഴിയുന്നില്ല.
ജയേട്ടനും ചെല്ലനും രംഗത്തെത്തുമ്പോഴേക്കും തീര്‍ക്കണം… ഇങ്ങനെ ചിന്തിച്ച് കുഞ്ചി പാടുന്ന ഞാറ്റുപാട്ട് മൂളി ഞാന്‍ പ്രവൃത്തി തുടര്‍ന്നു.
ഒരു ഈച്ച ഇരമ്പി പറന്നതും കന്ന് തലയിട്ടാട്ടിയതും എന്റെ കയ്യിലുള്ള വട്ടച്ചെമ്പ് അരിമാവോടെ പെത്തോന്ന് താഴെ വീണതും ഒരുമിച്ചായിരുന്നു. പേടിച്ചു വിറച്ച് വെള്ളമൊഴിച്ച് അരിമാവ് തൂത്തുവാരി. മുറ്റത്ത് മെഴുകിയ ചാണകമടക്കം അടര്‍ന്നു വന്നു.
ജയേട്ടന്റെ ലുങ്കിയുടെ നിറം ഒരു മിന്നായം പോലെ കണ്ടതും ഹൃദയസ്പന്ദനം വേഗതയിലായി.
സാഷ്ടാംഗ പ്രണാമം ചെയ്തില്ലെന്നേയുള്ളു. ബാക്കിയുള്ള അടവുകള്‍ പലതും പയറ്റി.
ജയേട്ടന്‍ പറഞ്ഞു. ‘നടന്നതൊക്കെ നടന്നു. ഇനീപ്പൊ എന്താണൊരു മാര്‍ഗ്ഗം? നീ തന്നെ കണ്ടെത്ത്. വലിയ ബുദ്ധിമതിയല്ലേ?’
ഞാന്‍ പറഞ്ഞു. ‘ജയേട്ടാ, ശവത്തില്‍ കുത്തരുത്. പറ്റിയതു പറ്റി. എങ്ങനെയെങ്കിലും രക്ഷിക്കൂ. വലിയ ഏട്ടന്‍ ചമഞ്ഞ് നടന്നാല്‍ പോരാ. കുറച്ചൊക്കെ കരുണ കാണിക്കണം.’
‘ഓ… ഒരു പരോപകാരി. വിഷുക്കുടുക്കയിലെ പണം ആരെങ്കിലും കട്ടാലോന്ന് പേടിച്ച് കയ്യിന്ന് വയ്ക്കില്ല.’
‘ജയേട്ടാ … ഞാന്‍ കുറച്ചൊക്കെ സഹായിക്കാമെന്നേ.’ ഞാന്‍ ഗതികെട്ട് പറഞ്ഞു.
‘ങ്ഹാ… നോക്കട്ടെ.’ ജയേട്ടന്റെ ‘നോക്കട്ടെ’ എന്ന വാക്കിന് ഉറപ്പില്ലാത്തതുപോലെ തോന്നി.
ഞാന്‍ അവസാന അടവ് പ്രയോഗിച്ചു. കരച്ചില്‍ തുടങ്ങി.
ജയേട്ടന്‍ പറഞ്ഞു. ‘ഇനി രാഗം തുടങ്ങണ്ട. നമുക്ക് ശരിയാക്കാം. ഇവിടെ നില്‍ക്ക്. ഞാനിപ്പം വരാം.’
ജയേട്ടന്‍ ഉരല്‍പ്പുരയെ ലക്ഷ്യമാക്കി നടന്നു പോയി. കുറച്ചിട …
ഉരല്‍പ്പുരയിലുള്ള ചുണ്ണാമ്പിന്റെ ചെറിയ ചാക്കുമായി വന്നു.
വട്ടച്ചെമ്പ് കഴുകിയെടുത്ത് ചാക്ക് തുറന്ന് ചെമ്പില്‍ കുറച്ച് ചുണ്ണാമ്പിട്ടു.
ഉരല്‍പ്പുരയുടെ ചുമര് വെള്ളപൂശിക്കഴിഞ്ഞ് ബാക്കി വന്ന ചുണ്ണാമ്പ് അച്ഛമ്മ ചാക്കില്‍ കെട്ടി വച്ചതാണ്. മഴക്കാലം വന്നാല്‍ ചില ഭാഗങ്ങളില്‍ വഴുക്കാതിരിക്കാന്‍ അച്ഛമ്മ കല്‍ത്തറയില്‍ ചുണ്ണാമ്പിടുന്നത് കാണാം.
ജയേട്ടന്‍ ബാക്കി വന്ന ചുണ്ണാമ്പിന്റെ ചാക്ക് നല്ലപോലെ കെട്ടി ഉരല്‍പ്പുരയില്‍ കൊണ്ടു വയ്ക്കാന്‍ പോയി.
ചെല്ലന്‍ വന്നാല്‍ പദ്ധതി പൊളിയും. എന്റെ ക്ഷമകെട്ടു.
ഞാന്‍ ഒരു കോപ്പ വെള്ളം വട്ടച്ചെമ്പിലെ ചുണ്ണാമ്പിലൊഴിച്ചു. ഇളക്കാന്‍ കയിലും കോലും ഒന്നുമില്ല. കൈ ചെമ്പിലിട്ട് നല്ലപോലെ ഇളക്കാന്‍ തുടങ്ങി. ചുണ്ണാമ്പില്‍ വെള്ളം ചേര്‍ന്നപ്പോള്‍ കൈ പൊള്ളി. കണ്ണില്‍ നിന്ന് വെള്ളം ധാരധാരയായി ഉരുണ്ടു വീണു. അതും ചുണ്ണാമ്പു വെള്ളത്തില്‍ കലങ്ങി. കൈ ചുണ്ണാമ്പു വെള്ളത്തില്‍ നിന്നെടുത്തു നോക്കി. ഭാഗ്യത്തിന് തൊലി പോയിട്ടില്ല.
ജയേട്ടന്‍ ഉരല്‍പ്പുരയില്‍ നിന്ന് തിരിച്ചെത്തി. കാഴ്ച കണ്ട് ചെവി നുള്ളി പൊന്നാക്കി.
‘ചുണ്ണാമ്പില്‍ കൈയിട്ടാല്‍ പൊള്ളുമെന്നറിയാത്ത പണ്ഡിത ശിരോമണി.’ ജയേട്ടന്റെ വാക്കുകള്‍ എന്റെ ജ്ഞാനത്തിനേറ്റ ക്ഷതമായിരുന്നു.
ചെല്ലന്‍ സ്ഥലത്തെത്തുമ്പോഴേയ്ക്കും ജയേട്ടന്‍ എന്റെ കൈ പൊള്ളലിന് പ്രാഥമിക ശുശ്രൂഷകള്‍ നടത്തി. അതിലൊക്കെ എനിക്ക് സന്ദേഹമുണ്ടായിരുന്നു. പക്ഷേ, ചോദിച്ചില്ല. എന്തു വേണമെങ്കിലും കാട്ടിക്കൂട്ടട്ടെ. എനിക്ക് കന്നിന് കുറി തൊടുവിച്ചു കിട്ടിയാല്‍ മതിയായിരുന്നു.
തുടര്‍ന്ന് ജയേട്ടന്‍ കന്നിന്റെ കൊമ്പില്‍ ചുണ്ണാമ്പു പൂശി.
ഹാവൂ… പകുതി ആശ്വാസമായി.
ചെല്ലന്‍ തിരിച്ചെത്തിയപ്പോള്‍ പറയുന്നുണ്ടായിരുന്നു. ‘മൂത്താര് കുട്ട്യേ. ഇപ്രാവശ്യം വരേം കുറീം ഒരു ചൊവ്വല്ലല്ലോ.’
ജയേട്ടന്‍ പറഞ്ഞു. ‘അത്ര ജോറായാല്‍ മതി. ചെല്ലന്‍ നിലം ഉഴുത് വിത്തിട്ടേക്കൂ. അമ്മമ്മയെ വിളിക്കണ്ട. ഞാന്‍ വരാം.’
എന്തായാലും ചുണ്ണാമ്പരിമാവ് കുറി ചെല്ലനും മനസ്സിലാക്കിയിട്ട് നിശബ്ദനായിരിക്കുകയാണെന്നു തോന്നി.
ചെല്ലന്‍ രണ്ടു കന്നിനെ വയലിലേക്ക് ഉഴാനായി കൊണ്ടുപോയി.
ജയേട്ടന്‍ പിന്നിലും നടന്നു. ഞാനും ഒപ്പം കൂടി.
ചെല്ലന്‍ ചെറുകണ്ടം ഉഴുന്നതു നോക്കി ഞാനും ജയേട്ടനും കല്‍പ്പടവിലിരുന്നു.
ജയേട്ടന്‍ ഒന്നും മിണ്ടുന്നില്ല. ഞാന്‍ പാദസരം കിലുക്കി.
ജയേട്ടന്‍ എന്നെ നോക്കി. ഒരു ഗൂഢ മന്ദസ്മിതത്തോടെ പറഞ്ഞു.
‘ഇതിനു പ്രത്യുപകാരമായി വിഷുക്കുടുക്ക കനിയുമോ ആവോ? കാത്തിരുന്ന് കാണാം.’
എന്റെ ഇടനെഞ്ച് തകരുന്നതുപോലെ ഒരു ഒച്ച കേട്ടു.
ഞാനൊന്നും മിണ്ടിയില്ല.
ജയേട്ടന്‍ തുടര്‍ന്നു. ‘ഇന്ന് കിട്ടിയ കൈനീട്ടത്തിന്റെ പകുതി മതി. കൂടുതലൊന്നും വേണ്ട.’
ഞാന്‍ കല്‍പ്പടവുകള്‍ ചവിട്ടിയരച്ച് നടന്നു നീങ്ങി.
‘ആ കരിങ്കല്ലിന് വേദനിക്കില്ല. ചവിട്ടുനാടകം തുടര്‍ന്നാല്‍ നിന്റെ കാല് നോവും. പറഞ്ഞില്ലെന്നു വേണ്ട.’ ജയേട്ടന്റെ പറച്ചിലുകള്‍ അവഗണിച്ച് ഞാന്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ആ സുന്ദര മന്ദസ്മിതം അട്ടഹാസമായി മാറിയത് ഞാനറിയുന്നുണ്ടായിരുന്നു.
ദൈവേ… എന്റെ വിഷുക്കുടുക്കയുടെ തലയിലെഴുത്ത്. അല്ലാതെന്തു പറയാനാ…