കണിക്കൊന്നത്താലി ചാര്‍ത്തി, കനകത്തില്‍ കുളികഴിഞ്ഞ് –
മണിചൈത്രം വരവായി കാഴ്ചയുമായി
കനിവിന്റെ കൈനീട്ടം മേടരാശിപ്പൊന്‍പണവും,
അഴകുമായ് വന്നുചേര്‍ന്നു ‘വിഷുവ’മിപ്പോള്‍…….
നാട്ടുമാവിന്‍ കൊമ്പിലൊരു വിഷുപ്പക്ഷി മധുരമായ്
പാട്ടുപാടിയിരുന്നോര്‍മ്മക്കാഴ്ച നീട്ടുന്നു ……
നറുവെയില്‍ക്കമ്പി പാകും വയലിലും തൊടിയിലും
മണിമേടത്തിളക്കത്തിന്‍ തങ്കരശ്മികള്‍
കുളിച്ചീറന്മുണ്ടുമായി കരംകൂപ്പി മുത്തശ്ശിയാ –
ക്കറുത്തോട്ടു വിളക്കിനെ തങ്കമാക്കുന്നു.
അരിത്താലം, കായ്കനികള്‍, കുങ്കുമച്ചെപ്പും അഴകില്‍
മണിവര്‍ണ്ണ വിഗ്രഹവും മഞ്ഞത്തൊങ്ങലും –
ഒരുക്കുമ്പോള്‍ വിഷുവായി, സമൃദ്ധിതന്‍ വരവായി
കന്നിവിളയ്ക്കിളയൊരുങ്ങും നേരവുമായി
കസവാട ചുറ്റിയെത്തും വിഷുവാസരമെത്രയെത്ര
കനിവിന്റെ ചിത്രമല്ലേ പകര്‍ന്നിടുന്നു……. !
കാണാത്ത കാറ്റിലുണ്ട് വെള്ളിനാണ്യക്കിലുക്കങ്ങള്‍
കാടുചുറ്റിവരുന്നുണ്ട് മഞ്ഞപൈങ്കിളികള്‍
ചെമ്പഴുക്കാനിറമെഴും നൂറുകൂട്ടം കനികളീ
താംബാളത്തില്‍ നിറയുന്നു വിഷുവണയുമ്പോള്‍
എനിയ്ക്കുള്ളംനിറച്ചോര്‍മ്മകള്‍ -വിഷുക്കൈനീട്ടമായ് വന്ന് –
മുഴുക്കാപ്പും പൂപ്പടയും ഒരുക്കിനില്‍പ്പൂ,
തിളക്കത്തില്‍ മഞ്ഞലോഹ നിറക്കൂട്ടില്‍ വിരുന്നെത്തുന്ന
വിഷുവമേ, വിഷുക്കാറ്റേ വന്നണഞ്ഞാലും
പൂമ്പരാഗം പൂശിയെത്തും മേട പൈങ്കിളിപ്പെണ്ണേ –
പാടിയാലും നീ മധുര ചൈത്രഭൂപാളം.
വയല്‍പ്പച്ചയില്‍പ്പൂക്കും പൂവള്ളിയില്‍ മലമേട്ടില്‍
സമൃദ്ധിതന്‍ താലങ്ങള്‍ നീ നിറച്ചുവെച്ചു
കണികാണാന്‍ എനിയ്ക്കിത്തിരി കണിക്കൊന്നപ്പൂങ്കുലയും
കരുതലായ് കൈനീട്ടവും കൊണ്ടുവന്നാലും .
മലനാടിനു താലിതീര്‍ക്കും സുഭഗസുന്ദരങ്ങളാം
മണിച്ചിത്രം തീര്‍ത്തുവെയ്ക്കും ചൈത്രമാസമേ……. !
പൂത്തുലഞ്ഞുവിലസുന്ന താഴ്‌വരപ്പൂങ്കൊന്നയായി
കാറ്റിലാടിയുലഞ്ഞു നീ മോടി തീര്‍ത്താലും
എനിക്കേറ്റം പ്രിയമെഴുന്ന വിഷുച്ചിത്രമെഴുതുന്ന –
മണിമേടക്കണിയായി നീയണഞ്ഞാലും,
കിഴക്കുപൂക്കും കുന്നിന്റെ നിറുകയില്‍ പൊന്നുപൂശാന്‍
കസവുതാലവുമായി ഒരുങ്ങിയെത്തൂ.
മധുരിക്കും സ്മൃതികള്‍തന്‍ കണിക്കൊന്ന വിരിയിച്ചു
മനസ്സിലും പൂക്കണിയായ് പൂത്തുനില്പ്പൂ നീ.
മേടരാവേ, പുലരിയില്‍ നീ കണിവെച്ചൊരുക്കുന്ന
മോഹനമാം കാഴ്ച്ചയിലെന്‍ കണ്‍കുളിരട്ടെ!
നീ തരുന്ന കൈനീട്ടമാം വെള്ളിനാണ്യക്കിലുക്കങ്ങള്‍
കാതിലെങ്ങും ഇമ്പമായി മുഴങ്ങി നില്‍ക്കട്ടെ.