തിരുമാന്ധാംകുന്ന്‌ക്ഷേത്രത്തിലെ പച്ച പെയിന്റും ഗുരുവായൂരിലെ പച്ച മേല്‍മുണ്ടും ഒറ്റപ്പെട്ടതല്ല. ഇത് ആസൂത്രിത അജണ്ടയുടെ ഭാഗമാണ്. അതേ അജണ്ടയുടെ ഭാഗമായി തന്നെയാണ് ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമി അന്യാധീനമാകുന്നതും. കേരളത്തിലെ ഹിന്ദുസമൂഹം ഈ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് പ്രതികരിക്കുന്നുണ്ടെന്ന് കരുതുന്നില്ല. ഇന്ന് ജാതികളുടെയും ജാതിസംഘടനകളുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പരസ്പരം മല്ലടിക്കുന്നതും പോരാടുന്നതും ഹിന്ദുസമൂഹം മാത്രമാണ്. ഇതിനൊരു അപവാദം ക്രൈസ്തവ സഭകളിലെ പള്ളിത്തര്‍ക്കപ്രശ്‌നം മാത്രമാണ്. പക്ഷേ, ക്രൈസ്തവസമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍, പ്രത്യേകിച്ചും ലൗജിഹാദ് മുതല്‍ ഹലാല്‍ ഭക്ഷണം വരെയുള്ള വിശ്വാസത്തിന്റെയും ആരാധനയുടെയും പ്രശ്‌നങ്ങളില്‍, കാസയുടെ നേതൃത്വത്തിലും മറ്റും ക്രിസ്തീയസഭകള്‍ ഐക്യത്തിന്റെ പാതയിലെത്തുകയും ഈ പ്രശ്‌നങ്ങള്‍ക്കെതിരെ വിശ്വാസികള്‍ക്കിടയിലും പള്ളികളിലും അതിശക്തമായ പ്രചാരണം നടത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം വരവോടെ ഇസ്ലാമിക ഭീകര സംഘടനകള്‍ക്കും പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും അടക്കമുള്ള മതഭീകരവാദികള്‍ക്കും അതിശക്തമായ പ്രാധാന്യം കൈവരികയും അവരുടെ അടിമകളോ ഏറാന്‍മൂളികളോ ആയി സി.പി.എം മാറുകയും ചെയ്തു. ഇത് ഇടതുമുന്നണിയിലെ ഘടകക്ഷികള്‍ക്ക് മാത്രമല്ല, സി.പി.എമ്മിലെ തന്നെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്കും ശക്തമായ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിലും തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിലും ഒക്കെതന്നെ വളരെ കുറച്ചുപേരെങ്കിലും പാര്‍ട്ടിയിലെ ജിഹാദ്‌വത്കരണത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. എറണാകുളം ജില്ലാ സമിതിയില്‍ നിന്ന് പുറത്തുപോയ ഒരാളെങ്കിലും ഇതേക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേരളത്തിലെ സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനികളും മനസ്സിലാക്കേണ്ടതാണ്.
കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള ക്ഷേത്രങ്ങള്‍ തന്ത്രസമുച്ചയത്തിലെയും മറ്റ് തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ളതാണ്. രാജഭരണകാലം മുതല്‍ തന്നെ മിക്ക ക്ഷേത്രങ്ങളുടെയും നിത്യനിദാനത്തിനും നടത്തിപ്പിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഒക്കെയായി ധാരാളം സ്ഥലങ്ങളും നിലങ്ങളും ഒക്കെതന്നെ മാറ്റിവെച്ചിട്ടുണ്ട്. കാലാകാലങ്ങളായി ഇടതുമുന്നണിയും വലുത് മുന്നണിയും മാറിമാറി ഭരിച്ചപ്പോള്‍ ഈ ക്ഷേത്രസ്വത്തുക്കള്‍ പലതും അന്യാധീനപ്പെടുകയും കയ്യേറ്റം നടത്തി അപഹരിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദുക്കളുടെ അസംഘടിതാവസ്ഥയും നോട്ടക്കുറവും കാരണം ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിലും ആചാരങ്ങളിലും ഒക്കെതന്നെ കോട്ടം വരുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
കഴിഞ്ഞദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടെ ഒരു വിഭാഗം ജീവനക്കാര്‍ പച്ച നിറത്തിലുള്ള ഉത്തരീയം ധരിച്ചിരിക്കുന്നു. ഗുരുവായൂരിലെ പുതിയ ഭരണസമിതിയുടെ തീരുമാനമാണ് ഈ പച്ച ഉത്തരീയം. മഞ്ഞപ്പട്ടുടുത്ത് വനമാല ചൂടി, തിരുമുടിക്കുടന്നയില്‍ തുളസിക്കതിരും മയില്‍പ്പീലിയും കയ്യില്‍ പൊന്നോടക്കുഴലുമായും എത്തുന്ന കണ്ണന്റെ ചിത്രം മലയാളികളുടെ ഹൃദയത്തില്‍ ചരിത്രാതീതകാലം മുതലുള്ളതാണ്. രാജഭരണകാലം മുതല്‍ ഇന്നുവരെയുള്ള ഗുരുവായൂരിന്റെ ചരിത്രത്തില്‍ ഉദ്യോഗസ്ഥര്‍ പച്ച ഉത്തരീയം ധരിച്ച് നടക്കുന്നത് കണ്ടിട്ടില്ല, കേട്ടിട്ടില്ല, എവിടെയും വായിച്ചിട്ടില്ല, അറിഞ്ഞിട്ടില്ല. ആര്‍ക്കാണ് കണ്ണന്റെ മഞ്ഞപ്പട്ടിന് പകരം ഗുരുവായൂരില്‍ പച്ച കയറ്റാന്‍ ഇത്രയധികം താല്പര്യം? അതേ താല്‍പര്യം തന്നെയാണ് തിരുമാന്ധാംകുന്നിലും കണ്ടത്. കേരളത്തിലെ ക്ഷേത്രങ്ങളുടെ വാസ്തുശില്‍പ്പ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാമിക നിര്‍മ്മാണശൈലിയില്‍ പള്ളികളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും രീതിയില്‍ തിരുമാന്ധാംകുന്നിലെ ക്ഷേത്ര ഓഫീസിന്റെ നിര്‍മ്മാണം നടത്തുകയും പച്ചനിറം പൂശുകയും ചെയ്ത താല്പര്യം ആരുടേതാണ്? വ്യാപകമായ ജനരോഷത്തെ തുടര്‍ന്ന് പെയിന്റ് മാറ്റിയെങ്കിലും കെട്ടിടത്തിന്റെ നിര്‍മ്മാണശൈലി അതേ രീതിയില്‍ തുടരുകയാണ്. ഇതു മാറ്റണ്ടേ? കഴിഞ്ഞില്ല, ക്ഷേത്രത്തിന്റെ ഭൂമിയുടെ ഊരാണ്മ ഒരു മുസ്ലിം സ്ത്രീയുടെ പേരില്‍ മാറ്റപ്പെട്ടത് എങ്ങനെയാണ്? ആരാണിതിന് ഉത്തരവാദി? ഇത് പരിഹരിക്കണ്ടേ? കുറ്റവാളികളെ കണ്ടെത്തേണ്ടേ? ഹിന്ദുസമൂഹം നിശ്ശബ്ദമായിരുന്നാല്‍ ഇതിന് പരിഹാരം ഉണ്ടാകുമോ? മൊത്തം ഹിന്ദുക്കളുടെയും ആരാധനയും ജീവിതവുമായി ബന്ധപ്പെട്ട ഈ സംഭവങ്ങളില്‍ എന്തുകൊണ്ടാണ് കേരളത്തിലെ പ്രബലരായ സമുദായ സംഘടനകള്‍ നിശ്ശബ്ദത പാലിക്കുന്നത്? അധ്യാപക നിയമനവും കോഴപ്പണവും മാത്രമാണോ സമുദായ സംഘടനകള്‍ക്ക് താല്പര്യം? സാധാരണ ഹിന്ദുവിന്റെ അഭിമാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങളാണ് കേരളത്തിലുടനീളം ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഗുരുവായൂരില്‍ പരമ്പരാഗതമായി ക്ഷേത്രത്തിലെ നിത്യനിദാനച്ചടങ്ങുകള്‍ നടത്തുന്ന ആള്‍ക്കാര്‍ക്കെതിരെ ഭരണതലത്തിലുള്ള ചിലര്‍ നടത്തുന്ന അതിക്രമങ്ങള്‍ കണ്ണന്റെ സോപാനത്തില്‍ പോലും കണ്ണീര്‍ വീഴ്ത്തുന്നതാണ്. ക്ഷേത്രത്തില്‍ ഭരണാധികാരികളായി എത്തുന്ന പലരും ക്ഷേത്രത്തിലെ ചടങ്ങുകളും ആചാരങ്ങളും മാത്രമല്ല, അവകാശമുള്ള കുടുംബങ്ങളുടെ വിശദാംശങ്ങളും ചടങ്ങുകളും അറിയാത്തവരാണ്. മൊത്തത്തില്‍ ഒരു സിപി എം ഈജിയന്‍ തൊഴുത്തായി ഗുരുവായൂര്‍ മാറിക്കഴിഞ്ഞു. ഇവിടെയും ഭക്തര്‍ സംഘടിച്ച് കാര്യങ്ങള്‍ യഥാവിധി കൊണ്ടുപോകാനുള്ള നടപടികള്‍ ഉണ്ടാകണം.
തിരുവനന്തപുരത്ത് പാളയം മുസ്ലിംപള്ളി വരുന്നതിനുമുമ്പ് അവിടെ ഒരു ഗണപതിക്ഷേത്രം ഉണ്ടായിരുന്നു. നഗരത്തിന്റെ ഹൃദയത്തില്‍ രാജഭരണകാലത്ത് തന്നെ 91 സെന്റ് സ്ഥലം ഉണ്ടായിരുന്ന ഗണപതി കോവില്‍ ഇന്ന് എട്ടു സെന്റിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇതിന്റെ ബാക്കി സ്ഥലം മുഴുവന്‍ കയ്യേറിയിരിക്കുകയാണ്. കയ്യേറ്റക്കാരില്‍ ചിലര്‍ കയ്യേറിയ ഭൂമിയുടെ അവകാശത്തിനും പട്ടയത്തിനുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇസ്ലാമിക ഭീകരവാദികളും തീവ്രവാദ സംഘടനകളും ആവശ്യപ്പെടുന്നത് എന്തും അതേപടി അംഗീകരിച്ചു കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി സര്‍ക്കാരും ഈ ക്ഷേത്രത്തിന്റെ സ്ഥലവും പതിച്ചു കൊടുക്കാനുള്ള എല്ലാ സാധ്യതയും കാണുന്നു. കേരളത്തിലുടനീളം ഈ അവസ്ഥ കാണാം. അന്യാധീനപ്പെട്ട ഭൂമി കണ്ടെത്താനും തിരിച്ചുപിടിക്കാനും ഒരു ട്രിബ്യൂണല്‍ രൂപീകരിക്കാനും നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനും ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതാണ്. ട്രിബ്യൂണല്‍ ഉടന്‍ രൂപീകരിക്കുമെന്ന് പിണറായി സര്‍ക്കാരിന്റെ ആദ്യ ടീമില്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ തന്നെ ഉറപ്പുനല്‍കിയതാണ്. എന്നാല്‍ ഇന്നുവരെ ട്രിബ്യൂണല്‍ രൂപീകരിച്ചതായോ നടപടികള്‍ തുടങ്ങിയതായോ അറിയില്ല.
ശബരിമല വിമാനത്താവളം എന്നപേരില്‍ പുതിയ വിമാനത്താവളം തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള ചെറുവള്ളി എസ്റ്റേറ്റും ഇതേപോലെ തന്നെ ദേവസ്വം ഭൂമിയാണ്. ചെറുവള്ളി ദേവസ്വത്തിന്റെയും പശ്ചിമദേവസ്വത്തിന്റെയും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് വ്യാജരേഖകള്‍ ഉണ്ടാക്കി ബിലീവേഴ്‌സ് ചര്‍ച്ച് അടക്കം കൈയടക്കിയിട്ടുള്ളത്. വ്യക്തമായ രേഖകള്‍ ഉണ്ടായിട്ടും ഈ സ്ഥലം തിരിച്ചുപിടിക്കാതെ അത് ഏറ്റെടുത്ത് ബിലീവേഴ്‌സ് ചര്‍ച്ചിന് പണം കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിലും ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം അനിവാര്യമാണ്.
ഇവിടെയാണ് കേരളത്തിലെ ഹിന്ദുസമൂഹത്തിന്റെയും ഭക്തരുടെയും ഇടപെടല്‍ അനിവാര്യമാകുന്നത്. ഓരോ ക്ഷേത്രത്തിലും പ്രതിഷ്ഠ നടക്കുമ്പോള്‍ തന്ത്രശാസ്ത്രവിധിപ്രകാരം പ്രാണപ്രതിഷ്ഠയാണ് നടക്കുന്നത്. തന്ത്രിയുടെ ജീവന്റെ ഒരു ഭാഗമാണ് ഓരോ പ്രതിഷ്ഠയിലേക്കും സന്നിവേശിക്കപ്പെടുന്നത്. പ്രതിഷ്ഠ നടത്തുന്ന ഓരോ ക്ഷേത്രങ്ങളിലും ദേവനെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് പരിപാലിച്ചു കൊള്ളാമെന്നും നിത്യനിദാനങ്ങളും ഉത്സവങ്ങളും മറ്റ് ചടങ്ങുകളും നടത്തിക്കൊള്ളാമെന്നും ഭക്തര്‍ പ്രതിജ്ഞയെടുക്കുന്നതാണ് പ്രതിഷ്ഠാ ചടങ്ങുകളിലെ ഒരു ഇനം തന്നെ. കേരളത്തിന്റെ ജൈവ ആവാസവ്യവസ്ഥകള്‍ നിലനിര്‍ത്തുന്നതിലും കാലാവസ്ഥയും ജീവിതവും കൃഷിയും ഒക്കെതന്നെ പരിപാലിക്കുന്നതിലും കാവുകള്‍ക്കും കുളങ്ങള്‍ക്കും ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള വനങ്ങള്‍ക്കും ഒക്കെതന്നെ പങ്കുണ്ടായിരുന്നു. നിസ്വാര്‍ത്ഥരായ ഭക്തരും പൂര്‍വികരും കെട്ടിപ്പടുത്ത ഓരോന്നും അശ്രദ്ധമായി കൈയൊഴിച്ചും നഷ്ടപ്പെടുത്തിയും പോകുന്ന ധൂര്‍ത്ത പുത്രന്മാരായി ഹിന്ദുസമൂഹം മാറിയോ എന്നകാര്യം നെഞ്ചില്‍ കൈവെച്ച് ആലോചിക്കണം. കോടതി വിധികള്‍ അനുസരിച്ചും നിയമസംവിധാനം അനുസരിച്ചും ഓരോ ക്ഷേത്രത്തിലെയും പ്രതിഷ്ഠക്ക് മൈനറായ വ്യക്തിയുടെ അവകാശാധികാരങ്ങളാണ് ഉള്ളത്. ക്ഷേത്ര ഭാരവാഹികള്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ക്കും ഈ മൈനറിന്റെ സ്വത്ത് പരിപാലിക്കാനും ദൈനംദിന കാര്യങ്ങള്‍ നടത്താനുമുള്ള അധികാരമാണ് നിക്ഷിപ്തമായിട്ടുള്ളത്. ക്ഷേത്രസ്വത്ത് കൈമാറാനോ അന്യാധീനപ്പെടുത്താനോ ഉള്ള അധികാരം ദേവസ്വം ബോര്‍ഡുകള്‍ക്കോ ക്ഷേത്ര ഭരണാധികാരികള്‍ക്കോ കേന്ദ്രസംസ്ഥാന സര്‍ക്കാരിനോ ഇല്ല. ദേശീയപാതയുടെ വികസനത്തില്‍ പോലും ഏറ്റെടുക്കപ്പെട്ട ക്ഷേത്രഭൂമികള്‍ക്ക് പകരം ഭൂമിയോ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ല. പലയിടത്തും ഇസ്ലാമിക ഭീകരരെയും വോട്ടുബാങ്കിനെയും കണക്കിലെടുത്ത് റോഡുകളുടെ അലൈന്‍മെന്റില്‍ പോലും വന്നിട്ടുള്ള മാറ്റം ശ്രദ്ധേയമാണ്. ചില പള്ളിക്കാര്‍ ഉയര്‍ത്തിയിട്ടുള്ള തര്‍ക്കം മൂലം റോഡ് നിര്‍മ്മാണം മാസങ്ങളോ കൊല്ലങ്ങളോ തടസ്സപ്പെട്ടതും കാണാം.
2023 മാര്‍ച്ച് 23 ന് പുല്‍പ്പള്ളി സീതാദേവി ലവകുശക്ഷേത്രം സംബന്ധിച്ച് വന്ന ഹൈക്കോടതി ഉത്തരവ് ശ്രദ്ധേയമാണ്. രേഖകള്‍ അനുസരിച്ച് 14,000 ഏക്കര്‍ ഭൂമിയാണ് ഈ ക്ഷേത്രത്തിനുള്ളത്. വാല്മീകി ആശ്രമവും സീത അന്തര്‍ദ്ധാനം ചെയ്തതും, ലവകുശന്മാര്‍ അശ്വമേധയാഗത്തിലെ കുതിരയെ പിടിച്ചുകെട്ടിയതും ഇവിടെയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ദേവസ്വം വക 14,000 ഏക്കര്‍ ചുരുങ്ങി ഇന്ന് 21 ഏക്കറായി. സര്‍ക്കാര്‍ സ്ഥാപനങ്ങളും പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡും എല്ലാം ദേവസ്വം ഭൂമിയിലാണ്. ഒരു വികസനപ്രവര്‍ത്തനത്തിനും ഹിന്ദു സമാജം തടസ്സം നിന്നിട്ടില്ല. നാല് പാരമ്പര്യേതര ട്രസ്റ്റിമാര്‍ ഭരണം നടത്തേണ്ടിടത്ത് ഇപ്പോഴുള്ളത് ഒരാള്‍ മാത്രമാണ്. ഇപ്പോഴത്തെ ട്രസ്റ്റി സ്വന്തം ഇഷ്ടപ്രകാരം 70 സെന്റ് സ്ഥലം കൂടി പഞ്ചായത്തിന് വിട്ടുകൊടുക്കാന്‍ നടത്തിയ ശ്രമമാണ് ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സമരസമിതി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങിയത്. സ്ഥലം വിട്ടുകൊടുക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ട്രസ്റ്റിമാര്‍ വസ്തുവകകളുടെ സൂക്ഷിപ്പുകാര്‍ മാത്രമാണെന്ന ശ്രദ്ധേയ പരാമര്‍ശവും ഉണ്ടായിട്ടുണ്ട്. കേരളം മുഴുവന്‍ ക്ഷേത്രഭൂമിക്കു വേണ്ടിയുള്ള ഒരു വിമോചനസമരം അനിവാര്യമാണ്. എല്ലാ പഞ്ചായത്തുകളിലും ഇതിനായി ഹിന്ദുക്കള്‍ സംഘടിച്ച് ദൈവത്തിന്റെ ഭൂമി ദൈവത്തിനു കൊടുക്കാന്‍ ശ്രമിച്ചാലേ കഴിയൂ.
കഴിഞ്ഞദിവസം സുല്‍ത്താന്‍ബത്തേരിയില്‍ നിന്നുള്ള മറ്റൊരു സംഭവം കൂടി ശ്രദ്ധയില്‍ വന്നു. ബത്തേരി കുത്തല്ലൂര്‍കുന്ന് ക്ഷേത്രത്തിനു സമീപമുള്ള ഫ്‌ളവര്‍ സ്റ്റാള്‍ ഒരു ഇസ്ലാംമത വിശ്വാസിയുടേതാണ്. ക്ഷേത്രത്തില്‍ വരുന്ന ഭക്തരെല്ലാം ഇവിടെ നിന്നാണ് പൂവും മാലയും വാങ്ങുന്നത്. അടുത്തിടെ ക്ഷേത്രത്തില്‍ നടന്ന ലക്ഷംവിളക്കിന് ഭാരവാഹികള്‍ പിരിവിനെത്തി. വെറും 20 രൂപയുടെ കൂപ്പണ്‍ കൊടുത്തപ്പോള്‍ കടയുടമ പറഞ്ഞു, അനിസ്ലാമികമായ ചടങ്ങുകള്‍ക്ക് പിരിവ് നല്‍കാന്‍ മുസ്ലീമായ തനിക്ക് കഴിയില്ലെന്ന്. ഇസ്ലാമായ ഈ കടക്കാരന്റെ കടയില്‍ നിന്ന് പൂക്കളും എണ്ണയും മാലയുമൊക്കെ ഭക്തര്‍ വാങ്ങുന്നത് എന്ത് അടിസ്ഥാനത്തിലാണ്? കഴിഞ്ഞില്ല, കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും ഒക്കെത്തന്നെ ഇസ്ലാംമത വിശ്വാസികള്‍ ക്ഷേത്രസങ്കേതങ്ങള്‍ക്ക് സമീപം വ്യാപകമായി കടകള്‍ തുടങ്ങുന്നുണ്ട്. തിരുവനന്തപുരത്ത് പല ക്ഷേത്രസങ്കേതങ്ങളിലും അവര്‍ എത്തിക്കഴിഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയില്‍ പോലും കട തുടങ്ങാന്‍ അവര്‍ പലതവണ വിഫലശ്രമം നടത്തിക്കഴിഞ്ഞു. അഗ്രഹാരങ്ങളും മറ്റും വിലയ്ക്കുവാങ്ങാനുള്ള ശ്രമവും നടക്കുന്നു. തമിഴ്‌നാട്ടില്‍ വിലയ്ക്കു വാങ്ങിയ അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചുകഴിഞ്ഞു. ഗുരുവായൂരിലും ഏറ്റുമാനൂരിലും ഒക്കെ ഈ കളി സജീവമാണ്. ഗുരുവായൂരില്‍ ഗുരുവായൂരപ്പനൊഴികെ ബാക്കിയെല്ലാം ഇസ്ലാമാണ് എന്ന് തമാശയ്‌ക്കെങ്കിലും നാട്ടുകാര്‍ പറയുന്നു. ഇവിടെ ഹിന്ദുക്കളെ ബിനാമിയായി നിര്‍ത്തിയാണ് ഭീകരസംഘടനാ പ്രവര്‍ത്തകര്‍ പോലും കടകള്‍ എടുക്കുന്നത്. ഇതിനെക്കുറിച്ച് സജീവമായി, ശക്തമായി ആലോചിക്കാനും പ്രതികരിക്കാനും ഹിന്ദുക്കള്‍ക്ക് കഴിയണ്ടേ? ദുരവസ്ഥയില്‍ പറഞ്ഞ ഭിന്നിപ്പിന്റെ ചട്ടുകം പിടിച്ച് ജാതിസംഘടനകള്‍ സ്വന്തം കുടുംബക്കാരെ മാത്രം പോറ്റിവളര്‍ത്തുമ്പോള്‍, രാഷ്ട്രവിരുദ്ധ ശക്തികളും ഹിന്ദുവിരുദ്ധരും വിഷം പടര്‍ത്തുകയാണ്. ക്രിസ്തീയസമൂഹം ഒരു പരിധിവരെ ഇത് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇനിയും ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും രാഷ്ട്രീയത്തിന്റെ മോഹവലയത്തില്‍പ്പെട്ടവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളം സമീപഭാവിയില്‍ കാശ്മീരിന്റെ അവസ്ഥയിലേക്ക് പോകും. എല്ലാ സ്ഥലത്തെയും ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി ഉണര്‍ന്ന് അണിനിരന്നേ മതിയാകൂ.