2023-24ലെ സംസ്ഥാന ബജറ്റ് അവതരണത്തിന്റെ ഉപസംഹാരത്തില്‍ ബജറ്റിന്റെ ലക്ഷ്യത്തെക്കുറിച്ച് ധനകാര്യമന്ത്രി വിശദീകരിക്കുകയുണ്ടായി. നവകേരളം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇടതു ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും, കേരളത്തെ ഏതൊരു വികസിതരാജ്യത്തിനും സമമായ ജീവിതസൗകര്യത്തിലേക്കും അടിസ്ഥാനസൗകര്യവികസനത്തിലേക്കും നയിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനകാര്യ മന്ത്രി അവകാശപ്പെട്ടു. അതിലേക്കുള്ള കാല്‍വെപ്പാണ് കേരളത്തിന്റെ ബജറ്റ്. കേന്ദ്ര ധനകാര്യമന്ത്രിയുടെ ചില പദ്ധതികളും വാക്കുകളും കടമെടുത്തു നടത്തിയ നയപ്രഖ്യാപനമായി മാത്രം ഇതിനെ കണ്ടാല്‍ മതി. കേരളത്തെ ലോക ഗുരുവാക്കുമെന്ന് പറയാത്തത് ഭാഗ്യം. തികച്ചും പാപ്പരായ സാമ്പത്തിക അവസ്ഥയാണ് ബജറ്റില്‍ പ്രതിഫലിച്ചിട്ടുള്ളത്. അതേ സമയം ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ ഈ ബജറ്റ് തയ്യാറാക്കല്‍ ഒരു ഹാര്‍ഡ് ബജറ്റ് പ്രതിസന്ധിയായിരുന്നുവെന്ന് ധനകാര്യമന്ത്രി തന്നെ തുറന്നു സമ്മതിച്ചതുമാണ്.
പലഘട്ടത്തിലും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണം കേന്ദ്രനയങ്ങളാണെന്ന് ധനമന്ത്രി ആവര്‍ത്തിക്കുന്നുമുണ്ട്. അതുകൊണ്ട് ”ഭരണഘടനാമൂല്യങ്ങളെ തകര്‍ക്കുകയും സംസ്ഥാനങ്ങളുടെ ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നതുമായ” കേന്ദ്ര നയങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ച് ചെറുത്തുനില്പ് നടത്തുമെന്ന ഭീഷണിയും ധനകാര്യമന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ധൂര്‍ത്തും, പാഴ്ചിലവുകളും നിയന്ത്രിക്കാനും പുതിയ വികസനപദ്ധതികള്‍ ആരംഭിക്കാനും, വലിയതോതില്‍ വിഭവസമാഹരണം നടത്താനും ധനമന്ത്രിക്ക് കഴിഞ്ഞിട്ടുമില്ല.
വരവ് ചിലവുകള്‍
1,35,418.67 കോടി രൂപ വരവും, 1,59,360.91 കോടി ചിലവും 23,982.91 കോടിയുടെ റവന്യു കമ്മിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. നടപ്പുവര്‍ഷം റവന്യുകമ്മി റവന്യു ചിലവിന്റെ 13.35 ശതമാനമായിരുന്നത് പുതിയ ബജറ്റില്‍ 15.02 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2022-23 ലെ ബജറ്റില്‍ റവന്യു വരുമാനത്തിന്റെ 71 ശതമാനവും പലിശ (19.4%) ശമ്പളം (31.3%), പെന്‍ഷന്‍ (20%) എന്നിവയ്ക്കാണ് മാറ്റിവെച്ചിരുന്നത്. നടപ്പുബജറ്റിലും അത് ഒട്ടും കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. നടപ്പാക്കിവരുമ്പോള്‍ 75 ശതമാനത്തിലധികമാകാനും സാദ്ധ്യതയുണ്ട്. 2023-24ലെ ബജറ്റില്‍ പലിശബാദ്ധ്യത സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ (own resources)26.7 ശതമാനമായി വര്‍ദ്ധിച്ചിട്ടുള്ളത് ആശങ്കാജനകമാണ്. അതോടൊപ്പം ശമ്പളവും പെന്‍ഷനും ചേര്‍ന്നാല്‍ തനതുവരുമാനത്തിന്റെ 69.6 ശതമാനമാണ്. അതായത്, പലിശ, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കു മാത്രമായി തനതു വരുമാനത്തിന്റെ 96.3 ശതമാനം ചിലവഴിക്കുകയാണ്.
സംസ്ഥാനത്തിന്റെ വരുമാനത്തില്‍ 46 ശതമാനം സ്വന്തം നികുതിവരുമാനമാണ്. 10 ശതമാനം നികുതി ഇതര വരുമാനവും 28 ശതമാനം കേന്ദ്രവിഹിതവുമാണ്. 23 ശതമാനം മൂലധനവരുമാനമെന്ന ഓമനപ്പേരിലുള്ള വായ്പകളാണ്. റവന്യുകമ്മി സംസ്ഥാന വരുമാനത്തിന്റെ (എസ്.ജി.ഡി.പി) 2.1 ശതമാനവുമാണ്. റവന്യുകമ്മി നടപ്പുവര്‍ഷത്തെ 2.6ലും കുറയാനിടയില്ല എന്നാണ് മുന്‍കാല അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. ‘സംസ്ഥാനത്തിന്റെ ജി.ഡി.പിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബജറ്റുകള്‍ ചെറുതായി വരുന്നത് ആശങ്കാജനകമാണ്. 2020-21ല്‍ ജിഡിപിയുടെ 18.1 ശതമാനമായിരുന്നു ബജറ്റ്, 2021-28ല്‍ 16.4 ശതമാനമായി കുറയുകയും 2023 – 24ല്‍ മൊത്തം ബജറ്റ് ചിലവ് ജിഡിപിയുടെ 15.6 ശതമാനമായി കുറയുകയുമാണുണ്ടായത്.
അതുപോലെ സംസ്ഥാനത്തിന്റെ മൂലധന ചിലവ് വര്‍ഷം തോറും തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നത് അപകടകരമായ അവസ്ഥയാണ്. 2020-21ല്‍ സംസ്ഥാന ജിഡിപിയുടെ 1.7 ശതമാനമായിരുന്ന മൂലധന ചിലവ് 2022-23 ലെ പുതുക്കിയ കണക്കുകളനുസരിച്ച് (Revised Budget estimate) 1.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2023-24ലെ ബജറ്റില്‍ അത് വീണ്ടും കുറഞ്ഞ് 1.3 ശതമാനമായിരിക്കുന്നു. വര്‍ഷവസാനം ഇനിയുമത് കുറയാനാണ് സാദ്ധ്യത. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി മൂലധന ചിലവില്‍ 30-35 ശതമാനം വെട്ടിക്കുറവ് നടത്തേണ്ട അവസ്ഥയിലായിരുന്നു കേരളത്തിലെ ധനസ്ഥിതി. 2013നും 2018-19നും ഇടയ്ക്ക് 8 വര്‍ഷത്തിനകത്ത് 2015-16ല്‍ മാത്രമാണ് മൂലധന നിക്ഷേപം 10 ശതമാനം കവിഞ്ഞത്. അതിനുശേഷവും ഈ ദുരവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ വികസനം മുരടിക്കുകയാണുണ്ടായത്.
കടക്കെണിയുടെ ഭീഷണി
സംസ്ഥാനത്തിന്റെ പൊതുകടം എല്‍.ഡി.എഫ് 7 വര്‍ഷം മുമ്പ് അധികാരത്തില്‍ വരുമ്പോള്‍ 1.57 ലക്ഷം കോടി രൂപയായിരുന്നത് 3.9 ലക്ഷം കോടി കവിഞ്ഞിരുന്നു. ഇതില്‍ കിഫ്ബിയുടെ 20000 കോടിയോളം രൂപയുടെ ബാദ്ധ്യതയും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഗ്യാരന്റി നിന്ന തുകയും ഉള്‍പ്പെടില്ല. 2020-21ല്‍ 31,714 കോടിരൂപയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയിരുന്നത്. 2022-23 കാലത്തേക്ക് റിസര്‍വ്വ് ബാങ്ക് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെകുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 2022-23ല്‍ കേരളത്തിന്റെ പൊതുകടം 3,90,859.5 കോടിയായി വര്‍ദ്ധിക്കുമെന്ന് കണക്കാക്കിയിരുന്നു. ഇത് സംസ്ഥാന ജി.ഡി.പി.യുടെ 39.1% ശതമാനമാകും.
കട-ജി.ഡി.പി അനുപാതം കടംകൂടുന്നതിന്റെ സൂചന മാത്രമാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം കടം തിരിച്ചടക്കാനുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയി ല്ലായ്മയാണ്. 2022-23 ല്‍ പൊതുകടം സംസ്ഥാന റവന്യുവിന്റെ 306 ശതമാനത്തിലധികമായിരുന്നു. ഇത് 2023-24ല്‍ വീണ്ടും ഉയരാനാണ് സാദ്ധ്യത. ഏറ്റവും അപകടകരമായ കാര്യം പൊതുകടം 20-21ല്‍ സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ (ീംി ൃലീൌൃരല)െ 362 ശതമാനമായി ഉയര്‍ന്നിരുന്നു എന്നതാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തോടെ അത് 400 ശതമാനം കടന്നേക്കും. ഈ സാഹചര്യത്തില്‍ കടം തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കൂപ്പുകുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് താല്‍ക്കാലിക നിലനില്പിനുവേണ്ടി തിരിച്ചടവിന് മോറട്ടോറിയത്തിനു ശ്രമിക്കുന്നത്. തിരിച്ചടവ് നീട്ടിവെച്ച് തല്‍ക്കാലം രക്ഷപ്പെടാനും അടു ത്ത സര്‍ക്കാരിന്റെ തലയില്‍ ഈ ഭാരം കെട്ടിവെയ്ക്കാനുമുള്ള സര്‍ ക്കാറിന്റെ ഗൂഢാലോചനയാണത്.
മാത്രവുമല്ല, കിഫ്ബിയിലൂടെയും സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിലൂടെയും എടുത്ത കടങ്ങള്‍ തിരിച്ചടക്കാന്‍ ബജറ്റിലെ വാഹന നികുതിയുടെ പങ്കും, സെസ്സുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.സി.എ.ജിയും കേന്ദ്രസര്‍ക്കാരും സര്‍ക്കാരിന്റെ ബജറ്റുമായി ബന്ധപ്പെട്ട കടബാദ്ധ്യതയാണ് ഇത് എന്ന് വിലയിരുത്തി കടം വാങ്ങുന്നതിനുള്ള പരിധി പരിമിതപ്പെടുത്തുകയും സര്‍ക്കാരിന് യഥേഷ്ടം കടമെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കേരളം കടമെടുക്കുന്നതിലല്ല പ്രശ്‌നം. എന്തിനുവേണ്ടി എടുക്കുന്നു, എങ്ങനെ ചിലവഴിക്കുന്നു, അത് ഭാവി വികസനത്തെ എങ്ങിനെ ബാധിക്കുന്നു എന്നതാണ് കാതലായ പ്രശ്‌നം. 2017-18 വരെ 85 ശതമാനത്തോളവും റവന്യു ചിലവിനും 5-6 ശതമാനം മാത്രം മൂലധന ചിലവിനുമാണ് വിനിയോഗിച്ചിരുന്നത് (പട്ടിക 2 കാണുക). ഒന്നാം പിണറായി സര്‍ക്കാര്‍ വര്‍ഷാവര്‍ഷം പൂര്‍വ്വാധികം കടമെടുപ്പ് തുടര്‍ന്നപ്പോള്‍ തിരിച്ചടവും പലിശ ബാദ്ധ്യതയും വര്‍ദ്ധിച്ചു. 2019-20 ആയപ്പോള്‍ കടം തിരിച്ചടവ് 8.41 ശതമാനത്തില്‍ നിന്ന് (17-18ന്) 20.13 ശതമാനമായി ഉയര്‍ന്നത് ഇപ്പോള്‍ 25 ശതമാനത്തിലധികമായിട്ടുണ്ട്. മാത്രവുമല്ല കടമെടുക്കുന്ന തുകയില്‍ നിന്ന് മൂലധനാവശ്യത്തിന് ലഭ്യമാകുന്ന തുക വെറും 3.85 ശതമാനമായി കുറയുകയും ചെയ്തു. ചുരുക്കത്തില്‍ വികസനാവശ്യങ്ങള്‍ക്കു വേണ്ടിയല്ല വര്‍ഷാവര്‍ഷം കൂടുതല്‍ കടം വാങ്ങുന്നത്. ഇത് ഭാവി വികസനത്തെ വളരെ പ്രതികൂലമായി ബാധിക്കും.
ഇതിന്റെ മറ്റൊരു പ്രത്യാഘാതം വര്‍ഷാവര്‍ഷം പലിശ ബാദ്ധ്യത വര്‍ദ്ധിച്ച് റവന്യു വരുമാനത്തിന്റെ നല്ലൊരു പങ്ക് വികസനാവശ്യങ്ങള്‍ക്ക് ലഭ്യമാകാത്ത അവസ്ഥ സൃഷ്ടിക്കുന്നു. 2018-19ലെ കണക്കനുസരിച്ച് റവന്യു ചിലവിന്റെ 12.53 ശതമാനമാണ് പലിശക്കുവേണ്ടി ചിലവാക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് വീണ്ടും വര്‍ദ്ധിച്ചു. 2022-23ലെ ബജറ്റില്‍ റവന്യു വരുമാനത്തിന്റെ അഞ്ചിലൊന്ന് (19.4%) പലിശക്കു വേണ്ടി മാറ്റിവെക്കേണ്ടി വന്നു. കടബാദ്ധ്യത വര്‍ദ്ധിച്ച സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ പലിശബാദ്ധ്യത കൂടിക്കൊണ്ടിരിക്കും. ഇത് മറ്റ് മേഖലകള്‍ക്കുള്ള സാമ്പത്തിക വിഭവ ലഭ്യത ഗണ്യമായി കുറക്കും.
ഗുരുതര കണ്ടെത്തലുകളുമായി സിഎജി റിപ്പോര്‍ട്ട്
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗുരുതരമായ കണ്ടെത്തലുകളുമായി സിഎജി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ റവന്യൂ കുടിശ്ശിക പിരിച്ചെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 7,100.32 കോടി രൂപയാണ് റവന്യൂ ഇനത്തില്‍ മാത്രം ലഭിക്കാനുള്ളത്. ഈ കുടിശ്ശിക പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തിന് റവന്യൂ ഇനത്തില്‍ ലഭിക്കാനുള്ള 7,100.32 കോടിയില്‍ 1952 മുതലുള്ള എക്‌സൈസ് വകുപ്പിന്റെ കുടിശ്ശികയും ഉള്‍പ്പെടുന്നു. 2019- 2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. മൊത്തം കുടിശ്ശിക തുകയായ 21797.86 കോടി സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ്. ആകെ കുടിശികയില്‍ 6422.49 കോടി സര്‍ക്കാരില്‍നിന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചെടുക്കാന്‍ ബാക്കി നില്‍ക്കുന്നതാണ്.
റവന്യൂ വകുപ്പിന് കുടിശ്ശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല, കുടിശ്ശിക പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നില്ല, എഴുതി തള്ളുന്നതിനായി സര്‍ക്കാരിലേക്ക് അയച്ച 1,905 കോടിയുടെ കേസിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല തുടങ്ങി ഗൗരവമായ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വിവിധ വകുപ്പുകളിലായി ബാക്കി നില്‍ക്കുന്ന കുടിശ്ശികകളുടെ ഡേറ്റ ബാങ്ക് തയ്യാറാക്കി ഇവ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു.
സിഎജിയുടെ സുപ്രധാന കണ്ടെത്തലുകള്‍
* 2021 മാര്‍ച്ച് 31-ലെ മൊത്തം കുടിശ്ശിക, സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 22.33 ശതമാനമാണ്.
* മൊത്തം കുടിശ്ശികയില്‍ 6,422.49 കോടി രൂപ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുമായി കെട്ടിക്കിടക്കുകയാണ്.
* ജിഎസ്ടി വകുപ്പിനു കീഴിലുള്ള തിരഞ്ഞെടുത്ത ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 471 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തി.
* ഉല്‍പ്പന്നങ്ങള്‍ക്ക് തെറ്റായ തീരുവ ചുമത്തിയതിനാല്‍ മാത്രം വരുമാനത്തില്‍ 11 കോടി രൂപ കുറഞ്ഞു. അതുപോലെ രേഖകള്‍ കൃത്യമായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജിഎസ്ടി വകുപ്പിന് 7.54 കോടി രൂപ നഷ്ടമായി. ചായയ്ക്ക് തെറ്റായ തീരുവ ചുമത്തിയതിലൂടെ 6.36 കോടി രൂപയുടെ നഷ്ടമുണ്ടായി.
* നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് അനാവശ്യ ഇളവുകള്‍ നല്‍കിയതിലൂടെ വകുപ്പിന് 9.72 കോടി രൂപയുടെ നഷ്ടമുണ്ടായി.
* അന്തര്‍സംസ്ഥാന വില്‍പ്പനയുടെ നികുതി നിരക്കില്‍ സംസ്ഥാനത്തിന് പിഴവ് വരുത്തി, 12.38 കോടി രൂപയുടെ നഷ്ടം.
* നികുതി ചുമത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ബാര്‍ ഹോട്ടലുകളില്‍ നിന്ന് 88 കോടി രൂപ ലഭിച്ചില്ല. ബാര്‍ ലൈസന്‍സ് കൈമാറ്റത്തിന് 26 ലക്ഷം രൂപ ഈടാക്കുന്നതിലും പരാജയപ്പെട്ടു.
* ഫ്‌ളാറ്റുകളുടെ ന്യായവില കൃത്യമായി നിര്‍ണയിക്കുന്നതിലെ പാളിച്ചകള്‍ കാരണം സംസ്ഥാനത്തിന് 1.51 കോടി രൂപയുടെ നഷ്ടമുണ്ടായി.
എയിഡഡ് സ്വകാര്യ മേഖലയും സാമ്പത്തിക പ്രതിസന്ധിയും
2021-22ല്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യു ചിലവിന്റെ 43.4 ശതമാനവും റവന്യു വരുമാനത്തിന്റെ പകുതിയും (48.9%) സംസ്ഥാനത്തിന്റെ തനി റവന്യു വരുമാനത്തിന്റെ ഏതാണ്ട് 75 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമാണ് ചിലവഴിച്ചത്. ഇത് ശമ്പള-പെന്‍ഷന്‍ പരിഷ്‌ക്കരണത്തെ തുടര്‍ന്ന് വര്‍ദ്ധിച്ചിട്ടുണ്ട്. 20-21ല്‍ ഇവയ്ക്കുള്ള ചിലവ് 46671 കോടിയായിരുന്നത് 21-22ല്‍ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണത്തെ തുടര്‍ന്ന് 71235 കോടിയായി വര്‍ദ്ധിച്ചു. 22-23ലെ ബജറ്റില്‍ 63735 കോടിയാണ് കാണിച്ചിരുന്നതെങ്കിലും അതുവര്‍ദ്ധിച്ചിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഡോ.സുനില്‍ മാണിയുടെ നേതൃത്വത്തിലുള്ള പഠനസംഘം കേരളത്തിലെ സര്‍ക്കാരിന്റെ മൊത്തം ശമ്പള-പെന്‍ഷന്‍ ചിലവിന്റെ മൂന്നിലൊന്നിലധികം സ്വകാര്യ എയിഡഡ് സ്‌കൂളുകളിലേയും കോളേജുകളിലേയും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്കാണ് ലഭിക്കുന്നതെന്ന് കണക്കാക്കിയിരുന്നു. മറ്റു ചില പഠനങ്ങളില്‍ ഇവരുടെ പങ്ക് 40 ശതമാനത്തോളമാണെന്നും കാണുന്നു. ഈ സ്വകാര്യ എയിഡഡ് സ്ഥാപനങ്ങളില്‍ 90 ശതമാനത്തോളവും ന്യൂനപക്ഷ സ്ഥാപനങ്ങളുമാണ്. പട്ടിക 3ല്‍ 21-22ല്‍ അവരുടെ പങ്ക് 23745 കോടിക്കും (3ല്‍1 എന്ന അനുപാതത്തില്‍) 28474 കോടിക്കും (40%) അടുത്തായിരിക്കണം. സ്വകാര്യ കോളേജദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ടു ശമ്പളം കൊടുക്കാനാരംഭിച്ച 1972-73 കാലം തൊട്ട് ഇതുവരെ 5 ലക്ഷം കോടിയിലധികം തുക ഈ മേഖലയ്ക്ക് പൊതു ഖജനാവില്‍ നിന്നും കൈമാറിയിട്ടുണ്ട്.
2021ല്‍ മുന്‍ ചീഫ് സെക്രട്ടറി അബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാരസമിതി സര്‍ക്കാരിന്റെ ധനകാര്യപ്രതിസന്ധിക്കുള്ള മുഖ്യകാരണം സ്വകാര്യ എയിഡഡ് മേഖലയുടെ ശമ്പള – പെന്‍ഷന്‍ ബാദ്ധ്യതയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇവ മാറ്റിവെച്ചാല്‍ നിയമസഭപാസ്സാക്കിയ ഫിസിക്കല്‍ റസ്‌പോന്‍സിബിലിറ്റി ആക്ടില്‍ നിര്‍ദ്ദേശിച്ച പരിധിയില്‍ ബജറ്റ് കമ്മി പരിമിതപ്പെടുത്താന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി 2016-17ലും 2017-18ലേയും കണക്കുകള്‍ ഉദ്ധരിച്ച് സംശായാതീതമായി വിശദീകരിച്ചിരുന്നു. ഇവ മാറ്റിവെച്ചപ്പോള്‍ 2016-17ലേയും 2017-18ലേയും റവന്യു കമ്മി 1.1 ശതമാനമായും 1.06 ശതമാനമായും കുറയുന്നതായി അബ്രഹാം കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് എയിഡഡ് സ്വകാര്യമേഖലയുടെ ബാദ്ധ്യത ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയമിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും നാളിതുവരെ സര്‍ക്കാര്‍ അതു പരിഗണിച്ചിട്ടില്ല എന്നത് ദുരൂഹമാണ്. ഇതൊന്നും ഗൗരവമായി എടുക്കാതെ കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തി പാര്‍ട്ടിക്കാരുടെ കയ്യടി നേടാനാണ് ധനമന്ത്രി ശ്രമിച്ചിട്ടുള്ളത്.