പണ്ടൊക്കെ കുളക്കര
വീടാക്കിക്കഴിഞ്ഞവര്‍
ഈയിടെ വരുന്നുണ്ടെന്‍
തൊടിയില്‍ മുറ്റത്തിലും
പൊന്തതന്‍ കുളക്കോഴി
ചെങ്കണ്ണിച്ചെമ്പോത്തുകള്‍
ഇടയ്ക്കു തപംചെയ്യും
കൊറ്റികളുയരക്കാര്‍
കുളത്തോടൊട്ടിച്ചേര്‍ന്നു
കിടന്ന പാടങ്ങളെന്‍
ഓര്‍മ്മയില്‍ പച്ചപ്പട്ടു
പുതച്ചേ കാണാകുന്നു
ഐശ്വര്യം വിളയിച്ചോര്‍
പൊന്നുപെറ്റിരുന്നവര്‍
എല്ലാര്‍ക്കും പ്രിയപ്പെട്ടോര്‍
പാടങ്ങള്‍ ക്ഷയിക്കയോ?
വെള്ളവുംചേറും വറ്റി
ക്കട്ടവിണ്ടൊരു പാട
ത്തിടയ്ക്കു ചെയ്യും, പാണ്ടി;
പൊട്ടുവെള്ളരിക്കൃഷി
കുറച്ചു കാലംമുമ്പേ
മുണ്ടുപെട്ടിയില്‍ മണം
പരത്തിച്ചിരിച്ചവള്‍
കേതകി മനോഹരി
കുളത്തെച്ചുറ്റി വാച്ചു
വളര്‍ന്ന കൈതക്കൂട്ടം
ഇടയ്ക്കുതന്നൂ ഞങ്ങള്‍ –
ക്കെളിയ ധനാശ്വാസം
നിറയെയാമ്പല്‍പ്പൂക്കള്‍
വിരിഞ്ഞ കുളത്തിലൂ
ടങ്ങോട്ടുമിങ്ങോട്ടുമായ്
നീന്തുന്നു കുളിക്കൂട്ടര്‍
ഇടയ്ക്കു നീര്‍ക്കോലികള്‍
തവള പരലുകള്‍
തുപ്പലു കൊത്താന്‍വരും
മെലിഞ്ഞ ശരീരികള്‍
തങ്കപ്പന്‍ തേങ്ങാക്കൊല
വെട്ടിയിട്ടതു കണ്ടോ
നീന്തിനീന്തിപ്പോയമ്മ
മടങ്ങും കുലയ്‌ക്കൊപ്പം.
ചണ്ടിയുണ്ടമ്മേയെന്നു
പേടിക്കും കരയ്ക്കു ഞാന്‍
ചൂണ്ടലുമായീട്ടെത്തും
മണ്ണിരച്ചിരട്ടക്കാര്‍
വറ്റിയും മണ്ണിട്ടീട്ടും
ചുളുങ്ങിച്ചുരുങ്ങിപ്പോയ്
കുളങ്ങള്‍ പാടങ്ങളു
മൊക്കെയും കുറഞ്ഞുപോയ്
കരയില്‍ പാര്‍ത്തോരൊക്കെ
തികച്ചും ചിതറിപ്പോയ്
വീടുവെയ്ക്കാനോ അവര്‍
ക്കിടവും കിട്ടാതെയായ്
ഇവരില്‍ ചിലരൊക്കെ
യിപ്പോഴും വരുന്നതോ?
എന്റെ മുറ്റത്തേയുള്ള
വാഴതന്‍ പൊന്തക്കാട്ടില്‍
പണ്ടത്തെയെന്നെ മറ
ക്കാത്തൊരെന്നിഷ്ടക്കാരെ
നിങ്ങളെക്കൂടാതാരു
മോര്‍ത്തു വന്നില്ലീവരെ
മുറ്റത്തു നനയ്ക്കുമ്പോള്‍
പിന്നിലായരികിലായ്
പേടികൂടാതെ, കൂടെ
നടക്കും വെള്ളക്കൊറ്റി
മുഷിഞ്ഞ നടത്തമാ
ണെങ്കിലും ചെങ്കണ്‍ പൊക്കി
ഞങ്ങളുമുണ്ടേയെന്നു
ചിരിക്കും ചെമ്പോത്തുകള്‍
പണ്ടത്തെക്കുളക്കര
യല്ലിതെന്നോര്‍ക്കാതാവാം
കൂട്ടമായ് ക്കരയുന്നു
കുളക്കോഴികള്‍ നീളേ
നിങ്ങളെന്‍ മുറ്റത്തൊക്കെ
ജീവിതം ജീവിക്കുമ്പോള്‍
പണ്ടത്തെയെന്നെ സ്വയം
വീണ്ടെടുക്കയാണു ഞാന്‍
കുളവും പാടങ്ങളു
മൊക്കെയുമിഷ്ടത്തിന്റെ
പച്ചയായറിഞ്ഞോരാ
കുട്ടിയാണിപ്പോഴും ഞാന്‍.