വൈക്കം സത്യഗ്രഹവും രാഹുല്‍ ഗാന്ധിയുടെ എം.പി. സ്ഥാനം റദ്ദാകലും തമ്മില്‍ എന്തു ബന്ധം? കടലും കടലാടിയും പോലെയല്ലേ അത് എന്ന് ചോദിക്കുന്നവര്‍ക്ക് ചരിത്രബോധം കുറവാണെന്നേ കോണ്‍ഗ്രസ്സിന് പറയാനുള്ളൂ. കോണ്‍ഗ്രസ്സിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയില്‍ നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ചത് രാഹുലിന്റെയും ഇന്ദിരയുടെയും പടമുള്ള പോസ്റ്ററായിരുന്നു. സത്യഗ്രഹത്തില്‍ പങ്കെടുത്ത ഗാന്ധിജിയുടെയോ ടി.കെ.മാധവന്റെയോ പടമായിരുന്നില്ല. വിളിച്ച മുദ്രാവാക്യം ഗാന്ധിജിയെ സ്മരിക്കാനായിരുന്നില്ല, പിന്നാക്ക വിഭാഗക്കാരനായ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നായിരുന്നു. അതും വൈക്കം സത്യഗ്രഹവും തമ്മിലുള്ള ആത്മബന്ധം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബോധ്യമുള്ളതാണ്. വൈക്കം ക്ഷേത്ര നടയിലൂടെ പിന്നാക്കക്കാരന്‍ വഴി നടക്കരുത് എന്നായിരുന്നു ഇണ്ടംതുരുത്തി നമ്പൂതിരിയുടെ തിട്ടൂരം. പിന്നാക്കക്കാരനെ പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് പുറന്തള്ളണം എന്നാണ് രാഹുലിന്റെ തിട്ടൂരം. ശാങ്കരസ്മൃതി എന്ന കപട ഗ്രന്ഥമായിരുന്നു ഇണ്ടംതുരുത്തിയുടെ പ്രമാണം. കപടമതേതരത്വമാണ് രാഹുലിന്റെ പ്രമാണം. അവര്‍ണന്‍ വഴി നടന്നാല്‍ ക്ഷേത്രത്തിന് അയിത്തം വരുമെന്ന് ഇണ്ടംതുരുത്തി. അവര്‍ണന്‍ അധികാരത്തിലിരുന്നാല്‍ ജനാധിപത്യം തകരുമെന്ന് രാഹുല്‍. കീഴ്ജാതിക്കാരെ അധിക്ഷേപിച്ച ഇണ്ടംതുരുത്തി ഗാന്ധിജിക്ക് പോലും മാന്യമായ ഇരിപ്പിടം നല്‍കിയില്ല. ചായവില്‍പ്പനക്കാരന്റെ മകനായ മോദിയെ ഉദ്ദേശിച്ച് കാവല്‍ക്കാരന്‍ കള്ളനാണെന്നും മോദിമാര്‍ കവര്‍ച്ചക്കാരാണെന്നും രാഹുലും പറയുന്നു. സവര്‍ണ ജാതിവെറിയന്മാര്‍ക്ക് കറുത്തവനോട് പുച്ഛമാണെങ്കിലും വെള്ളക്കാരനെ ഇഷ്ടമായിരുന്നു. നസ്രാണിക്ക് വൈക്കത്തെ നടയിലൂടെ നടക്കാന്‍ അനുവാദമുണ്ടായിരുന്നു. രാഹുലിന് മോദിയോടും മോദിയുടെ പാര്‍ട്ടിയോടും പുച്ഛമായിരുന്നുവെന്നു മാത്രമല്ല അവര്‍ക്കെതിരെ വിദേശങ്ങളില്‍ ചെന്ന് വെളളക്കാരനോട് പരാതി പറയുകയും ചെയ്തിരുന്നു. ഇണ്ടംതുരുത്തിക്ക് അന്നത്തെ ഭാഷയും രീതിയുമെങ്കില്‍ രാഹുലിന് ഇന്നത്തെ ഭാഷയും രീതിയും എന്ന വ്യത്യാസം മാത്രം. രാഹുലിന്റെ പൂര്‍വ്വ ജന്മം ഇണ്ടംതുരുത്തിയായിരുന്നോ എന്നതില്‍ മാത്രമേയുള്ളൂ സംശയം. അതുതന്നെയാവണം കോണ്‍ഗ്രസ്സുകാര്‍ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ ഗാന്ധിയെ ഒഴിവാക്കി രാഹുലിന്റെ പോസ്റ്റര്‍ ഉയര്‍ത്തി പിടിക്കാന്‍ കാരണം.
വൈക്കത്ത് സത്യഗ്രഹത്തിനു വന്നവരെ കൈകാര്യം ചെയ്യാന്‍ ജാതിവാദികള്‍ക്ക് ഗുണ്ടകള്‍ ഉണ്ടായിരുന്നു. രാഹുലിന്റെ എം.പി സ്ഥാനം കോടതി റദ്ദാക്കിയപ്പോള്‍ റെയില്‍വേസ്റ്റേഷനില്‍ അതിക്രമം കാട്ടാന്‍ യൂത്തു കോണ്‍ഗ്രസ്സുകാര്‍ ഉണ്ടായി. ഇണ്ടംതുരുത്തിയെ ന്യായീകരിക്കാന്‍ പാര്‍ശ്വവര്‍ത്തികള്‍ ഉണ്ടായിരുന്നു. രാഹുലിന് പാര്‍ശ്വവര്‍ത്തിയായി ഇടതുമുന്നണി നേതാക്കള്‍ വരെയുണ്ട്. അവര്‍ണന് ക്ഷേത്രനടയില്‍ മാത്രമല്ല ശ്രീകോവിലിലും കയറാന്‍ കഴിയണമെന്നും പൂജ ചെയ്യാന്‍ അവകാശമുണ്ടെന്നും ബ്രാഹ്‌മണ ശ്രേഷ്ഠരെക്കൊണ്ട് അംഗീകരിപ്പിച്ച പാലിയം വിളംബരം യാഥാര്‍ത്ഥ്യമാക്കിയവരാണ് സംഘപരിവാര്‍. അവരാണ് വൈക്കം സമരത്തിന്റെ സത്ത പിന്തുടര്‍ന്നവര്‍, അവര്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായിരുന്നു കോണ്‍ഗ്രസ്സിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടി എന്ന പ്രഹസനത്തില്‍ കണ്ടത്. ഇപ്പോള്‍ വ്യക്തമായില്ലേ രാഹുലും കോണ്‍ഗ്രസ്സും വൈക്കം സത്യഗ്രഹത്തില്‍ ഏതുപക്ഷത്ത് നിന്നാണ് വീര്യം ഉള്‍ക്കൊള്ളുന്നതെന്ന്.