രാവിലത്തെ പലഹാരപ്പണിയും ഉച്ചക്കലത്തെ വെപ്പും കഴിയുമ്പോഴേക്കും പന്ത്രണ്ടു മണിയാവും. അപ്പോഴാണ് അമ്മക്ക് ഇത്തിരി കയ്യൊഴിവ്.
”കുളിച്ചു വരട്ടേ അമ്മേ” എന്നു ചോദിച്ചാല്‍, മുത്തശ്ശി സമ്മതിക്കില്ല.
പടിക്കല്‍ത്തന്നെയാണ് കുളം. നല്ല വെള്ളം. ഇറങ്ങിക്കുളിക്കാന്‍ കരിങ്കല്ലു ചെത്തിപ്പടുത്ത പടവുകള്‍.
ഞാന്‍ ആ കുളത്തിലാണ് നീന്തലു പഠിച്ചത്. ശങ്കരനാണ് എന്റെ നീന്തലുമാഷ്.
”എന്താ മുത്തശ്ശീ ഉച്ചനേരത്തു കുളിച്ചാല്‍?”
”അശ്രീകരത്താണ് അപ്പൂ. ‘ ‘ഉച്ചക്കുളി പിച്ചക്കുളി. അന്തിക്കുളി ചന്തക്കുളി’ പുലര്‍ച്ചെ കുളിക്കണം. അതാ ഐശ്വര്യം”
മുത്തശ്ശിയുടെ അഭിപ്രായത്തില്‍ പുഴയില്‍ കുളിക്കണം.
‘ഒഴുകുന്ന വെള്ളത്തില്‍ അഴുക്കില്ലെ’ന്നാണ് പ്രമാണം. മഴ നിന്നു പെയ്യുമ്പോഴല്ലാതെ കുളത്തിലെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോവില്ല.
കുളിച്ചിട്ടു വേണം ഭക്ഷണം കഴിക്കാന്‍. ഭക്ഷണം കഴിച്ച് ഉടനെ കുളിക്കരുത്.
‘ഉണ്ടാല്‍ കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം’’ എന്നാണ് മുത്തശ്ശി പറയുക.