പ്രാപഞ്ചികമായ പ്രശ്‌നങ്ങളുടെയെല്ലാം ശാശ്വതപരിഹാരം മുന്നോട്ടുവച്ചിട്ടുള്ളത് കാറല്‍മാര്‍ക്‌സ് ആണെന്നും, മറ്റ് തത്വചിന്തകളില്‍നിന്ന് മാര്‍ക്‌സിസത്തെ വ്യത്യസ്തമാക്കുന്ന അതിന്റെ മഹത്വം ഇതാണെന്നും സുവിശേഷകന്മാരെപ്പോലെ പ്രചരിപ്പിക്കുന്നവരാണ് പാര്‍ട്ടി ബുദ്ധിജീവികളായ മാര്‍ക്‌സിസ്റ്റുകള്‍. ഒരു പ്രശ്‌നവും പരിഹരിക്കാന്‍ കഴിയാതിരിക്കുമ്പോഴും മനുഷ്യരാശിയുടെ ആശ്രയം മാര്‍ക്‌സിസമാണെന്ന തെറ്റിദ്ധാരണ നിലനിര്‍ത്തുക. പ്രശ്‌നങ്ങളെ ശരിയായും നേരിട്ടും അഭിമുഖീകരിച്ച് പരിഹാരം തേടുകയെന്നതല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുക എന്നതാണ് മാര്‍ക്‌സിസ്റ്റ് രീതി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും, പ്രശ്‌നപരിഹാരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇത് മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ക്ക് സാവകാശം നല്‍കാത്ത വിധത്തില്‍ പ്രശ്‌നങ്ങളെക്കുറിച്ച് വാചാലരാവുകയെന്നത് മാര്‍ക്‌സ് തുടങ്ങിവച്ച രീതിയാണ്. എല്ലാ പ്രശ്‌നങ്ങളും ഒന്നിച്ച് പരിഹരിക്കപ്പെടുന്ന മഹത്തായ ഒരു വിപ്ലവത്തെക്കുറിച്ചുള്ള വ്യാമോഹത്തില്‍ ജനങ്ങളുടെ ശ്രദ്ധയെ തളച്ചിടുക എന്ന തന്ത്രമാണിത്.
ജര്‍മന്‍ ദാര്‍ശനികനായിരുന്ന ഇമ്മാനുവല്‍ കാന്റിനെപ്പോലുള്ളവര്‍ ദാര്‍ശനികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന രീതിയില്‍നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല മാര്‍ക്‌സിസത്തിന്റെയും പരിഹാരം. എന്നാല്‍ പ്രശ്‌നപരിഹാരത്തിന്റെ പേരില്‍ മാര്‍ക്‌സിനെപ്പോലെ മനുഷ്യരുടെ ചോരപ്പുഴകളൊഴുക്കണമെന്ന് കാന്റിനെപ്പോലുള്ളവര്‍ പറഞ്ഞില്ല എന്ന് സമാധാനിക്കാം. ആകര്‍ഷകവും അതേസമയം വഞ്ചനാത്മകവുമായ ഈ മാര്‍ക്‌സിസ്റ്റ് സമീപനം പാരിസ്ഥിതിക പ്രശ്‌നങ്ങളോടുള്ള നിലപാടുകളില്‍ തെളിഞ്ഞുകാണാം. മനുഷ്യരാശിയുടെ നിലനില്‍പ്പിനെപ്പോലും അപകടപ്പെടുത്തുന്ന ആഗോളതാപനം പോലെയുള്ള പ്രതിഭാസങ്ങളെ എങ്ങനെയൊക്കെ നേരിടാം എന്നത് എക്കോളജിക്കല്‍ മാര്‍ക്‌സിസ്റ്റുകളുടെ ചിന്താവിഷയമല്ല. ഇതിനു പകരം അവര്‍ നോക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളെയും ദുരന്തങ്ങളെയും എങ്ങനെയൊക്കെ പ്രശ്‌നവല്‍ക്കരിക്കാം എന്നാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലല്ല, അതിന്റെ രാഷ്ട്രീയത്തിലാണ് എപ്പോഴും എക്കോളജിക്കല്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് താല്‍പ്പര്യം.
മുതലാളിത്തത്തെക്കുറിച്ച് എല്ലാ പരിസ്ഥിതിവാദികളും അറിഞ്ഞിരിക്കേണ്ടത് (What Every Enviornmentalist Needs to know about captialism-Fred Magdoff and John Bellamy Foster),കാലാവസ്ഥാ വ്യതിയാനമല്ല, വ്യവസ്ഥാവ്യതിയാനം: പാരിസ്ഥിതിക പ്രതിസന്ധിയോടുള്ള ഒരു വിപ്ലവാത്മക പ്രതികരണം(System Change Not Climate Change: A Revolutionary Response to Environmental Crisis- Martin Empson), , ചുവപ്പന്‍-ഹരിതവിപ്ലവം: എക്കോ സോഷ്യലിസത്തിന്റെ രാഷ്ട്രീയവും സാങ്കേതികവിദ്യയും(Red-Green Revolution: The Politics and Technology of Eco-socialism-Victor Wallis),, എക്കോളജിയും സോഷ്യലിസവും: മുതലാളിത്ത പാരിസ്ഥിതിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍ (Ecology and Socialism:Solutions to Capitalist Ecological Crisis -Chris Williams), മുതലാളിത്തവും കാലാവസ്ഥാ വ്യതിയാനവും: ആഗോള താപനത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും (Capitalism and Climate Change: The science and politics of Global warming-David Kliein and Stephanye MacMillian).
ഉത്തരാധുനിക മാര്‍ക്‌സും!
എക്കോളജിക്കല്‍ സോഷ്യലിസ്റ്റുകളുടെയും എക്കോളജിക്കല്‍ മാര്‍ക്‌സിസ്റ്റുകളുടെയും ഇതുപോലെയുള്ള പഠനങ്ങള്‍ പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് മുതലാളിത്തത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഏകപക്ഷീയമായി വിചാരണ ചെയ്യുന്നതാണ്. മുതലാളിത്തത്തെപ്പോലെ വിഭവചൂഷണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും പാതതന്നെയാണ് സോവിയറ്റ് യൂണിയന്‍ അടക്കമുള്ള സോഷ്യലിസ്റ്റ് ഭരണകൂടങ്ങളും തെരഞ്ഞെടുത്തത്. മാര്‍ക്‌സും മാര്‍ക്‌സിസവുമാണ് ഇതിന് വഴികാട്ടിയത്. സോഷ്യലിസത്തിലെ അമിതോല്‍പ്പാദനത്തെ ഏംഗല്‍സ് മഹത്വവല്‍ക്കരിക്കുന്നത് ഇങ്ങനെയാണ്: “Instead of generating misery, overproduction will reach beyond the elementary requirements of society to assure the satisfaction of the needs of all; it will create new needs and, at the same time, the means of satisfying them. In this way, such an abundance of goods will be able to satisfy the needs of all its members.” (157) അതായത് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ ഉല്‍പ്പാദന വര്‍ദ്ധനവും ഉണ്ടാവണം.
ശീതസമരകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും രണ്ട് വിരുദ്ധ ശാക്തിക ചേരികള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും പ്രകൃതി ചൂഷണത്തിന്റെയും അമിതോല്‍പ്പാദനത്തിന്റെയും കാര്യത്തില്‍ ഇരുരാജ്യങ്ങളും ഒരേ നിരയിലായിരുന്നു. പാരിസ്ഥിതിക ദുരന്തങ്ങള്‍ ദേശാതിര്‍ത്തികളില്‍ പരിമിതപ്പെടുന്നില്ല. ആണവദുരന്തം സംഭവിച്ച ത്രീമൈല്‍ ഐലന്റില്‍നിന്ന് ചെര്‍ണോബിലിലേക്ക് ഒട്ടും ദൂരമില്ലെന്ന സത്യം എക്കോളജിക്കല്‍ മാര്‍ക്‌സിസ്റ്റുകള്‍ മറച്ചുപിടിക്കും. വിളകള്‍ തിന്നുനശിപ്പിക്കുന്നത് തടയാന്‍ ചൈനയില്‍ 1958 ല്‍ ദശലക്ഷക്കണക്കിന് കുരുവികളെ കൊന്നൊടുക്കിയ മാവോസേതൂങ്ങിന്റെ നയം വലിയ കാര്‍ഷിക പ്രതിസന്ധി സൃഷ്ടിച്ചതുപോലുള്ള ദുരന്തങ്ങളെയും ഇക്കൂട്ടര്‍ വിസ്മരിക്കും. സൈലന്റ്‌വാലിയടക്കം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭങ്ങളില്‍ മാര്‍ക്‌സിസ്റ്റുകള്‍ എതിര്‍പക്ഷത്തായിരുന്നതും ഇതുകൊണ്ടുതന്നെ.
പാരിസ്ഥിതികമായ ഒരുതരത്തിലുമുള്ള ആശങ്കകളും അവരെ അലട്ടിയിരുന്നില്ല. ആണവ നിലയങ്ങളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും അതിനെതിരെ സാര്‍വദേശീയതലത്തില്‍ നടക്കുന്ന ബോധവല്‍ക്കരണത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, വിമാനാപകടത്തില്‍ ആളുകള്‍ മരിക്കുന്നുണ്ടല്ലോ. അതുകൊണ്ട് വിമാനങ്ങള്‍ വേണ്ടെന്ന് പറയാനാവില്ല എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് മറുപടി നല്‍കുന്നത്. ആണവദുരന്തങ്ങള്‍ ഉണ്ടാവും, ആളുകള്‍ മരിക്കുകയും ചെയ്യും. പക്ഷേ അതുകൊണ്ട് ആണവനിലയങ്ങള്‍ ഉപേക്ഷിക്കാനാവില്ല എന്നര്‍ത്ഥം. സൈലന്റ്‌വാലി പ്രക്ഷോഭം നയിച്ചവരെ സിംഹവാലന്‍ കുരങ്ങുകളുടെ സംരക്ഷകരെന്ന് പരിഹസിക്കുകയായിരുന്നുവല്ലോ ഇടതുപക്ഷം.
സ്റ്റാലിനിസം സോവിയറ്റ് യൂണിയനില്‍ മാത്രം ഒതുങ്ങിനിന്ന പ്രതിഭാസമായിരുന്നില്ലല്ലോ. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളായ ചൈന, കമ്പോഡിയ തുടങ്ങിയവയിലും അത് അരങ്ങേറി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ മാര്‍ക്‌സിസത്തിന്റെ പ്രായോഗികരൂപമായ സ്റ്റാലിനിസത്തെയാണ് ഉള്‍ക്കൊണ്ടത്. സ്റ്റാലിനിസത്തിന്റെ കിരാതവാഴ്ചയില്‍ നിന്ന് മാര്‍ക്‌സിനെ വേര്‍പെടുത്താന്‍ അത് നേരിട്ട് അനുഭവിക്കുകയും, അതിനെക്കുറിച്ച് ശരിയായ അറിവുനേടുകയും ചെയ്ത പാശ്ചാത്യ കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞു. ഇവര്‍ 1960 കളില്‍തന്നെ സ്റ്റാലിനിസത്തില്‍നിന്ന് വിടുതല്‍ നേടി കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിലേക്ക് കൂടുമാറുകയുണ്ടായെങ്കിലും ഇങ്ങനെയൊരു തിരിച്ചറിവിന്റെ പോലും ആവശ്യം മൂന്നാംലോക രാജ്യങ്ങളിലെ പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ക്ക് തോന്നിയില്ല. അവര്‍ സോവിയറ്റ് യൂണിയന്റെ സ്തുതിപാഠകരായും ‘സംരക്ഷകരായും’ തുടര്‍ന്നു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷവും സ്റ്റാലിനിസത്തില്‍തന്നെ വിശ്വാസമര്‍പ്പിച്ച് പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ പടിഞ്ഞാറന്‍ യൂറോപ്പിലെ മാര്‍ക്‌സിസ്റ്റുകളുടെ കള്‍ച്ചറല്‍ മാര്‍ക്‌സിനെ ഗത്യന്തരമില്ലാതെ ഏറ്റെടുക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ മാര്‍ക്‌സിസ്റ്റുകള്‍ നിര്‍ബന്ധിതരായി. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിരാജ്യങ്ങളിലെ ഭരണകൂടങ്ങളും തകര്‍ന്നതോടെ അവര്‍ ഇങ്ങനെയൊരു രൂപാന്തരപ്രാപ്തി കൈവരിച്ചു. കള്‍ച്ചറല്‍ മാര്‍ക്‌സാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ യഥാര്‍ത്ഥ രക്ഷകന്‍ എന്ന ബോധോദയം കൈവന്ന പാര്‍ട്ടി ബുദ്ധിജീവികള്‍ അതിനെക്കുറിച്ച് ആവേശത്തോടെ എഴുതാനും പ്രസംഗിക്കാനും പുസ്തകങ്ങള്‍ രചിക്കാനും തുടങ്ങി. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍, അവര്‍ ഉത്തരാധുനിക മാര്‍ക്‌സിനെ ആശ്രയിക്കുകയായിരുന്നു. അതുവരെ ജോര്‍ജ് ലുക്കാച്ച്, കാറല്‍ കോര്‍ഷ്, ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ്, ബര്‍ട്ടോള്‍ഡ് ബ്രഹ്ത്ത് എന്നിങ്ങനെയുള്ള പരമ്പരാഗത മാര്‍ക്‌സിസ്റ്റുകളുടെ പേരുകള്‍ ഉരുക്കഴിച്ചുകൊണ്ടിരുന്നവര്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളുടെയും ഉത്തരാധുനിക സൈദ്ധാന്തികരുടെയും പേരുകള്‍, അവര്‍ യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് മനസ്സിലാക്കാതെപോലും ആവര്‍ത്തിക്കാന്‍ തുടങ്ങി.
ഉത്തരാധുനികതയുടെ ചരിത്രത്തിലൂടെ
ഉത്തരാധുനികതയും മാര്‍ക്‌സിസവും തമ്മിലെന്ത് എന്നൊരു ചോദ്യം ഈ ഇടതുബുദ്ധിജീവികള്‍ ആരും ചോദിച്ചില്ല എന്നത് വിചിത്രമാണ്. വിഖ്യാത ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്‍ബിയാണ് ‘പോസ്റ്റ് മോഡേണ്‍’ എന്ന പ്രയോഗം 1914-1918 കാലത്തെ ചരിത്രമുന്നേറ്റത്തെക്കുറിക്കാന്‍ ആദ്യമായി ഉപയോഗിച്ചതെങ്കിലും, സാഹിത്യത്തിന്റെയും കലയുടെയും മേഖലയിലെ ആധുനികത പ്രസ്ഥാനത്തിനു ശേഷമുള്ള ഘട്ടത്തെ നിര്‍വചിക്കാനാണ് പോസ്റ്റ് മോഡേണിസം അഥവാ ‘ഉത്തരാധുനികത’ എന്ന പരികല്‍പ്പന പരക്കെ ഉപയോഗിക്കപ്പെട്ടത്. പാശ്ചാത്യമായ മറ്റ് പല ആശയങ്ങളെയും സിദ്ധാന്തങ്ങളെയും പോലെ കാലഗണനാ പിശകുകളോടെയാണ് ഉത്തരാധുനികതയും പ്രചാരം നേടിയതെങ്കിലും അതിന്റെ ഉത്ഭവത്തിന് ചരിത്രപരമായ ഉള്ളടക്കമാണുള്ളത്. എന്നാല്‍ ഇതിനെക്കുറിച്ച് അജ്ഞത നടിച്ച് ആധുനിക മാര്‍ക്‌സിസവുമായി അഭേദ്യമായി ബന്ധമുള്ളതാണ് ഉത്തരാധുനികത എന്നൊരു ധാരണ സൃഷ്ടിക്കപ്പെട്ടു.
ഉത്തരാധുനികതയെക്കുറിച്ച് വിശദമായി പഠിച്ച മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ഐജാസ് അഹമ്മദ് അത് പൂര്‍ണമായും മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. ഉത്തരാധുനികതയെക്കുറിച്ച് (On Post Modernism) എന്ന പ്രബന്ധത്തില്‍ ഉത്തരാധുനികത ഉയര്‍ന്നുവന്ന ചരിത്രപശ്ചാത്തലവും അതിന്റെ പ്രമുഖ വക്താക്കളെയും അവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെയും ഐജാസ് അഹമ്മദ് പരിചയപ്പെടുത്തുന്നുണ്ട്. അതിന്റെ പ്രതിപാദ്യം ഇങ്ങനെ ക്രോഡീകരിക്കാം:
പോസ്റ്റ് മോഡേണിസം എന്ന വാക്ക് 1870 കളില്‍ ബ്രിട്ടണില്‍ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും അത് മറ്റൊരര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരുന്നത്. 1950 കളില്‍ ശീതസമരത്തിന്റെ ആദ്യ ദശകത്തില്‍ ചില അമേരിക്കന്‍ സാമൂഹ്യ ചിന്തകരാണ് മാര്‍ക്‌സിസത്തെയും വര്‍ഗസമരത്തെയും തുറന്നുകാട്ടുക എന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് മോഡേണിസം എന്ന ആശയം രൂപീകരിച്ചത്. 1967-69 കാലത്ത് യൂറോപ്പിലുണ്ടായ ഇടതുപക്ഷ മുന്നേറ്റം പരാജയപ്പെട്ടതിനുശേഷം ഈ ആശയങ്ങള്‍ ചില ഫ്രഞ്ച് ചിന്തകന്മാര്‍ ഏറ്റെടുത്തു. ജീന്‍ ഫ്രാങ്കോയിസ് ലൈറ്റാര്‍ഡ്, മിഷേല്‍ ഫുക്കോ, ജാക്വിസ് ദെറിദ എന്നിവരാണ് ഇവരില്‍ പ്രമുഖര്‍. ആധുനികതയുടെ ആരാധകരായിരുന്ന ഇവര്‍ മാര്‍ക്‌സിസത്തോട് കടുത്ത വിയോജിപ്പ് പുലര്‍ത്തി. ഇവരുടെ ആശയങ്ങള്‍ അമേരിക്കയും ഇംഗ്ലണ്ടും ഉള്‍പ്പെടുന്ന ആംഗ്ലോ-സാക്‌സണ്‍ രാജ്യങ്ങളിലേക്ക് തിരിച്ചെത്തുകയും, അവിടങ്ങളിലെ സര്‍വകലാശാലകളില്‍നിന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്തു. (158)
മാര്‍ക്‌സിസത്തിന്റെ വിരുദ്ധ ധ്രുവത്തിലാണ് ഉത്തരാധുനിക ചിന്തകര്‍ നിലയുറപ്പിച്ചതെന്ന് ഐജാസ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നു: ക്ഷേമ സമ്പദ്‌വ്യവസ്ഥയുടെ ആധിപത്യത്തോടെ വര്‍ഗസമരം അപ്രസക്തമാവുകയും, തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവസ്വഭാവം നഷ്ടപ്പെടുകയും ചെയ്തു. സാമൂഹ്യമാറ്റത്തിന്റെ ഭാഗധേയം ചിതറിയ ചില സംഘങ്ങള്‍ക്കായി. തൊഴിലാളി വര്‍ഗത്തോടുള്ള ഈ അവജ്ഞ പോസ്റ്റ് മോഡേണ്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി. ആഗോളവല്‍ക്കരിക്കപ്പെട്ട അമേരിക്കന്‍ സംസ്‌കാരം ഫ്രാന്‍സില്‍ സ്വീകാര്യത നേടിയതോടെ ലൈറ്റാര്‍ഡ് ”ദൗര്‍ലഭ്യതയുടെ കാലം കഴിഞ്ഞിരിക്കുകയാണെന്നും ചരക്കുകളുടെയും സേവനങ്ങളുടെയും കാലം ആഗതമായിരിക്കുകയാണെന്നും” പ്രഖ്യാപിച്ചു. ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ സ്ഥാനം സര്‍റിയലിസം കയ്യടക്കി. വര്‍ഗം സംസ്‌കാരത്തിന് വഴിമാറി. പുതിയ രാഷ്ട്രീയത്തിന്റെ ഈ മുന്നണിപ്പോരാളികള്‍ക്ക് തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ മെല്ലെപ്പോക്ക് മടുത്തു. ഫ്രഞ്ച് സര്‍വകലാശാലകളിലെ ഉല്‍പ്പതിഷ്ണുക്കളായ യുവത്വം കമ്പ്യൂട്ടറിന്റെയും കൊക്കക്കോളയുടെയും സന്താനങ്ങളായി മാറി. രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വരേണ്യരായ ബുദ്ധിജീവികള്‍ പുതിയ സിദ്ധാന്തങ്ങള്‍ക്കായി അമേരിക്കയിലേക്ക് ഉറ്റുനോക്കാന്‍ തുടങ്ങി. (159)
മാര്‍ക്‌സിസവുമായി ഉത്തരാധുനികത വഴിപിരിയുന്നതിനെക്കുറിച്ചാണ് ഐജാസ് അഹമ്മദ് പിന്നീട് പറയുന്നത്: പോസ്റ്റ് മോഡേണിസത്തിന്റെ അമേരിക്കന്‍-ഫ്രഞ്ച് വക്താക്കള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ആദ്യവിഭാഗം ട്രോട്‌സ്‌കിയിസ്റ്റുകളോ മുന്‍ കമ്യൂണിസ്റ്റുകളോ ആയിരുന്നു. രണ്ടാമത്തേത് ലിബറലിസത്തിന്റെ വക്താക്കളായിരുന്നു. ഫ്രഞ്ച് പോസ്റ്റ് മോഡേണിസ്റ്റുകളില്‍ ജൂലിയ ക്രിസ്റ്റേവ മുന്‍ മാവോയിസ്റ്റും ലൈറ്റാര്‍ഡ് തീവ്ര ഇടതുപക്ഷക്കാരനുമായിരുന്നു. ഫുക്കോ തന്റെ യുവത്വത്തില്‍ കമ്യൂണിസ്റ്റായിരുന്നു. അപനിര്‍മാണവാദം (ഉലരീിേെൃൗരശേീി) അവതരിപ്പിച്ച് മാര്‍ക്‌സിനെ പ്രശംസിച്ച് ദെറിദ ‘മാര്‍ക്‌സിന്റെ ഭൂതങ്ങള്‍’ (ടുലരീേൃ െീള ങമൃഃ) എന്നൊരു പുസ്തകം എഴുതിയെങ്കിലും മാര്‍ക്‌സിസ്റ്റുകള്‍ അത് അംഗീകരിച്ചില്ല. കമ്യൂണിസം വിപ്ലവാത്മകമല്ലെന്നും മൗലികമായ സാമൂഹ്യമാറ്റത്തിന് വ്യത്യസ്തമായ രാഷ്ട്രീയം ആവശ്യമുണ്ടെന്നുമാണ് പോസ്റ്റ് മോഡേണിസ്റ്റുകള്‍ പൊതുവെ വിശ്വസിക്കുന്നത്. (160)
ലൈറ്റാര്‍ഡ്, ഫുക്കോ, ദെറിദ എന്നിവര്‍ എങ്ങനെയാണ് മാര്‍ക്‌സിസ്റ്റ് വിരുദ്ധരാകുന്നതെന്ന് ഐജാസ് അഹമ്മദ് വളരെ കൃത്യമായിത്തന്നെ രേഖപ്പെടുത്തുന്നുണ്ട്: ദ പോസ്റ്റ് മോഡേണ്‍ കണ്ടീഷന്‍ (1979) എന്ന പുസ്തകത്തില്‍ എല്ലാ സാമൂഹ്യ വ്യവസ്ഥകളുടെയും നട്ടെല്ല് രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയാണെന്ന മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന ആശയത്തെ ലൈറ്റാര്‍ഡ് നിരാകരിക്കുകയാണ്. ഏതൊരു മുതലാളിത്ത സാമൂഹ്യഘടനയിലും മുതലാളിത്ത വര്‍ഗമായിരിക്കും ഭരണാധികാരി വര്‍ഗം എന്ന മാര്‍ക്‌സിസ്റ്റ് തത്വം ലൈറ്റാര്‍ഡ് തള്ളിക്കളയുന്നു. പുരോഗമിച്ച ലിബറല്‍ മുതലാളിത്തത്തിന്റെ പുനര്‍വിന്യാസത്തിലൂടെ കമ്യൂണിസ്റ്റ് ബദലിനെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്ന് ലൈറ്റാര്‍ഡ് പറയുന്നു. അമേരിക്കയില്‍ റൊണാള്‍ഡ് റീഗണ്‍ അധികാരത്തില്‍ വരുന്നതിനും മുന്‍പേ നിയോ ലിബറല്‍ ഘട്ടത്തിന്റെ വക്താവായിരുന്നു ലൈറ്റാര്‍ഡ്.(161)
ഐജാസ് തുടരുന്നു: നിയോ ലിബറലിസവുമായി ബന്ധം സ്ഥാപിക്കുന്നില്ലെങ്കിലും മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങളെ ഫുക്കോയും എതിര്‍ക്കുകയാണ്. രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ, ഭരണകൂടം എന്നീ രണ്ട് മേഖലയില്‍ നിന്നുകൊണ്ട് ചരിത്രത്തിന്റെ ആഖ്യാനം രൂപീകരിക്കാനാവില്ല എന്നതാണ് മാര്‍ക്‌സിനോടുള്ള ഫുക്കോയുടെ വിയോജിപ്പ്. വര്‍ഗങ്ങള്‍ സമൂഹത്തിന്റെ അടിസ്ഥാനഘടകങ്ങളല്ല. സാമ്പത്തിക ശക്തി എന്നത് പലതരം അധികാരങ്ങളില്‍ ഒന്നുമാത്രമാണ്. ഭരണകൂടം എന്നത് സമൂഹത്തിന്റെ ചാലകശക്തികളിലൊന്നു മാത്രമേ ആകുന്നുള്ളൂ. മുതലാളിത്തത്തെ മാറ്റി സോഷ്യലിസം കൊണ്ടുവന്നാല്‍ അത് കേവലമായ അധികാരമാറ്റമാണ്. സമൂഹം എണ്ണമറ്റ സങ്കീര്‍ണതകളെയും അധികാരത്തിന്റെ അവയവങ്ങളെയും സൃഷ്ടിക്കുന്നു. വര്‍ഗസമരത്തിന്റെ ചട്ടക്കൂടിലൂടെ മാത്രം സമീപിക്കേണ്ട ഒന്നല്ല ഇത്. (162)
ലൈറ്റാര്‍ഡില്‍നിന്നും ഫുക്കോയില്‍നിന്നും വ്യത്യസ്തമായി ദെറിദയുടെ നില സങ്കീര്‍ണമാണെന്ന് ഐജാസ് അഹമ്മദ് വിലയിരുത്തുന്നു: ‘മാര്‍ക്‌സിസത്തിന്റെ ചില ചേതനകള്‍ താന്‍ ഉള്‍ക്കൊള്ളുന്നു’ എന്നാണ് ദെറിദ പറയുന്നത്. എന്നാല്‍ എന്താണ് ഈ ചേതനകളെന്ന് പരിശോധിക്കുമ്പോഴാണ് പ്രശ്‌നമാവുന്നത്. തന്റെ സ്വന്തം സിദ്ധാന്തമായ ‘അപനിര്‍മാണം’ മാര്‍ക്‌സിസം പരിഷ്‌കരിച്ചതാണെന്ന ദെറിദയുടെ അവകാശവാദം അതിരുകടന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളെയും കമ്യൂണിസ്റ്റ് വിപ്ലവത്തെയും സംഘടനകളെയും ലൈറ്റാര്‍ഡ് നിരസിക്കുന്നതുപോലെ, വര്‍ഗസമരത്തെ ഫുക്കോ തള്ളിക്കളയുന്നതുപോലെ നിയോ ലിബറലിസത്തെയും കമ്യൂണിസത്തെയും ദെറിദ ഒരേപോലെ എതിര്‍ക്കുകയാണ്. മാര്‍ക്‌സിനെക്കുറിച്ച് ദെറിദ എഴുതിയ പുസ്തകത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെയും ചരിത്രത്തെ സമ്പൂര്‍ണമായി നിരസിക്കുന്നു. ഇതിന് ബദലായി ‘പുതിയ ഇന്റര്‍നാഷണല്‍’ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഒന്നു മുതല്‍ നാല് വരെയുള്ള കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലുകളെ ദെറിദ തള്ളിക്കളയുകയാണ്. മാര്‍ക്‌സിന്റെ പേര് നിരന്തരം ഉപയോഗിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെ മേഖലയില്‍ മാര്‍ക്‌സ് ആചരിച്ചതും പഠിപ്പിച്ചതുമായ എല്ലാറ്റിനെയും ദെറിദ നിരാകരിക്കുന്നു.
ദെറിദയുടെ ആഭിചാരങ്ങള്‍
യൂറോപ്പില്‍ 1960 കളില്‍ പ്രത്യക്ഷപ്പെട്ട് 1970കളില്‍ ശക്തിയാര്‍ജിച്ച കള്‍ച്ചറല്‍ മാര്‍ക്‌സിസം മാര്‍ക്‌സിസത്തിന്റെ പരമ്പരാഗത പാഠങ്ങളെയും സ്റ്റാലിനിസത്തെയും (സോവിയറ്റ് മാര്‍ക്‌സിസം) വിമര്‍ശിച്ച് മാര്‍ക്‌സിന് സംരക്ഷണ ഭിത്തിയൊരുക്കുകയായിരുന്നു. അപ്പോഴും സോവിയറ്റ് യൂണിയന്റെ നിലനില്‍പ്പില്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ഉള്ളുകൊണ്ട് അഭിമാനിച്ചു. സ്റ്റാലിനിസത്തിന്റെ പുറത്തറിഞ്ഞതും അറിയപ്പെടാനിരിക്കുന്നതുമായ എല്ലാ തിന്മകള്‍ക്കുമപ്പുറം മാര്‍ക്‌സിനും മാര്‍ക്‌സിസത്തിനുമുള്ള മഹത്വത്തില്‍ അവര്‍ വിശ്വസിച്ചു. മനുഷ്യരാശിക്ക് വഴികാട്ടാന്‍ ഇനിയും മാര്‍ക്‌സിന് കഴിയുമെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ചു. മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയുമൊക്കെ വെല്ലുവിളിച്ചും നേര്‍ക്കുനേരെ ഏറ്റുമുട്ടിയും സോവിയറ്റ് യൂണിയന്‍ അനന്തകാലം നിലനില്‍ക്കുമെന്ന ഒരുതരം അന്ധമായ ആത്മവിശ്വാസത്തിന്റെ ബലത്തിലായിരുന്നു ഇതെല്ലാം. എന്നാല്‍ ഒരു അന്തകന്റെ രൂപത്തില്‍ മിഖായേല്‍ ഗോര്‍ബച്ചേവ് എന്ന ഭരണാധികാരി രംഗപ്രവേശം ചെയ്യുമെന്ന് ആരും കരുതിയില്ല. സോവിയറ്റ് യൂണിയന് ഇനിയുള്ളകാലം നിലനില്‍ക്കണമെങ്കില്‍ മാര്‍ക്‌സിനെ ഉപേക്ഷിക്കേണ്ടതുണ്ട് എന്നുതന്നെയായിരുന്നു ഗോര്‍ബച്ചേവിന്റെ നിലപാട്. ”ചരിത്രത്തിന് കാത്തുനില്‍ക്കാനാവില്ല. പാഴാക്കാന്‍ സമയമില്ല. നാളെ എന്നത് വളരെ വൈകിപ്പോയെന്നുവരും. മറ്റെന്നാള്‍ അത് ഒരിക്കലും പുലര്‍ന്നില്ലെന്നു വരാം.” (163)്യൂഞങ്ങള്‍ ഇട്ടിരിക്കുന്ന ഷൂസില്‍ കയറി ഒന്നു നടന്നുനോക്കൂ, എവിടെയാണ് കടിക്കുന്നതെന്ന് അപ്പോഴറിയാം എന്നാണ് ഗോര്‍ബച്ചേവ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ലോകം കണ്ട ഏറ്റവും ധീരനായ മാര്‍ക്‌സ് വിരുദ്ധന്‍ ആരെന്നു ചോദിച്ചാല്‍ അത് ഗോര്‍ബച്ചേവ് ആണെന്നു പറയാം.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ സ്റ്റാലിനിസത്തിന്റെ വക്താക്കള്‍ അനാഥരാവുക മാത്രമല്ല ഉണ്ടായത്. കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കും കടുത്ത മോഹഭംഗം വന്നു. ചരിത്രത്തില്‍നിന്ന് ഗുരുതരമായി പരിക്കേറ്റ മാര്‍ക്‌സിനെ ശുശ്രൂഷിച്ചും പരിചരിച്ചും മരണത്തിന് വിട്ടുകൊടുക്കാതിരിക്കാനുള്ള അവരുടെ കഠിനാധ്വാനങ്ങളാണല്ലോ വൃഥാവിലായത്. ഉത്തരാധുനികര്‍ക്ക് നിറഞ്ഞാടാന്‍ ഇത് അവസരമൊരുക്കി. അവര്‍ മാര്‍ക്‌സിന് ചരമശുശ്രൂഷ ചെയ്യുക മാത്രമായിരുന്നില്ല, മാര്‍ക്‌സിന്റെ പ്രേതങ്ങളെ ഉച്ഛാടനം ചെയ്യാനും ഇറങ്ങിത്തിരിച്ചു. സൈദ്ധാന്തികമായ ഈ ആഭിചാരക്രിയ ഏറ്റവും വീറോടെ ചെയ്തത് ദെറിദയാണ്. മാര്‍ക്‌സിന്റെ ‘ഭൂതങ്ങള്‍’ എന്ന് ദെറിദ പറയുന്നതിനെ ‘പ്രേതങ്ങള്‍’ എന്നാണ് ശരിയായി പരിഭാഷപ്പെടുത്തേണ്ടത്. മാര്‍ക്‌സിസ്റ്റ് സംവാദം എന്നത് ദെറിദയ്ക്ക് മാര്‍ക്‌സിസത്തിന്റെ മരണത്തെക്കുറിച്ചുള്ള സംവാദമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടല്ലോ. ഐജാസ് അഹമ്മദ് പറയുന്നതുപോലെ മാര്‍ക്‌സിസത്തില്‍നിന്നും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍നിന്നും വ്യത്യസ്തമായ രീതിയില്‍ അകലം പാലിക്കുക മാത്രമല്ല ഉത്തരാധുനിക ചിന്തകര്‍ ചെയ്യുന്നത്. കേവലമായ അരാജകത്വത്തിലേക്ക് നീങ്ങുകയുമല്ല. മാര്‍ക്‌സിന്റെ കാലത്തുതന്നെ അരാജകത്തമുണ്ടായിരുന്നുവല്ലോ. രാഷ്ട്രീയത്തെ ശകലീകൃതമാക്കുകയും, സംസ്‌കാരത്തിന്റെ അടക്കും ചിട്ടയുമില്ലാത്ത രൂപം അവതരിപ്പിച്ച് വര്‍ഗസമരത്തെ മാറ്റി സ്ഥാപിക്കുകയും, സമത്വരാഷ്ട്രീയത്തിനു പകരം സ്വത്വരാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഉത്തരാധുനിക ചിന്തകര്‍, സമൂഹ മാധ്യമങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ മാര്‍ക്‌സിനെ വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുകയായിരുന്നു.
സോവിയറ്റ് യൂണിയന്റെ പതനം പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ക്ക് ലോകാവസാനം പോലെയായിരുന്നു. ഇത് തങ്ങളുടെ ബൗദ്ധിക-പ്രത്യയ ശാസ്ത്ര വ്യവഹാരങ്ങളില്‍ സൃഷ്ടിച്ച മഹാശൂന്യത നികത്താന്‍ അടിയന്തരമായി എന്തെങ്കിലും സ്വീകരിച്ചേ തീരൂ എന്നു വന്നപ്പോള്‍ ഉത്തരാധുനികതയിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്പില്‍ ഉത്തരാധുനികത മാര്‍ക്‌സിസ്റ്റ് വിരുദ്ധമായിത്തന്നെ തിരിച്ചറിയപ്പെട്ടു. ഫാസിസംപോലെ സമഗ്രാധിപത്യ പ്രത്യയശാസ്ത്രമാണ് കമ്യൂണിസവുമെന്നാണല്ലോ ഉത്തരാധുനിക ചിന്തകര്‍ വിലയിരുത്തിയത്. എന്നാല്‍ മൂന്നാം ലോക രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ അത് മാര്‍ക്‌സിസത്തിന്റെ വികസിത രൂപമാണെന്ന ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇന്ത്യയില്‍ ഉത്തരാധുനിക സൈദ്ധാന്തികന്മാരായി രംഗപ്രവേശം ചെയ്ത രഞ്ജിത് ഗുഹ, ദീപേഷ് ചക്രവര്‍ത്തി, പാര്‍ത്ഥ ചാറ്റര്‍ജി, ഗ്യാന്‍ പാണ്ഡെ തുടങ്ങിയവര്‍ മാര്‍ക്‌സിസ്റ്റ് പരിവേഷം എടുത്തണിഞ്ഞു. മാവോ, ഗ്രാംഷി, ഇ.പി. തോംസണ്‍ മുതലായവരെ ഉദ്ധരിച്ച് സ്വീകാര്യത നേടി. എന്നാല്‍ അധികം വൈകാതെ ഇവര്‍ തനിനിറം കാണിച്ചു എന്നത് വേറെ കാര്യം. കലയിലും സാഹിത്യത്തിലും ബൃഹദാഖ്യാനങ്ങളെ നിന്ദിച്ചും ബഹുസ്വരത തിരഞ്ഞും പ്രഭാഷണങ്ങളില്‍ സ്വത്വരാഷ്ട്രീയം പ്രയോഗിച്ചും പുരോഗമന മാര്‍ക്‌സിസ്റ്റുകള്‍ പ്രസക്തി തെളിയിച്ചു. എന്നാല്‍ മനസ്സിലാകാവുന്നിടത്തോളം ഫുക്കോയെയും ദെറിദയെയും മറ്റും രഹസ്യമായി വായിച്ച് ഇവര്‍ ആത്മനിന്ദ അനുഭവിച്ചു.
(തുടരും)
അടിക്കുറിപ്പുകള്‍:-
157. The Principles of Communism, Engels.
158. Re Reading Marxism, Compiled by Chandra Dutt.
159. Ibid.
160. Ibid.
161. Ibid.
162. Ibid.
163. Perestroika-New thing for the Country and the world, Mikhail Gorbachev.