കേരളത്തിലെ മാധ്യമപ്രവര്‍ത്തനരംഗം മലീമസമായ രാഷ്ട്രീയത്തിനും വൈരനിര്യാതനബുദ്ധിക്കും വിധേയമാകുന്നു എന്ന ഒരു നിരീക്ഷണം പൊതു സമൂഹത്തില്‍ ശക്തമാണ്. രാഷ്ട്രീയ നേതാക്കള്‍ പൊതുജന ദൃഷ്ടിയില്‍ പുലര്‍ത്തുന്ന ചേരിപ്പോരും അവമതിപ്പും എതിരാളികളെ താറടിക്കാനുള്ള നീക്കവും ഒക്കെ തന്നെ നേരത്തെ ഈ രംഗത്ത് മാത്രമായി ഒതുങ്ങി നിന്നിരുന്നു. പത്ര-മാധ്യമ പ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധം രാഷ്ട്രീയത്തിനും രാഷ്ട്രീയ നിലപാടുകള്‍ക്കും അപ്പുറത്തായിരുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ പത്രപ്രവര്‍ത്തകരുടെ പൊതുതാല്‍പര്യത്തെ ഹനിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്ന സ്വഭാവം പൊതുവേ ഇല്ലായിരുന്നു. ‘ഗിഫ്റ്റഡ്’ ജേര്‍ണലിസത്തിന് വഴിമാറാത്ത മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും നിരവധിയായിരുന്നു. മദ്യപാനപാര്‍ട്ടികള്‍ക്കും ഗിഫ്റ്റ് കൂപ്പണിനും പിന്നാലെ പായാതെ മാധ്യമപ്രവര്‍ത്തനം ഒരു സാമൂഹ്യസേവനം ആണെന്നും ജീവന്‍ കൊടുത്തും സ്വന്തം പാദമുദ്ര ആ മേഖലയില്‍ പതിക്കണമെന്നുമുള്ള നിഷ്ഠയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്നത്. പഴയ തലമുറയിലും മത്സരസ്വഭാവം ശക്തമായിരുന്നു. മാതൃഭൂമിയും മനോരമയും രണ്ടു ചേരികളില്‍ ശക്തമായി നിലനിന്നിരുന്ന കാലത്ത് പോലും സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരം പത്രപ്രവര്‍ത്തകര്‍ തമ്മിലുള്ള ഊഷ്മളമായ സ്‌നേഹബന്ധത്തെ ഒരിക്കലും ബാധിച്ചിരുന്നില്ല. അടുത്തിടെ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ജി.ശേഖരന്‍ നായര്‍ അന്തരിച്ചപ്പോള്‍, തിരുവനന്തപുരം മലയാള മനോരമയുടെ രാഷ്ട്രീയകാര്യ ലേഖകനായിരുന്ന വി.കെ. സോമന്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്ന കുറിപ്പ് ഹൃദയസ്പൃക്കായിരുന്നു.
വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായം ഉള്ളപ്പോള്‍ പോലും ദേശാഭിമാനിയുടെയും ജന്മഭൂമിയുടെയും ഒക്കെ മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ ഹൃദയബന്ധമുണ്ടായിരുന്നു. ഒരുപക്ഷേ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ പോലും പാര്‍ട്ടി പത്രങ്ങളിലെ പത്രപ്രവര്‍ത്തകര്‍ സജീവമായി ഇടപെട്ടിരുന്നു. 1992 ന് ശേഷം മാതൃഭൂമിയുടെ കോഴിക്കോട് റിപ്പോര്‍ട്ടറായിരിക്കെ നടന്ന ഒരു സംഭവം ഓര്‍മ്മവരുന്നു.
സി.പി.എം നേതാവായ നാല്‍പ്പാടി വാസു കണ്ണൂരില്‍ കൊല്ലപ്പെട്ടു. അന്ന് ഇടതുമുന്നണി കണ്‍വീനറായിരുന്ന എം.എം. ലോറന്‍സ് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ കോഴിക്കോട് പത്രസമ്മേളനം വിളിച്ചു. പത്രസമ്മേളനത്തില്‍ സ്വാഭാവികമായും അക്രമ രാഷ്ട്രീയത്തിനെതിരെ ലോറന്‍സിനോട് തുടരെ തുടരെ ചോദ്യങ്ങളുയര്‍ന്നു. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത് ജന്മഭൂമിയുടെ റിപ്പോര്‍ട്ടറായിരുന്ന ഗിരീഷ് മുള്ളങ്കണ്ടിയായിരുന്നു. അസൗകര്യമുള്ള ചോദ്യങ്ങള്‍ വന്നാല്‍ റിപ്പോര്‍ട്ടറുടെ പത്രം ഏതാണെന്ന് ചോദിക്കുന്നത് സി.പി.എം നേതാക്കളുടെ പതിവായിരുന്നു. എം.എം. ലോറന്‍സും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും ഒക്കെ തന്നെ പത്രം ഏതാണെന്ന് ചോദിക്കുകയും അവര്‍ക്കെതിരെ പരാമര്‍ശം നടത്തുകയും ചെയ്യുന്നത് സ്ഥിരമായതുകൊണ്ട് ലോറന്‍സിന്റെ ചോദ്യം വന്നപ്പോള്‍ തന്നെ ഞാന്‍ ഇടപെട്ടു. ദേശാഭിമാനിയുടെ പുതിയ ട്രെയിനിയാണ് പരിചയമില്ലേ എന്ന് ചോദിച്ചു. എന്റെ ഇടത്തും വലത്തും ആയിട്ടാണ് ദേശാഭിമാനിയുടെ പി.പി. അബൂബക്കറും ജന്മഭൂമിയുടെ ഗിരീഷും ഇരുന്നിരുന്നത്. ഞാന്‍ അബൂബക്കറോട് അപ്പോള്‍ തന്നെ സ്വകാര്യം പറഞ്ഞു, ജന്മഭൂമിയാണെന്ന് പറഞ്ഞാല്‍ കാര്യങ്ങള്‍ വഷളാകുമെന്ന്. ശരിയാണോ എന്നറിയാന്‍ ലോറന്‍സ് അബൂബക്കറിനെ ഒന്ന് സൂക്ഷിച്ചുനോക്കി അബൂബക്കര്‍ മിണ്ടിയില്ല. പത്രസമ്മേളനം കഴിഞ്ഞ് അബൂബക്കറും ഞാനും ഒന്നിച്ചാണ് ലോറന്‍സിനെ കണ്ടത്. കൊച്ചിയില്‍ നേരത്തെ ജോലി ചെയ്തിരുന്നതുകൊണ്ട് നല്ല പരിചയമുണ്ടായിരുന്നു. അബൂബക്കറും ഞാനും കാര്യം പറഞ്ഞപ്പോള്‍ ലോറന്‍സ് ചിരിച്ചു. പിന്നെ ഗിരീഷിനെ വിളിച്ച് പരിചയപ്പെട്ടു. ഒക്കെ കഴിഞ്ഞ് നിറഞ്ഞ ചിരിയോടെ തോളില്‍ കയ്യിട്ടാണ് അബൂബക്കര്‍ മടങ്ങിയത്. ഏതു പാര്‍ട്ടിയുടെയും പരിപാടിയില്‍ പോകാനോ സെമിനാറുകളില്‍ സംസാരിക്കാനോ ഒന്നും തന്നെ മുന്‍കാലങ്ങളില്‍ വിലക്ക് ഉണ്ടായിരുന്നില്ല.
പ്രസ്‌ക്ലബ് പിടുത്തവും ഇസ്ലാമിക മാധ്യമങ്ങളുടെ അധിനിവേശവും ശക്തമായി ഒരു അജണ്ട എന്ന നിലയില്‍ ദേശീയ മാധ്യമങ്ങളുടെ അനുഭാവികളായ മാധ്യമപ്രവര്‍ത്തകരോട് ആസുരികമായ ഒരു വിദ്വേഷം വളര്‍ത്തലും ഏതാനും വര്‍ഷം കൊണ്ട് വികാസം പ്രാപിച്ചു. ഇടതുപക്ഷ അനുഭാവികളായ മാധ്യമപ്രവര്‍ത്തകരും ഒരു പരിധിവരെ പ്രസ്‌ക്ലബ് പിടുത്തത്തിന്റെ ഭാഗമായി ഈ കെണിയില്‍ വീണിട്ടുണ്ടോ എന്ന് ശങ്കിക്കുന്നു.
സുജയ പാര്‍വ്വതിയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളും ഈ രീതിയില്‍ വേണം വിലയിരുത്താന്‍. ഭാരതീയ മസ്ദൂര്‍ സംഘം (ബി.എം.എസ്) ലോകത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ അംഗത്വം എടുത്തിട്ടുള്ള ഈ പ്രസ്ഥാനം ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ല. ഒരു സ്വതന്ത്ര തൊഴിലാളി സംഘടന എന്ന നിലയിലാണ് ഭാരതീയ മസ്ദൂര്‍ സംഘം പ്രവര്‍ത്തിക്കുന്നത്. തീര്‍ച്ചയായും അതിന്റെ ആശയധാര ദേശീയ ചിന്താഗതിയാണ്. ഭാരതീയ-ദേശീയ കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ വനിതാദിന ആഘോഷ പരിപാടിയില്‍ അതിഥിയായാണ് മാധ്യമപ്രവര്‍ത്തകയായ സുജയ പാര്‍വ്വതി പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനു മുമ്പ് സ്ഥാപനത്തിലെ മേലധികാരികളോട് രേഖാമൂലം അനുവാദം ചോദിച്ചിരുന്നു. അനുവാദം നല്‍കുകയും ചെയ്തു. പരിപാടി കഴിഞ്ഞു വന്നതിനുശേഷം വാര്‍ത്ത വായിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ ചായ്‌വുള്ള പ്രസ്ഥാനത്തിന്റെ പരിപാടിയില്‍ പങ്കെടുത്തു എന്നതിന്റെയും, സ്ഥാപനത്തിന് മോശപ്പേരുണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചു എന്നതിന്റെയും പേരില്‍ അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തത്. വനിതാദിനാഘോഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ പറയേണ്ടതോ പറയാവുന്നതിനപ്പുറമോ എന്തെങ്കിലും അവര്‍ പറഞ്ഞതായി ആ പ്രസംഗം കേട്ടു നോക്കിയപ്പോള്‍ തോന്നുന്നില്ല. പക്ഷേ ആ പ്രസംഗം തങ്ങളെ ഉദ്ദേശിച്ചാണെന്ന് ഫ്‌ളവേഴ്‌സ് 24 ന്യൂസ് ചാനലിന്റെ മുകളിലുള്ളവര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്.
സിഐഡി മൂസ എന്ന സിനിമയില്‍ ‘ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്’ എന്ന് ജഗതി ശ്രീകുമാറിന്റെ കഥാപാത്രം പറയുന്ന ഒരു രംഗമുണ്ട്. ആ രീതിയില്‍ ഈ പ്രസംഗത്തെയും കാണാനുള്ള കാരണമാണ് പ്രസക്തം. ഇതിനിടെ സുജയ പാര്‍വതി ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റിന് നല്‍കിയ തൊഴില്‍സ്ഥലത്തെ പീഡനം സംബന്ധിച്ച ഒരു പരാതിയും ഇതുമായി കൂട്ടിക്കെട്ടി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ സംഭവവും സുജയ പാര്‍വതിയുടെ മെമ്മോയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന കാര്യം വ്യക്തമാണ്. രാഷ്ട്രീയ ആഭിമുഖ്യമുള്ള സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തു എന്നതും സ്ഥാപന താല്‍പര്യത്തിന് വിരുദ്ധമായി പ്രസംഗിച്ചു എന്നതുമാണ് മെമ്മോയില്‍ പറഞ്ഞിട്ടുള്ള ആരോപണങ്ങള്‍. സുജയ പാര്‍വതിയുടെ പ്രസംഗത്തില്‍ രണ്ട് മൂന്ന് കാര്യങ്ങളാണ് ഊന്നി പറഞ്ഞിട്ടുള്ളത്. ഒന്ന് തന്റെ മാധ്യമപ്രവര്‍ത്തന അനുഭവങ്ങള്‍ ആയിരുന്നു. ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്നപ്പോള്‍ ശബരിമല വിവാദസമയത്ത് ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിന് പോകാന്‍ ആവശ്യപ്പെട്ടു, താന്‍ നിഷേധിച്ചു എന്നതായിരുന്നു ഒന്ന്. അതാകട്ടെ ഫ്‌ളവേഴ്‌സ് ചാനലുമായി യാതൊരു ബന്ധവുമുള്ള സംഭവമല്ല. രണ്ടാമത്തേത് തൊഴിലിടങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ലെന്നും അവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നതും ആയിരുന്നു. മൂന്നാമത്തേത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണ് തന്നെ ആകര്‍ഷിച്ചത് എന്നതിനെക്കുറിച്ചാണ് പക്ഷേ മോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയാണെങ്കിലും ഒരിക്കലും മോദി അനുകൂല പരാമര്‍ശമോ നിലപാടോ ചാനലിലോ ആങ്കറിങ്ങിലോ ചര്‍ച്ചയിലോ അവര്‍ അനുവര്‍ത്തിച്ചിട്ടുമില്ല. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതും അതില്‍ ആകൃഷ്ടയാകുന്നതും എങ്ങനെയാണ് സ്ഥാപനത്തിന്റെ നിലപാടിന് എതിരാകുന്നത് എന്നകാര്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഫ്‌ളവേഴ്‌സ് ചാനലിനുണ്ട്. ഫ്‌ളവേഴ്‌സിന്റെ ഉടമസ്ഥരെക്കുറിച്ചോ ചീഫ് എഡിറ്ററെ കുറിച്ചോ ഒന്നും അഭിപ്രായം പറയുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളിനെ പരിഗണിക്കുന്നുമില്ല. പക്ഷേ, നരേന്ദ്രമോദി ഫ്‌ളവേഴ്‌സിന് വിരുദ്ധനാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കണം. മോദി വിരുദ്ധത അല്ലെങ്കില്‍ ബിജെപി വിരുദ്ധത സഹിക്കാനാവും. പക്ഷേ രാഷ്ട്ര വിരുദ്ധത മാധ്യമങ്ങളുടെ പക്ഷത്തുനിന്നായാലും ആരുടെ പക്ഷത്തുനിന്ന് ആയാലും അംഗീകരിക്കാനാവില്ല. സുജയ പാര്‍വ്വതിയുടെ സംഭവത്തില്‍ അങ്ങനെയൊന്നില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ശ്രീകണ്ഠന്‍ നായര്‍ക്കും ചാനല്‍ മാനേജ്‌മെന്റിനും ഉണ്ട്.
കാരണം അനുവാദം വാങ്ങിപ്പോയി പ്രസംഗിച്ച ഒരു പരിപാടിയുടെ പേരില്‍ വനിതാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു എന്നുമാത്രമല്ല, അവരെക്കുറിച്ച് സ്ഥാപനത്തില്‍ നിന്ന് തന്നെ പുറത്തുവന്ന വാര്‍ത്തകള്‍ പൊതുസമൂഹത്തില്‍ അവമതിപ്പ് സൃഷ്ടിക്കുന്നതാണ്. സുജയ പാര്‍വതി സ്ഥാപനത്തില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ലൈംഗികപീഡന ആരോപണം ഉന്നയിച്ചിട്ടില്ല. തൊഴില്‍സ്ഥലത്ത് ചില സഹപ്രവര്‍ത്തകരില്‍ നിന്ന് അവമതിപ്പുണ്ടാകുന്ന പെരുമാറ്റം ഉണ്ടായി എന്നത് മാത്രമാണ് പറഞ്ഞിട്ടുള്ളത്. വൈശാഖ കേസ് വിധിയനുസരിച്ച് ഈ പരാതി ശരിയായ രീതിയില്‍ കൈകാര്യം ചെയ്തിട്ടില്ല. ഇങ്ങനെ ഒരു പരാതി ലഭിച്ചാല്‍, അഞ്ചുദിവസത്തിനകം പരാതി പരിഹരിച്ചില്ലെങ്കില്‍ സ്ഥാപനം നില്‍ക്കുന്ന സ്ഥലത്തെ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ക്ക് കൈമാറേണ്ടതുണ്ട്. അതല്ലെങ്കില്‍ പരാതിയില്‍ കഴമ്പില്ലെന്ന് പരാതിക്കാരിയെ ബോധ്യപ്പെടുത്തണം. ഫ്‌ളവേഴ്‌സ് ഇത് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, സ്ഥാപനത്തിനുള്ളിലെ ജീവനക്കാര്‍ തമ്മില്‍ ഈ തരത്തില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ അത് സുഗമമായി, പരാതിരഹിതമായി തീര്‍ക്കാനുള്ള ആര്‍ജ്ജവം മുതിര്‍ന്നവര്‍ കാട്ടേണ്ടതല്ലേ? സുജയ പാര്‍വതിയുടെ കാര്യത്തില്‍ അനാവശ്യ തിടുക്കത്തോടെയുള്ള സസ്‌പെന്‍ഷന്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ പരിപാടിയില്‍ പങ്കെടുത്തു എന്നതുകാരണമാണ്. വ്യാപകമായി ഉയര്‍ന്ന പ്രതിഷേധമാണ് പിന്നീട് കേരളം കണ്ടത്. പീഡന പരാതിയുടെ ബാക്കിപത്രമാണെന്ന പ്രചാരണത്തിന് പിന്നില്‍ കഴമ്പില്ല എന്ന കാര്യത്തില്‍ സംശയമില്ല. മെമ്മോ കാണുന്ന ആര്‍ക്കും ഇത് മനസ്സിലാവും.
സ്ഥാപനത്തിനുള്ളിലും പുറത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമോ, രാഷ്ട്രീയ പക്ഷപാതമോ ഉണ്ടാകാം. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളിലോ ചാനലുകളിലോ പ്രവര്‍ത്തിക്കുന്നവര്‍ രാഷ്ട്രീയ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. പക്ഷേ, അതില്ല എന്ന് അവകാശപ്പെടുകയും പരസ്യമായി പ്രഖ്യാപിക്കുകയും അതിന്റെ പേരില്‍ നിലപാടെടുക്കുകയും ചെയ്യുന്നവര്‍ ഈ തരത്തില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ പ്രൊഫഷണല്‍ ജീവിതവും കരിയറും ഇല്ലാതാകുന്ന തരത്തിലുള്ള ഇത്തരം നടപടി ശരിയാണോ? സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസവും ആരോപണവും അതിന്റെ പേരിലുള്ള വ്യാജപ്രചരണവും മാധ്യമമേഖലയില്‍ അടുത്തിടെ വളരെ കൂടിയിട്ടുണ്ട്. സ്ഥലംമാറ്റം ഉണ്ടാവുമ്പോഴും പ്രൊഫഷണല്‍ കാര്യത്തിന് അച്ചടക്കനടപടി ഉണ്ടാവുമ്പോഴും പെണ്ണുകേസ് ഉണ്ടാക്കുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തുന്നതും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. പക്ഷേ, അതിന്റെ പേരില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തക ഉന്നയിച്ചിട്ടുള്ള ആക്ഷേപം സത്യസന്ധമാണെങ്കില്‍ അത് നടപടിയെടുക്കാതെ പോവുകയുമരുത്. ഇത് സുജയ പാര്‍വതിയെ പിന്തുണയ്ക്കാനോ ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റിനെ ഇകഴ്ത്താനോ പറയുന്നതല്ല. കുറച്ചുകൂടി മാന്യമായ രീതിയില്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടതായിരുന്നു. ബി.എം.എസ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടന രാഷ്ട്രീയാതീതമാണെന്ന കാര്യം പോലും അറിയാത്തവരാണ് ഫ്‌ളവേഴ്‌സിന്റെ മാനേജ്‌മെന്റില്‍ ഉള്ളതെങ്കില്‍ അതിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. അതിന്റെ പേരില്‍ മാത്രമാണ് നടപടിയെങ്കില്‍ പാര്‍വതിക്കൊപ്പം ഏതറ്റം വരെയും പോകാന്‍ ദേശീയവാദികളും ഈ രാഷ്ട്രത്തിനെ സ്‌നേഹിക്കുന്നവരും ഉണ്ടാവും.