രാവിലെ പത്രപാരായണം കഴിഞ്ഞ് ചിന്തയിലാണ്ടു. ചില പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും മലയാള മാധ്യമങ്ങളുടെയും പ്രിയ ഭാവി പ്രധാനമന്ത്രിയായ യുവരാജാവിന്റെ കേംബ്രിഡ്ജിലെ പ്രസംഗം. അത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു, മൂക്കത്ത് വിരല്‍ വെപ്പിച്ചു.
അപ്പോഴാണ് അഭ്യുദയകാംക്ഷിയും സുഹൃത്തുമായ ദേവേട്ടന്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് വിളിക്കുന്നത്. അദ്ധ്യാത്മ വിഷയത്തില്‍ ശ്രദ്ധാലുവായ അദ്ദേഹം ബ്രഹ്‌മസൂത്രം വായിച്ചുവോ എന്ന് ചോദിക്കാനായിരിക്കും വിളിച്ചത് എന്ന് കരുതി ഞാന്‍ ആദ്യം തന്നെ ഇല്ലെന്ന് പറഞ്ഞു.
‘അയ്യോ അതിനല്ല വിളിച്ചത് .. പ്രതിപക്ഷ നേതാവിന്റെ കേംബ്രിഡ്ജ് പ്രസംഗം കേട്ടുവോ എന്ന് ചോദിക്കാനാണ്’ എന്നദ്ദേഹം.
‘ഹ..ഹ..ഹ .. ഉവ്വ്.. അപകടകരമായ മൂര്‍ഖത അല്ലെ?’
‘അതെ.. എന്നാലും വിദേശത്ത് ചെന്ന് ഭാരതത്തിനെ..ഇങ്ങനെ അപമാനിക്കുക എന്ന് വെച്ചാല്‍ ?..’
‘അതിരുകടന്ന മൂര്‍ഖത അല്ലാതെ എന്താ പറയാ ?’
‘മൂര്‍ഖതയുടെ ഇംഗ്ലീഷ് എന്താണെന്ന് അറിയോ? മലയാളം ഇംഗ്ലീഷ് ഡിക്ഷനറിയില്‍ 25 ഓളം വാക്കുകള്‍ ഉണ്ട്. േൌുശറശ്യേ അതിലൊന്നു മാത്രം. പക്ഷെ മറ്റ് അര്‍ത്ഥങ്ങള്‍ ഒന്നും അങ്ങോട്ട് യോജിക്കുന്നില്ല. മൂര്‍ഖതയ്ക്കു മറുമരുന്നില്ലാത്ത പോലെ വേറെ വാക്കും ഇല്ല..’
ദേവേട്ടന്‍ ചിരിച്ചിട്ട് തത്വചിന്തയിലേയ്ക്ക് പോയി.
‘നീതിശതകം വായിച്ചിട്ടുണ്ടോ? അതില്‍ ആദ്യത്തെ അദ്ധ്യായം മൂര്‍ഖപദ്ധതിയാണ്. മൂര്‍ഖരുടെ സ്വഭാവഗുണം അതില്‍ വിവരിച്ചിട്ടുണ്ട്.’
‘ഉവ്വ് ഉവ്വ് ഞാന്‍ വായിച്ചിട്ടുണ്ട്.. ചില വരികള്‍ തര്‍ജ്ജമ ചെയ്യാനും നോക്കിയിട്ടുണ്ട്. മൂര്‍ഖപദ്ധതിയുടെ അവസാനം ‘മൂര്‍ഖസ്യ നാസ്ത്യൗഷധം’ എന്നല്ലേ പറയുന്നത്.. മൂര്‍ഖതയ്ക്ക് മരുന്നില്ല.
‘വളരെ ശരി. എന്നാല്‍ ഈ ആഴ്ച അതിനെക്കുറിച്ച് തന്നെ എഴുതൂ.’
‘തീര്‍ച്ചയായും.’ എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു.
‘എന്താ രാവിലെ തന്നെ മൂര്‍ഖതയാണല്ലോ വിഷയം.’ എന്ന് ചോദിച്ചു കൊണ്ട് ശ്രീമതി ചായയുമായി ഉമ്മറത്തെത്തി.
‘ശരിയാണ്. മൂര്‍ഖര്‍ ഇന്നതേ ചെയ്യൂ എന്നില്ല.. നമ്മെ അവരുടെ പ്രവൃത്തികൊണ്ടു ഞെട്ടിപ്പിക്കും.’
‘പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ പോയി കെട്ടിപ്പിടിച്ചപോലെ അല്ലേ ?’
‘എഗ്സാക്റ്റിലി… പക്ഷെ മൂര്‍ഖരെ ദുഷ്ടരേക്കാളും പേടിക്കണം.’
‘ഡെയിറ്റ് റിച്ച് ബോണ്‍ഹോഫര്‍ ഹിറ്റ്‌ലറുടെ കാലത്തെ വലിയ ദാര്‍ശനികനും തത്വചിന്തകനും ജര്‍മ്മന്‍ ലൂഥറന്‍ ചര്‍ച്ചിന്റെ പാതിരിയുമായിരുന്നു. നാസികളുടെ ക്രൂരതയെ വിമര്‍ശിച്ച അദ്ദേഹത്തെ നാസി പട തൂക്കി കൊന്നു. മൂര്‍ഖതയുടെ സിദ്ധാന്തത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം വിശ്വപ്രസിദ്ധമാണ്. അത് Bonhoeffer’s Theory of Stupidity എന്നറിയപ്പെടുന്നു. ദുഷ്ടശക്തികളെക്കാളും വിഡ്ഢികളെയാണ്, മൂര്‍ഖരെയാണ് പേടിക്കേണ്ടത്. കാരണം ദുഷ്ടശക്തികളെ നമുക്ക് യുദ്ധം ചെയ്ത് തോല്പിക്കാം പക്ഷെ മൂര്‍ഖരുമായി ഏറ്റുമുട്ടാന്‍ സാധിക്കില്ല. അവരെന്തു ചെയ്യും, എന്ത് പറയും എന്നൊന്നും നമുക്ക് പ്രവചിക്കാന്‍ സാധ്യമല്ല എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നാസികളെയും കമ്മ്യൂണിസ്റ്റുകളെയും അദ്ദേഹം ഒരു പോലെ വിഡ്ഢികളുടെ കൂട്ടത്തില്‍ കൂട്ടുന്നുണ്ട്. നമ്മുടെ നാട്ടിലെ കവികളും സാഹിത്യകാരന്മാരും ചിന്തകരും ഇത്രയും മൂര്‍ഖരായിപ്പോയതെങ്ങനെ എന്നദ്ദേഹം വിലപിക്കുന്നുണ്ട്.
‘ശരിയാണ്. ഇവിടെയും അത് പ്രസക്തം. മൂര്‍ഖരായതുകൊണ്ടാണ് ഇവിടെ നാം പ്രബുദ്ധരാണ് എന്ന് പറഞ്ഞു നടക്കുന്നത്. ഈ പ്രബുദ്ധര്‍ മറ്റുള്ളവരെയെല്ലാം മൂര്‍ഖരാണെന്നു പറയുക മാത്രമല്ല, ഏത് അധര്‍മ്മത്തെയും അക്രമത്തെയും ന്യായീകരിക്കുയും ചെയ്യും.’
‘മൂര്‍ഖരുടെ മസ്തിഷ്‌ക പ്രക്ഷാളനം നടന്ന് കഴിഞ്ഞാല്‍ തലച്ചോര്‍ മറ്റുള്ളവരുടെ നിയന്ത്രണത്തിലാവും. അവരെ തുറന്ന തലയുള്ളവരായാണ് കാര്‍ട്ടൂണുകളില്‍ കാണിക്കുന്നത്.’
‘കേരളത്തില്‍ ചിന്താശേഷി അല്പം പോലുമില്ലാത്ത പാര്‍ട്ടി അണികളില്‍ അത് സാധാരണ കണ്ടുവരുന്നു. എങ്കിലും ജീവഭയം കൊണ്ട് മൂര്‍ഖരായി പരിണമിക്കാലോ. ഉത്തര കൊറിയയിലെപ്പോലെ?’
‘അത് വേറെ കഥയാണ്..ഭീതിദരായ പാവങ്ങള്‍.. ഇവിടെ എല്ലായിടത്തും സ്വതന്ത്രനായി നടന്ന് തോന്നിയത് പറയുക. പിന്നെ വിദേശരാജ്യത്തു പോയി സ്വന്തം രാജ്യത്തെക്കുറിച്ചു നിന്ദിച്ചു സംസാരിക്കുക. അത്തരം ആള്‍ക്ക് എന്ത് ജീവഭയം? അല്ലെങ്കിലും അയാളെ ഭീകരര്‍ ഒന്ന് നോക്കി. ഭയമില്ലാതെ അങ്ങോട്ടും നോക്കി. അവര്‍ വെറുതെ വിട്ടു എന്ന് അയാള്‍.. ഹ..ഹ..ഹ’ ഇമ്മാതിരി മൂര്‍ഖനെ തങ്ങള്‍ക്ക് ഏറെ ഉപകരിക്കും എന്ന് ഭീകരര്‍ കരുതിക്കാണും’
‘ശരിയാണ്. മൂര്‍ഖതയെ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നവര്‍ ഇവിടെയും ധാരാളം കാണാം.’
‘ഈയിടെ ഈസ്‌ററ് ഇന്ത്യാ കമ്പനിയോട് നമ്മള്‍ പോരാടിയ പോലെ അദാനിയോട് പോരാടും എന്ന് മൂര്‍ഖ പ്രസ്താവന വന്നപ്പോള്‍ അന്നെന്തു കോണ്‍ഗ്രസ്സ് ? എന്ന് ആരോ ചോദിച്ചപ്പോള്‍ ടി.വി. അവതാരക ഉടന്‍ രക്ഷയ്‌ക്കെത്തി. നമ്മള്‍ എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ്സല്ല ഭാരതീയര്‍ എന്നാക്കി മൂര്‍ഖതയെ പിന്തുണച്ചു.
‘ഒരു കാര്യത്തിനും കൊള്ളില്ലെങ്കിലും പിന്തുണയ്ക്ക് ഒരു കുറവുമില്ല.’
‘ഒരു ഗ്രീക്ക് കഥ ഓര്‍മ്മ വരികയാണ്. ഒരാള്‍ ഒരു വിഡ്ഢിയെ വലിയ പിടിയുള്ള കൂജയും കൊടുത്ത് ഇത്തിരി വൈന്‍ വാങ്ങി കൊണ്ടുവരാന്‍ ഒരു ജ്ഞാനിയുടെ അടുത്തേയ്ക്ക് പറഞ്ഞയച്ചു. വഴിയില്‍ വെച്ച് വിഡ്ഢിയുടെ അശ്രദ്ധ മൂലം കൂജ ഉടഞ്ഞു പോയി.
വിഡ്ഢി വെറും പിടിയുമായി ജ്ഞാനിയുടെ അടുത്തെത്തി. വൈന്‍ വേണമെന്ന് പറഞ്ഞു. അവിടെയുള്ളവര്‍ എല്ലാരും ചിരിച്ചു. വിഡ്ഢി തര്‍ക്കിച്ചു. ഞാന്‍ ഈ പിടി കൊണ്ടുവന്നിരുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമായിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാം ഉറപ്പായില്ലേ ഞാന്‍ വിഡ്ഢിയല്ല, വൈന്‍ മേടിക്കാന്‍ വന്ന ആളാണെന്ന്. കാഴ്ചക്കാര്‍ അമ്പരന്നു.’
‘വിഡ്ഢി വിഡ്ഢിയാണെന്നു ഒരിക്കലും സമ്മതിക്കില്ല. അതുകൊണ്ടാണല്ലോ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച് കണ്ണിറുക്കി കാണിച്ചത്.’
‘ഹ..ഹ..ഹ… ഈ വിഡ്ഢി സാധാരണ വിഡ്ഢിയല്ല മഹാ മൂര്‍ഖനാണ്.. വിളക്കിലെ തിരി പിടിക്കാന്‍ നോക്കുന്ന കുട്ടി വിവേകമില്ലാത്ത കുട്ടിയാണ്. അതിനെ ശാസിക്കാം. പക്ഷെ മധ്യവയസ്‌കനായ കുട്ടിയെ കെട്ടിയിടേണ്ടി വരും ഇല്ലെങ്കില്‍ വീട് കത്തിയ്ക്കും.’
‘ഹ.ഹ ഹ.. തലയ്ക്ക് വെളിവില്ലാത്തയാള്‍ ഇന്നതേ ചെയ്തുകൂടൂ എന്നൊന്നില്ല’.
‘ശരിയാണ്. കേട്ടോളൂ ഒരിക്കല്‍ ഒരു വിഡ്ഢി ഉത്സവം നടക്കുന്ന ഒരു വലിയ പൂരപ്പറമ്പില്‍ എത്തി. ജനത്തിരക്കില്‍ താന്‍ ഒറ്റപ്പെടുമോ എന്ന ഭീതിയുണ്ടായി. സമയം പാതിര ആയി. എല്ലാവരും കിട്ടിയ ഇടങ്ങളില്‍ ഉറക്കം തുടങ്ങി. വിഡ്ഢിയ്ക്കും ഉറക്കം വന്നു. പക്ഷെ ഒരു ഭയം രാവിലെ എഴുന്നേറ്റാല്‍ താന്‍ തന്നെ എങ്ങനെ തിരിച്ചറിയും? അതിനാല്‍ മുണ്ടില്‍ നിന്ന് ഒരു നൂല്‍ എടുത്ത് കാലില്‍ ഒരു കെട്ട് കെട്ടി. ഈ കെട്ട് കണ്ടാല്‍ തനിയ്ക്ക് താനാണെന്ന് അറിയാം എന്ന് കരുതി ഉറങ്ങാന്‍ കിടന്നു. ഇതെല്ലാം കണ്ടു നിന്ന ഒരു വിരുതന്‍ ഇയാള്‍ ഉറങ്ങിയപ്പോള്‍ ആ കെട്ട് അഴിച്ചു മാറ്റി തന്റെ കാലില്‍ കെട്ടി അടുത്തുതന്നെ ഉറങ്ങാന്‍ കിടന്നു. രാവിലെ വിഡ്ഢി എഴുന്നേറ്റ് നോക്കിയപ്പോള്‍ തന്റെ കാലില്‍ കെട്ടില്ല. അടുത്തുള്ള ആളുടെ കാലില്‍ അതാ കെട്ട്. വിഡ്ഢി ചെന്ന് ചോദിച്ചു ‘അല്ല സുഹൃത്തേ.. ഞാന്‍ നിങ്ങളാണെങ്കില്‍ പിന്നെ ഈ ഞാന്‍ ആരാ?’
‘ഹ..ഹ..ഹ..ഭാരത് ജോഡോ യാത്രയില്‍ നിങ്ങള്‍ കരുതുന്ന ആ ഞാന്‍ മരിച്ചു പോയി ഞാന്‍ ഇപ്പോള്‍ പുതിയ ആളാ’ എന്ന ഡയലോഗ് ഓര്‍മ്മ വരുന്നു.
‘ശരിയാണ് .. അങ്ങനെ എത്രയെത്ര?’
‘അയ്യോ.. കുറച്ചു കൂടി കയറി ചിന്തിച്ചാല്‍ നമുക്കും ഭ്രാന്താവും.’എന്ന് പറഞ്ഞ് അവള്‍ അടുക്കളയിലേയ്ക്ക് പോയി.
ഞാന്‍ ഭര്‍ത്തൃഹരിയുടെ നീതിശതക ശ്ലോകം ഓര്‍ത്തു.
അഗ്‌നിയെ വെള്ളം കൊണ്ട് ശമിപ്പിക്കാം, സൂര്യന്റെ ചൂട് മുറം കൊണ്ട് മറയ്ക്കാം, മദയാനയെ തോട്ടികൊണ്ടു മെരുക്കാം, പശുവിനും കഴുതയ്ക്കും ഒരു വടി മതി, രോഗങ്ങള്‍ ഔഷധ സേവകൊണ്ടും വിഷം മന്ത്രം കൊണ്ടും മാറ്റാം…
‘സര്‍വസ്യ ഔഷധമസ്തി ശാസ്ത്രവിഹിതം മൂര്‍ഖസ്യ നാസ്ത്യൗഷധം’ സര്‍വ്വത്തിനും പ്രതിക്രിയ ഉണ്ട്. പരിഹാരമുണ്ട്. എന്നാല്‍ മൂര്‍ഖതയ്ക്ക് ഒരു മരുന്നുമില്ല എന്ന്.
പിന്നെ ഒരു ചിന്ത പൊന്തി വന്നു. ഒപ്പം ചിരിയും. ഏറെ വിദൂഷക പാരമ്പര്യമുള്ള ഒരു രാജ്യമാണല്ലോ നമ്മുടേത്. മൂര്‍ഖത അപകടം ക്ഷണിച്ചു വരുത്താത്തിടത്തോളം കാലം മൂര്‍ഖനെ വിദൂഷകനായി ഗണിക്കാം. കാലം കനിഞ്ഞു നല്‍കിയ വിദൂഷകന്‍. പാര്‍ലമെന്റിലേക്ക് കേരളത്തിന്റെ പാരിതോഷികം, അമൂല്യ സംഭാവന.
Comments