ബുദ്ധിപരമായ സത്യസന്ധതയും മനുഷ്യസ്‌നേഹവും അന്യമായിരുന്ന അത്യന്തം കൗശലക്കാരായ അനുയായികള്‍ ഉണ്ടായതാണ് തത്വത്തിലും പ്രയോഗത്തിലും മാര്‍ക്‌സിസം സമ്പൂര്‍ണമായി പരാജയപ്പെട്ടിട്ടും മാര്‍ക്‌സ് ‘അമരത്വം’ നേടാന്‍ കാരണം. ക്രിസ്തുമതത്തില്‍ പുരോഹിതനുള്ള സ്ഥാനം അലങ്കരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ മറ്റുള്ളവര്‍ മാര്‍ക്‌സിനെ വിമര്‍ശിക്കുന്നത് ദൈവനിന്ദയായിക്കണ്ട് പ്രതിരോധിക്കുന്നതില്‍ നിതാന്തമായ ജാഗ്രത പുലര്‍ത്തി. പ്രത്യയശാസ്ത്രത്തിന്റെയും പ്രയോഗത്തിന്റെയും പരിമിതികളില്‍നിന്നും പരാജയങ്ങളില്‍നിന്നും, അതിന്റെ ഭീഷണമായ അനന്തരഫലങ്ങളില്‍നിന്നും വേര്‍പെടുത്തി ചരിത്രബാഹ്യമായ ഒരു കേവല മാര്‍ക്‌സിനെ നിര്‍മിച്ചെടുക്കുന്നതില്‍ വിവിധ മേഖലകളിലെ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ വിജയിച്ചുകൊണ്ടിരുന്നു. വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കകത്തും പുറത്തുമായി നിലയുറപ്പിച്ച പല തലമുറകളിലെ ബുദ്ധിജീവികള്‍ മാര്‍ക്‌സിസത്തെ ഉപയോഗിച്ചും അതിനെ ഉപജീവിച്ചും പുതിയ സിദ്ധാന്തങ്ങള്‍ മെനഞ്ഞെടുക്കുകയും, പേറ്റന്റ് മരണാനന്തര ബഹുമതിയെന്നോണം മാര്‍ക്‌സിന് നല്‍കുകയും ചെയ്തു. മാര്‍ക്‌സിസം പരാജയപ്പെട്ടിരിക്കാം, പക്ഷേ മാര്‍ക്‌സ് അജയ്യനാണ് എന്ന ഒരു പൊതുധാരണ എല്ലാ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും പാര്‍ട്ടി ബുദ്ധിജീവികള്‍ക്കിടയിലുണ്ടായിരുന്നു.
ജീവിതകാലത്ത് മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ക്കോ വിപ്ലവപദ്ധതികള്‍ക്കോ കാര്യമായ സ്വീകാര്യതയൊന്നും ലഭിച്ചിരുന്നില്ല എന്നത് ഒരു വസ്തുതയാണല്ലോ. വലിയ എതിര്‍പ്പുകളെ അഭിമുഖീകരിക്കേണ്ടിയും വന്നു. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും വ്യാഖ്യാന കൗശലങ്ങളും ശാസ്ത്രീയ നാട്യവുമൊന്നും അക്കാലത്തെ മൗലിക ചിന്തകന്മാര്‍ക്കിടയില്‍ വിലപ്പോയില്ല. ഇതിനു തെളിവാണ് മാര്‍ക്‌സിന്റെ ശവസംസ്‌കാര ചടങ്ങില്‍ വെറും പതിനൊന്നു പേര്‍ മാത്രം പങ്കെടുത്തത്. ഇതില്‍തന്നെ മാര്‍ക്‌സിന്റെ രണ്ട് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും ഉള്‍പ്പെടുന്നു. മറ്റൊരാള്‍ സന്തതസഹചാരി ഏംഗല്‍സും. പിന്നീട് ലോകശ്രദ്ധയാകര്‍ഷിച്ച ബ്രിട്ടനിലെ ഹൈഗേറ്റ് ശ്മശാനം അന്ന് വിജനമായിരുന്നു എന്നര്‍ത്ഥം. ഏംഗല്‍സ് മാര്‍ക്‌സിനെ വാഴ്ത്തി വികാരതീവ്രമായ ഒരു ചരമോപചാര പ്രസംഗം നടത്തുന്നുണ്ടെങ്കിലും അതൊന്നും മാര്‍ക്‌സിനുണ്ടായിരുന്ന പൊതു സ്വീകാര്യതയ്ക്ക് തെളിവല്ല. ജീവിച്ചിരുന്നപ്പോഴും മരണശേഷവും തുടര്‍ന്ന ഈ ഒറ്റപ്പെടല്‍ അവസാനിച്ചത് 1917 ലെ റഷ്യന്‍ വിപ്ലവത്തോടെയാണ്. അതുകൊണ്ട് മരണാനന്തര മാര്‍ക്‌സ് മറ്റാരെക്കാളും ലെനിനോട് കടപ്പെട്ടിരിക്കുന്നു. അതുവരെ പലരും വിമര്‍ശിക്കുകയും തുറന്നുകാട്ടുകയും എഴുതിതള്ളുകയും ചെയ്തിരുന്ന മാര്‍ക്‌സിന്റെ ആശയങ്ങള്‍ക്ക് പ്രായോഗിക മൂല്യമുണ്ടെന്ന് തെളിയിച്ചത് ലെനിനാണ്.
മരണാനന്തരം മാര്‍ക്‌സ് നേടിയത്
ഒക്‌ടോബര്‍ വിപ്ലവത്തെതുടര്‍ന്ന് സോവിയറ്റ് യൂണിയനും പിന്നീട് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് കീഴിലായതോടെ മരണാനന്തര മാര്‍ക്‌സ് സുരക്ഷിതനായി. മുന്‍കാലപ്രാബല്യത്തോടെ മാര്‍ക്‌സിന്റെ മഹത്വം സ്ഥാപിക്കപ്പെട്ടു. മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക വശങ്ങളെക്കുറിച്ചും വിപ്ലവമാര്‍ഗങ്ങളെക്കുറിച്ചും ആശയപരമായ ഏറ്റുമുട്ടലുകളും, കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കകത്തും പുറത്തുമായി അധികാരവടംവലികളും അടിച്ചമര്‍ത്തലുകളും കൂട്ടക്കുരുതികളുമൊക്കെ അരങ്ങേറിയപ്പോഴും മാര്‍ക്‌സിന് ഈ രക്തത്തിലൊന്നും പങ്കില്ലെന്ന് കരുതപ്പെട്ടു. മാര്‍ക്‌സിന്റെ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും സാധ്യമായ എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പ്രയോഗിച്ചു. മാര്‍ക്‌സിനെ ചോദ്യം ചെയ്യുന്നവര്‍ക്കു മുന്നില്‍ സോവിയറ്റ് യൂണിയന്‍ എന്ന ‘മഹത്തായ മാതൃക’ അവതരിപ്പിച്ചു. സോവിയറ്റ് യൂണിയനിലെ ഭരണകൂട അതിക്രമങ്ങളും മനുഷ്യര്‍ക്കെതിരായ കൊടുംക്രൂരതകളും ഇരുമ്പുമറ കടന്നും പുറത്തുവരാന്‍ തുടങ്ങിയതോടെ അവയെല്ലാം മുതലാളിത്ത-സാമ്രാജ്യത്വ പ്രചാരവേലയായി മുദ്രകുത്തപ്പെട്ടു. മാര്‍ക്‌സിസം ശാസ്ത്രീയവും കാലാനുസൃതവും ലോകത്തിനു മുഴുവന്‍ മാതൃകയും അനിവാര്യവുമാണെന്നും വരുത്താന്‍ മാര്‍ക്‌സിന്റെ കൃതികളില്‍പ്പോലും മാറ്റിമറിക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും തമസ്‌കരണവുമൊക്കെ നടന്നത് അധികമാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ്സില്‍ സെക്രട്ടറി ക്രൂഷ്‌ചേവ് സ്റ്റാലിനിസത്തിനെതിരെ നടത്തിയ പ്രസംഗം വിശ്വസിക്കാന്‍ ജനങ്ങള്‍ മടിച്ചു. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സോടെയാണ് ക്രൂഷ്‌ചേവ് പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ ജനങ്ങളുടെ മനസ്സ് സജ്ജമായത്. എന്നിട്ടും അവിശ്വാസവും ഭയവും വിട്ടുമാറിയില്ല. ഈ കോണ്‍ഗ്രസ്സിന്റെ തീരുമാനപ്രകാരം സ്റ്റാലിന്റെ ജഡം ചില്ലുകൂട്ടില്‍നിന്നെടുത്ത് മറവുചെയ്യുകയും, മണ്ണില്‍ ലയിക്കുകയും ചെയ്തപ്പോഴാണ് ജനങ്ങള്‍ക്ക് എല്ലാം വിശ്വസിക്കാന്‍ ധൈര്യമുണ്ടായത്. സ്റ്റാലിനിസത്തിന്റെ ഇരയായിരുന്ന അലക്‌സാണ്ടര്‍ സോള്‍ സെനിട്‌സണ്‍ സ്റ്റാലിനിസ്റ്റ് ആധിപത്യത്തിലെ അതിഭീകരമായ അവസ്ഥയെക്കുറിച്ച് പറയാന്‍ എഴുതിയ ‘ഇവാന്‍ ഡെലിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം’ എന്ന നോവല്‍ വായിച്ച് റഷ്യന്‍ ജനത തെരുവില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഈ ചെറുനോവല്‍ പ്രചരിപ്പിക്കാന്‍ ക്രൂഷ്‌ചേവിന്റെ സഹായം ലഭിച്ചതായി പറയപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ അവസാനത്തെ തുള്ളിയും തുടച്ചുനീക്കപ്പെട്ട ഒരു വ്യവസ്ഥിതി സൃഷ്ടിച്ചത് സ്റ്റാലിനായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ മനുഷ്യപ്പിശാച് എന്നു വിശേഷിപ്പിക്കാവുന്ന സ്റ്റാലിനെ സൃഷ്ടിച്ചത് മാര്‍ക്‌സ് ആയിരുന്നു എന്ന സത്യം ചിന്താശേഷിയുള്ളവര്‍ക്ക് അവഗണിക്കാന്‍ കഴിയുമായിരുന്നില്ല.
മോസ്‌കോയുടെ തമസ്‌കരണം
സ്റ്റാലിന്‍ ഒരു തുടര്‍ച്ചയായിരുന്നു. ലെനിന്‍ ഒരു തുടക്കവും. വ്യവസായ തൊഴിലാളി വര്‍ഗം വളര്‍ച്ചപ്രാപിച്ച ബ്രിട്ടനിലും ജര്‍മനിയിലും അമേരിക്കയിലുമാണ് വിപ്ലവം നടക്കുകയെന്ന സൈദ്ധാന്തിക പ്രവചനങ്ങള്‍ മാറ്റിവച്ച് അങ്ങനെയൊരു സാഹചര്യം നിലവിലില്ലാതിരുന്ന റഷ്യയില്‍ വിപ്ലവം സംഭവിക്കുമെന്ന് തിരുത്തിയ മാര്‍ക്‌സ് പില്‍ക്കാലത്ത് അവിടെ നടന്നതിനെല്ലാം ഉത്തരവാദിയാണ്. തൊഴിലാളിവര്‍ഗ സര്‍വാധിപത്യം രൂപാന്തരം പ്രാപിച്ച സോവിയറ്റ് യൂണിയനിലെ കൊടുംക്രൂരതകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ മാര്‍ക്‌സും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട് എന്നൊരു ചിന്താഗതിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങി. പാര്‍ട്ടി ബുദ്ധിജീവികളായ അനുയായികള്‍ക്ക് ഇതിന്റെ അപകടം ഉടന്‍ ബോധ്യമായി. ഇത് ഒഴിവാക്കപ്പെടണമെന്ന് കരുതിയവരാണ് സ്റ്റാലിനിസത്തിന്റെ വിമര്‍ശകരായി രംഗപ്രവേശം ചെയ്ത് കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ വക്താക്കളായത്.
ലെനിനും സോവിയറ്റ് യൂണിയനും പിന്‍പറ്റിയ മാര്‍ക്‌സ് അല്ലാതെ മറ്റൊരു മാര്‍ക്‌സുണ്ടെന്നായിരുന്നു ഇവരുടെ കണ്ടുപിടുത്തം-യംഗ് മാര്‍ക്‌സും മെച്വര്‍ മാര്‍ക്‌സും. ആദ്യകാല മാര്‍ക്‌സ് അഥവാ യുവമാര്‍ക്‌സ് മുതിര്‍ന്ന മാര്‍ക്‌സിനെക്കാള്‍ മനുഷ്യസ്‌നേഹിയായിരുന്നുവെന്നും, ശാസ്ത്രീയ സോഷ്യലിസത്തിന്റെയും വിപ്ലവത്തിന്റെയും വക്താവായ പില്‍ക്കാല മാര്‍ക്‌സിനെക്കാള്‍ യുവ മാര്‍ക്‌സ് അന്യവല്‍ക്കരണത്തെക്കുറിച്ചാണ് ചിന്തിച്ചതെന്നും കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ശാസ്ത്രീയ സോഷ്യലിസം അഭിമുഖീകരിക്കാത്തതും, സോവിയറ്റ് യൂണിയനും സ്റ്റാലിനുമൊന്നും പരിഹരിക്കാന്‍ കഴിയാതിരുന്നതുമായ മനുഷ്യന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ക്ക് യുവമാര്‍ക്‌സില്‍ പരിഹാരമുണ്ടെന്ന് ഇക്കൂട്ടര്‍ വാദിച്ചു.
മാര്‍ക്‌സിന്റെ ‘എക്കണോമിക്-ഫിലോസഫിക്ക് മാനുസ്‌ക്രിപ്റ്റ്‌സ് ഓഫ് 1844’ എന്ന ആദ്യകാല രചനയെ കേന്ദ്രീകരിച്ചാണ് മുഖ്യമായും ഇങ്ങനെയൊരു വിഭജനം സൃഷ്ടിക്കപ്പെട്ടത്. മാര്‍ക്‌സ് എഴുതി പൂര്‍ത്തിയാക്കിയ ഈ പ്രബന്ധം 100 വര്‍ഷത്തിനുശേഷമാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഒരു വിഭാഗം ഇത് മാര്‍ക്‌സിന്റെ അപക്വ രചനയായി വിലയിരുത്തിയപ്പോള്‍, മറ്റൊരു വിഭാഗം മാര്‍ക്‌സിസത്തിന് താത്വികാടിത്തറ സമ്മാനിക്കുന്നതാണ് ഇതെന്ന് വാദിച്ചു. ഈ വിഭാഗങ്ങള്‍ യഥാക്രമം സോവിയറ്റ് ചേരിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായിരുന്നു. തത്വചിന്താപരമായ പദാവലികളും സങ്കല്‍പ്പങ്ങളും വഴിതെറ്റിച്ച യുവമാര്‍ക്‌സിന്റെ വികാരപ്രകടനമാണ് ഈ രചനയെന്ന് ഒരുവിഭാഗം കരുതിയപ്പോള്‍, മാര്‍ക്‌സിന്റെ മാനവിക ദര്‍ശനം അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപത്തില്‍ പ്രകടമാകുന്നതാണ് ഇതെന്ന് മറുവിഭാഗം വിലയിരുത്തി. ഇതോടെ ആദ്യകാല മാര്‍ക്‌സും മുതിര്‍ന്ന മാര്‍ക്‌സും എന്നിങ്ങനെ രണ്ടുണ്ടോ, ഒരേയൊരു മാര്‍ക്‌സാണോ ഉള്ളത് എന്ന ചര്‍ച്ചകള്‍ നടന്നു.
ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഫ്രഞ്ച് മാര്‍ക്‌സിസ്റ്റായ ലൂയി അല്‍ത്തൂസര്‍ ഇങ്ങനെ വിലയിരുത്തി. ”ഒന്നാമതായി മാര്‍ക്‌സിന്റെ ആദ്യകാല രചനകളെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും രാഷ്ട്രീയ ചര്‍ച്ചയാണ്. മാര്‍ക്‌സിന്റെ ആദ്യകാല രചനകള്‍ തോണ്ടി പുറത്തിട്ടത് സോഷ്യല്‍ ഡെമോക്രാറ്റുകളാണ്. മാര്‍ക്‌സിസം-ലെനിസിസത്തിന് ഹാനി വരുത്താനാണിത്.”(146) ജര്‍മന്‍ രാഷ്ട്രീയ ചിന്തകന്‍ ഐറിഷ് ഫെറ്റ്‌സ്ചര്‍ ഇതിന് വിരുദ്ധമായ നിലപാടെടുത്ത് ഇങ്ങനെ പ്രസ്താവിച്ചു: ”മാര്‍ക്‌സിന്റെ ആദ്യകാല രചനകള്‍ മനുഷ്യനെ എല്ലാത്തരം ചൂഷണത്തില്‍നിന്നും ആധിപത്യത്തില്‍നിന്നും അന്യവല്‍ക്കരണത്തില്‍നിന്നും മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. സ്റ്റാലിനിസ്റ്റാധിപത്യത്തിലെ സ്വന്തം അവസ്ഥയെക്കുറിച്ചുള്ള വിമര്‍ശനമായാണ് സോവിയറ്റ് വായനക്കാര്‍ ഇതിനെ കണക്കിലെടുത്തത്. അതുകൊണ്ടാണ് മാര്‍ക്‌സിന്റെ ആദ്യകാല രചനകള്‍ സോവിയറ്റ് യൂണിയനില്‍ പ്രചരിക്കാതിരുന്നത്.” (147)
അല്‍ത്തൂസറിന്റെ നിഷ്‌കളങ്കത!
മാര്‍ക്‌സിന്റെ ആശയങ്ങളില്‍ വൈജ്ഞാനികമായ ഒരു വിടവുണ്ടെന്ന് ഉറച്ചുവിശ്വസിച്ചയാളാണ് അല്‍ത്തൂസര്‍. ഇത് വിശദീകരിച്ച് 1965 ല്‍ പ്രസിദ്ധീകരിച്ച ‘കളക്ഷന്‍ ഓഫ് എസ്സേസ് ഫോര്‍ മാര്‍ക്‌സ്’ എന്ന പുസ്തകം വലിയ പ്രതികരണങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ചു. മാര്‍ക്‌സിന്റെ തീസിസ് ഓവര്‍ ഫോയര്‍ബാഗ്, ദ ജര്‍മന്‍ ഐഡിയോളജി എന്നീ കൃതികള്‍ വ്യക്തമായ ഒരു വൈജ്ഞാനിക വിടവിനെ കുറിക്കുന്നു. തന്റെ തന്നെ മുന്‍കാല തത്വചിന്താവബോധത്തിന്റെ വിമര്‍ശനമാണിത്. ആശയപരം, ശാസ്ത്രീയം എന്നിങ്ങനെ ദീര്‍ഘമായ രണ്ട് ഘട്ടങ്ങളായി മാര്‍ക്‌സിന്റെ കൃതികളെ വേര്‍തിരിക്കാമെന്നും, 1845 ലാണ് ഈ വിഭജനം സംഭവിച്ചതെന്നുമൊക്കെയാണ് അല്‍ത്തൂസര്‍ വിലയിരുത്തുന്നത്. ഹെഗല്‍-മാര്‍ക്‌സ് ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും, എന്നാല്‍ അത് വരുന്നത് ‘എക്കണോമിക്-ഫിലോസഫിക് മാനുസ്‌ക്രിപ്റ്റ്‌സ് ഓഫ് 1844’ എന്ന രചനയുടെ പേരില്‍ മാത്രമാണെന്നും അല്‍ത്തൂസര്‍ വിലയിരുത്തുന്നു. ”യുവമാര്‍ക്‌സ് ഒരിക്കലും ഹെഗലിന്റെ വക്താവായിരുന്നില്ല. ജര്‍മന്‍ ആശയവാദത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്ന ഇമ്മാനുവല്‍ കാന്റിനെയും ജോഹാന്‍ ഫെച്ചിനെയും പിന്നീട് ഫോയര്‍ബാഗിനെയുമാണ് മാര്‍ക്‌സ് പിന്‍പറ്റുന്നത്. അതിനാല്‍ യുവമാര്‍ക്‌സ് ഹെഗേലിയന്‍ ആണെന്ന് പറയുന്നത് ഒരു മിഥ്യയാണ്.” (148)
മാര്‍ക്‌സിന്റെ ‘യുവത്വം’ മാര്‍ക്‌സിസത്തിന്റെ ഭാഗമാണെന്ന് തീര്‍ത്തു പറയാനാവില്ലെന്ന് അല്‍ത്തൂസര്‍ ഉപസംഹരിക്കുന്നു. മാര്‍ക്‌സിന്റെ ആദ്യകാല രചനകള്‍ മാര്‍ക്‌സിസത്തിന് ആശയപരമായ സംഭാവനകള്‍ നല്‍കുന്നതല്ലെന്നും, പില്‍ക്കാല മാര്‍ക്‌സാണ് യഥാര്‍ത്ഥ മാര്‍ക്‌സെന്നും സ്ഥാപിച്ചെടുക്കുകയായിരുന്നു അല്‍ത്തൂസറിന്റെ ലക്ഷ്യം. സ്വന്തം സിദ്ധാന്തത്തിലൂടെ മാനവരാശിയുടെ ചരിത്രത്തെ മുറിവേല്‍പ്പിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്ത മാര്‍ക്‌സിനെ കുറ്റവിമുക്തനാക്കാന്‍ ശ്രമിച്ച കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് കനത്ത പ്രഹരമാണ് അല്‍ത്തൂസര്‍ ഏല്‍പ്പിച്ചത്. കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ഏറെ ശ്രമകരമായി കെട്ടിപ്പൊക്കിയ മാര്‍ക്‌സിസ്റ്റ് മാനവികതയുടെ ചീട്ടുകൊട്ടാരമാണ് അല്‍ത്തൂസര്‍ ചിതറിച്ചു കളഞ്ഞത്. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത മാര്‍ക്‌സിസ്റ്റ് മൗലികവാദത്തിന്റെ നിഷ്‌കളങ്കതയാണ് അല്‍ത്തൂസറില്‍ കാണുന്നത്.
സത്യം വിളിച്ചുപറയുന്നുണ്ടെങ്കിലും അല്‍ത്തൂസറിനെപ്പോലുള്ളവര്‍ മുന്നോട്ടുവയ്ക്കുന്ന വാദഗതികള്‍ ശരിയല്ലെന്ന് ചില മാര്‍ക്‌സിസ്റ്റു പണ്ഡിതന്മാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അല്‍ത്തൂസര്‍ പറയുന്നതുപോലുള്ള വൈജ്ഞാനികമായ ഒരു വിടവ് മാര്‍ക്‌സിന്റെ ആശയങ്ങളില്‍ മറ്റു പലര്‍ക്കും കണ്ടെത്താനാവുന്നില്ല. ഉദാഹരണത്തിന് ‘എക്കണോമിക്-ഫിലോസഫിക് മാനുസ്‌ക്രിപ്റ്റ്‌സ് 1844’ എന്ന കൃതിയില്‍ മാര്‍ക്‌സ് ചര്‍ച്ച ചെയ്യുന്ന അന്യവല്‍ക്കരണം എന്ന ആശയം ഗ്രുന്ദിസ്സെ (രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥാ വിമര്‍ശനത്തിന് തയ്യാറാക്കിയ അപൂര്‍ണമായ കുറിപ്പുകള്‍), മൂലധനം എന്നീ കൃതികളിലും കാണുന്നുണ്ട്. ഹെഗലിന്റെ യുക്തിയില്‍ ആകര്‍ഷിക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന അല്‍ത്തൂസറിന്റെ വാദഗതി വളരെ ദുര്‍ബലമാണ്. എന്നുമാത്രമല്ല തന്റെ കൃതികളുടെ കാര്യത്തില്‍ ഇങ്ങനെയൊരു വിടവ് ഉള്ളതായി മാര്‍ക്‌സ് ഒരു സൂചനപോലും നല്‍കുന്നില്ല. ഇരുപത്തിയാറുകാരനായ മാര്‍ക്‌സ് എഴുതിയ മാനിസ്‌ക്രിപ്റ്റ്‌സും, 25 വര്‍ഷം കഴിഞ്ഞ് എഴുതിയ മൂലധനവും തമ്മില്‍ നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും പില്‍ക്കാല മാര്‍ക്‌സിന്റെ ചിന്തകളെല്ലാം മാര്‍ക്‌സിന്റെ ആദ്യകാല രചനകളില്‍ അടങ്ങിയിട്ടുണ്ട്.
”മാര്‍ക്‌സിസ്റ്റ് ചിന്താ പദ്ധതിയില്‍ മാറ്റങ്ങളൊന്നുമില്ല. കാരണം അങ്ങനെയൊന്നും ഞാന്‍ കാണുന്നില്ല. പ്രത്യേകിച്ച് 1844 മുതലുള്ള മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനപരമായ ഐക്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍. മൂലധനത്തിന്റെ പ്രസിദ്ധീകരിച്ച ഭാഷ്യത്തില്‍പ്പോലും പൊതുവെ തിരിച്ചറിയപ്പെട്ടിട്ടുള്ളതിനേക്കാള്‍ ആദ്യകാല മാര്‍ക്‌സിന്റെ ആശയങ്ങളുണ്ട്” എന്നാണ് അമേരിക്കക്കാരനായ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ ബെര്‍ട്ടല്‍ ഓള്‍മാന്‍ പറയുന്നത്. (149) മാര്‍ക്‌സിസ്റ്റും സാഹിത്യചിന്തകനുമെന്ന നിലയ്ക്ക് മലയാളികളായ വായനക്കാര്‍ക്ക് പരിചിതനായ ജോര്‍ജി ലുകാക്‌സിന്റെ ശിഷ്യന്‍ ഇസ്ത്‌വാന്‍ മെസാറോസ് വാദിക്കുന്നത് ഇങ്ങനെയാണ്: ”മാര്‍ക്‌സിസത്തിന്റെ ആശയപരമായ ഐക്യത്തിലാണ് ഞാന്‍ ഊന്നുന്നത്. യുവമാര്‍ക്‌സ്/മുതിര്‍ന്ന മാര്‍ക്‌സ് എന്ന ദ്വന്ദം മാര്‍ക്‌സിന്റെ ബൗദ്ധിക വികാസത്തെ നിരാകരിക്കുന്നില്ല.”അല്‍ത്തൂസറിനെ അനുകൂലിക്കുന്ന ചിന്താഗതിക്കാര്‍ ഈ വാദഗതി അംഗീകരിച്ചില്ല.
മുതിര്‍ന്ന മാര്‍ക്‌സ് ആര്‍ക്കുവേണ്ടി?
ആദ്യകാല മാര്‍ക്‌സിന്റെ ആശയങ്ങള്‍ക്ക് പിന്നീട് ചില മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും അടിസ്ഥാന ചിന്ത ഒന്നുതന്നെയാണെന്ന വാദഗതിയാണ് അല്‍ത്തൂസറിന്റെ വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇവരിലൊരാളാണ് ഫ്രഞ്ച് മാര്‍ക്‌സിസ്റ്റായ ഹെന്റി ലെഫ്‌വേവര്‍. ”ആദ്യകാല രചനകളില്‍ പ്രത്യേകിച്ച് എക്കണോമിക്-ഫിലോസഫിക് മാനുസ്‌ക്രിപ്റ്റ്‌സില്‍ മാര്‍ക്‌സ് തന്റെ ചിന്തകള്‍ പൂര്‍ണമായി വികസിപ്പിച്ചിരുന്നില്ല. അത് മുളയ്ക്കുകയും വളരുകയും ആയിത്തീരുകയുമാണ്. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദം എന്നത് വികസിപ്പിച്ചെടുത്ത ഒന്നാണെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. അത് സമ്പൂര്‍ണമായ ഒരു വിച്ഛേദനത്തോടെ പൊടുന്നനെ സംഭവിക്കുകയായിരുന്നില്ല. ഒരു വിടവിനുശേഷം ഒരു പ്രത്യേക നിമിഷത്തില്‍ അതുവരെ തെറ്റായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്ന് ചിന്തിക്കുകയല്ല മാര്‍ക്‌സിന്റെ കൃതികള്‍. മാര്‍ക്‌സിസം ആവിര്‍ഭവിച്ചത് ഒരു ആധികാരിക തത്വമായാണ്. നവീനമായതെല്ലാം പിറന്നുവീഴുകയും വളര്‍ച്ച നേടുകയും രൂപംപ്രാപിക്കുകയും ചെയ്യുകയാണ്. കാരണം അത് പുതിയ യാഥാര്‍ത്ഥ്യമാണ്. മാര്‍ക്‌സിസത്തിന് ഒരു തീയതി കല്‍പ്പിച്ചുകൊടുക്കുന്നത് അതിനെ നിരാകരിക്കുന്നതിന് തുല്യമായിരിക്കും. മാര്‍ക്‌സിന്റെ ആദ്യകാല രചനകളെ കണക്കിലേറെ വിലമതിക്കുകയോ വിലകുറച്ചുകാണുകയോ ചെയ്യുന്നത് തെറ്റായിരിക്കും. അവയില്‍ മാര്‍ക്‌സിസത്തിന്റെ സാധ്യതയുണ്ട്. എന്നാല്‍ മാര്‍ക്‌സിസം മുഴുവനുമില്ല.” (150)
നീണ്ടകാലം അജ്ഞാതമായിരുന്ന ‘എക്കണോമിക്-ഫിലോസഫിക് മാനുസ്‌ക്രിപ്റ്റ്‌സ്’ നൂറു വര്‍ഷത്തിനുശേഷം 1932 ലാണല്ലോ അച്ചടിക്കുന്നത്. സോവിയറ്റ് യൂണിയന്‍ നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ ചേരിയും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളും വ്യത്യസ്ത സമീപനമാണ് ഈ കൃതിയോട് സ്വീകരിച്ചത്. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും അംഗീകൃത മാര്‍ക്‌സിസ്റ്റുകളും യാഥാസ്ഥിതിക കമ്യൂണിസ്റ്റ് പാര്‍ട്ടികളും വളരെ വര്‍ഷങ്ങളോളം ഈ കൃതിയെ ഒന്നുകില്‍ അവഗണിക്കുകയോ അല്ലെങ്കില്‍ ഉപരിപ്ലവമായി വ്യാഖ്യാനിക്കുകയോ ആണ് ചെയ്തത്. അന്യവല്‍ക്കരണം എന്ന മാര്‍ക്‌സിയന്‍ ആശയം സ്റ്റാലിനിസത്തിന് സ്വീകാര്യമായിരുന്നില്ല. ഇക്കാരണത്താലാണ് പാശ്ചാത്യ മാര്‍ക്‌സിസത്തിന് 1930 കള്‍ മുതല്‍ പരിചിതമായിരുന്ന മാര്‍ക്‌സിന്റെ ആദ്യകാല രചനകള്‍ വളരെക്കാലം കഴിഞ്ഞ് സോവിയറ്റ് യൂണിയനില്‍ പ്രചാരം നേടാനിടയായത്.
വിപ്ലവകാരിയായ ഡെമോക്രാറ്റില്‍നിന്ന് കമ്യൂണിസ്റ്റിലേക്കുള്ള മാര്‍ക്‌സിന്റെ വികാസത്തെക്കുറിച്ച് എഴുതിയ സോവിയറ്റ് യൂണിയനിലെയും മറ്റും ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകള്‍ മാര്‍ക്‌സിന്റെ മാനുസ്‌ക്രിപ്റ്റ്‌സിനെക്കുറിച്ച് കഴിയാവുന്നത്ര നിശ്ശബ്ദത പാലിച്ചു. പരാമര്‍ശിക്കാതിരിക്കാന്‍ കഴിയാതെ വന്നപ്പോഴൊക്കെ ‘വലിയൊരു ഗ്രന്ഥരചനയ്ക്കുള്ള തയ്യാറെടുപ്പുകള്‍’ആയാണ് ഈ കൃതിയെ അവര്‍ കണ്ടത്. 1940 കളിലും 50 കളിലും ഇതായിരുന്നു സ്ഥിതി. 50 കളുടെ അവസാനമാണ് ഈ സമീപനത്തിന് മാറ്റം വരാന്‍ തുടങ്ങിയത്. 1961 ലാണ് ചില സോവിയറ്റ് പണ്ഡിതന്മാരുടെ ലേഖനങ്ങള്‍ സമാഹരിച്ച് ‘ദ യംഗ് മാര്‍ക്‌സ്’ എന്ന ഒരു പുസ്തകം ആദ്യമായി യൂറോപ്യന്‍ ഭാഷയില്‍ (ജര്‍മന്‍) പ്രസിദ്ധീകരിക്കുന്നത്. ‘യുവ മാര്‍ക്‌സിന്റെ പ്രശ്‌നങ്ങള്‍’ മനസ്സിലാക്കാനുള്ള സോവിയറ്റ് ബ്ലോക്കിന്റെ ആദ്യശ്രമമായിരുന്നു ഇത്. പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകളുടെ ഇക്കാര്യത്തിലുള്ള കുത്തക തകര്‍ക്കുകയെന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു.
ആദ്യകാല മാര്‍ക്‌സിനെ അംഗീകരിച്ചാല്‍ പില്‍ക്കാല മാര്‍ക്‌സിന്റെ ശാസ്ത്രീയ സോഷ്യലിസം അടിസ്ഥാനമാക്കി തങ്ങള്‍ കെട്ടിപ്പൊക്കിയ വ്യവസ്ഥിതിക്ക് അത് എതിരാവുമോയെന്ന ആശയക്കുഴപ്പമാണ് സോവിയറ്റ് യൂണിയനിലെ മാര്‍ക്‌സിസ്റ്റു പണ്ഡിതന്മാരെ പിടികൂടിയത്. ഇതുകൊണ്ടാവണം, പിന്നീട് മാനുസ്‌ക്രിപ്റ്റ്‌സിനെ അവര്‍ വ്യാഖ്യാനിച്ചതുപോലും മാര്‍ക്‌സിന്റെ പില്‍ക്കാല കൃതികളെ അടിസ്ഥാനപ്പെടുത്തിയാണ്. അല്‍ത്തൂസറിന്റെ രചനകളില്‍ ഈ ആശങ്ക കാണാം. ”തീര്‍ച്ചയായും യുവ മാര്‍ക്‌സാണ് മാര്‍ക്‌സായതെന്ന് നമുക്കറിയാം. പക്ഷേ മാര്‍ക്‌സിനെക്കാള്‍ വേഗത്തില്‍ ജീവിക്കാന്‍ നമ്മള്‍ ആഗ്രഹിക്കേണ്ടതില്ല. നിരസിച്ചോ കണ്ടുപിടുത്തങ്ങള്‍ നടത്തിയോ മാര്‍ക്‌സിന്റെ ജീവിതം നമ്മള്‍ ആവര്‍ത്തിക്കേണ്ടതില്ല.” (151) മാര്‍ക്‌സിന്റെ കൃതികളോടുപോലും മാര്‍ക്‌സിസ്റ്റുകള്‍ക്ക് സത്യസന്ധമായ സമീപനമല്ല ഉള്ളതെന്നും, സോവിയറ്റ് യൂണിയന്‍ തന്നെയാണ് ഇക്കാര്യത്തില്‍ അവര്‍ക്ക് വഴികാട്ടിയതെന്നും ഇതില്‍നിന്ന് വ്യക്തമാവുന്നുണ്ട്. ദ ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണ്‍ പത്രത്തില്‍ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് മാര്‍ക്‌സിന്റെതായി വന്ന ലേഖനങ്ങളിലും സോവിയറ്റ് യൂണിയന്‍ പില്‍ക്കാലത്ത് കള്ളത്തരം കാണിച്ചതായുള്ള ദേവേന്ദ്ര സ്വരൂപിന്റെ പഠനം (152)ഇവിടെ ഓര്‍ക്കാവുന്നതാണ്.
കാറല്‍ മാര്‍ക്‌സ് ഒന്നേയുള്ളൂ
എക്കണോമിക്-ഫിലോസഫിക് മാനുസ്‌ക്രിപ്റ്റ്‌സിന്റെ വ്യാഖ്യാതാക്കളുടെ അക്കാദമിക്-രാഷ്ട്രീയ ആഭിമുഖ്യങ്ങള്‍ എന്തുതന്നെയായിരുന്നാലും മൂന്നു വിഭാഗങ്ങളായി ഇവരെ തിരിക്കാം. ആദ്യകാല സൈദ്ധാന്തിക മാര്‍ക്‌സിനെ അംഗീരിക്കുന്നതാണ് ഒരു വിഭാഗം. മാനുസ്‌ക്രിപ്റ്റ്‌സിന് വളരെക്കുറച്ചുമാത്രം പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. മാനുസ്‌ക്രിപ്റ്റ്‌സിലും മൂലധനത്തിലും സൈദ്ധാന്തിക നൈരന്തര്യമുണ്ടെന്ന് വിശ്വസിക്കുന്നു മൂന്നാമത്തെ വിഭാഗം. പൊതുവെ പറഞ്ഞാല്‍ മാര്‍ക്‌സിസ്റ്റ് വിമതര്‍ അല്ലെങ്കില്‍ ‘പ്രതിലോമവാദികള്‍’ മാനുസ്‌ക്രിപ്റ്റ്‌സിന്റെ കാലത്തെ യുവ മാര്‍ക്‌സിനെ അംഗീകരിക്കുമ്പോള്‍, യാഥാസ്ഥിതിക കമ്യൂണിസ്റ്റുകള്‍ക്ക് മുതിര്‍ന്ന മാര്‍ക്‌സിനെയാണ് വിശ്വാസം. ഫലത്തില്‍ യുവ മാര്‍ക്‌സ് എന്ന മിഥ്യാധാരണ സൃഷ്ടിക്കുകയാണ് രണ്ടുകൂട്ടരും ചെയ്യുന്നത്. മാര്‍ക്‌സിസത്തിന്റെ പൂര്‍ണത യുവ മാര്‍ക്‌സിലാണെന്നും അതല്ല, ആദ്യകാല രചനകളില്‍നിന്ന് വിടുതല്‍ നേടിയ മുതിര്‍ന്ന മാര്‍ക്‌സിലാണെന്നും രണ്ടുതരത്തില്‍ വാദിക്കുന്നതിലും പ്രശ്‌നമുണ്ട്. മാനുസ്‌ക്രിപ്റ്റ്‌സിന്റെ രചനയ്ക്കുശേഷം മാര്‍ക്‌സിന്റെ ചിന്തയ്ക്ക് പുരോഗതിയൊന്നും ഉണ്ടായില്ലെന്നു കരുതുന്നതില്‍ യുക്തിരാഹിത്യമുണ്ട്. അതേസമയം, മാര്‍ക്‌സ് തന്റെ ആദ്യകാല വിചാരങ്ങളെ പാതിവഴിയില്‍ ഉപേക്ഷിച്ച് വിപ്ലവ പാത കണ്ടെത്തുകയായിരുന്നു എന്നു കരുതുന്നതും അപക്വമായിരിക്കും.
മാര്‍ക്‌സ് 1844-1845 വരെ എഴുതിയ കൃതികളെയും അതിനുശേഷം എഴുതിയവയെയും വേര്‍തിരിച്ച് യുവമാര്‍ക്‌സിനെ നിര്‍മിച്ചെടുത്ത് സൈദ്ധാന്തിക വായാടിത്തത്തിലേര്‍പ്പെടുന്നതിന്റെ പൊള്ളത്തരമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. കാറല്‍ മാര്‍ക്‌സ് ഒന്നേയുള്ളൂ. കമ്യൂണിസവും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും മനുഷ്യരാശിക്കുമേല്‍ അടിച്ചേല്‍പ്പിച്ച എല്ലാ തിന്മകള്‍ക്കും ഈ മാര്‍ക്‌സ് ഉത്തരവാദിയുമാണ്. യുവമാര്‍ക്‌സ്, മുതിര്‍ന്ന മാര്‍ക്‌സ് എന്നൊക്കെ ആള്‍മാറാട്ടം നടത്തി യഥാര്‍ത്ഥ മാര്‍ക്‌സിനെ ചരിത്രത്തിന്റെ വിചാരണയില്‍നിന്ന് ഒഴിവാക്കാനും കുറ്റവിമുക്തനാക്കാനും കഴിയില്ല. ഈ ബോധ്യമുണ്ടായിരുന്നിട്ടും ലോകമെമ്പാടുമുള്ള പ്രൊഫഷണല്‍ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളുടെ സൈദ്ധാന്തിക ആഭിചാരക്രിയ തുടര്‍ന്നു. ഇതിലൂടെ ‘യുവമാര്‍ക്‌സ്’ എന്ന കള്ളനാണയം വിറ്റഴിക്കാനാണ് അവര്‍ ശ്രമിച്ചത്.
(തുടരും)
അടിക്കുറിപ്പുകള്‍:-
146. For Marx, Louis Althusser
147. Marx and Marxism, Iring Fetscher
148. For Marx, Louis Althusser
149. Alienation: Marx’s Conception of Man in Capitalist Society, Bertell Ollman
150.The Critique of Everyday Life, Henri Lufebuve
151. For Marx, Louis Althusser
152. Did Moscow Play Fraud on Marx? The Mystery of Marx-Engels Articles on 1857, Devendra Swarup.