തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും ഭരണം നഷ്ടപ്പെടുന്നതുമൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നേതാവിനും രാഷ്ട്രീയ കക്ഷിക്കും പുതിയ കാര്യമല്ലതന്നെ. എല്ലാ പാര്‍ട്ടികളും നേതാക്കളും തോറ്റിട്ടുണ്ട്; ഭരണത്തിലേറിയിട്ടുണ്ട്, ഭരണം നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഒരാള്‍ നേതൃനിരയില്‍ രംഗപ്രവേശം ചെയ്തത് മുതല്‍ ദയനീയ പരാജയം മാത്രമാണ് ഏറ്റുവാങ്ങേണ്ടിവരുന്നത് എന്നതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ഇനി ഒരിക്കലും താനൊക്കെ മോഹിക്കുന്ന ഉന്നത ഭരണശ്രേണിയിലേക്ക് കടന്നു ചെല്ലാനാവുകയില്ലെന്ന തിരിച്ചറിവ് ആ വേദനയുടെ, വിഷമത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നുമുണ്ടാവണം. അത്തരമൊരു സാഹചര്യത്തില്‍ സമനില തെറ്റിയത് പോലെ ചിലര്‍ പെരുമാറുന്നത് സ്വാഭാവികം…… ഇതിത്രയും പറയേണ്ടിവന്നത്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തുപോയി ഇന്ത്യക്കെതിരെ നടത്തിയ കള്ള പ്രചാരണങ്ങള്‍ കൊണ്ടാണ്. സ്വന്തം രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ സംസാരിച്ച സംഭവങ്ങള്‍. ഒരു ദൗര്‍ഭാഗ്യവാന്റെ വിവരക്കേട് എന്ന് അതിനെ വിളിക്കുന്നവരും അങ്ങിനെ അതിനെ കാണുന്നവരുമുണ്ടാവാം. വിവരക്കേടുകള്‍ പലയാവര്‍ത്തി നമ്മെ ബോധ്യപ്പെടുത്തിയ ഒരാളെന്ന നിലക്ക് അങ്ങിനെ ചിന്തിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഇദ്ദേഹം ഇപ്പോള്‍ ചെയ്തുകൂട്ടിയതിന് പിന്നില്‍ അതിലേറെ കാര്യങ്ങളുണ്ട്; ചില വിദേശ കരങ്ങള്‍ പോലുമുണ്ട് എന്ന് കരുതാന്‍ നാമൊക്കെ നിര്‍ബന്ധിതരാവുന്നു……. അതെ, ഇന്ത്യാ വിരുദ്ധ ശക്തികള്‍ എന്ന് നാമൊക്കെ കരുതുന്ന കൂട്ടര്‍!
അതുകൊണ്ടൊക്കെയാവണം രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് ബിജെപി ആവശ്യപ്പെട്ടത്; ലോകസഭയില്‍ ആ ആവശ്യമുന്നയിച്ചത് രാജ്നാഥ് സിങ് എന്ന പ്രതിരോധ മന്ത്രിയാണ് എന്നതോര്‍ക്കുക. ഇക്കാര്യത്തില്‍ രാജ്യത്തിനുള്ള ആശങ്കകള്‍ വെളിവാക്കുന്നതാണ് അത്. രാജ്യസഭയിലും ഇക്കാര്യമുന്നയിക്കപ്പെട്ടിരുന്നു. സഭയുടെ നേതാവ് കൂടിയായ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ആണത് അവതരിപ്പിച്ചത്. ‘ഇന്ത്യയെ അപമാനിച്ച രാഹുല്‍ മാപ്പ് പറയാതെ’ മുന്നോട്ട് പോകാനാവുകയില്ലെന്ന് ഭരണകക്ഷി നിലപാടെടുത്തു എന്നതും ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്……. ഇത് രാഹുല്‍ ഗാന്ധിയെ മാത്രമല്ല അങ്ങേരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനേയും അവര്‍ക്കൊപ്പം നിന്ന് രാഷ്ട്രീയം കളിക്കുന്ന മറ്റു പ്രതിപക്ഷ കക്ഷികളെയും വല്ലാത്ത വിഷമത്തിലാക്കിക്കഴിഞ്ഞു. ചര്‍ച്ചാവിഷയം മാറ്റാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയതും ഇതിനിടയില്‍ രാജ്യം കണ്ടുവല്ലോ.
രാഹുലിന്റെ വിദേശ യാത്രയുടെ സമയവും സാഹചര്യവും
എന്താണ് രാഹുല്‍ ഗാന്ധി വിദേശത്തുപോയി പറഞ്ഞത് എന്നതിനൊപ്പം അദ്ദേഹം അവിടേക്ക് പോയ സമയവും ശ്രദ്ധിക്കേണ്ടതുണ്ട്; വടക്ക്- കിഴക്കന്‍ മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ. നാഗാലാന്‍ഡ്, മേഘാലയ പിന്നെ ത്രിപുര. ഇവ സാമാന്യേന ചെറിയ സംസ്ഥാനങ്ങളാണ് എങ്കിലും രാഷ്ട്രീയമായി അവയ് ക്ക് വലിയ പ്രാധാന്യങ്ങളുണ്ടായിരുന്നു. നാഗാലാന്‍ഡും മേഘാലയയും ക്രൈസ്തവ ഭൂരിപക്ഷ മേഖല; അവിടെയും ബിജെപി വെന്നിക്കൊടി പാറിച്ചാല്‍ തനിക്കും തന്റെ കുടുംബത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാതാവുമെന്ന് നന്നായി അറിയുന്നവരാണ് സോണിയ പരിവാര്‍. ക്രൈസ്തവര്‍ പോലും കൂടെയില്ലെന്ന് ലോകമറിയുന്നത് അവര്‍ക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നു എന്ന് എല്ലാവരുമറിയുന്നു എന്നര്‍ത്ഥം. ത്രിപുരയാണ് മറ്റൊരു സംസ്ഥാനം. അവിടെ ബിജെപിയെ പരാജയപ്പെടുത്താനായി സിപിഎമ്മിന് മുന്നില്‍ കീഴടങ്ങാന്‍ വരെ കോണ്‍ഗ്രസ് തയ്യാറായതോര്‍ക്കുക. അവിടെ ജയിച്ചാല്‍ അത് 2024 -ല്‍ ഉണ്ടാവാന്‍ പോകുന്ന മാറ്റത്തിന്റെ സൂചകമായി ചിത്രീകരിക്കാന്‍ സാധിക്കുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും കരുതി…….. പക്ഷെ അവിടെ 2018 -ല്‍ ഇരുകൂട്ടരും പ്രത്യേകം തനിച്ചു മത്സരിച്ചപ്പോള്‍ ലഭിച്ച സീറ്റുകള്‍ പോലും ഇത്തവണ നേടാനായില്ല. 2024 -ലും കോണ്‍ഗ്രസ് -പ്രതിപക്ഷ സഖ്യത്തിന് രക്ഷയില്ലെന്ന വ്യക്തമായ സന്ദേശമാണ് യഥാര്‍ഥത്തില്‍ ഈ മൂന്ന് സംസ്ഥാനങ്ങളും നല്‍കിയത്. അതിനപ്പുറം ക്രൈസ്തവ- ഗോത്ര മേഖലകളില്‍ ബിജെപിക്ക് ഉണ്ടാക്കാനായ വലിയ ജനപിന്തുണയും.
ഈ തിരഞ്ഞെടുപ്പിന് മുന്‍പാണ് രാഹുല്‍ കന്യാകുമാരി- ശ്രീനഗര്‍ യാത്രനടത്തിയത് എന്നതുമോര്‍ക്കുക. ആ യാത്രയോടെ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് ചിലരൊക്കെ ആ പാവത്തെ പറഞ്ഞു ബോധ്യപ്പെടുത്തിയിരിക്കണം. വിദേശത്തുള്ള ‘സോറോസ് ഗാങ്ങും’ മറ്റും കയ്യയച്ചു ഈ യാത്രയെ സഹായിച്ചത് ആ പ്രതീക്ഷയില്‍ തന്നെയാവണമല്ലോ. സോറോസ് ഗാങ്ങില്‍ പെട്ട അനവധി പ്രമുഖര്‍, ഇന്ത്യയിലും വിദേശത്തുമുള്ളവര്‍, ഈ യാത്രയെ അനുഗമിച്ചതും ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തിയതും മറന്നുകൂടാ. യഥാര്‍ത്ഥത്തില്‍ ഇന്ത്യയെ തകര്‍ക്കാനുള്ള സോറോസ് ഗാങ്ങിന്റെ ഉദ്യമത്തിന്റെ ഭാഗമായിരുന്നു ആ യാത്രയെന്ന് കരുതുന്നവരെ നമുക്ക് അങ്ങോളമിങ്ങോളം കാണാനാവുന്നുണ്ട്. ആ പരിപാടിക്ക് ശേഷവും ക്രൈസ്തവ മേഖലയില്‍ പോലും ഒരു ചലനവും രാഹുലിനും പാര്‍ട്ടിക്കും ഉണ്ടാക്കാനാവുകയില്ലെന്ന് തെളിയുമ്പോള്‍ വിദേശത്തെ തമ്പ്രാക്കള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടാല്‍ അതിശയിക്കാനുണ്ടോ. എന്നാല്‍ ഇന്ത്യയില്‍ മിണ്ടാന്‍ പറ്റുന്നില്ലെന്ന് വിദേശത്തുപോയി വിളമ്പിക്കൊണ്ട് ആ ദേശവിരുദ്ധ ഗ്രുപ്പുകളുടെ പ്രതീക്ഷ നിലനിര്‍ത്തുക എന്നതാണ് രാഹുലും കോണ്‍ഗ്രസും ഉദ്ദേശിച്ചത് എന്നത് തീര്‍ച്ച. ഒരു പരാജിതന്റെ ദയനീയ ചിത്രമാണ് അവിടെ നിഴലിക്കുന്നത് എന്നത് നമുക്ക് കാണാനാവുന്നുണ്ടല്ലോ… …… രാഷ്ട്രീയത്തില്‍ സര്‍വ പ്രതീക്ഷകളും നഷ്ടപ്പെട്ടയാളുടെ ദയനീയത. എല്ലാം നഷ്ടപ്പെടുന്ന ഒരാള്‍ ഏത് വൃത്തികേടിനും തയാറാവുമെന്ന് പറയാറില്ലേ, അതുതന്നെ.
എന്താണ് വിളിച്ചുകൂവിയത്
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഏതാനും വിദ്യാര്‍ഥികളുമായി സംവദിക്കവേ ‘ഇന്ത്യയില്‍ ജനാധിപത്യമില്ലാതായിരിക്കുന്നുവെന്നും മുസ്ലിങ്ങളും കൃസ്ത്യാനികളും രണ്ടാം തരം പൗരന്മാരായി മാറിയിരിക്കുന്നു’വെന്നും രാഹുല്‍ ഗാന്ധി തട്ടിവിട്ടു. ജനങ്ങളും മാധ്യമങ്ങളും ആക്രമണം നേരിടുന്നു. പല പ്രമുഖരുടെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടു. രാജ്യത്ത് പാര്‍ലമെന്റ്, കോടതി, മാധ്യമങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ശ്രമം നടക്കുന്നു…….
രാഹുല്‍ ഗാന്ധി നടത്തിയ മറ്റൊരു പ്രസ്താവന, ഇന്ത്യയില്‍ ഇടപെടാന്‍ അമേരിക്കയും ബ്രിട്ടനുമൊക്കെ തയ്യാറാവണമെന്നതാണ്. അതായത് വിദേശ രാജ്യങ്ങള്‍ ഇടപെട്ടുകൊണ്ട് രാഹുലിന്റെ കുടുംബത്തെ വീണ്ടും ഇന്ത്യയില്‍ ഭരണത്തിലേറ്റണം എന്ന് ……. വിദേശശക്തികളെ ഇന്ത്യയിലിടപെടാന്‍ ക്ഷണിക്കുന്നു എന്നര്‍ത്ഥം. ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പുണ്ടാവാത്ത കാര്യമാണിത്. ഒരു രാഷ്ട്രീയ കക്ഷിയും ഇത്രക്ക് തരംതാണ രാഷ്ട്രീയം കളിച്ചിട്ടില്ല; കമ്മ്യുണിസ്റ്റുകാര്‍ പോലും. അതുമാത്രമല്ല, കഴിഞ്ഞ കുറെ നാളുകളായി രാഹുല്‍ അടക്കമുള്ള കോണ്‍ഗ്രസുകാര്‍ സ്വീകരിക്കുന്ന ഒരു ചൈന അനുകൂല നിലപാടുമുണ്ട്. അതും ഇതിനിടയിലും നാം വിദേശത്ത് കേള്‍ക്കുകയുണ്ടായി. ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി; അവരവിടെ നിര്‍മ്മാണം നടത്തുന്നു എന്നും മറ്റുമുള്ള വാദഗതികള്‍. അതായത് ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും നോക്കിനില്‍ക്കുന്നു എന്ന്. 1947 മുതല്‍ പാകിസ്ഥാനും ചൈനക്കും മുന്നില്‍ അടിയറവ് പറഞ്ഞ നെഹ്റു കുടുംബം, നമ്മുടെ മാതൃഭൂമി വിദേശ രാഷ്ട്രത്തിന് സമ്മാനിച്ചവര്‍, ഇപ്പോള്‍ മോദിയെ പ്രതിക്കൂട്ടിലാക്കാനുദ്ദേശിച്ച് കള്ളക്കഥകള്‍ മെനയുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഒരിഞ്ചു ഭൂമി ഇന്ത്യക്ക് നഷ്ടമായിട്ടില്ല എന്ന് മാത്രമല്ല കാല് മുന്നോട്ട് നീട്ടിവെക്കാന്‍ ചൈന നടത്തിയ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി അപ്പപ്പോള്‍ നല്‍കിയിട്ടുമുണ്ട്.
നേരത്തെ സൂചിപ്പിച്ചത് പോലെ, മത ന്യുനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള രണ്ടു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടിരുന്നു; അവിടെയാണ് നരേന്ദ്ര മോദിയും ബിജെപിയും വിജയ ചരിത്രമെഴുതിയത്. ത്രിപുരയില്‍ രൂപപ്പെട്ട അവിഹിത രാഷ്ട്രീയസഖ്യം തകര്‍ന്നടിഞ്ഞു. അതൊക്കെയാണ് രാഹുലിനെ വേട്ടയാടുന്നതെന്നതിന് വേറെയെന്ത് സാക്ഷ്യപ്പെടുത്തലാണ് വേണ്ടത്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നത് എല്ലാവര്ക്കും അറിയാവുന്നതാണ്. രാഹുല്‍ ഗാന്ധി വളരെ കുറച്ചുദിവസങ്ങളിലേ പാര്‍ലമെന്റില്‍ എത്താറുള്ളൂ; അദ്ദേഹം പ്രസംഗിക്കാന്‍ തീരുമാനിച്ചപ്പോഴൊക്കെ ഭരണപക്ഷം ഒന്നും മിണ്ടാതെ കേട്ടിരുന്നിട്ടുണ്ട്, പറഞ്ഞതുപലതും വിവരക്കേടാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. എന്നാല്‍ പ്രധാനമന്ത്രി പ്രസംഗിക്കവെ പ്രതിപക്ഷം, പ്രത്യേകിച്ചും കോണ്‍ഗ്രസുകാര്‍, ഉണ്ടാക്കിയ കോലാഹലം നാം കണ്ടിട്ടുണ്ടല്ലോ. മോദിജിയെ വായ് തുറപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചവരെയും കണ്ടിട്ടുണ്ട്. ബിജെപി ഭരണകാലത്ത് ഒരിക്കലും സഭാ നാഥന്മാര്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല, മറിച്ച് ഭരണപക്ഷത്തിന് ലഭിച്ചതിനേക്കാള്‍ പ്രാമുഖ്യം മറുപക്ഷത്തുള്ളവര്‍ക്ക് കിട്ടുന്നു എന്ന തോന്നലാണ് പലപ്പോഴുമുണ്ടായത്.
ഇന്ത്യയുടെ യശസ്സ് ലോകം മുഴുവന്‍ ഉയര്‍ന്നുനില്‍ക്കുമ്പോഴാണ് ഇത്തരമൊരു ദേശവിരുദ്ധ നീക്കത്തിന്, സാഹസത്തിന്, രാഹുല്‍ ഗാന്ധി മുതിര്‍ന്നത്. നരേന്ദ്ര മോദിക്ക് ഇന്ന് ലോകനേതൃനിരയിലുള്ള സ്ഥാനം സാമാന്യബോധമുള്ളവര്‍ക്ക് കാണാനാവുന്നുണ്ടല്ലോ. ലോകനേതാക്കള്‍ പലപ്പോഴും അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞുകൊണ്ടാണ് തീരുമാനങ്ങളെടുക്കുന്നത് എന്നതും രഹസ്യമല്ലിന്ന്. ജി 20 യുടെ അധ്യക്ഷ സ്ഥാനമേറ്റപ്പോള്‍ ‘വസുധൈവ കുടുംബകം’ എന്ന സന്ദേശവും അദ്ദേഹം ലോകത്തിന് നല്കി. ഉക്രൈന്‍ -റഷ്യ യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യ സ്വീകരിച്ച നിലപാട് ശ്രദ്ധയാകര്‍ഷിച്ചിരുന്നല്ലോ. ഇന്നിപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് കാര്യങ്ങള്‍ നീക്കാന്‍ കഴിയുന്ന ഏക വ്യക്തി എന്ന് ലോകം കാണുന്നത് മോദിയെ ആണെന്നതും വസ്തുതയാണ്. ഇതൊക്കെ പ്രതിപക്ഷ നിരയിലുണ്ടാക്കുന്ന അങ്കലാപ്പ്, അസൂയ, പറഞ്ഞറിയിക്കുകവയ്യ. രാഹുല്‍ ഗാന്ധിയുടെ വിവരക്കേടിന് വഴിവെച്ചത് അതൊക്കെയാണ് എന്നും കരുതേണ്ടിയിരിക്കുന്നു.
ബിജെപി ശക്തമായനിലപാടെടുത്തു
രാഹുലിന്റെ പ്രതികരണങ്ങള്‍ രാജ്യവിരുദ്ധമാണ് എന്നത് ആരെയും പറഞ്ഞുബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. അക്കാര്യമാണ് ബിജെപി പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ അവഹേളിക്കാനും രാഹുല്‍ തയ്യാറായി. മോദിജി പറഞ്ഞത് പോലെ നാം ജനാധിപത്യ രാജ്യം മാത്രമല്ല ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ്. ആ രാജ്യത്തിന് അവമതിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്നതാണ് ബിജെപി എടുത്ത നിലപാട്. മാതൃ രാഷ്ട്രത്തോടുള്ള പ്രഖ്യാപിത നിലപാടിന് സമാനമാണത്; അതല്ലാതെ രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനും ഒറ്റപ്പെടുത്താനുമുള്ള നീക്കമായി അതിനെ കാണേണ്ടതില്ല. രാഹുല്‍ എന്നല്ല വേറെയാരായാലും ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍, വിദേശത്തുപോയി ഇന്ത്യയെ അധിക്ഷേപിച്ചാല്‍, ഇതുതന്നെയാവും ബിജെപി എടുക്കുന്ന സമീപനം. പാര്‍ലമെന്റില്‍ രാഹുല്‍ മാപ്പ് പറയണം എന്നതാണ് ബിജെപിയുടെ ആവശ്യം. അത് അനാവശ്യമാണ് എന്ന് പറയാനാവുകയില്ലല്ലോ. സാം പിട്രോഡയെപ്പോലെയുള്ള രാഹുലിന്റെ ഉപദേഷ്ടാക്കള്‍ ആ ദേശവിരുദ്ധ നിലപാടുകളെ പിന്തുണച്ച് രംഗത്തുവന്നതും കാണാതെപോകാനാവുകയില്ല.