ഓസ്‌കാര്‍ അവാര്‍ഡ് കൊണ്ട് ഒരു വിലയുമില്ല. വിലയുണ്ടാവണമെങ്കില്‍ കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റ് വേണം. എങ്കിലേ ഏതു ഓസ്‌കാറും അംഗീകരിക്കപ്പെടൂ. സിനിമാ സംവിധായകന്‍ കമല്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റ്. നാട്ടു നാട്ടു എന്ന എം.എം. കീരവാണിയുടെ ഗാനത്തിന് ഓസ്‌കാര്‍ അംഗീകാരമുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവുമുണ്ട്, ജനങ്ങളുടെ നാവിന്‍ തുമ്പില്‍ ആ പാട്ടുണ്ട്. അതുകൊണ്ടൊന്നും അതിന് മഹത്വം കിട്ടുന്നില്ല. കാരണം കമല്‍ ഈ ഗാനത്തിന് നെഗറ്റീവ് മാര്‍ക്കാണ് നല്‍കിയത്. ആ പാട്ടിനും ആര്‍.ആര്‍.ആര്‍. എന്ന ചിത്രത്തിനും അദ്ദേഹം വലിയൊരു ന്യൂനത കണ്ടെത്തിയിരിക്കുന്നു. ഈ സിനിമക്കും പാട്ടിനും പിന്നില്‍ ഹിന്ദുത്വ അജണ്ടയാണ്. മാത്രമല്ല ഓസ്‌കാറും ഗോള്‍ഡണ്‍ ഗ്ലോബുമൊന്നും മഹത്തായ പുരസ്‌കാരങ്ങളേ അല്ല. കാന്‍ ഫെസ്റ്റിവലിനോ വെനീസ് ചലച്ചിത്ര മേളക്കോ ഈ പടത്തിന് പ്രവേശനം കിട്ടിയിട്ടില്ല. അതിനാല്‍ ഈ പടവും ഗാനവും പൊട്ടയെന്ന് കമാലുദ്ദീന്‍ എഴുതിത്തള്ളി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമാല്‍ ഈ ഗാനത്തിന് ഒരു മെറിറ്റും നല്‍കിയിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വേണ്ട ഘടകങ്ങള്‍ എന്ന നിലയ്ക്ക് പല സംവിധായകരും ഇത്തരം അജണ്ടകളെ കൂട്ടുപിടിക്കും. ഇത്തരം സിനിമകള്‍ക്ക് കിട്ടുന്ന പുരസ്‌കാരം കച്ചവട താല്പര്യമാണ് എന്നൊക്കെയാണ് കമാലിയന്‍ സെല്ലുലോയ്ഡ് സിദ്ധാന്തം. മാധവിക്കുട്ടിയെ പറ്റിച്ച് മതം മാറ്റി കടന്നു കളഞ്ഞ ലീഗ് നേതാവിന്റെ പേരുപോലും തന്റെ സിനിമയില്‍ പറയാന്‍ നട്ടെല്ലില്ലാത്ത സംവിധായകന്റെ വീര്യം ഹിന്ദുത്വ വിരോധത്തില്‍ പൂത്തുലയുന്നത് കാണാന്‍ എന്തു രസം.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ടു വീര പുരുഷന്മാരാണ് അല്ലൂരി സീതാരാമ രാജുവും കൊമരം ഭീമും. രണ്ടു കാലഘട്ടത്തില്‍ ജീവിച്ച അവര്‍ ഒന്നിച്ചു കണ്ടിരുന്നെങ്കില്‍ എന്തായിരുന്നു സംഭവിക്കുക എന്നതാണ് ആര്‍. ആര്‍.ആര്‍. സിനിമയില്‍ ചിത്രീകരിച്ചത്. തികച്ചും ദേശഭക്തി പ്രസരിപ്പിക്കുന്ന സിനിമയെയാണ് ഹിന്ദുത്വ അജണ്ട എന്ന് കമല്‍ വ്യാഖ്യാനിക്കുന്നത്. ഹിന്ദുത്വമാണ് ഭാരതത്തിന്റെ ദേശീയത എന്ന ആര്‍.എസ്.എസ്സിന്റെ നിലപാട് തന്നെയാണ് കമലിനും എന്നു വ്യക്തം. ആര്‍.എസ്.എസ് അതില്‍ അഭിമാനിക്കുമ്പോള്‍ കമല്‍ അതില്‍ അപകടം മണക്കുന്നു. ഭാരതത്തിന്റെ ദേശീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റ് – കമ്മ്യൂണിസ്റ്റ് ശക്തികള്‍ക്ക് ബുദ്ധി പണയം വെച്ച് നക്കാപ്പിച്ച സ്ഥാനമാനങ്ങളില്‍ അഭിരമിക്കുന്ന കമല്‍മാര്‍ക്ക് നാട്ടു നാട്ടു എന്ന ഗാനത്തെ എങ്ങനെ സഹിക്കാനാവും !