സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കേരളത്തിലും നിരവധി സ്ഥാപനങ്ങളും സംഘടനകളും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുകയുണ്ടായി. അതേ ദിവസമാണ് ബ്രഹ്‌മപുരത്തെ മാലിന്യമല കത്തുന്നതിനിടയില്‍ എറണാകുളത്തെ വനിതാ കളക്ടറെ ഇടതുപക്ഷ സര്‍ക്കാര്‍ വയനാട്ടിലേക്കു സ്ഥലം മാറ്റിയത്. ഈ സര്‍ക്കാര്‍ തുടര്‍ഭരണത്തിലും തുടരുന്ന സ്ത്രീവിരുദ്ധതയുടെ പ്രതീകമായി മാറി വനിതാദിനത്തില്‍ നടത്തിയ വനിതാകളക്ടറുടെ സ്ഥലം മാറ്റം. ഭരണ സൗകര്യത്തിന്റെ ഭാഗമായിട്ടായിരുന്നു സ്ഥലം മാറ്റമെങ്കില്‍ അത് അന്നു തന്നെ വേണമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. ബ്രഹ്‌മപുരത്തെ മാലിന്യപ്പുകയില്‍ നിന്ന് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഈ കളക്ടര്‍ തയ്യാറാക്കിയ കര്‍മ്മ പദ്ധതിയനുസരിച്ച് പുതിയ കളക്ടറും പ്രവര്‍ത്തിച്ചു എന്ന ചോദ്യത്തിനും സര്‍ക്കാര്‍ ഉത്തരം പറയേണ്ടതുണ്ട്. തമിഴ്‌നാടും പുതുച്ചേരിയും സര്‍ക്കാര്‍ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തിക്കൊണ്ട് സ്ത്രീ സൗഹൃദ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ കേരളം എല്ലാ മേഖലകളിലും സ്ത്രീ സൗഹൃദത്തിനു നേരെ പുറം തിരിഞ്ഞു നില്‍ക്കുകയാണ്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും അപമാനകരമായ പരാമര്‍ശങ്ങളും 2016 ല്‍ അധികാരത്തില്‍ വരുന്നതിനുമുമ്പു തന്നെ ഇടതുനേതാക്കളുടെ ഭാഗത്തുനിന്ന് തുടങ്ങിയതാണ്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് ഇടതുമുന്നണി കണ്‍വീനറായിരുന്ന വിജയരാഘവനാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ സി.പി.എം നടത്തിയ കൊലപാതകങ്ങളുടെ ഫലമായി അനേകം വനിതകളുടെ കണ്ണീരു വീണ മണ്ണാണിത്. അവരുടെ സാന്ത്വനം സര്‍ക്കാരിന്റെ അജണ്ടയിലേ ഉണ്ടായിരുന്നില്ല. സി.പി.എം നേതാക്കള്‍ പ്രതികളായ സ്ത്രീ പീഡനക്കഥകള്‍ക്ക് ആ ഭരണത്തില്‍ ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. അതെല്ലാം ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടിയിലെ വനിതാ അംഗങ്ങള്‍ പോലും മുന്നിട്ടിറങ്ങിയ കാഴ്ചയും കേരളം കണ്ടു. ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ അമ്മയെ പോലീസ് വലിച്ചിഴച്ചതും ആ ഭരണത്തിലായിരുന്നു. അതിന്റെ തുടര്‍ച്ചയായി നിരവധി സ്ത്രീ പീഡനങ്ങളാണ് തുടര്‍ഭരണത്തിലും അരങ്ങേറുന്നത്.
ശബരിമല വിഷയത്തില്‍ സംസ്ഥാന വ്യാപകമായി സ്ത്രീകള്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാരിനോടുണ്ടായ എതിര്‍പ്പിനെ അതിജീവിക്കാനായിരുന്നല്ലോ 50 കോടി രൂപ ചെലവു ചെയ്ത് വനിതാമതില്‍ സൃഷ്ടിച്ചത്. പക്ഷെ നവോത്ഥാനത്തിന്റെ കാര്യത്തിലോ സ്ത്രീ സുരക്ഷയുടെ കാര്യത്തിലോ ഈ സര്‍ക്കാരിന് ഒട്ടും ആത്മാര്‍ത്ഥതയില്ലെന്നു തെളിയിക്കുന്ന തരത്തിലാണ് കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 98,870 സ്ത്രീ പീഡന കേസുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച കണക്കുപ്രകാരം ഇതില്‍ 251 കേസുകളില്‍ പോലീസുകാര്‍ തന്നെയാണ് പ്രതികള്‍. രണ്ടു വര്‍ഷമായി സ്ത്രീ പീഡന കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. 2021 ല്‍ 16199 കേസുകള്‍ ഉണ്ടായിരുന്നത് 2022 ല്‍ 18952 ആയി വര്‍ദ്ധിച്ചു. ഇതില്‍ 58 എണ്ണത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗമായ പോലീസുകാരാണ് പ്രതികള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ പീഡന കേസുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
തുടര്‍ ഭരണത്തിലും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയ നേതാക്കളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നത് അങ്ങേയറ്റം അപലപനീയമാണ്. കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന എം.എം.മണി പെമ്പിളൈ ഒരുമക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തിയ ആര്‍.എം.പി.നേതാവും സി.പി.എമ്മുകാരാല്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമയെ ‘വിധവയായത് അവരുടെ വിധി’ എന്നു പറഞ്ഞ് എം.എം.മണി അധിക്ഷേപിച്ചപ്പോള്‍ മണിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഒരു ചെറുവിരലനക്കാന്‍ പോലും തയ്യാറാകാത്തത് ഈ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പുരോഗമന വാദികളെന്ന് സ്വയം നടിക്കുന്ന സി.പി.എം അതിനെ എതിര്‍ത്തതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട വിഷയം തന്നെയാണ്.
ഇതിന്റെ തുടര്‍ച്ചയാണ് ഈയിടെ നിയമസഭയില്‍ അരങ്ങേറിയ അതിക്രമങ്ങളും ആഭാസത്തരങ്ങളും. തിരുവനന്തപുരത്ത് ചെങ്കോട്ടുകോണത്ത് പട്ടാപ്പകല്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ച സംഭവം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സ്പീക്കര്‍ അനുവദിച്ചില്ല. അതിനെ തുടര്‍ന്നാണ് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ, നാടിന് നാണക്കേടുണ്ടാക്കിയ സംഭവമുണ്ടായത്. ഈ വിഷയത്തില്‍ കുറ്റകരമായ മൗനം പാലിച്ച മുഖ്യമന്ത്രിക്ക് സ്ത്രീ സുരക്ഷയെ കുറിച്ചു പറയാന്‍ യാതൊരു അര്‍ഹതയുമില്ല. സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ക്യാമ്പസുകളില്‍ പെണ്‍കുട്ടികള്‍ക്കും വനിതാ അദ്ധ്യാപകര്‍ക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും ഈ ഗണത്തില്‍ പെടുന്നവയാണ്. തിരുവനന്തപുരം ലോ കോളേജില്‍ അതിക്രമം കാണിച്ച എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിനാണ് വനിതാ അദ്ധ്യാപകരെയടക്കം മണിക്കൂറുകളോളം പൂട്ടിയിട്ടത്. കാസര്‍കോട് ഗവ.കോളേജില്‍ റാഗിംഗിനും ലഹരി ഉപയോഗത്തിനും നടപടിയെടുത്തതിന്റെ പേരില്‍ എസ്.എഫ്.ഐ. വനിതാ പ്രിന്‍സിപ്പലിനെതിരെ തിരിയുകയും ഇപ്പോള്‍ അധികൃതര്‍ അവരെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തിരിക്കുകയാണ്. തുടര്‍ ഭരണത്തിലും സ്ത്രീ വിരുദ്ധതയാണ് കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നതിന് ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ തന്നെ നിയമം കൈയിലെടുക്കുന്ന അവസ്ഥയിലേക്ക് കേരളം എത്തിപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.