ഐക്യരാഷ്ട്രസഭയുടെ ആദ്യ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം ചേരുന്നത് 1972 ല്‍ സ്റ്റോക്‌ഹോമിലാണ്.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ലോകം ഗൗരവത്തോടെ ചിന്തിക്കണമെന്ന തോന്നലുണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണെന്ന് സാരം.
ഒരേയൊരു ഭൂമി എന്നതായിരുന്നു ആ സമ്മേളനം മുന്നോട്ട് വെച്ച മുദ്രാവാക്യം. മനുഷ്യന്റെ നിലനില്‍പ്പിന് ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത സമ്മേളനം എടുത്തു പറയുന്നു.
ഏതാണ്ടിതേ കാലത്ത് തന്നെ യൂറോപ്പിലും പിന്നീട് ലോക വ്യാപകമായും ശക്തിപ്പെട്ട ഇക്കോ -ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ഭൂമിയുടെ നിലിനില്‍പ്പില്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.
ഭൂമിയെ സംരക്ഷിക്കുന്നതിന് മണ്ണും ജലവും വായുവും മാലിന്യമുക്തമായി നിലനിര്‍ത്തുക എന്നത് മാത്രമാണ് വഴിയെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു.
2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിയ സുപ്രധാന നീക്കങ്ങളിലൊന്ന് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള സ്വച്ഛ ഭാരത് പദ്ധതി നടപ്പാക്കലായിരുന്നു. പ്രധാനമന്ത്രി സ്വന്തം നിലക്കും ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പലപ്പോഴും ശ്രമം നടത്തിവന്നു.
ലോകവ്യാപകമായി ഈ ജാഗ്രത ശക്തിപ്പെടുമ്പോഴും ജീവിത നിലവാര സൂചികയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നവകാശപ്പെടുന്ന കേരളം ഇക്കാര്യത്തില്‍ പരാജയപ്പെട്ട സംസ്ഥാനമായി മാറുന്നു. അപകടകരമായ വിഷ-മാലിന്യക്കൂമ്പാരത്തിന് മുകളിലാണ് കേരളത്തിന്റെ ജീവിതം.
ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ടും മാലിന്യ ജന്യ രോഗങ്ങള്‍ കൊണ്ടും മരണത്തെ വിലക്കുവാങ്ങുന്ന സമൂഹമായി കേരളം മാറിയിരിക്കുന്നു. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടേയും നിഷ്‌ക്രിയത്വവും അഴിമതിയും മാലിന്യ പ്രശ്‌നത്തെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായി മാറ്റുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബ്രഹ്‌മപുരം.
ഒരാഴ്ചയിലേറെയായി ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരം നിന്ന് കത്തുകയാണ്. കാന്‍സര്‍,ആസ്ത്മ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഡയോക്‌സിന്‍ കലര്‍ന്ന വിഷവാതകമാണ് കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി എറണാകുളം,ആലപ്പുഴ ജില്ലകളിലെ ജനം ശ്വസിക്കുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും അതീവ ഗൗരവത്തോടെ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടും നമ്മുടെ ഭരണാധികാരികള്‍ തുടരുന്ന നിസംഗതയും മൗനവും അമ്പരപ്പിക്കുന്നതാണ്. ലക്ഷങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നാസി ഗ്യാസ്‌ചേമ്പറിനോടും ഭോപ്പാല്‍ വിഷവാതക ദുരന്തത്തോടുമാണ് മാധ്യമങ്ങള്‍ ബ്രഹ്‌മപുരത്തെ താരതമ്യം ചെയ്തത്.
ഭോപ്പാല്‍ ദുരന്തത്തെപ്പോലെ ആളുകള്‍ പെട്ടെന്ന് പിടഞ്ഞുവീണ് മരിച്ചില്ലെങ്കിലും ബ്രഹ്‌മപുരത്തെ തീയും പുകയും സൃഷ്ടിക്കുന്ന വിപത്ത് അതിലും കുറഞ്ഞൊന്നുമല്ല.
ലോകം ഇത്രയേറെ പുരോഗമിച്ച ഈ കാലത്തും അഴിമതിയും കെടുകാര്യസ്ഥതയും മൂലം സ്വന്തം ജനതയെ വധശിക്ഷക്ക് വിട്ടുകൊടുക്കുന്ന പ്രാകൃത ഭരണകൂടങ്ങളിലൊന്നാണ് കേരളത്തിലേതെന്നുള്ളത് ലജ്ജാകരമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജന വിഷയത്തില്‍ അങ്ങേയറ്റം പ്രാകൃതനിലപാടാണ് കേരളത്തിലെ ഭരണാധികാരികളുടേത്. വിളപ്പില്‍ ശാലയും ബ്രഹ്‌മപുരവും ലാലൂരും ഞെളിയന്‍പറമ്പുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്ന ഒരു പദ്ധതിയും ഈ സംസ്ഥാനത്തില്ല. രാജ്യത്ത് തന്നെ മറ്റ് പല സംസ്ഥാനങ്ങളും മാലിന്യം ഫലപ്രദമായി സംസ്‌കരിച്ച് ജൈവ വളവും ബയോ ഗ്യാസുമൊക്കെയായി മാറ്റുമ്പോള്‍ ഇവിടെ മരണക്കെണികള്‍ ഒരുക്കുകയാണ്.
കേരളത്തില്‍ മാലിന്യ സംസ്‌കരണത്തിന്റെ മറവില്‍ നടക്കുന്നത് കോടികളുടെ അഴിമതിയാണ് എന്ന് കൂടി അറിയുമ്പോഴാണ് ഭരണകൂടത്തിന്റെ ജനവിരുദ്ധത പൂര്‍ണമായും ബോധ്യപ്പെടുക.
2019 മെയ് 13 ന് യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു.
ജനീവയിലെ മാലിന്യ സംസ്‌കരണ പ്‌ളാന്റ് സന്ദര്‍ശിച്ചു.മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്‌ളാന്റാണിത്. കേരളത്തിന് പിന്തുടരാവുന്ന മാതൃകയാണിത്. ഇക്കാര്യം ഗൗരവമായി സര്‍ക്കാര്‍ പരിശോധിക്കും. നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പുല്ലും നടന്നില്ല.
എന്നാല്‍ അണിയറയില്‍ മറ്റ് ചില പദ്ധതികള്‍ ഒരുങ്ങുന്നുണ്ടായിരുന്നു. 2021 ജൂലായ് മാസത്തില്‍ ബ്രഹ്‌മപുരത്തെ മാലിന്യം നീക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ബാംഗ്‌ളൂര്‍ ആസ്ഥാനമായുള്ള സോണ്ട ഇന്‍ഫ്രാടെക് എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. 11കോടി രൂപ ഇതിനായി ഈ സ്വകാര്യ കമ്പനിക്ക് ഇതിനകം കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ ഉടമകളിലൊരാള്‍ ഇടതുമുന്നണിയുടെ മുന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ്കുമാറാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഈ കരാര്‍ നല്‍കിയത്. കമ്പനിക്ക് മാലിന്യ സംസ്‌കരണ രംഗത്ത് മതിയായ പ്രവൃത്തി പരിചയമില്ലെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. എന്തുകൊണ്ടാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോടികളുടെ കരാര്‍ ഇങ്ങനെയൊരു കമ്പനിക്ക് നല്കിയത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ഇത് കേരളമാണ് സാര്‍. ഇവിടെ ഇങ്ങനെയാണ് സാര്‍.
ഒന്‍പത് മാസംകൊണ്ട് മാലിന്യം നീക്കണമെന്നായിരുന്നു കരാര്‍. അത് നടന്നില്ല. വേണ്ടപ്പെട്ടവരുടെ കമ്പനിയായതുകൊണ്ട് കരാര്‍ വ്യവസ്ഥകള്‍ തിരുത്തി കാലാവധി നീട്ടിക്കൊടുത്തു. 2023 ജൂലായ് 31 നകം മാലിന്യം നീക്കണമെന്നാണ് പുതിയ വ്യവസ്ഥ. കൊടുത്ത പതിനൊന്ന് കോടിക്കുള്ള ജോലി ചെയ്തിട്ടുണ്ടോയെന്ന് പോലും പരിശോധിച്ചിട്ടില്ല.
ഇതിനിടയിലാണ് ഈ കരാറില്‍ അഴിമതിയുണ്ടെന്നും മാലിന്യം നീക്കിയിട്ടില്ലെന്നും പതിനൊന്ന് കോടി കൈമാറിയത് നിയമവരുദ്ധമാണെന്നും കാണിച്ച് പരാതി ഉയര്‍ന്നത്. ഈ പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനക്ക് വന്നതിന് പിന്നാലെയാണ് മാലിന്യ മലക്ക് തീപിടിച്ചത്. യാദൃച്ഛികമായി തീപിടിച്ചതല്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടും.
110 ഏക്കറോളം വരുന്ന ട്രഞ്ചിങ് ഗ്രൗണ്ടില്‍ വ്യത്യസ്തങ്ങളായ ഏഴിടത്ത് ഒരേസമയം തീപിടിക്കുകയായിരുന്നു. പലയിടത്തായി കൂട്ടിയ മാലിന്യക്കൂനകളിലെല്ലാം ഒരേ സമയം തീ പടര്‍ന്നു. ആസൂത്രിതമായി തീവെച്ചതാണെന്ന് വ്യക്തം.
രണ്ട് നേട്ടങ്ങളാണ് ഇതുവഴി കരാര്‍ കമ്പനിക്കുണ്ടാകുന്നത്. ഇതുവരെ എത്ര മാലിന്യം നീക്കിയെന്ന ഓഡിറ്റിങ്ങില്‍ നിന്ന് തടിയൂരാം. ജൂലായ് മാസത്തിനകം മാലിന്യ നീക്കം തീര്‍ക്കേണ്ട ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറാം.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ ലക്ഷങ്ങളാണ് ഈ അഴിമതിപ്പുകയുടെ ഇരകളായത്. ആലുവ മുതല്‍ അരൂര്‍ വരെയുള്ള പ്രദേശം പൂര്‍ണമായും അപകടകരമായ തോതില്‍ വായു മലിനപ്പെട്ടു. പ്‌ളാസ്റ്റിക് കത്തിയുണ്ടാകുന്ന ഡയോക്‌സിന്‍ മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വ്യാപിച്ചു. ഏതാണ്ട് അറുപത് കിലോ മീറ്റര്‍ ചുറ്റളവില്‍ വിഷവാതകം നിറഞ്ഞു. നാല് മീറ്റര്‍ ആഴത്തില്‍ ഏക്കറുകളോളം പരന്ന് കിടക്കുന്ന പ്‌ളാസ്റ്റിക് മലകളാണ് കത്തിയമര്‍ന്നത്. ഫയര്‍ ഫോഴ്‌സും നാവിക സേനയും ദിവസങ്ങളോളം പണിയെടുത്തിട്ടും പത്ത് ദിവസം തീയണഞ്ഞില്ല.
സ്വന്തം ജനതയെ മരണശിക്ഷക്ക് വിധിച്ച ഈ സംഭവത്തില്‍ ഇതുവരെ കാര്യമായ ഒരന്വേഷണവും ഭരണകൂടം ആരംഭിച്ചിട്ടില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. അഴിമതിയുടെ പങ്കും വ്യാപ്തിയും ഏതറ്റംവരെയെത്തുന്നുവെന്ന് വ്യക്തമാകുന്നതാണ് സര്‍ക്കാരിന്റെ നിശബ്ദത.
ബ്രഹ്‌മപുരം ഒരുദാഹരണം മാത്രമാണ്. സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ ഇത്തരം കരാറുകളും ഇടപാടുകളും സ്ഥിരമാണ്. കേരളത്തില്‍ ഒരിടത്തും ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ല. കര്‍ണാടകയിലേക്കോ തമിഴ്‌നാട്ടിലേക്കോ മാലിന്യം കൊണ്ട് പോകുന്നതിന് സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കുകയാണ് നഗരസഭകള്‍ ചെയ്യുന്നത്. ഇത് കോടികള്‍ മറിയുന്ന ഏര്‍പ്പാടാണ്.
കരാര്‍ വിഹിതം കൃത്യമായി കിട്ടുന്നതുകൊണ്ട് മാലിന്യ നീക്കം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലും ഭരണാധികാരികള്‍ തയ്യാറാവുന്നില്ല. തൃശൂരിലെ ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിന്ന് മാലിന്യം നീക്കാന്‍ അഞ്ച് കോടി രൂപക്കാണ് നഗരസഭ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്കിയിട്ടുള്ളത്. കരാര്‍ കാലാവധി പൂര്‍ത്തിയായിട്ടും ഇതുവരെ മാലിന്യ നീക്കം നടന്നിട്ടില്ല. ഇനി അറിയാനുള്ളത് എന്നാണ് ഇവിടെ നിന്ന് വിഷപ്പുക ഉയരുന്നത് എന്ന് മാത്രമാണ്. ഇത്തരം ഗ്യാസ് ചേമ്പറുകള്‍ കേരളത്തില്‍ പലയിടത്തുമുണ്ട്. ഇവിടെ നിന്നൊക്കെ വിഷപ്പുക ഉയരാനുള്ള സാധ്യതയും.
Comments