രക്തത്തിന്റെ തുരുമ്പുരുചിയ്ക്കും
തിക്തസ്മരണകളില്‍
സ്‌നേഹത്തിന്റെ തണല്‍തണുവെന്തേ
മാടിവിളിയ്ക്കുന്നു
ഒഴുകിപ്പോയൊരു പുഴയേപ്പോലെ
ഓര്‍മ്മകളെന്നിട്ടും
ഓരോ നിമിഷവുമുള്ളില്‍ കൂടി
ഓടുന്നു തിരികേ
ഇത്തിരിമേട,ത്തെളിവെയില്‍തേകി
ഇങ്ങനെവേറാരും
പ്ലാവിലതന്‍ചെറു കുമ്പിളുകോരി
പ്രാതലു നല്‍കീലാ
ഇടവപ്പാതികള്‍ ഇലയും നുള്ളി
പെയ്തുതിമര്‍ത്താലും
പനിബാധിച്ചെന്‍ കവിതാശകലം
പാതിതളര്‍ന്നാലും
ചിമ്മിനിമുനയില്‍ മിന്നിയണഞ്ഞൊരു
ചന്ദിരനേക്കാത്ത്
ചില്ലുനിലാവിനൊ, രുമ്മകൊടുക്കാ-
ചിന്തയുറങ്ങീലാ
അമ്മാത്തേയ്‌ക്കൊരു യാത്രകഴിഞ്ഞീ
പാതിവഴിക്കോണില്‍
സുന്ദരസൗരഭ, സൗഹൃദമീറന്‍
പൂവായ് പൂക്കുമ്പോള്‍
മേഘപ്പട്ടം പാറിനടന്നതു-
പോലിരുഹൃദയങ്ങള്‍
മേലേകാണും ആകാശത്തിനു-
മപ്പുറമെത്തുന്നു
ചെറിയകുരുത്തക്കേടുകളെല്ലാം
ചിരിയിലൊതുങ്ങുന്നു
ചങ്ങാതികളായ് നമ്മള്‍വീണ്ടും
ചിങ്ങം കൊയ്യുന്നു…!
Comments