ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോള്‍ കേരളത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമം മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മനുഷ്യ മന:സാക്ഷിയെ മരവിപ്പിച്ച രണ്ട് കൊലപാതകങ്ങള്‍ മൂലം കേരളം തല കുനിച്ചു നില്‍ക്കുകയാണ്. നീതി ലഭിക്കാതെ ഗോത്ര ജനത ”ഏങ്കളെ നീങ്ക കൊഞ്ച് തിനിമരിയോ” എന്ന് ചോദിക്കുകയാണ്.
2018 ഫെബ്രുവരി 22നാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മധുവെന്ന സഹോദരനെ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് ആള്‍ക്കൂട്ടം നിര്‍ഭയം തല്ലിക്കൊന്നത്. മധു ഉള്‍പ്പെടുന്ന ഗോത്ര ജനതയുടെ ആവാസ സ്ഥലങ്ങള്‍ കയ്യേറി കയ്യടക്കി അവരെ ആട്ടിയോടിച്ചു. ഒടുവില്‍ ഗോത്ര ജനത ഭൂമിയും വിഭവങ്ങളും ഇല്ലാതെ നരകതുല്യം ജീവിതം മുന്നോട്ട് കൊണ്ടുപോയി. ഈ അവസ്ഥയിലാണ് ഒരു വനവാസിക്ക് ഭക്ഷ ണം മോഷ്ടിക്കേണ്ട ദൈന്യാവസ്ഥ ഉണ്ടായത്. കയ്യേറ്റക്കാരുടെയും ഭരണകൂടത്തിന്റെയും നിരുത്തരവാദപരമായ നിലപാടുകള്‍ കൊണ്ടും ഗോത്ര ജനതയ്ക്ക് എതിരായ നിയമങ്ങള്‍ കാരണവും ഇന്ന് ഗോത്ര ജനതയ്ക്ക് നിലനില്‍പ്പ് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
മധുവിന്റെ കേസില്‍ പലരീതിയിലുള്ള ഇടപെടലുകളും നിലപാടുമാറ്റങ്ങളും മാറിമറിയലുകളും ഉണ്ടായിട്ടുണ്ട്. ഇത് കേരളം ചര്‍ച്ച ചെയ്തതാണ്. കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ രാഷ്ട്രീയക്കാരുടെ കേസുകള്‍ നടത്തുവാന്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിന് പണം ചിലവഴിക്കുന്ന സര്‍ക്കാര്‍ മധുവിന്റെ കേസില്‍ വക്കീല്‍ ഫീസ് പോലും നല്‍കാതെ കേസിന്റെ നടത്തിപ്പിനെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. മൂന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ ഈ കേസിന്റെ നടത്തിപ്പില്‍ നിന്നും രാജിവെച്ചു ഒഴിയുക പോലുമുണ്ടായി. ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും നിലകൊള്ളുന്നത്? സംഘടിതമല്ലാത്ത ഗോത്ര ജനതയെ ചൂഷണം ചെയ്തും ആക്രമിച്ചും അവന്റെ സംസ്‌കാരവും ഭൂമിയും എല്ലാം കൈക്കലാക്കാനുള്ള തിരക്കിലാണ് അധികാരിവര്‍ഗ്ഗവും പൊതുസമൂഹമെന്നു അഹങ്കരിക്കുന്ന ഒരുകൂട്ടം ജനതയും. മധുവിന്റെ കൊലപാതകത്തിന് ശേഷവും നിരവധി ഗോത്ര യുവതികളും യുവാക്കളും കേരളത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ കുറുക്കും മൂലയില്‍ ശോഭ, ഇടുക്കി മാങ്കുളത്തു ലക്ഷ്മണന്‍, അവസാനമായി ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് മരണപ്പെട്ട വിശ്വനാഥന്‍ എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. കല്പറ്റ മുന്‍സിപ്പാലിറ്റിയില്‍ ഇരുപത്തിമൂന്നാം വാര്‍ഡില്‍ പാറവയല്‍ ഗ്രാമത്തിലാണ് കഴിഞ്ഞ ദിനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ എസ്. വിശ്വനാഥന്‍ എന്ന ഗോത്ര യുവാവിന്റെ ഗ്രാമം. സോമന്റെയും (പരേതന്‍) പാറ്റയുടെയും ഏഴ് ആണ്‍മക്കളില്‍ നാലാമത്തെ മകനാണ് മരണപ്പെട്ട വിശ്വനാഥന്‍. അമ്മയും, അച്ഛനും നീലിക്കണ്ടി എസ്റ്റേറ്റില്‍ പണിയെടുത്ത് സ്വരുക്കൂട്ടിയ പണംകൊണ്ട് 15 സെന്റ് സ്ഥലം വാങ്ങിച്ച് അതിലാണ് കുടുംബം ജീവിച്ചുവരുന്നത്. ഗര്‍ഭിണിയായ വിശ്വനാഥന്റെ ഭാര്യയെ ഫെബ്രുവരി ഏഴിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനായ് അഡ്മിറ്റ് ചെയ്തു. കൂടെ പരിചരണത്തിനായ് വിശ്വനാഥനും ഉണ്ടായിരുന്നു. ഹോസ്പിറ്റല്‍ ചികില്‍സ സൗജന്യമായിരുന്നു. ഭക്ഷണവും വിവിധ സംഘടനകള്‍ വഴി സൗജന്യമായി ലഭിച്ചിരുന്നു. വിശ്വനാഥന്‍ ഹോസ്പിറ്റലിലേക്ക് വരുമ്പോള്‍ 10000 രൂപയില്‍ അധികം തുക കൈവശം ഉണ്ടായിരുന്നു. ഈ തുക അമ്മായിയമ്മയെ ഏല്‍പ്പിച്ചിരുന്നു. വിശ്വനാഥന്‍ ആവശ്യാനുസരണം പണം വാങ്ങിക്കുകയും ചെയ്തു വന്നിരുന്നു. തൊട്ടടുത്ത ദിവസം വിശ്വനാഥന്റെ ഭാര്യ ബിന്ദു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏറെ കാത്തിരിപ്പിന് ശേഷം പിറന്ന മകനെ ഓര്‍ത്ത് വിശ്വനാഥനും കുടുംബവും സന്തോഷത്തിലായിരുന്നു. വിശ്വനാഥന്‍ തന്റെ ഫോണില്‍ നിന്ന് കുടുംബത്തെ വിളിച്ച് സന്തോഷം പങ്കുവച്ചിരുന്നു. ഫെബ്രുവരി 10ന് വിശ്വനാഥന്റെ അമ്മയെ നേഴ്‌സുമാര്‍ വിളിച്ച് സെക്യൂരിറ്റിയെ കാണാന്‍ പറഞ്ഞു. സെക്യൂരിറ്റിക്കാര്‍ അമ്മയോട് പറഞ്ഞത് സെക്യൂരിറ്റിക്കാരുടെ പണവും, മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിശ്വനാഥനാണ് അത് എടുത്തത് എന്നുമായിരുന്നു. വിശ്വനാഥന് പണത്തിന്റെ ആവശ്യമില്ല, വിശ്വനാഥന്‍ ഇത് ചെയ്യാന്‍ സാധ്യതയുമില്ല. ഒരിക്കലും വിശ്വനാഥന്‍ ചെയ്യുകയുമില്ല എന്നതായിരുന്നു അമ്മയുടെ മറുപടി. വിശ്വനാഥന്റെ ഫോണ്‍, ഹോസ്പിറ്റല്‍ പാസ് എന്നിവ സെക്യൂരിറ്റിക്കാര്‍ കൈവശപ്പെടുത്തുകയും, സംശയത്തിന്റെ ബലത്തില്‍ ആക്രമിക്കുകയും ചെയ്തു. ഹോസ്പിറ്റലിന്റെ പുറത്ത് നിന്നു പൊതുജനങ്ങളും വിശ്വനാഥനെ ആക്രമിച്ചു എന്നാണ് കുടുംബം പറയുന്നത്. സെക്യൂരിറ്റിക്കാര്‍ കള്ളന്‍ എന്ന് മുദ്രകുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പൊതുസമൂഹവുമായി ഇടപഴകി ശീലമില്ലാത്ത നിഷ്‌കളങ്കനായ വിശ്വനാഥന്‍ പൊതുജനത്തിന്റെയും സെക്യൂരിറ്റിയുടെയും അക്രമത്തില്‍ നിന്ന് ജീവനും കൊണ്ട് പുറത്തേക്ക് ഓടുകയാണ് ഉണ്ടായത്. മാനസികമായി തളര്‍ന്ന വിശ്വനാഥനെ പിന്നീട് ആരും കണ്ടില്ല. തുടര്‍ന്ന് വിശ്വനാഥന്റെ അമ്മ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി പറഞ്ഞു. പോലീസ് രേഖാമൂലം പരാതി എഴുതി വാങ്ങിയില്ല. കാണാതായ വിശ്വനാഥനെ കണ്ടെത്തണം എന്നതായിരുന്നു അമ്മയുടെ ആവശ്യം. തുടര്‍ന്ന് അന്നു തന്നെ വിശ്വനാഥന്റെ സഹോദരന്‍ ബിനു പോലീസില്‍ പരാതി നല്‍കി. വിശ്വനാഥനെ നിങ്ങള്‍ കണ്ടെത്തി സ്റ്റേഷനില്‍ ഹാജരാക്കണം. വിശ്വനാഥന്റെ പേരില്‍ മോഷണകുറ്റത്തിന് കേസ് ഉണ്ട്. ഞങ്ങള്‍ കോടതിയില്‍ ഹാജരാക്കി നിങ്ങള്‍ക്ക് ജാമ്യത്തില്‍ എടുക്കാം എന്നതായിരുന്നു പോലീസിന്റെ മറുപടി. സിസിടിവി ദൃശ്യങ്ങളോ, തെളിവോ, ഒന്നും തന്നെ ഇല്ലാതെ അവന്റെ കറുപ്പു നിറവും, വസ്ത്രധാരണവും, നിഷ്‌കളങ്കതയും, പൊതുസമൂഹവുമായി ഇടപഴകാനുള്ള വിമുഖതയും കാരണം സെക്യൂരിറ്റിക്കാര്‍ക്ക് വിശ്വനാഥനുമേല്‍ എളുപ്പം കുറ്റം ചാര്‍ത്താന്‍ സാധിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. വിവരം അറിഞ്ഞ് വിശ്വനാഥന്റെ സഹോദരങ്ങള്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അന്വേഷണം തുടങ്ങി. എന്നാല്‍ വിശ്വനാഥനെ കണ്ടെത്താന്‍ സാധിച്ചില്ല. വിശ്വനാഥന്റെ സഹോദരങ്ങളും സംഘവും തിരിച്ച് വയനാട്ടിലേക്ക് വരികയും ചെയ്തു. പിറ്റേദിവസം അതായത് വിശ്വനാഥന്‍ മരണപ്പെട്ട വിവരം ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചു. തുടര്‍ന്ന് സഹോദരങ്ങള്‍ വിശ്വനാഥന്‍ ആത്മഹത്യ ചെയ്തു എന്ന് പറയുന്ന സ്ഥലത്ത് എത്തിയപ്പോള്‍ കാണാന്‍ സാധിച്ചത് വിശ്വനാഥന്റെ ശരീരത്തില്‍ നിന്ന് പോലീസ് എന്തൊക്കെയോ തുടച്ചു നീക്കുന്നതാണ്. വിശ്വനാഥന്റെ ബന്ധുക്കളുടെയോ ഉത്തരവാദിത്തപ്പെട്ടവരുടെയോ അനുമതി ഇല്ലാതെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടം സഹോദരന്‍ എത്തിയിട്ട് ചെയ്യ്താല്‍ മതി എന്ന് ബന്ധുക്കള്‍ പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. മൃതശരീരം രാവിലെ വരെ മെഡിക്കല്‍ കോളേജ് ഫ്രീസറില്‍ സൂക്ഷിക്കണം എന്നും പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആവശ്യം അംഗീകരിച്ച് പത്തുമിനിറ്റിന് ശേഷം സി.ഐ വീണ്ടും വന്നു പറഞ്ഞത് മൃതദ്ദേഹം ഉടന്‍ കൊണ്ടുപോകണം എന്ന് മുകളില്‍ നിന്ന് നിര്‍ദേശം ഉണ്ട് എന്നാണ്. ഈ സമയത്ത് കൊണ്ടുപോയി സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ബുദ്ധിമുട്ട് ഉണ്ട് എന്ന് പോലീസിനോട് പറഞ്ഞപ്പോള്‍ അതിനുള്ള കാര്യങ്ങള്‍ പോലീസ് ചെയ്യുമെന്നും നിങ്ങള്‍ ഉടന്‍ ഇവിടുന്ന് പോകണം എന്നും പറഞ്ഞ് മൃതദ്ദേഹം വയനാട് കല്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ഫ്രീസറില്‍ വയ്ക്കാന്‍ പോലീസ് തന്നെ വ്യവസ്ഥ ചെയ്യുകയായിരുന്നു. പിന്നീട് മൃതദ്ദേഹം വയനാട്ടിലേക്ക് കൊണ്ടുവരികയും ഫെബ്രുവരി 12ന് രാവിലെ ഫാത്തിമ ഹോസ്പിറ്റലില്‍ നിന്ന് ബന്ധുക്കള്‍ ഭൗതികശരീരം ഏറ്റുവാങ്ങി ഉച്ചക്ക് ആചാര ചടങ്ങുകളോടെ ഭൗതികശരീരം സംസ്‌കരിക്കുകയും ചെയ്തു.
യാതൊരു തെളിവും ഇല്ലാതെ, കള്ളനെന്ന് മുദ്രകുത്തി വിശ്വനാഥനെ അക്രമിക്കുകയും ആളുകളുടെ മുന്നില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുകയും ചെയ്ത സെക്യൂരിറ്റിക്കാര്‍ക്കും, കണ്ടാല്‍ അറിയാവുന്ന മറ്റ് വ്യക്തികള്‍ക്കും എതിരെ പട്ടികജാതി-വര്‍ഗ്ഗ അതിക്രമ നിയമപ്രകാരം കേസ് എടുക്കുകയും അന്വേഷണം നടത്തുകയും വേണം. ബന്ധുക്കളുടെ അനുമതി ഇല്ലാതെ പോസ്റ്റുമോര്‍ട്ട നടപടികള്‍ എടുത്ത പോലീസുകാര്‍ക്കും മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ഉന്നതതല അന്വേഷണം നടത്തേണ്ടതുണ്ട്.
അതോടൊപ്പം വിശ്വനാഥന്റെ മരണത്തിന് കാരണക്കാരായ വ്യക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും പട്ടികജാതി-വര്‍ഗ്ഗ അതിക്രമ നിയമവും, നീതിന്യായ വ്യവസ്ഥയുടെ സൂക്ഷ്മ നിരീക്ഷണത്തോടെ കേസ് നടത്തി നല്‍കുവാന്‍ സാധിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ ശിക്ഷ കുറ്റക്കാര്‍ക്ക് നല്‍കുകയും ചെയ്യണം. പട്ടികവര്‍ഗ്ഗക്കാരനായ വിശ്വനാഥന്റെ ഭൗതിക ശരീരം ഒരു രാത്രി മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കാതെ വയനാട്ടിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുവാന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടത്തണം. മെഡിക്കല്‍ കോളജ് സെക്യൂരിറ്റിക്കാരുടെയും, പോലീസിന്റെയും അനാസ്ഥയില്‍ ജീവന്‍ നഷ്ടമായ വിശ്വനാഥന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നത് കേവലം മാനുഷികത മാത്രമാണ്.
കേരളത്തിലെ പതിനാല് ജില്ലകളിലായി വനാന്തരത്തിലും വനാതിര്‍ത്തിയിലും പശ്ചിമഘട്ടമലനിരകളിലും, പുഴകള്‍ക്ക് അരികിലും, വന്‍കിട തോട്ടങ്ങളുടെ മൂലകളിലും ആണ് വനവാസികള്‍ ജീവിച്ചുവരുന്നത്. 4762 ഗ്രാമങ്ങളിലെ 1,07,965 കുടുംബങ്ങളിലായി 4,84,839 (1.28%) വനവാസികള്‍ കേരളത്തിലുണ്ട് എന്നതാണ് 2011 ലെ സെന്‍സസ് സൂചിപ്പിക്കുന്നത്. ഇന്ന് അത് ഏകദേശം 5,38,000 ഉണ്ടാവാം. പ്രധാനമായും 37 ഗോത്രവിഭാഗങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ ഏറ്റവും ജനസംഖ്യയുള്ള ഗോത്രം പണിയ ഗോത്രമാണ് – 88,450 (2011 ലെ സെന്‍സസ്). വനവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമ്പോഴും അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ആദിവാസി ജനസംഖ്യയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
അവഗണിക്കപ്പെടുന്ന വനവാസി സമൂഹം
കേരളത്തിന്റെ ജനസംഖ്യയുടെ 1.28% മാത്രം വരുന്ന വനവാസികളെ അവഗണിക്കുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ് കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ചെയ്തുപോന്നിട്ടുള്ളത്.
കേരളത്തിലെ വനവാസികളുടെ ഏറ്റവും പ്രധാന ആവശ്യവും അവകാശവുമാണ് നിലനില്‍പ്പിനായുള്ള ഭൂമി ലഭിക്കുക എന്നത്. ആദിവാസി ജനത എന്തുകൊണ്ട് അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നു എന്നത് നമുക്ക് പരിശോധിക്കാം.
1970 ല്‍ സി.അച്യുതമേനോന്‍ സര്‍ക്കാരില്‍ ബേബി ജോണ്‍ റവന്യൂ മന്ത്രിയായിരിക്കെ കേരള നിയമസഭയില്‍ പാസ്സാക്കിയ നിയമമാണ് ഭൂപരിഷ്‌ക്കരണനിയമം. ഈ നിയമം നടപ്പിലാക്കുന്നതോ ടെ കേരളത്തിലെ സാധാരണക്കാര്‍ക്കും വനവാസികള്‍ക്കും ഭൂമി എന്ന ആവശ്യം പരിഹരിക്കപ്പെടും എന്ന പ്രതീക്ഷ പൊതു വെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമം അട്ടിമറിക്കപ്പെട്ടു എന്നതാണ് ഒരു യാഥാര്‍ ത്ഥ്യം. സാധാരണക്കാര്‍ക്കും വനവാസികള്‍ക്കും ഭൂമി ലഭിച്ചതുമില്ല. 1970 ല്‍ നിയമസഭയില്‍ ഭൂപരിഷ്‌ക്കരണ നിയമം പാസ്സാക്കുന്നതിന് മുന്നേ തന്നെ വയനാട്ടില്‍ ആദിവാസി സംഘം എന്ന സംഘടന ഭൂമിക്കായുള്ള അതിശക്തമായ സമരങ്ങള്‍ നടത്തിവന്നിരുന്നു. പിന്നീട് കേരളത്തില്‍ വനവാസികള്‍ക്ക് ഭൂമി എന്ന ആവശ്യം ഉയര്‍ന്നുവന്നത് സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന സമരത്തിലൂടെയായിരുന്നു. 2000ല്‍ മുത്തങ്ങയില്‍ നടന്ന സമരം അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെയും വനമന്ത്രി ആയിരുന്ന കെ.സുധാകരന്റെയും നേതൃത്വത്തില്‍ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുകയാണ് ഉണ്ടായത്. ജോഗി എന്ന വനവാസി യുവാവും ഒരു പോലീസ് ഉദ്യോഗസ്ഥനും സംഘര്‍ഷത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സി.കെ.ജാനു അടക്കമുള്ള നേതാക്കളെ എ.കെ.ആന്റണിയുടെ പോലീസ് അറസ്റ്റ് ചെയ്ത് അതിക്രൂരമായി അക്രമിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജയിലില്‍ അടച്ചിട്ടും സി.കെ. ജാനു വീണ്ടും സമരമുഖത്ത് സജീവമാകുന്നത് നമുക്ക് കാണാന്‍ സാധിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങള്‍ നീണ്ടുനിന്ന നില്‍പ്പ് സമരവും കുടില്‍ കെട്ടി സമരവും കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇത്തരത്തില്‍ ഭൂമിക്കുവേണ്ടി കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ചെറുതും വലുതുമായ സമരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ സമരങ്ങള്‍ അവസാനിക്കുമ്പോള്‍ ഭരണാധികാരികളും സര്‍ക്കാരും കൊടുത്ത ഒരു ഉറപ്പും ഉടമ്പടികളും നാളിതുവരെ നടപ്പിലായിട്ടില്ല.
വനവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് ലഭിക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന 1975 ലെ നിയമം 1999 ല്‍ കൊണ്ടുവന്ന മറ്റൊരു നിയമത്തിലൂടെ പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടു’1975ല്‍ കേരള സര്‍ക്കാര്‍ അന്യാധീനപ്പെട്ട ഭൂമി തിരികെ ലഭിക്കാന്‍ കൊണ്ടുവന്ന നിയമമാണ് കേരള പട്ടികവര്‍ഗ്ഗ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ച് കൊടുക്കലും) ആക്ട് 1975. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ സബ് കളക്ടര്‍മാര്‍ മുഖാന്തിരം നഷ്ടപ്പെട്ട ഭൂമി തിരിച്ച് ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചുവന്നു. വയനാട് ജില്ലയില്‍ മാത്രം 2132 അപേക്ഷകളാണ് വന്നത്. 10000 ഏക്കറില്‍ അധികം ഭൂമി ആയിരുന്നു അവിടെ മാത്രം തിരിച്ച് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 1975 ലെ നിയമം അനുസരിച്ച് കേസ് മുന്നോട്ടുപോയി.ഭൂമി തട്ടിയെടുത്തതും കയ്യേറിയതുമായ ആളുകളുടെ പട്ടികയില്‍ വയനാട്ടിലെ പല സമ്പന്നരും കുടിയേറ്റക്കാരും ഉണ്ടായിരുന്നു. ഭൂമി തിരിച്ച് പിടിക്കാതെ കേരളം മാറി മാറി ഭരിച്ച സര്‍ക്കാര്‍ മുന്നോട്ടുപോയി. 1999ല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന മറ്റൊരു നിയമമാണ് പട്ടികവര്‍ഗ്ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും. ഈ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം കേരളത്തില്‍ ആദിവാസികളുടെ ഭൂമി കയ്യേറിയവരില്‍ നിന്ന് 2 ഹെക്ടറില്‍ കുറവുള്ള ഭൂമി തിരിച്ച് കൊടുക്കേണ്ടതില്ല. 1975 ലെ നിയ മത്തെ പൂര്‍ണ്ണമായി അട്ടിമറിക്കുന്ന നിയമമായിരുന്നു 1999 ല്‍ കൊണ്ടു വന്നത്. ഈ നിയമം അനുസരിച്ച് വയനാട്ടിലെ ഭൂമി നഷ്ടപ്പെട്ടവരുടെ 2100 കേസുകള്‍ ഒഴിവാക്കി. ചുരുക്കിപ്പറഞ്ഞാല്‍ 2100 ആദിവാസി കുടുംബങ്ങളുടെ 9500 ഏക്കറോളം വരുന്ന ഭൂമി സര്‍ക്കാരിന്റെ ഒത്താശയോടെ പലരും കൈക്കലാക്കി, ആദിവാസികള്‍ ഭൂരഹിതരുമായി. ഇതില്‍ ബാക്കിയുള്ള 32 കേസ്സില്‍ സുപ്രീം കോടതിയുടെ വിധിപ്രകാരം 12 കേസില്‍ അന്നത്തെ മാനന്തവാടി സബ് കളക്ടര്‍ ആദിവാസികള്‍ക്ക് അനുകൂലമായി 2010ല്‍ വിധിന്യായം പുറപ്പെടുവിച്ചു. എന്നാല്‍ നാളിതുവരെ വിധി നടപ്പിലാക്കാന്‍ മാറി മാറി കേരളം ഭരിച്ച സര്‍ക്കാരും ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല.
‘ഇന്ന് കേരളത്തില്‍ 4,762 ഗ്രാമങ്ങളിലായി 1,07,965 കുടുംബങ്ങളിലായി 4,84,839 ആദിവാസികളില്‍ 75,770 (70.18%) കുടുംബങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ സ്വന്തമായി ഭൂമിയുള്ളത്. കേരളത്തില്‍ 32,195 (29.82%) കുടുംബങ്ങള്‍ ഇന്നും ഭൂരഹിതരാണ്’.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച 19,000 ഏക്കര്‍ ഭൂമി ഭൂരഹിതരായ ഗോത്രജനങ്ങള്‍ക്ക് നല്‍കാതെ കേരള സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാട് തുടരുകയാണ്. ഈ വിഷയത്തില്‍ കേരള ഹൈക്കോടതി ഇടപെട്ടിട്ടും, കേരള സര്‍ക്കാര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കുന്നില്ല.
‘സംസ്ഥാനത്തെ ഭൂരഹിതരായ വനവാസികളുടെ പുനരധിവാസത്തിനായി കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലായി 7693.2257 ഹെക്ടര്‍ (19,000 ഏക്കര്‍) നിക്ഷിപ്ത വനഭൂമിക്കാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചിട്ടുള്ളത്.
ആറളം ഫാം പുനരധിവാസ പദ്ധതി വഞ്ചന
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതി എന്ന നിലയില്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു കണ്ണൂര്‍ ജില്ലയില്‍ ആറളം ഫാം പുനരധിവാസ പദ്ധതി. 7500 കോടി രൂപയാണ് ഇതിനായി റ്റി.എസ്.പി ഫണ്ട് ഉപയോഗിച്ച് ചിലവഴിച്ചത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും പരാജയപ്പെട്ട ഒരു പദ്ധതിയായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം കാട്ടാനയുടെ അക്രമണം കാരണം 8 ആദിവാസി യുവതീ-യുവാക്കള്‍ ഇവിടെ മരണപ്പെട്ടു. ആറളം ഫോറസ്റ്റ് വൈല്‍ഡ് ലൈഫിനോട് ചേര്‍ന്നു കിടക്കുന്ന ഫാം ഭൂമിയാണ് ആദിവാസികള്‍ക്ക് നല്‍കിയത്. അതായത് ആറളം ഫാമില്‍ കാട്ടുമൃഗങ്ങളുടെ ശല്യമുള്ള മേഖല ആദിവാസികള്‍ക്ക് നല്‍കികൊണ്ട് ബാക്കിയുള്ള ഫാം ഭൂമി സംരക്ഷിക്കാന്‍ ആദിവാസികളെ ഒരു വേലിയായി ഉപയോഗിച്ചു. സര്‍ക്കാരും പട്ടികവര്‍ഗ്ഗ ഡിപ്പാര്‍ട്ട്‌മെന്റും ഫാം അധികൃതരും ചേര്‍ന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്.
വന്യമൃഗ ആക്രമണം നേരിടുന്ന ഗോത്ര ജനത
ഒരു വശത്ത് മനുഷ്യന്റെ ആക്രമണമാണെങ്കില്‍ മറുവശത്ത് വന്യ മൃഗങ്ങളുടെ അക്രമവും ഗോത്ര ജനത നേരിടുന്നുണ്ട്. വയനാട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ഗോത്ര ജനതയാണ് കൂടുതലായി വന്യ മൃഗങ്ങളുടെ ആക്രമണം നേരിടുന്നത്. മറ്റു ജില്ലകളില്‍ കുറച്ചു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കടുവ, പന്നി, ആന, കാട്ടുപോത്ത് എന്നീ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ഗോത്ര വിഭാഗക്കാര്‍ മരണപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആറളം പഞ്ചായത്തിലെ ഒരു വാര്‍ഡ് ആയ ആറളം ഫാം ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസമേഖലയില്‍ നടന്ന ആക്രമണങ്ങള്‍ നാം ഒന്ന് പരിശോധിച്ചാല്‍ നമുക്ക് ഇക്കാര്യം മനസ്സിലാകും. കാലങ്ങളായി വനാന്തരത്തില്‍, കുടുംബങ്ങളിലായി അനേകം ഗോത്ര ജനങ്ങള്‍ കേരളത്തില്‍ ജീവിച്ചുവരുന്നുണ്ട്. വന്യ മൃഗങ്ങളുടെ ആക്രമണം തടയാന്‍ ശ്വാശതമായ മാര്‍ഗം ഇതുവരെ ഉണ്ടായിട്ടില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ടമെന്റ് വനത്തെ കൊള്ള ചെയ്യുന്നു. വനത്തെ ആശ്രയിച്ചു ജീവിച്ചുവരുന്ന ഗോത്ര ജനതയ്ക്കും വന്യ ജീവികള്‍ക്കും വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ബ്രിട്ടീഷുകാരുടെ ഫോറസ്റ്റ് നയം ഇന്നും തുടരുകയാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ വന അവകാശനിയമം ഉള്‍പ്പെടെ നടപ്പിലാക്കാതെ ഗോത്ര ജനതയെ ദുരിതത്തില്‍ ആക്കുകയാണ് കേരള സര്‍ക്കാര്‍. ഈ വിഷയത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, പട്ടിക വര്‍ഗ ഡിപ്പാര്‍ട്ട്‌മെന്റ്, റവന്യൂ ഡിപ്പാര്‍ട്ടമെന്റ് എന്നിവ സംയുക്തമായി മീറ്റിംഗുകള്‍ വിളിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്.
അട്ടിമറിക്കപ്പെടുന്ന വനാവകാശ നിയമം
കേരളത്തില്‍ വന അവകാശഭൂമിയില്‍ താമസിക്കുന്ന വനവാസികള്‍ക്ക് വ്യക്തിഗത അവകാശവും സാമൂഹിക അവകാശവും നിഷേധിക്കുകയാണ് അധികൃതര്‍. ഇത്തരത്തില്‍ ഭൂമിയുടെ കാര്യത്തില്‍ വഞ്ചനാപരമായ നിലപാടാണ് മാറി മാറി കേരളം ഭരിച്ച സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത്.
വനവാസികളുടെ അവകാശങ്ങളും വന അവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിയമങ്ങളില്‍ അതീവ പ്രാധാന്യമുള്ളതും ഇന്ത്യയില്‍ വനവാസികളുടെ നിലനില്‍പ്പിനും പുരോഗതിക്കും അത്യന്ത്യാപേക്ഷിതവുമായ നിയമനിര്‍മ്മാണമാണ് 2006 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ വനാവകാശ നിയമം Scheduled Tribes and other Traditional Forest Dwellers (Recognition of Forest Rights) Act 2006 (FRA).
വനാവകാശ നിയമത്തിന്റെ സവിശേഷതകളില്‍ ഒന്ന് ഈ നിയമം വനവാസികളുടെ പാരമ്പര്യ സ്വത്തായ വനത്തിനും വനവിഭവങ്ങള്‍ക്കും വേണ്ടിയുള്ള അവകാശത്തെ പുനഃസ്ഥാപിക്കുന്നു എന്നതാണ്. രണ്ടാമതായി വനവും ഭൂപ്രകൃതിയുമായുള്ള സന്തുലിതാവസ്ഥയെ നിലനിര്‍ത്തുന്നതിനും സുസ്ഥിരമായ ജീവനോപാധികളായി വനത്തെ ആശ്രയിക്കുന്ന വനവാസികള്‍ക്കും പാരമ്പര്യമായി വനത്തെയും വനവിഭവങ്ങളെയും ആശ്രയിക്കുന്ന മറ്റിതര വിഭാഗങ്ങള്‍ക്കും വനത്തിനുമേല്‍ അവകാശം സ്ഥാപിച്ചു നല്‍കുകയും ചെയ്യുന്നു. ഈ നിയമം വനത്തെയും വന വിഭവങ്ങളെയും വനവാസികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഉപാധിയും അതോടൊപ്പം വനഭൂമി സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള മാര്‍ഗ്ഗവും കൂടിയാണ്.
ഒന്ന് വ്യക്തിഗത വനാവകാശം. രണ്ട് സാമൂഹിക അവകാശം. മൂന്ന് വികസന അവകാശം.
$ വനവിഭവശേഖരണം
$ മത്സ്യം പിടിക്കല്‍
$ കാലിമേയ്ക്കല്‍
$ ആരാധനാസ്ഥലം
$ ശ്മശാനഭൂമി
$ വേട്ടയാടുന്ന പ്രദേശങ്ങള്‍
$ കമ്മ്യൂണിറ്റി ഹാള്‍
$ അംഗന്‍വാടി
$ പ്രാഥമിക ആരോഗ്യകേന്ദ്രം
എന്നിവയെല്ലാം സാമൂഹിക വനാവകാശമനുസരിച്ച് ഒരു വനാവകാശ കമ്മറ്റിയുള്ള ഗ്രാമത്തിന് അളന്നു തിരിച്ച് കൈവശാവകാശ രേഖ കരസ്ഥമാക്കുവാന്‍ അവകാശമുണ്ട്. വനാവകാശ നിയമം നടപ്പിലാക്കുന്നതിന്റെ പ്രക്രിയ
$ വനാവകാശ കമ്മറ്റി FRC (Forest Rights Committee)
$ സബ്ബ് ഡിവിഷണല്‍ ലെവല്‍ കമ്മറ്റി (SDLC)
$ ജില്ലാതല കമ്മിറ്റി ((DLC)
$ സ്റ്റേറ്റ് മോണിറ്ററിംഗ് കമ്മറ്റി
യഥാര്‍ത്ഥത്തില്‍ വനാവകാശനിയമം അനുസരിച്ച് ഗ്രാമസഭയിലും വനാവകാശ കമ്മറ്റി (FRC) ഒഴികെ ഒരു മേല്‍ക്കമ്മറ്റിയിലും വനവാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നില്ല. 2015 ഡിസംബര്‍ 7 ന് കേന്ദ്ര ആദിവാസിമന്ത്രാലയം പ്രധാനമന്ത്രിക്ക് അയച്ച കണക്കില്‍ പറയുന്നത് കേരളത്തില്‍ വനാവകാശ അപേക്ഷ 37,535 എണ്ണമാണെന്നാണ്. ഇതില്‍ 36,140 അപേക്ഷകള്‍ വ്യക്തിഗത വനാവകാശത്തിനും 1395 അപേക്ഷകള്‍ സാമൂഹിക വനാവകാശത്തിനും ഉള്ളതായിരുന്നു. കേരളത്തില്‍ രൂപീകരിക്കപ്പെട്ട വനാവകാശ കമ്മറ്റികള്‍ 510 ആണ്. ഗ്രാമസഭകള്‍ അംഗീകരിച്ച് മേല്‍ക്കമ്മറ്റിക്ക് ശുപാര്‍ശ ചെയ്യ്ത അപേക്ഷ 32,962 ആണ്. അതില്‍ 32,468 അപേക്ഷകള്‍ വ്യക്തിഗത വനാവകാശത്തിനും 494 അപേക്ഷകള്‍ സാമൂഹിക അവകാശത്തിനുമായിരുന്നു. ഇതില്‍ സബ്ബ് ഡിവിഷന്‍ കമ്മറ്റികള്‍ അംഗീകരിച്ച് ജില്ലാ കമ്മറ്റികള്‍ക്ക് അയച്ചത് 26,894 അപേക്ഷകളാണ്. എന്നാല്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മറ്റികള്‍ അംഗീകരിച്ച അപേക്ഷകളുടെ എണ്ണം 25,683 എണ്ണമാണ്. അതിന്റെ അടിസ്ഥാനത്തില്‍ വനാവകാശ രേഖ വിതരണം നടത്തിയത് 24,599 എണ്ണമാണെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ വിതരണം നടത്തിയ ഭൂമിയുടെ കണക്ക് 33,018 ഏക്കര്‍ ഭൂമിയാണെന്ന് പ്രധാനമന്ത്രിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കേരളത്തിലെ വനത്തിനുള്ളിലെ വനവാസികളുടെ കൈവശമുള്ള ഭൂമി എന്നത് 21,696.22 ഏക്കര്‍ ആണെന്ന് കേരള സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
‘കേന്ദ്രത്തിന് കേരള സര്‍ക്കാര്‍ അയച്ച കണക്കില്‍ 33,018 ഏക്കര്‍ ഭൂമി വനാവകാശ രേഖ കേരള സര്‍ക്കാര്‍ നല്‍കി. കേരള സര്‍ക്കാര്‍ വനവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ കണക്ക് പ്രകാരം ഇത് 21,696.22 ഏക്കര്‍ ആണ്. 11,321.78 ഏക്കര്‍ കേരളത്തില്‍ നല്‍കിയത് ആര്‍ക്ക് എന്നതിന് ഉത്തരം പറയേണ്ടത് കേരള സര്‍ക്കാരാണ്.’ ‘ഇന്നും സാമൂഹിക അവകാശം കേരളത്തില്‍ നടപ്പായില്ല. സ്‌കൂള്‍, റേഷന്‍ കട, റോഡ്, പ്രാഥമിക ആരോഗ്യകേന്ദ്രം, ശ്മശാനം, പൊതു കളിസ്ഥലം എന്നിവയും അടിസ്ഥാന വികസനവും ഇല്ലാതെ വനത്തിനുള്ളില്‍ 20,269 കുടുംബങ്ങളിലായി 80,000 അധികം വനവാസികള്‍ കേരളത്തില്‍ ദുരിതമനുഭവിക്കുകയാണ്. വനാവകാശ നിയമത്തില്‍ ഹെക്ടറില്‍ 72 മരങ്ങള്‍ മുറിക്കാമെന്നിരിക്കെ കേരളത്തിലെ ഗോത്രജനതയുടെ കൈവശമുള്ള ഭൂമിയില്‍ നിന്ന് സ്വന്തം വീട് നിര്‍മ്മാണത്തിന് പോലും മരം മുറിക്കാന്‍ അനുവദിക്കാത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ നയം അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഗോത്ര ജനത സംഘടിതമായ രാഷ്ട്രീയ ശക്തി ആകാത്തിടത്തോളം കാലം ഇത്തരം വിഷയങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല.’