കൊച്ചി നഗരത്തെ വലയം ചെയ്തിരിക്കുന്ന വിഷപ്പുക കേരളത്തിലാകെ അസ്വസ്ഥതയും ആശങ്കയും പടര്‍ത്തിയിരിക്കുകയാണ്. ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും അതു പൂര്‍ണമായും അണയ്ക്കാനായിട്ടില്ലെന്നത് ഭരണകൂടത്തിന്റെ അശ്രദ്ധയും അനാസ്ഥയും ആസൂത്രണരാഹിത്യവുമാണ് കാണിക്കുന്നത്. വന്‍നഗരമായ കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യങ്ങളാകെ ഒരിടത്ത് കേന്ദ്രീകരിച്ച് സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2008 ല്‍ ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണകേന്ദ്രം മാലിന്യ നിക്ഷേപകേന്ദ്രമായി മാറുകയായിരുന്നു.
കടമ്പ്രയാര്‍, ചിത്രപ്പുഴ, ചമ്പക്കര കനാല്‍ എന്നീ ജലസ്രോതസ്സുകള്‍ക്കു നടുവിലായി 110 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രമാണ് ബ്രഹ്‌മപുരത്തുള്ളത്. എന്നാല്‍ ഇതിനെ കാര്യക്ഷമമായ മാലിന്യസംസ്‌കരണകേന്ദ്രമാക്കി മാറ്റാന്‍ കോര്‍പ്പറേഷനോ കേരള സര്‍ക്കാരിനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. പ്ലാന്റിന്റെ കൈകാര്യകര്‍ത്തൃത്വ ചുമതല കോര്‍പ്പറേഷനാണെങ്കിലും പദ്ധതിയുടെ സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടവും സഹായവുമുണ്ടായിരുന്നു. ബ്രഹ്‌മപുരത്തെ പുകച്ചുരുളുകള്‍ പെട്ടെന്നൊരു ദിവസം കൊണ്ട് രൂപപ്പെട്ടതല്ല. ജൈവമാലിന്യങ്ങളില്‍ നിന്നും കമ്പോസ്റ്റുവളമുണ്ടാക്കുന്ന വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനം വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പ്ലാന്റില്‍ അടിക്കടി തീപ്പിടുത്തമുണ്ടായപ്പോള്‍ പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ബ്രഹ്‌മപുരത്ത് സന്ദര്‍ശനം നടത്തുകയും അവിടുത്തെ തീപിടുത്ത സാധ്യതയും പ്രതിരോധനിര്‍ദേശങ്ങളും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
നൂറ് ടണ്‍ അജൈവമാലിന്യമടക്കം ദിവസേന ശരാശരി 300 ടണ്‍ മാലിന്യമെത്തുന്ന ബ്രഹ്‌മപുരത്ത് ജൈവമാലിന്യത്തിന്റെ കാല്‍ഭാഗംപോലും അതതുദിവസം സംസ്‌കരിക്കപ്പട്ടിരുന്നില്ല. കൂടാതെ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് 30 അടിയിലേറെ ഉയരത്തിലുള്ള നിരവധി കുന്നുകളാണ് കുറഞ്ഞകാലം കൊണ്ട് അവിടെ രൂപപ്പെട്ടത്. നാലരലക്ഷത്തോളം ഘനമീറ്റര്‍ മാലിന്യമാണ് ഇത്തരത്തില്‍ എത്രയോകാലമായി ബ്രഹ്‌മപുരത്ത് കുന്നുകളായി കുമിഞ്ഞുകൂടി നില്‍ക്കുന്നത്. അതിന്റെ ഉപരിതലത്തിലാണ് മാര്‍ച്ച് രണ്ടിന് വൈകിട്ട് തീപ്പിടിത്തമുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും ഉടനെ തീയണയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടാതെ ഭരണകൂടം തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. ഉന്നതതലചര്‍ച്ച വിളിച്ചു ചേര്‍ക്കാന്‍ പോലും മൂന്നുദിവസം കാത്തിരിക്കേണ്ടിവന്നു. ഇതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. ബ്രഹ്‌മപുരത്ത് നിന്ന് പടരുന്ന വിഷപ്പുക എറണാകുളത്തിനു മാത്രമല്ല സമീപ ജില്ലകള്‍ക്കും കടുത്ത ഭീഷണിയുയര്‍ത്തുകയാണ്. കൊച്ചിയില്‍ ഇത് സൃഷ്ടിക്കാന്‍ പോകുന്ന ആരോഗ്യപ്രതിസന്ധി വളരെ ഗുരുതരമായിരിക്കും. ഇതിനോടകം തന്നെ ആയിരത്തോളം പേരാണ് അവിടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്. വിഷപ്പുകയിലൂടെ ഡയോക്‌സിന്‍ എന്ന വിഷമാലിന്യം അന്തരീക്ഷത്തില്‍ വ്യാപിക്കുകയാണ്. ഇത് ഭാവിയില്‍ വന്ധ്യത, ക്യാന്‍സര്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
ഇടതുസര്‍ക്കാര്‍ സോണ്ട ഇന്‍ഫോടെക് കമ്പനിയുമായി ചേര്‍ന്നു നടത്തിയ അഴിമതി കൂടിയാണ് ബ്രഹ്‌മപുരത്ത് ഇപ്പോള്‍ തീയായി പടരുന്നത്. ഈ ഖരമാലിന്യ പ്ലാന്റിലെ ലക്ഷക്കണക്കിനു ടണ്‍ പ്ലാസ്റ്റിക് മാലിന്യം ബയോ മൈനിങ് വഴി തരംതിരിച്ചു സംസ്‌കരിക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത ശേഷം ഇതിനുള്ള കരാര്‍ നല്‍കിയത് ഒരു ഉന്നത സിപിഎം നേതാവിന്റെ മകളുടെ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലുള്ള സോണ്ട ഇന്‍ഫ്രാ ടെക് എന്ന കമ്പനിക്കായിരുന്നു. ഉപകരാറില്‍ ഈ ജോലി ചെയ്യുന്നതാകട്ടെ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ദീര്‍ഘകാലം കോണ്‍ഗ്രസ് കൗണ്‍സിലറും ജിസിഡിഎ ചെയര്‍മാനുമായിരുന്നയാളിന്റെ മകന് അടുത്ത ബന്ധമുള്ള കമ്പനിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളിലൊന്നും ഉപകരാറോ ഈ കമ്പനിയുടെ പേരോ ഇല്ല എന്നത് ഇതിന്റെ പിന്നിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പരസ്പരം പഴിചാരി പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാമെങ്കിലും സാധാരണ ജനങ്ങളെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്‌മപുരത്തെ പുകപടലത്തിന് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ക്ക് ഒരുപോലെ ഉത്തരവാദിത്തമുണ്ട്.
ഉപഭോക്തൃസംസ്‌കാരത്തിന്റെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ഖരമാലിന്യക്കൂമ്പാരങ്ങള്‍ കുമിഞ്ഞുകൂടാന്‍ കാരണമെന്ന യാഥാര്‍ത്ഥ്യം മാനവരാശി ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. നിലവില്‍ ലോകത്ത് പ്രതിവര്‍ഷം 201 കോടി ടണ്‍ ഖരമാലിന്യമുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. ജീര്‍ണ്ണിക്കാന്‍ ആയിരം വര്‍ഷമെങ്കിലും എടുക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പത്തേകാല്‍ലക്ഷം ടണ്‍ അജൈവമാലിന്യമുണ്ടായി. പ്ലാസ്റ്റിക്കിന്റെയും മറ്റ് അജൈവ വസ്തുക്കളുടെയും പുന:ചംക്രമണം ശാസ്ത്രീയമായി നടത്തിയില്ലെങ്കില്‍ അത് സൃഷ്ടിക്കുന്ന അപകടം ഭയാനകമായിരിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍, മിഠായി കവറുകള്‍ എന്നിവയൊക്കെ കേന്ദ്രം നിരോധിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. ജൈവമാലിന്യത്തില്‍ നിന്ന് എഥനോള്‍, മെഥനോള്‍ എന്നിവ അടങ്ങിയ ഇന്ധനം ഉത്പാദിപ്പിക്കുന്ന സംരംഭങ്ങള്‍ പല രാജ്യങ്ങളും ഇതിനോടകം തന്നെ വികസിപ്പിച്ചിട്ടുണ്ട്. തൊഴില്‍ സാധ്യത കൂടി കണക്കിലെടുത്ത് മാലിന്യസംസ്‌കരണത്തിന് ശാശ്വതവും ശാസ്ത്രീയവുമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവേണ്ടതുണ്ട്.
2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ ഉടനെ രാജ്യത്ത് സ്വച്ഛഭാരത് അഭിയാന് തുടക്കം കുറിച്ചിരുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും നേരിട്ട് രംഗത്തിറങ്ങുകയും ജനങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴൊക്കെ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ ആ ശുചീകരണയജ്ഞങ്ങളെ പരിഹസിക്കുകയും അപഹസിക്കുകയുമായിരുന്നു. ബ്രസീലിലെ ആമസോണ്‍ കാടുകള്‍ക്ക് തീപിടിച്ചപ്പോള്‍ കേരളത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച രാഷ്ട്രീയ നേതൃത്വം തങ്ങള്‍ ഭരണനിര്‍വ്വഹണം നടത്തുമ്പോഴുണ്ടായ ബ്രഹ്‌മപുരത്തെ തീപിടുത്തത്തിന് നേരെ തികഞ്ഞ ഉദാസീനത പ്രദര്‍ശിപ്പിക്കുകയാണ്. പ്രചാരണകോലാഹലങ്ങളിലൂടെ ഇക്കൂട്ടര്‍ കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന കേരള മോഡല്‍ എന്ന അവകാശവാദത്തിന് ഒരിക്കല്‍കൂടി മുനയൊടിയുകയുമാണ്.
കേരളത്തില്‍ പ്രതിദിനം 11449 ടണ്‍ ഖരമാലിന്യമാണ് പുറന്തള്ളപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ കേവലം എട്ടെണ്ണം മാത്രമാണ് മാലിന്യനിര്‍മ്മാര്‍ജനത്തില്‍ പൂര്‍ണ്ണമായ കാര്യക്ഷമത കൈവരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഇന്‍ഡോര്‍ മുന്നോട്ടുവെച്ച മാതൃക അനുകരണീയമാണ്. ബ്രഹ്‌മപുരത്തിന് സമാനമായി തിരുവനന്തപുരത്തെ വിളപ്പില്‍ശാലയും കോഴിക്കോട്ടെ ഞെളിയന്‍പറമ്പുമടക്കം കേരളത്തിന്റെ മണ്ണില്‍ പലയിടത്തും വലിയ മാലിന്യബോംബുകള്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കേരള നമ്പര്‍ വണ്‍ എന്ന മിഥ്യാഭിമാനം വളര്‍ത്തിയെടുക്കാനുള്ള രാഷ്ട്രീയ മത്സരയോട്ടങ്ങള്‍ക്ക് പകരം സംസ്ഥാന ഭരണകൂടം ഇനിയെങ്കിലും ആത്മപരിശോധന നടത്തി പോരായ്മകള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണം. മാലിന്യസംസ്‌കരണത്തിന് കൃത്യമായ നയപരിപാടികള്‍ ആസൂത്രണം ചെയ്യണം. അതിന്റെ അനിവാര്യതയെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തണം. കേരളം ഒരു ദുരന്തഭൂമിയായി മാറാതിരിക്കാന്‍ ജാഗരൂകതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വേണം…