കഴിഞ്ഞ കൊല്ലത്തെ തിരുവാതിരക്കാലത്ത് നല്ല മഞ്ഞും കുളിരുമായിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്ര തണുപ്പുണ്ടായിട്ടില്ല എന്നാണ് എല്ലാവരും പറഞ്ഞത്. രാത്രി നേരങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാന്‍ നല്ല സുഖം.
പാടത്തിന്റെ കരക്കാണ് ഞങ്ങളുടെ വീട്. അതിരാവിലെ എണീറ്റ് ഉമ്മറത്തുവന്ന് പുറത്തേക്കു നോക്കിയാല്‍ മഞ്ഞു മാത്രം കാണാം. കുന്നും മലയും കൊയ്യാറായ പാടവും മരക്കൂട്ടങ്ങളും മഞ്ഞിനകത്ത് മുങ്ങിക്കിടക്കും. പുസ്തകസഞ്ചി തൂക്കി ഞാന്‍ സ്‌കൂളിലേക്കു പുറപ്പെടുമ്പോഴേക്കും സൂര്യന്‍ മാനത്ത് ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ടാവും. മഞ്ഞ് മാഞ്ഞു പോയിട്ടുണ്ടാവും.
അങ്ങനെയിരിക്കുമ്പോഴൊരുദിവസം മാവായ മാവുകളെല്ലാം പൂത്തു നില്‍ക്കുന്നതു കണ്ടു. ഇലകളേ കാണുന്നില്ല. പൂങ്കുലകള്‍ മാത്രം. തൊടിയിലൊരുപാട് മാവുകളുണ്ട്.
”ഇപ്രാവശ്യം മാങ്ങ വിറ്റിട്ടുവേണം എനിക്കൊരു നെക്‌ലേസ് വാങ്ങാന്‍”
മുത്തശ്ശി കേള്‍ക്കേ അമ്മ പറയുന്നതു കേട്ടു.
”മക്കളെ കണ്ടും മാമ്പൂ കണ്ടും ഭ്രമിക്കര്ത് ശാരദേ”
”അതെന്താ അമ്മേ?”
”നീ നോക്കിക്കോ”
നാലുദിവസം കഴിയേണ്ടി വന്നില്ല. മാമ്പൂ മുഴുവന്‍ ഉരുകിപ്പോയി. തെളിഞ്ഞു കിടക്കുകയായിരുന്നു മാനം ഇത്ര ദിവസവും. രണ്ടു ദിവസം മുമ്പ് മാനത്ത് ഒരു മഴക്കാറ്് ഉരുണ്ടു കൂടുന്നതു കണ്ടു. നോക്കിയിരിക്കേ മാനം മൂടിക്കെട്ടി. മഴക്കാറുണ്ടെങ്കില്‍ മാമ്പൂവുരുകിപ്പോവുമെന്നാണ് മുത്തശ്ശി പറഞ്ഞത ്.
അതുപോലെയാണത്രേ മക്കളുടെ കാര്യവും. വഴിക്കുവഴി മുത്തശ്ശിയുടെ രണ്ടു കുട്ടികളെയാണത്രെ ദൈവം തിരിച്ചെടുത്തത്.
ബാംഗ്ലൂരുള്ള അമ്മാമന്‍ മൂന്നാമതുണ്ടായതാണത്രെ.
” ‘പെട്ടി നിറച്ചു പണം. മടി നിറച്ചു മക്കള്. രണ്ടും ശാശ്വതല്ലാ ശാരദേ’ ”
മുത്തശ്ശിയോടു തര്‍ക്കിക്കാന്‍ വയ്യാ അമ്മക്ക്. അപ്പോള്‍ വേറൊരു ചൊല്ലു പറയും മുത്തശ്ശി. അതുപേടിച്ച് അമ്മ അടുക്കളയിലേക്കു വലിഞ്ഞു. പോകുന്ന പോക്കില്‍ ഇങ്ങനെ പിറുപിറുക്കുന്നതു കേട്ടു:
”ഈ അമ്മേടെ കരിനാക്ക് ”
”എന്താ എന്താ?”
”ഒന്നൂല്ല്യമ്മെ. കറമ്പിപ്പശൂന് ഇന്ന് പാലു കുറഞ്ഞൂന്നു പറയ്ായിരുന്നു”
Comments