‘ജി20യുടെ അദ്ധ്യക്ഷത, ആഗോള തലത്തിലുള്ള ഏകതാസങ്കല്പത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണ്; അതുകൊണ്ടുതന്നെ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ് നമ്മുടെ ആശയം. ‘ജി 20യുടെ അദ്ധ്യക്ഷ പദവിയിലെത്തിയ ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ വാക്കുകളാണിവ. 1999ല്‍ ഏഷ്യയുടെ സാമ്പത്തിക പ്രതിസന്ധിക്കുശേഷമാണ് 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ജി20 എന്ന കൂട്ടായ്മ രൂപീകരിച്ചത്. അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇവിടെ ജി20യില്‍ കൈ കോര്‍ക്കുന്നത്. 23 വര്‍ഷങ്ങള്‍ക്കുശേഷം, ഭാരതം ജി20 യുടെ അദ്ധ്യക്ഷപദവിയിലെത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്ഥാനം ഏറ്റെടുത്ത 2022 ഡിസംബര്‍ 1 ഭാരതത്തെ സംബന്ധിച്ച് ഒരു സുവര്‍ണ്ണദിനം തന്നെയാണ്. ഇന്തോനേഷ്യന്‍ പ്രധാനമന്ത്രി ജോക്കോ വിദോദോയില്‍ നിന്ന് നരേന്ദ്രമോദി സാരഥ്യം സ്വീകരിച്ചപ്പോള്‍ ലോക ജനസംഖ്യയുടെ 65% വരുന്ന ജനസംഖ്യയുടെ നേതൃത്വത്തിലേക്കാണ് കാല്‍വെച്ചത്. ലോക ജിഡിപിയുടെ 85% ഉം വ്യാപാരത്തിന്റെ 75% ഉം ഈ ഗ്രൂപ്പിലെ അംഗങ്ങളാണ് കയ്യാളുന്നത്. അതുകൊണ്ടുതന്നെയാണ് ഇത് ജി20 (ഗ്രേറ്റ് ട്വന്റി) എന്ന അര്‍ത്ഥവത്തായ പേരിന് അര്‍ഹത നേടിയതും. അംഗങ്ങളുടെയെല്ലാം യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ കൂട്ടായ്മയെ ലോകക്ഷേമത്തിനുള്ള ചാലകശക്തിയായി മാറ്റാനാവുമെന്ന് പ്രഖ്യാപിച്ചാണ് നമ്മുടെ പ്രധാനമന്ത്രി ജി20 തലവനാകുന്നത്. ലോകത്തിന്റെ ഭാവിനിര്‍ണ്ണയിക്കുന്നതിലെ മുഖ്യശക്തിയാവാന്‍ ഭാരതത്തെ ഈ നേതൃത്വ പദവി സഹായിക്കും. തുടക്കത്തില്‍ ബാങ്ക്‌മേധാവിമാരുടെയും സെന്‍ട്രല്‍ബാങ്ക് ഗവര്‍ണ്ണര്‍മാരുടെയും നേതൃത്വമായിരുന്നെങ്കില്‍ 2007ന് ശേഷം ജി20, രാഷ്ട്രത്തലവന്മാരുടെതന്നെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമേഖലയില്‍ മാത്രമല്ല, ഭക്ഷ്യസുരക്ഷ, ഊര്‍ജ്ജസുരക്ഷ, ആരോഗ്യം, പരിസ്ഥിതി, ലോകസുരക്ഷ, വനിതാക്ഷേമം തുടങ്ങിയ വിവിധ മേഖലകളിലും, ജി20യുടെ ചര്‍ച്ചകളും പരിഹാരനിര്‍ദ്ദേശങ്ങളും എത്തുന്നുണ്ട്.
ജി20യ്ക്ക് പ്രധാനമായി രണ്ട് വിഭാഗങ്ങളാണുള്ളത്- ഫിനാന്‍സ്ട്രാക്കും, ഷേര്‍പ്പാട്രാക്കും. ഫിനാന്‍സ്ട്രാക്ക് (സാമ്പത്തിക മേഖല) ധനമന്ത്രിമാരുടെ നേതൃത്വത്തിലാണ്. രാഷ്ട്ര നേതാക്കളുടെ പ്രത്യേകനിയുക്തരാണ് ഷേര്‍പ്പകള്‍. ഷേര്‍പ്പാട്രാക്കില്‍ 13 വര്‍ക്കിങ് ഗ്രൂപ്പുകള്‍, 2 ഇനീഷ്യേറ്റീവുകള്‍, ജി20 എംപവര്‍ എന്നിവയും, കൂടാതെ 13 എന്‍ഗേജ്‌മെന്റ് ഗ്രൂപ്പുകളുമുണ്ട്. ഈ എന്‍ഗേജ്‌മെന്റ് ഗ്രൂപ്പുകള്‍ സിവില്‍ സൊസൈറ്റി, പാര്‍ലമെന്റേറിയന്‍സ്, ചിന്തകര്‍, വനിതകള്‍, യുവാക്കള്‍, സംരംഭകര്‍, ഗവേഷകര്‍ തുടങ്ങി പല മേഖലകളില്‍ വ്യാപരിക്കുന്നവരെ ഒരുമിച്ചു ചേര്‍ക്കുകയാണ്. സ്റ്റാര്‍ട്ടപ്പ് എന്‍ഗേജ്‌മെന്റ് ഗ്രൂപ്പ്, ഭാരതം അധികമായി ചേര്‍ക്കുന്നുമുണ്ട്. ആഗോളപ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കാണാനുള്ള ഭാരതത്തിന്റെ താല്പര്യമാണ്, ‘വസുധൈവ കുടുംബകം’ എന്ന ആര്‍ഷവചനം ജി20 യിലൂടെ മുന്നോട്ടുവെക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. ഒന്നാണു നമ്മള്‍ എന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഭാരതം. ഈ ആശയമാവട്ടെ, മനുഷ്യന്‍, ജന്തുക്കള്‍, സസ്യങ്ങള്‍, ചെറുജീവികള്‍ തുടങ്ങിയവയുടെയൊക്കെ മൂല്യവും ഭൂമിയിലെ അവയുടെ പരസ്പരബന്ധവും ഓര്‍മ്മിപ്പിക്കുന്നു. ഭാരതത്തിന്റെ ജി20 ലോഗോയാകട്ടെ, രാഷ്ട്രപതാകയിലെ മൂന്നുവര്‍ണ്ണങ്ങളോടൊപ്പം ആകാശനീലിമ കൂടി ചേര്‍ന്നതാണ്. പ്രതിസന്ധിയെ അതിജീവിച്ച് വളരുന്ന താമരപ്പൂവിനെ ഭൂഗോളത്തോടു ചേര്‍ത്തുവെച്ച്, വളര്‍ച്ചയും വികസനവും സൂചിപ്പിക്കുന്നതാണ്, ജി20 ലോഗോ.
പ്രവര്‍ത്തനക്ഷമവും പ്രസക്തവുമായ 13 എന്‍ഗേജ്‌മെന്റ് ഗ്രൂപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീകളുടെ സമഗ്രമായ പുരോഗതിക്കും സുരക്ഷയ്ക്കും പ്രാധാന്യം കൊടുത്തു പ്രവര്‍ത്തിക്കുന്ന ഡബ്ല്യു20 (വിമന്‍ 20). സി20, വൈ20, എസ്20 തുടങ്ങിയ മറ്റു ഘടകങ്ങളും ജി20 പ്രവര്‍ത്തനത്തിനായിട്ടുണ്ട്. അതതു മേഖലകളിലെ പ്രശ്‌നങ്ങളും ന്യൂനതകളും ഒപ്പം തന്നെ സാധ്യതകളും നേട്ടങ്ങളും പഠിച്ച് വിലയിരുത്തി പരിഹാര നിര്‍ദ്ദേശങ്ങള്‍ ജി20ക്കു സമര്‍പ്പിക്കുകയാണ് ഈ ഗ്രൂപ്പുകളുടെ നിയോഗം. സിവില്‍20 (സി 20)യുടെ അദ്ധ്യക്ഷ മാതാ അമൃതാനന്ദമയീദേവിയാണ് എന്നതും കൗതുകകരം തന്നെ. ഡബ്ല്യു20 യുടെ അദ്ധ്യക്ഷ ഡോ. സന്ധ്യ പുരേച്ചയാണ്. ഇപ്പോള്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷയായിട്ടുള്ള ഇവര്‍ അറിയപ്പെടുന്ന നര്‍ത്തകിയും കോറിയോഗ്രാഫറും ഗ്രന്ഥകാരിയുമാണ്. ധരിത്രി പട്‌നായിക്കാണ് ഡബ്ല്യു 20 യുടെ ചീഫ് കോര്‍ഡിനേറ്റര്‍. ഭാരതത്തിന്റെ ജി20 തേരോട്ടത്തില്‍, സ്ത്രീശാക്തീകരണം, സ്ത്രീ പ്രാതിനിധ്യം തുടങ്ങിയവ ഉറപ്പാക്കിക്കൊണ്ട്, സ്ത്രീയുടെ സമഗ്ര വികസനത്തിലൂടെയും ഉത്തരവാദിത്ത നിര്‍വ്വഹണത്തിലൂടെയും സാമൂഹ്യ സാമ്പത്തിക വികസനം സാധ്യമാക്കാനാണ് ഭാരതം ആഗ്രഹിക്കുന്നത്; നേതൃസ്ഥാനങ്ങളിലേക്ക് സ്ത്രീകളെ എത്തിക്കാനും അതിലൂടെ ശ്രമം നടക്കുന്നു.
ഡബ്ല്യു 20 എന്ത്? എന്തിന്?
20 രാജ്യങ്ങളിലെയും സമഗ്ര മേഖലകളിലുമുള്ള സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് വിമന്‍20 എന്ന ഡബ്ല്യു 20 രൂപീകരിച്ചത്. ആഗോള പ്രശ്‌നങ്ങളുടെ ആഭ്യന്തര പരിഹാരങ്ങള്‍, ഭക്ഷ്യസുരക്ഷയും പരമ്പരാഗത ഭക്ഷണവും, ശുദ്ധമായ ഊര്‍ജ്ജവും ആഗോള കാലാവസ്ഥാ പ്രതിസന്ധി പരിഹാരവും, വനിതാ ശാക്തീകരണം എന്നീ പ്രധാനപ്പെട്ട നാല് വിഷയങ്ങളാണ് ജി20 പ്രവര്‍ത്തന മേഖലയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡബ്ല്യു20 യുടെ പ്രവര്‍ത്തനം മുഖ്യമായും ലിംഗ സമത്വം, സ്ത്രീകളുടെ തുല്യത എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും. ആധുനിക ലോകത്തില്‍ പുരോഗതിയും നേട്ടങ്ങളും കുതിപ്പുമൊക്കെ ദൃശ്യമാണെങ്കിലും പൊതുവെ സ്ത്രീകളുടെ അവസ്ഥ പ്രതീക്ഷിക്കുന്നത്ര ഉയര്‍ന്നതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാനസികമായും ശാരീരികമായും സാമ്പത്തികമായും ഇന്നും അടിച്ചമര്‍ത്തപ്പെടുന്ന ദൈന്യത സ്ത്രീസമൂഹം അനുഭവിക്കുന്നുണ്ട്. ഡബ്ല്യു 20 യുടെ ഇടപെടലുകളിലൂടെയും ബോധവല്കരണത്തിലൂടെയും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആദരവും അംഗീകാരവും തുല്യതയും സ്‌നേഹവും ലഭ്യമാക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്.
എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തവും തുല്യതയും പ്രവര്‍ത്തനവും ഉറപ്പു വരുത്തണമെങ്കില്‍ ആദ്യം പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് നോക്കിക്കാണണം; ഉണ്ടെങ്കില്‍ പരിഹാരങ്ങള്‍ എന്തെന്ന് ചിന്തിക്കണം; അവ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കണം. ഇതാണ് ഡബ്ല്യു 20 യുടെ അടിസ്ഥാന ജോലി. ഈ ആധാരശിലയില്‍ അടിയുറച്ചുനിന്ന് ലോകത്തിന്റെ ഭാസുര ഭാവിക്കായുള്ള അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനുളള ചുമതല ഇനി നമുക്കാണ്. വിവിധ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു വിലയിരുത്തിക്കൊണ്ട്, തുല്യത, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങള്‍ പഠിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്യുന്നത് ഡബ്ല്യു 20 യുടെ ദൗത്യമാണ്. അതിനായി സമൂഹത്തിന്റെ പല തലങ്ങളിലുമുള്ള സ്ത്രീ കൂട്ടായ്മകളുമായി നേരിട്ട് സംവദിക്കുന്നതാണ്. ആദിവാസി വനിതകള്‍, നെയ്ത്തുകാര്‍, മത്സ്യത്തൊഴിലാളികള്‍, സംരംഭകര്‍, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി അദ്ധ്യാപികമാര്‍, വീട്ടമ്മമാര്‍, അദ്ധ്യാപികമാര്‍ തുടങ്ങിയ വിവിധ വഴിത്താരകളിലെ ആളുകളുമായി യോഗങ്ങള്‍ ചേരുകയും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യുന്നതാണ്. അവ ഡബ്ല്യു 20യിലേക്കും തുടര്‍ന്ന് ജി20 യിലേക്കും എത്തിക്കുകയും അവിടെ നിന്ന് പരിഹാരമാര്‍ഗ്ഗങ്ങള്‍ നടപ്പില്‍ വരുത്തുകയു മാണ് ലക്ഷ്യം.
കേരളത്തില്‍ ഇതിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് തലങ്ങളില്‍ പഠിക്കുന്നവരും, പഠിപ്പിക്കുന്നവരുമായവര്‍ക്ക് ഡബ്ല്യു 20 പരിചയപ്പെടുത്തുകയും അവരില്‍ നിന്ന് ലേഖനങ്ങളായും അഭിപ്രായങ്ങളായും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. അഞ്ച് പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഓരോ ജില്ലയിലും ഒട്ടനവധി മീറ്റിംഗുകള്‍, സിമ്പോസിയങ്ങള്‍ എന്നിവയും ആലോചനയിലുണ്ട്. സമൂഹത്തിന്റെ പല തട്ടിലുമുള്ള സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനും അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നോട്ടുവെക്കാനുമുള്ള ഒരു തുറന്ന വേദിയായിരിക്കും ഇത്. അതോടൊപ്പം ഇ-മെയില്‍ വഴിയും ബന്ധപ്പെടാവുന്നതാണ്. സ്ത്രീകള്‍ തഴയപ്പെടാതിരിക്കാന്‍, എന്നും മുന്നോട്ടുകുതിക്കാന്‍ ഇരുപത് രാജ്യങ്ങളിലെ സ്ത്രീകള്‍ക്കും ആശ്രയമാവുകയാണ് ഡബ്ല്യു20. വനിതകളുടെ ഭാഗത്തുനിന്നുതന്നെ വരുന്ന നിര്‍ദ്ദേശങ്ങളായിരിക്കും, തീര്‍ച്ചയായും അവരുടെ ആവശ്യങ്ങള്‍; അവ തന്നെയാണ് നിറവേറ്റപ്പെടേണ്ടതും. അത്തരത്തില്‍ വരുന്ന പരിഹാരങ്ങള്‍ പ്രാവര്‍ത്തികമായാല്‍ നാളത്തെ ലോകം തികച്ചും ലിംഗ സമത്വത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേതുമായിരിക്കും; അവിടെ മാതൃത്വത്തിന്റെ ഉദാത്തഭാവത്തിലൂടെ ലോകം ഒരു കുടുംബമായിത്തീരുകയും ‘വസുധൈവ കുടുംബകം’ സാര്‍ത്ഥകമാവുകയും ചെയ്യും.