മലയാളിക്കൊരു ഭക്ഷണ സംസ്‌കാരമുണ്ട്. അത് ഈ നാടിന്റെ തനിമയാണ്. ഭക്ഷണത്തെ ഔഷധമായി കണക്കാക്കി കറിക്കൂട്ടുകള്‍ തയ്യാറാക്കിയവര്‍, ഇന്ന് ഔഷധം ഭക്ഷണമായി കഴിച്ച് രോഗാതുരതയുടെ കൈപ്പിടിയില്‍ എന്തുകൊണ്ടമരുന്നു? വിവാദങ്ങളെക്കാള്‍ സംവാദങ്ങളല്ലേ ഇക്കാര്യത്തില്‍ വേണ്ടത്. സസ്യഭുക്കുകളുള്ള പ്രകൃതിയില്‍ മാത്രമേ മാംസഭുക്കുകളായ ജീവികള്‍ക്ക് ജീവിക്കാന്‍ സാധിക്കൂ. അന്നനാളവും പല്ലുകളും സസ്യമാംസാഹാരികള്‍ക്ക് വ്യത്യസ്തമാണ്. മനുഷ്യന് സസ്യഭുക്കുകളുടെ അന്നനാളമാണുള്ളത്. എന്നാലും മലയാളി കുടമ്പുളി ഇട്ടുവച്ച മത്സ്യവും, മസാല ചേര്‍ത്ത് പാകം ചെയ്ത ഇറച്ചിയും കഴിക്കാറുണ്ടെങ്കിലും മലയാളിയുടെ തനിമയും സ്വത്വബോധവുമാണ് വിഭവസമൃദ്ധമായ സദ്യ.
കേരളീയരുടെ സദ്യ പ്രത്യേക മതസ്വത്ത്വത്തില്‍ നിന്നും രൂപപ്പെട്ടതല്ല. നാടിന്റെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണ്. നളപാകം എന്നുപറയുന്നത് നളന്‍ എന്ന രാജാവിന്റെ കൈപുണ്യത്തേയും പാചക വൈദഗ്ദ്ധ്യത്തെയും സൂചിപ്പിക്കുന്നു. നളന്‍ ഒരു ബ്രാഹ്‌മണനായിരുന്നില്ല. പഴയിടം മോഹനന്‍നമ്പൂതിരിയായി പോയതുകൊണ്ട് സദ്യ ബ്രാഹ്‌മണരുടേത് മാത്രമാകുന്നുമില്ല. കേരളീയ ഭക്ഷണ ക്രമത്തിന്റെ അഭിമാനകരമായ പൈതൃകമാണിത്. ഇത്രയും വൈവിദ്ധ്യമാര്‍ന്ന കറിക്കൂട്ടുകള്‍ സദ്യയുടെ ശോഭ എത്രമാത്രമാണ് വര്‍ദ്ധിപ്പിക്കുന്നത്. തൂശനിലയിട്ടാല്‍ ഇടത്തുനിന്ന് പച്ചടി, കിച്ചടി, ചുമന്ന കിച്ചടി, അവിയല്‍, കൂട്ടുകറി, ഓലന്‍, മെഴുക്ക്പുരട്ടി, തീയല്‍, ചമ്മന്തി, ചമ്മന്തിപ്പൊടി, തോരന്‍, ഇഞ്ചി, നാരങ്ങ, മാങ്ങ, ഉണ്ണിയപ്പം, എള്ളുണ്ട, പരിപ്പുവട, കായ ഉപ്പേരി, ചക്ക ഉപ്പേരി, ശര്‍ക്കരവരട്ടി, ചേന ഉപ്പേരി, ചേമ്പ് ഉപ്പേരി, പര്‍പ്പിടകം, മുളക് വറുത്തത്, പാവയ്ക്കാ കൊണ്ടാട്ടം, വാഴപ്പഴം എന്നിവ വലത്തോട്ട് വിളമ്പി ഇല നിറയ്ക്കുന്നു.
വിളമ്പുന്ന മുറയ്ക്ക് തന്നെ കറികള്‍ കഴിക്കണമെന്നും, ദഹന പ്രക്രിയയെ അത് ശക്തിപ്പെടുത്തുമെന്നും നാമറിയുന്നു. പിന്നീട് ഇലയില്‍ ചോറ് വിളമ്പിയാല്‍ പരിപ്പ്, നെയ്യ്, സാമ്പാര്‍ എന്നിവ തുടര്‍ച്ചയായി ചോറിലേക്ക് കറിയായി വിളമ്പുന്നു. അതിനുശേഷം വിവിധ പായസങ്ങളാണ് വിളമ്പുന്നത്. അടപ്പായസം ഒന്നാമത് വിളമ്പുന്നതിനാല്‍ അത് പ്രഥമന്‍ ആയി; പിന്നീട് പഴം പ്രഥമന്‍, അവല്‍ പായസം, അരിപ്പായസം, കടലപ്പായസം, ബോളിയോടുകൂടി പാല്‍പ്പായസം, ഗോതമ്പ് പായസം, സേമിയപായസം, കൈതച്ചക്ക പായസം എന്നിവ വിളമ്പുന്നു. പിന്നീട് വീണ്ടും ചോറ് നല്‍കി രസം, പുളിശ്ശേരി, പച്ച മോര് എന്നിവ നല്കി വയറിന്റെ സ്വസ്ഥമായ പചന പ്രക്രിയ ഉറപ്പാക്കുന്നു.
ശാസ്ത്രീയവും ആരോഗ്യപൂര്‍ണ്ണവും പോഷക സമൃദ്ധവുമായ പചന പ്രക്രിയയെയും ആരോഗ്യത്തേയും ഉറപ്പാക്കാന്‍ ഈ ക്രമബന്ധമായ സദ്യ സഹായിക്കുന്നു. ഇതിനെയാണ് ബ്രാഹ്‌മണിക്കല്‍ ഹെജിമണിയെന്നൊക്കെ പറഞ്ഞ് അവഹേളിക്കാന്‍ ശ്രമിച്ചത്. സദ്യകള്‍ ചരിത്രാതീത കാലംമുതല്‍ മതാതീത ബോധത്തോടെ രൂപപ്പെട്ടതാണ്. ഇതില്‍ ഭൂരിപക്ഷവും കേരളീയ തനിമയില്‍ മത്സ്യവും മാംസവും കഴിക്കുന്നവരുമുണ്ട്. അതുകൊണ്ട് സദ്യ കഴിക്കുന്നതിന്റെ പ്രാധാന്യം കുറച്ചുകാണാറുമില്ല. സദ്യയുടെ മഹത്വത്തെക്കുറിച്ച് ആരോഗ്യകേരള സൃഷ്ടിയില്‍ സംവാദമാണ് നടക്കേണ്ടത്.
ആയുര്‍വേദ ശാസ്ത്രവും, സിദ്ധവൈദ്യവും, നാട്ടറിവും, വീട്ടറിവും, മുത്തശ്ശിമനസ്സും ചേര്‍ന്നതാണ് കേരളത്തിലെ ഭക്ഷണ മൂല്യം. കാട്ടുപോത്തിന് ധാന്യങ്ങളും, ആനയ്ക്ക് പഴവും, കരടിയ്ക്ക് തേനുമാണിഷ്ടം. കാട്ടില്‍ വസിക്കുന്ന വനവാസി സമൂഹം കാട്ടുകിഴങ്ങും, തേനും, ധാന്യങ്ങളും ചേര്‍ന്ന ഒരു ഭക്ഷണക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നു. ഔഷധപൂര്‍ണ്ണമായ ഭക്ഷണക്രമം വനവാസികളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആറന്‍മുള സദ്യ, അമ്പലപ്പുഴ പാല്‍പ്പായസം, കോഴിക്കോടന്‍ ഹലുവ, രാമശ്ശേരി ഇഡ്ഡലി, ചെട്ടികുളങ്ങര കൊഞ്ചും മാങ്ങായും, അസ്ത്രവും, പുല്ലാട്ട് കപ്പ, തിരുവല്ല ശര്‍ക്കര, മറയൂര്‍ ശര്‍ക്കര, ഓണാട്ടുകര എള്ളെണ്ണ എന്നിവ ഓരോ നാടിന്റെയും അഹാര ഗരിമയെ അടയാളപ്പെടുത്തുന്നു.
ആഹാരം എന്നത് വ്യക്തിയുടെ താല്പര്യവും, നാടിന്റെ നന്മയും മലയാളിയുടെ അഭിമാനവുമാണ്. നാട്ട് ഭക്ഷണവും, കേഴ്‌വികേട്ട രുചിക്കൂട്ടുകളും നാടിന്റെ ഗൃഹാതുരതയെ ഉണര്‍ത്തുന്നു. വീടുകളിലുണ്ടാക്കുന്ന കൊഴക്കട്ട, ഇലയടകള്‍, ചക്കയപ്പം, മരുന്നുണ്ടകള്‍, ചിരട്ടപുട്ടുകള്‍, എണ്ണപലഹാരങ്ങള്‍ എന്നിവ കേരളീയ ഗ്രാമീണ ബോധത്തെ നിറംപിടിപ്പിക്കുന്നവയാണ്. ക്ഷേത്രങ്ങളിലെ നിലവറ പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, അരവണപ്പായസം, തെരളി, തേങ്ങാലഡു, ത്രിമധുരം, വൈക്കം പ്രാതല്‍, അവലും മലരും, എള്ളും നെയ്യും തേനും ചേര്‍ന്ന ഗണപതി നിവേദ്യം എന്നിവ രുചിയുടെ വൈവിദ്ധ്യത്തെ ഉണര്‍ത്തിവിടുന്നു. ആത്മീയവും ഭൗതീകവും സാംസ്‌കാരികവും പ്രാദേശികവുമായ കൊടുക്കല്‍ വാങ്ങലുകളുടെ ആകെത്തുകയാണ് നമ്മുടെ ഭക്ഷണ സംസ്‌കാരം. നമ്മുടെ വികാസ പരിണാമത്തില്‍ ദേശാചാരവും അനുഷ്ഠാനവും ഭക്ഷണക്രമങ്ങളും സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ്.
കേരളക്കരയിലെ അമ്മമാര്‍ രൂപപ്പെടുത്തിയ പൈതൃകമായ ഒരു സ്വാദ് മലയാളിയെ ആത്മനിര്‍വൃതികൊള്ളിക്കുന്നു. മുത്തശ്ശിമാരുടെ കൈപ്പുണ്യവും കൊച്ചുമക്കളുടെ ജീവിതത്തിന്റെ ഉറപ്പായി നിലകൊള്ളുന്നു. ഒ.എന്‍.വി. യുടെ ഉപ്പ് എന്ന കവിത മുത്തശ്ശിയും ചെറുമകനുമായുള്ള സ്‌നേഹത്തിന്റെയും ഹൃദയ വായ്പ്പിന്റെയും പ്രതിഫലനമാണ്. പഞ്ചഭൂതങ്ങളായി പ്രകൃതിയെ ആരാധനാപൂര്‍വ്വം കാണുന്ന നമുക്ക് എല്ലും പല്ലും, മജ്ജയും, മാംസവും, നഖങ്ങളും, രോമങ്ങളും, തൊലിയും രൂപപ്പെടാന്‍ മണ്ണാണ് സഹായിക്കുന്നത്. മണ്ണിലെ 17 മൂലകങ്ങളെ വേര്‍തിരിച്ചെടുത്ത് ചെടികള്‍ കായും കനിയും ധാന്യവും കിഴങ്ങും ഇലയും പൂവുമായി അന്നമയമായ ശരീരത്തെ നിലനിര്‍ത്തുന്നു. ആഹാരമെല്ലാം അങ്ങനെ ശരീര നിലനില്‍പ്പിനുള്ള ഔഷധമായി മാറുന്നു.
അമ്ലത ഏറിയ വയറിന്റെ ആരോഗ്യം വീണ്ടെടുക്കുവാന്‍ ക്ഷാരാംശമുള്ള വാഴക്കൂമ്പും, പിണ്ടിയും, കുമ്പളങ്ങയും, വെള്ളരിക്കയും കറിവച്ച് തന്ന മുത്തശ്ശിമാര്‍ ഗൃഹവൈദ്യം പരിശീലിച്ചവരായിരുന്നു. ദഹന ശേഷിയ്ക്ക് അനുസരിച്ച് ആവശ്യത്തിന് കഴിക്കുന്ന ആഹാരം നാക്കിന്റെ സ്വാദിനാകരുത്. അന്നനാളത്തിനും, ദഹനത്തിനും ആരോഗ്യത്തിനും അനുയോജ്യമായിരിക്കണം. സദ്യയില്‍ വിളമ്പുന്ന ആഹാരം കൃത്യമായ ക്രമത്തില്‍ കഴിച്ചാല്‍ ഒന്നുംതന്നെ വിരുദ്ധമാകില്ല. ചെറുപയര്‍, ഇന്ദുപ്പ്, നെല്ലിക്ക, പാല്‍, നെയ്യ്, തേന്‍ എന്നിവ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്താമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.
വര്‍ഷ ഋതുവില്‍ സൂര്യപ്രകാശം കുറവായതിനാല്‍ മിഥുനം – കര്‍ക്കിടകം മാസങ്ങളില്‍ മലയാളി തുളസി കഞ്ഞി, നവധാന്യ കഞ്ഞി, പാല്‍ക്കകഞ്ഞി, പത്തിലക്കഞ്ഞി, ദശപുഷ്പ കഞ്ഞി, ഉഴിഞ്ഞ കഞ്ഞി, ഉലുവാ കഞ്ഞി, ഞവരക്കഞ്ഞി, നാല്‍പ്പാമര കഞ്ഞി, മലര്‍ കഞ്ഞി എന്നിവ കഴിക്കുന്നു. മരുന്ന് കഞ്ഞിയും ഈ സമയത്ത് കഴിക്കുന്നു. ഉഴിഞ്ഞ വേര്, പണപുള്ളാടി, നിലമ്പന കിഴങ്ങ്, മൂവില വേര്, കുറുന്തോട്ടി വേര്, തഴുതാമ വേര്, കരിംകുറുഞ്ഞി വേര്, പുത്തരിച്ചുണ്ട വേര്, ഇല്ലംകെട്ടി വേര്, നന്നാറി കിഴങ്ങ്, ചതുരമുല്ല, മുക്കുറ്റി, ചെറുള, ചങ്ങലംപരണ്ട, വിഷ്ണുക്രാന്തി, പൂവാംകുറുന്നില, മുയല്‍ ചെവിയന്‍, കറുക, തിരുതാളി, കൈയ്യോന്നി, കീഴാര്‍ നെല്ലി, വയല്‍ച്ചുള്ളി എന്നിവ കഴുകി നീരെടുത്ത് ഉണക്കലരിയിട്ട് വേവിച്ചെടുക്കുന്നതാണ് മരുന്ന് കഞ്ഞി.
ഋതുക്കളനുസരിച്ച് ഉണ്ടാകുന്ന സസ്യങ്ങളിലെ ഫലങ്ങള്‍ നമ്മുടെ ശരീരത്തിന് ഹിതകരമാണ്. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്പ്, ചവര്‍പ്പ് എന്നിവയെല്ലാം ദിവസവും ഉള്ളില്‍ ചെല്ലണം. സദ്യയില്‍ ഷഡ്‌രസവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാത്വിക രാജസ താമസാഹാരമായി ഭക്ഷണത്തെ തിരിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റക്കുറച്ചില്‍ വ്യക്തികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു.
”താളും തകരയും മുമ്മാസം
ചക്കയും മാങ്ങയും മുമ്മാസം
ചേനയും കൂര്‍ക്കയും മുമ്മാസം
അങ്ങനെയിങ്ങനെ മുമ്മാസം”
ഇത്തരം നാട്ടുചൊല്ലുകള്‍ ധാരാളം പ്രചാരത്തിലുണ്ട്. നമ്മുടെ കപ്പയും മുളക് ചമ്മന്തിയും കഞ്ഞിയുമൊക്കെ മലയാളിയെ സന്തോഷിപ്പിക്കുന്നു.
ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് പ്രത്യേക ഭക്ഷണ സംസ്‌കാരമുണ്ട്. മലയാളിയുടെ ഭക്ഷണ കൂട്ടുകള്‍, ജീവിതചര്യകള്‍ എല്ലാം കേരളീയതയെ ഉയര്‍ത്തിപ്പിടിക്കുന്നു. ഭക്ഷണത്തിന്റെ പേരില്‍ ഒരു കോലാഹലം കേരള മനസ്സ് ആഗ്രഹിക്കുന്നില്ല. നമ്മുടെ ഭക്ഷണ ക്രമത്തില്‍ ജാതിസ്വത്വമോ, മതസ്വത്വമോ നിഴലിക്കുന്നില്ല. ഭക്ഷണം ഉണ്ടാക്കുന്നത് പ്രത്യേക കലയാണ്. ചിത്രകാരന്റെ ഭാവനപോലെ നിറക്കൂട്ടുകള്‍ക്ക് പകരം, പല കറിക്കൂട്ടുകളെ സംയോജിപ്പിച്ച് തന്റെ ആത്മാംശത്തെ തിരുകിക്കയറ്റി ആഹാരത്തിന് പുതിയ സ്വാദുകള്‍ സൃഷ്ടിക്കുകയാണ്. അതില്‍ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം ആളുകള്‍ മലയാള ദേശത്തുണ്ട്. അതില്‍ പ്രാഗത്ഭ്യം തെളിയിച്ച ഒരാളിനേയും വിവാദച്ചുഴിയിലേക്ക് തളച്ചിടാതിരിക്കുക. ഇതൊരു തൊഴിലാണ്, കലയാണ്, അനുഭൂതിയാണ് നാം മറക്കാതിരിക്കുക.
Comments