റായ്പൂരിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചത്തുപണിയെടുത്തത് ഒരു കു ടം തുറന്നുകിട്ടാനായിരുന്നു. പണ്ട് കടലില്‍ നിന്ന് മുക്കുവനു കിട്ടിയതുപോലുള്ള ഒരു കുടം. 1974-ല്‍ അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഭൂതത്തെ പറഞ്ഞുപറ്റിച്ച് കുടത്തിലാക്കി കടലിലൊഴുക്കിയതായിരുന്നു. മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്ന ദളിതനെക്കൊണ്ട് സോണിയ ആ കുടം തപ്പിയെടുപ്പിച്ച് റായ്പൂരിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൊണ്ടു വെപ്പിച്ചു. പിന്നെ നേ താക്കന്മാരെല്ലാം കൂടി കുടത്തിന്റെ മൂടിയില്‍ പിടിയിട്ടു. അത്യദ്ധ്വാനം ചെയ്തു സമ്മേളനത്തിന്റെ അവസാന ദിവസം മൂടി തുറന്നുകിട്ടി. എന്നിട്ടും ഭൂതം കുടത്തിനകത്തു നാണിച്ചു നില്‍ക്കുകയല്ലാതെ പുറത്തേയ്ക്ക് വരുന്നില്ല. അതിനെ പുറത്തെത്തിക്കാന്‍ അമ്പിളി അമ്മാവനെ പിടിച്ചുതരാമെന്നുവരെ മദാമ്മ പറഞ്ഞുനോക്കി. പിന്നെ നേതാക്കളുടെ വക വാഗ്ദാനങ്ങളുടെ പഞ്ചാരപ്പായസം വിളമ്പലായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് നടപ്പാക്കും എന്നതായിരുന്നു ആദ്യത്തെ വാഗ്ദാനം. ഒ.ബി.സിക്കാര്‍ക്ക് പ്രത്യേക മന്ത്രാലയം തന്നെ ആരംഭിക്കുമെന്നാണ് അടുത്ത വാഗ്ദാനം. സാമൂഹ്യ നീതിയ്ക്കുള്ള നയപാക്കേജിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നാഷണല്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ മാതൃകയില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് തുടങ്ങുമെന്നതാണ് വേറൊരു വാഗ്ദാനം. ഉന്നത ജുഡീഷ്യറിയില്‍ ഒബിസിക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വ്വീസ് ഉണ്ടാക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. എസ്.സി.എസ്.ടി, ഒ.ബി.സി വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ രോഹിത് വെമുല നിയമം പാസ്സാക്കുമെന്നതാണ് വിപ്ലവാത്മകമായ അടുത്ത വാഗ്ദാനം. ജാതി അടിസ്ഥാനത്തില്‍ സൈനിക റെജിമെന്റ് രൂപീകരിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. ചുരുക്കത്തില്‍ ജുഡീഷ്യറി മുതല്‍ സൈന്യം വരെ ജാതി പിശാചിന് വിളയാടാമെന്ന മന്ത്രിക വാഗ്ദാനങ്ങള്‍ ഒഴുക്കിവിടുന്ന വമ്പന്‍ രാഷ്ട്രീയ തന്ത്രം തന്നെ പ്രയോഗിച്ചു.
ഇതെല്ലാം കേട്ട് ജാതി ഭൂതം കുടത്തില്‍ നിന്നു പുറത്തിറങ്ങി എന്നും അതിപ്പോള്‍ തങ്ങളുടെ തലയില്‍ കയറിയിരിക്കുന്നു എന്നുമുള്ള ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രിപദവും സ്വപ്‌നം കണ്ടു കഴിയുകയാണ് ആ പാര്‍ട്ടിയുടെ നേതൃത്വം. എന്നാല്‍ 1974-ല്‍ സാമൂഹ്യനീതി തരാമെന്നു മോഹിപ്പിച്ചു കുടത്തിനു പുറത്തിറങ്ങിയ ഭൂതത്തെ പിറ്റേന്നുതന്നെ കുടത്തിലാക്കിയവരാണിവര്‍. അതു ഭൂതത്തിനും അറിയാം. പിന്നെ ആ കുടം തപ്പിയെടുക്കുന്നത് പാര്‍ട്ടിയുടെ 85-ാം പ്ലീനറി സമ്മേളനത്തിലാണ്. പാര്‍ട്ടി പ്രസിഡന്റായ മല്ലികാര്‍ജുന ഖാര്‍ഗെയെന്ന ദളിതനെ പ്ലീനത്തിനിടയ്ക്ക് പൊരിവെയിലത്ത് നിര്‍ത്തി മദാമ്മ കുടപിടിച്ചുകൊടുക്കുന്നതാണ് ഭൂതം കണ്ടത്. തലയിലിരിക്കുന്ന ജാതിഭൂതത്തിന്റെ വാല്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ കഴുത്തിലാണെന്നത് അവര്‍ മറന്നുപോകുന്നു.
Comments