പൂച്ചകളെപ്പറ്റിയും കുറച്ചേറെ പറയാനുണ്ട് മുത്തശ്ശിക്ക.് നായക്ക് വീട്ടുകാരോടാണത്രെ സ്‌നേഹം. പൂച്ചക്കോ വീടിനോടാണ്. വീടുവിട്ട് വീട്ടുകാര് പോകുമ്പോള്‍ നായയും പോകും പിന്നാലെ. പൂച്ചയാണെങ്കില്‍ വീടു വിട്ടു പോവില്ല.
‘പൂച്ചക്ക് രോമണ്ടായിട്ട് അമ്പട്ടനെന്താ കാര്യം?’ മുത്തശ്ശിയുടെ വര്‍ത്തമാനത്തില്‍ അങ്ങനേയും കേള്‍ക്കാറുണ്ട്. ”അപ്പൂ, ഒരാള്‍ക്ക് ധാരാളം സ്വത്തുണ്ട്. ഇട്ടുമൂടാന്‍ പണോണ്ട്. അയാളുടെ സ്വത്തും പണോംകൊണ്ട് വേറൊരാള്‍ക്കും ഗുണല്ല്യാച്ചാല്‍, ആരാ അയാളെ മാനിക്ക്ാ? പൂച്ചക്ക് രോമണ്ടച്ചാല്‍ പൂച്ചക്ക് നല്ലതായിരിക്കും. ക്ഷൗരക്കാരന് അതുകൊണ്ടെന്താ ഗുണം?”
”പൂച്ച പാലു കുടിക്കുന്നത് കണ്ടുനോക്കൂ അപ്പൂ. കണ്ണടച്ചിട്ടാ കുടിക്ക്യാ. പൂച്ചേടെ വിചാരം അത് പാലു കുടിക്കുന്നത് ആരും കാണുന്നില്യാന്നാ. കള്ളത്തരം കാണിക്കുന്ന ചെലര്ണ്ട്. അവരുടെ വിചാരം അവരുടെ പ്രവൃത്തി ആരും അറിയില്യാന്നാ”
” ‘പൂച്ച പാലു കുടിക്കുംപോലെ’ അല്ലേ? മുത്തശ്ശീ?” വടക്കേ വീട്ടിലെ ഗോപാലമാമയെപ്പറ്റി എല്ലാവരും പറയുന്നത് ‘കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്‍’ എന്നാണ്. ഭിക്ഷക്കാര്‍ക്ക് ഭിക്ഷപോയിട്ട് ദാഹിച്ച വെള്ളം കൊടുക്കില്ല. എത്ര പറഞ്ഞിട്ടും പോകാതെ പിന്നേയും മുറ്റത്തുതന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണെങ്കില്‍ പട്ടിയെ അഴിച്ചു വിടും. ടൈഗര്‍ ആരേയും കടിക്കാറില്ലെങ്കിലും കുരച്ചു ചാടി വരുന്നതു കണ്ടാല്‍ ഭിക്ഷക്കാരന്‍ ജീവനും കൊണ്ടോടും. അങ്ങനത്തെ സ്വഭാവക്കാരനായിരുന്നില്ല ഗോപാലന്‍ എന്നാണ് മുത്തശ്ശി പറയുന്നത്.
” ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കില്ലേ’ അപ്പൂ?” വര്‍ഷങ്ങള്‍ക്കു മുമ്പാണത്രേ. ഒരിക്കലൊരുത്തന്‍ ഭിക്ഷ ചോദിച്ചു വന്നൂ വടക്കേവീട്ടില്‍. മുത്തശ്ശി പറഞ്ഞ കഥയാണ്. പത്തമ്പതു വയസ്സുണ്ടത്രെ അയാള്‍ക്ക്. കൂലിപ്പണിക്ക് പൊയ്ക്കൂടെ എന്ന് ഗോപാലമാമ ചോദിച്ചു.
”ആസ്തമാ രോഗിയാണ്; വെട്ടാനും കിളക്കാനും വയ്യ. ഭാര്യ വാതം പിടിച്ചു കെടപ്പിലാണ്; രണ്ടു ചെറിയ പൈതങ്ങളാണ്” എന്നൊക്കെയാണത്രെ അയാള് പറഞ്ഞത്.
‘അയ്യോ പാവം’ തോന്നി ഗോപാലമാമ ഒരു പഴയ ഷര്‍ട്ടും മുണ്ടും വയറു നിറച്ച് ചോറും കൊടുത്തു.
വടക്കേമുറ്റത്ത ് പുല്ലു വളര്‍ന്നിട്ടുണ്ട്, അത് ചെത്തിക്കളയാന്‍ പറഞ്ഞു, ഗോപാലമാമ.
ഒരു നേരത്തെ കൂലിയും കൊടുക്കാം. ഒരു മണിക്കൂറു നേരത്തെ പണിയേ
ഉണ്ടാവൂ. പണി പറഞ്ഞേല്‍പ്പിച്ച് അമ്മാമ ഒന്നു പുറത്തേക്കു പോയി. കൂലി കൊടുക്കാന്‍ സമയാവുമ്പഴേക്കും വന്നാല്‍ മതിയല്ലൊ.
അയാള്‍ക്ക് പുല്ലു ചെത്താന്‍ കൈക്കോട്ടു കൊണ്ടുപോയിക്കൊടുക്കാന്‍ വടക്കേ മുറ്റത്തേക്കു ചെന്നതായിരുന്നു വത്സലമ്മായി. നിമിഷനേരംകൊണ്ട് അമ്മായിയുടെ കഴുത്തില്‍ കിടക്കുന്ന നാലു പവന്റെ മാല വലിച്ചുപൊട്ടിച്ച് അയാള്‍ ഓടടാ ഓട്ടം.
ഇന്ന് ഞായറാഴ്ച. ഉച്ചനേരം. ഞാന്‍ ഉമ്മറത്തിരുന്ന് കടലാസുകൊണ്ട് പന്തുണ്ടാക്കി നോക്കുകയായിരുന്നു. അപ്പോഴാണ് മേലേപ്പാട്ടെ ദാക്ഷായണിയമ്മയും കുളങ്ങരെ കമലാക്ഷിയേടത്തിയും പടി കടന്നു വരുന്നതു കണ്ടത്. ചന്ദനക്കുറി കണ്ടപ്പോള്‍ മനസ്സിലായി, അമ്പലത്തില്‍ പോയി വരുന്ന വരവാണ്. സപ്താഹം നടക്കുന്നുണ്ട് അമ്പലത്തില്‍. ഉച്ചയൂണു കഴിഞ്ഞാല്‍ മുത്തശ്ശിക്കൊന്നു മയങ്ങണം. തളത്തില്‍ വേനല്‍ക്കാലത്തും നല്ല തണുപ്പുണ്ടാവും. അവിടെയാണ് മുത്തശ്ശി പായ നിവര്‍ത്തുക. ദാക്ഷായണിയമ്മയും കമലാക്ഷിയേടത്തിയും അകത്തേക്കു പോയി. അടുക്കളയിലെ പണി അവസാനിപ്പിച്ച് അമ്മയും തളത്തിലേക്കു വരും. ആകാശവാണി എന്നാണ് ദാക്ഷായണിയമ്മയെ നാട്ടുകാര് വിളിക്കുന്നത്. അമ്മയും മുത്തശ്ശിയും നാട്ടുവിശേഷങ്ങളറിയുന്നത് ദാക്ഷായണിയമ്മ വരുമ്പോഴാണ്. ദാക്ഷായണിയമ്മ വിശേഷം പറയുന്നതു കേള്‍ക്കാന്‍ നല്ല രസമുണ്ട്.
പന്തുണ്ടാക്കുന്ന അദ്ധ്വാനം തല്‍ക്കാലം നിര്‍ത്തിവെച്ച ് ഞാനും തളത്തിലേക്കു ചെന്നു. മയക്കം മതിയാക്കി ചുമരും ചാരി ഇരിക്കുകയാണ് മുത്തശ്ശി. ഞാന്‍ മുത്തശ്ശിയോടു ചേര്‍ന്നിരുന്നു.
” ‘പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?’ അപ്പു ഉമ്മറത്തിക്ക് പൊയ്‌ക്കോളു” മുത്തശ്ശി എന്നെ ശകാരിച്ചു. ഞാന്‍ കോലായിലേക്കുതന്നെ പോന്നു. ഛെ. മോശമായിപ്പോയി. ദാക്ഷായണിയമ്മയും കമലാക്ഷിയേടത്തിയും എന്തു വിചാരിച്ചിട്ടുണ്ടാവും!
ശരിയാണ് മുത്തശ്ശി പറഞ്ഞത്.
സ്ത്രീകള്‍ വര്‍ത്തമാനം പറയുമ്പോ ഞാനെന്തിനാണ് അവിടെ വായും പൊളിച്ചിരിക്കുന്നത്. കുട്ടികള്‍ക്കു കേള്‍ക്കാനുള്ള കാര്യങ്ങളല്ലല്ലോ അവരു പറയുന്നത്. സ്വര്‍ണ്ണമാല പണിയുന്ന തട്ടാന്റെ മുമ്പില്‍ പൂച്ചയെന്തിനാണ് ചെന്നിരിക്കുന്നത്. മാല പണിതു കഴിഞ്ഞാല്‍ പൂച്ചയുടെ കഴുത്തിലിട്ടു കൊടുക്കില്ലല്ലോ തട്ടാന്‍. എന്നാലും മുത്തശ്ശിയോട് ഇത്തിരി പരിഭവം തോന്നി എനിക്ക്. സന്ധ്യയ്ക്ക് മുത്തശ്ശി എന്നെ അടുത്തു പിടിച്ചിരുത്തി. ”അപ്പൂന് സങ്കടായോ മുത്തശ്ശി പറഞ്ഞപ്പോ?”
”ഉവ്വ് മുത്തശ്ശി”.
”ആവശ്യമില്ലാത്ത കാര്യത്തില് വെറുതേ പോയി തലയിടരുത്. ശരിയല്ലേ അപ്പൂ?”
”ശരിയാണ് മുത്തശ്ശി”.
”ക്ഷണിക്കാത്ത സദ്യയ്ക്ക് ?”
”ഉണ്ണാന്‍ പോവരുത്”.
”മിടുക്കന്‍”.
Comments