പി.ടി. ഉഷ ഭാരതത്തിന്റെ കായികരംഗത്തെ ജീവിക്കുന്ന ഇതിഹാസമാണ്. അന്താരാഷ്ട്ര കായികവേദികളില്‍ അവകാശപ്പെടാന്‍ അധികമൊന്നുമില്ലാതിരുന്ന കാലത്ത് ഭാരതത്തെ സുവര്‍ണമുദ്രകളാല്‍ പൊലിപ്പിച്ചെടുത്ത കായിക പ്രതിഭയാണ്. വിദേശട്രാക്കുകളില്‍ നിന്നും സ്വര്‍ണപതക്കങ്ങള്‍ പെരുപ്പിച്ചെടുക്കുന്ന അപൂര്‍വ്വ സിദ്ധി ഉഷയ്ക്ക് മുമ്പ് ഭാരതത്തിലുണ്ടായിട്ടില്ല. ശേഷം സംഭവിച്ചിട്ടുമില്ല. ഏഷ്യന്‍ ഗെയിംസില്‍ തന്നെ അത്‌ലറ്റിക്‌സില്‍ വനിതകള്‍ സ്വര്‍ണംനേടിയത് ഉഷയ്ക്ക് മുമ്പ് മൂന്നു തവണ മാത്രമാണ്. 1970ല്‍ ബാങ്കോക്കില്‍ കമല്‍ജിത്ത് സന്ധുവും 1978ല്‍ വീണ്ടും ബാങ്കോക്കില്‍ ഗീതാസുത്ഷിയും പിന്നെ 1982ല്‍ ദല്‍ഹിയില്‍ എം.ഡി വല്‍സമ്മയും. ആ പശ്ചാത്തലത്തിലാണ് 1985ല്‍ ജക്കാര്‍ത്തയില്‍ അഞ്ചും തൊട്ടടുത്തവര്‍ഷം സോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാലും സ്വര്‍ണമുദ്രകള്‍ ഉഷ ഓടിയെടുത്തത്. 1984ല്‍ ലോസ് ആന്‍ജലസ് ഒളിമ്പിക്‌സില്‍ മെഡല്‍ തൊടാനായില്ലെങ്കിലും ആ ഓട്ടം ചരിത്രമായി. ഒരു പതിറ്റാണ്ടുകാലം വിദേശവേദികളില്‍ ഭാരതത്തിന്റെ സ്വര്‍ണഖനിയായി ഉഷ നിറഞ്ഞു.
ഭാരതം പി.ടി. ഉഷയെ സമുചിതമായി ആദരിച്ചു. അന്ന് ഒരത്‌ലറ്റിന് നല്‍കാവുന്ന പരമാവധി ബഹുമതികള്‍ നല്‍കി. 1986ല്‍ മഹത്തായ നേട്ടങ്ങള്‍ക്ക് ശേഷം പിറന്ന നാട്ടിലെത്തിയ ഉഷയ്ക്ക് മുഖ്യമന്ത്രി കരുണാകരന്റെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറയില്‍ വരവേല്‍പ്പ് നല്‍കി. കായിക സ്‌നേഹികള്‍ നാടാകെ സ്വീകരണവും നല്‍കി. അതിനപ്പുറം അധികമൊന്നുമുണ്ടായില്ല. പരിക്കുമൂലം തുടര്‍വര്‍ഷങ്ങളില്‍ ഉഷയുടെ പ്രകടനത്തില്‍ ഇടര്‍ച്ചയുണ്ടായപ്പോള്‍ ഒരത്‌ലറ്റിന്റെ കായിക ജീവിതത്തില്‍ അത്തരം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെന്ന വസ്തുത മറന്ന് അവരെ വിമര്‍ശിക്കാനും തള്ളിപ്പറയാനും ഉത്സുകരായത് ഇന്നാട്ടിലെ കായികനേതൃത്വമടക്കമുള്ളവരാണ്. ആദ്യകാലത്തെ സ്തുതി വചനങ്ങള്‍ വാക്ശരങ്ങളായി. പി.ടി.ഉഷയെന്ന അതുല്യപ്രതിഭ ഏറെ വേദനിച്ച നാളുകളായിരുന്നു അത്.
പയ്യോളിയുടെ ഗ്രാമ പരിസരങ്ങളില്‍ ഉഷ ഓടിത്തുടങ്ങിയ കാലത്ത് ഇന്നുകാണുന്ന പശ്ചാത്തല സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഓടിത്തെളിയാന്‍ ഭരണകൂട പിന്തുണയില്ലായിരുന്നു. നാട്ടില്‍ നല്ല ട്രാക്കുകള്‍പോലും ഉണ്ടായിരുന്നില്ല. കേരളത്തില്‍ നാലോ അഞ്ചോ എയ്ഡഡ് കോളേജ് മാനേജ്‌മെന്റുകളുടെ ഉത്സാഹത്തിലായിരുന്നു അത്‌ലറ്റിക്‌സ് രംഗം അല്ലലില്ലാതെ പുലര്‍ന്നുപോയത്. ഓ.എം.നമ്പ്യാര്‍ എന്ന സമര്‍പ്പിതനും സമര്‍ത്ഥനുമായ പരിശീലകനാണ് ഉഷയിലെ അസാമാന്യസിദ്ധിയെ തെളിച്ചെടുത്തത്. അങ്ങനെയാണ് കേരളവും ഭാരതവും പുരസ്‌കാരങ്ങളാല്‍ അഭിമാനപൂരിതമായത്.
അക്കാലത്ത് കായികരംഗത്തോട് കേരളത്തിന്റെ മനോഭാവം പൊതുവെ ഉദാസീനമായിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ ഭരണാധികാരികള്‍ക്കും കായിക നേതൃത്വത്തിനും ഉഷയുടെ വളര്‍ച്ചയില്‍ എടുത്തു പറയാവുന്ന പങ്കൊന്നുമുണ്ടായിരുന്നില്ല. 1978ല്‍ കൊല്ലം ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ തുടങ്ങിവച്ച കുതിപ്പ് കൂടുതല്‍ ആവേശത്തില്‍ തുടര്‍ന്നപ്പോള്‍ മാത്രമാണ് സംസ്ഥാനതല അംഗീകാരങ്ങള്‍ ഉഷയെത്തേടിയെത്തിയത്.
ലോസ് ആഞ്ചലസില്‍ നൊടിനേരമാത്ര വ്യത്യാസത്തില്‍ കിട്ടാതെപോയ മെഡലിന്റെ തപിപ്പിക്കുന്ന ഓര്‍മ്മകള്‍ എക്കാലവും ഉഷയെ പിന്തുടര്‍ന്നിട്ടുണ്ടാകണം. അതുകൊണ്ടാണല്ലോ, തനിക്ക് കിട്ടാതെ പോയത് സാദ്ധ്യമാക്കാനുള്ള കഠിനപ്രയത്‌നത്തിനായി അവര്‍ ഇറങ്ങിപ്പുറപ്പെട്ടതും. ആ പരിശ്രമത്തിന്റെ ഫലസിദ്ധിയാണ് കോഴിക്കോട് കിനാലൂരില്‍ കുട്ടികള്‍ക്ക് അത്‌ലറ്റിക്‌സ് പരിശീലന കേന്ദ്രമായിത്തുടങ്ങിയ ഉഷാ സ്‌പോര്‍ട്‌സ് സ്‌കൂള്‍. 2010ല്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ കെഎസ്‌ഐഡിസിയുടെ പാട്ടഭൂമിയിലെ ട്രാക്കില്‍ നിന്നാണ് ടിന്റു ലൂക്കയും ജസ്‌നാമാത്യുവും അടക്കമുള്ളവര്‍ രൂപപ്പെട്ടതും രാജ്യത്തിന്റെ അഭിമാനമായതും. ഉഷയുടെ കായിക സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണമാണ് കിനാലൂരില്‍ സഫലമായത്.
പി.ടി. ഉഷയുടെ ട്രാക്കിലെ അനുഭവ സമ്പത്ത് അളവില്ലാത്തതായിട്ടും, ഫലപ്രദമായി അതുപയോഗിക്കാനും സംസ്ഥാനത്തിന്റെ കായികവികസനത്തിന് മുതല്‍ക്കൂട്ടാക്കാനും ഇവിടുത്തെ കായിക കാര്യകര്‍ത്താക്കളോ, ഭരണനേതൃത്വമോ നാളിതുവരെ ശ്രമിച്ചതായി അറിവില്ല. കേരളത്തില്‍ കായിക നടത്തിപ്പുകളില്‍, ഇക്കാലത്തിനിടയില്‍, ഉഷയെ ബന്ധപ്പെടുത്തിയതായി അനുഭവവുമില്ല. സംസ്ഥാനത്തു ആവശ്യമായ പിന്തുണകിട്ടാത്തതിനാല്‍ അന്താരാഷ്ട്ര പ്രശസ്തയായ അത്‌ലറ്റ് അഞ്ജുബോബി ജോര്‍ജ് പരിശീലന നിര്‍വ്വഹണത്തിനായി കര്‍ണാടകത്തിലേക്ക് പോകേണ്ടി വന്ന അനുഭവം മലയാളിക്ക് മുന്നിലുണ്ട്.
ശത്രുപക്ഷത്ത് നിര്‍ത്തരുത്
വല്‍സമ്മയും, ഉഷയും, ഷൈനി വില്‍സനും, മോളി ചാക്കോയും, പ്രീജാ ശ്രീധരനുമെല്ലാം ഭാരതത്തിന്റെ അത്‌ലറ്റിക്‌സ് രംഗത്ത് തിളങ്ങി നിന്ന ഒരു കാലം ഓര്‍മ്മയിലുണ്ട്. അവര്‍ക്ക് പിന്‍മുറക്കാരായി പെണ്‍കുട്ടികള്‍ കേരളത്തില്‍ വളര്‍ന്ന് വരാത്തതിന്റെ അന്വേഷണം ഇവിടുത്തെ കായിക ഭരണ നിര്‍വ്വാഹകരുടെ കെടുകാര്യസ്ഥതയില്‍ കൊണ്ടെത്തിക്കും. ഭിന്നിപ്പിച്ചു ഭരിക്കുന്നതില്‍ വിദഗ്ദ്ധരായ കായിക നേതൃത്വവും അവരെ പരിപാലിക്കുന്ന രാഷ്ട്രീയ നേതൃത്വവും ഒന്നിച്ചു നീങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇനിയും പന്തിയാകാന്‍ തരമില്ല. പടലപ്പിണക്കങ്ങളും ഉപജാപങ്ങളും സംസ്ഥാനത്തിന്റെ കായിക വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുക തന്നെ ചെയ്യും. ഇവിടെ ഈ കുറിപ്പിനാധാരം, സംസ്ഥാന ഭരണ നേതൃത്വം പി.ടി. ഉഷയോട് കാട്ടുന്ന നീരസം തന്നെയാണ്. കേരളം ജന്മം കൊടുത്ത എക്കാലത്തേയും മികച്ച കായിക പ്രതിഭയെ ശത്രുപക്ഷത്ത് നിര്‍ത്തി അപഹസിക്കാന്‍ ഭരണപക്ഷത്ത് നിന്നും ശ്രമങ്ങളുണ്ടാകുന്നു. അവര്‍ രൂപം കൊടുത്ത കായിക പരിശീലന കേന്ദ്രത്തിന്റെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകുന്നു. അതിനെതിരെയുള്ള സൗമ്യമായ പ്രതികരണങ്ങളെ കായികമന്ത്രി തന്നെ പരിഹസിക്കുന്നു ‘പണമില്ലാത്തവന്‍ കളികാണേണ്ട’ എന്ന തിരുവചനം മൊഴിഞ്ഞയാളില്‍ നിന്നും നിഷേധത്തിന്റെ വാക്കുകള്‍ മാത്രമേ പൊതുസമൂഹം പ്രതീക്ഷിക്കുന്നുള്ളൂ. എന്നാല്‍ ഓര്‍ക്കാപ്പുറത്ത് മന്ത്രിസ്ഥാനമെന്ന ഭാഗ്യം കിട്ടിയ സാദാ രാഷ്ട്രീയക്കാര്‍ ഓര്‍ക്കേണ്ടത് പി.ടി. ഉഷയെന്ന അസാമാന്യ പ്രതിഭയുടെ ഔന്നത്യമാണ്. അവര്‍ രാഷ്ട്രത്തിനായി നല്‍കിയ സമര്‍പ്പണമാണ്; സഹിച്ച ത്യാഗങ്ങളും അനുഭവിച്ച ആത്മസംഘര്‍ഷങ്ങളുമാണ്. ‘പരാതി ദല്‍ഹിയില്‍പ്പോയിപ്പറയാതെ, പഞ്ചായത്തില്‍ പറഞ്ഞാല്‍പ്പോരെ’ എന്നു പറഞ്ഞു കളിയാക്കാന്‍ വിവരക്കേടൊന്നുമാത്രം മതി.
അടുത്തകാലത്ത് മലയാളികള്‍ക്കാകെ സന്തോഷമുണ്ടാക്കുന്ന ഒരു വാര്‍ത്ത വന്നു – ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അദ്ധ്യക്ഷയായി പി.ടി. ഉഷ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയക്കാരും വ്യവസായികളും പതിവായി കയറി ഇറങ്ങിയ ഒരു സ്ഥാനത്ത് കായിക സമൂഹത്തില്‍ നിന്ന് ആദ്യമായൊരാളെത്തുന്നു. ഭാരതം പൊതുവെ തീരുമാനം സ്വാഗതം ചെയ്തു. ഒരു മലയാളി കായിക നടത്തിപ്പിന്റെ പരമോന്നതസ്ഥാനത്ത് വരുമ്പോള്‍ ഇന്നാട്ടില്‍ നിന്നും അഭിനന്ദന പ്രവാഹമുണ്ടാകേണ്ടതാണ്. മലയാളനാട്ടില്‍ നിന്നും അങ്ങനെ ഒന്നുണ്ടായതായി കേട്ടില്ല. ഒരു നല്ല വാക്ക് പറയാതെ കേരളം മുഖം കനപ്പിച്ചിരുന്നു. ഭരണ-പ്രതിപക്ഷ നേതൃത്വങ്ങള്‍ പക്ഷഭേദമില്ലാതെ വാപൂട്ടിനിന്നു. വികെഎന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘നീചന്മാര്‍ ഉരിയാടിയില്ല’. വരുതിക്ക് നില്‍ക്കുന്നവര്‍ക്ക് വരം കൊടുക്കുന്നതാണല്ലോ ഇവിടുത്തെ നടപ്പു രീതി.
നമുക്കൊന്നുമാത്രമോര്‍ക്കാം. പി.ടി.ഉഷ കേവലമൊരു വ്യക്തിമാത്രമല്ല; അവര്‍ ഒരു പ്രതീകമാണ്. ഭാരതത്തിന്റെ കായിക കരുത്തിന്റെ ദീപ്തമായ പ്രതീകം. കഠിനാദ്ധ്വാനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഉദാത്ത മാതൃക. അവര്‍ തെരഞ്ഞെടുത്ത വഴി ഭാരതത്തിന്റെ ആത്മനിര്‍ഭരതക്ക് വേണ്ടിയുള്ളതാണ്. ഒരുപാട് കുരുന്നുകള്‍ ഉഷ രാജ്യത്തൊട്ടാകെ രൂപപ്പെടുത്താന്‍ പോകുന്ന കളിയിടങ്ങളില്‍ നിന്നും ഉയരേണ്ടതുണ്ട്. അവര്‍ അതിനായി അവരുടെ വഴി തേടുമ്പോള്‍ നിഷേധസ്വരങ്ങളുയര്‍ത്തി അവരെ തടസ്സപ്പെടുത്താതിരിക്കുക. അതുതന്നെയാണ് കേരളസമൂഹം ആഗ്രഹിക്കുന്നതും.
Comments