സാങ്കേതികവിദ്യ ലോകം കീഴടക്കി മുന്നോട്ട് കുതിക്കുന്ന കാലഘട്ടത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയ ലോകത്തെ കൈക്കുള്ളിലാക്കി മുന്നോട്ട് പായുമ്പോള്‍ ഇവ സൃഷ്ടിച്ച ആശയവിനിമയ വിപ്ലവത്തിന്റെ ആശയക്കുഴപ്പത്തെക്കുറിച്ചും ആഴപ്പരപ്പിനെക്കുറിച്ചുമാണ് ഇന്ന് ലോകം ഭീതിയോടെ നോക്കി കാണുന്നത്.
എല്ലാം നിമിഷനേരം കൊണ്ട് നമ്മുടെ കൈക്കുമ്പിളിലെത്തുമ്പോള്‍ നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷനേരത്തിനും ലഭിക്കുന്ന വരുമാനത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയകള്‍ ചിന്തിക്കുന്നത്. വ്യക്തമാക്കി പറഞ്ഞാല്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവിടുന്ന നിമിഷങ്ങളെ നമ്മള്‍ സോഷ്യല്‍ മീഡിയകള്‍ക്കുള്ള വരുമാനമാക്കി മാറ്റി കൊടുക്കുന്നു. ആശയവിനിമയത്തിന് ഉപയോഗിച്ചു തുടങ്ങിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകള്‍ ഇന്ന് മനുഷ്യന്റെ ഓരോ നിമിഷനേരത്തേയും നിയന്ത്രിക്കുന്ന അച്ചുതണ്ടായി മാറി. ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (AI) എന്ന സങ്കേതികവിദ്യ വികാസം പ്രാപിക്കുകയും മനുഷ്യന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ അടിമകളാകുകയും ചെയ്യും എന്ന് നാം സിനിമകളിലൂടെയും ലേഖനങ്ങളിലൂടെയും മനസ്സിലാക്കിയിട്ടുണ്ടാകും. നാളെ എപ്പോഴോ ആകാം ഇത് സംഭവിക്കുക എന്ന സമാധാനത്തിലാകാം നമ്മള്‍ ഇന്ന് ജീവിക്കുന്നത്. എന്നാല്‍ ഇതിനകംതന്നെ നമ്മള്‍ ഇതിന്റെ അടിമകള്‍ ആയിക്കഴിഞ്ഞു എന്ന ഭയാനക സത്യം തിരിച്ചറിയുമ്പോള്‍ ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാം, എന്നാല്‍ അത് യാഥാര്‍ത്ഥ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുംതലമുറയെ എത്രത്തോളം സ്വാധീനിക്കും എന്നതിന് ഉദാഹരണമാണ് ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ തന്നെ 100 മില്യണ്‍ ഉപയോക്താക്കളെ സ്വന്തമാക്കിയ ഛുലി അഹ യുടെ ചാറ്റ് ജിപിറ്റി (chat GPT) എന്ന സാങ്കേതികവിദ്യ.
ഉപയോക്താക്കള്‍ ഉല്പന്നമാകുമ്പോള്‍
If you are not paying for the product, then you are the product.
നിങ്ങള്‍ ഒരു ഉല്‍പ്പന്നം വാങ്ങുന്നതിനു വേണ്ടി പണം നല്‍കുന്നില്ലെങ്കില്‍ ഓര്‍ക്കുക നിങ്ങളാണ് ആ ഉല്‍പ്പന്നം. എങ്ങനെയാണ് നിങ്ങളെ ഒരു ഉല്‍പ്പന്നമാക്കി മാറ്റുന്നത്. ഒരു ദിവസത്തില്‍ മണിക്കൂറുകളോളം സോഷ്യല്‍ മീഡിയകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്നവരാണ് നാം ഓരോരുത്തരും.
ആശയവിനിമയത്തിനുവേണ്ടി നാം ഉപയോഗിക്കുന്ന ഈ സോഷ്യല്‍ മീഡിയകള്‍ക്ക് എവിടുന്നാണ് വരുമാനം കിട്ടുന്നത്? നമുക്ക് ഏവര്‍ക്കും അറിയുന്നതുപോലെ പരസ്യങ്ങള്‍ തന്നെയാണ് ഇവരുടെ വരുമാന മാര്‍ഗ്ഗം. നമ്മുടെ ചുറ്റുപാടുമുള്ള സുഹൃദ് ബന്ധങ്ങളുടെ വലയങ്ങള്‍ പൊട്ടിച്ചുകൊണ്ട് ലോകത്തിന്റെ ഏതോ കോണിലുള്ള അപരിചിതനായ ഒരു വ്യക്തിയെ നമ്മുടെ സുഹൃദ്‌വലയത്തില്‍ ഉള്‍പ്പെടുത്തി അവരുമായി ആശയവിനിമയം നടത്തുന്ന പുതുതലമുറ. വ്യക്തിപരമായ ബന്ധങ്ങള്‍ കണ്ടെത്തി നിലനിര്‍ത്താനുള്ള മനുഷ്യന്റെ ഈ ചേതോവികാരത്തെ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍. ഇതിലൂടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ വില്‍ക്കുന്നത് നമ്മളെതന്നെയാണ്. നമ്മുടെ ജീവിതത്തിന്റെ എത്ര ഭാഗം ഇവയ്ക്ക് വേണ്ടി ചെലവാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ലാഭം കൊയ്യുന്നത്. നമ്മുടെ ശ്രദ്ധയും സാന്നിധ്യവും വല്ലാതെ ആകര്‍ഷിക്കുന്നതിലുപരി നമ്മുടെ സ്വഭാവങ്ങളെയും കാഴ്ചപ്പാടുകളെയും ചിന്താശേഷിയേയും മാറ്റിമറിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത് പെട്ടെന്നുണ്ടാകുന്ന മാറ്റമല്ല. വളരെയധികം സമയമെടുത്ത് ക്രമാനുഗതമായി വരുത്തുന്ന മാറ്റങ്ങളാണ്. എങ്ങനെയാണ് നമ്മള്‍ ഈ മാറ്റത്തിന് ഇരയാകുന്നത്. നാം എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു എന്ന് മനസ്സിലാക്കി നമ്മുടെ സ്വഭാവസവിശേഷതകളെയും കാഴ്ചപ്പാടുകളെയും ചിന്താശേഷിയേയും ഉല്‍പ്പന്നമാക്കി പരിവര്‍ത്തിപ്പിച്ച് വില്പനയ്ക്ക് ഉപയോഗിക്കുന്നു. ഇതിനെ സര്‍വെയലന്‍സ് കാപ്പിറ്റലിസം എന്ന് പറയാറുണ്ട്. മുന്‍പ് സാങ്കേതികവിദ്യ ഉത്പാദിപ്പിച്ചിരുന്നത് വ്യത്യസ്ത ടൂളുകള്‍ ആയിരുന്നെങ്കില്‍, ഇന്ന് ആ ടൂളുകളുടെ സ്ഥാനത്ത് ഉപയോക്താക്കളെ മാനിപ്പുലേറ്റ് ചെയ്യുകയാണ് വന്‍കിട സോഷ്യല്‍ മീഡിയ കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ക്കറ്റിംഗ് സ്റ്റാറ്റജി.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ്, മെസഞ്ചര്‍, സ്‌നാപ്ചാറ്റ്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളുടെ അമരത്ത് സ്ഥാനം പിടിച്ചിരിക്കുന്നത് ഫേസ്ബുക്ക് ആണ്. 2004-ല്‍ പുറത്തിറക്കിയ ഫേസ്ബുക്കിന് ഇന്ന് 2.7 ബില്യണ്‍ സജീവ ഉപയോക്താക്കളാണ് ഉള്ളത്. 2004-ല്‍ നിന്നും വെറും പത്ത് മാസം കൊണ്ട് 1 മില്യണ്‍ ഉപയോക്താക്കളിലേക്കും എട്ടു വര്‍ഷം കൊണ്ട് 1 ബില്യണ്‍ ഉപയോക്താക്കളിലേക്കും പടര്‍ന്നുപന്തലിച്ച ഫേസ്ബുക്ക് 2021 ല്‍ 2.7 ബില്യണ്‍ ഉപയോക്താക്കളിലും 2022 അവസാനമാകുമ്പോള്‍ 3 ബില്യണ്‍ സജീവ ഉപയോക്താക്കളിലും എത്തിനില്‍ക്കുന്നു. 2021 കണക്കുകളനുസരിച്ച് ഫേസ്ബുക്കിന്റെ ദിവസേനയുള്ള സജീവ ഉപയോക്താക്കളുടെ(Daily Active Users – DAUs) എണ്ണം 1.7 ബില്യണ്‍ ആണ്, വര്‍ഷംതോറും 15 ശതമാനം വര്‍ദ്ധനവ്. മാസംതോറുമുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം(Monthly Active Users – MAUs) 2.66 ബില്യണ്‍ ആണ്. വര്‍ഷംതോറും 10 ശതമാനം വര്‍ദ്ധനവ്. ഫേസ്ബുക്കിന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ് 260 മില്യണ്‍, തുടര്‍ന്ന് യുഎസ് (180 മില്യണ്‍), ഇന്‍ഡോനേഷ്യ (130 മില്യണ്‍), ബ്രസീല്‍ (120മില്യണ്‍) എന്നിങ്ങനെയാണ്.
2022ലെ കണക്കനുസരിച്ച് ഫേസ്ബുക്ക് കഴിഞ്ഞാല്‍ ലോകത്ത് രണ്ടാംസ്ഥാനത്തുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് യൂട്യൂബ് (2.5 മില്യണ്‍), വാട്‌സാപ്പ് (2 ബില്യണ്‍), ഇന്‍സ്റ്റാഗ്രാം (2 ബില്യണ്‍), വിചാറ്റ് (1.3 ബില്യണ്‍), ടിക്‌ടോക്ക് (1 ബില്യണ്‍), മെസഞ്ചര്‍ (0.9 ബില്യണ്‍), ടെലഗ്രാം (0.7 ബില്യണ്‍), സ്‌നാപ്ചാറ്റ് (0.6ബില്യണ്‍), ട്വിറ്റര്‍ (0.55 ബില്യണ്‍),പിഇന്ററസ്റ്റ് (0.44 ബില്യണ്‍) എന്നിവ.
ഫേസ്ബുക്കിന്റെ കുടുംബത്തില്‍പ്പെട്ട വാട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയൊക്കെ കൈകാര്യം ചെയ്യാന്‍ 44,942 മുഴുവന്‍ സമയ തൊഴിലാളികളാണ് ഫേസ്ബുക്കിനുള്ളത്.
ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 4.76 ബില്യണ്‍ ആണ് എന്നിരിക്കെ ഫേസ്ബുക്കിന് ഓരോ ദിവസവും 5 ലക്ഷം പുതിയ ഉപയോക്താക്കളും ഓരോ സെക്കന്‍ഡിലും ആറ് പുതിയ ഉപയോക്താക്കളുമാണ് ഉണ്ടാകുന്നത്. വളരെ ചുരുങ്ങിയ കാലയളവില്‍ ലോകത്തെ യുവത്വത്തെ കയ്യിലെടുത്ത സോഷ്യല്‍ മീഡിയയാണ് 2017 – ല്‍ പുറത്തിറങ്ങിയ ടിക്‌ടോക്ക്. ലോകത്ത് 154 രാജ്യങ്ങളായി 1 ബില്യണ്‍ ഉപയോക്താക്കളാണ് ടിക്‌ടോക്കിന് ഉള്ളത്. വീഡിയോ പ്രാധാന്യത്തോടെ തുടങ്ങിയ ടിക്‌ടോക്കിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ, 2020 കണക്കനുസരിച്ച് 200 മില്ല്യണിലധികം. യുവാക്കളും കുട്ടികളുമാണ് ടിക്‌ടോക്ക് ഉപയോക്താക്കളില്‍ അധികവും. സെക്‌സ്, ലഹരി, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങള്‍ തുടങ്ങി കുട്ടികളുടെ ഭാവിയെ നശിപ്പിക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ചെനീസ് ആപ്പായ ടിക്‌ടോക്ക് ഇന്ത്യയില്‍ നിരോധിച്ചു.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യംവെച്ച്, മനുഷ്യ ബുദ്ധിയും പ്രതികരണവും ആവശ്യമുള്ള പ്രവൃത്തികള്‍ കമ്പ്യൂട്ടറിനെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ വേണ്ട ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി എന്ന വിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള അല്‍ഗോരിതങ്ങള്‍ ഉപയോക്താക്കളെ പരസ്യദാതാക്കള്‍ക്ക് മുന്നില്‍ എത്തിക്കുന്നു. ചുരുങ്ങിയകാലം കൊണ്ട് ടെക് ലോകത്ത് ജനപ്രിയമായ വെര്‍ച്വല്‍ അസിസ്റ്റന്റാണ് ആമസോണിന്റെ അലക്‌സ. അമസോണ്‍ ഇക്കോ സ്മാര്‍ട്ട് സ്പീക്കര്‍ വഴി നമ്മള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ മനസ്സിലാക്കി മറുപടി നല്‍കുന്ന അലക്‌സ ഗൂഗിള്‍ – അസിസ്റ്റന്റ്, ആപ്പിള്‍ -സിറി, മൈക്രോസോഫ്റ്റ് – കോര്‍റ്റാന പോലുള്ള എതിരാളികള്‍ക്ക് മുന്നില്‍ ആമസോണിന് മേല്‍ക്കൈ നല്‍കി എന്ന് തന്നെ പറയാം. ഉപയോക്താവ് ഏത് വികാരത്തിലാണ് സംസാരിക്കുന്നത് അതിന് അതേ രീതിയില്‍ പ്രതികരിക്കാനുള്ള സംവിധാനത്തിനായി അലക്‌സ ഇമോഷണ്‍ ഇന്‍-കോര്‍പ്പറേറ്റ് ന്യൂറല്‍ ടിടിസി എന്ന സംവിധാനം ഉപയോഗിക്കുമ്പോള്‍ ഒരു ചെറിയ സ്പീക്കര്‍ രൂപത്തിലുള്ള അലക്‌സയുടെ ഒരുപാട് ഉപയോഗങ്ങള്‍ നമുക്ക് പറയാന്‍ സാധിക്കും. എന്നാല്‍ നമ്മുടെ വീടിനുള്ളില്‍ കിടപ്പുമുറിയില്‍ ഉപയോഗിക്കുന്ന അലക്‌സ നമ്മള്‍ സംസാരിക്കുന്നതെല്ലാം ഒപ്പിയെടുക്കുന്നു. ഇവ പരസ്യദാതാക്കള്‍ക്ക് കൈമാറുന്നു എന്ന ഭീകരമായ സത്യം നാം മനസ്സിലാക്കണം.
ഉപയോക്താക്കളുടെ ഡേറ്റയെ വളരെ കൃത്യതയോടെയും ബുദ്ധിപരമായും ഉപയോഗപ്പെടുത്തുന്നതിന് അല്‍ഗോരിതങ്ങള്‍ ഉണ്ട്. ഓരോ ഉപയോക്താവിന്റെയും സമയം പൂര്‍ണ്ണമായും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലേക്ക് ചെലവഴിക്കാനാണ് യൂട്യൂബിലും ഫേസ്ബുക്കിലും ‘ഓട്ടോപ്ലേ ‘എന്ന സംവിധാനം ഉപയോഗിച്ചിരിക്കുന്നത്.
ഇങ്ങനെ ഉപയോക്താക്കളുടെ പരമാവധി സമയം കൈക്കലാക്കാന്‍ ഇത്തരം നിരവധി ഫീച്ചറുകള്‍ രൂപപ്പെടുത്തുകയും ഇവ നിരന്തരം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. കൂടാതെ മാനുഷിക വികാരങ്ങളെ അതിതീവ്രമായി മാനിപുലേറ്റ് ചെയ്യുകയും ഒരു തിരിച്ചുപോക്ക് സാധ്യമാകാത്തവിധം ഉപയോക്താക്കളെ കുരുക്കിയിടുകയും ചെയ്യുന്നു.
എന്താണ് അല്‍ഗോരിതം
അല്‍ഗോരിതം എന്നത് ഒരു നിര്‍ദ്ദിഷ്ട ചുമതല നിര്‍വ്വഹിക്കുന്നതിന് രൂപകല്പന ചെയ്ത ഒരു കൂട്ടം നിര്‍ദ്ദേശങ്ങളാണ്. ഉദാഹരണ ത്തിന് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ ഒരു വാക്ക് എഴുതി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തിയാല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. എഴുതുന്ന വാക്കിനുള്ള വിവരങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ ‘Result Not Found’ എന്ന് എഴുതി കാണിക്കുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ അല്‍ഗോരിതങ്ങള്‍ ഫംഗ്ഷനുകളായി സൃഷ്ടിക്കപ്പെടുന്നു.
ഫേസ്ബുക്ക് അല്‍ഗോരിതങ്ങള്‍ സ്ഥായിയല്ല. എഞ്ചിനീയര്‍മാര്‍ നിരന്തരം അല്‍ഗോരിതങ്ങള്‍ക്ക് മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു.ആയിരക്കണക്കിന് ഡേറ്റാ പോയിന്റുകളാണ് അല്‍ഗോരിതങ്ങളില്‍ ഉപയോഗിക്കുന്നത്, ഇവയെ റാങ്കിംഗ് സിഗ്‌നല്‍സ് (Ranking Signals) എന്നാണ് പറയുന്നത്. ഉപയോക്താക്കള്‍ എന്ത് കാണണം എന്ന ഫേസ്ബുക്കിന്റെ തീരുമാനം അനുസരിച്ച് വര്‍ഷങ്ങളായി അല്‍ഗോരിതങ്ങള്‍ ചേര്‍ക്കപ്പെടുന്നു, നീക്കപ്പെടുന്നു, പരമിതപ്പെടുത്തുന്നു. ഫേസ്ബുക്കിലെ അല്‍ഗോരിതങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍
* 2015 ല്‍ പുറത്തിറക്കിയ ‘See First’ എന്ന അല്‍ഗോരിതം. നമ്മള്‍ ലൈക്ക് ചെയ്യുന്ന പേജുകളുടെ പോസ്റ്റുകള്‍ ഫേസ്ബുക്ക് ഫീഡില്‍ ആദ്യം തെളിഞ്ഞു കാണും.
* 2016 ല്‍ പുറത്തിറക്കിയ ‘time spent’ ഉപയോക്താക്കള്‍ Like ചെയ്യാത്തതോ Share ചെയ്യാത്തതോ ആയ പോസ്റ്റുകളില്‍ പോലും എത്ര സമയം വിനിയോഗിക്കുന്നു എന്ന് കണക്ക് എടുക്കുന്നു. ഉപയോക്താക്കളുടെ ഓരോ നിമിഷനേരത്തിനും ഇവിടെ വില നിശ്ചയിക്കപ്പെടുന്നു.
* 2019 ല്‍ പുറത്തിറക്കിയ”high quality, original video” ഉപയോക്താക്കള്‍ക്ക് മുന്നില്‍ ഒരു മിനിറ്റിനും മൂന്ന് മിനിറ്റിനും മുകളില്‍ കൂടുതല്‍പേര്‍ കണ്ട വീഡിയോകള്‍ ആദ്യം തെളിഞ്ഞു കാണും.
*2021 ല്‍ ഫേസ്ബുക്ക് അല്‍ഗോരിതം രൂപകല്പന ചെയ്തത് ജനപ്രീതി, സമീപകാല സാഹചര്യം, ഉള്ളടക്കം, ബന്ധങ്ങള്‍ എന്നീ നാല് റാങ്കിംഗ് സിഗ്‌നലുകളെ അടിസ്ഥാനമാക്കിയാണ്.
* 2022 ല്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും വിജ്ഞാനപ്രദവും അര്‍ത്ഥവത്തായതുമായ ഉള്ളടക്കം കാണിക്കാനും പ്ലാറ്റ്‌ഫോം വിടാനുള്ള സാധ്യത കുറയ്ക്കാനുമുള്ള അല്‍ഗോരിതമാണ് രൂപകല്പന ചെയ്തത്.
ട്വിറ്റര്‍, ടിക്‌ടോക് പ്ലാറ്റ്‌ഫോമുകള്‍ വരാനിരിക്കുന്ന ആഘോഷങ്ങള്‍,അവധി ദിനങ്ങള്‍, പരിപാടികള്‍ എന്നിവ ഉപയോക്താക്കളെ കൂടുതല്‍ ഇടപെടലുകള്‍ക്ക് വിധേയമാക്കാന്‍ 2023 മാര്‍ക്കറ്റിംഗ് കലണ്ടര്‍ രൂപകല്പന ചെയ്തിരിക്കുന്നു.
ഇന്‍സ്റ്റാഗ്രാം 2022 ല്‍ കൂടുതലായും വീഡിയോകള്‍ക്കും റീലുകള്‍ക്കും പ്രാധാന്യം നല്‍കി, എന്നാല്‍ 2023 ല്‍ വീണ്ടും സ്റ്റില്‍ ഫോട്ടോകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഇന്‍സ്റ്റാഗ്രാം സി.ഇ.ഒ ആദം മൊസ്സേരി തീരുമാനിച്ചിരിക്കുന്നു.
ഇത്തരത്തില്‍ മനുഷ്യനെ ഉല്പന്നമായി കണ്ട് അവന്റെ മനസ്സും സമയവും ബന്ധങ്ങളും സ്വഭാവ സവിശേഷതകളും ചൂഷണം ചെയ്യാനുള്ള അല്‍ഗോരിതങ്ങളാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ നിര്‍മ്മിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന ഓരോരുത്തരും ലൈക്ക് / ഷെയര്‍ /കമന്റ് / ടാഗ് /ഫോളോ ചെയ്യുന്നത് കൃത്യമായി മനസ്സിലാക്കി അവരുടെ അഭിരുചിക്കനുസരിച്ച് രൂപപ്പെടുത്തിയ റെക്കമെന്റേഷനുകളിലൂടെ ഉപയോക്താക്കളെ സ്വാധീനിക്കുകയും ഇതിലൂടെ പരസ്യദാതാക്കളുടെ നിരന്തര ഇരകളാക്കി മാറ്റുകയും ചെയ്യുന്നു. നമ്മള്‍ ഇഷ്ടപ്പെട്ട് ലൈക്ക് / ഷെയര്‍ / കമന്റ് / ടാഗ് /ഫോളോ ചെയ്യുന്ന ഒരു പോസ്റ്റ്, അത് ചിലപ്പോള്‍ സ്‌പോര്‍ട്‌സിനെക്കുറിച്ചായിരിക്കാം, സിനിമയെക്കുറിച്ചായിരിക്കാം, വാഹനങ്ങളെക്കുറിച്ചായിരിക്കാം, എന്തുമാകട്ടെ നിമിഷങ്ങള്‍ക്കകം നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് ബന്ധപ്പെട്ട നിരവധി പോസ്റ്റുകള്‍ കാണാന്‍ സാധിക്കും. നമ്മള്‍ വീണ്ടും ആ പോസ്റ്റുകളിലൂടെ സമയം ചെലവഴിക്കുന്നു. ‘Keep People Engaged’ എന്നതാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ തന്ത്രം, അതിലൂടെയാണ് അവര്‍ വരുമാനം നേടുന്നത് . ഫേസ്ബുക്കില്‍ നമ്മള്‍ വിരലുകൊണ്ട് സ്വയ്പ് ചെയ്യുന്ന ഓരോ റിഫ്രഷിലും ഓരോ പുതിയ പോസ്റ്റുകള്‍ നമുക്ക് മുന്നിലെത്തുന്നു. നമ്മള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കുന്ന സമയം നമ്മുടെ ഡിവൈസിലേക്ക് നോട്ടിഫിക്കേഷനുകള്‍ വരുന്നത് നാം കാണാറുണ്ട്. നമ്മള്‍ ആ നോട്ടിഫിക്കേഷനുകള്‍ ഓപ്പണ്‍ ചെയ്ത് വീണ്ടും എന്‍ഗേജ്ഡ് ആകുന്നു. നോട്ടിഫിക്കേഷനുകള്‍ ഉപയോക്താക്കളെ പരസ്യദാതാക്കളുടെ അടിമകളാക്കി മാറ്റാനുള്ള ടൂളാക്കി മാറ്റുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നമ്മള്‍ ദൈനംദിന പ്രക്രിയയിലേക്ക് മുഴുകിയിരിക്കുന്ന സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്ക് ശേഷവും നമ്മള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കാതിരുന്നാല്‍ നമ്മെ സോഷ്യല്‍ നെറ്റ്വര്‍ക്ക് ലോകത്തേക്ക് തള്ളിയിടാന്‍ വരുന്ന ഭീകരനായ ദൂതനാണ് നോട്ടിഫിക്കേഷന്‍. ഇത് വായിക്കുമ്പോള്‍ നമുക്ക് തന്നെ തോന്നാം നമ്മുടെ ഫോണില്‍ നോട്ടിഫിക്കേഷന്‍ വന്നാല്‍ നമ്മള്‍ അത് തുറന്നുനോക്കാതിരിക്കുമോ എന്ന കാര്യം ഇങ്ങനെ നമ്മുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.
ChatGPT
ഓപ്പണ്‍ എ.ഐ (Open AI) എന്ന ഗവേഷണ വിന്യാസ കമ്പനിയുടെ ഉല്പന്നമാണ് ChatGPT (Chat Generative Pre-trained Transformer).ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എല്ലാ മനുഷ്യരാശിക്കും പ്രയോജനപ്പെടുത്തുക എന്നതാണ് Open Alയുടെ ദൗത്യം എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (Artificial General Intelligence – AGI ) സാമ്പത്തികമായി ഏറ്റവും മൂല്യവത്തായ ജോലികളില്‍ മനുഷ്യരെ മറികടക്കുന്ന ഉയര്‍ന്ന സ്വയംഭരണ സംവിധാനങ്ങളാണ്. എഐയുടെ സഹായത്തോടെ ഉപഭോക്താക്കളോട് വാക്കുകളുടെ (text) രൂപത്തില്‍ ആശയവിനിമയം നടത്താനാവുന്ന ഒരു ചാറ്റ് ബോട്ടാണ് ChatGPT. ചാറ്റ് ബോട്ട് (chatbot) എന്നാല്‍ എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ്. ഇവയ്ക്ക് മനുഷ്യരെപ്പോലെ തന്നെ സംവദിക്കാന്‍ സാധിക്കും. മനുഷ്യരാശിക്ക് ശാരീരികമായി ചെയ്യാന്‍ സാധിക്കുന്ന പ്രവൃത്തികള്‍ ഒഴിച്ച് മറ്റെല്ലാം ചെയ്യാന്‍ സാധിക്കും എന്ന് അവകാശവാദമാണ് ഇതിന്റെ പ്രത്യേകതയും ഭീകരതയും.2022 നവംബര്‍ 30 നാണ് ChatGPT യുടെ പ്രോട്ടോടൈപ്പ് വേര്‍ഷന്‍ ലോഞ്ച് ചെയ്തത്. എല്ലാ ഡൊമൈനുകളെയും അടിസ്ഥാനമാക്കിയുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായതും വിശദമായതുമായ പ്രതികരണമാണ് ചാറ്റ് ജിപിറ്റി യുടെ പെട്ടെന്നുള്ള ജനപ്രീതിക്ക് കാരണം. ആദ്യ ആഴ്ച കൊണ്ട് 1 മില്യണ്‍ ഉപയോക്താക്കളെയും ആദ്യ മാസം കൊണ്ട് 57 മില്യണ്‍ ഉപയോക്താക്കളെയും രണ്ട് മാസം കൊണ്ട് 100 മില്യണ്‍ ഉപയോക്താക്കളെയും സ്വന്തമാക്കാന്‍ ഇവമഏേജഠ യ്ക്ക് കഴിഞ്ഞു. ഗൂഗിളിന്റെ വില്ലനാകുമോ ചാറ്റ് ജിപിറ്റി എന്നതാണ് ഇന്ന് സാങ്കേതികലോകത്തെ ചര്‍ച്ചാ വിഷയം.
ChatGPT എന്തെല്ലാം ചെയ്യും
കമ്പ്യൂട്ടര്‍ കോഡുകള്‍, ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, അസൈന്‍മെന്റുകള്‍, പ്രോജക്റ്റുകള്‍, പഠനവും വിശകലനവും, ഗണിതപ്രശ്‌നങ്ങള്‍ തുടങ്ങിയവ.നിമിഷ നേരത്തില്‍ വളരെ എളുപ്പത്തില്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ എത്തുമ്പോള്‍ സന്തോഷം തോന്നുമെങ്കിലും വരും തലമുറയുടെ ചിന്താശേഷി മരവിപ്പിക്കുന്ന നീക്കത്തിലേക്കാണ് നാം പോകുന്നത് എന്ന് ചിന്തിക്കണം. വൈറ്റ് കോളര്‍ ജോലി ചെയ്യുന്ന 90% പേരുടെയും, ജോലി ചെയ്യാന്‍ സാധിക്കുന്ന കുട്ടികളുടെയും ബുദ്ധിയും ചിന്തയും മരവിപ്പിക്കുന്ന സാങ്കേതികവിദ്യയായി ChatGPT മാറുമോ എന്ന ഭയം എല്ലാവരിലുമുണ്ട്. പണ്ട് നമ്മുടെ വീട്ടിലെ ഫോണ്‍ നമ്പര്‍, ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ എല്ലാം നാം ഓര്‍ത്തു വെച്ചിരുന്നു. എന്നാല്‍ ഇന്ന് സ്വന്തം ഫോണ്‍ നമ്പര്‍ പോലും ഓര്‍ത്തു വെയ്ക്കാന്‍ നമ്മുക്ക് സാധിക്കുന്നില്ല.
നീരാളിപ്പിടുത്തത്തില്‍ പുതുതലമുറ
മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ കരഞ്ഞ് വാശി പിടിക്കുമ്പോള്‍ അവരുടെ കൈകളിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വെച്ചുകൊടുക്കുന്ന അമ്മമാരെ നമുക്ക് ഈ തലമുറയില്‍ കാണാം. ചെറുപ്രായത്തില്‍ തന്നെ സ്മാര്‍ട്ട്‌ഫോണുകളുടെ കയത്തിലേക്ക് പോകുന്ന കുട്ടികള്‍ ആ നീരാളിപ്പിടുത്തത്തില്‍ നിന്നും ഒരിക്കലും മോചിതരാകില്ല. ഒരു തീന്‍ മേശയുടെ ചുറ്റുമിരുന്ന് ആഹാരം കഴിക്കുമ്പോള്‍ പോലും ഫോണ്‍ ഉപയോഗിക്കുന്ന യുവത്വമാണ് ഇന്നുള്ളത്.
സോഷ്യല്‍ മീഡിയ ലോകത്ത് എന്തും ചെയ്യാന്‍ മുതിരുന്നത് യുവാക്കള്‍ മാത്രമല്ല, കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വാര്‍ദ്ധക്യത്തിലെത്തിയവര്‍ വരെയാണ്. ഒന്ന് ചിന്തിച്ചു നോക്കൂ, സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാത്ത, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ഇന്ന് ചിന്തിക്കാന്‍ സാധിക്കുമോ? കുറച്ചു സമയം ഇവയില്ലാതെ ജീവിക്കാന്‍ എത്രപേര്‍ക്ക് സാധിക്കും? ഇതിനെ നിസ്സാരമായി കാണരുത്, സാധാരണ ഗതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ദോഷഫലങ്ങള്‍ നമ്മള്‍ കരുതുന്നതുപോലെ അപരിചിതരായിട്ടുള്ളവരുടെ സമ്പര്‍ക്കമോ, സാമൂഹികവിരുദ്ധരുടെ കൂട്ടായ്മകളില്‍ അകപ്പെട്ടുപോകുകയോ, ലഹരി മാഫിയയുടെ പിടിയിലാകുന്നതോ, കാഴ്ചവൈകല്യങ്ങള്‍, മാനസിക വൈകല്യങ്ങള്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ മാത്രമല്ല. മറിച്ച് യുവതലമുറയുടെ ഭാവി ജീവിതം തന്നെ നശിപ്പിക്കുന്ന കടുത്ത മാനസിക പ്രശ്‌നങ്ങളിലേക്കും ലോകത്തെ തന്നെ നശിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങളിലേക്കും എത്തിച്ചേരും.
സ്‌നാപ്ചാറ്റ് ഡിസ്‌മോര്‍ഫിയ
അമേരിക്കയില്‍ യുവതി-യുവാക്കള്‍ക്കിടയില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ യുവതികള്‍ എഡിറ്റഡ് സെല്‍ഫികളുടെ ലോകത്താണ് ജീവിക്കുന്നത്. പ്രശസ്തിക്കുവേണ്ടി യുവതികള്‍ സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം പോലുള്ള ഫോട്ടോകള്‍ക്ക് മുന്‍ഗണന നല്‍കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കുന്ന ഫില്‍റ്റെര്‍ എന്ന ടൂള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നിവ നിങ്ങളുടെ സെല്‍ഫിക്ക് ഭംഗികൂട്ടാന്‍ ഫേസ്ടൂണ്‍ ആപ്പ് ഉപയോഗിച്ച് മുഖം മൃദുലമാക്കിയും, പല്ലുകള്‍ക്ക് കൂടുതല്‍ വെളുത്ത നിറം നല്‍കിയും, കണ്ണും ചുണ്ടും വലുതാക്കിയും വേഗത്തില്‍ ലൈക്കും ഷെയറും വാരിക്കൂട്ടി തങ്ങളുടെ സൗന്ദര്യത്തിന് പുതിയൊരു മാനം നല്‍കി ലോകത്തിനുമുന്നില്‍ കാണിക്കുന്നു. ഇങ്ങനെ തങ്ങളുടെ സെല്‍ഫികള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് പുറംലോകത്തെ അഭിമുഖീകരിക്കാന്‍ വളരെ പ്രയാസമായിരിക്കുന്നു. കാരണം, ലോകത്തിന് മുന്നില്‍ അവര്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയിലുള്ള സൗന്ദര്യം യഥാര്‍ത്ഥത്തില്‍ അവര്‍ക്കില്ല എന്ന അപകര്‍ഷതാബോധം, ഇത് പെണ്‍കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു. അമേരിക്കന്‍ അക്കാദമി ഓഫ് ഫേഷ്യല്‍ പ്ലാസ്റ്റിക് ആന്‍ഡ് റികണ്‍സ്ട്രക്റ്റീവ് സര്‍ജറി (AAFPRS) 2017 ല്‍ നടത്തിയ സര്‍വേയില്‍ പ്ലാസ്റ്റിക് സര്‍ജന്മാര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത് പെണ്‍കുട്ടികള്‍ സോഷ്യല്‍മീഡിയയിലും സെല്‍ഫികളിലും കൂടുതല്‍ ഭംഗി വരുത്താന്‍ പ്ലാസ്റ്റിക് സര്‍ജറി ആവശ്യപ്പെടുന്നു എന്നാണ്. യുവതികള്‍ക്കിടയിലുള്ള ഇത്തരം മാനസിക അവസ്ഥയെ ‘സ്‌നാപ്ചാറ്റ് ഡിസ്‌മോര്‍ഫിയ'(Snapchat Dysmorphia)എന്നാണ് പറയുന്നത്. സ്വന്തം മുഖത്തിനോ ശരീരത്തിനോ തൃപ്തിയില്ലാത്ത അവസ്ഥയെയാണ് ഡിസ്‌മോര്‍ഫിയ എന്ന് പറയുന്നത്. ലൈക്കും കമന്റും ഷെയറും വാരിക്കൂട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായി നില്‍ക്കുന്ന യുവതലമുറയാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. സെല്‍ഫി കൊണ്ടുള്ള ലോകത്താണ് അവര്‍ ജീവിക്കുന്നത്.
ലൈക്ക് ബട്ടണ്‍
ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്തിനുവേണ്ടിയാണോ തുടങ്ങിയത് ആ ആശയത്തിന്റെ തലത്തില്‍ നിന്നും മാറി, ഇന്ന് ഫേസ്ബുക്ക് നിര്‍മ്മിച്ചവര്‍ക്ക് തന്നെ ചിന്തിക്കാന്‍ സാധിക്കാത്ത തരത്തില്‍ ഈ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം കൈവിട്ടു പോയിരിക്കുന്നു. ഉദാഹരണത്തിന് ലൈക്ക് ബട്ടണ്‍. ജസ്റ്റിന്‍ റോസ്റ്റീന്‍ എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ഫേസ്ബുക്ക് ലൈക്ക് ബട്ടണ്‍ നിര്‍മ്മിച്ചത്. 2009ല്‍ ലൈക്ക് ബട്ടണ്‍ നിര്‍മ്മിക്കുമ്പോള്‍ അതുകൊണ്ട് ഉദ്ദേശിച്ചത് ലോകത്തിന് സ്‌നേഹവും സന്തോഷവും പോസിറ്റീവ് എനര്‍ജിയും നല്‍കുക എന്നായിരുന്നു. എന്നാല്‍ ഇന്ന് ലൈക്കിനും ഷെയറിനും വേണ്ടി ലോകം പരക്കം പായുന്നു.
ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉടനടി നിര്‍ത്തി വെച്ചാല്‍ ഇന്നത്തെ തലമുറ ഇതുപോലുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ തേടി പോകും. കാരണം അവര്‍ ജീവിക്കുന്നത് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ലോകത്താണ്. ഒന്നല്ലെങ്കില്‍ മറ്റൊന്നിനെ തേടി അവര്‍ തീര്‍ച്ചയായും പോയിരിക്കും. കാരണം അവര്‍ അതിനു അടിമപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
Is social media making less social എന്ന വാചകം ചിന്തിപ്പിക്കുന്നത് മറ്റൊരു ഭീകരമായ മാറ്റത്തെയാണ്. യുവതലമുറയെ സമൂഹം എന്ന കാഴ്ചപ്പാടില്‍ നിന്നും അകറ്റിനിര്‍ത്തുന്ന സാഹചര്യമാണ് ഇനി വരാനിരിക്കുന്നത്. ഒരു സോഷ്യല്‍ മീഡിയ എന്ന ലോകത്ത് മണിക്കൂറുകളോളം മുഴുകിയിരിക്കുന്ന യുവതലമുറ നമുക്ക് ചുറ്റുമുള്ള സമൂഹമെന്ന യഥാര്‍ത്ഥ ലോകത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമാണ് വരാനിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ മറ്റൊരു കോണിലിരിക്കുന്ന അപരിചിതരായ വ്യക്തികളോട് നാം സംസാരിക്കുമ്പോള്‍ പ്രതികരിക്കുമ്പോള്‍ നമുക്കു ചുറ്റുമുള്ള സമൂഹത്തിലെ വ്യക്തികളോട് നേരിട്ട് ഇടപഴകാന്‍ ഒന്ന് സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം യുവതലമുറ ഭയപ്പെടുന്ന കാലം വിദൂരമല്ല. ആശയ വിനിമയത്തിനു വേണ്ടി തുടക്കം കുറിച്ച സോഷ്യല്‍ മീഡിയ ഇന്ന് നമുക്ക് ചുറ്റുമുള്ളവരോട് ആശയ വിനിമയം നടത്താനുള്ള ഒരു സാധാരണ മനുഷ്യന്റെ വ്യക്തിത്വത്തെപ്പോലും കാര്‍ന്നെടുക്കുന്ന വിപത്തായി മാറി. നമ്മുടെ കുടുംബങ്ങളില്‍ നമുക്കുചുറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആസക്തരായ യുവാക്കളില്‍ ഏകാന്തത പിടികൂടിയിരിക്കുന്നു എന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. കുറച്ചു സമയത്തേക്ക് പോലും സോഷ്യല്‍ മീഡിയയില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും അകന്നിരിക്കാന്‍ ഇന്നത്തെ തലമുറക്കാകുമോ? കുട്ടികളെയും യുവാക്കളെ യും പോലെ തന്നെ മുതിര്‍ന്നവരും ഇതിന് അടിമകളാണ് എന്ന് നമുക്കുചുറ്റുമുള്ള സംഭവങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. മനുഷ്യന്‍ ഒരു സാമൂഹികജീവി ആണെന്നുള്ള സത്യം പതിയെ ഇല്ലാതാകുന്നു. വമ്പന്‍ കോര്‍പ്പറേറ്റുകളുടെ ലാഭക്കച്ചവടത്തിന് മുന്നില്‍ എല്ലാ നൈതികതകളും അപ്രത്യക്ഷമാകുന്നു.
മനുഷ്യനെ പരസ്പരം യോജിപ്പിക്കാനായി ഉടലെടുത്ത പല സോഷ്യല്‍ മീഡിയകളും ഇന്ന് ഉപയോക്താക്കളെ ഒരു ഉല്പന്നമായി മാത്രം കണ്ട്, മത്സരബുദ്ധിയോടെ ഉപയോക്താക്കളെ എത്രയധികം നേരം ഈ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തളച്ചിടാന്‍ സാധിക്കും എന്ന ചിന്തയിലാണെന്നാണ് സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍ക്ക് രൂപംനല്‍കിയ ടെക്‌നോളജി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരം ടെക്‌നോളജി വിദഗ്ധര്‍ സ്വന്തം മക്കളെയും വേണ്ടപ്പെട്ടവരെയും ഈ സോഷ്യല്‍ മീഡിയ ലോകത്ത് നിന്നും അകറ്റി നിര്‍ത്തുന്നു. ഇതില്‍ നിന്നും വ്യക്തമായി മനസ്സിലാകുന്നത് ഉപയോക്താക്കളെ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ കുരുക്കിലേക്ക് തള്ളിയിട്ട് പരസ്യ ദാതാക്കളില്‍ നിന്നും പണം വാരിക്കൂട്ടുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട് എന്നാണ്.
രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം
ഭീകരമായ ഈ ലോകത്തുനിന്നും എങ്ങനെ കുട്ടികളെയും യുവത്വത്തെയും രക്ഷപ്പെടുത്താനാവും? നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലോ മറ്റ് ഉപകരണങ്ങളിലോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നോട്ടിഫിക്കേഷന്‍ ബട്ടണ്‍ ഓഫ് ചെയ്തു വയ്ക്കുക. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കൃത്യമായ സമയം നിശ്ചയിക്കുക, കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുന്ന സമയങ്ങളില്‍ പരിപൂര്‍ണമായും സ്മാര്‍ട്ട്‌ഫോണുകള്‍ അകറ്റിനിര്‍ത്തുക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നമുക്ക് മുന്നില്‍ കാണുന്നതില്‍ ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ഫേസ്ബുക്കില്‍ നമുക്ക് ഇഷ്ടപ്പെട്ട ഫോട്ടോ,വീഡിയോ അടങ്ങിയ പോസ്റ്റുകള്‍ക്ക് സമാനമായ മറ്റ് പോസ്റ്റുകളിലേക്ക് ഒരിക്കലും പോകാതിരിക്കുക. ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയവയില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ റിസള്‍ട്ടുകളില്‍ നിന്നും നമ്മുടെ ആവശ്യത്തിനും ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും യോജിക്കുന്നവ മാത്രം തെരഞ്ഞെടുത്ത് ഉപയോഗിക്കുക. സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ ഉയര്‍ത്തുന്ന ഇത്തരം ഭീകര പ്രശ്‌നങ്ങളും വെല്ലുവിളികളും ടെക്‌നോളജി വിദഗ്ധര്‍ക്കിടയില്‍ മാത്രം അറിയുന്ന ഒരു പ്രശ്‌നമായി ചുരുങ്ങരുത്. സമൂഹത്തിലെ എല്ലാവര്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്ന മാതാപിതാക്കള്‍ക്കും ഈ വിഷയത്തെക്കുറിച്ച് അവബോധം ഉണ്ടാക്കേണ്ടതുണ്ട്. കൂടാതെ നിയമപരമായി ഇവയെ നേരിടാന്‍ ശക്തമായ നിയമം രൂപീകരിക്കേണ്ടതാണ്. ഒപ്പം നാം ഓരോരുത്തരും സൂക്ഷ്മതയോടെയും സുരക്ഷയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്ന് മനസ്സിലാക്കുകയും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉല്പന്നമായ അലക്‌സ ഉപയോഗിച്ച ഒരു വ്യക്തിയുടെ അനുഭവം ഇവിടെ സൂചിപ്പിക്കാം. വീട്ടിനുള്ളിലിരുന്ന് തന്റെ കാറിന് പുതിയൊരു ബോഡി കവര്‍ വാങ്ങുന്നതിനെക്കുറിച്ച് സംസാരിച്ച് മിനിറ്റുകള്‍ക്കകം സ്വന്തം സ്മാര്‍ട്ട് ഫോണിലേയ്ക്ക് കാറിന്റെ ബോഡി കവറിന്റെ പരസ്യങ്ങള്‍ വരുന്നത് കണ്ട വ്യക്തി ആദ്യം ആശ്ചര്യപ്പെടുകയും പിന്നെ ഭയപ്പെടുകയും ചെയ്തു. ഇങ്ങനെ നമ്മള്‍ സ്വകാര്യമായി കരുതപ്പെടുന്ന വീടിനുള്ളിലും കിടപ്പുമുറിയിലുമിരുന്ന് സംസാരിക്കുന്നതെല്ലാം കോര്‍പ്പറേറ്റ് കമ്പനികള്‍ ഒപ്പിയെടുക്കുന്നു എന്ന സത്യം നാം മനസ്സിലാക്കണം.
ഇന്ന് 12 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഈ വിപത്തിന് ഏറ്റവും കുടുതല്‍ ഇരയാകാന്‍ പോകുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. നമ്മുടെ കുട്ടികള്‍ അപകടത്തിലല്ല എന്ന് നമ്മള്‍ സ്ഥിരീകരിക്കേണ്ടതായുണ്ട്. സ്മാര്‍ട്ട്‌ഫോണും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കും പൂര്‍ണ്ണമായി ഉപയോഗിക്കാതെ രണ്ട് ദിവസം ഒരു ബുദ്ധിമുട്ടും കൂടാതെ സന്തോഷത്തോടെ നമ്മുടെ കുട്ടികള്‍ക്ക് ഇരിക്കാന്‍ സാധിക്കും എന്ന് നമ്മള്‍ പരീക്ഷിച്ച് ഉറപ്പുവരുത്തേണ്ടതായുണ്ട്. ഇല്ലെങ്കില്‍ ഒരു പക്ഷേ നമ്മുടെ മുന്നില്‍ വെച്ച് തന്നെ നമ്മുടെ കുട്ടികള്‍ പടുകുഴിയില്‍ വീഴുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടതായി വരും.
സാങ്കേതികവിദ്യകള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അത് ഉപയോഗപ്രദമാണ് എന്നാല്‍ അതേ സാങ്കേതികവിദ്യ നമ്മളെ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ അതിനെ കുറിച്ച് നാം കരുതലോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്ടിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാനവികതയെ കുഴിച്ചുമൂടുന്ന വിപ്ലവത്തിന്റെ ചരിത്രമാകാതിരിക്കട്ടെ.
(ബി.ടെക്, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖിക)