ഡിവൈഎഫ്‌ഐ എന്നത് തൊട്ടാല്‍ തെറിക്കുന്ന, കമ്മ്യൂണിസ്റ്റ് വീര്യം പൊട്ടിത്തെറിക്കുന്ന വിപ്ലവ സംഘടനയൊന്നുമല്ല. വിപ്ലവവീര്യം പോയിട്ട് രാഷ്ട്രീയം പോലുമില്ല ആ യുവജനസംഘടനയ്ക്ക്. ദേവസ്വം ക്ഷേത്രങ്ങളില്‍ കൈമണി കൊട്ടി സന്ധ്യാവേളകളില്‍ ഭജന ആലപിക്കുന്ന ഭജനസംഘത്തിന്റെ പേരാണ് ഡിവൈഎഫ്‌ഐ എന്നത്. സംശയിക്കേണ്ട ആ പാര്‍ട്ടിയുടെ തന്നെ നിലപാടാണത്. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായ ഡിഫിയുടെ നേതാക്കളെ നിശ്ചയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടു ഹൈക്കോടതിയില്‍ വന്ന കേസില്‍ ഡിഫിക്കു വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചതിന്റെ ചുരുക്കം ഇതാണ്. ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവര്‍ക്കും അതില്‍ അംഗമാകാമെന്നു അതിന്റെ ഭരണഘടനയില്‍ പറയുന്നുണ്ട്. ദേവസ്വത്തിന്റെ ട്രസ്റ്റിമാരാകാന്‍ ഇതിലും വലിയ മാനദണ്ഡം വേറെ വേണ്ടല്ലോ. ക്ഷുഭിതയൗവനത്തിന്റെ മൊത്തക്കച്ചവടക്കാര്‍ എന്ന് സ്വയം വാദിച്ചവര്‍ അമ്പലം പൊളിച്ചു കപ്പ നടണമെന്നു വാദിച്ചിരുന്നതാണ്. ഇന്നവര്‍ അമ്പലത്തിന്റെ ട്രസ്റ്റിമാരായി ശ്രീകോവിലിനുമുമ്പില്‍ ഭജന സംഘമായി കീര്‍ത്തനം പാടുകയാണ്.
കേരളത്തിന്റെ ദേവസ്വം ഭരണം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ കയ്യിലാണ്. സഖാവ് രാധാകൃഷ്ണനാണ് വകുപ്പു മന്ത്രി. തിരുവിതാംകൂര്‍ ദേവസ്വം ഭരിക്കുന്ന അനന്തഗോപന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടിയായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തുള്ളതും ഉറച്ച സഖാവ് എം.ആര്‍. മുരളിയാണ്. പണ്ട് അമ്പലം പൊളിച്ചു കപ്പ വെക്കാന്‍ പ്രസംഗിച്ചാല്‍ കയ്യടി കിട്ടുമായിരുന്നു. ഇന്ന് അമ്പലം പൊളിക്കുന്നതല്ല, അമ്പലം വിഴുങ്ങുന്നതാണ് പാര്‍ട്ടിയ്ക്ക് ഗുണം എന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രട്രസ്റ്റിമാരില്‍ 99 ശതമാനവും സഖാക്കന്മാരാണ് എന്ന് വാര്‍ത്ത വന്നു കഴിഞ്ഞു. അപ്പോഴാണ് രാഷ്ട്രീയക്കാര്‍ ദേവസ്വം ഭരിക്കണ്ട എന്ന ഹൈക്കോടതി വിധി വന്നത്. ഹൈക്കോടതിയിലെ ബൂര്‍ഷ്വാ ജഡ്ജിമാര്‍ക്ക് ഈ പാര്‍ട്ടിയെ മനസ്സിലായിട്ടില്ല. ഡി.വൈ.എഫ്.ഐയെന്നാല്‍ ഡമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ അല്ല ദേവസ്വം യൂത്ത് ഫെഡറേഷനാണ് എന്നു ഭരണഘടന കണ്ടിട്ടും ബോധ്യപ്പെടാത്ത ജഡ്ജിമാരെ എന്തുചെയ്യണമെന്നു പാര്‍ട്ടിക്കറിയാം. അവരെ കോടതിക്കകത്തും പുറത്തും വെച്ചു കൈകാര്യം ചെയ്യാനും ഭജനസംഘത്തിന് സാധിക്കും.