ശൈവം, വൈഷ്ണവം, ശാക്‌തേയം, സൗരം, ഗാണപത്യം, കൗമാരം എന്നിവ ഭാരതത്തിലെ ഏറ്റവും പഴയ ആരാധനാ സമ്പ്രദായങ്ങളാണ്. ഷണ്‍മതങ്ങള്‍ എന്ന് അവ അറിയപ്പെടുന്നു. ആചരണംകൊണ്ടും തപസ്സുകൊണ്ടും അതിതീവ്രമായതാണ് ശൈവമതം. വൈഷ്ണവ രീതിയിലും താന്ത്രികമായ രീതിയിലും ശൈവാരാധന കാണാം. ഹിമാലയ സാനുക്കളില്‍ തപസ്സുചെയ്യുന്ന നാഗസന്യാസിമാരും ദക്ഷിണേന്ത്യയിലെ ശൈവ സിദ്ധന്മാരും ശൈവോപാസകന്മാരാണ്. വൈദിക സമ്പ്രദായത്തില്‍ രുദ്രന്‍ എന്നും ശിവന്‍ എന്നും വ്യവഹരിയ്ക്കുന്നത് ബ്രഹ്‌മത്തിന്റെ പര്യായം എന്ന രീതിയിലാണ്.
‘രുദ്രസൂക്തം അതി പ്രധാനപ്പെട്ട വൈദികസൂക്തമാണ്. പ്രപഞ്ചത്തിലെ അതി സൂക്ഷ്മങ്ങളെപ്പോലും ഈശ്വരനായി ആരാധിക്കുന്ന മന്ത്രമത്രെ രുദ്രസൂക്തം. ശൈവന്മാര്‍ എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന ചൈതന്യത്തെ ശിവനായി ആരാധിക്കുന്നു, സ്വാംശീകരിക്കുന്നു.
താന്ത്രിക വീക്ഷണത്തില്‍ സ്‌ഫോടത്തെ തുടര്‍ന്നാണ് പ്രപഞ്ചം സൃഷ്ടമാകുന്നത്. സ്‌ഫോടത്തിനു മുന്നെ ശുദ്ധമായ ചൈതന്യം മാത്രമാണ് ഉണ്ടായിരുന്നത്. അതിനെത്തന്നെയാണ് താന്ത്രിക വീക്ഷണത്തില്‍ ‘ശിവന്‍’ എന്ന് പറയുന്നത്. വേദാന്തികളുടെ പരബ്രഹ്‌മവും പരമാത്മാവും അതുതന്നെയാണ്.
സ്‌ഫോടത്തെ തുടര്‍ന്ന് ആ ശൈവ ചൈതന്യം സ്വയം പരിണമിച്ച് പ്രപഞ്ചമായിത്തീരുന്നു. അതേ ചൈതന്യം പ്രപഞ്ചം മുഴുവന്‍ വ്യാപിക്കുന്നു. ആ അവസ്ഥയെ-വ്യാപിച്ചു നില്‍ക്കുന്ന അവസ്ഥയെയാണ് വിഷ്ണു എന്ന് വ്യവഹരിക്കുന്നത്.
പുരാണ കഥയനുസരിച്ച് ദേവാസുരന്മാര്‍ അമൃതം ലഭിക്കുന്നതിനുവേണ്ടി പാലാഴിമഥനം ചെയ്യുന്നു. അമൃതം ലഭിച്ചതോടെ കാളകൂടവിഷം ഒഴുകിവരുന്നു. അത് പ്രപഞ്ചനിയമമാണ്. ഭാവാത്മകമായ ചൈതന്യം ഉണ്ടെങ്കില്‍ നിഷേധാത്മക ചൈതന്യവും ഉണ്ടാകും. ശിവന്‍ കാളകൂടം പാനം ചെയ്ത് പ്രപഞ്ചത്തെ രക്ഷിച്ചു. അതുപോലെ നിഷേധാത്മക ചൈതന്യം പ്രപഞ്ചത്തിന് ദോഷം വരുത്താതിരിക്കാന്‍ നാം ഉറക്കൊഴിഞ്ഞ് കാത്തിരിക്കണം, ഈശ്വരാരാധന ചെയ്യണം എന്ന സന്ദേശമാണ് ശിവരാത്രിയുടേത്.
കൃഷ്ണാര്‍ജ്ജുനന്മാര്‍ പാശുപതാസ്ത്രം നേടിയെടുക്കാന്‍ ആഗ്രഹിച്ചു. കൈലാസത്തിലെ സരസ്സില്‍ പോയി പാശുപതാസ്ത്രം സമ്പാദിക്കാന്‍ ശിവന്‍ നിര്‍ദ്ദേശിച്ചു. അവര്‍ കൈലാസത്തില്‍ എത്തി സരസ്സ് കണ്ടുപിടിച്ചു. പക്ഷെ, അതിഭീകരമായ വിഷവായു ചീറ്റുന്ന സര്‍പ്പങ്ങള്‍ ആയിരുന്നു അവിടം മുഴുവന്‍. ‘ശതരുദ്രീയം’ എന്ന ശിവസ്തുതി ജപിച്ചതിന്റെ ഫലമായി സര്‍പ്പങ്ങള്‍ ശാന്തരാവുകയും പാശുപതാസ്ത്രം നേടിയെടുക്കുകയും ചെയ്തു. ശിവാരാധനയിലൂടെ എത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കും എന്ന് മനസ്സിലാക്കാന്‍ കഴിയും.
‘പുര്യകര്‍മ്മഫലം സ്വര്‍ഗ്ഗം
നരകസ്തപദ്വിപര്യയാ’
സ്വര്‍ഗ്ഗത്തിന്റെ അധിപന്‍ ഇന്ദ്രനും നരകത്തിന്റെ അധിപന്‍ യമനും. അധര്‍മ്മത്തിന് കാമന്‍, ക്രോധന്‍, ലോഭന്‍, മദന്‍, അഭിമാനന്‍ എന്നീ സന്താനങ്ങള്‍, നരകത്തിന്റെ നേതാവ് ക്രോധന്‍. ക്രോധന് രണ്ട് ആണ്‍മക്കള്‍. മാതൃവധനും പിതൃവധനും. ഒരു മകള്‍ ബ്രഹ്‌മഹത്യ. കാമന് ഗുരുതല്പകന്‍, സുരാപാന്‍, വേശ്യകാമന്‍ എന്ന് മൂന്ന് മക്കള്‍. ലോഭന് ദേവസ്വക്കള്ളന്‍, ബ്രഹ്‌മസ്വക്കള്ളന്‍, സ്വര്‍ണ്ണക്കള്ളന്‍ എന്ന് മൂന്ന് മക്കള്‍.
ഒരു ദിവസം യമന്‍ ഇവരുടെ യോഗം വിളിച്ചുകൂട്ടി. നരകത്തിലെ ജനസംഖ്യ കൂട്ടാന്‍ തീരുമാനിച്ചു. നരകം പാപികളെക്കൊണ്ട് നിറയ്ക്കണം. പാപകര്‍മ്മങ്ങളുടെ ഫലമാണല്ലോ നരകം. അവരെല്ലാവരും ഭൂമിയില്‍ ചെന്ന് അധര്‍മ്മം വിതച്ചു. ഭൂമി പാപികളെക്കൊണ്ട് നിറഞ്ഞു. ഭൂമി തന്നെ നരകമായി തീര്‍ന്നു.
അപ്പോഴാണ് ഭഗവാന്‍ ‘ശ്രീരുദ്രസൂക്ത’മായി അവതരിച്ചത്. അതോടെ അധര്‍മ്മ സന്തതികളും പാപികളും പേടിച്ചോടി യമന്റെ അടുത്തെത്തി. ഭൂമി മുഴുവന്‍, നഗരങ്ങളിലും ഗ്രാമങ്ങളിലും നദീതീരങ്ങളിലും പുണ്യ സ്ഥലങ്ങളിലും ശിവാരാധകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരുടെ തപ:ശക്തികൊണ്ട് ഞങ്ങള്‍ക്ക് അവിടെ നില്ക്കാന്‍ വയ്യ. ശിവാരാധനയും ശിവസ്തുതിയും മഹാപാതകന്മാരായ ഞങ്ങള്‍ക്ക് ദുഃസഹമാണ് എന്ന് ഉണര്‍ത്തിച്ചു.
അപ്പോള്‍ യമന്‍ അജ്ഞാനത്തിന്റേയും അവിദ്യയുടേയും സന്തതികളായ ദുര്‍ബുദ്ധിയേയും അശ്രദ്ധയേയും ഭൂമിയിലേക്കയച്ചു. അവര്‍ മനുഷ്യരുടെ ബുദ്ധിയും ശ്രദ്ധയും നശിപ്പിച്ചു. ശിവാരാധനയ്ക്ക് മങ്ങല്‍ ഏറ്റു. പക്ഷെ, ബുദ്ധിയുള്ള മനുഷ്യന്‍ ശിവാരാധനയും ശിവസ്തുതിയും ചെയ്ത് ഭൂമിയെ വീണ്ടും സ്വര്‍ഗ്ഗമാക്കി.
പരിഹാരം ശിവാരാധന
നരകതുല്യമായ ഈ കാലഘട്ടത്തില്‍ ശിവാരാധനയുടെ പ്രസക്തി വളരെ കൂടുതലാണ്. അക്രമം, സ്ത്രീപീഡനം, ബാലപീഡനം, കൊള്ള, കൊലപാതകം തുടങ്ങി എല്ലാവിധ അധര്‍മ്മവും നൃത്തംചെയ്യുന്ന ഈ ഭുമിയില്‍ ശിവാരാധന മാത്രമാണ് ഒരു പരിഹാരം.
ശിവരാത്രി വ്രതം മുതലുള്ള വ്രതങ്ങളും ഉപവാസങ്ങളും ശിവോപാസനയില്‍ പ്രാധാന്യമുള്ളതാണ്. കുംഭമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയാണ് ശിവരാത്രിയായി ആചരിക്കുന്നത്. അര്‍ദ്ധരാത്രി വരെ ആ തിഥി ഉള്ള ദിവസമാണ് ശിവരാത്രി. പ്രഭാതത്തില്‍ എഴുന്നേറ്റ് നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. ശിവക്ഷേത്രത്തില്‍ പോയി ശിവാരാധന ചെയ്യണം. സങ്കല്‍പ്പം ചെയ്യണം.
”ദേവദേവ മഹാദേവ
നീലകണ്ഠ നമോസ്തുതേ
കര്‍ത്തുമിച്ഛാമ്യഹം ദേവ
ശിവരാത്രിവ്രതം തവ
തവ പ്രഭാവാത് ദേവേശ
നിര്‍വ്വിഘ്‌നേ ഭവേദിതി
കമാദ്യാശതേ വോ മാം
വൈ പീഡം കുര്‍വ്വന്തു
തൈവഹി.”
പകല്‍ മുഴുവന്‍ ഉപവാസവും ജപവും ചെയ്യുക, വൈകിട്ട് സന്ധ്യാവന്ദനം ചെയ്തശേഷം രാത്രിയിലെ നാല് യാമങ്ങളിലും ശിവ പൂജ ചെയ്യണം. മണ്ണ്‌കൊണ്ടുള്ള ശിവലിംഗത്തില്‍ വടക്കോട്ടോ, കിഴക്കോട്ടോ പൂജ ചെയ്യാം. ജല ഗന്ധ പുഷ്പ ധുപ ദീപ നൈവേദ്യ സഹിതം പൂജ ചെയ്യാം.
ധാരാളമായി അലങ്കരിക്കണം. ധാരാളം ശൈവമന്ത്രങ്ങള്‍ പൂജയ്ക്ക് ഉപയോഗിക്കണം. ഗീതം, വാദ്യം, നൃത്തം എന്നിവയോടെ ഭക്തിഭാവത്തില്‍ പൂജചെയ്യണം. ഒന്നാം യാമത്തിലെ പൂജയ്ക്ക് ശേഷം അവിടെ ഇരുന്ന് മന്ത്രം ജപിക്കണം. ശിവസ്തുതികള്‍ ചൊല്ലി കീര്‍ത്തനം ചെയ്യണം. ശിവപുരാണവും മറ്റ് ശിവ കഥകളും പാരായണം ചെയ്യണം. എല്ലാ യാമങ്ങളിലും പൂജ ആവര്‍ത്തിക്കണം. ആവാഹനം മുതല്‍ ഉദ്വാസനം വരെ ആവര്‍ത്തിക്കണം. ഓരോ യാമത്തിലും ഇരട്ടി ഇരട്ടി മന്ത്രം ജപിക്കണം.
എട്ടു നാമമമന്ത്രങ്ങള്‍ വിശേഷമാണ്. താമരപ്പൂവും അരളിപ്പൂവും കൊണ്ട് വിശേഷാല്‍ നാമമന്ത്രം ജപിച്ച് പുഷ്പാഞ്ജലി ചെയ്യാം.
ഓം ഭവായ നമഃ
ഓം ശര്‍വായ നമഃ
ഓം രുദ്രായ നമഃ
ഓം പശുപതയെ നമഃ
ഓം ഉഗ്രായ നമഃ
ഓം മഹായ നമഃ
ഓം ഭീമായ നമഃ
ഓം ഈശാനായ നമഃ
ഒന്നാം യാമത്തില്‍ നിവേദ്യത്തിന് നെയ്യിലുണ്ടാക്കിയ ദ്രവ്യം സമര്‍പ്പിക്കണം. രണ്ടാം യാമത്തില്‍ കരിക്കില്‍ തേനൊഴിച്ച് താംബൂലത്തോടെ സമര്‍പ്പിക്കണം. പാല്‍പ്പായസം നിവേദിക്കാം. മൂന്നാം യാമത്തില്‍ ഗോതമ്പുകൊണ്ട് നിവേദ്യം പഴങ്ങള്‍ എന്നിവ നേദിക്കണം. എരിക്കിന്‍ പൂവ് സമര്‍പ്പിക്കാം. നാലാം യാമത്തില്‍ ഉഴുന്ന്, ചെറുപയറ് ധാരാളം ധാന്യങ്ങള്‍ എന്നിവ നേദിക്കാം. ശംഖുപുഷ്പം, കൂവളത്തില എന്നിവകൊണ്ട് പുഷ്പാഞ്ജലി ചെയ്യാം. ധാരാളം മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കാം. വിവിധ തരം പഴങ്ങള്‍ നേദിക്കാം. ഓരോ യാമത്തിലും പൂജാംഗമായി അഭിഷേകം ചെയ്യണം. പ്രഭാതസ്‌നാനം ചെയ്ത് വീണ്ടും ശിവാരാധന ചെയ്ത് വ്രതം അവസാനിപ്പിക്കാം.
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.
സഹായകഗ്രന്ഥങ്ങള്‍:-
1. അതിരുദ്രം-കൈതപ്രം വാസുദേവന്‍ നമ്പൂതിരി.
2. ശിവപുരാണം-സ്വാമി ധര്‍മ്മാനന്ദതീര്‍ത്ഥ.