പിന്‍വാതില്‍ നിയമനം വഴി സ്വന്തക്കാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകിക്കയറ്റുന്ന ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തലക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വക നല്ലൊരു കൊട്ട്. സര്‍വ്വീസില്‍ തിരുകിക്കയറ്റിയവരെ പിരിച്ചുവിടാന്‍ മാത്രമല്ല അവര്‍ വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കാനുമാണ് കോടതി വിധി. കഴിഞ്ഞ ഏഴു വര്‍ഷമായി കേരളത്തിലെ ഇടതുഭരണത്തില്‍ നടന്ന അനധികൃത നിയമനങ്ങളുടെ കാര്യത്തില്‍ ഇത്തരമൊരു വിധി ഉണ്ടാവണ്ടേ? പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ 2016-ല്‍ നടത്തിയ പരീക്ഷയില്‍ ഒ.എം.ആര്‍. ഷീറ്റില്‍ കൃത്രിമം കാട്ടിയാണ് തൃണമൂല്‍ നേതാക്കളും സ്വന്തക്കാരും സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയത്. ഒന്നും രണ്ടുമല്ല 1911 പേരാണ് ജോലിക്ക് കയറിയത്. ഇവരെ പിരിച്ചു വിടണമെന്നു മാത്രമല്ല ഇനി സ്‌ക്കൂള്‍ പരിസരത്തേക്കേ കയറ്റരുതെന്നും കോടതി പറഞ്ഞിക്കുന്നു.
കേസ് ഹൈക്കോടതിക്കു മുമ്പിലെത്തുകയും സി.ബി.ഐ അന്വേഷിക്കുകയും ചെയ്തപ്പോഴാണ് ഈ വിവരം പുറത്തു വന്നത്. ഇതുപോലൊരു അന്വേഷണം കേരളത്തില്‍ നടക്കുന്ന നിയമനങ്ങളുടെ കാര്യത്തിലും ഉണ്ടാവണ്ടേ? പി.എസ്.സിയുടെ ഹെഡ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ എസ്.എഫ്. ഐയുടെ ക്രിമിനലുകള്‍ ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തി. കൃത്രിമം പുറത്തു വന്നപ്പോള്‍ കണ്ണില്‍ പൊടിയിടുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. 27 വര്‍ഷമായി സഹകരണ വകുപ്പു നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ട്. എന്നാല്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നതിനു വേണ്ടി അത് മരവിപ്പിച്ചിരിക്കയാണ്. 27 വര്‍ഷമായി ഇങ്ങനെ കയറിക്കൂടിയവരെ പുറത്താക്കുകയും അവര്‍ കൈ പ്പറ്റിയ ശമ്പളം തിരിച്ചു പിടിക്കുകയും ചെയ്യാന്‍ ഒരു കോടതി വിധി ഉണ്ടാവണ്ടേ? കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷയെഴുതി ജോലിയും പ്രതീക്ഷിച്ച് ഇരിക്കുന്നവര്‍ക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടച്ച് പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാര്‍ കയറ്റിവിടുന്ന സ്വന്തക്കാരെ താല്ക്കാലിക ജോലിക്കാരും പിന്നീട് സ്ഥിരം ജോലിക്കാരുമാക്കി മാറ്റി തൊഴിലന്വേഷകരായ ചെറുപ്പക്കാരെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍. ഇതിലും വേണ്ടേ സി.ബി.ഐ അന്വേഷണം? സര്‍വ്വകലാശാലകളില്‍ പാര്‍ട്ടിനേതാക്കളുടെ ഭാര്യമാരെ ഉന്നതപദവികളില്‍ ഇരുത്തുന്നതും മറ്റു ചിലരുടെ ഭാര്യമാര്‍ക്ക് ഡോക്ടറേറ്റ് തരപ്പെടുത്തിക്കൊടുക്കുന്നതും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടേ?
Comments