ശാരീരിക പരിമിതികള്‍ നേരിടുന്നവരോടും സാമൂഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരോടുമൊക്കെ സഹാനുഭൂതിയോടെ പെരുമാറുക എന്നത് സാംസ്‌കാരിക ഔന്നത്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കി പോരുന്നത്. കേരളത്തില്‍ പ്രതിദിനം വരുന്ന പല വാര്‍ത്തകളും മലയാളികളുടെ സാംസ്‌കാരിക നാട്യങ്ങളുടെയും വ്യാജ പ്രബുദ്ധ പരിവേഷത്തിന്റെയും തെളിവുകളാവുകയാണ്. ആഭിചാരക്കൊലകളും ദുരഭിമാനക്കൊലകളും ആള്‍ക്കൂട്ടക്കൊലകളും കേരളത്തില്‍ തുടര്‍ സംഭവങ്ങളാകുമ്പോള്‍ അവയെ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നു പറഞ്ഞ് ലഘൂകരിക്കുന്ന ഭരണാധികാരിമാരും ദുര്‍ബലന്റെ ശബ്ദങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത നിയമപാലകരും കൂടി ചേരുമ്പോള്‍ കേരളം ശിലായുഗ കാട്ടുനീതിയിലേക്ക് തിരിഞ്ഞു നടക്കുന്നുവോ എന്ന് തോന്നിപ്പോകും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം ഭേദ്യം ചെയ്ത വിശ്വനാഥനെന്ന വയനാടന്‍ വനവാസി യുവാവിന്റെ ദുരൂഹ മരണത്തിന് ഓരോ മലയാളിയും ഉത്തരവാദിയാകുന്നത് ഈ സാഹചര്യത്തിലാണ്. കല്യാണം കഴിഞ്ഞ് ദീര്‍ഘകാലമായിട്ടും കുട്ടികള്‍ ഉണ്ടാകാതിരുന്ന വിശ്വനാഥന്‍ ഭാര്യ ഗര്‍ഭിണി ആയതിന്റെ സന്തോഷത്തിലായിരുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയ്ക്ക് കൂട്ടിരിപ്പിനെത്തിയ ആ സാധുവിനെ ആശുപത്രിയിലെത്തിയ ആരുടെയോ മൊബൈല്‍ ഫോണ്‍ മോഷണം പോയതിന്റെ പേരില്‍ കുറ്റാരോപണം നടത്തി തടഞ്ഞുവയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പന്ത്രണ്ടോളം പേര്‍ ചേര്‍ന്ന് പരസ്യ വിചാരണയും മര്‍ദ്ദനവും തുടര്‍ന്നപ്പോള്‍ വിശ്വനാഥനെന്ന വനവാസി യുവാവ് മാനസികമായി തകര്‍ന്നു പോയി എന്നു വേണം മനസ്സിലാക്കാന്‍. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഓടിപ്പോയ അയാളെ ആശുപത്രി പരിസരത്ത് തൂങ്ങി മരിച്ച നിലയിലാണ് പിന്നെ കണ്ടത്. കാടിന്റെ സത്യവും കാട്ടു ജീവികളുടെ നീതിബോധവും മാത്രമറിയുന്ന ഒരു പാര്‍ശ്വവല്‍കൃതന് നാഗരിക സമൂഹത്തിന്റെ പ്രാകൃത മനസ്സിനും രീതി മര്യാദകള്‍ക്കും മുന്നില്‍ ആത്മഹത്യയല്ലാതെ പോംവഴി ഉണ്ടായിരുന്നില്ല. വിശ്വനാഥനെ കാണാനില്ലെന്ന പരാതിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ചെന്ന ബന്ധുക്കളെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് ആദ്യം അധികൃതര്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളേജില്‍ മൊബൈല്‍ ഫോണ്‍ മോഷണം പോയി എന്ന പേരില്‍ ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ലെങ്കിലും വിശ്വനാഥനാണ് ഫോണ്‍ മോഷ്ടിച്ചതെന്ന് പോലീസ് പ്രഖ്യാപിക്കാന്‍ തയ്യാറായി.
എന്തുകൊണ്ട് വിശ്വനാഥന്‍ മോഷ്ടാവാണ് എന്ന നിഗമനത്തിലേയ്ക്ക് ആള്‍ക്കൂട്ടവും നിയമപാലകരും എത്തി എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ശരാശരി മലയാളിയുടെ ഉപബോധമനസ്സിലെ വര്‍ണ്ണവെറിയും മേലാള മനോഭാവവും ചീഞ്ഞ ജാതിബോധവും ദരിദ്ര നോടുള്ള പരമ പുച്ഛവും മാത്രമാണ് വനവാസിയായ വിശ്വനാഥനെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള കാരണം. പാവപ്പെട്ടവന്റെ കീറിപ്പിഞ്ഞിയ വേഷം ഒന്നു മാത്രം മതി അവന്‍ കള്ളനാകാന്‍ എന്ന സാമൂഹ്യ സാഹചര്യമാണ് നിലവിലുള്ളത്. ദാരിദ്രൃം കുറ്റമാകുന്ന ഒരു സമൂഹത്തിന്റെ പ്രബുദ്ധനാട്യങ്ങളാണ് ഇവിടെ നിലവിലുള്ളത്. 2018 ഫെബ്രുവരി 22ന് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മനോ ദൗര്‍ബല്യമുള്ള മധു എന്ന വനവാസി യുവാവിനെ ആഹാരസാധനങ്ങള്‍ മോഷ്ടിച്ചു എന്ന പേരില്‍ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നതിന് സമാനമായ സംഭവമാണ് കോഴിക്കോട് നടന്നത്. വനവാസി ഗോത്ര സമൂഹങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. സാമൂഹ്യ സമത്വത്തെക്കുറിച്ച് പുരപ്പുറത്തു കയറി നിന്ന് ഘോഷിക്കുന്ന കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇന്നും വനവാസി തൊഴിലെടുത്താല്‍ കൂലി കുറവാണ് നല്‍കാറ് എന്ന സത്യം അംഗീകരിക്കില്ല. വയനാട്ടില്‍ അമ്പലവയലില്‍ കുരുമുളക് പറിച്ചതിന് നൂറ് രൂപ കൂലി കൂടുതല്‍ ചോദിച്ചു എന്നു പറഞ്ഞുകൊണ്ട് ബാബു എന്ന വനവാസിയെ മുഖത്തു ചവിട്ടിയ സംഭവം നടന്നിട്ട് ആഴ്ചകള്‍ മാത്രമെ ആയിട്ടുള്ളു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ പിന്നാക്ക ദളിതവിഭാഗത്തില്‍ പെട്ട അധ്യാപികയ്ക്ക് വകുപ്പ് മേധാവി സ്ഥാനം നല്‍കാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് സര്‍വ്വകലാശാലാ നിയമം തന്നെ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. പുരോഗമന നവോത്ഥാന മതില്‍ കെട്ടുന്നവരുടെ സവര്‍ണ്ണ മാടമ്പിത്തരത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. വനവാസി സഹോദരന്മാരായ അട്ടപ്പാടിയിലെ മധുവും വയനാട്ടിലെ വിശ്വനാഥനും കൊല്ലപ്പെടാന്‍ കാരണം ഭാരതത്തിലെ ബ്രാഹ്‌മണിക്കല്‍ സവര്‍ണ്ണ ഭരണകൂടമാണെന്ന് സിദ്ധാന്തം ചമയ്ക്കുന്ന ഇടതുപക്ഷ പുരോഗമന കലാഭാസ സംഘങ്ങള്‍ ആദ്യം ചെയ്യേണ്ടത് കേരളത്തിന്റെ കമ്യൂണിസ്റ്റ് മാടമ്പിമാരുടെ അഴുകി ജീര്‍ണ്ണിച്ച ജാതിബോധത്തെ ഉച്ഛാടനം ചെയ്യുകയാണ്. അവരാണ് അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ വരെ പിന്‍ വാങ്ങുന്ന സാഹചര്യം ആ കേസിനുണ്ടായി. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തിന്റെ സാക്ഷികള്‍ കൂറുമാറിയും മൊഴി മാറ്റിപ്പറഞ്ഞും കോടതിക്കുള്ളില്‍ വിചാരണ എന്ന പ്രഹസനം നടത്തുന്നതില്‍ കേരളത്തിലെ ഭരണകൂടത്തിനുള്ള പങ്കും തള്ളിക്കളയാനാവില്ല.
വിശ്വനാഥന്റെ മരണം വെറുമൊരു ആത്മഹത്യയായി മാറ്റുവാനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്ത് ഡി.ജി.പി.യോടും കളക്ടറോടും വിശദീകരണം ചോദിച്ചതിനു ശേഷമാണ് കേരളത്തിലെ ഭരണസംവിധാനങ്ങള്‍ ചലിച്ചു തുടങ്ങിയത്. ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ നടത്തേണ്ടിയിരുന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയ കേരളാ പോലീസിന് ആരെയൊക്കെയോ രക്ഷിക്കാനുള്ള വ്യഗ്രത ഉള്ളതുപോലെ തോന്നുന്നു. കേരളത്തിലെ വനവാസി, വോട്ടു ബാങ്ക് അല്ലാത്തതിനാല്‍ അവന്റെ ജീവന് പട്ടിയുടെയും പൂച്ചയുടെയും ജീവന്റെ വില പോലും ഇവിടുത്തെ ഭരണകൂടങ്ങള്‍ കല്‍പ്പിക്കുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. മധുവിന്റെ കേസ് വിചാരണ കോടതിയില്‍ പ്രഹസനമാക്കി മാറ്റുന്നതു പോലെ വിശ്വനാഥന്റെ മരണവും ഇവര്‍ തേച്ചുമായ്ച്ച് കളയും.
ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും രൂപത്തിന്റെയും സാമ്പത്തിക ശേഷിയുടെയും ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യനെ വിലയിരുത്തി വിലയിടുന്ന രോഗാതുരമായ സാമൂഹ്യ മനസ്സ് മലയാളിക്ക് ഉണ്ടാക്കി കൊടുത്ത രാഷ്ട്രീയ സംസ്‌ക്കാരമാണ് അട്ടപ്പാടിയിലെ മധുവിനെയും വയനാട്ടിലെ വിശ്വനാഥനെയും കൊലപ്പെടുത്തിയിരിക്കുന്നത്. പ്രബുദ്ധ മലയാളികളല്ല, പ്രബുദ്ധ കൊലയാളികളാണ് നമ്മള്‍ എന്ന് കാലം കേരളീയനെ വിളിക്കാതിരിക്കാന്‍ നമുക്ക് മനുഷ്യത്വത്തിലേക്ക് മടങ്ങിപ്പോയേ മതിയാകൂ.
Comments