അസുഖാവസ്ഥയിലായിരുന്ന എന്നെ കാണാന്‍ വന്നതായിരുന്നു കസിന്‍ ഉണ്ണി വക്കീല്‍.
കുശലാന്വേഷണത്തിനു ശേഷം നേരെ സമകാലീന സംഭവങ്ങളിലേക്ക് പുള്ളി തിരിഞ്ഞു.
‘ആ ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് കേട്ടുവോ?’
‘ങാ.. കേട്ടു… കുത്തിത്തിരുപ്പ് അല്ലെ?. അതല്ലാതെ വേറെ വല്ലതും അവരില്‍ നിന്ന് അത്തരം മതസമ്മേളനങ്ങളില്‍ പ്രതീക്ഷിക്കാമോ?’
‘എല്ലാ രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു.’
‘ങാ..വേറെ ചിലര്‍ പറഞ്ഞതും കേട്ടു ..അത്തരം സമ്മേളനങ്ങളില്‍ കുത്തിത്തിത്തിരുപ്പ് കൂടാതെ ആശംസാ വാക്കുകള്‍ക്കൊപ്പം ക്ഷണിക്കുന്നവരുടെ വിശ്വാസത്തെ പുകഴ്ത്തിപ്പറയുക സ്വാഭാവികം. എന്നാലും അതിന്റെ ലക്ഷ്യം, സമ്മേളനത്തിന്റെ ശീര്‍ഷക വാക്യം എന്നിവയെക്കുറിച്ച് ചിന്തിച്ച് പറയുന്നവര്‍ ദുര്‍ലഭം.’
‘നിര്‍ഭയത്വമാണ് മതം.. അഭിമാനമാണ് മതേതരത്വം എന്നതിന്റെയോ?” ” ഹ..ഹ..ഹാ’
‘അതെ.. എന്താ ചിരിച്ചത്? നിര്‍ഭയത്വമാണോ മതം? വാസ്തവത്തില്‍ ഭയമാണ് മതം എന്നാണ് വേണ്ടിയിരുന്നത്. ഭയം ആപ്തവാക്യമായി പ്രയോഗിക്കുന്നവര്‍, ഭയം പ്രചരിപ്പിക്കുന്നതിന്റെയും, ഭയപ്പെടുത്തുന്നതിന്റെയും മതം എന്ന് വേണം പറയാന്‍.. ഭയം എല്ലാ പാശ്ചാത്യ – അബ്രഹാമിക് മതങ്ങളുടെയും ആണിക്കല്ലാണ്. ഇസ്ലാമിന്റെ ഗ്രന്ഥങ്ങളില്‍ ദൈവത്തെ – അള്ളാഹുവിനെ ഭയക്കണം എന്ന് എത്രയോ തവണ പറയുന്നുണ്ട്. അറബിക്കില്‍ ‘തക് വ’ എന്നതിന് പറയും. ദൈവത്തെ പേടി, മതത്തെ പേടി, പള്ളിയെ പേടി, മൊല്ലയെ പേടി, മൊഹല്ലയെ പേടി. സര്‍വ്വത്ര പേടിമയമാണ്. എന്നിട്ട് നിര്‍ഭയത്വമാണ് മതം എന്ന്.’
ഉണ്ണി വക്കീല്‍ സംശയഗ്രസ്തനായി. ‘അല്ല നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍ ‘ദൈവഭയം ജ്ഞാനത്തിന്റെ ആരംഭം’ എന്ന് കോപ്പി എഴുതാറുണ്ടല്ലോ?’
‘ഉണ്ട്. പക്ഷെ അത് ഹൈന്ദവേതരമാണ്. ഇംഗ്ലീഷില്‍ ‘Fear of God is beginning of Wisdom” എന്നതിന്റെ നേര്‍ തര്‍ജ്ജമയാണ് അത്. ഏതോ പാതിരിയുടെ കൗശലം. കോപ്പിബുക് കുന്നംകുളത്തോ കോട്ടയത്തോ അച്ചടിച്ചതായിരിക്കും. ക്രിസ്ത്യാനിറ്റിയിലും ദൈവഭയം അത്യാവശ്യമാണ്. വിശ്വാസത്തിന്റെ നെടുംതൂണാണ്.’
‘അപ്പൊ കമ്മ്യൂണിസ്റ്റ് മതത്തിലോ?’
‘അയ്യോ..പറയണ്ട… അത് ക്രിസ്ത്യാനിറ്റിയുടെ ഒരു വകഭേദമാണല്ലോ. അതിനാല്‍ അതില്‍ ഭയം നിക്ഷിപ്തമാണ്, അനിവാര്യമാണ്. ഭയക്കുകയും ഭയപ്പെടുത്തുകയും ചെയ്യുക അതിന്റെ മൂലമന്ത്രമാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ വരി തന്നെ ഭയപ്പെടുത്തിക്കൊണ്ടാണ്.’ യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു കമ്മ്യൂണിസം എന്ന ഭൂതം’ എന്ന്. എങ്ങനെയുണ്ട്? അല്ലെങ്കിലും അത് മറ്റു മതങ്ങളെ അപേക്ഷിച്ച് ധര്‍മ്മ ചിന്തയില്ലാത്ത ക്രൂര മതമാണ്.’
‘അപ്പൊ.. സനാതന ധര്‍മ്മത്തില്‍ ഈ ദൈവഭയമില്ലെന്നാണോ?’
‘ഇല്ല. ഈശ്വരനെ ഭയക്കണം എന്ന് നാം എവിടെയും പറയാറില്ല, സാധാരണ കേള്‍ക്കാറില്ല, കാണാറില്ല. ഒരൊറ്റ അവതാരങ്ങളെയും നാം ഭയക്കാറില്ലല്ലോ. കൃഷ്ണനെ പ്രേമിക്കുകയാണ് ചെയ്യുന്നത്. നരസിംഹമൂര്‍ത്തിയെപ്പോലും ആളുകള്‍ ഭയന്ന് പ്രാര്‍ത്ഥിക്കാറില്ല. വേദോ പനിഷത്തുക്കളില്‍ ഒന്നും ദൈവത്തെ ഭയക്കണം എന്ന് എവിടെയും കാണില്ല. ഒരു പൗരസ്ത്യ വിശ്വാസങ്ങളിലും അങ്ങനെ കാണില്ല. പുരാണങ്ങളില്‍ ഓരോ കഥാപാത്രങ്ങള്‍ അവതാരമൂര്‍ത്തികളെ ഭയന്ന് ഓരോന്ന് ചെയ്യുന്നത് കാണാമെങ്കിലും സത്ക്കര്‍മ്മ നിരതരായ ഭക്തര്‍ ഈശ്വരനെ ഭയക്കേണ്ടതേയില്ല. കര്‍മ്മത്തിന്റെ ഫലം എന്തായാലും അനുഭവിക്കും എന്നേ പറയുന്നുള്ളൂ.’
‘അപ്പൊ ഭദ്രകാളി ഭയാപഹേ എന്നൊക്കെ പറയുന്നതോ?’
‘ഹ.ഹ.. കണ്ടാല്‍ പേടിയാവും അപ്പൊ ഭയന്നോളൂ എന്ന് വെച്ച് തന്നെ.’
‘ദുര്‍ഗ്ഗാ, കാളി എന്നിവരുടെ വേഷവിധാനങ്ങള്‍, പിന്നെ വസൂരിമാല വാരി വിതറുന്ന കൊടുങ്ങല്ലൂരമ്മ… എല്ലാം പേടിപ്പിക്കുന്നതല്ലേ?’
‘ശരിയാണ്.. കാളി, കൂളി, രക്ഷസ്സ്, മറുത, പൂതം, തെയ്യം, വെളിച്ചപ്പാട് ഒക്കെ പേടിക്കേണ്ടത് തന്നെ. ഹ.ഹ.ഹ.. ഗോത്ര വര്‍ഗ്ഗ മൂര്‍ത്തികള്‍, നാഗ ദേവതകള്‍, നാടന്‍ ദേവതകള്‍, പറക്കുട്ടി, കരിങ്കുട്ടി, ഗുളികന്‍, കുട്ടിച്ചാത്തന്‍ ഒക്കെ നാട്ടിലാവശ്യമുള്ള, ഉപകാരമുള്ള ദേവതകളാണ്. പരിസ്ഥിതി സംരക്ഷണം, ഗൃഹ സംരക്ഷണം, ധന സംരക്ഷണം, കൃഷി സംരക്ഷണം, കന്നുകാലി-മൃഗ സംരക്ഷണം, കാവ് സംരക്ഷണം എല്ലാം അതില്‍ പെടും. ഭയക്കണമെങ്കില്‍ ഭയക്കാം, വേണ്ടെങ്കില്‍ വേണ്ട. പക്ഷെ അതിനൊന്നും ആധികാരികതയില്ല, പ്രമാണമില്ല. ഇട്ടാവട്ടത്തെ മൂര്‍ത്തികളാണവ. ഗുണകാരികളാണ്, ബഹുമാനം വേണം.’
‘ഹ..ഹ.. അപ്പൊ ഭയം വേണ്ട അല്ലെ?..’
‘നിര്‍ബന്ധമില്ല.. ഈശ്വരനെ അറിയുന്നവര്‍ക്ക് ഭയമില്ല. ഒരു ദൈവത്തെയും ഭയക്കേണ്ടതില്ല. ജഗത്തിന്റെ ഈശ്വരന്‍ ഒന്നേയുള്ളൂ. അത് എന്നിലും നിന്നിലും ഒരുപോലെ വര്‍ത്തിക്കുന്നതാണെങ്കില്‍ അതിനെ ഭയക്കുന്നതെന്തിന് ?’
വക്കീല്‍ ചിന്തയിലാണ്ടു.
‘ഈ വക തത്വചിന്തയൊന്നും അപ്പുറത്തില്ലല്ലോ? അതിനാല്‍ ആ വക വിശ്വാസത്തില്‍ ഭയമുണ്ട് അല്ലെ?’
‘തീര്‍ച്ചയായും അവിടെ നിര്‍ഭയത്വമല്ല.. ഭയമാണ് മതം.. ഭയവിഹ്വലമാണ്.. മതം വിട്ടവരെ കൊല്ലാന്‍ ആഹ്വാനമുണ്ടെങ്കില്‍ അതെങ്ങനെ നിര്‍ഭയമാകും?’
ഉണ്ണി വക്കീല്‍ ശീര്‍ഷകത്തിലെ മറ്റേ വരിയില്‍ കേറിപ്പിടിച്ച് ചോദിച്ചു.
‘അപ്പൊ മതേതരത്വമോ? അഭിമാനമാണത്രെ അത്.’
‘ഒരു മതക്കൂട്ടായ്മയ്ക്കു മതേതരത്വം എങ്ങനെയാണ് അഭിമാനമാവുക? മതേതരത്വം എന്നാല്‍ മത ഇതരത്വം.. അത് മതമല്ലായ്മയാണ്. മതം അതല്ലാത്തതിനെ എടുത്ത് പൊക്കി കാണിക്കുകയോ?… അപ്പോള്‍ ഒരു മതക്കാരന്‍ എങ്ങനെയാണ് മതേതരത്വത്തെ അഭിമാനമായി കണക്കാക്കുക ? സസ്യേതരം എന്നാല്‍ സസ്യാഹാരമല്ലാത്തത് എന്നര്‍ത്ഥം. മാംസാഹാരി സസ്യാഹാരിയെ പ്രകീര്‍ത്തിക്കുംപോലെയാണത്. വിഡ്ഢിത്തം. ഇവിടെ മതേതരത്വത്തിന് ഹിന്ദു വിരുദ്ധത എന്ന് അര്‍ത്ഥം എടുത്തുകൊണ്ടാണ് ഈ പ്രചാരങ്ങളൊക്കെ.’
‘എന്നിട്ട് അതില്‍ ഹിന്ദു നേതാക്കളെയും വിളിക്കുന്നുണ്ടല്ലോ?’
‘അവിടെയാണ് സാമര്‍ത്ഥ്യം.. എതിരായി ഒന്നും പറയില്ലെന്ന് അറിയാം.. ഇത് പോലെ ശീര്‍ഷകം വായിക്കില്ലെന്നും അനൈലൈസ് ചെയ്യില്ലെന്നും..?’
‘ഹ ഹ..അത് ശരി.. ഈ സെക്കുലറിസത്തിന്റെ തര്‍ജ്ജമ എല്ലായിടത്തും ഇത് പോലെയല്ലല്ലോ..’
‘ശരിയാണ്.. ആദ്യകാല മലയാളികള്‍ക്ക് പറ്റിയ പിശകാണത്. അയല്‍ സംസ്ഥാനങ്ങളെ നോക്കൂ ..തമിഴന്‍ സെക്കുലറിസത്തിന് ‘മതാചാര്‍പിന്മൈ’ എന്നാണു പറയുക.. കന്നഡക്കാരന്‍ ‘ജാത്യാതീതതെ’ എന്നും തെലുങ്കന്‍ തര്‍ജ്ജമ ചെയ്യാന്‍ പറ്റാത്ത വാക്കാണ് അതെന്നു മനസ്സിലാക്കി ‘സെക്കുലറിജം’ എന്നും വിളിച്ചു.’
‘ഹ..ഹ..’ ഉണ്ണി വക്കീലിന് അത് ഏറെ രസിച്ചു.
‘ഹിന്ദിയില്‍ ധര്‍മ്മ നിരപേക്ഷത എന്നാണല്ലോ പറയുന്നത് ?’
‘അതെ. ഹിന്ദിയില്‍ മാത്രമല്ല, മറാഠിയിലും ബംഗാളിയിലുമൊക്കെ അങ്ങനെതന്നെ.. നിരപേക്ഷത എന്നതിന്റെ അര്‍ത്ഥം സ്വതന്ത്ര, വേറിട്ട എന്നൊക്കെയാണ് മലയാളത്തില്‍ മത നിരപേക്ഷത എന്ന് നമ്മള്‍ ഉപയോഗിക്കുന്നുണ്ടല്ലോ മതവുമായി ബന്ധമില്ലാത്ത എന്നാണര്‍ത്ഥം. മതം ഗൗനിക്കാതെ എല്ലാറ്റിനോടും ഒരു പോലെ എന്ന അര്‍ത്ഥം എടുക്കുന്നത് ശരിയല്ല. മതത്തില്‍ നിന്ന് വേറിട്ട, ബന്ധമില്ലാത്ത എന്നൊക്കെയാണ് അര്‍ത്ഥം. അത് ഇംഗ്ലീഷിലെ സെക്കുലറിസവുമായി യോജിച്ച് പോവുന്നുമുണ്ട്. ഭരണത്തില്‍ ചര്‍ച്ചിനോ മതത്തിനോ പങ്കില്ലാത്ത എന്ന അര്‍ത്ഥത്തിലാണ് പാശ്ചാത്യര്‍ സെക്കുലറിസം ഉപയോഗിക്കുന്നത്. അതിനാല്‍ പല യൂറോപ്പിയന്‍ രാജ്യങ്ങള്‍ക്കും സ്റ്റേറ്റ് റിലീജിയന്‍ ഇല്ല. അമേരിക്കയും ബ്രിട്ടനുമൊക്കെ വലിയ സെക്കുലര്‍ ആയി അഭിനയിക്കുമെങ്കിലും മതം അവിടെ അവിഭാജ്യ ഘടകമാണ്. അമേരിക്കന്‍ പ്രസിഡന്റിബൈബിളില്‍ കൈ വെച്ച് ‘ഇന്‍ ദ നെയിം ഓഫ് ഗോഡ്’ എന്ന് പറഞ്ഞു വേണം സത്യപ്രതിജ്ഞ ചെയ്യാന്‍. ബ്രിട്ടനിലെ രാജാവും രാജ്ഞിയുമൊക്കെ അറിയപ്പെടുന്നത് തന്നെ ‘ഡിഫന്‍ഡര്‍ ഓഫ് ഫെയ്ത് ‘ വിശ്വാസത്തിന്റെ കാവല്‍ക്കാരന്‍ എന്നാണ്. സെക്കുലറിസത്തിന് നമ്മള്‍ ഇവിടെ സാമാന്യമായി അര്‍ത്ഥമെടുക്കുന്നത് ‘സര്‍വ്വ ധര്‍മ്മ സമ ഭാവന’ യാണ്. അതാകട്ടെ ഹിന്ദുമതത്തിന്റെ സംഭാവനയാണ്. അതറിയാതെ സെക്കുലറിസത്തിന്റെ മറവിലിരുന്ന് ഹിന്ദുക്കള്‍ക്കെതിരെ കല്ലെറിയുന്നതാണ് നാം പലപ്പോഴും കാണുന്നത്. ഇത് ചൂണ്ടിക്കാണിക്കുക തന്നെ വേണം.’
‘ചുരുക്കത്തില്‍ ഹിന്ദുയിസത്തെക്കാള്‍ വലിയ സെക്കുലറിസമില്ല അല്ലെ ?’
‘ഹ..ഹ.. യു ഗോട്ട് ഇറ്റ്’ എന്ന് പറഞ്ഞു ഞാന്‍ എഴുന്നേറ്റപ്പോള്‍ ഉണ്ണിയും എഴുന്നേറ്റു.
എന്നിട്ട് ഇങ്ങനെ പറഞ്ഞു:
‘എന്തായാലും ഇത്രയും പറഞ്ഞതില്‍ നിന്ന് ഒരു കാര്യം വ്യക്തമായി.’
‘എന്താണത്?’ ഞാന്‍ ആകാംക്ഷ യോടെ ചോദിച്ചു.
‘കാര്യമായ അസുഖമൊന്നുമില്ലെന്ന് !’
‘അതോ കാര്യമായ തകരാര്‍ എന്തെങ്കിലും ഉണ്ടെന്നോ?’ എന്ന് ചോദിച്ചപ്പോള്‍ രണ്ടു പേരും ഉറക്കെ ചിരിച്ചു.
Comments