ഭാരതത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്നവരില്‍ മലയാളികളുടെ എണ്ണം താരതമ്യേന കൂടുതലാണ്. അതിന് പ്രധാനമായി രണ്ട് കാരണങ്ങളുണ്ട്. വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കേരളത്തില്‍ കൂടുതലാണ് എന്നതാണ് ഒന്നാമത്തെ കാരണം. സംരംഭകരോടും തൊഴില്‍ സ്ഥാപനങ്ങളോടും ശത്രുതാപരമായ നിലപാടു കൈക്കൊള്ളുന്ന കമ്യൂണിസ്റ്റ് സമരാത്മ രാഷ്ട്രീയമാണ് രണ്ടാമത്തെ കാരണം. അതുകൊണ്ട് അഭ്യസ്തവിദ്യനായ മലയാളി പ്രവാസി ജീവിതം നയിക്കാന്‍ നിര്‍ബന്ധിതനായി. സിലോണെന്നറിയപ്പെട്ട ശ്രീലങ്കയിലേക്കും ബര്‍മ്മയിലേക്കുമൊക്കെ തൊഴില്‍ തേടിപ്പോയിരുന്ന മലയാളി ആയിരത്തി തൊള്ളായിരത്തി എഴുപതുകളോടെ അറേബ്യന്‍ മരുഭൂമിയിലെ എണ്ണപ്പാടങ്ങളിലേക്ക് ജീവിത വസന്തം തേടി യാത്രതിരിച്ചു തുടങ്ങി. ഗള്‍ഫ് മലയാളികള്‍ അയച്ചു തുടങ്ങിയ പണത്തിനു മേലെ കേരളത്തിലെ ഗ്രാമ നഗരങ്ങള്‍ മുഖം മിനുക്കി നിന്നു. എന്നാല്‍ ഇറാന്‍ – ഇറാഖ് യുദ്ധവും തുടര്‍ന്നുണ്ടായ കുവൈറ്റിലെ ഇറാഖിന്റെ അധിനിവേശവുമെല്ലാം ഗള്‍ഫ് മേഖലയെ അശാന്തമാക്കി. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ വന്നു തുടങ്ങിയതോടെ പെട്രോളിയത്തെ മാത്രം അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥ അധികകാലം ഉറച്ചു നില്‍ക്കില്ല എന്ന് തിരിച്ചറിഞ്ഞ അറബികള്‍ സ്വദേശിവല്‍ക്കരണത്തിലേക്ക് കടന്നിരിക്കുന്നു. ഇത് ഏറ്റവും ബാധിച്ചത് പ്രവാസി മലയാളികളെയാണ്. ജോലിയില്‍ നിന്ന് പുറത്തായവരും തൊഴില്‍ ഉപേക്ഷിച്ച് മടങ്ങാന്‍ നിര്‍ബന്ധിതരായവരുമായ മലയാളികളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചുവരികയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവാസവും ആഗോള സാമ്പത്തിക മാന്ദ്യത്തോടെ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
കോവിഡിന്റെ അപ്രതീക്ഷിത വ്യാപനത്തോടെ രണ്ടു വര്‍ഷക്കാലം അടച്ചിടപ്പെട്ട സാമൂഹ്യ ജീവിതം ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു. കോവിഡിന്റെ പരിക്കുകളില്‍ നിന്ന് ലോകം മുക്തമായി വരുമ്പോഴാണ് ഇടിത്തീ പോലെ ഉക്രൈന്‍ – റഷ്യയുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഇതോടെ തകര്‍ന്നു തുടങ്ങിയിരുന്ന യൂറോപ്യന്‍ സാമ്പത്തിക മേഖലയുടെ പതനം ഉറപ്പായി.ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കി കഴിഞ്ഞിരിക്കുകയുമാണ്. എഴുപതുകളില്‍ പെട്രോളിയം ഗള്‍ഫിനെ സമ്പന്നമാക്കിയതു പോലെ തൊണ്ണൂറുകളില്‍ ഇന്റര്‍നെറ്റിന്റെ വ്യാപനം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അനന്തസാധ്യതകളായി യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകര്‍ന്നു. വ്യാമോഹിപ്പിക്കുന്ന ശമ്പളം മാടി വിളിച്ചപ്പോള്‍ ഐ.ടി.യെ ജീവിതവഴിയായി കണ്ട് യൂറോപ്പിനെ ആശ്രയിച്ച് ജീവിതം മെനഞ്ഞവരില്‍ മലയാളികളുടെ എണ്ണം വളരെ ഏറെയായിരുന്നു. കേരളത്തിലെ കുന്നുകളില്‍ കൂണുപോലെ മുളച്ചുപൊന്തിയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഐടി ബ്രാഞ്ച് എടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ മത്സരിച്ചു. എന്നാല്‍ ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ഐ.ടി. മേഖലകളിലെ പ്രതിസന്ധിയും കേരളത്തെ പിടിച്ചുകുലുക്കാന്‍ പോന്നതാണ്. ആഗോളതലത്തില്‍ ടെക് ഭീമന്‍മാരുടെ വീഴ്ച അപ്രതീക്ഷിതമായിരുന്നു. ഇപ്പോള്‍ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ വന്‍കിട കമ്പനികള്‍ പലതും തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കി തുടങ്ങിയിരിക്കുന്നു. പുന:സംഘടനകളുടെ പേരു പറഞ്ഞു കൊണ്ട് ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് സേവന ദാതാക്കളായ വാള്‍ട്ട് ഡിസ്‌നി 7000 ജീവനക്കാരെ പിരിച്ചുവിടുകയാണ്. 550 കോടി ഡോളറിന്റെ അധികച്ചെലവ് നേരിടുന്നതിന്റെ ഭാഗമാണ് ഈ നടപടി. അതുപോലെ അമേരിക്കന്‍ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഇ-ബെ അതിന്റെ അഞ്ഞൂറ് ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നു. ലോക പ്രസിദ്ധ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് കമ്പനി അതിന്റെ 3200 ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് വരാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്.
കോവിഡ് ഭീഷണി മറികടന്നതോടെ വീഡിയോ കോണ്‍ഫറന്‍സുകള്‍ കുറഞ്ഞിരിക്കുകയാണ്. ഇത് സൂം വീഡിയോ കമ്യൂണിക്കേഷന്‍സിലെ 1300 ജീവനക്കാരുടെ പിരിച്ചുവിടലിന് കാരണമായിരിക്കുന്നു. ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായി പല കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയും ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ എടുത്തുകളയുകയും ചെയ്തു കൊണ്ടിരിക്കുന്നു. തൊഴിലാളികളെ രാജിവച്ച് പോകാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യങ്ങള്‍ പല കമ്പനികളും ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണ്. പരിശീലനം പൂര്‍ത്തിയാക്കിയ പ്രൊബേഷനറി ജീവനക്കാരെ സ്ഥിരപ്പെടുത്താതെ പിരിച്ചുവിടാന്‍ ഇന്‍ഫോസിസും ആലോചിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്റേണല്‍ അസസ്സ്‌മെന്റില്‍ മാര്‍ക്ക് കുറഞ്ഞു പോയി എന്നു വരുത്തിത്തീര്‍ത്താണ് പലരേയും കമ്പനി പിരിച്ചുവിടുന്നത്. വിപ്രോയും സമാന നടപടികളുമായി മുന്നോട്ടു പോകുകയാണ്.
ഭാരതത്തിലെ പല നല്ല കമ്പനികളില്‍ നിന്നും ജോലി രാജിവച്ചും അല്ലാതെയും യു.കെ.യിലെത്തിയ നിരവധി മലയാളികള്‍ക്ക് ഇടിത്തീയായി മാറിയിരിക്കുകയാണ് ബ്രിട്ടന്റെ സാമ്പത്തിക തകര്‍ച്ച. മലയാളി വിദ്യാര്‍ത്ഥികളുടെയും അവസ്ഥ മറ്റൊന്നല്ല. ഗൂഗിള്‍, ആമസോണ്‍, മെറ്റാ തുടങ്ങിയ ഭീമന്‍ ഐ.ടി.കമ്പനികളില്‍ മോഹിപ്പിക്കുന്ന ശമ്പളവും പ്രതീക്ഷിച്ചെത്തിയ പല യുവ എഞ്ചിനീയര്‍മാര്‍ക്കും ഇതിനോടകം പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിക്കഴിഞ്ഞു. വര്‍ക്ക് വിസയില്‍ യു.കെ.യില്‍ എത്തിയ പലര്‍ക്കും നിലവിലുള്ള ജോലി നഷ്ടമായ സ്ഥിതിക്ക് രണ്ടു മാസത്തിനുള്ളില്‍ പകരം ജോലി കണ്ടെത്താനായില്ലെങ്കില്‍ നാടുവിടേണ്ടി വരും. ഇന്‍ഫോപാര്‍ക്കിലേയും പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡ് കമ്പനികളിലേയും ജോലി വലിച്ചെറിഞ്ഞ് പ്രതിവര്‍ഷം അമ്പതു ലക്ഷത്തിനു മേല്‍ ശമ്പളം പ്രതീക്ഷിച്ചെത്തിയവരാണ് ഇവരില്‍ പലരും.
ലോകം മുഴുവനുള്ള പിരിച്ചുവിടല്‍ ഭീഷണിയില്‍ 91 കമ്പനികളില്‍ നിന്നായി ഇതിനോടകം 24,151 ജീവനക്കാരെ ജനുവരിയില്‍ മാത്രം പിരിച്ചു വിട്ടു കഴിഞ്ഞിരിക്കുന്നു. കോവിഡ് നിയന്ത്രണത്തിലായെങ്കിലും 2023 ല്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊരു ഭാഗം മാന്ദ്യത്തിലായിരിക്കും എന്നു തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിഗമനം. ഇതൊക്കെയാണെങ്കിലും ഭാരതത്തിന്റെ ആഭ്യന്തര വിപണിയേയും സമ്പദ്ഘടനയേയും ആഗോളമാന്ദ്യം കാര്യമായി ബാധിക്കില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ടെക് ലോകത്തെ ആഗോള തകര്‍ച്ച ഭാരതം അവസരമാക്കി മാറ്റും എന്നു കരുതുന്നവരാണ് ഏറെ. പക്ഷെ കേരളത്തിന്റെ സാമ്പത്തികരംഗം പ്രവചനാതീതമായി തകര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ആഗോളതലത്തിലുള്ള കുട്ടപ്പിരിച്ചുവിടലുകള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്ന ക്ഷതം വലുതായിരിക്കും. അദാനി തകര്‍ന്നാല്‍ ആനന്ദം കൊള്ളുന്ന മലയാളി സ്വന്തം അടിത്തറ തകര്‍ന്നടിഞ്ഞത് അറിയാന്‍ അവനെ ബാധിച്ച കമ്യൂണിസ്റ്റ് ജ്വരം വിട്ടുമാറേണ്ടി വരും എന്നു തോന്നുന്നു.
Comments