എം.ജെ. അക്ബര്‍ എന്ന പത്രപ്രവര്‍ത്തകനെക്കുറിച്ച് എതിരഭിപ്രായമുള്ളവരുണ്ടാകില്ല. 2008ല്‍ പ്രത്യേകിച്ചും. പിന്നീടദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ പോലും എതിര്‍ സ്വരങ്ങളേക്കാള്‍ അത്ഭുതമായിരുന്നു. 2008ല്‍ മുംബൈ ഭീകരാക്രമണത്തിനെത്തുടര്‍ന്ന് എം.ജെ.അക്ബറിനെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ഒരു അഭിമുഖത്തിന് ക്ഷണിച്ചു.
സ്വാഭാവികമായും ലോകം മുഴുവന്‍ മുഖങ്ങളുള്ള ഒരു മാദ്ധ്യമസ്ഥാപനത്തിലെ അഭിമുഖം അദ്ദേഹം സ്വീകരിക്കേണ്ടതാണ്. നിഷ്‌കരുണം അത് നിരസിച്ച ശേഷം അദ്ദേഹമൊരു ലേഖനമെഴുതി. ‘ആശശേിഴ വേല ആആഇ യൗഹഹല’േ ചെറുതെങ്കിലും എം.ജെ. അക്ബര്‍ എന്ന ഭാരതീയന്റെ എണ്ണം പറഞ്ഞ എഴുത്തുകളിലൊന്ന്.
“I am appalled, astonished, and livid at your inability to describe the events in Mumbai as the work of terrorists. You have called them ‘gunmen’, as if they were hired security guards on a night out. When Britain finds a group of men plotting in a home laboratory your government has no hesitation in creating an international storm, and the BBC has no hesitation in calling them terrorists. When nearly two hundred Indian lives are lost, you cannot find a word in your dictionary more persuasive than ‘gunmen’. You are not only pathetic, but you have become utterly biassed in your reporting… Shame on you and your kind.”
മേലെഴുതിയത് മലയാളത്തിലാക്കിയാല്‍ അദ്ദേഹത്തിന്റെ ഭാഷയുടെ ഭംഗി പോകും. എന്നാലും എഴുതാം.
‘മുംബൈയിലെ സംഭവങ്ങളെ ഭീകരവാദികള്‍ ചെയ്തതെന്ന് വിശേഷിപ്പിക്കാനുള്ള നിങ്ങളുടെ വിമുഖതയില്‍ എനിക്ക് ഞെട്ടലും ആശ്ചര്യവും ദേഷ്യവുമാണ് തോന്നുന്നത്. നിങ്ങളവരെ ‘തോക്കുധാരികള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. അവരേതോ സുരക്ഷാഭടന്മാര്‍ ആണെന്നത് പോലെ. നിങ്ങളുടെ നാട്ടില്‍ ഏതെങ്കിലും വീടിനകത്തുള്ള ഒരു തട്ടിക്കൂട്ട് പരീക്ഷണശാലയില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ആയുധമുണ്ടാക്കുന്നെന്ന് കണ്ടാല്‍ അതിനെയൊരു അന്താരാഷ്ട്ര കൊടുങ്കാറ്റാക്കാന്‍ നിങ്ങളുടെ സര്‍ക്കാരിനൊരു മടിയുമില്ല. അവരെ ഭീകരവാദികളെന്ന് വിളിക്കാന്‍ ബിബിസിക്കും മടിയില്ല. എന്നാല്‍ ഏതാണ്ട് ഇരുനൂറു ഇന്ത്യന്‍ ജീവിതങ്ങള്‍ പൊലിഞ്ഞപ്പോള്‍ ‘തോക്കുധാരികള്‍’ എന്നതിനേക്കാള്‍ മെച്ചപ്പെട്ട ഒരു വാക്ക് നിങ്ങളുടെ നിഘണ്ടുവില്‍ കണ്ടെത്താനേ കഴിഞ്ഞില്ല? ഈ റിപ്പോര്‍ട്ടുകളേയൊന്നും ദയനീയമെന്ന് വിശേഷിപ്പിച്ചാല്‍ പോരാ, തികഞ്ഞ പക്ഷപാതികളാണ് നിങ്ങള്‍! നിങ്ങളോടും നിങ്ങളെപ്പോലെ ഉള്ളവരോടും നാണമില്ലേ നിങ്ങള്‍ക്ക് എന്ന് ചോദിക്കാനേ കഴിയൂ!”
ബിബിസി എന്ന മാദ്ധ്യമസ്ഥാപനത്തെപ്പറ്റി ഇനിയൊന്നും കൂടുതല്‍ പറയാതെ ഈ ലേഖനം ഇവിടെ അവസാനിപ്പിച്ചാലും ഒരു കുഴപ്പവുമില്ല. കാരണം അദ്ദേഹം പറഞ്ഞതില്‍ എല്ലാമുണ്ട്.
ബിബിസി എന്നത് ബ്രിട്ടീഷ് ഗവണ്മെന്റ് പണം നല്‍കി നിലനിര്‍ത്തുന്ന മാദ്ധ്യമസ്ഥാപനമാണ്. ഇതിനുള്ള പണം നല്‍കുന്നത് ബ്രിട്ടനിലെ നികുതിദായകനാണ്. ടി.വി ലൈസന്‍സ് എന്നാണ് ബിബിസിക്ക് നല്‍കുന്ന ഈ നിര്‍ബന്ധിത നികുതിയുടെ പേര്. ബ്രിട്ടനില്‍ ഒരു ടെലിവിഷന്‍ സെറ്റ് സ്വന്തമായുള്ളവര്‍ ഈ നികുതി നല്‍കണമെന്നാണ് നിയമം.

വാക്കുകള്‍ വച്ചുള്ള കളി ബിബിസി ഇന്നും ഇന്നലേയും തുടങ്ങിയതല്ല. നരേന്ദ്രമോദി സര്‍ക്കാരിനുമെല്ലാം വളരെ മുന്‍പ് രണ്ടായിരങ്ങളുടെ ആദ്യ ദശകത്തില്‍ ഇടതുപക്ഷ ഭീകരവാദികള്‍ ഒരു പോളിങ് ബൂത്ത് ആക്രമിച്ചപ്പോള്‍ ബിബിസി അവരെ വിളിച്ചത് സ്വാതന്ത്ര്യസമരക്കാര്‍ എന്നായിരുന്നു. ഭാരതമെന്ന രാഷ്ട്രത്തേയും ദേശത്തേയും എന്നും എതിര്‍ക്കുന്ന, അതിനെ ഏത് വിധേനേയും തച്ചുടയ്ക്കാന്‍ വെമ്പുന്ന മാദ്ധ്യമസ്ഥാപനങ്ങളിലൊന്നാണ് ബിബിസി എന്നതിന് അതിനപ്പുറം തെളിവ് വേണ്ടല്ലോ.
2012 ഡിസംബര്‍ 16. ഡല്‍ഹിയില്‍ ബസ്സിനുള്ളിലിട്ട് ഒരു പെണ്‍കുട്ടിയെ കുറെ അധമന്മാര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വിവാദമായി കത്തി നില്‍ക്കുന്ന സമയം. അതിക്രൂരമായ ആ സംഭവത്തിന്നെതിരെ രാജ്യം മുഴുവന്‍ ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഓര്‍മ്മയുണ്ടാകുമോ എന്നറിയില്ല, ബിബിസി അന്നും വാര്‍ത്താചിത്രവുമായി വന്നു.
ഇന്ത്യയുടെ മകള്‍
India’s Daughter
ബ്രിട്ടനിലെ തന്നെ പ്രധാന മാദ്ധ്യമങ്ങളിലൊന്നായ ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത് ആ വാര്‍ത്താചിത്രം തികഞ്ഞ അസംബന്ധമായിരുന്നെന്നാണ്. ശുദ്ധമായ കപടപ്രചരണ നാടകമായിരുന്നു ആ ഡോക്യുമെന്ററി എന്ന് തെളിവുകളോടെ ടെലഗ്രാഫ് എഴുതി. അത് പ്രക്ഷേപണം ചെയ്യുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ഒരു സ്വകാര്യ പ്രദര്‍ശനം നടത്തിയിരുന്നു. ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം ആ സദസ്സിലുണ്ടായിരുന്നു. ആ പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ ബലാല്‍സംഗത്തിന്റെ കണക്കുകള്‍ പറയുന്ന സമയത്ത് അമേരിക്കയിലേയും യൂറോപ്പിലേയും ആസ്‌ട്രേലിയയിലേയും കണക്കുകളെല്ലാം എടുത്ത് താരതമ്യം നടത്തി ഇന്ത്യയില്‍ മാത്രമല്ല ബലാല്‍സംഗം എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കാണിച്ചിരുന്നത്.
എന്നാലത് ബിബിസിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കഥ മാറി. കണക്കുകള്‍ താരതമ്യം ചെയ്യുന്ന ഭാഗങ്ങളെല്ലാം മുറിച്ചു മാറ്റി. ഭാരതത്തിലെ പുരുഷന്മാര്‍ കൊടിയ ബലാല്‍ക്കാരന്മാര്‍ ആണെന്നും ഭാരതത്തിലെ ഭരണകൂടവും നീതിന്യായവ്യവസ്ഥയും എല്ലാം ബലാല്‍സംഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമായിരുന്നു എഡിറ്റ് ചെയ്ത് ബ്രിട്ടനില്‍ പ്രദര്‍ശിപ്പിച്ച വാര്‍ത്താചിത്രത്തില്‍ കാണിച്ചത്. തീര്‍ച്ചയായും നിര്‍ഭയ സംഭവത്തെത്തുടര്‍ന്ന് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി മാസങ്ങള്‍ തെരുവില്‍ സമരം നടത്തിയ ജനങ്ങളെ മുഖത്തു നോക്കി ആട്ടുന്ന രീതിയില്‍ കപടപ്രചരണം നടത്തുകയാണ് ബിബിസി ചെയ്തത്.
നിര്‍ഭയ സംഭവം നടന്നതിന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ 2013 മാര്‍ച്ച് മാസത്തില്‍ ബ്രിട്ടനിലെ ഗ്‌ളാസ്‌ഗോയില്‍ ബസ്സിനുള്ളിലിട്ട് പതിനാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. ആള്‍ക്കാര്‍ യാത്ര ചെയ്തിരുന്ന ഇരട്ടനില ബസ്സിന്റെ മുകള്‍ നിലയിലിട്ടാണ് കൂട്ട ബലാല്‍സംഗം നടന്നത്. യാത്രക്കാര്‍ ശബ്ദം കേട്ട് കയറിവന്നപ്പോള്‍ രണ്ട് പുരുഷന്മാര്‍ ഒരു പതിനാലുകാരിയെ ബലാല്‍സംഗം ചെയ്യുന്നതാണ് കണ്ടത്. കൃത്യം കഴിഞ്ഞ് എല്ലാവരുടേയും മുന്നിലൂടെ അവര്‍ ഇറങ്ങിപ്പോയി. കുറച്ചുപേര്‍ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് ചെന്നു എന്നല്ലാതെ ആരും ആ ക്രൂരന്മാരെ തടഞ്ഞതുപോലുമില്ല. ബസ്സ്‌ഡ്രൈവര്‍ കുറ്റവാളികളെ വാതില്‍ തുറന്ന് ഇറക്കിവിട്ടു.
ബ്രിട്ടീഷ് പുരുഷന്മാര്‍ ബലാല്‍സംഗികള്‍ ആണെന്ന ആഖ്യാനം നാമെവിടെയെങ്കിലും വായിച്ചോ? ആരെങ്കിലും ആ പുരുഷന്മാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വാദിച്ച് തെരുവില്‍ സമരം ചെയ്‌തോ? ആ പതിനാലുകാരിയെ പൊതുഗതാഗത വാഹനത്തിലിട്ട് ബലാല്‍സംഗം ചെയ്തവര്‍ വിജയികളെപ്പോലെ മുന്നിലൂടെ നടന്ന് പോയപ്പോള്‍ ആരും തടഞ്ഞ് നിര്‍ത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചോദിച്ചോ?
ഇല്ല. പക്ഷേ നിര്‍ഭയയ്ക്ക് വേണ്ടി നമ്മുടെ രാജ്യം തെരുവിലിറങ്ങിയെങ്കിലും ഇന്ത്യന്‍ പുരുഷന്മാര്‍ ബലാല്‍ക്കാരികളായി ചിത്രീകരിക്കപ്പെട്ടു. അതും ഡല്‍ഹിയിലെ സ്വകാര്യപ്രദര്‍ശനത്തില്‍ നിഷ്പക്ഷമെന്നോണം പ്രദര്‍ശിപ്പിച്ച ശേഷം ബ്രിട്ടനില്‍ പ്രക്ഷേപണം ചെയ്തപ്പോള്‍ തികഞ്ഞ പക്ഷപാതിത്വത്തോടെ പ്രദര്‍ശിപ്പിച്ചു.
ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഇന്ത്യയിലെ സ്വാതന്ത്ര്യ ദിനത്തിനോ ഗണതന്ത്ര ദിനത്തിനോ ബിബിസി നോക്കിയാല്‍ വളരെ ‘നിഷ്പക്ഷമായ’ ഒരു റിപ്പോര്‍ട്ട് കാശ്മീര്‍ പ്രശ്‌നത്തെപ്പറ്റിയോ, മുംബൈയിലെ ചേരികളെപ്പറ്റിയോ കാണാം. നമ്മള്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശൂന്യാകാശയാനങ്ങളയക്കുന്ന ദിവസം ഡല്‍ഹിയിലെ ചേരികളില്‍ നിന്നുകൊണ്ട് അതിനെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാം. ദീപാവലിക്ക് പടക്കം പൊട്ടിയ്ക്കുമ്പോള്‍ കിളികളെയോര്‍ത്ത് കരയുന്ന ബിബിസി ലണ്ടനിലെ പുതുവര്‍ഷാഘോഷത്തില്‍ ശതകോടിക്കണക്കിന് രൂപയുടെ വെടിക്കെട്ട് നടത്തുന്നതിനെ ആഘോഷിക്കുന്നത് കാണാം. യൂറോപ്പില്‍ ലോക്ഡൗണ്‍ ദശലക്ഷക്കണക്കിനാള്‍ക്കാരുടേ ജീവന്‍ രക്ഷിച്ച കണക്ക് പറഞ്ഞ് നാവെടുക്കും മുന്നേ നരേന്ദ്രമോദി ആരോടും ചോദിക്കാതെ ലോക്ഡൗണ്‍ നടത്തിയെന്ന നിലവിളി കേള്‍ക്കാം. അങ്ങനെ ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനാകും.
ഇവര്‍ എന്തിനാണിത് ചെയ്യുന്നത്? ചോദിക്കേണ്ടത് അതാണ്. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ഭാരതത്തിന്റെ ഇന്നത്തെ ഭൗമരാഷ്ട്രീയ നിലപാടുകള്‍ കാരണങ്ങളാണ്. അതിലുപരിയായി ബ്രിട്ടനിലെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയും കാരണമാണ്.
ചരിത്രപരമായ കാരണങ്ങള്‍
സാമ്രാജ്യത്ത മനോഭാവം
1947 ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഏതെങ്കിലുമൊരു രാജ്യമായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മകുടമണി എന്ന് അവര്‍ തന്നെ വിളിച്ചിരുന്ന ഭാരതമായിരുന്നു. ബ്രിട്ടന് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു ഭാരതത്തില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നത്. അതും നമ്മെ ആഗോള വേദിയില്‍ ധാര്‍മ്മികമായി ഒരു രീതിയിലും ഒറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന വിഷമത്തോടെ. അവര്‍ നഷ്ടപ്പെടുത്തിയത് ഒരു ഭൂപ്രദേശം മാത്രമല്ല, ലോകത്തിന് മുകളില്‍ അവര്‍ കൈക്കൊണ്ടിരുന്ന ധാര്‍മ്മിക മേധാവിത്തം (moral superiority) കൂടിയാണ്. ഈ രാജ്യത്തെ വിഭജിക്കാന്‍ കാര്‍മ്മികത്വം വഹിച്ചത് വഴി കഴിയുന്നത്ര പ്രശ്‌നങ്ങളിലേക്ക് നമ്മെ വലിച്ചിടുകയും ഭാരതമെന്ന രാഷ്ട്രം അതിന്റെ പ്രശ്‌നങ്ങളില്‍ കിടന്ന് കഷ്ടപ്പെട്ട് സ്വയം നശിക്കുകയും ചെയ്യും എന്നാണവര്‍ പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായില്ല. പകരം ഉത്തരോത്തരം നമ്മുടെ രാഷ്ട്രം ശക്തിപ്രാപിക്കുന്നു. അതിന്റെ സങ്കടം ഒരു ബ്രിട്ടീഷ് സാമ്രാജ്യത്ത സ്ഥാപനമായ ബി ബി സിയ്ക്കുണ്ട്.
ശീതയുദ്ധത്തിന്റെ ശേഷച്ചൊരുക്കുകള്‍
ഇത് സ്വാതന്ത്ര്യാനന്തരം ഭാരതം കൈക്കൊണ്ട ചില പ്രത്യേക വിദേശനയങ്ങളുടെ ശേഷച്ചൊരുക്കുകളാണ്. ശീതയുദ്ധസമയത്ത് നെഹ്രു കുടുംബാധിപത്യം ഭാരതത്തെ കമ്യൂണിസ്റ്റ് തൊഴുത്തില്‍ കൊണ്ട് കെട്ടാന്‍ അത്യാവശ്യം നന്നായിത്തന്നെ ശ്രമിച്ചിരുന്നു. ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന നാറ്റോ സഖ്യത്തിന് സ്വാഭാവികമായും ഭാരതത്തെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ടി വന്നു. ബിബിസിയുടെ നയരൂപീകരണ സ്ഥാനങ്ങളില്‍ ഇന്നിരിക്കുന്ന പല മുതിര്‍ന്ന പ്രക്ഷേപകരും ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ഈ സ്ഥാപനത്തില്‍ ജോലി തുടങ്ങിയവരാണ്. സ്വാഭാവികമായും അന്ന് അമേരിക്കയുടേയും ബ്രിട്ടന്റേയും ചെല്ലപ്പിള്ളയായിരുന്ന പാകിസ്ഥാനുമായും ഐ എസ്‌ഐയുമായും ഒക്കെ അവര്‍ക്ക് അത്യാവശ്യം നല്ല സമ്പര്‍ക്കവുമുണ്ട്.
അതിന്റെ ഏറ്റവും പുതിയ ഉദാഹരണം പ്രശസ്ത അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞയും ഗ്രന്ഥകാരിയും ഗവേഷകയുമായ ഡോക്ടര്‍ ക്രിസ്റ്റീന്‍ ഫെയറിനെ ബി ബിസിയുടെ മുതിര്‍ന്ന പ്രക്ഷേപകയായ ഫിലിപ്പ തോമസ് തടസ്സപ്പെടുത്തിയതാണ്. 2021 സെപ്റ്റംബര്‍ 5ന് ബിബിസി വാര്‍ത്തക്കിടയില്‍ താലിബാന്‍ വിഷയത്തില്‍ വിദഗ്ധ ക്ഷണിതാവായി പങ്കെടുത്തതായിരുന്നു ക്രിസ്റ്റീന്‍ ഫെയര്‍. താലിബാനെ സൃഷ്ടിക്കുന്നതിലും നിലനിര്‍ത്തുന്നതിലും പാകിസ്ഥാന്റെ പങ്ക് വിവരിച്ചുകൊണ്ടിരുന്നപ്പോള്‍ അസ്വസ്ഥയായ വാര്‍ത്താ അവതാരക ഫിലിപ്പ തോമസ് പാതിവഴിയില്‍ അവരെ തടസ്സപ്പെടുത്തി. തിടുക്കത്തില്‍ ക്രിസ്റ്റീന്റെ വീഡിയോ ഫീഡ് വാര്‍ത്തയില്‍ നിന്ന് മാറ്റുകയും ചെയ്തു. വീഡിയോ മാറ്റപ്പെടുന്നതിന് തൊട്ട് മുന്‍പ് ഡോക്ടര്‍ ക്രിസ്റ്റീന്‍ ഫെയര്‍ ചോദിച്ചത് ”നിങ്ങള്‍ (ബി ബി സി) പാകിസ്ഥാന് വേണ്ടിയല്ലേ ഈ കുപ്രചരണങ്ങള്‍ നടത്തുന്നത്?”എന്നായിരുന്നു.
അക്കാദമിക ഹിന്ദു വിരുദ്ധത
വളരെ വിശാലമായ വിഷയമാണത്. ഇന്ത്യയിലെ ചില സര്‍വകലാശാലകളും അതിനോട് ചേര്‍ന്ന് പാശ്ചാത്യ സര്‍വകലാശാലകളും എങ്ങനെ ഹിന്ദുവിരുദ്ധമാകുന്നു എന്നും, അവിടങ്ങളില്‍ നിന്നുള്ള പരിശീലനം എങ്ങനെ വിദ്യാര്‍ത്ഥികളില്‍ ഹിന്ദു വിരുദ്ധത കുത്തിവയ്ക്കുന്നുവെന്നും രാജീവ് മല്‍ഹോത്രയെപ്പോലെയുള്ളവര്‍ വിശദമായി പ്രമാണരേഖകള്‍ കാട്ടി എഴുതിയിട്ടുണ്ട്. ബ്രേക്കിങ്ങ് ഇന്ത്യ, അക്കാദമിക് ഹിന്ദുഫോബിയ തുടങ്ങിയ പുസ്തകങ്ങള്‍ മുതല്‍ സ്‌നേക്‌സ് ഓഫ് ഗംഗ എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍ വരെ വിശദമായ വിവരണം ആ വിഷയത്തില്‍ അദ്ദേഹം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് പാശ്ചാത്യ സര്‍വകലാശാലകള്‍ ഹിന്ദു വിരുദ്ധമാകുന്നു എന്ന് ഈ ലേഖനത്തിന്റെ പ്രതിപാദ്യവിഷയമാക്കുന്നില്ല. ഇത്തരത്തില്‍ ഹിന്ദുവിരുദ്ധമായ അന്തരീക്ഷത്തില്‍ നിന്ന് പരിശീലനം ലഭിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ പൊതുവേ പ്രത്യക്ഷമായിത്തന്നെ ഹിന്ദുക്കളേയും അതുവഴി ഭാരതത്തേയും താറടിക്കാന്‍ ശ്രമിക്കുന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കണ്ടെത്താനാകും.
ഭാരതത്തിന്റെ കുതിച്ചുയരുന്ന പ്രാമുഖ്യം
നമുക്കെല്ലാമറിയാം, ഏതാണ്ട് പത്തുകൊല്ലം മുന്‍പ് വരെ ഭാരതത്തിന് ആഗോളരംഗത്ത് പറയത്തക്ക പ്രാമുഖ്യമൊന്നുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയന്റെ പതനം വരെ നമ്മെ കമ്യൂണിസ്റ്റ് ബ്‌ളോക്കിന്റെ മണ്ടന്മാരായ അടിമകളായാണ് ലോകം കണ്ടിരുന്നത്. ചേരിചേരാനയമെന്നൊക്കെപ്പറഞ്ഞ് നമ്മെ ആ അടിമത്തത്തിലേക്ക് തള്ളിയിടാന്‍ നെഹ്രു കുടുംബാധിപത്യം വേണ്ടതെല്ലാം ചെയ്തുകൊടുത്തു. പകരം കുടുംബാധിപത്യം നിലനിര്‍ത്താന്‍ വേണ്ട സഹായം കമ്യൂണിസ്റ്റുകളും ചെയ്തുകൊടുത്തു. ആ പരസ്പര പരാദത്വം സോവിയറ്റ് യൂണിയന്റെ വീഴ്ചയോടെയും അവസാനിച്ചില്ല. എന്നാല്‍ നരസിംഹറാവു അധികാരത്തിലെത്തിയതോടെ സ്വതന്ത്ര വിപണിയിലേക്ക് നാം നടന്ന് നീങ്ങി. അപ്പോഴും ആഗോളരംഗത്ത് പ്രത്യേകമായ സ്ഥാനമൊന്നും നമുക്ക് അവകാശപ്പെടാനില്ലായിരുന്നു. എല്ലാ മതില്‍ക്കെട്ടുകളേയും തകര്‍ത്ത് ചൈന പുരോഗതിയിലേക്ക് കുതിച്ചപ്പോള്‍ നോക്കി നില്‍ക്കാനേ നമുക്ക് കഴിഞ്ഞുള്ളൂ.
2014 മുതല്‍ സ്ഥിതി അതല്ല. വ്യക്തമായ വിദേശനയത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള ഭൗമരാഷ്ട്രീയ രംഗത്ത് നാം നമ്മുടെ സ്ഥാനം ചോദിച്ച് വാങ്ങുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നടത്തിയ വിദേശയാത്രകള്‍, ലോകം മുഴുവനുമുള്ള ഭാരതീയ വംശജരെ അദ്ദേഹം ഒരുമിപ്പിച്ച രീതി, ഊര്‍ജ്ജസ്വലമായ ജനാധിപത്യം, ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ കൗണ്‍സിലിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം എല്ലാം ആഗോളവേദിയില്‍ ഒരു സൂപ്പര്‍ പവര്‍ എന്ന രീതിയില്‍ വന്‍ മുന്നേറ്റമാണുണ്ടാക്കുന്നത്. ബ്രിട്ടനും ബിബിസിയ്ക്കും അത് ദഹിക്കാന്‍ ഒട്ടും സാദ്ധ്യതയില്ല.
ഇസ്രായേലുമായുള്ള പുതിയ ബന്ധം
ഇവിടെ നമ്മള്‍ മറ്റൊരു പുതിയ കാര്യം കൂടി അറിയേണ്ടതുണ്ട്. അമേരിക്കയുടെയും അതുവഴി നാറ്റോയുടേയും മിത്രരാജ്യമാണ് ഇസ്രായേല്‍. സ്വാഭാവികമായും മറ്റൊരു നാറ്റോ രാജ്യമായ ബ്രിട്ടനും ഇസ്രായേലുമായി നല്ല ബന്ധമാവണം ഉണ്ടായിരിക്കേണ്ടത്. പക്ഷേ അത്ര ലളിതമല്ല കാര്യങ്ങള്‍.
ലോകമെമ്പാടുമുള്ള ജൂതന്മാര്‍ ഇസ്രായേലെന്ന രാജ്യത്തിനായി വാദിക്കുമ്പോള്‍ ആ ഭാഗം ഭരിച്ചിരുന്നത് ബ്രിട്ടീഷ് സാമ്രാജ്യമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും സയണിസത്തിന് ബ്രിട്ടീഷ് സാമ്രാജ്യവുമായി അനേകം സംഘട്ടനങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ട്.
1948ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാളവുമായി നേരിട്ടുള്ള യുദ്ധം പോലും നടക്കുമെന്ന സ്ഥിതിയിലെത്തിയിരുന്നു. മാത്രവുമല്ല എണ്ണക്കച്ചവടവുമായി ബന്ധപ്പെട്ട മിക്ക അറബ് രാജ്യങ്ങളേയും ഉണ്ടാക്കിയതും പരിപാലിക്കുന്നതും എല്ലാം ബ്രിട്ടനാണല്ലോ. സ്വാഭാവികമായും ബ്രിട്ടീഷ് സാമ്രാജ്യവും ഇസ്രായേലും തമ്മില്‍ അത്ര സ്‌നേഹത്തിലൊന്നുമല്ല. നാറ്റോ-അമേരിക്കയുമായി ഇസ്രായേല്‍ നല്ല ബന്ധത്തിലാണെങ്കിലും ബ്രിട്ടന്‍ പൊതുവേ ഒരു അമ്മായിയമ്മ നയമാണ് ഇസ്രായേലുമായി കാണിക്കുന്നത്. അമേരിക്ക കണ്ണുരുട്ടും എന്നത് കൊണ്ട് ഇസ്രായേലിനെ നേരിട്ട് ചൊറിയാറില്ല എന്ന് മാത്രം.
ബിബിസിയും അതുകൊണ്ട് തികഞ്ഞ ആന്റിസെമറ്റിസം (ജൂതവിരോധം) കാട്ടുന്ന മാദ്ധ്യമമാണ്. പലതവണ ഇസ്രായേല്‍ ഗവണ്മെന്റ് നേരിട്ട് പോലും ബിബിസിയുടെ ജൂതവിരോധത്തെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
2004ല്‍ ഇസ്രായേല്‍ ഗവണ്മെന്റ് ബിബിസിയെ ജൂത-ഇസ്രായേല്‍ വിരുദ്ധമെന്ന് പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ മാല്‍കം ബേലന്‍ എന്ന മുതിര്‍ന്ന പ്രക്ഷേപകനെ ബിബിസി തങ്ങളുടെ ജൂതവിരുദ്ധ പക്ഷപാതത്തെപ്പറ്റി പഠിക്കാന്‍ ഒരു ഓഡിറ്ററായി നിയമിച്ചു. മാല്‍കം ബേലന്‍ അന്നുവരെയുള്ള മുഴുവന്‍ ബിബിസി റിപ്പോര്‍ട്ടുകളും പരിശോധിച്ച് 20000 വാക്കുകള്‍ വരുന്ന ഒരു റിപ്പോര്‍ട്ടുണ്ടാക്കി. സ്വാഭാവികമായും ബിബിസി ജൂതവിരുദ്ധമാണെന്ന് അത് തെളിയിക്കുന്നുണ്ടാവണം. അതു കൊണ്ടുതന്നെ ആ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ബേലന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യത്തെ ഏകദേശം മൂന്ന് കോടി രൂപ ചിലവാക്കി സുപ്രീം കോടതിയില്‍ വരെ പോയി വാദിച്ച് ബിബിസി പ്രതിരോധിച്ചു. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഈ റിപ്പോര്‍ട്ട് വരുന്നില്ലെന്നായിരുന്നു ബിബിസി വാദിച്ചത്. പത്രസ്വാതന്ത്ര്യമെന്ന് നിലവിളിക്കുന്നവരുടെ സ്വാതന്ത്ര്യദാഹം അത്രയ്ക്കുണ്ട്!
2014ല്‍ ഇന്ത്യയില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് ഇസ്രായേലുമായി നിവര്‍ന്ന് നിന്ന് സൗഹൃദം സ്ഥാപിച്ചു എന്നതാണ്. ബിജെപി ഇസ്രായേലുമായി അടുത്ത ബന്ധമാണ് ആഗ്രഹിക്കുന്നത് എന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. എന്നാല്‍ പാലസ്തീനുമായി നമ്മളുടെ സഹകരണം ഒട്ടും കുറച്ചിട്ടുമില്ല. ഇക്കാര്യത്തില്‍ നരേന്ദ്രമോദിയോടും ബിജെപിയോടും ബിബിസിയിലെ അറബ്-ഇസ്ലാമിക പക്ഷപാതികള്‍ക്ക് തീര്‍ത്താല്‍ തീരാത്ത ദേഷ്യമാണുള്ളത്. മോദിക്കെതിരേ തിരിയാന്‍ ഒരു കാരണം ഇതാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുതിച്ചുയരുന്ന സമ്പദ് വ്യവസ്ഥ
സ്ലംഡോഗ് മില്യണേയര്‍ എന്ന സിനിമ കണ്ടവര്‍ക്ക് കൃത്യമായി മനസ്സിലാകും ഒരു ശരാശരി ബ്രിട്ടീഷുകാരന്‍, ഇനിയവന്‍ എത്ര ലിബറലെന്ന് പറഞ്ഞാലും എങ്ങനെയാണ് ഇന്ത്യയെ നോക്കിക്കാണുന്നതെന്ന്. അവന് നാം സെപ്റ്റിക് ടാങ്കുകളില്‍ ചാടിമറിയുന്ന, ഒരു രൂപായ്ക്ക് എന്തും ചെയ്യാന്‍ തയ്യാറുള്ള വിശപ്പ് വിഴുപ്പുകളാണ്. കുതിച്ചുയരുന്ന സമ്പദ് വ്യവസ്ഥയും, ഒരുകാലത്ത് നാം ശാപമായി കണ്ടിരുന്ന ജനസംഖ്യ ഇന്ന് നമ്മുടെ ഏറ്റവും വലിയ സമ്പത്താകുന്നതും എത്ര ബ്രിട്ടീഷുകാരനും സഹിക്കില്ല. അതിന്റെ വേദന അവര്‍ തീര്‍ക്കുന്നത് ക്യാമറക്കണ്ണുകള്‍ നമ്മുടെ പാതയോരത്തെ ഓരോ കുപ്പയിലേക്കും തിരിച്ച് വച്ചിട്ടാണ്. ബ്രിട്ടനിലും ചേരികളുണ്ട്, കുപ്പയും ഭിക്ഷക്കാരും ഭവനരഹിതരുമെല്ലാമുണ്ട്. പക്ഷേ അവര്‍ സ്വന്തം ക്യാമറകള്‍ അങ്ങോട്ട് മാത്രം തിരിയ്ക്കില്ല.
മോദിയല്ല ലക്ഷ്യം
ഈ കഥയുടെ രഹസ്യവഴിമാറ്റം ഇനിയാണ്. ‘ഇന്‍ഡ്യ – ദ മോദി ക്വസ്റ്റ്യന്‍’ എന്ന വാര്‍ത്താചിത്രത്തെപ്പറ്റിയാണല്ലോ നിലവിലെ വിവാദം മുഴുവന്‍. ആ വാര്‍ത്താ ചിത്രത്തില്‍ പുതിയതായൊന്നുമില്ല. ഗോധ്രാനന്തര കലാപത്തില്‍ മുസ്ലിങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായപ്പോള്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കും സര്‍ക്കാരിനും ആ ആക്രമണങ്ങളില്‍ നേരിട്ട് പങ്കുണ്ടായിരുന്നു എന്നുപറഞ്ഞ് പഴകിയ കള്ളം മാത്രമാണ് ആ വാര്‍ത്താചിത്രത്തിലുള്ളത്. നരേന്ദ്രമോദിക്കെതിരേ ഗൂഡാലോചന നടത്തി പത്ത് കൊല്ലത്തോളം വേട്ടയാടിയ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്, അവര്‍ ഭരിച്ചിരുന്ന സമയത്ത്, അവര്‍ നിയമിച്ച ജഡ്ജിമാരുടെ മുന്നില്‍, സുപ്രീം കോടതിയില്‍പ്പോലും തെളിയിക്കാന്‍ കഴിയാത്ത ആ ആരോപണത്തിന് കാല്‍ക്കാശിന്റെ വില നല്‍കേണ്ടതില്ല. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ എന്തായാലും ബ്രിട്ടനിലെ സംവിധാനങ്ങളേക്കാള്‍ സുതാര്യമാണ്, ജനാധിപത്യപരമാണ്. ഇന്ത്യയിലും അത്തരമൊരാരോപണം ഇനി ഉയര്‍ത്തിയതില്‍ പുതുമയുമില്ല, അതുകൊണ്ട് ഗുണവുമില്ല.
അപ്പോള്‍ പിന്നെ എന്തിനാണവര്‍ ഇത്രയും പണം മുടക്കി ഇതുപോലൊന്ന് തട്ടിക്കൂട്ടുന്നത്? ആരാണ് ലക്ഷ്യം? എന്താണ് ബി ബി സിയുടെ ഉദ്ദേശം?
ലക്ഷ്യം നരേന്ദ്രമോദിയല്ല. ഋഷി സുനക് ആണ്. പാശ്ചാത്യ ഹിന്ദുക്കളാണ്. ഋഷി സുനക് ആത്മാര്‍ത്ഥതയും രാജ്യസ്‌നേഹവുമുള്ള ബ്രിട്ടീഷുകാരനാണ്. അതുകൊണ്ട് തന്നെ ഭാരതത്തിനായി അയാള്‍ ഒരിക്കലും ഒന്നും ചെയ്യില്ല. എന്നാല്‍ അയാള്‍ സ്വധര്‍മ്മാഭിമാനി കൂടിയാണ്. ഭഗവത് ഗീതയില്‍ കൈവച്ചു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ആള്‍. ബ്രിട്ടീഷ് മൂല്യങ്ങളേയും ഹിന്ദു സംസ്‌കാരത്തേയും ഒരു പോലെ സ്വാംശീകരിച്ച രണ്ടാം തലമുറ ബ്രിട്ടീഷ് ഹിന്ദു.
ഹിന്ദു എന്നത് പുതിയ ജൂതന്‍
പുരാതനകാലം മുതല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ജൂതന്മാര്‍ കുടിയേറിയിട്ടുണ്ട്. ചെന്നിടങ്ങളിലെല്ലാം അവര്‍ ധനികരും വിദ്യാഭ്യാസമുള്ളവരുമായി. എന്നിട്ടും അവര്‍ സ്വന്തം സ്വത്വം സംരക്ഷിച്ചു. എണ്ണത്തില്‍ ന്യൂനപക്ഷമായ കുടിയേറ്റക്കാര്‍ തദ്ദേശീയരേക്കാള്‍ ധനികരും അഭിവൃദ്ധിയുള്ളവരുമായി മാറുകയും എന്നാല്‍ എത്ര ഇഴുകിച്ചേര്‍ന്നാലും സ്വന്തം സ്വത്വം സംരക്ഷിക്കുകയും ചെയ്താല്‍ തദ്ദേശീയര്‍ പതിയെ അസൂയാലുക്കളും വംശീയവിദ്വേഷമുള്ളവരും ആയിത്തീരും. അല്ലെങ്കില്‍ ഭാരതം പോലെ ബഹുസ്വരതയെ ഇഷ്ടപ്പെടുന്ന ഒരു സമൂഹമായിരിക്കണം. ദൗര്‍ഭാഗ്യവശാല്‍ ഒരൊറ്റ പാശ്ചാത്യരാജ്യങ്ങളും അങ്ങനെയല്ല. അതുകൊണ്ട് തന്നെ ജൂതന്മാരെ അവര്‍ ഒറ്റപ്പെടുത്തുകയും കള്ള പ്രചരണങ്ങള്‍ നടത്തി കൂട്ടക്കൊല നടത്തുകയും ഒക്കെ ചെയ്തു.
ജൂതന്മാര്‍ തദ്ദേശീയ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍ക്കാരം ചെയ്യുന്നവരാണ്, ജൂതന്മാര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയി രക്തം കുടിക്കുന്നവരാണ്, ജൂതന്മാര്‍ കിണറ്റില്‍ വിഷം കലക്കുന്നത് കൊണ്ടാണ് പ്‌ളേഗ് ഉണ്ടാകുന്നത് എന്നൊക്കെയാണ് യൂറോപ്പില്‍ പ്രചരിച്ചിരുന്നത്. ചുറ്റുവട്ടങ്ങളില്‍ ഏതെങ്കിലും ഒരു കുട്ടി മരിച്ചാല്‍ ജൂതന്‍ ദുര്‍മന്ത്രവാദം ചെയ്തതെന്ന് ആരോപിച്ച് ആ സ്ഥലത്തെ ജൂതന്മാരെ പച്ചയ്ക്ക് ചുട്ടുകൊല്ലും. വൃത്തിഹീനമായ നഗരത്തില്‍ പ്‌ളേഗ് ബാധിച്ചാല്‍ ജൂതന്മാര്‍ കിണറ്റില്‍ വിഷം കലക്കിയതെന്ന് ആരോപിച്ച് ജൂത വീടുകള്‍ക്ക് തീയിട്ട് എല്ലാവരേയും കൊല്ലും. ഇതൊക്കെയായിരുന്നു മദ്ധ്യകാല യൂറോപ്യന്റെ വിനോദങ്ങള്‍. ഇത് 1945 വരെ തുടര്‍ന്നത് പ്രത്യേകിച്ച് പറയേണ്ടല്ലോ.
പാശ്ചാത്യലോകത്തെ പുതിയ ജൂതനാണ് ഹിന്ദു. അവന്‍ ഏത് പാശ്ചാത്യരാജ്യത്തും മറ്റേതൊരു സമൂഹത്തേക്കാളും അഭിവൃദ്ധി പ്രാപിച്ചവനാണ്, ധനികനാണ്, വിദ്യാഭ്യാസമുള്ളവനാണ്, സ്വാധീനമുള്ളവനാണ്. ലോകത്തെ മികച്ച കമ്പനികളുടെ തലപ്പത്തെല്ലാം ഇന്ന് അവരുണ്ട്. ബ്രിട്ടനില്‍ പ്രധാനമന്ത്രിപദത്തില്‍ പോലും അവരെത്തി. പ്രധാനമന്ത്രി മാത്രമല്ല അയാള്‍ സ്വന്തം സ്വത്വം പണയം വയ്ക്കാത്തവനാണ്. മിക്ക ഹിന്ദുക്കളും ഇങ്ങനെ തന്നെയാണ്.
പ്ലേഗ് പരത്താന്‍ കിണറ്റില്‍ വിഷം കലക്കുന്ന ജൂതനെന്ന ആഖ്യാനത്തിന്റെ പുതിയ രൂപമാണ് കാരണമില്ലാതെ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയ ഹിന്ദു നേതാവെന്ന ആഖ്യാനം. കുട്ടികളെ ദുര്‍മന്ത്രവാദം ചെയ്ത് കൊല്ലുന്ന ജൂതനെന്ന ആഖ്യാനത്തിന്റെ പുതിയ രൂപമാണ് ബലാല്‍ക്കാരം ചെയ്യാന്‍ മടിയില്ലാത്ത ഹിന്ദുവെന്ന ആഖ്യാനം.
ബിബിസി വാര്‍ത്താചിത്രങ്ങള്‍ ഇറക്കിയാല്‍ ഒരു ശതമാനം വരുന്ന ഇന്ത്യാക്കാരന്‍ പോലും കാണില്ലെന്ന് അവര്‍ക്ക് നന്നായറിയാം. പക്ഷേ ഇംഗ്‌ളീഷറിയാവുന്നയിടങ്ങളില്‍ മിക്കവരും കാണും. അത് തന്നെയാണ് ലക്ഷ്യവും. ലക്ഷ്യം പാശ്ചാത്യ ലോകത്ത് ഹിന്ദുവിനുണ്ടാകുന്ന സ്വീകാര്യത തകര്‍ക്കുകയാണ്. ഹിന്ദുത്വത്തിനുണ്ടാകുന്ന അഭിവൃദ്ധിയെ കരിവാരിത്തേക്കലാണ്.
ഋഷി സുനക് മാത്രമല്ല, ബ്രിട്ടനിലെ മുന്‍ ആഭ്യന്തരമന്ത്രിയായ പ്രീതി പട്ടേലിനു നേരേയും തികഞ്ഞ വംശീയപരമായ ആക്ഷേപമായിരുന്നു നടന്നിരുന്നത്. ലോക ലിബറലുകളുടെ അപ്പോസ്തലനായ ഗാര്‍ഡിയന്‍ പത്രം തികഞ്ഞ വംശീയാധിക്ഷേപം നടത്തി അവരെ കാര്‍ട്ടൂണില്‍ വരച്ചത് മൂക്കുത്തിയിട്ട ഒരു പശുവായാണ്.
ബ്രിട്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന, ലോകത്തെ തന്നെ ഏറ്റവും പഴയ വാര്‍ത്താവലോകന വാരികയായ സ്‌പെക്ടേറ്റര്‍ ഇങ്ങനെയെഴുതി.
”എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഇന്ത്യാക്കാരുടെ അഭിവൃദ്ധി ചിലരെ വിറളി പിടിപ്പിക്കുന്നത്? പ്രീതി പട്ടേലിനോടുള്ള നിലപാടുകളില്‍ ഹിന്ദുവിരുദ്ധതയുടെ അംശങ്ങള്‍ തീര്‍ച്ചയായുമുണ്ട്. ലെസ്റ്റര്‍ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ മാറ്റാന്‍ ചിലര്‍ 6000 ഒപ്പുകള്‍ വരെ ശേഖരിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിക്കും പ്രീതി പട്ടേലിനും ഒരു പൊതുവായ കാര്യമുണ്ട്. ഇരുവരും ഹിന്ദുക്കളാണ്. ബ്രിട്ടനില്‍ ഹിന്ദുവിരുദ്ധത വളരുന്നുണ്ട്”.

നരേന്ദ്രമോദിയെന്ന യാഗാശ്വത്തിനു മുന്നില്‍ പഴകിപ്പതിഞ്ഞ ആരോപണങ്ങള്‍ ഒന്നുമാവില്ല. എന്നാല്‍ സ്വന്തം സ്വത്വം അഭിമാനത്തോടെ തുറന്ന് പറഞ്ഞ് പാശ്ചാത്യലോകത്ത് ഉയര്‍ന്ന് വരാന്‍ ഒരു ഹിന്ദുവിന് ഈ ആരോപണങ്ങള്‍ കാരണം ചിലപ്പോള്‍ ചെറിയ മടിയുണ്ടായേക്കാന്‍ സാധ്യതയുണ്ട്. അതിലുപരി പാശ്ചാത്യരുടെ മുന്നില്‍ ഹിന്ദുക്കളെ ക്രൂരന്മാരും കലാപകാരികളും ഭീകരവാദികളുമൊക്കെയായി ചിത്രീകരിക്കാന്‍ കഴിയും.. ബിബിസി എന്ന ചത്ത കുതിരയ്ക്ക് അങ്ങനെ കിടന്ന് ചീഞ്ഞഴുകി ദുര്‍ഗന്ധമുണ്ടാക്കാനല്ലാതെ കൂടുതലൊന്നും കഴിയുകയുമില്ല.
Comments