ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും
ഞാന്‍ തത്വചിന്തകനാവുന്നു.
ജീവിതത്തിന്റെ പൊരുള്‍, മരണം, പ്രണയം
എല്ലാത്തിനും കാരണമന്വേഷിക്കുന്നു.
ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും
ഞാന്‍ വിരക്തനാവുന്നു.
അഴുകിയ ഉടല്‍, ദുര്‍ഗന്ധം
അമര്‍ത്താനാകാതെ പോകുന്ന നിലവിളികള്‍
എല്ലാം എന്നെ ജീവിതത്തില്‍ നിന്നും
ദൂരേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നു.
ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും
ഞാന്‍ ഏകാകിയാകുന്നു.
ജീവിതത്തിന്റെ മഹാപര്‍വ്വത്തെ നോക്കി
നിസ്സഹായനാകുന്നു.
ഒറ്റയ്ക്കുമാത്രം നീന്തേണ്ടി വരുന്ന സമുദ്രത്തെ
കണ്‍മുന്നില്‍ കണ്ടുപകച്ചുപോകുന്നു.
ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും
സുഗന്ധങ്ങള്‍ എന്നെ ഉപേക്ഷിച്ചു പോകുന്നു.
ഒരൊറ്റ ഗന്ധത്തില്‍ നാസിക ഉടക്കിപ്പോകുന്നു.
അടുത്തിരിക്കുന്നവര്‍ പോലും അന്യരായിപോകുന്നു.
ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും
ഞാന്‍ കവിയായിപ്പോകുന്നു.
വാക്കിന്റെ കടലു തപ്പുന്നു.
ജന്മത്തിനിരുണ്ട വഴികളില്‍ വെളിച്ചം തപ്പുന്നു.
Comments