ഞാന്‍ മുത്തശ്ശിയുടെ അടുത്തു ചെന്നിരുന്നു. ചെല്ലത്തില്‍നിന്ന് മൂന്നാല് അടക്കാക്കഷ്ണമെടുത്ത് കുഞ്ഞുരലിലിട്ട ് ഇടിക്കാന്‍ തുടങ്ങി.
”കോഴിള്ളേടത്തും കോഴക്കള്ളേടത്തും ചാത്തം ഊട്ടണ്ട.”
കോഴികളെപ്പറ്റി ഓര്‍ത്തിരിക്കുന്നതു കൊണ്ടായിരിക്കണം മുത്തശ്ശി അങ്ങനെ പറഞ്ഞത്.
”അതെന്താ മുത്തശ്ശീ?”
”അപ്പൂനറിയില്ലെ, ചാത്തത്തിന് ബലിയിട്ടുകഴിഞ്ഞാ, ബലിച്ചോറു രുട്ടിയെടുത്ത് തെക്കേമുറ്റത്ത് ചാണകം മെഴുകിയ സ്ഥലത്ത് കൊണ്ടുപോയി വെക്കണം. ബലിച്ചോറു വെച്ച് കയ്യു കൊട്ടണം. അപ്പൊ കാക്കകളു വരും. ബലി ച്ചോറു കൊത്തിത്തിന്നും. ബാക്കി കിടക്കുന്ന വറ്റ് പെറുക്കിയെടുത്ത് കുളത്തില്‍ കൊണ്ടു പോയിടണം. മീനിന് ഊണാവണം. അതു കഴിഞ്ഞിട്ടേ കോഴിക്കൂടു തുറക്കാവൂ. എന്നാലും ശരി, രണ്ടോ മൂന്നോ വറ്റെങ്കിലും കാണും കോഴിക്കു കൊത്തിപ്പെറുക്കാന്‍. ബലി അശുദ്ധാവാന്‍ അതുമതി. ചാത്തം ഊട്ടിയതിന്റെ ഫലം പോയില്ലേ?”
”അപ്പോ കോഴക്കള്ളേടത്തോ?”
”ആ കഥ മുത്തശ്ശി പറഞ്ഞു തരാം. അപ്പു കേട്ടിട്ടില്ലേ, പറയിപെറ്റ പന്തിരുകുലംന്ന്?”
”ഉവ്വ് മുത്തശ്ശി. അഗ്നിഹോത്രി, പെരുന്തച്ചന്‍, നാറാണത്ത് പ്രാന്തന്‍, പാക്കനാര്–”
”അങ്ങനെ വരരുചി എന്ന ബ്രാഹ്‌മണന് പഞ്ചമി എന്ന പറച്ചിപ്പെണ്ണിലുണ്ടായതാണ് പന്ത്രണ്ടുമക്കള്. പന്ത്രണ്ടാമത്തെ കുട്ടിക്ക് വായില്ല്യ. പെറ്റുവീണ് ഇത്തിരി കഴിഞ്ഞപ്പോ കുട്ടി കല്ലായി. മഹാബ്രാഹ്‌മണനല്ലേ വരരുചി. അദ്ദേഹംതന്നെ കുട്ടിയെ ഒരു കുന്നുമ്പുറത്തു പ്രതിഷ്ഠിച്ചു. അതാണ് വായില്ല്യാംകുന്നിലപ്പന്‍.
”ബാക്കി പതിനൊന്നു പേരുണ്ടല്ലോ. ഏട്ടനായ അഗ്നിഹോ ത്രീടെ ഇല്ലത്ത് അച്ഛന്റെ ചാത്തത്തിന് പത്തനിയന്മാരും ഒത്തുകൂടും. പത്താളും എന്തെങ്കിലും വെച്ചുവിളമ്പാനുള്ള വഹ കൊണ്ടു വരണം. അഗ്നിഹോത്രീടെ അന്തര്‍ജ്ജനം ഓരോന്നും പ്രത്യേകം വെച്ചുണ്ടാക്കും. ബലിയിട്ടു കഴിഞ്ഞ് ഉണ്ണാനിരിക്കുമ്പൊ ഓരോ വിഭവവും എല്ലാവര്‍ക്കും വിളമ്പും. ഒരു പ്രാവശ്യം പാക്കനാര് കൊണ്ടന്നത് എന്താന്നറിയ്വോ അപ്പൂന്?’
‘
”എന്താ കൊണ്ടന്നത്?”
”ചത്ത പയ്യിന്റെ അകിട് അങ്ങനെത്തന്നെ അരിഞ്ഞെടുത്ത് ചേമ്പിന്റെ ഇലയില്‍ പൊതിഞ്ഞിട്ട്.
പതിനൊന്നു കുട്ടികളേയും വഴിയിലുപേക്ഷിച്ചു പോയതല്ലേ അച്ഛനും അമ്മയും. പത്തു കുട്ടികളെ പത്തു ജാതിക്കാര്‍ക്കു കിട്ടി. ഒരു കുട്ടിയെ മുസല്‍മാനാണത്രേ എടുത്തു വളര്‍ത്തിയത്. അതാണത്രെ ഉപ്പുകൂറ്റന്‍.
ദിവ്യശക്തിള്ള മക്കളല്ലെ. വലുതായപ്പൊ ഏട്ടാനിയന്മാര്‍ക്ക് പരസ്പരം തിരിച്ചറിവുണ്ടായി. പറയകുലത്തിലാ പാക്കനാര് വളര്‍ന്നത്. ദേശത്തേതെങ്കിലും വീട്ടില് പോത്തോ പയ്യോ ചത്താല്‍ പറയര് കൊണ്ടോവും. അതിന്റെ
തോല് ഉരിഞ്ഞെടുത്ത് ഊറക്കിടാന്‍. ആ തോലു കൊണ്ടല്ലെ ചെണ്ടയുടേ യും മദ്ദളത്തിന്റേയും വട്ടം പണിയാ.
അന്തര്‍ജ്ജനം പൊതി തുറന്നു നോക്കുമ്പോ, ഹൗ എന്താദ്! ഒന്നും മിണ്ടാന്‍ പോയില്ല. ചേമ്പിലപ്പൊതി അങ്ങനെന്നെ നടുമിറ്റത്തു കുഴിച്ചിട്ടു. ബലിയിട്ടുകഴിഞ്ഞ് ഊണിന് ഇല വെച്ചു. പാക്കനാരു കൊണ്ടുവന്ന സാധനംകൊണ്ട് മാത്രം കറി വെച്ചിട്ടില്ല”.”
”എന്തേണ്ടായത്?” എന്നു ചോദിച്ചു പാക്കനാര്.
”ഞാനത് നടുമിറ്റത്തു കുഴിച്ചിട്ടു”.
”എന്നാ ചെന്നു നോക്കൂ” എന്നായി പാക്കനാര്.
”അന്തര്‍ജ്ജനം ചെന്നു നോക്കുമ്പോ എന്താ കണ്ടത്്?”
”എന്താ കണ്ടത്് മുത്തശ്ശീ?”
”പയ്യിന്റെ അകിട് കുഴിച്ചിട്ട സ്ഥലത്ത് ഒരു ചെടി മുളച്ച് വള്ളിയായിപ്പടര്‍ന്ന്, വള്ളിയില്‍ പയ്യിന്റെ മുലപോലെ കായക ളുണ്ട് തൂങ്ങിക്കിടക്കുന്നു. അന്തര്‍ജ്ജനം ഓടിച്ചെന്ന് നടുമിറ്റത്തു കണ്ട അതിശയം പാക്കനാരെ പറഞ്ഞു കേള്‍പ്പിച്ചു”.
”ആ കായ അറുത്തോളൂ. അതു കൊണ്ട് ഉപ്പേരി വെച്ചു കൊണ്ടുവരൂ. എന്നിട്ടു വേണം ഞങ്ങള്‍ക്ക് ഊണു കഴിക്കാന്‍.
അപ്പു കണ്ടിട്ടില്ലെ കോഴ?”
പയ്യിന്റെ മൊല പോലെ. അല്ലേ മുത്തശ്ശീ?”
”ചാത്തത്തിന് കോഴക്ക വിശേഷാണ.് കോഴക്കള്ളേടത്ത് ബലി ഇട്ടില്ലെങ്കി ലും വിരോധല്ല്യാന്നാ പറയ്ാ. അത്ര ഉത്തമത്തിലുള്ള സാധനാണ് കോഴക്ക”
ഒരു കോഴക്കയുടെ വള്ളി എവിടുന്നെങ്കിലും കൊണ്ടുവരാന്‍ ഞാന്‍ ശങ്കരന്റെ പിന്നാലെ നടന്നു. ശങ്കരന്‍ കൊണ്ടുവന്ന വള്ളി തൊഴുത്തിന്റെ പിന്നാമ്പുറത്തു കുഴിച്ചിട്ടു. വള്ളി പടര്‍ന്ന് പുളി മരത്തില്‍ കേറി. മുത്തശ്ശന്റെ ചാത്തത്തിന് മെഴുക്കു പുരട്ടിയുണ്ടാക്കാന്‍ എല്ലാ കൊല്ലവും കോഴക്കയുണ്ടായി. ഇപ്പോഴും കുറ്റിയറ്റു പോയിട്ടില്ല കോഴക്ക.
Comments