‘സൗഖ്യവും സൗന്ദര്യവും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകത്തിരിക്കാനാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനായുള്ള പ്രവര്‍ത്തനം നാം നടത്തുന്നുണ്ടോ? വെറുതെ ആഗ്രഹിച്ചത് കൊണ്ട് എന്ത് പ്രയോജനം? വെറുപ്പും അസൂയയും ഭയവും സംശയവും മാറ്റിവെച്ച്, സത്യവും ധൈര്യവും തപസ്സും സ്‌നേഹവും വിശുദ്ധിയും അനുകമ്പയും മനസ്സില്‍ നിറയ്ക്കാനായാല്‍ വളരെ നല്ലൊരു മാറ്റമാണ് നമ്മുടെ ജീവിതത്തില്‍ ഉണ്ടായിത്തീരുക’. മുന്നൂറു സംവത്സരങ്ങള്‍ക്ക് മുമ്പ് ഈ പുണ്യഭൂമിയിലെ മറാഠാദേശത്ത് ജീവിച്ചിരുന്ന മഹാകവി തുക്കാറാം പറഞ്ഞ വാക്കുകളാണിത്. മേല്പറഞ്ഞ ഈ ഗുണഗണങ്ങളൊക്കെയും സ്വാംശീകരിച്ചതുകൊണ്ടുതന്നെ സ്വജീവിതം സഫലമാക്കിത്തീര്‍ത്ത ഒരു മഹാനുഭാവന്‍ നമ്മോടൊപ്പം ഈ മലയാളമണ്ണില്‍ ജീവിച്ചിരുന്നു. പരമേശ്വര്‍ജി എന്ന് എല്ലാവരാലും വിളിക്കപ്പെട്ട പി.പരമേശ്വരന്‍.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഭിവന്ദ്യ പ്രചാരകന്‍, പ്രശസ്തനായ എഴുത്തുകാരന്‍, അനുഗൃഹീതനായ കവി, അതുല്യനായ സംഘാടകന്‍, തത്വദര്‍ശിയായ ദാര്‍ശനികന്‍ ഇതിനെല്ലാമുപരി സാധനയില്‍ ഇളവു വരുത്താത്ത രാഷ്ട്രോപാസകന്‍. ഇങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു പരമേശ്വര്‍ജി.
ആകാരാ സദൃശ പ്രജ്ഞ:
പ്രജ്ഞാ സദൃശാഗമ:
ആഗമൈ സദൃശാരംഭ
ആരംഭ സദൃശോദയ:
(കാളിദാസന്‍ – രഘുവംശം)
സാരം- ശരീരത്തിനൊത്ത ബുദ്ധിയും ബുദ്ധിക്കൊത്ത വിദ്യയും തദനുരൂപമായ അദ്ധ്വാനശീലവും സ്വാഭാവികമായും അതിനോടൊത്തുവരുന്ന അഭിവൃദ്ധിയുമുള്ളവന്‍ എന്നു കാളിദാസന്‍ വിശേഷിപ്പിച്ചത് രഘുവംശത്തിലെ ദിലീപനെയായിരിക്കാം. എന്നാല്‍ അതിനും എത്രയോ മുകളില്‍ ആധുനികകാലത്ത് ചതുരാശ്രമങ്ങള്‍ക്കുമുപരിയായി സംഘം മുന്നോട്ടുവെച്ച സന്യസ്തഗൃഹസ്ഥന്‍ എന്ന പ്രചാരക ദൗത്യത്തിലായിരുന്നു പരമേശ്വര്‍ജി ജീവിച്ചിരുന്നത്.
വിശ്വപൗരനായ ഭാരതപുത്രന്‍ സ്വാമി വിവേകാനന്ദനെകൊണ്ട് ‘ഭ്രാന്താലയ’മെന്ന് പറയിപ്പിച്ച കേരളത്തെ ലോകനേതാവായ മഹാത്മാഗാന്ധിയെക്കൊണ്ട് ‘തീര്‍ത്ഥാലയം’ എന്ന് വിശേഷിപ്പിക്കാന്‍തക്ക കഠിനാദ്ധ്വാനത്തിന്റെയും കര്‍മ്മ ധീരതയുടെയും പേരാണല്ലോ കേരള നവോത്ഥാനം എന്നത്. ആ നവോത്ഥാനകേരളത്തിന്റെ നന്മവൈശിഷ്ട്യങ്ങളുടെ പന്ഥാവില്‍ കയറിക്കൂടി അതിന്റെ വഴിമാറ്റിച്ച, കമ്മ്യൂണിസ്റ്റ് അരാജകത്വത്തെ പുതിയ പുരുഷാര്‍ത്ഥമാക്കി പ്രതിഷ്ഠിച്ച, ഈ നവോത്ഥാന മൂല്യങ്ങളുടെയെല്ലാം പിതൃത്വം പി. ആര്‍.ഡി തള്ളലിന്റെ ആധിക്യത്താല്‍ ഒരു നിഷ്‌കളങ്ക സമൂഹത്തെ നിരന്തരമായ വാചാടോപങ്ങളാല്‍ വിശ്വസിപ്പിക്കാന്‍ സാധിച്ച, ഇടതുപക്ഷ പൊയ്മുഖങ്ങളുടെ കടുത്ത വ്യാപനത്തെ പ്രത്യയശാസ്ത്രതലത്തില്‍ പൂര്‍ണ്ണമായും, രാഷ്ട്രീയഭൂമികയില്‍ ഒരു പരിധിവരെയും, തളച്ചിടാന്‍ കഴിഞ്ഞ അനുപമചിന്താശക്തിക്കും കര്‍മ്മകൗശലത്തിനും ഉടമയായിരുന്നു പരമേശ്വര്‍ജി. ജീവിതാന്ത്യംവരെയുള്ള അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലം പരിശോധിച്ചാല്‍ നമുക്കിത് ബോധ്യമാകുന്നതാണ്.
നവോത്ഥാന മൂല്യങ്ങളെ ഗതിതിരിച്ചുവിട്ട്, കേരളീയ സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ച കമ്മ്യൂണിസം അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മൂന്ന് മേഖലയില്‍ നിന്നാണ് ആശയപരമായ സംവാദത്തില്‍ ഊന്നിയ ആക്രമണം നേരിട്ടത്. ഒന്ന് കെ. കരുണാകരനില്‍നിന്ന് (കേളപ്പജിയെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. അദ്ദേഹം കമ്മ്യൂണിസത്തിനെതിരെ, വിശേഷിച്ച് കല്‍ക്കത്ത തീസിസിനെതിരെ, കേരളമാസകലം ശക്തമായ പ്രതിരോധം നടത്തിയെങ്കിലും തികഞ്ഞ ആദര്‍ശവാദിയായ അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് കാപട്യം കൈമുതലാക്കിയവരുടെ നിസ്സഹകരണം കാരണം രാഷ്ട്രീയ അസ്ഥിരത കൈവരികയും അത് കേവലമൊരു ഒറ്റയാള്‍ പോരാട്ടമായി തീരുകയുമാണ് ഉണ്ടായത്). രണ്ടാമതായി മനോരമ പത്രത്തില്‍നിന്നും മൂന്നാമതായി പരമേശ്വര്‍ജിയില്‍ നിന്നുമാണ് അവര്‍ക്ക് പ്രതിരോധം നേരിടേണ്ടി വന്നത്.
കെ. കരുണാകാരന്റെയും മനോരമയുടെയും ‘ആക്രമണം’ സ്ഥാപിത താല്‍പ്പര്യത്തിന്റെയും അധികാര മോഹത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു എന്നതുകൊണ്ട്തന്നെ അത് പൂര്‍ണതയില്‍ എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. നിഷ്ഠയുടെയും അധികാരനിരാസത്തിന്റെയും സമര്‍പ്പണത്തിന്റെയും അഭാവമാണ് അവര്‍ക്ക് പൂര്‍ണമായും വിജയിക്കുന്നതിന് തടസ്സമായിരുന്നത്. ചില ഘട്ടങ്ങളില്‍ പാര്‍ട്ടി അധികാരത്തില്‍ വരുന്നത് തടയാന്‍ അവരുടെ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നത് വാസ്തവമാണെങ്കിലും.
പരമേശ്വര്‍ജിയാകട്ടെ, സൈദ്ധാന്തികമായി അപൂര്‍ണ്ണവും പ്രായോഗികമായി ആപല്‍ക്കരവുമായ കമ്മ്യൂണിസത്തെ പ്രപഞ്ചവിജ്ഞാനത്തിന്റെ പശ്ചാത്തലത്തിലും ലോക ഭൂപടത്തിന്റെ അടിസ്ഥാനത്തിലുമാണ് പ്രതിരോധിച്ചത്. ഏറെ ആഴത്തിലുള്ള പഠന ഗവേഷണത്തിന്റെ ബലത്തിലായിരുന്നു അദ്ദേഹം അവയെ കടന്നാക്രമിച്ചത്. സോവിയറ്റ് യൂണിയനും അതിന്റെ ഉപഗ്രഹങ്ങളായ പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളും ചീട്ട് കൊട്ടാരംപോലെ തകര്‍ന്നടിഞ്ഞ കാലഘട്ടത്തില്‍ കേരളത്തില്‍ നടന്ന താത്വിക സംവാദത്തിന് മനോരമപോലും (ഭാഷാപോഷിണി) ആശ്രയിച്ചത് പരമേശ്വര്‍ജിയെ ആയിരുന്നു.
അതിനുശേഷം നാളിതുവരെ കമ്യൂണിസ്റ്റു പാര്‍ട്ടി മാര്‍ക്‌സിസം- ലെനിനിസത്തെപ്പറ്റിയോ ശാസ്ത്രീയ സോഷ്യലിസത്തെപ്പറ്റിയോ ഒരു സെമിനാറോ സിമ്പോസിയമോ, എന്തിന് പാര്‍ട്ടി ക്ലാസ്സുകളില്‍ ഒരു വിശദീകരണത്തിനു പോലുമോ തയ്യാറായിട്ടില്ല എന്നത് കേവലം യാദൃച്ഛികമല്ല. മറിച്ച് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ശാസ്ത്രീയമായും ചരിത്രപരമായ ഭൗതികവാദം ചരിത്രപരമായും തെറ്റാണ് എന്ന പരമേശ്വര്‍ജിയുടെ വാദമുഖങ്ങളെ സമൂഹം അപ്പാടെ ഏറ്റെടുത്തത് കൊണ്ടാണെന്ന് നിസ്സംശയം പറയാവുന്നതാണ്. സമീപകാലത്ത് അവര്‍ ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല എന്നതാണ് വാസ്തവം. പ്രോമുസ്ലിം ‘മതേതരത്വ’ വും സംഘപരിവാര്‍ വിരുദ്ധതയും ഇപ്പോള്‍ ഇടതുപക്ഷ ചര്‍ച്ചകളാവുന്നത് ആദര്‍ശ രാഷ്ട്രീയത്തില്‍ നിന്നും പ്രായോഗിക രാഷ്ട്രീയത്തിലേക്കുള്ള അവരുടെ കച്ചവടപരമായ ചുവടു മാറ്റത്തിന്റെ സൂചനയാണ്. പറഞ്ഞു വന്നത് പരമേശ്വര്‍ജിയുടെ ബൗദ്ധികാക്രമണത്തില്‍ നിന്നും ഒരു മണല്‍ത്തരിയോളം പോലും രക്ഷപ്പെടാന്‍ അവര്‍ക്കു കഴിയുന്നില്ല എന്ന വസ്തുത ചൂണ്ടിക്കാട്ടാനാണ്.
നവോത്ഥാനമൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ ആധിപത്യം പുലര്‍ത്തിയ കേരളസമൂഹം കമ്യൂണിസത്തിലൂടെ ക്രമേണ കണ്‍സ്യൂമറിസത്തിലേക്കും അവിടെ നിന്നും കൊടിയ കമ്യൂണലിസത്തിലേക്കും ‘പടര്‍ന്നു പന്തലിച്ച’ ദുരന്ത ചിത്രമാണ് പിന്നീട് നാം കാണുന്നത്. ഈ ഒരു ദുരവസ്ഥയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു പരമേശ്വര്‍ജി കേരള സമൂഹത്തിനു മുന്നില്‍വെച്ച വിവിധ പരിപാടികള്‍ എന്നു കാണാന്‍ സാധിക്കും.
സ്ഥാപിത താല്പര്യക്കാരുടെ ഇംഗിതമനുസരിച്ച് അജണ്ടകള്‍ സെറ്റ് ചെയ്യുന്ന മാധ്യമങ്ങള്‍, അവരാല്‍ സൃഷ്ടിക്കപ്പെടുന്ന സാംസ്‌കാരിക നായകര്‍, ഉയര്‍ന്ന ജോലികള്‍ അനായാസേന നേടിയെടുക്കുന്ന രാഷ്ട്രീയ യജമാനന്മാരുടെ കളത്ര പുത്രാദികള്‍… സര്‍വ്വകലാശാലകളുടെ നേതൃസ്ഥാനം കയ്യടക്കുന്ന രാഷ്ട്രീയ പിന്തുടര്‍ച്ചക്കാര്‍… അവരാല്‍ ദാനം ചെയ്യപ്പെടുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ചുളുവില്‍ നേടിയെടുക്കുന്ന ‘ബുദ്ധിജീവികള്‍’… സമകാലിക കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിന്റെ ഒരു നേര്‍ച്ചിത്രമാണിത്. ഈ ഒരു സാംസ്‌കാരിക പരിസരത്ത് നിന്നുകൊണ്ടാണ് പരമസാത്വികനും ത്യാഗിവര്യനും നിഷ്‌കാമ കര്‍മ്മയോഗിയുമായ പരമേശ്വര്‍ജിയെ അനുസ്മരിക്കുന്നത്. അതുകൊണ്ട് തന്നെയല്ലേ അതിന് പ്രസക്തി ഏറുന്നതും?
കേരളത്തിലുള്ള വിവിധ സ്ഥലങ്ങളിലെ പ്രചാരക ജീവിതത്തിനു ശേഷം ഭാരതീയ ജനസംഘത്തിന്റെ അഖില ഭാരതീയ ഉപാദ്ധ്യക്ഷന്‍, ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ ചുമതലകള്‍ മികച്ച രീതിയില്‍ നിറവേറ്റിയാണ് ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളില്‍ വീണ്ടും പരമേശ്വര്‍ജി മലയാളക്കരയിലേക്ക് ആഗതനാവുന്നത്.
കേരളത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ ദൗത്യം തന്നെ, നവോത്ഥാന മൂല്യങ്ങളെ തിരിച്ചു പിടിക്കാനുള്ള വിശാല ഹിന്ദു സമ്മേളനത്തിന്റെ സംഘാടനം ആയിരുന്നു. മാര്‍ക്‌സിസത്തിന്റെ പിടിയിലമര്‍ന്നുപോയ ഹിന്ദു സമൂഹത്തിന് നഷ്ടപ്പെട്ട ജീവിതമൂല്യങ്ങളെ തിരിച്ചു പിടിക്കാനും ഹിന്ദു ദര്‍ശനത്തെ പറ്റിയുള്ള അവബോധം അവരില്‍ ഉണ്ടാക്കാനും ആ സമ്മേളനം വഴിവെച്ചു എന്നത് തര്‍ക്കമറ്റ സംഗതി ആണ്. അതിലെ വളരെ സുപ്രധാന തീരുമാനമായിരുന്നു, കര്‍ക്കിടകമാസം രാമായണമാസമായി ആചരിക്കുക എന്ന ആഹ്വാനം. ഇത് കണ്ട് കവി തിരുനല്ലൂര്‍ കരുണാകരന്റെ നേതൃത്വത്തില്‍ പുകസയും, പാര്‍ട്ടിയുടെ സുശക്തരായ കേഡറുകളും ദേശാഭിമാനി, ചിന്ത അടക്കമുള്ള മാധ്യമങ്ങളും സ്വാഭാവികമായും ഇതിനെതിരെ അരയും തലയും മുറുക്കി രംഗത്ത് വന്നു. ആധുനിക കാലത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് അതിശക്തമായ വാദമുഖങ്ങള്‍ ഉയര്‍ത്തിയാണ് പരമേശ്വര്‍ജി അതിനെ അനായാസേന നേരിട്ടത്. കേരളത്തിന്റെ വൈചാരിക മേഖലയില്‍ അപ്രമാദിത്വം നിലനിര്‍ത്തിയ മാര്‍ക്‌സിസ്റ്റുകള്‍ക്കേറ്റ ആദ്യത്തെ അടിയായിരുന്നു ആ സംവാദം…’ഇരുണ്ടതെന്ന് ഇന്നുള്ളവര്‍ക്ക് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഒരു പ്രാചീന യുഗത്തില്‍ അന്നത്തെ നാഗരിക ജീവിതത്തിന്റെ സുന്ദരമായ വൈചിത്ര്യത്തില്‍ നിന്നകന്ന് കഴിഞ്ഞ വനചരനായ ഒരു മുനി, ധ്യാനത്തില്‍ നിന്ന് സമ്പാദിച്ച അന്തര്‍ദര്‍ശനങ്ങള്‍ കൊണ്ട് ചമച്ച ഒരു കാവ്യത്തെ വെളിച്ചത്തിലേക്ക് നീങ്ങിക്കൊണ്ടേയിരിക്കുന്ന ഒരു മഹാരാഷ്ട്രത്തിന്റെ മാറി മാറിപ്പോകുന്ന തലമുറകള്‍ മടികൂടാതെയും മതിയാവാതെയും നെഞ്ചേറ്റി ലാളിച്ചു കൊണ്ടിരുന്നാല്‍ ആ കവിതയല്ലേ മഹത്തായത്’ എന്ന സുകുമാര്‍ അഴീക്കോടിന്റെ വാക്കുകളും (ആശാന്റെ സീതാകാവ്യം- പേജ് 23, 24) നമുക്ക് ഇതിനോട് ചേര്‍ത്ത് വായിക്കാം.
ഏതാണ്ടിതിനോടൊപ്പമോ ഇതിനടുപ്പിച്ചോ ആയിരുന്നു ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ സുവര്‍ണജൂബിലി ആഘോഷവും നടന്നത്. തീര്‍ച്ചയായും ഇവിടേയും ഉദ്ദേശ്യം നവോത്ഥാന മൂല്യങ്ങളെ തിരിച്ചു പിടിക്കുക എന്നതു തന്നെ ആയിരിക്കുമല്ലോ. ആ പരിപാടിയുടെ അവസാനം ഉണ്ടായ വളരെ ശ്രദ്ധേയമായ ഒരു സംഭവം പരമേശ്വര്‍ജി എപ്പോഴും പറയുമായിരുന്നു. പരിപാടി കഴിഞ്ഞ് സദസ്യരൊഴിഞ്ഞപ്പോള്‍, സംഘാടകര്‍ സാമ്പത്തിക ഇടപാടു തീര്‍ക്കലില്‍ ഏര്‍പ്പെട്ടു നില്‍ക്കുമ്പോള്‍ ഹാളിന്റെ ഏറ്റവും പിന്‍നിരയില്‍ ഒരാള്‍ ഇരിക്കുന്നു. ഒരു ഇമ ചിമ്മലിന്റെ അര്‍ദ്ധ നിമിഷത്തില്‍ ആ രൂപം പരമേശ്വര്‍ജിയുടെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ പരമേശ്വര്‍ജിക്കു സന്തോഷാധിക്യത്താലുള്ള ഒരു ഞെട്ടലാണത്രെ അനുഭവപ്പെട്ടത്. കാരണം ആ ആള്‍ മറ്റാരുമായിരുന്നില്ല, കേരളത്തില്‍ മൂര്‍ച്ചയുള്ള ചിന്തയുടെ സ്ഫുരണങ്ങള്‍ ഉയര്‍ത്തിയ, തികഞ്ഞ മാനവികതാവാദി, സാക്ഷാല്‍ എം. ഗോവിന്ദന്‍. പരമേശ്വര്‍ജി ഓടിച്ചെന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്രെ ‘ക്ഷണിക്കാതെ വന്ന അതിഥിയാണ് താന്‍’ എന്ന്. റഷ്യയില്‍ ബ്രഷ്‌നേവ് വന്നിടട്ടെ വിഷ്ണുവിന്‍ നാട്ടുകാര്‍ക്കെന്ത് ചേതം – എന്നെഴുതിയ ധീരനായ കവി, മനുഷ്യസ്‌നേഹിയായ പൊതുപ്രവര്‍ത്തകന്‍, അതും കൂടിയായിരുന്നു ഗോവിന്ദന്‍. രാജ്യത്ത് ഏകാധിപത്യത്തിന്റെ കാര്‍മേഘങ്ങളുറഞ്ഞു കൂടിയ അടിയന്തരാവസ്ഥയുടെ ഒളിവു നാളുകളില്‍ ചിലതില്‍ ചെന്നൈയിലുള്ള എം.ഗോവിന്ദന്റെ വസതിയിലായിരുന്നത്രെ പരമേശ്വര്‍ജി താമസിച്ചിരുന്നത്.
കര്‍മ്മകാണ്ഡത്തിലെ അടുത്തഘട്ടമായിരുന്നു ഭാരതീയവിചാരകേന്ദ്രത്തിന്റെ രൂപീകരണം. 1982 – ലെ വിജയദശമി നാളില്‍ സംസ്ഥാനതലസ്ഥാന നഗരിയിലാണതിനു തുടക്കം കുറിച്ചത്. ദത്തോപന്ത് ഠേംഗ്ഡ്ജി, ഡോ.അയ്യപ്പപ്പണിക്കര്‍ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിലാണ് ഭാരതീയവിചാരകേന്ദ്രത്തിന് അദ്ദേഹം രൂപം കൊടുത്തത്. വൈചാരിക മേഖലയിലെ കമ്യൂണിസ്റ്റ് മേല്‍ക്കോയ്മക്ക് ബദലായി എല്ലാ ചിന്തകള്‍ക്കും ഇവിടെ ഇരിപ്പിടം ഉണ്ടെന്ന ഭാരതീയ ജനാധിപത്യ ബോധത്തിന്റെ വിചാര പദ്ധതി മുന്നോട്ടുവെക്കുക എന്നതായിരുന്നു ഭാരതീയ വിചാരകേന്ദ്രം എന്ന രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുള്ള പഠന ഗവേഷണ സ്ഥാപനത്തിലൂടെ പരമേശ്വര്‍ജി വ്യക്തമാക്കിയത്.
കേരളം കണ്ട ഏറ്റവും വലിയ സംവാദങ്ങള്‍ ഒരുപക്ഷേ വിചാരകേന്ദ്രത്തിന്റെ വേദിയിലൂടെ ആയിരിക്കണം നടന്നിട്ടുള്ളത് എന്ന് തോന്നുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയക്ടര്‍ എന്ന നിലയില്‍ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സംവാദങ്ങള്‍ക്കും പഠനശിബിരങ്ങള്‍ക്കും അദ്ദേഹം നിരന്തരമായി നേതൃത്വം നല്കി.
മലയാളത്തനിമയെ, വിശാലഭാരതത്തിന്റെ അഭിന്നഭാഗമായ കേരളത്തെ, ശ്രീശങ്കരനും ശ്രീനാരായണനും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും തുഞ്ചനും കുഞ്ചനും പൂന്താനവുമടക്കമുള്ള, തെയ്യംതിറകളും കളമെഴുത്തും പാണന്റെ പാട്ടും പുള്ളുവന്‍ പാട്ടും കൂത്തും കൂടിയാട്ടവും മോഹിനിയാട്ടവും സോപാന സംഗീതവും അടക്കം മാറ്റുകൂട്ടുന്ന ഈ ആര്‍ഷ കേരളത്തെ, ഈ മലയാണ്മയെ, അതിന്റെ തനിമയിലൂടെത്തന്നെ വീണ്ടെടുക്കാനുള്ള ചിന്തയും പരിപാടിയും ആയിരുന്നു എറണാകുളത്ത് നടന്ന ‘കേരളത്തിന്റെ മാറുന്ന മുഖച്ഛായ’ എന്ന സെമിനാറും പിന്നീട് നടന്ന ‘ചിങ്ങം ഒന്ന് മലയാള ഭാഷാ ദിനം’ എന്ന ആഘോഷവും. സാംസ്‌കാരികത്തനിമയെ നെഞ്ചേറ്റുന്ന നിരവധി കലാ സാഹിത്യ കുതുകികള്‍ ആ സംരംഭവുമായി സര്‍വ്വാത്മനാ സഹകരിച്ചു.
ഉപഭോഗഭ്രാന്തും അകര്‍മ്മണ്യതയും ഇഴപിരിയാതെ ബന്ധിപ്പിക്കപ്പെട്ട കേരളത്തിലെ കര്‍മ്മവിമുഖതക്ക് പരിഹാരമായാണ് ഗീതാ പ്രസ്ഥാനം അദ്ദേഹം മുന്നോട്ടു വെച്ചത്. കര്‍ത്തവ്യ വിമുഖനായ പാര്‍ത്ഥന്റെ ‘വിഷാദരോഗങ്ങളു’മായി പൊരുത്തപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യ മനസ്സിന് കര്‍മ്മപ്രാമാണികതയുടെ പാഞ്ചജന്യമായിരുന്നു നാടൊട്ടുക്കു സംഘടിപ്പിച്ച ഗീതാ ശിബിരങ്ങളും തിരുവനന്തപുരിയില്‍ നടന്ന ഗീതാ ഇന്റര്‍നാഷണലും . ‘ഭഗവദ് ഗീതയില്‍ നിന്നും നാം മനസ്സിലാക്കേണ്ട പാഠം ഇതാണ് -ഈ മഹത് ഗ്രന്ഥം മതപരമായ സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ളതല്ല, മറിച്ച് അഭ്യുദയവും നിശ്രേയസ്സും മനുഷ്യനു ലഭ്യമാക്കുന്ന, കര്‍മ്മനിരതനായ, മനുഷ്യനില്‍ കേന്ദ്രീകരിച്ച ഒരു ദര്‍ശനമാണത്’ എന്ന രംഗനാഥാനന്ദ സ്വാമികളുടെ (മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വത മൂല്യങ്ങള്‍ – 4ാം ഭാഗം – പേജ് 4) അഭിപ്രായവും പരമേശ്വര്‍ജിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടതായി കാണാന്‍ സാധിക്കും. കേരളത്തിന്റെ സമീപകാല ദുരവസ്ഥക്ക് ഗീത എങ്ങിനെ പരിഹാരമാകുന്നു എന്ന് അദ്ദേഹത്തിന്റെ ‘ഉദ്ധരേദാത്മനാത്മാനം’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
സനാതനധര്‍മ്മം തന്നെയാണ് ദേശീയത എന്നുദ്‌ഘോഷിച്ച മഹര്‍ഷി അരവിന്ദനെ ഭാവിയുടെ ദാര്‍ശനികനായി കണ്ടുകൊണ്ട് കേരള സമൂഹത്തിന്റെ കൈകളിലെത്തിച്ചത് പരമേശ്വര്‍ജി ആയിരുന്നു. മാര്‍ക്‌സിസ്റ്റുകള്‍ക്കും മറ്റു ദേശീയ വിരുദ്ധര്‍ക്കും അസ്വീകാര്യനായ ഈ ആധുനിക മഹര്‍ഷിയെ കേരളത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്താനാണ് ഇടതുപക്ഷ ബുദ്ധിജീവികള്‍ ശ്രമിച്ചത്. ഈ ഒരു ശൂന്യതയിലേക്കാണ് പരമേശ്വര്‍ജിയുടെ ഭാവിയുടെ ദാര്‍ശനികന്‍ ശ്രീ അരവിന്ദന്‍ എന്ന ഗ്രന്ഥം എത്തിച്ചേര്‍ന്നത് (ഡോ: കെ. വേലായുധന്‍ നായരുടെ അരവിന്ദദര്‍ശനം എന്ന ഒരു പുസ്തകം കൂടി മലയാളത്തില്‍ ലഭ്യമാണ്).
ലോക മംഗളത്തിന്റെ മഹാദര്‍ശനം കൈരളിക്കു സമ്മാനിച്ച ശ്രീനാരായണ ഗുരുദേവനെ ജാതിക്കോട്ടകള്‍ക്കുള്ളില്‍ തളച്ചിടുന്ന പ്രബുദ്ധ കേരളത്തിന്റെ ശുദ്ധ കാപട്യത്തിനെതിരെയുള്ള ഒരു ചാട്ടുളി ആയിരുന്നു ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന ഗ്രന്ഥം. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും ജനം മനസ്സിലാക്കിയിട്ടില്ലാത്ത, ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയായിരിക്കും ഒരുപക്ഷേ അദ്ദേഹത്തെ ശരിക്കും മനസ്സിലാക്കാന്‍ കഴിയുക’ എന്ന മഹാകവി അക്കിത്തത്തിന്റെ വാക്കുകളുടെ (എസ്. രമേശന്‍ നായരുടെ ‘ഗുരു പൗര്‍ണമി’ക്ക് എഴുതിയ അവതാരിക) ഇരൂപതാം നൂറ്റാണ്ടിന്റെ മുന്‍കൂര്‍ ആഖ്യാനമായിരുന്നു ഈ പുസ്തകം എന്നു തോന്നുന്നു.
ഭാരതീയ ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടന്ന സംവാദം ഒരു പക്ഷേ കേരളം കണ്ട മികച്ച സംവാദങ്ങളില്‍ ഒന്നായിരുന്നു. ഇ.എം.എസ്സും പരമേശ്വര്‍ജിയും പിന്നെ അക്കാദമിക രംഗത്തുനിന്ന്എന്‍.വി.പി. ഉണിത്തിരിയും ഡോ.കെ.എന്‍. ഗണേഷും ഒക്കെ പങ്കെടുത്തതായിരുന്നു ആ സംവാദം. ആ പരിപാടിക്ക് ശേഷം വിചാരകേന്ദ്രം പ്രവര്‍ത്തകരോടൊപ്പം കോഴിക്കോട്ട് ഒന്നിച്ചിരുന്നപ്പോള്‍ ഉണിത്തിരി മാഷിനെക്കുറിച്ച് പലരും പലവുരു പരാമര്‍ശിച്ചപ്പോള്‍ പരമേശ്വര്‍ജി പറഞ്ഞു “Let us ignore Unithiri” (നമുക്ക് ഉണിത്തിരിയെ അവഗണിക്കാം) എന്ന്. അതിനു കാരണം കേരളത്തിന്റെ സാമൂഹ്യ മനസ്സിനെ വല്ലാതെ സ്വാധിനിച്ച, ഗ്രാമാന്തരങ്ങളില്‍ പോലും ഏറെ അറിയപ്പെടുന്ന അന്നത്തെ അതിശക്തമായ ഒരു കേഡര്‍ പാര്‍ട്ടിയുടെ മാസ്റ്റര്‍ ബ്രെയിനായിരുന്ന, ഒരു തലമുറയെ മുഴുവന്‍ ഗുരുതരമായ ആശയക്കുഴപ്പത്തിലാക്കാന്‍ പ്രാപ്തമായ തലച്ചോറിന് ഉടമയായ, സാക്ഷാല്‍ ഇഎംഎസ്സിനെത്തന്നെ ആയിരുന്നു, പരമേശ്വര്‍ജി, സമ്പൂര്‍ണ്ണ പ്രതിപക്ഷ ബഹുമാനത്തോടെ ശ്രദ്ധിച്ചിരുന്നത് എന്നതാണ്. ഇഎംഎസ് ഇറക്കുന്ന ഓരോ പ്രസ്താവനയെയും അതീവ ഗൗരവത്തോടെ കണ്ട് അതിന്റെ അപകടകരമായ പരിണതിയെക്കുറിച്ച് അപ്പോള്‍ത്തന്നെ പരമേശ്വര്‍ജി പ്രതികരിക്കുമായിരുന്നു. ഉണിത്തിരി എന്ന പാവം അക്കാദമിക് പണ്ഡിതന്‍ കേവലം ഒരു ഉപഗ്രഹം മാത്രമാണ് എന്നും സ്വയം പ്രകാശിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ലെന്നും പരമേശ്വര്‍ജിക്ക് ബോധ്യമുണ്ടായിട്ടാണോ എന്തോ അങ്ങിനെ പറഞ്ഞത് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ.
കേരളത്തില്‍ നടന്ന മറ്റൊരു ചര്‍ച്ചയെ പറ്റിയാണ് ഇനി പറയുന്നത്. മനുസ്മൃതിയെക്കുറിച്ച് ഉള്ളതായിരുന്നു അത്. കെ.ആര്‍. ഗൗരിയമ്മ തൊടുത്തുവിട്ട മനുസ്മൃതി കത്തിക്കല്‍ നീക്കത്തെ കെ.വേണു അടക്കമുള്ള സകല കമ്യൂണിസ്റ്റുകളും പിന്തുണച്ചിരുന്നു. ആ സന്ദര്‍ഭത്തിലാണ് മാതൃഭൂമി വാരിക വിശാലമായ ഒരു ചര്‍ച്ച സംഘടിപ്പിച്ചത്. ആ ചര്‍ച്ചയില്‍ ഏറ്റവും ശ്രദ്ധേയമായത് പരമേശ്വര്‍ജിയുടെ നിലപാടായിരുന്നു. അതിനു ശേഷം നടന്ന വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തില്‍ ഡോ.എ. കുഞ്ഞാമന്‍ പങ്കെടുത്തിരുന്നു. അദ്ദേഹം അന്ന് പ്രസംഗിച്ചിരുന്നത് ഏതാണ്ട് ഇങ്ങിനെ ആണ് – ‘ഞാന്‍ പൊതുവെ സംഘപരിവാര്‍ വേദികളില്‍ പോകാറില്ല. അതിനോട് ഒട്ടും യോജിപ്പില്ല എന്നതാണ് കാരണം. എന്നാല്‍ എല്ലാ ആശയക്കാരെയും ഉള്‍ക്കൊള്ളാനുള്ള പരമേശ്വര്‍ജിയുടെ ഹൃദയവിശാലതയും ജനാധിപത്യബോധവും, മനുസ്മൃതി സംവാദത്തില്‍ അദ്ദേഹം എടുത്ത ഭാവാത്മകമായ നിലപാടുമാണ് എന്നെ ഇപ്പോള്‍ ഈ വേദിയില്‍ എത്തിച്ചത്’.
കോഴിക്കോട് ജില്ലയില്‍ ഒരിടത്തു നടന്ന ഭാരതീയവിചാരകേന്ദ്രം സ്ഥാനീയസമിതി ഉദ്ഘാടന വേളയില്‍ സംഘ പ്രസ്ഥാനങ്ങളുടെ എക്കാലത്തേയും വിമര്‍ശകനായ കല്പറ്റ നാരായണന്‍ പങ്കെടുത്തിരുന്നു. അദ്ദേഹവും സമാനമായ ചില വാക്കുകള്‍ പറഞ്ഞു. ‘ഏതാശയത്തില്‍ വിശ്വസിക്കുന്നവരേയും സംവാദത്തിനായ് പരമേശ്വര്‍ജി വേദിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. ആ ജനാധിപത്യ ബോധത്തിന്റെ ഊഷ്മളതയെ ഞാനും സ്വീകരിക്കുന്നു. അതുകൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിച്ചത്’.
സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍, മഹാത്മാഗാന്ധി, ഡോ. അംബേദ്കര്‍ തുടങ്ങിയ രാഷ്ട്രചിന്തകരുടെ സൈദ്ധാന്തിക ഭൂമികയെ സമകാലിക ഭാരതത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ കടന്നുപോകുന്ന ഒരു ഗ്രന്ഥമാണ് പരമേശ്വര്‍ജിയുടെ ‘സ്വതന്ത്ര ഭാരതം – ഗതിയും നിയതിയും’ എന്നത്.
രാഷ്ട്രത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള സന്ധിയും ചെയ്യാത്ത വ്യക്തിയായിരുന്നു പരമേശ്വര്‍ജി എന്ന് മുകളില്‍ പറഞ്ഞിരുന്നല്ലോ. അതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും സ്ഥലപരിമിതി കാരണം ഒന്നു മാത്രം പരാമര്‍ശിക്കാം. കേരളത്തില്‍ വളരെ ചൂടുപിടിച്ച് ചര്‍ച്ച ചെയ്യപെട്ട വിഷയങ്ങളില്‍ ഒന്നായിരുന്നു, വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ച സംവാദം. 1968-ല്‍ കൊളംബിയയില്‍ നടന്ന ലാറ്റിനമേരിക്കന്‍ ബിഷപ്പുമാരുടെ രണ്ടാമത്തെ കോണ്‍ഫറന്‍സില്‍ പെറുവിലെ പുരോഹിതനായ ഗുസ്താവോ ഗുട്ടിറസ് അവതരിപ്പിച്ച ഒരു രേഖയെ അടിസ്ഥാനമാക്കി ഉയര്‍ന്നുവന്നതാണ് വിമോചന ദൈവശാസ്ത്രം (Liberation Theology) എന്ന ആശയം. 1970 കളില്‍ അവിടമാകെ ഇത് ശക്തി പ്രാപിച്ചു. ക്രമേണ ഒരു ഇടതുപക്ഷ ക്രൈസ്തവ കൂട്ടുകെട്ടിന്റെ ആശയമായി അത് വളര്‍ന്നു വന്നു. നിന്ദിതരും പീഡിതരുമായ ജനതയുടെ മോചനം എന്ന ദൈവവചനവുമായി ബന്ധപ്പെടുത്തിയാണിത് വളര്‍ന്നു വന്നത്. സ്വാഭാവികമായും കേരളത്തിലെ ഇടതുപക്ഷവും ഇതിനെ പിന്തുണച്ചു. ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്ന വൈദികനായിരുന്നു കേരളത്തില്‍ അതിന്റെ വക്താവായിരുന്നത്. ഇത് സംബന്ധിച്ച സംവാദത്തിലും പരമേശ്വര്‍ജി പങ്കെടുത്തിരുന്നു. ഇഎംഎസ് മുതല്‍ കെ.വേണു വരെയുള്ള സകല കമ്യൂണിസ്റ്റുകളും വിവിധ വൈദികന്മാരും പങ്കെടുത്ത ആ സംവാദത്തില്‍ പരമേശ്വര്‍ജി തന്റെ അഭിപ്രായം ശക്തമായിത്തന്നെ രേഖപ്പെടുത്തി. അദ്ദേഹം എഴുതിയ പ്രതികരണ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ഇങ്ങിനെ ആയിരുന്നു – ‘വിമോചന ദൈവശാസ്ത്രം ഇന്ത്യക്ക് വേണ്ട’. പരമേശ്വര്‍ജിയെപ്പറ്റി പ്രശസ്ത കവി ശ്രീകുമാരന്‍ തമ്പി പറഞ്ഞ വാക്കുകള്‍ ഇത്തരുണത്തില്‍ ഇവിടെ കുറിക്കട്ടെ… ‘കേരളം കണ്ട മഹാ പണ്ഡിതന്മാരില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന അപൂര്‍വ്വ പ്രതിഭാശാലി ആയിരുന്നു പി. പരമേശ്വരന്‍’.
‘ദേവയജ്ഞം എന്നാല്‍ എന്റെ കൈകള്‍ എല്ലാ കൈകള്‍ക്കും, അഥവാ മുഴുവന്‍ രാഷ്ട്രത്തിനും സമര്‍പ്പിക്കുക എന്നാണ്. നമ്മുടെ കണ്ണുകള്‍ എല്ലാ കണ്ണുകള്‍ക്കും അഥവാ ആകമാന സമൂഹത്തിനും, എന്റെ മനസ്സ് എല്ലാ മനസ്സുകള്‍ക്കും എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്റെ താല്പര്യങ്ങള്‍ രാഷ്ട്രതാല്പര്യങ്ങളില്‍ വിലയം പ്രാപിക്കുമ്പോള്‍ ദേവയജ്ഞം ഫലപ്രാപ്തിയിലെത്തുന്നു’ – സ്വാമി രാമതീര്‍ത്ഥന്‍ പറഞ്ഞ ഈ വാക്കുകള്‍ പരമേശ്വര്‍ജിയുടെ ജീവിതത്തിന് എന്തുകൊണ്ടും യോജിക്കുന്നതാണ്. ആ ജീവിതം തീര്‍ത്തും ഈശ്വരീയകാര്യത്തിന് അഥവാ രാഷ്ട്രകാര്യത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നല്ലോ.
പരമേശ്വര്‍ജി ഇപ്പോള്‍ നമ്മോടൊപ്പം ഇല്ലെങ്കിലും അദ്ദേഹം കൊളുത്തിവെച്ച ദീപനാളത്തിന്റെ പ്രകാശധാര കേരളത്തില്‍ കൂടുതല്‍ ശക്തി ആര്‍ജ്ജിച്ച് മുന്നോട്ടു പോകേണ്ടത് ഈ നാടിന്റെ ആവശ്യമാണ് എന്നല്ല, അത്യാവശ്യം തന്നെ ആയിരിക്കുകയാണ്. ജനാധിപത്യവും മതേതരത്വവും സംഘടിത മത ബോധത്തിനു മുന്നില്‍, പഞ്ചപുച്ഛമടക്കി നില്ക്കുന്ന ഒരു അധികാര കേന്ദ്രത്തിനു കീഴില്‍, അതിദാരുണാവസ്ഥയിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്ന, ഒരു സംസ്‌കൃതിയെ പരിരക്ഷിക്കേണ്ടത് നാടിനെ സ്‌നേഹിക്കുന്ന ഓരോ വ്യക്തിയുടേയും കര്‍ത്തവ്യമാണ്. ‘ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെയ്ക്കുവിന്‍ പെരുകുമിരുട്ടിന്‍ ഗുഹാന്തരത്തില്‍..’ എന്ന് ആഹ്വാനം ചെയ്ത ആ മഹാനുഭാവന്റെ ഓര്‍മ്മദിനത്തില്‍ അദ്ദേഹം കൊളുത്തി വെച്ച ആ ദീപനാളത്തില്‍ നിന്നും ആയിരക്കണക്കായി പകര്‍ന്നെടുത്ത് ഓരോരുത്തരും ഓരോ ദീപമായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ അതൊരു മഹാ പ്രകാശമായിത്തീരും എന്നതിനും, അന്ധകാരത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പോന്ന സൂര്യതേജസ്സായി അത് കേരളത്തിന്റെ നഭോമണ്ഡലത്തില്‍ പരിലസിക്കും എന്നതിനും യാതൊരു സംശയത്തിനും അവകാശമില്ല.
പ്രശസ്ത ഇംഗ്ലീഷ് കവി മാത്യു ആര്‍നോള്‍ഡ് (1822-1888) വില്യം ഷേക്‌സ്പിയറെപ്പറ്റി പറഞ്ഞ ഒരു വാക്യത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം……… ‘ഞങ്ങള്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍ എല്ലാ അറിവുകള്‍ക്കുമപ്പുറത്ത് നിസ്സംഗനായി… നിശ്ചലനായി… അങ്ങിനെ അങ്ങു നില്ക്കുന്നു’.