”പദം നിറഞ്ഞു കളം നിറഞ്ഞു നടനമാട്
കഥ പറഞ്ഞു ശ്രുതി പകര്‍ന്നു കവിത പാട്
ഇവിടെയിനി പകലുകള്‍ക്ക് സൂര്യകുങ്കുമം,
ഇവിടെയിനി രാവുകള്‍ക്ക് രാഗപഞ്ചമം
ഇവിടെയിനി മനസ്സുകള്‍ക്ക് താളദുന്ദുഭി
ഇവിടെയുത്സവാരവത്തിലാത്മ ശംഖൊലി”
എന്ന് തുടങ്ങുന്ന കലോത്സവ സ്വാഗതഗാനം എഴുതിയത് കവി പി.കെ. ഗോപിയാണ്. രാഷ്ട്രപതിയുടെ ചടങ്ങ് മുതല്‍ മലപ്പുറം ജില്ലാ സിപിഎം സമ്മേളനം വരെ ദൃശ്യാവിഷ്‌ക്കാരം നടത്തിയ പാരമ്പര്യമുള്ള മാതാ പേരാമ്പ്രയാണ് സ്വാഗതഗാനത്തിന് ദൃശ്യാവിഷ്‌ക്കാരം നടത്തിയത്. ഏറെ പുതുമകള്‍ ഉണ്ടായിരുന്നു സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന്. ഇതുവരെ സംഗീതാധ്യാപകര്‍ കയ്യടക്കിവെച്ച അരങ്ങിലെത്തി സ്വാഗതഗാനം ആലപിച്ചത് പൊതു വിദ്യാലയങ്ങളിലെ 61 കൗമാരകലാകാരന്മാരാണ്. (സംഗീതാദ്ധ്യാപകരുടെ അവസരം കുട്ടികള്‍ കയ്യടക്കിയെന്ന പരാതിയുമായി ചിലര്‍ തുടക്കത്തിലേ രംഗത്തുണ്ടായിരുന്നു). കുട്ടികളുടെ കലോത്സവത്തില്‍ കുട്ടികള്‍ സ്വാഗതഗാനമാലപിച്ച് മനോഹരമായി ദൃശ്യാവിഷ്‌ക്കാരം നടത്തിയപ്പോള്‍ മുതിര്‍ ന്നവര്‍ അതിനെ വിഷം ചീറ്റുന്ന വിവാദമാക്കി മാറ്റി.
ക്യാപ്റ്റന്‍ വിക്രമിന്റെ സ്മരണയിലുള്ള വെസ്റ്റ്ഹില്‍ മൈതാനത്ത് നടന്ന കലോത്സവത്തില്‍ ആ ധീരബലിദാനിയെ അനുസ്മരിക്കുന്ന രണ്ട് വരികളുടെ ദൃശ്യാവിഷ്‌ക്കാരത്തെയാണ് ”മുസ്ലിം മതത്തിനെ അവഹേളിച്ചുവെന്ന” പരാതി ഉയര്‍ത്തി നിരോധിക്കപ്പെട്ട പോപ്പുലര്‍ഫ്രണ്ടിന്റെ അസാന്നിധ്യം ചിലര്‍ നികത്താന്‍ ശ്രമിച്ചത്.
രാവിലെ 9.45ന് ആണ് കലോത്സവത്തിന്റെ മുഖ്യവേദിയില്‍ സദസ്സിന്റെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി സ്വാഗതഗാനവും ദൃശ്യാവിഷ്‌ക്കാരവും അരങ്ങേറിയത്. മുന്‍നിരയിലുണ്ടായിരുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരുമടക്കമുള്ളവര്‍ കണ്ട ദൃശ്യം. മണിക്കൂറുകള്‍ കഴിഞ്ഞ് ദൃശ്യാവിഷ്‌ക്കാരത്തിനുള്ള അംഗീകാരമെന്നോണം മുഖ്യമന്ത്രി കവി പി.കെ. ഗോപിക്കും സംവിധായകനായ കനകദാസ് പേരാമ്പ്രയ്ക്കും ഉപഹാരങ്ങള്‍ നല്‍കി. എല്ലാ മാധ്യമങ്ങളും മീഡിയാവണ്ണടക്കം സ്വാഗതഗാനത്തിന്റെ മനോഹാരിതയെക്കുറിച്ച് വാഴ്ത്തിപ്പാടി.
എന്നാല്‍ മാധ്യമം ഓണ്‍ലൈനിലാണ് ആദ്യസ്‌ഫോടനം ഉണ്ടാവുന്നത്. ”കണ്ണും മനസ്സും നിറയ്ക്കുന്ന സ്വാഗതഗാന-നൃത്തത്തോടെയാണ് പ്രധാനവേദിയും സദസ്സും ഉണര്‍ന്നതെന്നാ”ണ് സര്‍ക്കാരിന്റെ പിആര്‍ഡി വാര്‍ത്ത നല്‍കിയതെങ്കില്‍ ‘ഇസ്ലാമോ ഫോബിയ സൃഷ്ടിക്കുന്ന പരിപാടിയെന്ന് ആക്ഷേപിച്ച് കുട്ടികളില്‍ വിദ്വേ ഷം വിതക്കുന്ന ദൃശ്യാവിഷ്‌കാരം’ എന്നായിരുന്നു ജമാത്തെ ഇസ്ലാമി മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്. ”ചുണ്ടുകളില്‍ വാങ്കൊലിയും ശംഖനാദവും നെഞ്ചിനുള്ളില്‍ പതിയുന്ന മണിനാദവും” എന്ന വരികള്‍ക്ക് ശേഷമാണ് മാധ്യമത്തിന് രസിക്കാത്ത ദൃശ്യമുണ്ടായത്. മുസ്ലിംലീഗ് നേതാവ് പി.കെ.അബ്ദുള്‍ റബ്ബ് ഫേസ്ബുക്കിലൂടെയും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തിലൂടെയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഇരകിട്ടിയ സന്തോഷത്തോടെ മറ്റു മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചു. സംഘപരിവാരത്തെ എതിര്‍ക്കാനും വിമര്‍ശിക്കാനും കലോത്സവത്തിലൊരിടത്തും പഴുതുകിട്ടുന്നില്ലല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്‌കാരത്തിലെ കലാകാരന്റെ രാഷ്ട്രീയം കണ്ടുപിടിച്ച് പതിവുപോലെ ഇടത്-ജിഹാദി മാധ്യമങ്ങള്‍ അരങ്ങുനിറഞ്ഞത്. ‘അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചു’, ‘മുസ്ലിം മതത്തെ ഭീകരവാദിയായി ചിത്രീകരിച്ചു’, ‘ഇതിന് നേതൃത്വം കൊടുത്തത് സതീഷ് ബാബു എന്ന സംഘപ്രവര്‍ത്തകനാണ്” തുടങ്ങിയ യൂത്ത് ലീഗ് ആരോപണങ്ങള്‍ ഇവര്‍ ഏറ്റെടുത്തു. ഖദര്‍ തോര്‍ത്ത് തലയിലിട്ട്, തോക്ക് ധരിച്ച് രംഗത്ത് എത്തിയ ഭീകരവാദിയെ പോലീസ് കീഴടക്കുന്ന രംഗത്തെ ഇസ്ലാമിനെതിരെയുള്ള പ്രചാരണമെന്ന് അവര്‍ വിധിയെഴുതി. ക്ഷണനേരം മാത്രം രംഗത്ത് എത്തുന്ന ഈ കലാകാരനാണ് ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയതെന്നടക്കമുള്ള വ്യാജ പ്രസ്താവന ഇടത് ജിഹാദി സംഘങ്ങള്‍, മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ കലാകാരന്റെ പ്രൊഫൈലുകള്‍ പ്രചരിച്ചു. ഇന്റര്‍നെറ്റ് കോളുകള്‍ ഭീഷണി രൂപത്തിലെത്തി. നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓപ്പറേഷന്‍ ശൈലിയില്‍ മുസ്ലിം സംഘടനകള്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ച് നിരോധിക്കപ്പെട്ട പിഎഫ്‌ഐയുടെ കുറവ് നികത്തി.
സിപിഐയുടെ അധ്യാപക സംഘടനയ്ക്കു കീഴിലെ കമ്മറ്റിയാണ് സ്വാഗതഗാനാവിഷ്‌ക്കാരത്തിന് കലാകാരന്മാരെ ചുമതലപ്പെടുത്തിയത്. സിപിഎം എം.എല്‍.എയായ തോട്ടത്തില്‍ രവീന്ദ്രനും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ദൃശ്യാവിഷ്‌കാരം നേരിട്ട് കണ്ട് കുറവുകള്‍ തീര്‍ത്തതാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇരയില്‍ കൊത്തുകയായിരുന്നു സിപിഎമ്മും മറ്റു മാധ്യമങ്ങളും. വിദ്യാഭ്യാസ മന്ത്രിയെ ഒതുക്കാന്‍ തക്ക കാരണം കാത്തിരുന്ന മന്ത്രി മുഹമ്മദ് റിയാസിന് ഇത് അവസരമായി. മന്ത്രി റിയാസിന്റെ താത്പര്യപ്രകാരമാണ് സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റി പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ”സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്ന” മുറവിളി ഉയര്‍ ത്തി കലോത്സവ നടത്തിപ്പിലെ വീഴ്ചകള്‍ മറച്ചുവെക്കാനും പഴയിടം വിവാദത്തിലേറ്റ തിരിച്ചടി മറികടക്കാനും മാതാ പേരാമ്പ്രയേയും സ്വാഗതഗാനാവിഷ്‌കാരത്തില്‍ പങ്കെടുത്ത കലാകാരന്മാരെയും കുരിശിലേറ്റാന്‍ സര്‍ക്കാ രും സിപിഎമ്മും രംഗത്തെത്തി. പതിവുപോലെ കുഞ്ഞാലിക്കുട്ടിയും കെ.മുരളീധരനും മറ്റും പിന്തുണയുമായെത്തി. മാപ്പര്‍ഹിക്കാത്ത തെറ്റ് എന്നായിരുന്നു പാണക്കാട് മുനവറലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ കടമെടുത്ത് പ്രതികരിച്ചത്.
എങ്ങനെയാണ് തലയിലിട്ട തോര്‍ത്തും കൈയിലേന്തിയ തോക്കും മുസ്ലിം മതത്തെ പ്രതിനിധാനം ചെയ്യുന്നതെന്ന് ആരും വിശദീകരിച്ചില്ല. ക്യാപ്റ്റന്‍ വിക്രമിന്റെ ഐതിഹാസിക പോരാട്ട രംഗങ്ങളില്‍ രംഗത്തുവരുന്ന ഭീകരന്‍ മുസ്ലിം മതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് തീര്‍പ്പു കല്‍പ്പിക്കുമ്പോള്‍ ഭീകരതയെ മതവുമായി ചേര്‍ത്തുവായിച്ചത് മുസ്ലിംലീഗും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമല്ലേ? ജമാത്തെ ഇസ്ലാമിയുടെ വിദ്വേഷ സമീപനങ്ങളില്‍ നെയ്‌തെടുക്കുന്ന പ്രത്യയശാസ്ത്ര വലകളില്‍ കുരുങ്ങിപ്പോവുന്ന പ്രാണികളായി ഇവര്‍ അധഃപതിക്കുകയായിരുന്നു.
പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച്, തുടര്‍ പ്രചാരണങ്ങള്‍ നടത്തി ജോസഫ് മാഷിന്റെ കൈവെട്ടില്‍ കലാശിച്ച കേരളത്തിലാണ് ഇവര്‍ വിദ്വേഷപ്രചാരണം നടത്തുന്നത്. മുസ്ലിം യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് കള്ള പ്രചാരണം നടത്തി ബിനുവെന്ന യുവാവിനെ കൊന്നുതള്ളിയ ഇസ്ലാമിക ശിക്ഷാരീതി നടപ്പാക്കിയ താലിബാന്‍ സംഘം പ്രവര്‍ത്തിച്ച ജില്ലയിലാണ് ഈ നുണ പ്രചാരണം നടത്തുന്നതെന്ന് ഒരിക്കലെങ്കിലും മുസ്ലിംലീഗും സിപിഎമ്മും ഓര്‍ക്കണമായിരുന്നു.
നാടിന്റെ മഹത്തായ കലാപാരമ്പര്യത്തെയും സംസ്‌കാരത്തെയും വിളിച്ചോതുന്ന കലാപ്രകടനത്തെയാണ് ജിഹാദി സം ഘം ഇസ്ലാമോ ഫോബിയയായി ഇകഴ്ത്തിക്കാട്ടിയത്. സിപിഎം മലപ്പുറം ജില്ലാ സമ്മേളനം, അബ്ദുള്‍സമദ് സമദാനി നേതൃത്വം നല്‍കുന്ന അല്ലാമാ ഇക്ബാല്‍ ഫൗണ്ടേഷന്‍, കേരളനിയമസഭ, നിയമസഭയുടെ വജ്രജൂബിലി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിരവധി വേദികളില്‍ ശ്രദ്ധപിടിച്ചു പറ്റിയ ഒരു കലാ സംഘത്തെയാണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കരിവാരിതേച്ചത്. വിദ്യാഭ്യാസമന്ത്രിയെ കഴിവുകെട്ടവനെന്ന് മുദ്രയടിക്കാനും ജില്ലയിലെ വിഭാഗീയ രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടാനുമുള്ള അവസരമായാണ് സ്വാഗതഗാന വിവാദത്തെ മന്ത്രി റിയാസ് ഉപയോഗപ്പെടുത്തിയത്. നേരിട്ട് കണ്ട രംഗത്ത് ഇസ്ലാമോ ഫോബിയ കാണാന്‍ കഴിയാത്ത, നേരിട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംഘപരിവാര്‍ ബന്ധം ഉണ്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത മന്ത്രി പിന്നീട് ജമാത്തെ ഇസ്ലാമിയുടെ നാവായും പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വരമായും മാറിയപ്പോള്‍ അത് തന്റെ രാഷ്ട്രീയ ഭാവി ഉറപ്പിക്കുന്നതിനുള്ള അവസരം കൂടിയാക്കി മാറ്റുകയായിരുന്നു. എന്നാല്‍ സര്‍ഗ്ഗധനരായ ഒരു കൂട്ടം കലാകാരന്മാരുടെ ധീരമായ കലാപരീക്ഷണങ്ങള്‍ക്ക് മേല്‍ വിഷം പുരട്ടുകയായിരുന്നു തങ്ങള്‍ ചെയ്യുന്നതെന്ന് ഇവരാരും ഗൗനിച്ചതേയില്ല.
Comments