രംഗം, ഷൊര്‍ണ്ണൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ഒമ്പതാമത് സ്‌കൂള്‍കലാവേദി, തുള്ളല്‍ മത്സരം നടക്കുന്നതിനിടെ അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിശ്വംഭരന്‍ വേദിയില്‍ കയറിച്ചെന്ന് മത്സരം നിര്‍ത്താനാജ്ഞാപിക്കുന്നു. തിരശ്ശീല വീഴുന്നു. പരിശീലനത്തിലെ പിഴവുകള്‍കാരണം വേദിയില്‍ തുള്ളല്‍ പിഴച്ചപ്പോഴാണ് ആ സഹൃദയനായ ഉദ്യോഗസ്ഥന് അങ്ങിനെ ചെയ്യേണ്ടിവന്നതെന്ന് കലോത്സവങ്ങളുടെ ചരിത്രം സമാഹരിച്ച അനൂപ്.ജി. തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. 10,250 രൂപയായിരുന്നു അന്നത്തെ കലോത്സവ ബജറ്റ്. 1965 ജനുവരി 24 മുതല്‍ 26 വരെയായിരുന്നു ഷൊര്‍ണ്ണൂരില്‍ ഒമ്പതാമത് കലോത്സവം. അറുപത്തിയൊന്നാം കേരള സ്‌കൂള്‍കലോത്സവത്തിന് കോഴിക്കോട് തിരശ്ശീല വീഴുമ്പോള്‍ ഷൊര്‍ണ്ണൂരിലെ ഈ രംഗം കലാകേരളവും യുവജനോത്സവസംഘാടകരും ഓര്‍ക്കേണ്ടതുണ്ട്. മത്സരമല്ല ഉത്സവമാണ് കലോത്സവങ്ങളെന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിന്റെ വാക്കുകള്‍ ഇന്ന് കലോത്സവവേദികള്‍ പാലിക്കുന്നുണ്ടോ? കലോത്സവത്തെക്കുറിച്ച് അര്‍ത്ഥവത്തായ ആഴത്തിലുള്ള അപഗ്രഥനങ്ങള്‍ നടത്തേണ്ടിടത്ത് വ്യര്‍ത്ഥമായ വിവാദങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് കലോത്സവത്തിന്റെ കൊടിയിറങ്ങിയത്. കലോത്സവത്തിന്റെ അന്ത: സത്തയെന്തെന്ന തിരിച്ചറിവില്‍ സ്വയം വിമര്‍ശനത്തിന്റെയും വിലയിരുത്തലിന്റെയും അവസരത്തെയാണ് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഇല്ലാതാക്കിയത്. ”കലോത്സവം കുട്ടികളുടേതാണ്. അതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളെല്ലാം അവരുടെ പക്ഷത്തു നിന്നാകുമ്പോള്‍ മാത്രമാണ് കലാമത്സരങ്ങള്‍ ഉത്സവകേന്ദ്രങ്ങളാകുന്നത്” എന്ന കലോത്സവത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ഇല്ലാതാക്കുന്ന സമീപനമാണ് ഇത്തവണയും ഉണ്ടായത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഡോ.സി.വി.രാമനൊപ്പം പ്രവര്‍ത്തിച്ച വിഖ്യാതശാസ്ത്രജ്ഞന്‍ ഡോ. സി.എസ് വെങ്കിടേശ്വരന്‍ പൊതു വിദ്യാഭ്യാസഡയറക്ടറായി ചുമതലയേറ്റപ്പോഴാണ് കുട്ടികള്‍ക്കായി സംസ്ഥാനകലോത്സവം എന്ന ആശയം ഉടലെടുത്തത്. യുവജനോത്സവം തുടങ്ങിയിട്ട് 12 വര്‍ഷത്തിന് ശേഷം അദ്ദേഹം കലോത്സവത്തെ വിലയിരുത്തിയത് ഇങ്ങിനെയാണ്. ”യുവജനോത്സവം ഇന്ന് സമ്പന്നരായ ഒരു വിഭാഗം ആളുകളുടെ കുത്തകയായി പരിണമിച്ചിരിക്കുന്നു”. ഈ വിലയിരുത്തല്‍ 2023 ല്‍ ഒരാവര്‍ത്തി വീണ്ടും വായിക്കുമ്പോഴാണ് ഇന്നത്തെ സ്‌കൂള്‍കലോത്സവത്തെ അഴിച്ചുപണിയണമെന്ന തിരിച്ചറിവില്‍ നാമെത്തുക. ആഴ്ചയില്‍ കുറഞ്ഞത് രണ്ടു പീരിയഡെങ്കിലും സംഗീതം, നൃത്തം, നാടകം എന്നിവ അഭ്യസിക്കാന്‍ മാറ്റിവെക്കണമെന്നും യുവജനോത്സവത്തിന് ആവശ്യമായ തുക ബജറ്റിലുള്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്.
എന്നാല്‍ പാഠ്യേതര വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പൊതു വിദ്യാലയങ്ങളില്‍ എന്ത് സംവിധാനമാണ് നിലനില്‍ക്കുന്നത് എന്ന് വിലയിരുത്തേണ്ടതുണ്ട്. പുതിയ നിബന്ധനകള്‍ പ്രകാരം സ്പെഷ്യലിസ്റ്റ് അധ്യാപകനിയമനം മരവിപ്പിച്ച സാഹചര്യമാണുള്ളത്. 2016 ല്‍ 28500 രൂപ പ്രതിഫലം നല്‍കിയാണ് കലാ-കായിക പഠനത്തിനായി കേന്ദ്രപദ്ധതിയുടെ ഭാഗമായി സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരെ നിയമിച്ചതെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായ 10,000 രൂപ മാത്രമാണ് ഇന്ന് അവര്‍ക്ക് ലഭിക്കുന്നത്. 500 കുട്ടികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു സ്പെഷ്യലിസ്റ്റ് അദ്ധ്യാപകതസ്തിക നിലനില്‍ക്കുകയുള്ളൂ എന്ന നിബന്ധനയോടെ പൊതു വിദ്യാലയങ്ങളില്‍ കലാപരിശീലനത്തിന് തിരശ്ശീല വീണിരുന്നു. ഇന്ന് എത്ര പൊതുവിദ്യാലയങ്ങളില്‍ 500 വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. വിദ്യാലയങ്ങളില്‍ നിന്ന് കലാപ്രതിഭയുള്ളവരെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍പരിശീലനം നല്‍കി കലോത്സവങ്ങള്‍ക്ക് പ്രാപ്തരാക്കുക എന്ന അടിസ്ഥാന പ്രവര്‍ത്തനം ഏതാണ്ട് നിലച്ചമട്ടാണ്. പണമുള്ളവര്‍ക്കും തന്റെ കുട്ടിയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ ഏതെങ്കിലും ഇനത്തില്‍ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടുള്ള രക്ഷിതാക്കള്‍ക്കും വേണ്ടി മാത്രമായി കലോത്സവവേദികള്‍ മാറുകയാണോ? അര്‍ഹരായവര്‍ക്ക് യഥാസമയം അവസരങ്ങള്‍ ലഭിക്കുന്നില്ല. തന്റെ സംഗീതമാധുര്യം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മാനന്തവാടി ചുണ്ടക്കുന്ന് ഗോത്രഗ്രാമത്തിലെ ടി.എം. രേണുക എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കലോത്സവ നഗരിയിലെ മുഖ്യവേദിയുടെ അരികില്‍ നിന്ന് ഉറക്കെ ചോദിച്ചത് ”എന്തിനാണ് ഞങ്ങളെ ഇപ്പോഴും മാറ്റിനിര്‍ത്തുന്നത്” എന്നാണ്. ഗോത്രകലായിനങ്ങളെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്ന പതിറ്റാണ്ട് പഴക്കമുള്ള ഉറപ്പ് ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി വീണ്ടും ലജ്ജയില്ലാതെ പ്രഖ്യാപിക്കുമ്പോഴാണ് പ്രാക്തനകലകളില്‍ പ്രാവീണ്യം നേടിയ രേണുക മധുരമായ ശബ്ദത്തില്‍ വട്ടക്കളിയിലെ പാട്ടുപാടിക്കൊണ്ട് വേദിക്ക് പുറത്ത് നിന്ന് കേരളത്തോട് ഈ ചോദ്യം ചോദിച്ചത്. മാന്വല്‍ പലതവണ പരിഷ്‌കരിച്ചിട്ടും, മനുഷ്യരായി പരിഗണിക്കാതെ, ഗോത്രജനതയെ അകറ്റി നിര്‍ത്തിക്കൊണ്ടാണ് പ്രബുദ്ധകേരളത്തെക്കുറിച്ചുള്ള വായ്ത്താരികള്‍ നാം പാടിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അടിത്തട്ടില്‍, പാകപ്പിഴവുകളില്ലാതെ പ്രതിഭകളെ തെരഞ്ഞെടുത്ത് അവരെ പരിശീലിപ്പിച്ച് മത്സരവേദികളില്‍ അഭിമാനത്തോടെ പങ്കെടുക്കാനുള്ള അവസരം അവര്‍ക്ക് സൃഷ്ടിക്കാതെ കോടികള്‍ പൊടിപൊടിച്ച് നടത്തുന്ന ഇത്തരം മാമാങ്കങ്ങളില്‍ അഭിരമിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. കലാ-കായിക അദ്ധ്യാപകര്‍ക്ക് മാന്യമായ ശമ്പളം നല്‍കിയും നിയമനനിരോധന ഉത്തരവുകള്‍ മാറ്റിവെച്ച് സ്പെഷ്യലിസ്റ്റ് തസ്തികകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍ണ്ണയിച്ചും മാതൃക കാണിക്കാന്‍ വിദ്യാഭ്യാസമന്ത്രി തയ്യാറാവുമോ?
വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രാദേശിക കലാരൂപങ്ങള്‍ ഒരേ വേദിയില്‍ അവതരിപ്പിക്കുന്നതില്‍ കവിഞ്ഞ്, ദേശീയോദ്ഗ്രഥനത്തെസഹായിക്കുന്ന മറ്റേത് ഉപാധിയാണുള്ളതെന്ന് ചോദിച്ചു കൊണ്ട് ഡോ.സി.എസ്. വെങ്കിടേശ്വരന്‍ കലോത്സവത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും വിശദീകരിക്കുന്നുണ്ട്. നമ്മുടെ സംസ്‌കാരത്തെ പാശ്ചാത്യസംസ്‌കാരത്തില്‍ നിന്ന് വേര്‍തിരിച്ച് കാണിക്കുന്നത് സംഗീതം, നൃ ത്തം, നാടകം ഇത്യാദികലകളിലെ ആത്മചൈതന്യമാണ് എന്ന് സൂചിപ്പിക്കുകയും പാശ്ചാത്യ മാതൃകയെ അനുകരിച്ചുകൊണ്ടുള്ളവിദ്യാഭ്യാസ സമ്പ്രദായം വഴിയുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതായിരിക്കണം യുവജനോത്സവത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. എന്നാല്‍ കുട്ടികളിലൂടെ തങ്ങളുടെ സങ്കുചിത ചിന്തകള്‍ കടത്തിവിടാനുള്ള വേദിയായി കലോത്സവങ്ങളെ ചിലര്‍ ദുരുപയോഗിക്കുന്നുവെന്ന കാഴ്ചയാണ് ഇത്തവണയും കലോത്സവ വേദിയില്‍ നാം കണ്ടത്. സംഘനൃത്തത്തില്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തെ വാഴ്ത്തിപ്പാടിയ കുട്ടികളല്ല, മറിച്ച് അത്തരം സങ്കുചിത രാഷ്ട്രീയ ആശയങ്ങള്‍ അവരുടെ തലയില്‍ കെട്ടിവെച്ച അദ്ധ്യാപകരാണ് നാണമുണ്ടെങ്കില്‍ തലകുനിക്കേണ്ടത്. രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച കുട്ടികളുടെ നിഷ്‌കളങ്കതയ്ക്ക് മേല്‍ രാജസദസില്‍ രാജാവിന് സ്തുതിഗീതം പാടുന്ന കവി കിങ്കരന്മാരുടെ ക്ഷുദ്രതാത്പര്യങ്ങള്‍ അരങ്ങ് വാഴുന്നതാണ് അവിടെ കലാകേരളം കണ്ടത്. സ്വാതന്ത്ര്യസമരത്തിന്റെ ഐതിഹാസികമായ ഏടുകള്‍ രചിച്ച്, ഉപ്പു കുറുക്കി ബ്രിട്ടനെ വെല്ലുവിളിച്ച കണ്ണൂരിന്റെ മണ്ണിനെയാണ് കൊലപാതകരാഷ്ട്രീയത്തിന്റെ ചെങ്കൊടി അശുദ്ധമാക്കിയതെന്ന സത്യത്തെ മറച്ചുവെക്കുകകൂടിയാണ് ഇതിലൂടെ ചെയ്തത്. കേളപ്പജിയും വിഷ്ണുഭാരതീയനും ടിഎസ് തിരുമുമ്പും ആനന്ദതീര്‍ത്ഥനുമടക്കമുളള ധീരദേശാഭിമാനികള്‍ ത്രിവര്‍ണ്ണ പതാകയേന്തി സമരഗാഥകള്‍ രചിച്ച മണ്ണിനെയാണ് സംഘനൃത്തത്തിലൂടെ ചെങ്കൊടി പുതപ്പിച്ച് കിടത്തിയത്. തുമ്പികളെക്കൊണ്ട് കല്ലെടുപ്പിച്ച അദ്ധ്യാപകര്‍ ഈ സത്യം കണ്ണു തുറന്ന് കാണുമോ?
”നൃത്തം അവതരിപ്പിക്കുമ്പോഴും മറ്റു കലാരൂപങ്ങള്‍ അവതരിപ്പിക്കുമ്പോഴും അവര്‍ ഉപയോഗിക്കുന്ന വാക്കുകളെ സംബന്ധിച്ച്, ആശയങ്ങളെ സംബന്ധിച്ച് ചിലര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.സ്‌കൂള്‍കുട്ടികളുടെ ചിന്താഗതിയ്ക്ക് അനുയോജ്യമായ കാര്യങ്ങളാണോ ഇവ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടത് അദ്ധ്യാപകരാണ്. ഇവരെ പരിശീലിപ്പിച്ച് അയപ്പിക്കുന്നതില്‍ മുഖ്യമായ പങ്ക് അദ്ധ്യാപകര്‍ക്കുണ്ട്”. സ്‌കൂള്‍യുവജനോല്‍ത്സവത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലെ സമാപന സമ്മേളനത്തില്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ടി.എം ജേക്കബ്ബ് പറഞ്ഞവാക്കുകള്‍ ഇന്നും അദ്ധ്യാപകര്‍ക്കുള്ള ദിശാസൂചികയാണ്.
നാടകങ്ങള്‍ മുതല്‍ സംഘഗാനം വരെയുള്ള ഇനങ്ങളില്‍ പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ തിരുകി കയറ്റി കലോത്സവ വേദിയില്‍ കൊടികെട്ടാന്‍ ശ്രമിക്കുന്നവര്‍ കലോത്സവത്തിന്റെ അന്ത:സത്തയെ ബലി കൊടുക്കുകയാണ്. കല കലയ്ക്കു വേണ്ടിയോ തുടങ്ങിയ പഴകിയ ചോദ്യങ്ങളുമായി ചര്‍ച്ച വഴിമാറ്റുകയല്ല. രാഷ്ടീയ പ്രചാരണത്തിന് സര്‍ക്കാര്‍ യന്ത്രം തന്നെയുള്ളപ്പോള്‍ കലോത്സവത്തെ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തണം.കുട്ടികളുടെ പ്രതീക്ഷകള്‍, ആശങ്കകള്‍, സ്വപ്‌നങ്ങള്‍ പങ്കുവെക്കാന്‍, അതിന്റെ സര്‍ഗ്ഗാവിഷ്‌കാരങ്ങള്‍ക്ക് ഇടമായി മാറാന്‍ കലോത്സവ വേദിക്ക് കഴിയുന്നുണ്ടോ? വിജ്ഞാന മേഖലയുടെ വിപ്ലവകരമായ വളര്‍ച്ചയെ അത്ഭുതത്തോടെ കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനെക്കുറിച്ച് പറയാനും കേള്‍ക്കാനുമുള്ള ഇടമേതാണ്? കുട്ടികളുടെ ഉത്സവമേളകളിലേക്ക് കൊടികളുമായി കുതിക്കുന്ന ആശയവാദികള്‍ കലോത്സവ വേദിയെ വെറുതെ വിടുമോ?
24 വേദികളിലായി നടന്ന മത്സരത്തിന്റെ വ്യാപ്തിയെ കുറിച്ച് വാചാലരാവുകയാണ് സംഘാടകരും. സ്റ്റേജിനങ്ങളും സ്റ്റേ ജിതര ഇനങ്ങളുമായി കലോത്സവങ്ങള്‍ വലുതായി വരുന്നു. കലാ, സാഹിത്യ, രചനാ മത്സരങ്ങള്‍ വികേന്ദ്രീകരിച്ച് നടത്തി അത്തരം മേഖലകളിലെ പ്രതിഭകളുമായി ഇടപഴകാനുള്ള, ഔപചാരികമായും അനൗപചാരികമായും ആശയ സംവാദത്തിനുള്ള അവസരങ്ങള്‍ ഉണ്ടാവണം. സംസ്ഥാനതല ആഘോഷത്തിന്റെ പൊലിമ നഷ്ടപ്പെടാതെ തന്നെ ഇത്തരം മത്സരവേദികളുടെ വികേന്ദ്രീകരണത്തെക്കുറിച്ച് വിദ്യാഭ്യാസ അധികൃതര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറാവണം. പഴയിടത്തിന്റെ അടുക്കള വിവാദമാക്കാനാണ് മന്ത്രിയടക്കം തയാറായത്. എന്നാല്‍ ഇന്നത്തെ പൊതുഅടുക്കളയുടെ പരിമിതികളെ ബോധപൂര്‍വ്വം സംഘാടക സമിതി മറച്ചു പിടിക്കുകയാണ്. എത്ര മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം നല്‍കാനായി? ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണത്തിലും വികേന്ദ്രീകരണം സാധ്യമല്ലേ? 5 വേദികള്‍ക്ക് ഒരു അടുക്കള എന്നതും ആവാമല്ലോ. കിലോമീറ്ററുകള്‍ താണ്ടി തിരക്കിന്നിടയിലേക്ക് മത്സരാര്‍ത്ഥികള്‍ തള്ളിവരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. നാട്ടുകാര്‍ക്കും പാര്‍ട്ടി അണികള്‍ക്കും ഭക്ഷണം വിളമ്പാന്‍ കലോത്സവത്തിന്റെ വേദി വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കേണ്ടതില്ലല്ലോ. മത്സരിക്കുന്ന കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കലോത്സവ സംഘാടനം പുനര്‍ ക്രമീകരിക്കണം.
സാമ്പാറിന്റെ ജാതിയും പായസത്തിന്റെ മതവും
”ജാതി പ്രവര്‍ത്തിക്കുന്നത് ശുദ്ധ-അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിത വെജിറ്റേറിയന്‍ ഭക്ഷണം എന്ന രൂപത്തില്‍ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോണ്‍വെജ് ആയ ഈ കലോത്സവത്തില്‍ ഈ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതിവിശ്വാസത്തിന്റെ പ്രതിഫലനമാണ്… ഇത് പ്രസാദമൂട്ടല്ല കലോത്സവ ഭക്ഷണപ്പുരയാണ്”.
കലോത്സവത്തില്‍ വിളമ്പുന്ന ഭക്ഷണം ബ്രാഹ്‌മണിക്കല്‍ ഹെജിമണിയുടെ അടയാളമായി ചിത്രീകരിച്ചാണ് ഇടത്-ജിഹാദി കൂലിയെഴുത്ത് സംഘം കുരുന്നുകളുടെ തീന്‍മേശയില്‍ ജാതിവിഷം വിളമ്പിയത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പേരിലെ ജാതിനാമത്തെ ദുരുപയോഗം ചെയ്തായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. ‘ദളിതന്റെ രുചിയിടങ്ങളില്‍ സവര്‍ണ്ണന്റെ അടുക്കള ആധിപത്യം സ്ഥാപിക്കുന്നു’, നോണ്‍ വെജ് കഴിക്കാനുള്ള അവകാശത്തിന് മേല്‍ ഭൂരിപക്ഷ സവര്‍ണ്ണാധിപത്യം തേരോടിക്കുന്നു തുടങ്ങിയ വാചകക്കസര്‍ത്തുകളിലൂടെ കലോത്സവ നഗരിയുടെ നടുവിലൂടെ മതില്‍ കെട്ടി വേര്‍തിരിക്കാന്‍ ആസൂത്രണം ചെയ്ത നാടകത്തില്‍ ”അടുത്ത വര്‍ഷം മുതല്‍ നോണ്‍വെജ് ഭക്ഷണം നല്‍കും” എന്ന സംഭാഷണം ഉരുവിട്ടുകൊണ്ട് മന്ത്രി തന്റെ റോള്‍ ഉചിതമായി അഭിനയിച്ചു തീര്‍ക്കുന്നു. കലോത്സവഭക്ഷണത്തിലും നടത്തിപ്പിലും മറ്റും മാറ്റം വരുത്തുന്നതിനുള്ള സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ അറിയാവുന്ന മന്ത്രിയാണ് നിരുത്തരവാദപരമായ രീതിയില്‍, വര്‍ഗ്ഗീയ-ജാതീയ വേര്‍തിരിവിന്റെ അടുപ്പില്‍ എണ്ണയൊഴിച്ച് നിക്ഷിപ്ത താത്പര്യക്കാരുടെ വയറുനിറച്ചത്.
പഴയിടം മോഹനന്‍ നമ്പൂതിരിയെ ജാതീയമായി അധിക്ഷേപിക്കുക എന്നത് മാത്രമായിരുന്നില്ല മറിച്ച് വര്‍ഗ്ഗീയ വിഭജനത്തിലൂടെ മുസ്ലിം മതമൗലികവാദ അജണ്ടയ്ക്ക് ഒപ്പു ചാര്‍ത്തുകയായിരുന്നു ചിലര്‍. സസ്യാഹാരം ഒരു വിഭാഗത്തിന്റേത് മാത്രമാണെന്നും അത് തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഭക്ഷണരാഷ്ട്രീയത്തിന്റെ ഇരകളാണ് തങ്ങളെന്നും ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വിഷം കലക്കുകയായിരുന്നു അവര്‍. കോഴിക്കോട്ടെ കലോത്സവവേദിയെ അതിന് സമര്‍ത്ഥമായി ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് ഒട്ടനവധി ഉന്നങ്ങളുണ്ടായിരുന്നു.
നമ്പൂതിരിയായതുകൊണ്ട് വെജിറ്റേറിയന്‍ ഉണ്ടാക്കുന്നു, ഹിന്ദുവായതുകൊണ്ട് സസ്യാഹാരം കഴിക്കുന്നു, ശുദ്ധ വെജിറ്റേറിയന്‍ എന്നത് ജാത്യധിഷ്ഠിതമായ സംബോധനയാണ് തുടങ്ങി അബദ്ധജടിലമായ വിപരീതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് കലോത്സവത്തില്‍ വിദ്വേഷപ്രചാരണം ആളിക്കത്തിച്ചത്. ന്യൂനപക്ഷ രാഷ്ട്രീയ വോട്ടുകളില്‍ കണ്ണുനട്ടിരിക്കുന്ന യൂത്ത്, കോണ്‍ഗ്രസ് നേതാക്കളും ഈ സംഘഗാനത്തിന് പക്കമേളവുമായെത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെണ്ടറില്‍ പങ്കെടുത്ത് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ച് അടുക്കളയുടെ ചുമതലയേറ്റെടുത്ത പാചക കരാറുകാരനെ അദ്ദേഹത്തിന്റെ ജാതിയും മതവും ചേര്‍ത്ത് പ്രതിസ്ഥാനത്ത് നിര്‍ത്തുകയായിരുന്നു ഒരു വിഭാഗം മാധ്യമങ്ങളും ഇടത് ജിഹാദി സംഘങ്ങളും. വേദനയോടെ പഴയിടം പിന്‍വാങ്ങുന്നുവെന്ന് കേട്ട് തരിച്ചുപോയ കേരളജനതയുടെ പ്രതിഷേധം തിരിച്ചറിഞ്ഞ് തലയില്‍ മുണ്ടിട്ട് നിലപാടില്‍ നിന്ന് പിന്തിരിഞ്ഞോടുകയായിരുന്നു ഇടത്പക്ഷവും മന്ത്രിമാരും. ഭക്ഷണവിവാദം തങ്ങളെ അപകടത്തിലാക്കിയേക്കുമെന്ന് തിരിച്ചറിഞ്ഞ് മുസ്ലിംലീഗും തന്ത്രപൂര്‍വ്വം നിലപാട് മയപ്പെടുത്തുകയായിരുന്നു. നോണ്‍വെജ് ഭക്ഷണം അടുത്തവര്‍ഷം മുതല്‍ റെഡിയെന്ന് മുന്‍പിന്‍ നോക്കാതെ പ്രഖ്യാപിച്ച മന്ത്രിയും നിലപാട് മാറ്റി. കേരളത്തിന്റെ മനഃസാക്ഷി പഴയിടത്തിന്റെ ഒപ്പമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോഴാണ് നേതാക്കളും പാര്‍ട്ടികളും നിലപാടുകളുമായി ഓടിയൊളിച്ചത്. എനിക്ക് ഭയമാകുന്നുവെന്ന പഴയിടത്തിന്റെ വിലാപത്തിന്റെ ആഴം എത്രയെന്ന് കേരളം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. എനിക്ക് ഭയമാകുന്നുവെന്ന് വിലപിക്കേണ്ടിവന്ന പഴയിടത്തിന്റെ കണ്ണീരുപ്പു നിറഞ്ഞതായി കലോത്സവത്തിന്റെ സുന്ദരദിനങ്ങള്‍. കഴിഞ്ഞ പതിനാറ് വര്‍ഷങ്ങള്‍ വെച്ചു വിളമ്പിയ മനുഷ്യനെ ജാതിമാലിന്യത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച നാടകത്തിന് തിരക്കഥ തയ്യാറാക്കിയത് മതവെറിപൂണ്ട മാധ്യമ സ്ഥാപനങ്ങളുടെ അടുക്കളയില്‍ നിന്നാണ്. വിവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മീഡിയാവണ്‍ വിളിച്ച അതിഥി ജമാത്തെ ഇസ്ലാമി നേതാവാണെന്നത് യാദൃച്ഛികമല്ല. കലോത്സവത്തിലൊരിടത്തും ഇടമില്ലാതിരുന്ന ജമാത്തെ ഇസ്ലാമി ഭക്ഷണവിവാദത്തില്‍ പക്ഷം പിടിക്കാനെത്തിയത് ബോധപൂര്‍വ്വമാണ്. ഹിറാസെന്ററുകളില്‍ നടക്കുന്ന ഡ്രസ് റിഹേഴ്‌സലുകളാണ് പൊതുവേദിയില്‍ വര്‍ഗീയ വിഷം വമിപ്പിച്ച് തകര്‍ത്താടുന്നത്. വ്യാജബുദ്ധിജീവികള്‍ ബോധമില്ലാതെ നടത്തിയ വിവാദമല്ല മറിച്ച് മതധ്രുവീകരണത്തിന് ആക്കം കൂട്ടാന്‍ ഇടത് ജിഹാദി ബുദ്ധിജീവി കേന്ദ്രങ്ങളില്‍ രൂപപ്പെടുത്തിയ തിരക്കഥകളാണ് അരങ്ങില്‍ തകര്‍ത്താടുന്നത്. അവരിനി സര്‍ക്കാര്‍ പരിപാടികളിലും മേളകളിലും ജാതി-മത സര്‍വ്വേകളുമായി നിരങ്ങട്ടെ. നവോത്ഥാനത്തിന്റെ നവകേരള മാതൃക അങ്ങിനെ പൂത്തുലയട്ടെ.
ഇത്തവണത്തെ കോഴിക്കോട് കലോത്സവം റിയാസ് മേളയായി എന്ന പരസ്യ ആക്ഷേപമുന്നയിക്കുന്നവരില്‍ ഇടതു മുന്നണിയില്‍ പെട്ടവര്‍ പോലുമുണ്ട്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മേളയില്‍ അപ്രസക്തമായിരുന്നു. കമ്മിറ്റികള്‍ നോക്കുകുത്തികളായി രുന്നു. കലോത്സവത്തെ വിവാദമാക്കാന്‍ മന്ത്രിമാരടക്കം ശ്രമിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.
പാര്‍ടി വിഭാഗീയ താത്പര്യങ്ങളെയും മത താത്പര്യങ്ങളെയും കലോത്സവ വേദിയില്‍ നിന്നകറ്റി നിര്‍ത്തുമ്പോള്‍ മാത്രമേ കലോത്സവ വേദി കുട്ടികള്‍ക്ക് തിരിച്ചു കിട്ടുകയുള്ളൂ. കലയും സാഹിത്യവും സംഗീതവും മനുഷ്യനെ വഴിതെറ്റിക്കുന്ന പാപമാണെന്ന് ചിന്തിക്കുന്ന മൗദൂദിയന്‍ സംഘങ്ങള്‍ വാര്‍ത്തയും ദൃശ്യങ്ങളും ചര്‍ച്ചകളും വഴി കലോത്സവത്തെ കലുഷിതമാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് കോഴിക്കോട് കലോത്സവം നല്‍കുന്ന മുന്നറിയിപ്പ്.
Comments