ആത്മനിര്‍ഭരതയെ അടിസ്ഥാനമാക്കി വികസനത്തിലേക്കു കുതിക്കുന്ന നവഭാരതത്തിന്റെയും എല്ലാ മേഖലകളിലും ഉദിച്ചുയരുന്ന നാരീശക്തിയുടെയും സന്ദേശവുമായാണ് 73-ാം റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിക്കപ്പെട്ടത്. സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ പിന്നിട്ടിട്ടും അടിമത്തത്തിന്റെ ചില ചിഹ്നങ്ങള്‍ രാജ്യത്ത് അവശേഷിക്കുന്നു എന്നത് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള നമ്മുടെ രാഷ്ടത്തിന് അപമാനകരമായ കാര്യമായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇക്കാര്യത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷം. രാജ്പഥ് എന്നറിയപ്പെട്ടിരുന്ന ദില്ലിയിലെ മുഖ്യവീഥി കര്‍ത്തവ്യപഥ് ആയി മാറിയതിനു ശേഷമുള്ള ആദ്യത്തെ റിപ്പബ്ലിക്ക് ദിനാഘോഷം തന്നെ വേറെയും ഒട്ടേറെ പുതുമകള്‍ കൊണ്ട് ശ്രദ്ധേയമായി. സര്‍വസൈന്യാധിപയായ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നല്‍കിയ 21 ഗണ്‍ സല്യൂട്ടിന് ബ്രിട്ടീഷ് നിര്‍മ്മിത 25 പൗണ്ടര്‍ പീരങ്കികള്‍ക്കു പകരം 105 എം.എം. ഭാരത ചെറു പീരങ്കികളാണ് ഇത്തവണ ഉപയോഗിച്ചത്. സെന്‍ട്രല്‍ വിസ്ത, കര്‍ത്തവ്യപഥ്, പുതിയ പാര്‍ലമെന്റ് എന്നിവയുടെ നിര്‍മ്മാണത്തൊഴിലാളികളെയും പാല്‍ – പച്ചക്കറി – പലവ്യഞ്ജന വില്പനക്കാരെയും പരേഡ് വീക്ഷിക്കുന്ന ചടങ്ങില്‍ അതിഥികളായി പങ്കെടുപ്പിച്ചത് രാജ്യത്ത് നിലനില്‍ക്കുന്ന വി.ഐ.പി. സംസ്‌കാരത്തിന്റെ തായ്‌വേരറുക്കുന്നതിന്റെ ഭാഗമായി മാറി.
പ്രതിരോധ രംഗത്തെ ആത്മ നിര്‍ഭരത തെളിയിക്കുന്ന ആയുധങ്ങളായിരുന്നു റിപ്പബ്ലിക്ക് ദിന പരേഡിലെ പ്രധാന ആകര്‍ഷണം. റഷ്യന്‍ നിര്‍മ്മിത ടാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുകയും ആകാശ്, ബ്രഹ്‌മോസ്, വജ്ര തുടങ്ങിയ തദ്ദേശീയ മിസൈല്‍ സംവിധാനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തത് ദേശസ്‌നേഹത്തിന്റെ വലിയ സന്ദേശമാണ് ജനങ്ങള്‍ക്കു നല്‍കിയത്. നവഭാരതത്തോടൊപ്പം നാരീ ശക്തിക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് പരേഡ് ആസൂത്രണം ചെയ്തിരുന്നത്. പരേഡില്‍ അണിനിരന്ന 144 അംഗ നാവികസേനാ സംഘത്തില്‍ ആദ്യമായി മൂന്ന് വനിതകളും ഉണ്ടായിരുന്നു. ലഫ്. കമാന്‍ഡര്‍ ദിക്ഷ അമൃത് നാവികസേനാ സംഘത്തെ നയിക്കുന്ന ആദ്യ വനിതയായി. അതിര്‍ത്തി രക്ഷാസേനയുടെ ഒട്ടക റജിമെന്റിലും ആദ്യമായി വനിതാ അംഗം ഭാഗമായി. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളും മന്ത്രാലയങ്ങളും വകുപ്പുകളും തയ്യാറാക്കിയ ഫ്‌ളോട്ടുകളും നാരീശക്തിക്കു പ്രാധാന്യം നല്‍കി. ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത ഗായിക നഞ്ചിയമ്മയുടെ പാട്ടിന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടിയിലെ ആദിവാസി യുവതികള്‍ നടത്തിയ ഇരുള നൃത്തം, കണ്ണൂരിന്റെ ശിങ്കാരിമേളം എന്നിവ ഉള്‍പ്പെട്ട കേരളത്തിന്റെ ഫ്‌ളോട്ട് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ബേപ്പൂരിലെ ഉരുവിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഫ്‌ളോട്ടില്‍ 96-ാംവയസ്സില്‍ സാക്ഷരതാ പരീക്ഷ ജയിച്ച് നാരീശക്തി പുരസ്‌കാരം നേടിയ ചേപ്പാട് സ്വദേശിനി കാര്‍ത്ത്യായനി അമ്മയുടെ ദേശീയപതാകയേന്തിയ പ്രതിമ ഫ്‌ളോട്ടിന്റെ ഭാഗമായി. 24 വനിതകളാണ് കേരളത്തിന്റെ ഫ്‌ളോട്ടില്‍ അണിനിരന്നത്. വന്ദേ ഭാരതം നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 479 കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത – നൃത്തവിരുന്നും റിപ്പബ്ലിക്ക് ദിന പരേഡിനെ ആകര്‍ഷണീയമാക്കി.
റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ചു പ്രഖ്യാപിക്കാറുള്ള പത്മശ്രീ പുരസ്‌കാരങ്ങള്‍ ഇത്തവണയും പൊതുജന ശ്രദ്ധ പിടിച്ചുപറ്റി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ വരുത്തിയ മാറ്റം പൊതുജനങ്ങളുടെ വലിയ അംഗീകാരം നേടിയതാണ്. വിവിധ മേഖലകളില്‍ കഴിവു തെളിയിക്കുകയും ആദര്‍ശത്തെ പ്രയോഗവല്‍ക്കരിക്കുകയും ചെയ്ത സാധാരണക്കാരെ തേടി ഈ പുരസ്‌കാരങ്ങള്‍ എത്തുന്നുവെന്നത് ഏറെ സന്തോഷപ്രദമാണ്. ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ച 106 പേരും വ്യത്യസ്ത മേഖലകളില്‍ നാടിനു സംഭാവന നല്‍കിയവരാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പത്മ പുരസ്‌കാരങ്ങളുടെ പേരില്‍ യാതൊരു വിവാദവും ഇപ്പോള്‍ ഉണ്ടാകാറില്ല എന്നതും ശ്രദ്ധേയമാണ്. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിച്ചും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് അതിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നു പത്മശ്രീ ലഭിച്ച പ്രൊഫ.സി.ഐ.ഐസക്, വി.പി.അപ്പുക്കുട്ടന്‍ പൊതുവാള്‍, ചെറുവയല്‍ രാമന്‍, എസ്.ആര്‍.ഡി.പ്രസാദ് എന്നീ നാലു പേരും അവരവരുടെ കര്‍മ്മമണ്ഡലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. കോട്ടയം സി.എം.എസ്. കോളേജ് ചരിത്ര വിഭാഗം മേധാവിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രൊഫ.സി.ഐ. ഐസക് പ്രശസ്ത ചരിത്ര പണ്ഡിതനും 2015 മുതല്‍ ഇന്ത്യന്‍ ചരിത ഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍.) അംഗവുമാണ്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ചെയര്‍പേഴ്‌സണുമായിരുന്നു അദ്ദേഹം. ഖാദിക്കു വേണ്ടി ജീവിതമുഴിഞ്ഞുവെച്ച ഗാന്ധിയനാണ് സ്വാതന്ത്ര്യ സമര സേനാനിയും പയ്യന്നൂര്‍ സ്വദേശിയുമായ വി.പി.അപ്പുക്കുട്ടന്‍ പൊതുവാള്‍. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ച അദ്ദേഹം സംസ്‌കൃത പ്രചരണത്തിലും പങ്കു വഹിച്ചിട്ടുണ്ട്. പരമ്പരാഗത നെല്‍ വിത്തുകള്‍ അതിന്റെ തനിമ പോകാതെ സൂക്ഷിക്കുകയും അത് മറ്റുള്ളവര്‍ക്ക് സൗജന്യമായി കൊടുക്കുകയും ചെയ്യുന്ന വയനാട്ടിലെ കര്‍ഷകനാണ് ചെറുവയല്‍ രാമന്‍. നൂറു മേനി വിളയുന്ന, പ്രതിരോധ ശേഷിയേറെയുള്ള പരമ്പരാഗതമായ 41 നെല്‍ വിത്തിനങ്ങളാണ് വര്‍ഷങ്ങളായി അദ്ദേഹം കലര്‍പ്പു വരാതെ സൂക്ഷിച്ച് കൃഷി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ കളരികളില്‍ ഒന്നായ കണ്ണൂര്‍ വളപട്ടണത്തെ ഭാരത് കളരിയുടെ ഗുരുക്കളും അഞ്ചു പ്രശസ്ത കളരി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് എസ്.ആര്‍.ഡി. പ്രസാദ്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണ് അദ്ദേഹം. പത്മപുരസ്‌കാര ജേതാക്കളെ കുറിച്ച് ജനങ്ങള്‍ വായിച്ചറിയണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ശ്രദ്ധേയമാണ്. റിപ്പബ്ലിക്ക് ദിനാഘോഷത്തിനു പിന്നാലെ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് ‘അമൃത് ഉദ്യാന്‍’ എന്നു പുനര്‍നാമകരണം ചെയ്തതിന്റെ പിന്നിലെ സന്ദേശവും വ്യക്തമാണ്. അടിമത്തത്തിന്റെ ഓരോ ചിഹ്നങ്ങളെയും ഇല്ലാതാക്കി ആത്മ നിര്‍ഭരതയിലും പൈതൃകത്തിലും അധിഷ്ഠിതമായ ഒരു പുതിയ ഭാരതമാണ് ഇന്ന് ലോകത്തിന്റെ മുന്നില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നത്.
Comments