ഭാരതം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ തൊട്ടപ്പുറത്ത് കര്‍മ്മം കൊണ്ടല്ലെങ്കിലും ജന്മം കൊണ്ട് നമ്മുടെ സഹോദര രാജ്യമായ പാകിസ്ഥാന്‍ പ്രതിസന്ധികളില്‍ പെട്ട് ആടിയുലയുകയാണ്. അല്ലെങ്കിലും ആഘോഷിക്കപ്പെടാനായി ആ രാജ്യത്തിന് എന്താണ് സ്വന്തമായുള്ളത്? ലോക ജനതയുടെ വെറുപ്പ് സമ്പാദിച്ചു നേടിയ ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രം എന്ന പദവിയോ? അമേരിക്കയുടെയും ചൈനയുടെയും കളിപ്പാവയായി, രൂപം കൊണ്ടതു മുതല്‍ യുദ്ധങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും കൊണ്ട് ഭാരതത്തോടു കാട്ടിയ അതിക്രമങ്ങളോ? ജനാധിപത്യത്തെ ഒരു ജീവിതക്രമമായി സ്വീകരിക്കാന്‍ അനുവദിക്കാതെ കോടിക്കണക്കിനു ജനങ്ങളെ പട്ടാളത്തിന്റെയും യാഥാസ്ഥിതിക മത പണ്ഡിതന്മാരുടെയും കാരുണ്യത്തിനു വിട്ടു കൊടുത്തതോ? എങ്ങനെ നോക്കിയാലും ആഘോഷിക്കാന്‍ യാതൊന്നുമില്ലെന്നു മാത്രമല്ല 75 വര്‍ഷത്തെ ദുഷ്‌കര്‍മ്മഫലങ്ങള്‍ ഒന്നൊന്നായി ആ രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുകയുമാണ്.
ശ്രീലങ്കയ്ക്കു പിന്നാലെ പാകിസ്ഥാനും സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. കോവിഡ് ബാധ ഏല്പിച്ച ആഘാതത്തില്‍ നിന്ന് ഭാരതമടക്കം മറ്റു ലോക രാജ്യങ്ങള്‍ കരകയറാന്‍ ശ്രമിക്കുന്ന അതേ അവസരത്തിലാണ് കഴിഞ്ഞ വര്‍ഷം ഒരു മഹാപ്രളയം പാകിസ്ഥാനില്‍ ഉണ്ടായത്. രണ്ടര ലക്ഷം കോടിയോളം രൂപയുടെ നാശനഷ്ടമാണ് ഇതു മൂലമുണ്ടായത്. വന്‍തോതില്‍ കൃഷി നശിച്ചതു മൂലം ഒട്ടുമിക്ക ഭക്ഷ്യവിഭവങ്ങളും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയുണ്ടായി. നാണയപ്പെരുപ്പം 23 ശതമാനത്തിലധികമായി വര്‍ദ്ധിച്ചു. രാജ്യത്തിന്റെ വിദേശ നാണയ ശേഖരം 55,000 കോടി ഡോളറെന്ന ഏറ്റവും താണ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇത് ഒരു മാസത്തെ ഇറക്കുമതിക്കേ തികയൂ എന്നാണറിയുന്നത്. നിരവധി വര്‍ഷങ്ങള്‍ കൊണ്ട് വാങ്ങിക്കൂട്ടിയ കടം 237 ബില്യണ്‍ ഡോളറിലധികമാണ്. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് ഇരുപതോളം തവണ കടം വാങ്ങിയിട്ടുണ്ടെങ്കിലും സമയത്തിന് തിരിച്ചടക്കാത്തതു മൂലം വീണ്ടും കടം നല്‍കുന്നത് അവര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. അമേരിക്കയില്‍ പാകിസ്ഥാന്‍ എംബസിക്കുണ്ടായിരുന്ന വസ്തുവകകള്‍ ലേലം ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ അമേരിക്ക, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ കാരുണ്യത്തിന് യാചിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അഫ്ഗാനിസ്ഥാനെ താലിബാനു വിട്ടു കൊടുത്ത് പിന്മാറിയ അമേരിക്കക്കാകട്ടെ ഇപ്പോള്‍ പാകിസ്ഥാനിലും വലിയ താല്പര്യങ്ങളില്ല എന്നതാണ് വാസ്തവം. ചൈനയാകട്ടെ സ്വന്തം ഗൂഢോദ്ദേശ്യങ്ങള്‍ സംരക്ഷിക്കാതെ ആര്‍ക്കും ഒരു സഹായവും നല്‍കുകയില്ലെന്ന് ശ്രീലങ്കയുടെ കാര്യത്തില്‍ ലോകം കണ്ടതാണ്.
രാജ്യം നേരിടുന്ന വന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി പാകിസ്ഥാനിലെ ജനങ്ങള്‍ ഭക്ഷ്യസാധനങ്ങള്‍ക്കായി നട്ടം തിരിയുകയാണ്. ഒരു കിലോ ആട്ടക്ക് 150 രൂപയിലധികം കൊടുക്കണം. അതുതന്നെ ആവശ്യത്തിന് ലഭ്യമല്ല. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമാണ്. സബ്‌സിഡി നിരക്കില്‍ ആട്ട വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു. വൈദ്യുതി ഉപയോഗം 30% കുറയ്ക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാത്രി 8 മണിക്കു ശേഷം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. പാചക വാതകത്തിനും കടുത്ത ക്ഷാമമാണ്. ജനങ്ങള്‍ ചായ കുടിക്കുന്നത് ഒരു നേരമാക്കിയാല്‍ തേയിലയ്ക്കു വേണ്ട വിദേശനാണ്യം കുറച്ചെങ്കിലും ലാഭിക്കാന്‍ കഴിയുമെന്നാണ് ഒരു മന്ത്രി പറഞ്ഞത്. തേയിലക്കു മാത്രം ഒരു വര്‍ഷം 600 ദശലക്ഷം ഡോളറാണ് പാകിസ്ഥാനു വേണ്ടത്. പാക്കധീന കാശ്മീരിലെ ജില്‍ജിത്തിലുള്ള ജനങ്ങള്‍ തങ്ങളെ ഇന്ത്യയോട് ചേര്‍ക്കണമെന്നു പോലും ആവശ്യപ്പെടാന്‍ തയ്യാറായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കാശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭാരതവുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞത്. ‘ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളും കൂടുതല്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നല്‍കിയത്. ഞങ്ങള്‍ പാഠം പഠിച്ചു. ഇന്ത്യയുമായി സമാധാനത്തില്‍ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നു’ എന്നും യുഎഇയിലെ അല്‍ അറേബ്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഭാരതവും വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനുമായി ചര്‍ച്ച നടത്തേണ്ട ഒരാവശ്യവും ഇന്ന് ഭാരതത്തിനില്ല. കാശ്മീര്‍ ഇന്ന് മറ്റേതൊരു സംസ്ഥാനവും പോലെ ഭാരതത്തിന്റെ അവിഭാജ്യ ഭാഗമാണ്. പാക് അധീനതയിലുള്ള കാശ്മീരിന്റെ ഭാഗം കൂടി ഭാരതത്തിനു വിട്ടുനല്‍കുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടത്. ഇപ്പോഴും ഡ്രോണുകളില്‍ ആയുധങ്ങളും വെടിയുണ്ടകളും അതിര്‍ത്തി കടത്തി ഭീകര്‍ക്ക് ലഭ്യമാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അത്തരം മൂന്നു ഡ്രോണുകളെ ഈ മാസം മാത്രം അതിര്‍ത്തി രക്ഷാസേന വെടിവെച്ചു വീഴ്ത്തിയിട്ടുണ്ട്. കൂടാതെ ഡ്രോണുകള്‍ റാഞ്ചാന്‍ ഇരുപതിലേറെ പരുന്തുകള്‍ക്ക് ഭാരത സൈന്യം പരിശീലനം നല്‍കി വരികയുമാണ്. ഭീകരവാദം ഉപേക്ഷിക്കാത്തിടത്തോളം പാകിസ്ഥാനോട് കഴിഞ്ഞ 75 വര്‍ഷമായി ഭാരതം തുടരുന്ന നയത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല.
Comments