ശാരീരികവും മാനസികവുമായ വിധേയത്വവും അടിമത്ത വും ഉറപ്പാക്കുകയും, അതിശക്തമായ ആസക്തി ജനിപ്പിക്കുകയും, സാമാന്യ ബോധത്തിന്റെ നിയന്ത്രണം ഇല്ലാതാക്കുകയും ചെയ്യുന്ന പദാര്‍ത്ഥങ്ങളെ പൊതുവെ മയക്കുമരുന്നുകള്‍ എന്ന് പറയാം. ലോകാരോഗ്യ സംഘടനയുടെ നിര്‍വചനം അനുസരിച്ച് മയക്കു മരുന്നുകളുടെ ദുരുപയോഗം എന്നത്, ദോഷകരവും അപകടകരവുമായ മദ്യവും, അനധികൃത മയക്കുമരുന്നുകള്‍ അടക്കം സൈക്കോ ആക്ടീവ് ആയ മയക്കുമരുന്നുകളുടെ ദുരുപയോഗവുമാണ്. സമൂഹത്തെ ബാധിക്കുന്ന ഏറ്റവും രൂക്ഷമായ വിപത്തുകളില്‍ ഒന്നാണ് മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപനവും. മൊബൈല്‍ ഫോണിന്റെയും അതുപോലെ വിവരസാങ്കേതിക മേഖലയുടെയും ദുരുപയോഗവും മയക്കുമരുന്നിന്റെ ഉപയോഗവുമാണ് ഇന്ന് നമ്മുടെ സമൂഹത്തെയും വ്യക്തികളെയും കുടുംബങ്ങളെയും ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത്. വിദ്യാര്‍ത്ഥികളും യുവജനങ്ങളുമടങ്ങുന്ന തലമുറയാണ് ഇതിലേയ്ക്ക് ഏറ്റവുമധികം ആകര്‍ഷിക്കപ്പെടുന്നത്. സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ഒരു സര്‍വ്വേ പ്രകാരം, ഇന്ത്യയില്‍ 70 ദശലക്ഷത്തിലധികം ആളുകള്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളായി ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. മയക്കു മരുന്നുകള്‍ കുത്തിവയ്ക്കുന്നവര്‍ എട്ടര ലക്ഷത്തിലധികം പേര്‍ ഉണ്ട്. എന്‍.സി.ആര്‍.ബിയുടെ 2019ലെ കണക്ക് അനുസരിച്ച് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത 7860 പേരില്‍ 7719 പേര്‍ പുരുഷന്മാരായിരുന്നു. പുകവലി, മൂക്കിലൂടെ വലിച്ചെടുക്കല്‍, ചര്‍മ്മത്തില്‍ പുരട്ടുന്ന രീതി, കുത്തിവെയ്പ്, പാനീയങ്ങളിലോ, ആഹാരപദാര്‍ത്ഥങ്ങളിലോ ചേര്‍ത്ത് ഉപയോഗിക്കുന്നത്, നാക്കിനടിയില്‍ ഒട്ടിച്ചുവെയ്ക്കല്‍ എന്നിങ്ങനെ മയക്കുമരുന്നുകള്‍ വിവിധ തരത്തില്‍ മനുഷ്യശരീരത്തില്‍ ഉപയോഗിക്കാറുണ്ട്. ‘ഗോള്‍ഡന്‍ ക്രസന്റ്’ എന്നറിയപ്പെടുന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും, ‘ഗോള്‍ഡന്‍ ട്രയാംഗിള്‍’ എന്നറിയപ്പെടുന്ന തായ്‌ലാന്‍ഡ്, ലാവോസ്, വിയറ്റ്‌നാം, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് വലിയൊരു അളവ് മയക്കുമരുന്നുകളും എത്തുന്നത്. മയക്കുമരുന്നിന്റെ വിപണനം അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാമ്പത്തിക സ്രോതസ്സാണ്.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും, പിടിച്ചെടുക്കപ്പെട്ട വിവിധ മയക്കുമരുന്നുകളുടെ അളവും, അതീവ ഗുരുതരമായ വിധത്തില്‍ ഇത് സമൂഹത്തില്‍ ആഴത്തില്‍ ബാധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. മാധ്യമങ്ങളില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, പോലീസിന്റെ കണക്കനുസരിച്ച് സംസ്ഥാനത്താകെ ഈ വര്‍ഷം 24563 ലഹരിമരുന്നു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 3039 കിലോ കഞ്ചാവ്, 14 കിലോ എംഡിഎംഎ, 2 കിലോ ഹഷീഷ്, ഒരു കിലോ ബ്രൗണ്‍ ഷുഗര്‍, 36 കിലോ ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. 27,088 പേരെ അറസ്റ്റ് ചെയ്തു. സ്ഥിരം കുറ്റവാളികളായ 94 പേര്‍ക്കെതിരെ പിറ്റ്-എന്‍ഡിപിഎസ് നിയമപ്രകാരം നടപടിയെടുത്തു. 2022 സപ്തംബര്‍ വരെ കേരളാ എക്‌സൈസ് വിഭാഗം 3,668 കേസുകളും, ഓഗസ്റ്റ് വരെ കേരളാ പോലീസ് എന്‍ഡിപിഎസ് ആക്റ്റ് അനുസരിച്ച് 16,766 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷം 6.489 കി.ഗ്രാം എംഡിഎംഎയും 129.9 കി.ഗ്രാം ഹെറോയിനും 33.23 കി.ഗ്രാം ഹാഷിഷും, 1,037 ഗ്രാം ബ്രൗണ്‍ ഷുഗറും 3,223 കി.ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വില്പന നടത്തിയതിന് 1254 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ലോകത്ത് ഏറ്റവും അധികം കറുപ്പ് (opium) ഉത്പാദിപ്പിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍, ഗോള്‍ഡന്‍ ക്രസന്റ് എന്നീ മേഖലകളുടെ വളരെ അടുത്ത് നടുക്കായിട്ടാണ് ഇന്ത്യയുടെ സ്ഥാനം. ഇത് കൂടാതെ മയക്കുമരുന്ന് ഉപയോഗത്തിനായി, രോഗങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന ചില മരുന്നുകളും അവയുടെ ഉള്‍ഘടകങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് കണ്ടെത്തിയിട്ടുള്ളതാണ്. മാത്രമല്ല, ലോകത്തിലെ പ്രധാനപ്പെട്ട 19 ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളുമായി ഇന്ത്യ ബന്ധപ്പെട്ട് കിടക്കുന്നു എന്നും കണ്ടെത്തിയിട്ടുള്ളതാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ 2019ലെ റിപ്പോര്‍ട്ട് പ്രകാരം അഞ്ചുകോടി ഇന്ത്യക്കാരെങ്കിലും കഞ്ചാവിന്റെയോ കറുപ്പിന്റെയോ പല രീതിയിലുള്ള വസ്തുക്കളും ഉപയോഗിക്കുന്നവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എട്ടര ലക്ഷത്തോളം ആളുകള്‍ മയക്കുമരുന്നുകള്‍ കുത്തിവയ്ക്കുന്നവരായിട്ടുമുണ്ട്. മയക്കുമരുന്നിന്റെ ആവശ്യക്കാരും അത് നല്‍കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ആണ് ഇതിലെ ആവശ്യകത ഉണ്ടാക്കുന്നത്. ഈ ആവശ്യകത കൂട്ടുന്നതിനായാണ് പുതുതായി യുവാക്കളെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും മറ്റും അവര്‍ അറിഞ്ഞും അറിയാതെയും മയക്കുമരുന്നിന്റെ ഉപഭോക്താക്കള്‍ ആക്കി മാറ്റുന്നത്. അങ്ങനെ വളര്‍ന്നുവരുന്ന ഒരു ശൃംഖല ഉണ്ടാക്കി മയക്കുമരുന്നിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. അതനുസരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയും ഈ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വരുമാന വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്യുന്നു. ‘ഗോള്‍ഡന്‍ ട്രയാംഗിള്‍’, ‘ഗോള്‍ഡന്‍ ക്രസന്റ്’ എന്നിവയുടെ സാമീപ്യം മൂലം ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് വളരെയേറെ സൗകര്യപ്രദമായ സാഹചര്യമാണുള്ളത്. കരമാര്‍ഗ്ഗവും കടല്‍ മാര്‍ഗ്ഗവും കൂടാതെ വിമാനത്തിലും ഡ്രോണുകള്‍ വഴിയും മയക്കുമരുന്ന് ഇന്ത്യയിലേക്ക് എത്തപ്പെടുന്നു. വളരെയധികം മയക്കു മരുന്നു കേസുകള്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും അവയില്‍ ഒന്നിലും തന്നെ കാര്യമായ നിലയില്‍ ഇതിന്റെ ഏറ്റവും വലിയ സംഘാടകരെ കണ്ടെത്താനോ നിയമനടപടികള്‍ക്ക് വിധേയരാക്കുവാനോ സാധിക്കുന്നില്ല എന്നതാണ് വസ്തുത. നൂറുകണക്കിന് കിലോഗ്രാം മയക്കുമരുന്നുകള്‍ പിടികൂടുന്ന അവസരങ്ങളില്‍ പോലും അതാരാണ് അയച്ചുതന്നത്, ആര്‍ക്കുവേണ്ടി അയച്ചുതന്നു എന്നത് കണ്ടെത്തുന്നത് അപൂര്‍വമാണ്. ഇതുതന്നെയാണ് അതിതീവ്രമായ നിയമങ്ങള്‍ ഉണ്ടായിട്ടും മയക്കു മരുന്നുകളുടെ വ്യാപനം തടയുന്നതില്‍ ഒരു പ്രധാന പോരായ്മ. ആഗോളതലത്തില്‍ തീവ്രവാദികള്‍ പണം സ്വരൂപിക്കുന്നതിനായി ധാരാളം മയക്കുമരുന്നുകള്‍ വിപണനം ചെയ്യുന്നുണ്ട്. ഈ തീവ്രവാദികളില്‍ പലര്‍ക്കും ചില രാജ്യങ്ങളുടെ സഹായമുണ്ടെന്ന് കരുതപ്പെടുന്നു. രാജ്യത്തിനകത്തു തന്നെ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ അവസാന കണ്ണികളെ പിടികൂടുന്നുണ്ടെങ്കിലും അതിനു മുകളിലുള്ള മയക്കുമരുന്നിന്റെ വ്യാപാരം നിയന്ത്രിക്കുന്നവരെ പിടികൂടാന്‍ ആകുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഓരോ തലങ്ങളിലും അടുത്ത തലങ്ങളിലേക്ക് അന്വേഷണം ചെന്നെത്താത്ത വിധത്തില്‍ ഈ വ്യാപാരം നടക്കുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മയക്കുമരുന്ന് വ്യാപാരം നടത്തുന്ന അവസാനത്തെ കണ്ണിയിലെ കുറ്റവാളികളെ പിടികൂടിയാല്‍ അവരില്‍ നിന്നും അവരുടെ മുകളിലുള്ള ശൃംഖലയിലേക്ക് കയറി പോകുന്ന വിധം അന്വേഷണവും വിവരശേഖരണവും തീര്‍ത്തും കുറ്റമറ്റതാക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. മയക്കുമരുന്നിനെതിരെ പ്രചരണം നടത്തുന്ന ചിലരെങ്കിലും അതിഗൂഢമായി മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കണ്ണികളാണ്. ഇങ്ങനെയുള്ള ചിലരെ പിടികൂടിയതായി വാര്‍ത്തകള്‍ വരാറുമുണ്ട്. മരണ ശിക്ഷ പോലും വിധിക്കാവുന്ന തീവ്ര കുറ്റകൃത്യമായി എന്‍ഡിപിഎസ് ആക്ട് പറഞ്ഞിട്ടുള്ളതാണെങ്കിലും യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ഇടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നത് അതീവ ഗൗരവത്തോടെ നേരിടേണ്ട ഒരു സംഗതിയാണ്.
വിദ്യാര്‍ത്ഥികളെ ലഹരിയിലേയ്ക്ക് വീഴ്ത്തുന്ന സാഹചര്യങ്ങള്‍ വിവിധങ്ങളാണ്. ജിജ്ഞാസയ്ക്കും തമാശയ്ക്കും വേണ്ടി തുടങ്ങുന്നത്, കൂട്ടുകാര്‍ക്കൊപ്പം കൂടുമ്പോള്‍ ചേര്‍ന്ന് ഉപയോഗിക്കുന്നത്, ഇത് എന്താണ് എന്നറിയാനുള്ള വ്യഗ്രതയില്‍ ചെയ്യുന്നത്, ഇത് ഉപയോഗിച്ച് ഒരു വീരപരിവേഷം ലഭിക്കണമെന്ന ധാരണയില്‍ ചെയ്യുന്നത്, എല്ലാവരുടെയും ശ്രദ്ധ നേടണമെന്ന തോന്നലുണ്ടാക്കുന്നത്, ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് അറിവില്ലായ്മയില്‍ ചെയ്യുന്നത്, എപ്പോള്‍ വേണമെങ്കിലും തനിക്ക് ഇത് നിര്‍ത്താന്‍ കഴിയുമെന്ന മിഥ്യാധാരണയില്‍ ചെയ്യുന്നത്, തങ്ങളുടെ ചില പ്രശ്‌നങ്ങള്‍ മറക്കാനുള്ള ഒരു വഴിയായി ചെയ്യുന്നത് എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഉണ്ട്. അറിഞ്ഞും ചിലപ്പോഴെങ്കിലുമൊക്കെ അറിയാതെയും കഴിയ്ക്കുന്ന മധുരപദാര്‍ത്ഥങ്ങളിലും ചോക്ക്‌ളേറ്റുകളിലും മറ്റു വിധത്തിലും മയ ക്കുമരുന്നുകള്‍ കഴിക്കാന്‍ ഇട വരികയും ചെയ്യുന്നു. ചിലപ്പോള്‍ പുകയില ഉല്പന്നങ്ങള്‍ കഴിച്ചു തുടങ്ങുകയും പിന്നീട് കൂടിയ ലഹരി പദാര്‍ത്ഥങ്ങളിലേയ്ക്ക് മാറുകയും ചെയ്യുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ട് ആ വ്യക്തിയും അതുവഴി അയാളുടെ കുടുംബവും ആ സമൂഹവും ആ രാഷ്ട്രവും അതിഭീകരമായ പ്രശ്‌നങ്ങളിലേയ്ക്ക് പോകുന്നു. അതുകൊണ്ട് തന്നെ മറ്റേത് വിപത്തിനെക്കാളും ഭീകരമാണ് ലഹരിമരുന്നുകളുടെ ഉപയോഗവും ദൂഷ്യഫലങ്ങളും. പലപ്പോഴും മരുന്നുകളും, വേദനസംഹാരികളും എന്തിനേറെ, പെട്രോള്‍, ഡീസല്‍ പോലുള്ള വസ്തുക്കള്‍ വരെ ലഹരിക്കായി വിവിധ രീതിയില്‍ ഉപയോഗിക്കുന്ന സ്വഭാവക്കാരുണ്ട്. പല മയക്കുമരുന്നുകളും വളരെ കുറവ് ഉപയോഗം കൊണ്ടുതന്നെ അത് ഉപയോഗിക്കുന്നവരില്‍ ആസക്തി വളര്‍ത്തുന്നവയാണ്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അത് ഉപയോഗിക്കരുത് എന്നുള്ളതാണ് മനസ്സിലുറപ്പിക്കേണ്ട പ്രധാന കാര്യം. ആദ്യം വെറുതെ ലഭിക്കുമെന്ന് കരുതിയും, പിന്നീട് പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയും, മറ്റു ചിലര്‍ ചെയ്യുന്നത് കണ്ട് അത് അനുകരിക്കുകയും ചെയ്യുക എന്നത് തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതാണ്. പകരം കലാകായികമായ കാര്യങ്ങളിലോ വിദ്യാഭ്യാസപരമായ കാര്യങ്ങളിലോ അതുപോലെയുള്ള നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തമാശയ്ക്കു പോലും ലഹരിവസ്തുക്കള്‍ പരീക്ഷിച്ചു നോക്കാതിരിക്കുക. തമാശയ്ക്കു പോലും പൊട്ടാസ്യം സയനൈഡ് നമ്മള്‍ കഴിച്ചു നോക്കുന്നില്ലല്ലോ. സിനിമകളിലോ അല്ലെങ്കില്‍ അതുപോലുള്ള മറ്റേതെങ്കിലും വിഭാഗങ്ങളിലോ തങ്ങളുടെ മാതൃകയായി കണക്കാക്കുന്നവര്‍ പുകയില വസ്തുക്കളോ, ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നുവെന്ന് കരുതി അത്തരം മാര്‍ഗങ്ങളിലേയ്ക്ക് പോകാതിരിക്കുക. നാട്ടില്‍ പലപ്പോഴും കാണുന്ന അക്രമങ്ങള്‍, പ്രത്യേകിച്ച് സ്വന്തം മാതാപിതാക്കളോട് പോലും നടത്തുന്ന അക്രമങ്ങള്‍ ലഹരിക്കടിമയായി മക്കള്‍ ചെയ്യുന്നവയാണ്. ഒരു മനുഷ്യനെ ശാരീരികവും മാനസികവുമായ ഒരു തികഞ്ഞ രോഗി ആക്കുകയും അഡിക്ഷന്‍ (ആസക്തി) ഉളവാക്കുകയും ചെയ്യുന്ന ഒന്നാണ് ലഹരിയെന്ന് മനസ്സിലാക്കുക. ഒരു സമൂഹത്തെയും ഒരു രാഷ്ട്രത്തെയും നശിപ്പിക്കുന്നതിന് അന്തര്‍ധാരയായി ഉപയോഗിക്കാവുന്ന ഫലപ്രദമായ ആയുധമാണ് മയക്കുമരുന്നുകളുടെ ഉപയോഗം ആ സമൂഹത്തില്‍ അല്ലെങ്കില്‍ രാഷ്ട്രത്തില്‍ ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു കൊണ്ട് വരിക എന്നത്. ധനസമ്പാദനത്തിനുവേണ്ടി വ്യക്തികളും സംഘടിതമായ സംഘങ്ങളും ഭീകര സംഘടനകളും മയക്കുമരുന്നിന്റെ വ്യാപാരം ലോകമെമ്പാടും നടത്തുന്നുണ്ട്. പ്രഖ്യാപിക്കാത്ത ഒരു യുദ്ധമായി മയക്കുമരുന്നുകള്‍ ഉപയോഗിച്ച് യുവതലമുറയെ തകര്‍ത്ത് ഒരു രാഷ്ട്രത്തെ തന്നെ നശിപ്പിക്കാനും മയക്കുമരുന്ന് ഉപയോഗം കൊണ്ട് സാധിക്കുന്നതാണ്.
മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപനവും
മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപനവും നടക്കുന്നത് പ്രധാനമായും രണ്ടുകാര്യങ്ങളെ കേന്ദ്രീകരിച്ചാണ്.
1. മയക്കുമരുന്നിനുള്ള ആവശ്യകത (ഡിമാന്റ്)
2. മയക്കുമരുന്നിന്റെ ലഭ്യത (സപ്ലൈ)
ഈ രണ്ടു കാര്യങ്ങളെ ഏത് വിധത്തില്‍ നിയന്ത്രിക്കാം എന്നതിനെ ആശ്രയിച്ചാണ് ഒരു സമൂഹത്തിന് മയക്കുമരുന്ന് ഭീഷണിയില്‍ നിന്നും എങ്ങനെ പുറത്തു വരാം എന്ന് കാണാവുന്നത്. മയക്കുമരുന്നിന്റെ ആവശ്യകത ഉണ്ടാക്കുന്നത് കുട്ടികളിലും യുവാക്കളിലും അറിഞ്ഞും മയക്കുമരുന്നിനോടുള്ള ആസക്തി ഉണ്ടാക്കിയെടുക്കുക എന്ന പ്രക്രിയയിലൂടെയാണ്. ഇതിനുവേണ്ടി താഴ്ന്ന തലത്തിലുള്ള മയക്കുമരുന്നിന്റെ ദല്ലാളന്മാര്‍ കുട്ടികളെയും യുവാക്കളെയും സ്‌കൂള്‍, കോളേജ് സ്ഥലങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും മയക്കുമരുന്നിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികള്‍ എടുക്കുന്നു. അറിയാതെ കഴിച്ചാല്‍ പോലും ഒന്നോ രണ്ടോ പ്രാവശ്യം കൊണ്ടു തന്നെ ആസക്തി ഉളവാക്കുന്നവയാണ് പല മയക്കുമരുന്നുകളും. പലപ്പോഴും കുട്ടികള്‍ക്ക് ഇത് മറ്റു പദാര്‍ത്ഥങ്ങളുടെ രൂപത്തില്‍ നല്‍കി മയക്കുമരുന്നിന്റെ അടിമയാക്കി എടുക്കുന്നു. പിന്നീട് അവരെ ഉപയോഗിച്ച് മറ്റു കുട്ടികളെ ആകര്‍ഷിക്കുന്നു. ഇത്തരത്തില്‍ വിപണ ശൃംഖല വലുതാക്കി കൊണ്ടുവരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും 10 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് എന്നുള്ളത് ഇതിന്റെ ഏറ്റവും വലിയ അപകടം വിളിച്ചോതുന്നതാണ്.
മയക്കുമരുന്നിന്റെ വ്യാപനവും ദുരുപയോഗവും
മയക്കുമരുന്നിന്റെ വ്യാപനം തടയാന്‍ ബോധപൂര്‍വ്വമായ ചില ശ്രമങ്ങള്‍ ആവശ്യമാണ്. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലായെന്ന് ഉറപ്പു വരുത്തുകയും, സ്‌കൂള്‍ തലത്തിലും ക്ലാസ് തലത്തിലും മയക്കുമരുന്നിനെതിരെയുള്ള ബോധവല്ക്കരണ പരിപാടികളും ക്ലാസുകളും സംഘടിപ്പിക്കുകയും ചെയ്യുക. മയക്കുമരുന്നിന്റെ അതിതീവ്രമായ അപകടവശങ്ങളെക്കുറിച്ച് ഓരോ വിദ്യാര്‍ത്ഥിയെയും ബോധവാനാക്കുന്നതോടൊപ്പം കുട്ടികളെ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള ശാരീരികവും മാനസികവുമായ വൈകല്യ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ കൗണ്‍സിലറുടെ സഹായം തേടുകയും അതുവഴി ഇക്കാര്യം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുക. കുറ്റപ്പെടുത്തലുകളും ശാരീരിക-മാനസിക സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ ചികിത്സ നല്‍കുക. സല്‍പേരിന് കളങ്കം വന്നേക്കുമെന്നു കരുതി ഇത്തരത്തിലുള്ള വിവരങ്ങള്‍ തമസ്‌ക്കരിക്കുകയോ അവഗണിക്കുകയോ ചെയ്യാതിരിക്കുക. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ ആശ്രയത്വത്തിലേയ്ക്ക് എത്തിക്കഴിഞ്ഞാല്‍ ലഹരി പദാര്‍ത്ഥം ലഭിച്ചില്ലെങ്കില്‍ ‘വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം’ എന്ന അവസ്ഥയിലേയ്ക്ക് എത്തുന്നതിനാല്‍ ഇതില്‍ നിന്നും രക്ഷപ്പെടുന്നതിന് ശാസ്ത്രീയമായ ചികിത്സകള്‍ ആവശ്യമെങ്കില്‍ നല്‍കുക. നല്ല സൈക്യാട്രിസ്റ്റ്/സൈക്കോളജിസ്റ്റ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യമായ ചികിത്സ നടത്തിയാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാവുന്നതാണ്.
ഒരു ചെറിയ ശതമാനം കുട്ടികള്‍, എന്തിനെ അപകടമാണെന്ന് ചൂണ്ടിക്കാണിച്ചുവോ അത് അറിഞ്ഞുകൊണ്ട് തന്നെ അതിലേക്ക് പോകുന്നവരായും കണ്ടേക്കാം. അത്തരക്കാരെ കൗണ്‍സിലിംഗ് നല്‍കിയും, നിയമപരമായും മയക്കുമരുന്നില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരേണ്ടി വന്നേക്കാം. പുതുതായി ആരും മയക്കുമരുന്നിന്റെ ശൃംഖലയില്‍ ഉള്‍പ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്ന വിധത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലും യുവാക്കളിലും അവബോധം ശരിയായി വര്‍ദ്ധിപ്പിക്കുക എന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യമാണെങ്കില്‍ ഇത്തരം ശൃംഖലകളെ കണ്ടുപിടിക്കുകയും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുകയും ചെയ്യുന്നത് സമൂഹം പൊതുവേയും എക്‌സൈസ് വകുപ്പുകള്‍ പ്രത്യേകിച്ചും ചെയ്യേണ്ട ഒരു പ്രവൃത്തി തന്നെയാണ്. അവബോധനത്തിന്റെ മറവില്‍ മയക്കുമരുന്ന് മാഫിയകള്‍ മാന്യത നേടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം. ഇങ്ങനെ ആവശ്യകത കുറയ്ക്കുക എന്നതാണ് മയക്കുമരുന്നിനെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗ്ഗം. ഇതിന്റെ രണ്ടാമത്തെ മാര്‍ഗം മയക്കുമരുന്നിന്റെ ലഭ്യത ഇല്ലാതാക്കുക എന്നുള്ളതാണ്. ഇതിനായി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള വകുപ്പുകള്‍ കൂടാതെ, സ്‌കൂള്‍ പിടിഎകളും സമൂഹത്തിലെ മറ്റ് പ്രധാന വിഭാഗങ്ങളും എല്ലാം ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിവരും. മയക്കുമരുന്ന് വിപണനത്തിലെ നിയമ നടപടികളിലെ ഏറ്റവും വലിയ ന്യൂനത അതിലെ താഴെ തലങ്ങളിലെ മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടുന്നത് ഒഴിച്ചാല്‍ മുകളിലേക്ക് ഉള്ള കണ്ണികളെ കണ്ടെത്തുകയോ നിയമനടപടികള്‍ക്ക് വിധേയമാക്കുകയോ ചെയ്യുന്നില്ല എന്നതാണ്. സ്വത്ത് കണ്ടുകെട്ടല്‍ അടക്കം കര്‍ശനമായ നിയമങ്ങളുള്ള ഇക്കാര്യത്തില്‍ ഏറ്റവും താഴെ പിടിക്കപ്പെടുന്ന മയക്കുമരുന്ന് വില്‍പ്പനക്കാരില്‍ നിന്നും ഇതിലെ വലിയ വ്യക്തികളിലേക്കും സംഘങ്ങളിലേക്കും എത്തിപ്പെടുക എന്നതാണ് ഏറ്റവും പ്രധാന കാര്യം.
ലഹരി ഉപയോഗിക്കുന്നവരുടെ ചില പൊതുവായ ലക്ഷണങ്ങള്‍
$ മാനസികാവസ്ഥയില്‍ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം
$ വിശപ്പില്ലായ്മ
$ മയക്കവും ഉറക്കമില്ലായ്മയും
$ വേച്ചു പോകുന്ന അവസ്ഥ
$ കള്ളം പറയുക
$ പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും താല്പര്യമില്ലായ്മയും ശ്രദ്ധക്കുറവും കാണിക്കുക.
$ പഠനത്തിനു വേണ്ടി വര്‍ദ്ധിച്ച ആവശ്യങ്ങള്‍ക്കായി മോഷണം നടത്തുക
$ പതിവായി കടം വാങ്ങുക
$ സ്വന്തം സാധനങ്ങള്‍ വില്ക്കുക
$ സിഗററ്റ്, ഗുളികകള്‍, സിറിഞ്ച് മുതലായവ സൂക്ഷിക്കുക
$ സ്‌കൂളില്‍ പോകാതിരിക്കുക
$ ഏകാന്തത ഇഷ്ടപ്പെടുക
$ കൃത്യനിഷ്ഠ ഇല്ലായ്മ
ലഹരി ഉപയോഗിക്കുന്നവരില്‍ ശാരീരിക ലക്ഷണങ്ങളും മാനസിക ലക്ഷണങ്ങളും ഉണ്ട്. അതുപോലെ തന്നെ പെരുമാറ്റത്തിലും ലക്ഷണങ്ങള്‍ കാണാവുന്നതാണ്. ലഹരി ഉപയോഗം അതുപോലെ ശരീരത്തിലെ അവയവങ്ങളില്‍ പ്രവര്‍ത്തിച്ച് വിവിധ തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാക്കുന്നു. അതുപോലെ ധാരാളം ആരോഗ്യ മാനസിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. എങ്ങനെ കുട്ടികള്‍ അല്ലെങ്കില്‍ യുവാക്കള്‍ മയക്കുമരുന്നിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഇല്ലാതാക്കാന്‍ ആകും? ഇതിന് പ്രധാനമായും വേണ്ടത് അവബോധനമാണ്. അഞ്ചാം ക്ലാസിലേക്ക് ഒരു കുട്ടിയെത്തുമ്പോഴേക്കും ആ കുട്ടിക്ക് മയക്കുമരുന്ന് അപകടങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ ആകണം. അതുപോലെ ഇത്തരം അപകടങ്ങള്‍ കണ്ടെത്തിയാല്‍ അവ എവിടെയെല്ലാം റിപ്പോര്‍ട്ട് ചെയ്യാന്‍ ആകുമെന്നും, എന്തെല്ലാം നടപടികളാണ് എടുക്കാന്‍ ആകുക എന്നുള്ള വിവരവും അവരില്‍ സൃഷ്ടിക്കണം. പാഠ്യ പദ്ധതിയുടെ ഭാഗമായിത്തന്നെ 2, 3, 4, 5 ക്ലാസുകളില്‍ എങ്കിലും മയക്കുമരുന്നിന്റെ മാരക വിപത്തുകളെ കുറിച്ച് പാഠഭാഗങ്ങള്‍ ഉണ്ടാകേണ്ടതാണ്.
നിയന്ത്രിക്കാനുള്ള സംവിധാനം
കേന്ദ്രസര്‍ക്കാര്‍ മയക്കുമരുന്ന് വിപത്തിനെ നേരിടുന്നതിനായി ഒരു നാര്‍ക്കോ കോഡിനേഷന്‍ സെന്റര്‍ 2016 ല്‍ വിവിധ മന്ത്രാലയങ്ങളെയും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിയമനിര്‍വഹണ ഏജന്‍സികളെയും കൂട്ടി സംയോജിപ്പിച്ച് ഉണ്ടാക്കുകയും 2019 ല്‍ അതിന് ചതുര്‍തല സംവിധാനം നിലവില്‍ വരുത്തുകയും ചെയ്തു. ഇതനുസരിച്ച് അപ്പക്‌സ് കമ്മിറ്റി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലും, എക്‌സിക്യൂട്ടീവ് കമ്മിറ്റി ആഭ്യന്തര സുരക്ഷ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലും, സംസ്ഥാന തല കമ്മിറ്റി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും, ജില്ലാതല കമ്മിറ്റികള്‍ അതാത് ജില്ലാതല മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലും നിലവില്‍ വന്നിട്ടുണ്ട്. ഇത് കൂടാതെ ‘നാഷ് മുക്ത് ഭാരത് അഭിയാന്‍ (NMBA) ഇന്ത്യയിലെ മയക്കുമരുന്നിന് വളരെ വിധേയമായിരിക്കുന്ന 272 ജില്ലകളില്‍ നടപ്പിലാക്കിയിട്ടുമുണ്ട്. ഇതിലേക്കായി മാസ്റ്റര്‍ വോളണ്ടിയര്‍മാരെ പരിശീലനം നല്‍കി അയക്കുന്നു. ഇത്തരത്തില്‍ വിവിധതരത്തിലുള്ള അവബോധനവും പരിശീലനവും നടക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. മയക്കുമരുന്നിന്റെ വിപത്തിനെ നേരിടുന്നതിന് ചഉജട ആക്ട് 1985 ഉം അതിന്റെ ചട്ടങ്ങളും ഉത്തരവുകളും ഉപയോഗിച്ചുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കുറഞ്ഞ രീതിയിലുള്ള അളവില്‍ കണക്കാക്കുന്നതിനും, വാണിജ്യ ആവശ്യങ്ങള്‍ക്കായി കണക്കാക്കുന്നതിനും മയക്കുമരുന്നുകളുടെ ലിസ്റ്റ് SO.1055(E) തീയതി 19/10/2001 സമയാസമയം ഭേദഗതികളോടു കൂടി തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 239 വസ്തുക്കളുടെ ചെറിയ തോതിലുള്ള അളവും വാണിജ്യപരമായ തോതിലുള്ള അളവും നല്‍കിയിരിക്കുന്നു. ഇതും വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. കാരണം, ശിക്ഷകള്‍ക്കും, നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന കാഠിന്യത്തിനും ചെറിയ തോതിലുള്ള അളവും, വാണിജ്യത്തിനായുള്ള അളവുകള്‍ക്കും ശിക്ഷകള്‍ വ്യത്യസ്തങ്ങളാണ്. NDPS ആക്ട് 1985 ന്റെ 31 അ വകുപ്പ് പ്രകാരം ഒരു പ്രാവശ്യമോ, അതില്‍ കൂടുതലോ തവണ ശിക്ഷ ഈ നിയമപ്രകാരം ലഭിച്ചിട്ടുള്ളവര്‍ക്ക് തുടര്‍ന്ന് വരുന്ന കുറ്റങ്ങള്‍ക്ക് വധശിക്ഷ പോലും വിധിക്കാനുള്ള നിയമം നിലവിലുണ്ട്.
ഇപ്പോഴത്തെ NDPSആക്റ്റിലുള്ള ചെറിയ അളവും അതുപോലെ വിപണനത്തിനായുള്ള അളവിനു താഴെയുള്ള അളവ് എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ചെറിയ തോതില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും കൊണ്ടു നടക്കുന്നവരെയും കടുത്ത ശിക്ഷകളില്‍ നിന്നും ഒഴിവാക്കുന്നുണ്ട്. അതുപോലെ ഇതിലെ വ്യക്തികളുടെ പരിശോധനയും സ്ഥലത്തിന്റെ പരിശോധനയും വളരെ കര്‍ശനമായ നിബന്ധനകളോടു കൂടിയാണ്. ഇവ രണ്ടും ഇതിലെ കേസുകളുടെ അന്വേഷണത്തിലും ശിക്ഷാനടപടികളിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് അതീവ പരിശീലനം ലഭിച്ചവരും, അതോടൊപ്പം മയക്കുമരുന്നുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഉള്ളതുമായ അന്വേഷണ സംവിധാനങ്ങള്‍ എല്ലാ ജില്ലകളിലും നടപ്പാക്കുക എന്നത് ഇതിന്റെ ശരിയായ പരിപാലനത്തിന് അത്യാവശ്യമാണ്. ഈ രീ തിയില്‍ ശരിയായ പരിശീലനവും ശരിയായ രീതിയിലുള്ള പരി ശോധനാ ഉപാധികളുമെല്ലാം ലഭ്യമായ അന്വേഷണ സംവിധാനങ്ങള്‍ ഉറപ്പാക്കുക എന്നതുകൂടി മയക്കുമരുന്ന് കേസുകളുടെ വ്യാപനം കുറയ്ക്കുന്നതിന് ആവശ്യമായ കാര്യമാണ്.
പത്ത് പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍ക്കുള്ള ശരിയായ ബോധവല്‍ക്കരണവും, മയക്കുമരുന്നിന്റെ വില്പനയും വിതരണവും തടയാന്‍ ഉതകുന്ന നടപടികള്‍ മയക്കുമരുന്ന് വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന മുകള്‍ തട്ടിലെ വലിയ മീനുകളെ കണ്ടെത്തലും, നിയന്ത്രിക്കലും – അതുവഴി മയക്കുമരുന്നിന്റെ ആവശ്യകത ഇല്ലാതാക്കുകയും മയക്കുമരുന്നിന്റെ ലഭ്യത ഇല്ലായെന്ന് ഉറപ്പാക്കുകയുമാണ് സമൂഹവും ഭരണകര്‍ത്താക്കളും സ്വീകരിക്കേണ്ട നടപടികള്‍. മയക്കുമരുന്നിന്റെ അവസാനത്തെ കണ്ണി മുതല്‍ ആരെല്ലാം ഇത് കൊടുക്കുന്നു, സംഭരിക്കുന്നു, കൊണ്ടു വരുന്നു എന്നിങ്ങനെ കൃത്യമായ രീതിയില്‍ ഈ ശൃംഖലയെ മുഴുവന്‍ പിടിച്ചാലേ മയക്കുമരുന്നിന്റെ ഉറവിടം ഇല്ലാതാക്കാന്‍ സാധിക്കൂ.